Aksharathalukal

നീലനിലാവേ... 💙 - 17

രാവിലെ ദേവ് ഉറക്കം ഉണർന്ന് പല്ല് തേച്ച് അടുക്കളയിലേക്ക് ചെല്ലുമ്പോൾ സ്റ്റവ്വിന്റെ അടുത്ത് പുറം തിരിഞ്ഞ് നിന്ന് സവാള അരിയുന്ന നിളയെയാണ് കണ്ടത്...

\"\"\" നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ കുഞ്ഞൂ ഇതൊക്കെ ഞാൻ ചെയ്തോളാമെന്ന്... \"\"\" അവൾക്ക് അടുത്തേക്ക് ചെന്ന് അവൻ അവളുടെ കൈയ്യിൽ ഇരിക്കുന്ന കത്തി വാങ്ങി...

\"\"\" ആര് ചെയ്താൽ എന്താ ദേവാ.. വയറ് നിറഞ്ഞാൽ പോരേ? \"\"\" തിരികെ അവന്റെ കൈയ്യിൽ നിന്ന് കത്തി പിടിച്ച് വാങ്ങി അവൾ ബാക്കി അരിയാൻ തുടങ്ങി.. അവൻ അവളെയൊന്ന് നോക്കി.. പഞ്ചമി പറഞ്ഞ വാക്കിന്റെ പുറത്താണോ ഇവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്...?! എന്നൊരു ചോദ്യം അവന്റെ ഉള്ളിൽ ഉയർന്നു...

\"\"\" നീ ഇങ്ങനെ നോക്കി നിൽക്കാതെ ആ ചായ എടുത്ത് കുടിച്ചേ.. ഒത്തിരി നേരമായി ഇട്ട് വെച്ചിട്ട്... \"\"\" സ്റ്റവ്വിൽ ഇരിക്കുന്ന പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കൊണ്ട് അവൾ പറഞ്ഞതും അവൻ തല ചരിച്ച് സ്ലാബിന്റെ വലത് വശത്തേക്ക് നോക്കി.. അടച്ച് വെച്ചിരിക്കുന്ന ചായ മൂടി മാറ്റി കൈയ്യിലേക്ക് എടുക്കുമ്പോൾ അവനൊരു അസ്വസ്ഥത തോന്നി.. പഴയത് പോലെ മിണ്ടുന്നുണ്ട്.. ചിരിയുമുണ്ട്.. ഇടക്ക് കുറുമ്പ് പറയുന്നുമുണ്ട്.. സംസാരവും അതുപോലെ തന്നെയാണ്.. പക്ഷേ.. എന്തെല്ലാമോ ഒരു മാറ്റം... അത് അവന് അവളിൽ തോന്നുന്നുണ്ടായിരുന്നു...

\"\"\" ഞാൻ ഇന്ന് വരാൻ വൈകും.. ഇന്നലെ ക്ലബ്ബിൽ പോകാൻ പറ്റാത്തത് കൊണ്ട് ഇന്ന് ഒന്ന് കയറണം... \"\"\" ചായ ചുണ്ടോട് ചേർത്ത് അവൻ അവൾക്ക് അടുത്തായി സ്ലാബിൽ ചാരി നിന്നു.. അവളൊന്ന് മൂളിയിട്ട് കടുക് എടുത്ത് പാത്രത്തിലേക്ക് ഇട്ടു.. അവന്റെ നെറ്റിചുളിഞ്ഞു.. സാധാരണ ഇങ്ങനെ എന്തെങ്കിലും പറയുമ്പോ തിരികെ എന്തെങ്കിലും ഒക്കെ ചോദിക്കുന്നവളാണ്... കഴിഞ്ഞ ദിവസവും ഇത് പറഞ്ഞപ്പോൾ അവൾ ഒന്നും പറഞ്ഞിരുന്നില്ല.. ഇപ്പോഴും പറയുന്നില്ല.. ഇവൾക്കിതെന്ത് പറ്റി ?! അവൻ ആലോചിച്ചു...

\"\"\" നീ എന്താ ഒന്നും മിണ്ടാത്തത്? \"\"\" ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത നിറയെ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...

\"\"\" ഞാൻ പണി ചെയ്യുന്നത് നിനക്ക് കാണുന്നില്ലേ?, ദേവാ.. അപ്പൊ എന്ത് മിണ്ടാനാ ? \"\"\" അവൾ ചിരിച്ചു.. അവന്റെ മുഖമൊന്ന് മങ്ങി...

