ചന്ദ്രനെ ഞാന്‍ കാണുന്നതും പരിചയപ്പെടുന്നതും ബോംബയില്‍ വച്ചാണ്. ഘാട്ട്കൂപ്പറില്‍ ചിരാഗ് നഗര്‍ എന്നൊരു ഗ്രാമം. അവിടെ ഒരു മലയാളി പിള്ളച്ചേട്ടന്റെ കേരളാ ഹോട്ടലില്‍ വച്ച്. അവിടെ അയാളുടെ ഒരു കൂട്ടുകാരന്‍ മാധവന്നായര്‍ വിളിച്ചിട്ട് താമസിക്കാന്‍ വന്നതാണ്. വെളുത്ത് അധികം പൊക്കമില്ലാത്ത ഒരു ഇരുപത്തിരണ്ടുകാരന്‍ സദാ പ്രസന്ന വദനന്‍ . ഈ ലോകം തന്നെ ഒരു തമാശയായി കാണുന്നവന്‍ . എല്ലാം അയാള്‍ക്കു തമാശയാണ്. തുറന്ന പെരുമാറ്റം.
ഞങ്ങള്‍ എങ്ങിനെയാണ് അടുത്തതെന്നറിഞ്ഞുകൂടാ. അയാളോട് അടുക്കാതിരിക്കാന്‍ പറ്റില്ല. സ്റ്റേറ്റ് ബാങ്കിലാണ് ജോലി. ബോംബേയില്‍ വന്നതിനേക്കുറിച്ചും ജോലി കിട്ടിയതിനേക്കുറിച്ചും എല്ലാം തമാശരൂപേണയാണ് പറഞ്ഞത്.
രാജസ്ഥാനില്‍ അയാളുടെ ഒരു ചേട്ടനുണ്ട്. ചിറ്റപ്പന്റെ മകന്‍. ബി.കൊം പരീക്ഷ പാസായിക്കഴിഞ്ഞ് ചേട്ടനോട് ജോലിക്കാര്യ്ം പറഞ്ഞു. ചേട്ടന്‍ പറഞ്ഞു സെപ്റ്റംബര്‍ ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ കമ്പനിയില്‍ ഒരു വേക്കന്‍സി ഉണ്ടാകുമെന്ന്. അന്നു മുതല്‍ സെപ്റ്റംബര്‍ നോക്കി ഇരിക്കുകയാണ്. വേക്കന്‍സീന്നു പറഞ്ഞാല്‍ ഒരു കസേര ഒഴിയുമെന്നും വേറേ ആരെങ്കിലും അതില്‍ കയറി ഇരിക്കുന്നതിനു മുമ്പ് അവിടെ എത്തണമെന്നുമാണ് അയാളുടെ വിചാരം. ആഗസ്റ്റ് ആയപ്പോഴേക്കും ഇരിക്കപ്പൊറ്തി ഇല്ലാതായി. വീട്ടില്‍ നിന്നും നിര്‍ബ്ബന്ധം പിടിച്ച്, ബോബെയില്‍ ജോലിയുള്ള ഒരാള്‍ നാട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍, അയാളുടെകൂടെ ബോംബ്യ്ക്കു വണ്ടികയറി. ബോംബയിലെത്തിയപ്പോള്‍ ചേട്ടന്റെ ഒരു കത്ത് ബോംബയിലേ ആളിന്റെ മേല്‍ വിലാസത്തില്‍ ചന്ദ്രനേ പ്രതീക്ഷിച്ച് കിടക്കുനു. ഇപ്പോള്‍ രാജസ്ഥാനിലേക്കു ചെല്ലണ്ടാ എന്നും, ബോംബെയില്‍ തന്നെ താമസിച്ച് ജോലി അന്വേഷിക്കുനതാണ് നല്ലതെന്നുമാണ് ഉത്തരവ്. അയാള്‍ ആകെ നിരാശനായി. രാജസ്ഥാനിലേ കസേരയില്‍ ആരെങ്കിലും കയറി ഇരുന്നാലോ!
പിന്നെ എങ്ങിനെയാണ് സ്റ്റേറ്റ് ബാങ്കില്‍ കയറിയത്? ഞാന്‍ ചോദിച്ചു.
ചന്ദ്രന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
അതോ. അതു പറയാം. ഒരു നീണ്ട കഥയാണ്. ചന്ദ്രന്‍ പറഞ്ഞു. ബോംബയില്‍ താമസിച്ച് പല ജോലികള്‍ കിട്ടി. എന്റെ പരിചയക്കുറവും, അഹങ്കാരവും കൊണ്ട് അതെല്ലാം കളഞ്ഞു കുളിച്ചു. പക്ഷേ എന്റെ ശുഭാപ്തിവിശ്വാസത്തിനുണ്ടോ അതിര്. പണ്ട് ഒരു മന്ത്രി രാജാവിനോടു പറഞ്ഞപോലെ എല്ലാം നല്ലതിനു തന്നെ എന്നാണ് എന്റെ വിശ്വാസം.
അതെന്താണ് ആ കഥ. ഞാന്‍ ചോദിച്ചു.
