ചന്ദ്രപുരം എന്ന നാട്ടുരാജ്യം ദീർഘനിദ്രയിൽ ഉറങ്ങി കൊണ്ടിരുന്ന ആ അരണ്ടനിലാവുള്ള രാത്രിയിൽ, രാജ്യം ആപത്തിൽ ആകുമ്പോൾ മാത്രം മുഴങ്ങുന്ന \"കാലൻ മണി\" അങ്ങ് അകലെ ചിത്രകൂടൻ മലനിരയിലെ പ്രൗഢഗംഭീരമായ ചന്ദ്രശോഭ കൊട്ടാരത്തിൽ മുഴങ്ങി കൊണ്ടിരുന്നു.അപകടം, മരണം, യുദ്ധം ഇതിൽ എന്തോ ഒന്നാണ് ആ കാലൻ മണി കൊണ്ട് ഉദ്ദേശിക്കുന്നത്.ഒരു മണി മാത്രമാണ് ഇടവിട്ട് അടിച്ചതെങ്കിൽ അപകടം. രണ്ടുമണി ഒരുമിച്ചു അടിച്ചാൽ അത് യുദ്ധം, മൂന്നുമണികൾ ആണേൽ മരണം.കുട്ടികൾ പേടിച്ചു ഭയന്ന് ഉണർന്നു.അവർ ഒരുമിച്ചു കൂട്ടം കൂട്ടമായി നിന്നു. ഒന്ന്,രണ്ട്,മൂന്ന്..... ഒന്ന്,രണ്ട്,മൂന്ന്.... എന്ന് എണ്ണാൻ തുടങ്ങി. മരണം മരണമാണ് മണി പറഞ്ഞത് എന്ന് മുതിർന്നവർ തമ്മിൽ പറഞ്ഞു. നാടാകെ ഉറക്കമില്ലാതെ കൊട്ടാരത്തിലേക്കു പോയി. ഊഹാഭോഗങ്ങൾക്കുള്ള ഉത്തരം കൊട്ടാരത്തിന്റെ മുന്നിൽ വിളമ്പരമായി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.
\"നാട്ടിലെ വീര യോദ്ധാവും പ്രജാസേവകനും ചന്ദ്രപുരം എന്ന ഈ രാജ്യത്തിന്റെ രാജാവെന്നു ദൈവം കല്പിച്ച ചന്ദ്രസേനൻ എന്ന യുഗപുരുഷന്റെ മകൻ അനന്ദ് നാടുനീങ്ങി... രാജാവിന്റെ ദുഃഖം രാജ്യത്തിന്റെ ദുഃഖമാണ്. ആയതിനാൽ അടുത്ത ഒരു കൊല്ലം നാട്ടിൽ ആരും ചിരിക്കാനോ... ഇഷ്ടഭക്ഷണം കഴിക്കാനോ... കല്യാണം കഴിക്കാനോ..., രതിയിൽ ഏർപെടാനോ..., സന്തോഷം നൽകുന്ന എല്ലാ കാര്യവും ചെയുന്നത് വിലക്കിയിരിക്കുന്നു.\"
മകന് വേണ്ടി രാജാവ് ആനയുടെ പൊക്കവും വണ്ണവും ഉള്ള \"സ്വർണ കുജം\" നിർമിച്ചു. അതിൽ കാട്ടുചന്ദനത്തിന്റെ സപ്രമഞ്ചവും, കട്ടിലിനു മുകളിൽ കസവ് മെത്തയും ഒത്ത നടുക്ക് ഇട്ടു.
അതിൽ പന്ത്രണ്ടു വയസ്സുകാരനായ രാജകുമാരൻ \"അനന്ത്\" ഒരു യോദ്ധാവിനെ പോലെ പടച്ചട്ടയും അണിഞ്ഞ് നീണ്ടു നിവർന്നു കിടന്നു. അരയിൽ സ്വയ രക്ഷക്കായി രാജകീയ മുദ്രയുള്ള ഒരു വാളും ഉണ്ടായിരുന്നു. ഇതിന് പുറമേ അവനു കളിക്കാൻ വേണ്ടി വിവിധ കളിപ്പാട്ടങ്ങൾ. അവനു ഇഷ്ടമുള്ള \\\"ധീര\\\"എന്ന സ്വർണ നിറമുള്ള കുതിരയെയും അവന്റെ പരിചരണം നടത്തിയിരുന്ന തോഴിമാരായ തുളസിയെയും, മോഹിനിയെയും രാജാവ് വേദനിപ്പിക്കാതെ ബലി കൊടുത്ത് മകനുവേണ്ടി കുജത്തിൽ സജ്ജമാക്കി. രാജ്യത്തിന്റെ സമ്പാദ്യത്തിന്റെ പകുതി സ്വർണവും, വൈഡൂര്യങ്ങളും,പവിഴമുത്തുകളും,വിലമതിക്കാനാവാത്ത കല്ലുകളും ആ കുജത്തിന്റെ ഉള്ളറ ധന്യമാക്കി.