\"\"\" ഞാൻ കുടിക്കില്ല.. സന്ധ്യ കഴിയുമ്പോഴേക്ക് എത്താം... \"\"\" അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ അവൻ വീണ്ടും പറഞ്ഞു.. ഒന്നും മിണ്ടാതെ നിള പിന്നെയും ചിരിച്ചു...

\"\"\" ഞാൻ പറഞ്ഞത് നീ കേട്ടില്ലേ?, കുഞ്ഞൂ... \"\"\" ചായ ഗ്ലാസ് മാറ്റി വെച്ച് അത് ചോദിക്കെ എന്തുകൊണ്ടോ അവന് ആകെയൊരു വല്ലായ്മ തോന്നി...

\"\"\" കേൾക്കാതിരിക്കാൻ എനിക്ക് ചെവിയ്ക്ക് കുഴപ്പം ഒന്നുമില്ലല്ലോടാ, വല്യൂട്ടാ .... ഞാൻ കേട്ടു... \"\"\" അവൾ അരിഞ്ഞ് വെച്ച സവാള എടുത്ത് കടുക് പൊട്ടിയ പാത്രത്തിലേക്ക് ഇട്ടു...

\"\"\" എന്നിട്ട് നീ എന്താ ഒന്നും പറയാത്തത് ? \"\"\" അവൻ അവളെ തനിക്ക് അഭിമുഖമായി തിരിച്ച് നിർത്തി...

\"\"\" ശെടാ.. ഇതെന്ത് പാടാ?! നിനക്ക് രാവിലെ തന്നെ വട്ടായോ, ദേവാ.. നീ കുടിക്കുന്നതും കുടിക്കാത്തതും ഒക്കെ നിന്റെ കാര്യമല്ലേ.. അതിലിപ്പൊ ഞാനെന്തെങ്കിലും പറഞ്ഞിട്ട് എന്തിനാ?.. നിനക്ക് കുടിക്കണമെങ്കിൽ നിനക്ക് കുടിക്കാം.. ഇല്ലെങ്കിൽ നീ കുടിക്കണ്ട... എങ്ങനെ ആയാലും നഷ്ടം നിനക്ക് മാത്രമാണ് എന്നൊന്നും ഞാൻ പറയില്ല.. പക്ഷേ... It\'s up to you ..... \"\"\" നടകീയമായി പറഞ്ഞ് നിർത്തി ഉപ്പിന്റെ ടിൻ കൈയ്യിലേക്ക് എടുത്ത് അവൾ അതിൽ നിന്ന് അല്പം പാത്രത്തിലേക്ക് ഇട്ടു.. മുഖം വല്ലാതെ കടുത്തെങ്കിലും എന്തെങ്കിലും പറഞ്ഞ് പോയാൽ അത് കൂടി പോകും എന്ന് അറിയുന്നതിനാൽ അവനൊന്നും മിണ്ടാതെ അവളെ കൈയ്യിൽ പിടിച്ച് വലിച്ച് പിന്നോട്ട് മാറ്റി...

\"\"\" നീ പൊയ്ക്കോ.. ഞാൻ ചെയ്യാം... \"\"\" ഗൗരവത്തോടെയാണ് അവൻ അത് പറഞ്ഞത്.. അവൾ അവനെയൊന്ന് നോക്കി...

