രാവേറെ ആയിരിന്നു. കൂരിരുട്ടിൽ തപ്പിയും തടഞ്ഞും നീങ്ങുന്ന ഞാൻ മാത്രമേ ഉണർന്നിരിക്കുന്ന ജീവിയായി ഉള്ളൂ എന്ന് തോന്നി . അത്രയ്ക്ക് നിശ്ശബ്ദത. രാത്രിയുടെ രണ്ടാം യാമത്തിന്റെ കനത്ത നിശ്ശബ്ദത. നിലാവുപോലും മാറി നിൽക്കുന്ന രാത്രി.
രാത്രികളെ വല്ലാതെ സ്നേഹിക്കുന്ന ഞാൻ എന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. ഗ്രാമത്തിനും അടുത്ത പട്ടണത്തിനും നടുവിലായുള്ള ആകർഷകമായ ഇരുനിലക്കെട്ടിടം ആണ് ഇന്നെന്റെ ലക്‌ഷ്യം. തോളിൽ തൂങ്ങിയിരുന്ന ഭാണ്ഡം ഉലയുമ്പോൾ ഉള്ള ചെറുശബ്ദം പോലും ഒഴിവാക്കി മാർജ്ജാരപാദനായി ഞാൻ ലക്ഷ്യത്തിലേക്കടുക്കുകയാണ്.
ഞാനാരാണെന്നു പറഞ്ഞില്ലല്ലോ. എന്റെ പേര് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. ഞാൻ അറിയപ്പെടുന്നത് ഇതേ തൊഴിലിൽ കൂടിയല്ലേ. അതെ ... ഇരുട്ടിന്റെ മറവിൽ അന്യരുടെ ഗൃഹങ്ങളിൽ നിന്നും എനിക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായ സമ്പത്തു നേടിയെടുക്കുന്ന ഒരു സാധാരണക്കാരൻ. നിങ്ങൾക്കെന്നെ കള്ളനെന്നു വിളിക്കാം. പരാതിയില്ല.. പരിഭവമില്ല. കൂടുതൽ ഒന്നും നേടാനില്ല. അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടുകുടുംബത്തിനു കഴിഞ്ഞുപോകാൻ ആവശ്യമായ പണമുണ്ടാക്കുക എന്നത് മാത്രമേ എനിക്ക് ലക്ഷ്യമായുള്ളു. ഒരിടത്തുനിന്നും കൂടുതൽ കാലത്തേക്കുള്ള വസ്തുവകകൾ ലഭിക്കാത്തതിനാൽ ഇടയ്ക്കിടെ ഇങ്ങനെ ഇറങ്ങേണ്ടി വരുന്നു. ആകെ അറിയാവുന്ന തൊഴിൽ ഇത് മാത്രം. പതിനഞ്ചു വയസ്സിൽ അച്ഛൻ അപകടത്തിൽപെട്ടു കിടപ്പിലായപ്പോൾ വന്നുചേർന്നതാണ് ഈ ഭാരം. അന്ന് പഠനം പൂർത്തിയാക്കാതെ നിർത്തേണ്ടി വന്നു. ചെറിയ ജോലികൾക്കു പോയിത്തുടങ്ങിയപ്പോൾ മനസ്സിലായി ഒരിക്കലും ഈ വരുമാനം വലിയ വീട്ടിലേക്കു ഒന്നുമാകില്ലായെന്നു. വലിയ വീടെന്നാൽ കുത്തിമറച്ച ഒരു ഓലപ്പുരയാണെ. ആളുകളുടെ എണ്ണം കൊണ്ട് വലുതും. വിശന്നു കരഞ്ഞുറങ്ങുന്ന അനിയത്തിമാരുടെ മുഖങ്ങൾ കണ്ടിരിക്കാനായില്ല. അങ്ങനെ പതിനാറാം വയസ്സിൽ ആദ്യമായി ഉടമയോടു ചോദിക്കാതെ അടുത്തുള്ള ഒരു വീട്ടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി കുറച്ചു പണം കൈക്കലാക്കി ...അതുമായി പുറത്തിറങ്ങുമ്പോഴേക്കും പിടിവീണു. അങ്ങനെ ഞാനൊരു കള്ളനായി. പിന്നീട് ആ പേരിൽ നിന്നും മോചനമുണ്ടായില്ല. ആദ്യമൊക്കെ പുറത്തിറങ്ങാൻ വലിയ വിഷമമായിരുന്നു. പിന്നീടത് ശീലമായി.