രാജാവ് ചെയ്യുന്ന കാര്യങ്ങളിൽ സ്വാർത്ഥത നിഴലാടി.ആ സ്വർത്ഥത നാട്ടുകാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി.
അതിരുകടന്ന രാജാവ് മകന് മോക്ഷം ലഭിക്കാൻ ആ രാജ്യത്തിലെ എല്ലാ കുട്ടികളുടെയും പുസ്തകങ്ങളും, കളിപ്പാടങ്ങളും രാജകുമാരന്റെ സ്വർണ കുജത്തിൽ നിക്ഷേപിക്കാൻ രാജശാസനം ഇറക്കി.
മനസ്സില്ലാ മനസോടെ കുട്ടികൾ തന്റെ പുസ്തകങ്ങളും കളിപ്പാടങ്ങളും ആ സ്വർണ കുജത്തിൽ കൊണ്ട് ഉപേക്ഷിക്കാൻ തുടങ്ങി.അതിൽ മര പാവകളും, ചെറിയ ആനയും, മഞ്ചാടികുരുവും, വളപ്പൊട്ടുകൾ, പമ്പരവും, ചെറിയ കഥാപുസ്തകങ്ങളും ഉണ്ടായിരുന്നു. വേർപിരിയലിന്റെ ശബ്ദമായി പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിൽ കുജത്തിന് ചുറ്റും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ഈ ശബ്ദം എല്ലാം കേട്ട് രാജാവ് നിർവികാരനായി നിന്നു.
കുട്ടികളുടെ സന്തോഷം നിറഞ്ഞ പാൽപ്പല്ലുകൾ കാണാതാവുന്നതോടെ യുവരാജാവ് സന്തോഷിക്കും എന്ന് രാജാവ് സ്വയം വിശ്വസിച്ചു.
കൊട്ടാരം ആകട്ടെ മൂകമായി തുടർന്നു. യുവരാജാവിന്റെ ഓർമ്മയിൽ റാണി രേണുകയുടെ ഹൃദയം തേങ്ങിക്കൊണ്ടിരുന്നു. അവരുടെ കണ്ണിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങൾ എങ്ങോ പോയി മറഞ്ഞിരുന്നു. വേദനയുടെ കയങ്ങൾ അവരുടെ മനസ്സിനെ തളർത്തിക്കൊണ്ടിരുന്നെങ്കിലും. അവർ പതിയുടെ നിലപാടിനെ ചോദ്യം ചെയ്തു.
\" നമ്മുടെ മകൻ നഷ്ടപ്പെട്ടത് യാഥാർത്ഥ്യമാണ്... പക്ഷേ താങ്കൾ ഇപ്പോൾ അവന്റെ മോക്ഷത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തികൾ.... മകനെ നഷ്ടപ്പെട്ടതുപോലെ രാജ്യവും നഷ്ടപ്പെടാനുള്ള വഴിയൊരുക്കും... \" പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പ് കണ്ണിൽ തളം കെട്ടിക്കിടന്ന സങ്കടത്തിന്റെ കൂറ്റൻ തിരമാലകളിൽ പെട്ട് അവൾ തളർന്നു മയങ്ങി വീണു. ഇത് കണ്ട് രാജാവ് അവളെ താങ്ങി നിർത്തി. അപ്പോഴേക്കും തോഴിമാർ അവളെ പരിചരിക്കാൻ എത്തി.
രാജാവിന്റെ കണ്ണുകളിൽ അപ്പോഴും മാറ്റത്തിന്റെ മാറ്റൊലി കാണാൻ കഴിഞ്ഞില്ല. അദ്ദേഹം പണ്ടുമുതൽക്കേ ഒരു തീരുമാനം എടുത്താൽ അതിൽ മാറ്റം വരുത്തുന്നത് രാജഹിതമല്ല എന്ന് വിശ്വസിച്ചിരുന്നു. രാജ്ഞിയുടെ അഭിപ്രായത്തിന് രാജാവ് പണ്ടേ വിലകൽപ്പിക്കാറുണ്ടായിരുന്നില്ല.