\"\"\" ചെല്ല്, പൊന്നേ.. ഞാൻ ചെയ്യാം.. ഇനിയും നിന്നാൽ നിനക്ക് കോളേജിൽ പോകാൻ വൈകും.. ചെന്ന് കുളിച്ചിട്ട് വാ... \"\"\" അവളുടെ ചെറിയ കുട്ടിയെ പോലെയുള്ള നോട്ടം കണ്ട് ഉള്ളിൽ നിറഞ്ഞ വാത്സല്യത്തോടെ പാത്രത്തിൽ കിടക്കുന്ന സവാള ഒന്ന് ഇളക്കി കൊണ്ട് അവൻ അവളുടെ കവിളിൽ തട്ടി.. ഒന്ന് മൂളിയിട്ട് തലതാഴ്ത്തി നിള തിരിഞ്ഞ് നടന്നു.. എന്തിനോ അവളുടെ കണ്ണുകൾ ആ നിമിഷം ഒന്ന് നിറഞ്ഞു.. കഴിഞ്ഞ ദിവസം ആരു ചോദിച്ചത് പോലെ.. ചില കാര്യങ്ങളിൽ.. ഒഴിഞ്ഞ് മാറാൻ ശ്രമിക്കുക തന്നെയാണ് താൻ അവനിൽ നിന്ന്... ശീലിക്കുകയാണ്... അവന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ... അവന് ഒരു ബുദ്ധിമുട്ടാകാതിരിക്കാൻ.. സ്വന്തം കാര്യങ്ങൾ എല്ലാം സ്വയം ചെയ്യാൻ... ഒക്കെ.. പക്ഷേ.. അതൊരിക്കലും അവനിൽ നിന്ന് അകന്ന് പോകാൻ വേണ്ടിയല്ല.. ഒരിക്കലും അവനൊരു ശല്യം ആകാതിരിക്കാൻ വേണ്ടിയാണ്... താൻ കൂടെയുള്ളത് അവനൊരു അസഹ്യതയായി മാറാതിരിക്കാൻ... തന്റെ പ്രണയം അവനിൽ തന്നോടുള്ള നീരസം നിറക്കാതിരിക്കാൻ... ഇത് തന്നെയാണ് നല്ലതെന്ന് അവൾ തലേന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു.. മുറിയിലേക്ക് കയറി അലമാരയിൽ നിന്ന് മാറി ഇടാനുള്ള വസ്ത്രം എടുത്ത് അവൾ കുളിക്കാനായി പുറത്തെ കുളിമുറിയിലേക്ക് നടന്നു.. അതേ സമയമാണ് വീടിന്റെ സൈഡിൽ ബൈക്ക് ഒതുക്കി നിർത്തി ചുറ്റും ആരുമില്ലെന്ന് നോക്കി ഉറപ്പ് വരുത്തി ഭദ്രൻ അവിടേക്ക് എത്തിയത്...

\"\"\" നീ എന്താ ഭദ്രാ ഈ രാവിലെ ? \"\"\" അവനെ കണ്ട് കുളിമുറിയിലേക്ക് കയറാൻ തുടങ്ങിയ നിള അകത്തേക്ക് കയറാതെ അവനടുത്തേക്ക് ചെന്നു...

\"\"\" അവനില്ലേ? \"\"\" ഭദ്രന്റെ നോട്ടം വീടിന്റെ തുറന്ന് കിടക്കുന്ന വാതിലിലേക്ക് നീണ്ടു...

\"\"\" അകത്തുണ്ട്.. അടുക്കളയിലാ... എന്ത് പറ്റി ? നിന്റെ മുഖം എന്താ വല്ലാതെ ? \"\"\" അവളുടെ നെറ്റി സംശയത്താൽ ചുരുങ്ങി...

\"\"\" ഒന്നുമില്ല, കുഞ്ഞൂ.. എനിക്കൊന്ന് അത്യാവശ്യമായി നാട്ടിൽ പോകണം... \"\"\" അവൻ അവളുടെ നെറുകയിൽ കൈ വെച്ചു...

\"\"\" എന്താ പെട്ടന്ന്? \"\"\" അവളുടെ ശബ്ദം നേർത്തു...

\"\"\" ഒരു കാര്യം ഉണ്ട്.. മോള് പോയി കുളിച്ചോ.. ഞാൻ അവനെയൊന്ന് കാണട്ടെ... \"\"\" അവളുടെ വിഷമം മനസ്സിലാക്കി അവൻ അവളുടെ കവിളിൽ തട്ടി...

\"\"\" വേഗം വരുമോ?, ഭദ്രാ... \"\"\" അവൻ വീട്ടിലേക്ക് കയറാൻ തുടങ്ങിയതും അവൾ പിന്നിൽ നിന്ന് വിളിച്ച് ചോദിച്ചു.. ഭദ്രൻ തിരിഞ്ഞ് നോക്കി.. ശേഷം ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്ന് ആ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ നെറ്റിയിൽ അമർത്തിയൊരുമ്മ കൊടുത്തു...

\"\"\" ഭദ്രൻ വേഗം വരാം ..... പിന്നെ, ഇന്ന് കോളേജിൽ നിന്ന് തിരികെ വരുമ്പോ ഒരു സർപ്രൈസ് ഉണ്ട് നിനക്ക്... \"\"\" കണ്ണ് ചിമ്മി ഒരു ചിരിയോടെ പറഞ്ഞിട്ട് അവൻ വീട്ടിലേക്ക് കയറി.. ഒന്നും മനസ്സിലാകാതെ ആലോചനയോടെ നിള കുളിക്കാനും...