പറയാം. ചന്ദ്രന്‍ പറഞ്ഞു. ഒരു രജാവിന്റെ മന്ത്രിക്ക് ഒരു വിചിത്ര സ്വഭാവം. എന്തു സംഭവിച്ചാലും “അതും നല്ലതിനു തന്നെ“ എന്നു പറയും. ഒരു ദിവസം രാജാവിന്റെ ഒരു വിരള്‍ വാതിലിനിടയില്പെട്ട് ചതഞ്ഞു പോയി. വേദനകൊണ്ടു പുളയുന്ന രാജാവിനോട് മന്ത്രി അതും നല്ലതിനു തന്നെ എന്നു പറഞ്ഞു. ദേഷ്യം വന്ന രാജാവ് ഈയാളേപ്പിടിച്ച് തുറുങ്കിലടയ്ക്കട്ടെ എന്നു കല്പിച്ചു. അപ്പോഴും മന്ത്രി അതും നല്ലതിനു തന്നെ എന്നു പറഞ്ഞു. മന്ത്രി ജയിലിലായി. അടുത്തദിവസം രാജാവ് മൃഗയാ വിനോദത്തിന് കാട്ടില്‍ പോയി. ഒരു മാനിന്റെ പിന്നാലേ പാഞ്ഞ് ഒറ്റപ്പെട്ടു. ആദിവാസികളുടെ കൈയ്യില്‍ പെട്ടു. അവരാണെങ്കില്‍ അടുത്ത വാവിന് ബലികൊടുക്കാന്‍ ഒരാളെ നോക്കിയിരിക്കുകയാണ്. ബലിയുടെ സമയമായി. രാജാവിനേ കുളിപ്പിച്ച് അലങ്കരിച്ച് കൊണ്ടുവരുവാന്‍ പോയി. അപ്പോഴാണ് ഒരു വിരല്‍ ചതഞ്ഞിരിക്കുന്നത് കണ്ടത്. അംഗഭംഗമുള്ളവരേ ബലികൊടുക്കാന്‍ പാടില്ലെന്നാണ് നിയമം. അവര്‍ രാജാവിനേ വിട്ടു.
കൊട്ടാരത്തില്‍ എത്തിയ
രാജാവ് മന്ത്രിയേ മോചിപ്പിച്ചു. അതും നല്ലതിനു തന്നെ മന്ത്രി പറഞ്ഞു. രാജാവു പറഞ്ഞു. താന്‍ പറഞ്ഞതു ശരിയാണ്. കൈ ചതഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ കാണുകയില്ലായിരുന്നു. പക്ഷേ തന്നേ ജയിലിലടക്കാന്‍ പറഞ്ഞപ്പോഴും താന്‍ അതുതന്നെയാണല്ലോ പറഞ്ഞത്. അതെങ്ങനെ ശരിയാകും?
മന്ത്രി പറഞ്ഞു. ഞാന്‍ ജയിലിലല്ലായിരുന്നെങ്കില്‍ ഞാനും കാട്ടില്‍ വന്ന് അവരുടെ പിടിയിലാകുമായിരുന്നു. അംഗഭംഗമില്ലാത്ത ഞാന്‍ ബലിമൃഗമായേനേ.
രാജാവിനു കാര്യം ബോദ്ധ്യപ്പെട്ടു. അതുപോലെ ഞാനും എല്ലാം നല്ലതിനു തന്നെ എന്ന് അന്ധമായി വിശ്വസിച്ചുകൊണ്ടിരിക്കുന്നു-ഇപ്പോഴും.
കഥ തുടങ്ങിയപ്പോള്‍ മാധവന്‍ നായരും എത്തി. ഞങ്ങള്‍ക്കു രസം പിടിച്ചു.
ചന്ദ്രന്‍ തുടര്‍ന്നു. ഇതിനിടെ സ്റ്റേറ്റ് ബാങ്കിലേക്ക് ക്ലാര്‍ക്കന്മാരുടെ ആവശ്യം കാണിച്ച് ഒരു പരസ്യം ടൈംസ് ഒഫ് ഇന്‍ഡ്യയില്‍ കണ്ടു. അതിന് അപേക്ഷിച്ച് ടെസ്റ്റ് എഴുതിയിരുന്നു. വേറേ പണിയില്ലാതെ താമസിക്കുന്നതുകൊണ്ട് സഹമുറിയന്മാര്‍ പറഞ്ഞു--ടൈംസില്‍ ഒരു പരസ്യം കൊടുക്കാന്‍. ടൈപ്പ് അറിയാവുന്ന ഒരു ബി.കൊം കാരന് ജോലി ആവശ്യമുണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്തു. കുറേ മറുപടികള്‍ വന്നു. ആദ്യം വന്നത് ഒരു സോളിസിറ്റര്‍--ജാഹേവാലാ എന്നാണ് പേര്--ആഫീസില്‍ നിന്നാണ്. അന്നു തന്നെ അവിടെ പോയി. പുതിയ ആളാണെന്നും ജോലി ഒന്നും പരിചയമിലെന്നും ഇന്റെര്‍വ്യൂവില്‍ പറഞ്ഞു. അങ്ങേര്‍കു പിടിച്ചെന്നു തോന്നുന്നു. അന്നു തന്നെ അവിടെ ജോലിക്കെടുത്തു. പക്ഷേ രണ്ടു ദിവസത്തിനകം അവിടെനിന്നും പിരിഞ്ഞു. കാരണമെന്തെന്നറിയണ്ടേ? രണ്ടാമത്തേ ദിവസം ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ജാഹേവാലാ അകത്തിരുന്ന് കാളിങ് ബെല്ലടിച്ചു. പ്യൂണ്‍ അവിടെ ഇല്ലായിരുന്നു. കുറച്ചുകഴിഞ്ഞ് ജാഹേവാലാ ക്യാബിനില്‍നിന്നും പുറത്തുവന്ന് എന്നേ വിളിച്ചു. ഞാന്‍ അകത്തു ചെന്നു. ബെല്ലുകേള്‍ക്കുമ്പോള്‍ പ്യൂണില്ലെങ്കില്‍ ഞാന്‍ ചെല്ലണമെന്ന് എന്നോടു പറഞ്ഞു. എന്റെ ഗ്രാമീണ ദുരഭിമാനം ഉണര്‍ന്നു. ഹും ബെല്ല്ല്ലുകേള്‍ക്കുമ്പോള്‍ പ്യുണില്ലെങ്കില്‍ ഞാന്‍ ചെല്ലണമെന്ന്.
അതുപിന്നെ പ്യൂണില്ലെങ്കില്‍ പ്രൈവറ്റ് സെക്രട്ടറിയല്ലേ ചെല്ലേണ്ടത്--ഞാന്‍ ഇടപെട്ടു.