അങ്ങനെ കാലങ്ങൾ കടന്നുപോയി. വിരസത എന്ന രോഗം ആ നാട്ടിലുള്ള ആബാലവൃത്തം ജനങ്ങളെയും പിടികൂടി കഴിഞ്ഞിരുന്നു. ആ പടുകുഴിയിൽ നിന്ന് കരകേറണമെന്ന് ഭയത്തോടെ ആണെങ്കിലും അവരെല്ലാവരും ഉറപ്പിച്ചു. കുട്ടികൾ വീട്ടിലെ മച്ചിൻ പുറത്ത് കയറി ചുണ്ടെലികളെ പോലെ കാത്തിരുന്ന് കളിക്കാൻ തുടങ്ങി. പണ്ട് പഠിച്ചു മറന്ന കഥകളും കവിതകളും അവർ ഓർത്തെടുത്ത് ചൊല്ലാൻ തുടങ്ങി. ചിലർ ചിന്തകളിൽ ആണ്ട് പുതിയ കഥകൾ ഉണ്ടാക്കാൻ തുടങ്ങി. അവർ അവരുടെതായ ലോകത്തിൽ സന്തോഷിക്കാനുള്ള വഴികൾ തേടിക്കൊണ്ടിരുന്നു.
ചന്ദ്രപുരത്തെ ആസ്ഥാന ഗുരുവായ ഗോവിന്ദൻ മാഷ് കുട്ടികൾക്ക് വിദ്യ അഭ്യസിപ്പിക്കാൻ രാത്രിയുടെ യാമങ്ങളിൽ വന്നുകൊണ്ടിരുന്നു. ആ യാമങ്ങളിൽ അദ്ദേഹം ആ കുഞ്ഞി കണ്ണുകളിൽ ഭാഷയുടെയും ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും വിത്തുകൾ പാകി നാളെയുടെ പ്രകാശത്തെ വരവേൽക്കാൻ അവരെ ഒരുക്കി.
പുറം നാട്ടിൽ നിന്ന് വരുന്ന വ്യക്തികളിൽ ആശയങ്ങളുടെ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ പുസ്തകങ്ങളെയും സന്തോഷം പ്രദാനം ചെയ്യുന്ന കളിപ്പാട്ടങ്ങളെയും കാത്ത് കുഞ്ഞു ഹൃദയങ്ങൾ ഇരിക്കാൻ തുടങ്ങി.
മുതിർന്നവർ ആകട്ടെ നഷ്ടപ്പെട്ടപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ആശയം വ്യക്തമായി കണ്ണിലും കാതിലും മനസ്സിലും പതിഞ്ഞത്. അത് വീണ്ടെടുക്കാൻ സംഘടിക്കണം, പോരാടണം ഏതറ്റം വരെയും പോകണം എന്നവർ തീരുമാനിച്ചു. ചിലർ പ്രതിഷേധത്തിന്റെ ആദ്യ ചുവട് എന്ന വണ്ണം സ്വർണ്ണ കുജത്തിന്റെ മുൻപിൽ പോയി ആക്രോശിച് ചിരിക്കുകയും. മതിയാവും വരെ അതിൽ മൂത്രമൊഴിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ രാജാവിന്റെ മൂഢ സ്വർഗ്ഗത്തെ കളിയാക്കി ചുവരെഴുത്ത് എഴുതാനും. കൊട്ടാരത്തിനു മുമ്പിൽ ഒരു പന്തൽ കെട്ടി തലപ്പന്ത് കളിക്കാൻ തുടങ്ങി. \"രാജാവിന്റെ നിഷേധികൾ\" എന്നവരെ ചാപ്പ കുത്തി തുറിങ്കിൽ അടച്ചു.