ഭദ്രൻ അകത്തേക്ക് കയറി നേരെ പോയത് അടുക്കളയിലേക്ക് തന്നെയാണ്.. അവിടെ നിന്ന് മുട്ട കറി ഉണ്ടാക്കുന്ന ദേവിന്റെ അരികിലേക്ക് ചെന്ന് അവൻ ഒന്ന് മുരടനക്കി.. ശബ്ദം കേട്ട് ദേവ് തിരിഞ്ഞ് നോക്കി...

\"\"\" ഏഹ്.. നീ എന്താ ഈ നേരത്ത് വന്നത്? ആരെങ്കിലും കണ്ടോ? \"\"\" ദേവ് വേഗം ഒന്ന് മുന്നോട്ട് ആഞ്ഞ് അവിടുത്തെ ജനാല വലിച്ച് കൊളുത്തിട്ടു...

\"\"\" എനിക്കൊന്ന് നാട്ടിൽ പോകണം... \"\"\" വളരെ ഗൗരവത്തോടെ അവൻ പറയുന്നത് കേൾക്കെ ചുളിഞ്ഞ നെറ്റിയോടെ ദേവ് അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" എന്തെങ്കിലും പ്രശ്നം ഉണ്ടോടാ... \"\"\" ദേവിന്റെ മുഖത്ത് ആവലാതി നിറഞ്ഞു.. ഭദ്രൻ അവനെയൊന്ന് നോക്കി...

\"\"\" എന്റെ തന്ത വിളിച്ചിരുന്നു.. അമ്മ ഒന്ന് ബിപി കൂടി ഹോസ്പിറ്റലിൽ ആണ്.. പേടിക്കാനൊന്നും ഇല്ല.. എന്നാലും.. ഒന്ന് ചെന്ന് കാണണം... \"\"\" അവന്റെ ശബ്ദത്തിൽ മറഞ്ഞിരിക്കുന്ന നോവ് ദേവിന് അറിയാൻ കഴിഞ്ഞു.. ഒപ്പം തന്റെ ഉള്ളിലും ഒരു വിങ്ങൽ നിറയുന്നത് അവൻ മനസിലാക്കി...

\"\"\" ചെറിയമ്മ.. ചെറിയമ്മ ഓക്കേ അല്ലേ? കുഴപ്പമൊന്നുമില്ലല്ലോ... \"\"\" ദേവ് അവന്റെ തോളിൽ കൈ വെച്ചു...

\"\"\" ഇല്ല.. ഞാൻ സംസാരിച്ചിരുന്നു.. അപ്പോഴാണ് കാണണമെന്ന് പറഞ്ഞത്... \"\"\" ഭദ്രൻ തന്റെ തോളിൽ നിന്ന് അവന്റെ കൈ എടുത്ത് മാറ്റി.. ദേവിന്റെ മുഖം വാടി...

\"\"\" നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേടാ... \"\"\" പരിഭവം കലർന്ന ചോദ്യം ആയിരുന്നു ദേവിന്റേത്.. പുച്ഛത്തോടെ ഭദ്രന്റെ ചുണ്ടൊന്ന് കോടി...

\"\"\" ഭദ്രാ... \"\"\" ദേവിന്റെ കൈ പിന്നെയും അവന്റെ തോളിൽ പതിഞ്ഞു.. ഭദ്രൻ ഒന്ന് നിശ്വസിച്ചു...

\"\"\" നിന്നെ തല്ലി ഒരു മൂലക്ക് ഇടാൻ തോന്നുന്നത്ര ദേഷ്യം വരുന്നുണ്ട് ദേവാ എനിക്ക്... നീ കൈ എടുക്ക്.. ഇന്നലെ പഞ്ചമി കൊണ്ട ഓരോ അടിയും നീ കൊള്ളേണ്ടതാണ് സത്യത്തിൽ.. അത് തരാൻ എനിക്ക് മടിയുമില്ല! എന്നിട്ടും പലതും ഓർത്ത് ഒരുവിധം പിടിച്ച് നിൽക്കുവാണ് ഞാൻ.. വെറുതെ എന്റെ ക്ഷമ പരീക്ഷിക്കാൻ നിൽക്കണ്ട നീ... \"\"\" അവന്റെ കൈ തട്ടിയെറിഞ്ഞ് ഭദ്രൻ മുഖം തിരിച്ചു.. അവന്റെ ദേഷ്യം.. അത് ന്യായമാണെന്ന് ദേവിന് മനസ്സിലാകുന്നുണ്ടായിരുന്നു.. താൻ അത് അർഹിക്കുന്നുണ്ടെന്നും... എങ്കിലും.. പശ്ചാതപിക്കാൻ മാത്രമേ ഇനി കഴിയൂ... ഓർക്കെ പെട്ടന്ന് ദേവ് മുന്നോട്ട് നീങ്ങി അവനെ മുറുകെ കെട്ടിപിടിച്ചു...