പഴകാര്യങ്ങളോർത്തു നടന്നു എന്റെ ലക്ഷ്യസ്ഥാനത്തു എത്തിയത് വളരെ പെട്ടെന്നായിരുന്നു. നാലുപാടും ഓടിച്ചു നോക്കി. ആരുമില്ല. ബദ്ധശത്രുവായ നായ്ക്കൾ ഉണ്ടോ? ഉള്ള ലക്ഷണം കാണുന്നില്ല. ശ്രദ്ധിച്ചു നോക്കണം. ഇല്ലെങ്കിൽ ഇന്നത്തെ കാര്യം പോക്കാ. ഞാൻ മനസ്സിലോർത്തു. കാലുകൾകൊണ്ട് ചെറിയ ശബ്ദം ഉണ്ടാക്കി നോക്കി . ഇല്ല ഒരു പ്രതികരണവുമില്ല. യജമാനനോട് കൂറില്ലാത്ത നായ്ക്കൾ ആയിരിക്കുമോ? വൈകുന്നേരം കൊടുത്ത ശാപ്പാട് വെട്ടിവിഴുങ്ങി കുംഭകർണ സേവാ നടത്തുന്നവ. നായ്ക്കളിൽ അങ്ങനെയുള്ളവ വളരെ കുറവാണ്. എന്നാലും ഉണ്ടാവുമായിരിക്കും. അരമതിൽ പതിയെ ചാടിക്കടന്നു മരങ്ങളുടെ ഇലകൾ വകഞ്ഞുമാറ്റി ഇരുളിന്റെ മറപറ്റി പതുക്കെ നീങ്ങി. ആ വീടിന്റെ പിൻഭാഗം ലക്ഷ്യമാക്കി. അടുത്തെത്തി പതിയെ നോക്കി .. വാതിലുകളോ ജനലുകളോ തുറന്നിട്ടുണ്ടോ? ശ്രദ്ധിച്ചു നോക്കാം. അങ്ങനാണെങ്കിൽ ജോലി എളുപ്പമായി..
അതേ... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാമോ? ഒന്നുകൂടി തിരുമ്മി നോക്കി. സ്വപ്നമൊന്നും അല്ലല്ലോ... പിൻവാതിൽ തുറന്നു മലർന്നുകിടക്കുന്നു. ആഹാ.. ഇന്നെന്റെ നല്ല ദിവസം തന്നെ. തോളിലെ ഭാണ്ഡം ഒന്നുകൂടി അമർത്തിപ്പിടിച്ചു മെല്ലെ ഉള്ളിലേക്ക് കയറി. ശംബ്ദമുണ്ടാകാതെ ചെറിയ ടോർച് ലൈറ്റിന്റെ മിനുങ്ങു വെട്ടമുണ്ടാക്കി പതിയെ നോക്കി. അതെ ആരുമില്ല. പതിയെ ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങി. രണ്ടു മുറികൾ പിന്നിട്ടുണ്ടാവാം ... അവിടെ ചെറിയ ഒരു വെളിച്ചം പോലെ. ഒരു കുഞ്ഞു മെഴുകുതിരിവെട്ടം... എന്തൊക്കെയോ മൂളലും ഞരങ്ങലും... ചില സീൽക്കാരങ്ങൾ. പതിഞ്ഞ കുണുങ്ങിച്ചിരികൾ.. കൂടുതൽ കേൾക്കാൻ നിന്നില്ല. എനിക്കെന്റെ ജോലിയല്ലേ പ്രധാനം. അടുത്ത് സാമാന്യ വലിയ മുറി. രണ്ടു കുഞ്ഞുങ്ങൾ അവിടെ സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.
മിനുങ്ങു വെട്ടത്തിൽ തിളങ്ങുന്ന അലമാരകൾ കാണാം. പതിയെ അവയിലൊന്ന് തുറന്നു. കിരുകിരെ ശബ്ദമുണ്ടായോ.. അതോ സീൽക്കാരങ്ങളുടെ ബാക്കിയായിരുന്നോ.. കൈകൊണ്ടു തപ്പി നോക്കി. ഒന്നും തടയുന്നില്ല. പതിയെ അടുത്തുള്ള മേശ വലിപ്പു തുറന്നു... കൈ പരതി... മാലപോലുള്ള എന്തോ ഒന്ന് കയ്യിൽ തടഞ്ഞു.. പതിയെ എടുത്തു കീശയിലാക്കി. പിന്നെയും പരതി നോക്കി.. ചുരുക്കിക്കെട്ടിയ പേപ്പറുകൾ ... നോട്ടുകളാവണം. അതും കീശയിലേക്കിട്ടു. പിന്നെ കൂടുതൽ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നി. സീൽക്കാരങ്ങളുടെ വേഗവും ശബ്ദവും ചടുലതയും കുറഞ്ഞിരിക്കുന്നു. പതിയെ പിന്തിരിഞ്ഞു.
പുറത്തെത്തിയപ്പോൾ അടക്കിപിടിച്ച സംസാരം കേൾക്കാം.. നിന്റെ കൊലുസ്എവിടെ. കൊലുസു ഉണ്ടെങ്കിൽ നിന്റെ കാലുകൾ എത്ര മനോഹരമാണ്. ..... ഓഓഓ ഞാനതു ഓർത്തില്ല. കുളിക്കും മുൻപ് മേശയിൽ ഊരിവെച്ചിരുന്നു. ഇടാൻ മറന്നു പോയി. സംഭാഷണം അവിടെ മുറിഞ്ഞു. തിടുക്കം കൊണ്ടാവാം ഞാൻ പതിയെ പുറത്തു കടന്നു. അരമതിൽ കടന്നു പുറത്തെത്തുമ്പോൾ അത്രയും നേരത്തെ ആലസ്യം കഴിഞ്ഞ നായ ചെറുതായി കുറക്കുന്നുണ്ടായിരുന്നു. പതിഞ്ഞ ഒരു ചിരിയും പതിയെ ഒരു വാതിലടയുന്ന ശബ്ദവും.
ഞാൻ തിരികെ അതിവേഗത്തിൽ നടന്നു.. ഇന്നത്തെ എന്റെ ജോലി തീർന്നുവല്ലോ