അതൊക്കെ ഇപ്പോഴെനിക്കറിയാം. അന്നു ഞാന്‍ വല്യ ഡപ്പീസുല്‍ത്താനല്ലേ. കേള്‍ക്ക്. ഞാന്‍ പറഞ്ഞു പറ്റില്ല.
ജാഹേവാലാസ്തംഭിച്ചു പോയി. എനിക്ക് എന്നേക്കുറിച്ച് വലിയ അഭിമാനം തോന്നി. നമ്മടടുത്താ കളി! ചന്ദ്രന്‍ തുടര്‍ന്നു. ജാഹേവാലാ വളരെ സാവധാനത്തില്‍ പറഞ്ഞു--ഇവിടെ ചില ചിട്ടകളൊക്കെയുണ്ട്. ഇതൊക്കെ ആഫീസില്‍ സാധാരണയാണ്. താന്‍ പുതിയ ആളായതുകൊണ്ട് ഇതൊന്നു അറിയാന്‍ വയ്യെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞാന്‍ ഒരവസരം കൂടി ഞാന്‍ തരാം. ഇവിടുത്തേ നിയമങ്ങള്‍ അച്ചടക്കത്തോടെ അനുസരിക്കണം. നിങ്ങളേ എനിക്കിഷ്ടമായതുകൊണ്ടു പറയുകയാണ്.
ഞാന്‍ തീര്‍ത്തു പറഞ്ഞു-ചന്ദ്രന്‍ തുടര്‍ന്നു-ബെല്ലടിച്ചാല്‍ വരാന്‍ പറ്റില്ല.
എങ്കില്‍ ഇവിടെ തുടരാന്‍ പറ്റില്ല--ജാഹേവാലാ പറഞ്ഞു.
സന്തോഷം. ഞാന്‍ പോവുകയാണ്.
ജാഹേവാലാ പത്തുരൂപ എടുത്ത് തന്നു. എന്നിട്ടു പറഞ്ഞു--നിങ്ങള്‍ക്ക് ആഫീസുകളേപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. ഒന്നുകൂടി ആലോചിക്കൂ.
അഹങ്കാരിയായ ഞാന്‍ വേണ്ടാ-വേണ്ടാ എന്നു പുച്ഛിച്ചു പറഞ്ഞുകൊണ്ട് അവിടം വിട്ടിറങ്ങി. പിന്നീട് ആറുമാസം അലഞ്ഞു നടന്നെങ്കിലും ഒരിടത്തും ഒരുരക്ഷയും കിട്ടിയില്ല. അതിനിടെ പത്രത്തില്‍ ഒരു പരസ്യം കണ്ടു. രണ്ടു മലയാളിക്കുട്ടികളേ കണക്കു പഠിപ്പിക്കാന്‍ ഒരാളെ വേണം. സാന്താക്രൂസിലാണ്-പൊയ്ക്കളയാം.
രാവിലേ എഴുന്നേറ്റ് സാന്താക്രൂസിലേക്ക് വച്ചുപിടിച്ചു. വലിയ പ്രയാസംകൂടാതെ വീട് കണ്ടുപിടിച്ചു. സാന്താകൂസ് സ്റ്റേഷനില്‍നിന്ന് കുറച്ചു പടിഞ്ഞാറോട്ടു പോയി തെക്കോട്ടുള്ള് ഒരു ചെറിയ റോദിന്റെ സൈഡിലാണ് തോമസ്സിന്റെ--അതാണ് പരസ്യം കൊടുത്ത ആളിന്റെ പേര്-വീട്. ഒരു രണ്ടുനിലക്കെട്ടിട. താഴെയും മുകളിലും ഈരണ്ടു മുറികള്‍. രണ്ടു തീപ്പെട്ടി ഒന്നിനുമുകളില്‍ ഒന്നായി വച്ചതുപോലെ. മുന്നില്‍ പത്തുമീറ്റല്‍ മുറ്റമുണ്ട്. പിന്നില്‍ സ്ഥലമില്ല. വശങ്ങളില്‍ ഒരുമീറ്റര്‍ സ്ഥലം. മതില്‍കെട്ടി തിരിച്ചിട്ടുണ്ട്. ആകെപ്പാടേ ഒരു സുരക്ഷിതത്വം തോന്നുന്ന സ്ഥലം.
മി. തോമസ്സ്ആറടി നീളമുള്ള ഒരു കുടവയറനാണ്. സൗമ്യമായ പെരുമാറ്റം. ഏതോ വലിയകമ്പനിയുടെ സെയിത്സ് രെപ്രസെന്റേറ്റീവാണ്. സംസാരിക്കുമ്പോള്‍ ഒച്ച് വെളിയില്‍ കേള്‍ക്കത്തില്ല്. ആ വലിയ ശരീരത്തില്‍നിന്നും ഇത്ര ചെറിയ ശബ്ദം! ഞാന്‍ അത്ഭുതപ്പെട്ടു. ആറന്മുളയാണ് സ്വദേശം.
അദ്ദേഹത്തിന്റെ ഭാര്യ എന്റെ കുഞ്ഞമ്മയുടെകൂട്ടാണ്. സദാ പ്രസന്നമായ ഭാവം. സ്വന്തക്കാരനോടെന്ന പോലെ പെരുമാറ്റം. എനിക്കും സ്വന്തം വീട്ടിലേ ഒരു അനുഭൂതി. ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ പഠിപ്പിക്കുന്നതിനേക്കുറിച്ച് സംസാരിച്ചു. മാസം നാല്പതുരൂപയും ഒരുനേരത്തേ ആഹാരവും. കൊള്ളാം. ചുമ്മാതിരുന്നു മടുത്തു. ഒരു മണിക്കൂറാണ് പഠിപ്പിക്കല്‍. എനിക്കു വേറേ പണിയൊന്നുമില്ലാത്തതുകൊണ്ട് സമയമൊന്നും നോക്കാതെ പഠിപ്പിച്ചുതുടങ്ങി. ലോഡ്ജിലെത്തിയിട്ടും വലിയ കാര്യമില്ലല്ലോ.