\"\"\" മനഃപൂർവം അല്ല, ഭദ്രാ.. ചെയ്തത് തെറ്റാ.. അറിയാം.. ഓരോന്ന് കേട്ടപ്പോ.. ഈ വീട് വിട്ട് ഇറങ്ങേണ്ടി വരുമെന്ന് ഓർത്തപ്പോ... ഭ്രാന്ത്‌ പിടിച്ചടാ.. നിനക്ക് എല്ലാം അറിയുന്നതല്ലേ... നമ്മൾ ഈ നാട്ടിൽ വന്നതിന്റെ ഉദ്ദേശം പോലും ഇതുവരെ നടന്നിട്ടില്ല.. അതിനിടയിൽ.. എനിക്ക് അറിയില്ലടാ.. ഒന്നുമില്ല എനിക്ക്.. അവൾക്ക് ഒരു നല്ല ഉടുപ്പ് വാങ്ങി കൊടുത്തിട്ട് തന്നെ എത്ര കാലം ആയെന്ന് അറിയുമോ നിനക്ക്? ഒന്നും ചോദിക്കില്ല അവള്.. പക്ഷേ.. ആഗ്രഹിക്കുന്നുണ്ടാവില്ലേടാ.. എങ്ങനെ ജീവിച്ചതാ.. ഇപ്പൊ.. എല്ലാം പോയി.. എനിക്ക് വയ്യെടാ.. ആരുമില്ല എനിക്ക്.. മടുത്തു.. ചെറുപ്പം തൊട്ട് തനിച്ച് ജീവിച്ചതാ.. പക്ഷേ.. ഇപ്പൊ എനിക്ക് പേടിയാകുന്നെടാ.. എന്തിനൊക്കെയോ.. വല്ലാതെ.. വല്ലാതെ പേടിയാവുന്നു... എന്റെ കുഞ്ഞ്.. അവളെ ഓർക്കുമ്പോ നെഞ്ചിലൊരു പിടപ്പാടാ.. എങ്ങനെ ജീവിക്കണം എന്ന് പോലും അറിയാതെയായി എനിക്ക് ഇപ്പൊ... ഓരോ ദിവസം കഴിയും തോറും പടുകുഴിയിലേക്ക് വീണു പോകുന്നത് പോലെ ഒക്കെ ഒരു തോന്നലാ... അവളെ.. അവളെ എല്ലാവരും ഉള്ള.. അവളെ പൊന്ന് പോലെ നോക്കാൻ കഴിയുന്ന.. എന്നെ പോലെ ഭാഗ്യം കെട്ടതല്ലാത്ത നല്ലൊരുത്തന് കൈ പിടിച്ച് കൊടുക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം.. എന്നിട്ടിപ്പോ അതും.. അതും പോയി.. ഞാനൊരു.. ഞാനൊരു ദുഷ്ടനാ.. അല്ലേ?, ഭദ്രാ... \"\"\" തന്റെ തോളിൽ മുഖം അമർത്തി നിർത്താതെ എന്തെല്ലമൊക്കെയോ പുലമ്പുന്നവന്റെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ വീണു തന്റെ തോൾ നനയുന്നത് ഭദ്രൻ അറിഞ്ഞു...

\"\"\" ദേവാ... \"\"\" ഭദ്രന്റെ കൈകൾ അവന്റെ പുറത്ത് അമർന്നു.. ദേവ് കണ്ണുകൾ അടച്ചു.. മനസ്സിൽ കൊണ്ട് നടക്കുന്ന ഭാരം ഒക്കെയും ഒന്ന് ഇറക്കി വെക്കാൻ മനസ്സ് കൊതിച്ചെങ്കിലും.. അത് ശരിയാകില്ലെന്ന ചിന്തയിൽ ദേവ് മൗനമായി...