കുട്ടികളിൽ ഒരുവൻ ഗോവിന്ദൻ മാഷിനോട് ഒരു സൂത്രം വേണമെന്ന് ആവശ്യപ്പെട്ടു. \"പൊടിയപ്പി \"എന്ന വിരുതനാണ് കക്ഷി. അവൻ പതിഞ്ഞ ശബ്ദത്തിൽ മാഷിനോടും കൂട്ടുകാരോടുമായി ഒരു മോഹം പറഞ്ഞു. \"മാഷേ... എനിക്ക് ഒരു പാവ ഉണ്ടായിരുന്നു... എന്റെ അപ്പൻ, തമ്പ്രാന്റെ നിലം ഉഴുതിട്ട് കിട്ടിയ രണ്ടണയ്ക്ക് പിറന്നാളിന് വാങ്ങി തന്നതാ... ഞാൻ അതിനെ കിങ്ങിണി എന്നാ വിളിച്ചിരുന്നെ... പക്ഷേ ആ പാവം ഇപ്പോൾ ആ സ്വർണ്ണ കുജത്തിനകത്താ... എന്തേലും വഴിയുണ്ടോ മാഷേ അത് തിരികെ കിട്ടാൻ \". ഇത് കേട്ടുകൊണ്ടിരുന്ന രാമുണ്ണി പൊടിയപ്പിയെ പുച്ഛിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
\" നിന്റെ ഒരു മരപ്പാവ...എന്റെ എത്ര കളിപ്പാട്ടം അതിനകത്ത് കിടക്കുന്നത് എന്നറിയുമോ.... ഒരിക്കലും കറക്കം നിൽക്കാത്ത മഴവില്ലിന്റെ നിറമുള്ള ഒരു പമ്പരം ഉണ്ടായിരുന്നു എനിക്ക്.. അതിനോളം വരില്ലല്ലോ നിന്റെ ഈ പാവ... \" രാമുണ്ണി ദീർഘ ശ്വാസം വിട്ടു. അതിനിടയിൽ സുഹറ കർശനമായി പറഞ്ഞു തുടങ്ങി
\" നഷ്ടം എല്ലാവർക്കും ഒന്നുതന്നെയല്ലേ പൊടിയപ്പിയുടെ പാവയാണേലും രാവുണ്ണിയുടെ പമ്പരമാണെങ്കിലും.... ആരുടെ ദുഃഖമാ വലുതെന്ന് എങ്ങനെയാ കണ്ടെത്താൻ കഴിയാ... ദുഃഖത്തിന് എങ്ങനെ അളക്കാൻ കഴിയാ... \".
കുട്ടികൾ അവർക്ക് നഷ്ടപ്പെട്ട വസ്തുക്കളെ കുറച്ച് ചീവീടുകളെപ്പോലെ ശബ്ദിച്ചുകൊണ്ടിരുന്നു. രാത്രിയുടെ നിശബ്ദതയിൽ ആ ഒച്ച വഴിയിലൂടെ നടക്കുകയായിരുന്ന രാജകിങ്കരൻമാരുടെ ചെവിയിൽ പതിഞ്ഞു. \"ആരാണ് അവിടെ ശബ്ദിക്കുന്നത്.. ചോദിച്ചത് കേട്ടില്ലേ... ആരാ അവിടെ ശബ്ദിച്ചേ ... \"എന്ന് ചോദിച്ച് വാതിൽ തല്ലി തകർത്തു അവർ അകത്തു കയറി. കുട്ടികൾ ഒച്ച പുറത്ത് വരാതെ ഭയന്ന് വാ പൊത്തി ഇരിക്കാൻ തുടങ്ങി.
കിങ്കരന്മാർ മച്ചിൻ പുറത്തു കയറി ഗോവിന്ദൻ മാഷിനെ കയ്യാമം വെച്ച് തുറുങ്കില്ലടയ്ക്കാൻ കൊണ്ടുപോയി.
കുട്ടികൾ കളിപ്പാട്ടം നഷ്ടപ്പെട്ട വേദനയേക്കാൾ ഉറക്കെ കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.മാഷിനെ വെറുതെ വിടാൻ കുഞ്ഞുങ്ങൾ അപേക്ഷിച്ചുകൊണ്ടിരുന്നു.
രാജകിങ്കരന്മാർ കുട്ടികളെ അതിക്രൂരമായി മർദ്ദിച്ചു. അതിനെ തടയാൻ ചെന്ന യുവാക്കളും അടികൊണ്ട് ചോര തുപ്പി.
അവരുടെ മനസ്സ് എല്ലാം ഒരുപോലെ വേദന നിറഞ്ഞു കൊണ്ടിരുന്നു. ഇന്ന് ഗോവിന്ദൻ മാഷ് ആണെങ്കിൽ നാളെ നമ്മളിൽ പലരും ആകാം എന്ന ബോധം എല്ലാരിലും പടർന്നു. അന്ന് ആ രാത്രി അവസാനിക്കുന്നതിനു മുമ്പ് മുതിർന്നവരും കുട്ടികളും തീരുമാനിച്ചു. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു രാജാവും ആ രാജ്യത്തെയോ പ്രജയെയോ അർഹിക്കുന്നില്ല.
പ്രജയുടെ ശാസനം അന്ന് രാത്രി അവിടെ എഴുതപെട്ടു.
പലതുള്ളിയായ ജനം... സമുദ്രത്തിന്റെ ഉഗ്ര കോപമായി മാറി കഴിഞ്ഞിരിക്കുന്നു. അവരുടെ ലക്ഷ്യം രാജകൊട്ടാരം ആയിരുന്നു. സന്ധി ചെയ്യാനല്ല... സ്വന്തമാക്കാൻ... അവർക്ക് അർഹിക്കുന്ന സ്വാതന്ത്ര്യത്തെ നേടിയെടുക്കുവാൻ... രാജാവിന്റെ തല മണ്ണിൽ തൊടണമായിരുന്നു...