അപ്പോള്‍ തനിക്ക് ഇംഗ്ലീഷില്‍ പഠിപ്പിക്കാനറിയാമോ? ഞാന്‍ ഇടക്കു കയറി ചോദിച്ചു.
അതല്ലേ പറയാന്‍ പോകുന്നത് ചന്ദ്രന്‍ പറഞ്ഞു. ബി.കൊം കഴിഞ്ഞ് വെറുതേ ഇരിക്കുന്ന സമയത്ത് നമ്മുടെ മാധവന്‍ നായരുടെ ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യുട്ടില്‍ പഠിക്കുകയും, ട്യൂട്ടോറിയലില്‍ പഠിപ്പിക്കുകയുമായിരുന്നു പണി. ആ ധൈര്യം വച്ചാണ് ട്യൂഷന്‍ എടുക്കാമെന്ന് തീരുമാനിച്ചത്. മി. തോമസ്സിന്റെ മകന് കഴിഞ്ഞ പരീക്ഷയ്ക്ക് കണക്കിന് മൂന്നര മാര്‍ക്കാണ് കിട്ടിയത്. പരീക്ഷയ്ക്ക് ഇനി ഒന്നരമാസം. അയാളേയാണ് പഠിപ്പിക്കേണ്ടത്. ഞാനേതായാലും പുസ്തകം എടുത്തു നോക്കി. കണക്കെല്ലാം എനിക്കറിയാവുന്നതു തന്നെയാണ്. ഇന്നത്തേപോലെ അല്ല. ഇന്നു നമ്മുടെ കുട്ടികളുടെ കണക്കുപുസ്തകം നോക്കിയാല്‍ ഞങ്ങളേപ്പോലെയുള്ളവര്‍ക്കു ബാലികേറാമലയാണ്. പക്ഷേ ഒരു വൈതരണി. ഇതെങ്ങനെയാണ് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കുക. ഞാനേതായാലുമൊരു കണക്കിന്റെ ചോദ്യം ബുക്കിലെഴിതാന്‍ പയ്യനോടു പറഞ്ഞു. ഒരാള്‍ ഒരു തുക ബാങ്കില്‍ ഡെപ്പൊസിറ്റ് ചെയ്തു- അതിന്റെ പലിശ കാണുന്ന കാര്യമാണ്. പയ്യനു സംശയം--ഈ ഡെപ്പൊസിറ്റ് എന്നാല്‍ എന്താണ്. ഞാന്‍ പറഞ്ഞു -നിക്ഷേപം. അപ്പോള്‍ അവനു സംശയം രണ്ടായി--എന്താണ് നിക്ഷേപം? ഞാന്‍ ചുറ്റും നോക്കി--ഭാഗ്യം തോമസ്സും ഭര്യയും അടുത്തെങ്ങുമില്ല.
പിന്നെ ഞാന്‍ , ബാങ്കില്‍ നമ്മള്‍ പണം കൊണ്ടു ചെല്ലുന്നതിനേയും, അവിടെനിന്നും പാസ്സ്ബുക്ക് വാങ്ങിക്കുന്നതിനേയും പ്റ്റി ഒക്കെ ഇംഗ്ലീഷിലും, മലയാളത്തിലും--അവന് മലയാളം കേട്ടാല്‍ കുറേശ്ശെ മനസ്സിലാകും-- ഒക്കെയായി പറഞ്ഞ് വിയര്‍ത്തു കുളിച്ചു. ഏതായാലും അന്ന് ഒരുമാതിരി കഴിച്ചുകൂട്ടി. പിന്നീട് ദിവസവും പോകും. ഒരാഴ്ചകൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞുകൊടുക്കാന്‍ ഞാന്‍ പഠിച്ചു. ചന്ദ്രന്‍ ഒന്നു നിര്‍ത്തി.
അപ്പോള്‍ അവനു സ്കൂളില്‍ പോവണ്ടേ? ഞാന്‍ ചോദിച്ചു.
ഏടോ- ചന്ദ്രന്‍ പറഞ്ഞു. ബോംബയില്‍ ഏഴരമുതല്‍ രണ്ടുവരെ അല്ലേ സ്കൂളില്‍ പഠിത്തം. എനിക്കാണെങ്കില്‍ ഇരുപത്തിനാലു മണിക്കൂറും ഫ്രീ. ഉച്ച തിരിഞ്ഞാണ് ക്ലാസ്. സമയം നോക്കാതെ പ്ഠിപ്പിക്കുന്നതുകൊണ്ട് തോമസ്സിന്റെ ഭാര്യയ്ക്ക് വളരെ ഇഷ്ടമായി. തോമസ്സ് ജോലിസ്ഥലത്തായിരിക്കും.