\"\"\" എന്താ ദേവാ നിന്റെ മനസ്സില് ? \"\"\" ഒരു വിധം അവനൊന്ന് ശാന്തമായതും അവനെ തന്നിൽ നിന്ന് വലിച്ച് മാറ്റി ഭദ്രൻ ആരാഞ്ഞു.. ദേവ് അവനെ വെറുതെ നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല.. ഭദ്രന് വല്ലാത്ത പിരിമുറുക്കം തോന്നി.. ഒപ്പം മനസ്സിലൊരു ഭയവും.. അതുകൊണ്ട് തന്നെ ഉള്ളിലെ ഒരു ചോദ്യത്തിനെങ്കിലും ഇന്നൊരു ഉത്തരം കണ്ടെത്തണം എന്നവൻ മനസ്സിൽ ഉറപ്പിച്ചു.. അതേ ചിന്തയോടെ അവൻ തലയുയർത്തി ദേവിന്റെ മുഖത്തേക്ക് നോക്കി...

\"\"\" ഞാനൊരൊറ്റ ചോദ്യം ചോദിക്കട്ടെ നിന്നോട് ? \"\"\"

ദേവ് അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി.. നെറ്റിയുഴിഞ്ഞൊരു ദീർഘശ്വാസം എടുത്ത് കൊണ്ട് ഭദ്രൻ അവന്റെ വലം കൈതുടയിൽ തന്റെ പിടി മുറുക്കി...

\"\"\" നിള.. അവൾക്ക് നിന്റെ മനസ്സിൽ ഒരു അനിയത്തിയുടെ സ്ഥാനം ആണോ ?!! \"\"\" അത്.. അത്ര മാത്രം... ഏറെ നാളായി മനസ്സിനെ വീർപ്പുമുട്ടിച്ചൊരു ചോദ്യം.. നിളയുടെ വാക്കുകൾ അനുസരിച്ച് കൊണ്ട് തന്നെ മറ്റൊരു തരത്തിൽ അവൻ ഉന്നയിച്ചു.. ദേവ് മറുപടി പറഞ്ഞില്ല.. പകരം പ്രതീക്ഷിച്ചതെന്തോ കേട്ടത് പോലെ അവനിൽ നിന്ന് നോട്ടം മാറ്റി അകലേക്ക്‌ നോക്കി...

\"\"\" പറയ്, ദേവാ.. മറ്റൊന്നും എനിക്ക് അറിയണ്ട.. ഈ ഒരേ ഒരു ചോദ്യത്തിന് നീ ഉത്തരം പറഞ്ഞാൽ മതി... \"\"\" ഉറച്ച ശബ്ദത്തിൽ ഭദ്രൻ അറിയിച്ചു.. ദേവിന്റെ മുഖം നിർവികാരമായി...









തുടരും..........................................









Tanvi 💕



നീലനിലാവേ... 💙 - 18

നീലനിലാവേ... 💙 - 18

5
909

എങ്ങോ നോട്ടമെയ്ത് കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ദേവിനെ നോക്കി നിൽക്കെ ഉള്ളിൽ ഒരു ഭയം നിറയുന്നത് ഭദ്രൻ അറിഞ്ഞു.. അവന്റെ മനസ്സിൽ നിള ഒരു അനിയത്തിയുടെ സ്ഥാനത്ത് ആണെങ്കിൽ.... എന്നൊന്ന് ഓർക്കാൻ പോലും അവന് കഴിയുന്നുണ്ടായിരുന്നില്ല... അതിന്റെ പ്രധാന കാരണം വർഷങ്ങളായി കണ്ടറിയുന്ന ആ പെണ്ണിന്റെ ഭ്രാന്തമായ പ്രണയം തന്നെയായിരുന്നു...\"\"\" ദേവാ... \"\"\" ഭദ്രൻ അവന്റെ തോളിൽ കൈ വെച്ചു.. ദേവ് ഒന്നും മിണ്ടിയില്ല.. അവന്റെ മനസ്സിന്റെ വിങ്ങൽ എടുത്ത് അറിയിക്കുന്ന വിധം ആ മുഖം ആകെ ചുവന്ന് പോയിരുന്നു...\"\"\" എന്തെങ്കിലും ഒന്ന് പറയ്, ദേവാ... \"\"\" അത്ര നേരം കടന്ന് പോയിട്ടും ആ മൗനം തന്നെ അവൻ തുടരുന