കുട്ടികൾക്ക് അവരുടെ കളിപ്പാട്ടങ്ങൾ വീണ്ടെടുക്കണമായിരുന്നു... അവരുടെ സന്തോഷം വീണ്ടെടുക്കണം ആയിരുന്നു... തടവിൽ പാർപ്പിച്ചവരെ മോചിപ്പിക്കണമായിരുന്നു...
രാജാവ് അദ്ദേഹത്തിനെതിരായുള്ള ഈ നീക്കം അറിഞ്ഞിരുന്നു.പക്ഷെ തന്റെ പടയാളികളിൽ കൂടുതൽ പേർ സ്വന്തം ജനതയ്ക്കെതിരെ വാളെടുക്കുവാൻ വിസമ്മതിച്ചു. യുദ്ധം തുടങ്ങുന്നതിനു മുൻപ് തന്നെ രാജാവ് തോറ്റിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ കൊട്ടാരത്തിന്റെ ചുറ്റുമതിൽ ജനതയുടെ ചങ്ങലകണ്ണി കൊണ്ട് ചുറ്റിയിരുന്നു.
\"നമുക്ക് സ്വാതന്ത്ര്യം തരൂ... ഇല്ലെങ്കിൽ നമ്മൾ അത് വാങ്ങിച്ചെടുക്കും... \"എന്ന് കൊട്ടാരത്തിന്റെ മുന്നിൽ തടിച്ചുകൂടിയ പ്രതീക്ഷയുടെ മുഖങ്ങൾ ഒരേ സ്വരത്തിൽ... ഒരേ താളത്തിൽ ആക്രോശിച്ച് കൊണ്ടിരുന്നു... ഈ ഒച്ചകൾ കൂടുതൽ മൂർച്ചയുള്ള വാക്കുകളായി ആകാശത്ത് പടർന്നു... ഒരുപക്ഷേ പ്രകൃതി പോലും മഴയാകുന്ന തന്റെ സ്വാതന്ത്ര്യത്തെ അറിഞ്ഞു...
മിന്നൽ പിളർപ്പുകൾ ആകാശത്തിന്റെ ഹൃദയത്തിൽ നിന്നും ഭൂമിയുടെ മാറിലേക്ക്... ചന്ദ്രപുരത്തേക്ക്... വീഴുവാൻ തുടങ്ങി... ആദ്യം അത് പാരതന്ത്ര്യത്തിന്റെ തടവറയായ കൽ തുറുങ്കിനെ ഭിന്നി ചിതറിച്ചു... പിന്നെ അത് രാജകുമാരന്റെ അരയിലെ വാളിനെ ലക്ഷ്യമാക്കി പിണരുവാൻ തുടങ്ങി. അത് സ്വർണ കുജത്തിനെ നാലായി പിളർന്നു. അതിനുള്ളിൽ ഉള്ള വൈഡൂര്യങ്ങളും, പവിഴങ്ങളും, വിലമതിക്കാനാവാത്ത എല്ലാ വസ്തുക്കളുടെയും ഇടയിൽ കുട്ടികൾ തന്റെ നഷ്ടപ്പെട്ട പുസ്തകങ്ങളെയും കളിപ്പാട്ടങ്ങളെയും തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു.
രാജകുമാരൻ ആ മഴയത്തു കുട്ടികളുമൊത്ത് നനയുന്നുണ്ടായിരുന്നു.ആ മഴയുടെ നാദത്തിന് രാജകുമാരന്റെ ശബ്ദമായിരുന്നു. പൊടിയപ്പി രാജകുമാരന്റെ അടുത്തുപോയി മുഖത്തുനോക്കിയപ്പോൾ രാജകുമാരൻ ചിരിച്ചു അത്രെ.
കൊട്ടാരത്തിന്റെ ഗോപുരത്തിന്റെ മുകളിൽ അധികാരത്തിന്റെ ചിഹ്നമായി കെട്ടിയിരുന്ന പതാക ആ മഴയുടെ ശക്തിയിൽ ഒടിഞ്ഞുവീണു. അടുത്തൊരു മിന്നൽ പിളർപ്പിന്റെ പിന്നാമ്പുറത്ത് ചോരപുരണ്ട വാളുയർത്തി നിൽക്കുന്ന റാണി രേണുകയുടെ ചിത്രമായിരുന്നു.
------------------------------------------------------------------------------------------------------------------------------------------------------------------------------------------------