പരീക്ഷയ്ക്കു മുമ്പ് എന്തെങ്കിലും ചെയ്യണമല്ലോ--ചന്ദ്രന്‍ തുടരുകയാണ്. ഞാനേതായാലും കുറേ മോഡല്‍ ചോദ്യങ്ങള്‍ പുസ്തകത്തില്‍നിന്നും തെരഞ്ഞെടുത്ത് അതു തന്നെ അവനേക്കൊണ്ട് ചെയ്യിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായി ചെയ്തുചെയ്ത് ആ ചോദ്യങ്ങൾ അവന്‍ ചെയ്യാന്‍ ഒരു പ്രയാസവുമില്ലാത്തതായി തീര്‍ന്നു. എന്തോ ഭാഗ്യം കൊണ്ട്--എപ്പോഴും ദൈവം എതിരായിരിക്കില്ല്ലല്ലോ--തോണ്ണൂറു ശതമാനം ചോദ്യങ്ങളും ഇതില്‍നിന്നായിരുന്നു. അവന് കണക്കിനു മാര്‍ക്ക് നാല്‍പ്പത്തഞ്ച്--മൂന്നരയില്‍നിന്നും--അമ്പതില്‍--തോമസ്സ് ദമ്പതികള്‍ക്ക് ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വയ്യ. ഓരോരുത്തരുടെ സമയം! കണക്ക് അവനറിഞ്ഞുകൂടാ. പക്ഷേ മൂന്നരയില്‍നിന്നും നാല്‍പ്പത്ത്ഞ്ചേ--ഈ സാറിന്റെ ഒരു കഴിവേ! അവര്‍ തെറ്റിദ്ധരിച്ചു പറഞ്ഞു. ഏതായാലും മറ്റു വിഷയങ്ങള്‍ കൂടി നോക്കണമെന്നും അനിയനേക്കൂടി പഠിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. മറ്റു പണിയൊന്നുമില്ലാത്ത എനിക്ക് അത് അനുഗ്രഹമായി. ഞാന്‍ ആ കുടുംബത്തിലേ ഒരംഗമായി. ശമ്പളം മാത്രം പഴയത്--പക്ഷേ അതെനിക്കു പ്രശ്നമല്ല.
അങ്ങനെ ചെയ്തതിന്റെ ഫലം പിന്നീട് ദൈവം എനിക്കു തന്നു. അത് പിന്നെപ്പറയാം
ചന്ദ്രന്റെ പറച്ചിലിന്റെ ഒഴുക്കു തടയാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്ന ഞാന്‍ ചോദിച്ചു. ടൈംസില്‍ പരസ്യം കൊടുത്തിട്ട് വേറേ ആരൊക്കെയോ മറുപടി അയച്ചെന്നു പറഞ്ഞല്ലോ. അതിനൊന്നും പോയില്ലെ?
പോയി. ചന്ദ്രന്‍ പറഞ്ഞു. ആദ്യംകിട്ടിയതുപോലെ ചെന്നാലുടനേ എടുത്തു വച്ചിരിക്കുകയാണെന്നായിരുന്നു എന്റെ വിചാരം. രണ്ടാമതുപോയത് ഇന്‍ഡ്യനെക്സ്പ്രെസ്സിലണ്. ബോംബയിലേ ഇന്‍ഡ്യനെക്സ്പ്രെസ്സ് ടൌവ്വര്‍. അതിനകതോട്ടു കടന്നപ്പോള്‍ തന്നെ ഏതൊ മായാലോകത്തിലേക്ക് പ്രവേശിക്കുന്നതുപോലെ.ടൈപ്പുറൈറ്ററിന്റെ കടകട ശബ്ദം നാലുവഴിക്കും. ഇങ്ങനെ സ്പീഡില്‍ എങ്ങനെ ടൈപ്പ് ചെയ്യുന്നു. എന്നോടെങ്ങാനും ടൈപ്പുചെയ്യാന്‍ പറയുമോ? എനിക്കു പേടിയായി.
ഞാന്‍ അവിടെനിന്നും കിട്ടിയ എഴുത്ത് ആരേയോ കാണിച്ചു-ചന്ദ്രന്‍ തുടര്‍ന്നു. എന്താ ഇത്ര തമസിച്ചത്? അയാള്‍ ചോദിച്ചു. ജാഹേവാലായുടെ കാര്യമൊന്നും ഞാന്‍ പറഞ്ഞില്ല. അയാള്‍ എന്നേ വേറേ ഒരാളുടെ അടുത്തു കൊണ്ടുപോയി.
അയാള്‍ എന്റെ വിവരങ്ങളൊക്കെ ചോദിച്ചു. നാളെ രാവിലേ രണ്ടു പ്രശസ്ത വ്യക്തികളുടെ പരിചയപ്പെടുത്തല്‍ എഴുത്തുമായി വരാന്‍ പറഞ്ഞു.. എന്നിട്ട് പെട്ടെന്ന് വീണ്ടും അയാള്‍ അല്ലെങ്കില്‍ നമുക്ക് ടൈപ്പിങ് ടെസ്റ്റ്കൂടി നടത്തിയേക്കാം എന്നു പറഞ്ഞ് ഒരു മുറിയില്‍ കൊണ്ടുപോയി. ഒരു ഇന്‍ഡ്യനെക്സ്പ്രസ്സ് പത്രം തന്ന് അതിലേ ഒരു പാസേജ് ടൈപ്പ് ചെയ്യാന്‍ പറഞ്ഞ് ഒരു വലിയ മെഷീനും കാണിച്ചു തന്നു.
ഞാന്‍ അത്തരം മെഷീന്‍ കണ്ടിട്ടേ ഇല്ല--അന്നു വരെ. അണ്ഡര്‍വുഡ് എന്നോ മറ്റോ ആണ് പേര്. ഇറട്ടി നീളമുള്ള ടൈപ്പിങ് റോളറും. മാധവന്‍ നായരുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന രെമിങ്ടണ്‍ റാന്‍ഡ് ആണ് ഞാനാകെ കണ്ട മെഷീന്‍. ജാഹേവാലായുടെ ആപ്പീസിലും അതുതന്നെയായിരുന്നു. പഠിക്കാനാണെന്നും പറഞ്ഞിരുന്ന് ABCD അടിക്കലായിരുന്നു നാട്ടിലേ പണി. അത് നല്ല സ്പീഡില്‍ അടിക്കുമെന്നല്ലാതെ ശാസ്ത്രീയമായി ടൈപ്പ് പഠിച്ചിട്ടില്ല.
കടലാസെടുത്തു മെഷീനില്‍ വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വന്നയാള്‍ തിരികെ പോയി. ഞാന്‍ എത്ര ശ്രമിച്ചിട്ടും കടലാസ് റോള്രില്‍ കയറത്തില്ല. ഒരു വശം കേറും. ചരിഞ്ഞേ ഇരിക്കൂ. ഞാന്‍ കടലാാസെലാം മാറ്റി വച്ച്--കാണാനാരും ഇല്ലല്ലോ--മെഷിന്‍ വിശദമായി പരിശോധിച്ചു. ഒരു രക്ഷയുമില്ല. ഒരു വിധത്തില്‍ കടലാസു കയറ്റി--അല്പം ചരിവുണ്ട്-ഓ സാരമില്ല. ടൈപ്പു ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പോയ ആള്‍ തിരിച്ചു വന്നു. ആകെ രണ്ടോ മൂന്നോ വാക്കുകള്‍ അടിച്ചിട്ടുണ്ട്.
ഇത്രയെ ആയുള്ളൂ-അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. ഞാനെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ എന്നെയും വിളിച്ച് ആദ്യം കണ്ട ആളുടെ അടുത്തു ചെന്നു. ടൈപ്പ്ചെയ്ത കടലാസ് അയാളുടെ കൈയ്യില്‍ കൊടുത്തു. അയാള്‍ എന്നേ സൂക്ഷിച്ചു നോക്കി--എന്തോ തമാശു കാണുന്നപോലെ.
ങാ അറിയിക്കാം എന്നിട്ടു വന്നാല്‍ മതി- അയാള്‍ പറഞ്ഞു. അപ്പോള്‍ നാളെ--ഞാന്‍ പറയാന്‍ ശ്രമിച്ചു. അയാള്‍-ശരി പൊയ്ക്കൊള്ളൂ വിളിക്കാം എന്നു പറഞ്ഞു. ആ വിളി ഇതുവരെ വന്നില്ല്. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
അപ്പോള്‍ ബാക്കികിട്ടിയ മറുപടികള്‍-ഞാന്‍ ചോദിച്ചു.
ചന്ദ്രന്‍ കൈ ഉയര്‍ത്തി തടഞ്ഞു. ഒന്നും പറയണ്ടാ. എല്ലാം തഥൈവ. ഞാന്‍ പിന്നീട് ലോഡ്ജില്‍ നിന്നും വെളിയിലിറങ്ങാതെ രണ്ടുമാസം ഇരുന്നു. അപ്പോഴാണ് സുകുമാരന്‍ നായര്‍--എന്റെ സഹമുറിയനാണ്-സഹപാഠിയും-ഒരു പത്രവും പൊക്കിപ്പിടിച്ചുകൊണ്ടു വന്നത്. എടാ ഇവിടെ ചുരുണ്ടു കിടക്കാതെ ദേ ഈ കൊച്ചുങ്ങളേ പഠിപ്പിക്കാന്‍ നോക്ക്. സുകുമാരന്‍ നായര്‍ പറഞ്ഞു. അങ്ങിനെയാണ് ഞാന്‍ മി. തോമസ്സിന്റെ മക്കളേ പഠിപ്പിക്കാന്‍ പോയത്.
അങ്ങിനെ ഇരിക്കുമ്പോള്‍ ഗ്ലാക്സോ ലാബറട്ടരീസ് പ്രിവറ്റ് ലിമിറ്റഡിന്റെ ഒരു പരസ്യവുംകൊണ്ട് പപ്പുവണ്ണന്‍ --അദ്ദേഹവും ഞങ്ങളുടെ ലോഡ്ജിലേ താമസക്കാരനാണ് വന്ന്--ചന്ദ്രന്‍ ഇപ്പോള്‍തന്നെ സര്‍ട്ടിഫിക്കറ്റും കൊണ്ട് ഗ്ലാക്സോയിലെക്ക് പൊയ്ക്കൊള്ളൂ. വര്‍ളിയിലാണ്. ഇവിടെനിന്നും J റൂട്ട്, അല്ലെങ്കില്‍ N റൂട്ട് സ്ബസ്സു പിടിച്ചാല്‍ മതി. അതിന്റെ വാതില്‍ക്കല്‍ എത്തും--എന്നു പറഞ്ഞത്. ലാബറട്ടറി എന്നു കേട്ടപ്പോള്‍ എനിക്ക് കോളേജിലേ ലാബറട്ടറിയാണ് ഓര്‍മ്മ വന്നത്. അവിടെ എന്തുപണി. ഓ വേണ്ടാ പപ്പുവണ്ണാ ഈ ലാബറട്ടറിയും ടെസ്റ്റ് ട്യൂബും ഒന്നും എനിക്ക് ഇഷ്ടമല്ല. What bloody hell you are talking bloody fool. Take your certificates and get off-- ദേഷ്യം വന്നാല്‍ പപ്പുവണ്ണന്‍ ഇംഗ്ലീഷിലേ സംസാരിക്കൂ --അദ്ദേഹം ഉച്ചത്തില്‍ പറഞ്ഞു. സുകുമാരന്‍ നായരും ഇടപെട്ടു--എടാ പൊട്ടാ ഗ്ലാക്സോ എന്നു പറഞ്ഞാല്‍ ഒരു വലിയ ബ്രിട്ടീഷ് മരുന്നു കമ്പനിയാ--പോട്ടെ പപ്പുവണ്ണാ- അവന്‍ പോകും എന്നു പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു. പിന്നെയണ് ഞാന്‍ പരസ്യം നോക്കിയത്. അവര്‍ക്കു ക്ലാര്‍ക്കന്മാരേ വേണം. പെട്ടെന്ന് നേരിട്ട് ചെല്ലണം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഗ്രാഡുവേറ്റ്സ് ആയിരിരിക്കണമെന്നു മാത്രമേ നിബന്ധനയുള്ളൂ. ഞാന്‍ പോയി. കുറേ ആളുകള്‍ വന്നിട്ടുണ്ട്. കൂടെ എന്റെകൂടെ എസ്.ഡി കാളേജില്‍ പഠിച്ച രാമകൃഷ്ണനുമുണ്ട്. കാളേജില്‍ എന്റെ അടുത്ത നമ്പറായിരുന്നു. അയാള്‍ എന്റെ ആട്ടോഗ്രാഫില്‍ എഴുതിയത് നാല്പത്തീട്ടിനോട് നാല്‍പ്പത്തിഒന്‍പതു സംസാരിക്കുന്നുഎന്നു തുടങ്ങിയാണ്. ലാബെല്ലാ എന്നൊരു ഹോട്ടലില്‍ രിസപ്ഷനിസ്റ്റാണ്. ഏതായാലും വര്‍ത്തമാനം പറയാന്‍ ഒരാാളേ കിട്ടിയല്ലോ. അവിടെ വാചകമടിച്ചിരുന്നു.
പത്തുമണി കഴിഞ്ഞ് പ്യൂണ്‍ വന്ന് ഒരാളേ വിളിച്ച് പേഴ്സണല്‍ മാനേജരുടെ മുറിയിലേക്ക് കൊണ്ടുപോയി. ചന്ദ്രന്‍ പറഞ്ഞു.
ഇത്രയുമായപ്പോള്‍ മാധവന്‍ നായര്‍ അങ്ങോട്ടു വന്നു. എന്താണ് രണ്ടുപേരുംകൂടി പൂളു അടിക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായല്ലോ എന്നു പറഞ്ഞു.
ഓ ഞാനാ ഗ്ലാക്സോയിലേ ഇന്റെര്‍വ്യൂവിന്റെ കാര്യം പറയുകയായിരുന്നു--ചന്ദ്രന്‍ പറഞ്ഞു.
അതോ അതു ഞാന്‍ പറയാം--മാധവന്‍ നായര്‍ പറഞ്ഞു. ഇവനേ ഒരു പ്രത്യേകസൈസാ. എങ്ങിനെയാണവര്‍ ഇവനേ എടുത്തറ്റെന്നെനിക്കറിഞ്ഞ്കൂടാ. ഇവനേ വിളിച്ച് പെഴ്സണല്‍ മാനേജര്‍ എന്തോ ചൊദിച്ചു. ഇവന്‍ നാട്ടില്‍നിന്നു വന്ന് ലോഡ്ജില്‍ അടയിരിക്കുകയായിരുന്നല്ലോ. ഇംഗ്ലീഷ് ഉച്ചാരണം ഇവിടെ നാട്ടിലേപോലല്ലല്ലോ. ഇവന്‍ പാര്‍ഡന്‍ എന്നു പറഞു. അയാള്‍ വീണ്ടും ചോദിച്ചു. അപ്പോളിവന്‍ പറയുകയാണ് I can hear only a hissing voice. Nothing is clear. എന്ന്. അപ്പോള്‍ അയാള്‍ From which University you have passed. എന്ന് വ്യക്തമായി ചോദിച്ചു പോലും. അതിനുത്തരം പറഞ്ഞുകഴിഞ്ഞ് എല്ലാം വ്യക്തമായിത്തനെ ചോദിച്ചെന്ന്. ആരെങ്കിലും ഇന്റെര്‍വ്യൂവിന് ഇങ്ങനെ പെരുമാറുമോ?
നീ പോടാ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ വെളിയില്‍ വന്നു. അവിടെ എല്ലാവരും കൂടി നില്‍പ്പുണ്ട്. മാനേജര്‍ ചോദിച്ചതു വല്ലതും നിങ്ങള്‍ക്കു മനസിലായോ എന്നു ഞാന്‍ ചോദിച്ചു.
ശരിക്കു മനസ്സിലായില്ല എന്നവര്‍ പറഞ്ഞു. പിന്നെ എങ്ങനെ ഉത്തരം പറഞ്ഞെന്നു ചൊദിച്ചപ്പോള്‍ അവര്‍ ഒരൂഹം വച്ച് പറഞ്ഞെന്ന്. ഞാന്‍ എന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍-തന്റെ കാര്യം പോക്കാ. വലിയ ആള്‍ക്കാരോട് ഇങ്ങനൊന്നും പരയരുതു പോലും. ഇന്റെര്‍വ്യൂ കുന്തമായെന്ന് ഞാനും വിചാരിച്ചു. ഏതായാലും പപ്പുവണ്ണനോട് ഈ വിവരം പറയണ്ടാ എന്നു തീരുമാനിച്ചു.
എന്നോട് ഒരു ഫോണ്‍ നംബര്‍ കൊടുക്കാന്‍ മാനേജര്‍ പറഞ്ഞിരുന്നു. വിവരം വിളിച്ചു പറയുമ്പോലും. ഞാന്‍ വിത്സന്‍ കളേജിലേ ഒരു പ്രൊഫസര്‍ ഡോ. അലക്സാണ്ഡര്‍ സാരിന്റെ നംബര്‍ കൊടുത്തു. ജോലി കിട്ടത്തില്ലെന്ന് ഉറപ്പായതുകൊണ്ട് അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. അഹമ്മദ്--അലക്സാണ്ഡര്‍ സാറിന്റെ അടുത്ത ആളാണ്--എന്നേ അന്വേഷിച്ചു വന്നു. രണ്ടു ദിവസമായി സാറിനേ ഗ്ലാക്സോയില്‍ നിന്നു വിളിക്കുന്നുപോലും. എന്നോട് അങ്ങോട്ടു ചെല്ലാന്‍ പറയാന്‍. അദ്യം സാറിനൊന്നും മനസ്സിലായില്ല. പിന്നെ രണ്ടാമതും വിളിച്ചപ്പോള്‍ എന്റെ പേരാണല്ലൊ പറഞ്ഞത്--അതൊന്നറിയിക്കാന്‍ അഹമ്മ്ദിനേ അയച്ചതാണ്. കൂടെ കുറേ ചീത്തയും കൊടുത്തയച്ചിട്ടുണ്ടെന്ന്
അഹമ്മദ് പറഞ്ഞു.
ഇവനേ ഗ്ലാക്സോയില്‍ ജോലിക്കെടുത്തെന്ന്--മാധവന്‍ നായര്‍ പറഞ്ഞു. ഇവനേ ആര്‍ക്കു വേണമെങ്കിലും ജോലിക്കെടുക്കാം. മൂന്നുമാസം കഴിഞ്ഞ് ഇവന്‍ അതും കളഞ്ഞു--ഗ്ലാക്സോയിലേ ജോലിയേ! അവന്
പുല്ലാണ്-മാധവന്‍ നായര്‍ പുച്ഛസ്വരത്തില്‍ അവസാനിപ്പിച്ചു.
ഇനി ഇന്നു ഞാനൊന്നും പറയുന്നില്ല ഒരു ചായ കുടിക്കണം. ചന്ദ്രന്‍ എഴുന്നേറ്റു പോയി.
ഞങ്ങള്‍ അല്പസമയംകൂടി ഇതിനേപ്പറ്റിപറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ അവിടെ വന്നു. ഒറ്റപ്പാലത്തുകാരനാണ്. പേര് സദാശിവന്‍. അയാള്‍ക്ക് താമസിക്കാന്‍ സൗകര്യം വേണം. ഉണ്ടോ എന്നറിയാന്‍ വന്നതാണ്. അവിടുത്തേ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മാധവന്‍ നായരാണ്. അയാള്‍ അതിനുള്ള ഏര്‍പ്പാടെല്ലാം ചെയ്തു. അങ്ങിനെയിരുന്നപ്പോള്‍ ചന്ദ്രന്‍ ചായകുടികഴിഞ്ഞു വന്നു. ചന്ദ്രനേ കണ്ടതും സദാശിവന്‍ ചാടി എഴുന്നേറ്റ്താനിവീടെയാരുന്നോ. ഞങ്ങള്‍ എവിടെയൊക്കെ തെരഞ്ഞു.
എന്ത-എന്താ കാര്യം ഞാന്‍ പരിഭ്രമത്തോടെ ചോദിച്ചു. എന്തെങ്കിലും പ്രശ്നം?
ഹേയ്--ഈയാള്‍ ഞങ്ങളുടെ അടുത്താണ് മാഹിമില്‍ താമസിച്ചിരുന്നത്. വൈകിട്ട് അത്താഴം കഴിഞ്ഞാല്‍ പന്ത്രണ്ടു മണിവരെ ഈയാളുടെ മുറിയിലാണ്. കഥയും ശ്ലോകവും എല്ലാംകൂടി പരമരസമായിരുന്നു. നാട്ടില്‍ പോവ്വാണെന്നു പറഞ്ഞു പോയതാ. പിന്നെ ദേ ഇപ്പഴാ കാണുന്നത്. സദാശിവന്‍ പറഞ്ഞു. ഞാനും ഇവിടെ താമസിക്കാന്‍ വന്നതാ. ഇനിയും നമുക്ക് കൂടാമല്ലോ.
ഞാനേ ഒന്നു കിടക്കട്ടെ. ചന്ദ്രന്‍ അകത്തേക്കുപോയി.
എങ്ങിനെയുണ്ട് ചന്ദ്രന്റെ സ്വഭാവം--ഞാന്‍സദാശിവനോട് ചോദിച്ചു.
ഒരു കുഴപ്പവുമില്ല.മണ്ടന്‍. ലോകത്തിലുള്ള എല്ലാവരുടേയും പ്രയാസങ്ങള്‍ അയാളുടെയാണെന്നാണ് വിചാരം. ആരെങ്കിലും വന്ന്--അയ്യോ വലിയ പ്രയാസമാണ്--കൈയ്യില്‍ ഒറ്റപൈസയില്ല. ഒരമ്പതു രൂപാകിട്ടിയിരുന്നെങ്കില്‍ മറ്റന്നാള്‍ അങ്ങു തരാമായിരുന്നു എന്നു പറഞ്ഞാലുടന്‍ കൈയ്യിലില്ലെങ്കില്‍ ആരോടെങ്കിലും കടം മേടിച്ചു കൊടുത്തില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരുത്തില്ല. കാശു കിട്ടിയാല്‍ പിന്നെ കക്ഷിയേ കാണത്തുമില്ല. എന്നാല്‍ ഒന്നോ രണ്ടോ അനുഭവം കൊണ്ട് പഠിക്കുമോ അതുമില്ല. ഏതായാലും ആളു ജോളിയാ. ഞങ്ങളുടെ ഒരു സ്ഥിരം രസികസദസ്സിലേ പ്രധാനിയായിരുന്നു ചന്ദ്രന്‍. അയാള്‍ പോയതോടുകൂടി സദസ്സും പൊളിഞ്ഞു. മണ്ടനാണെങ്കിലും ആത്മാര്‍ത്ഥതയുള്ളവനാ.
ഇതവനോടൊന്നു പറയാമോ? മാധവന്‍ നായര്‍ ചോദിച്ചു.
ഹയ്യോ! പറഞ്ഞേക്കല്ലേ സദാശിവന്‍ പറഞ്ഞു. എന്തെങ്കിലും കാര്യം അയാളേക്കൊണ്ടു സമ്മതിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആ ശ്രമിച്ച ആളിനോളം ഒരു വിഡ്ഡി ഈ ലോകത്തില്‍ വേറേയില്ലെന്ന് അയാള്‍ സ്ഥാപിക്കും. രണ്ടുമൂന്നുപേര്‍ ശ്രമിച്ചു. അവര്‍ ഇപ്പോള്‍ ചന്ദ്രന്റെ വലിയ ആരാധകരാണ്.
ഏതായാലും താനുംകൂടി ഉണ്ടല്ലോ. നമുക്ക് ഇനി ദിവസവും കൂടാം. ഞാന്‍പറഞ്ഞു.
അന്നത്തേകാര്യം അങ്ങിനെ അവസാനിച്ചു.