അപ്പൂപ്പൻ കഥകൾ - ചന്ദ്രയാനം 4
ചന്ദ്രയാനം 4
എടാ, നിന്റെ കഥ ഇങ്ങേര്‍ക്ക് പെരുത്ത് ഇഷ്ടമായെന്ന്--മാധവന്‍ നായര്‍ എന്നെ ചൂണ്ടി ചന്ദ്രനോടു പറഞ്ഞു.
ഓഹോ. അതിനു ഞാനെന്തു വേണം-ചന്ദ്രന്‍ അവന്റെ തനി സ്വഭാവം പുറത്തെടുത്തു.
എടാ നീ ബോംബയില്‍ വന്നതുമുതലുള്ള കാര്യം പറ. അങ്ങേരതു പുസ്തകമാക്കാന്‍ പോന്നെന്ന് . നീ ഹീറോ.
വട്ടു ഹീറോ-ചന്ദ്രന്‍ തിരുത്തി. എന്നാല്‍ കേട്ടോ. ഞാന്‍ ആദ്യം താമസിച്ചത്--ബോംബയില്‍ വന്നതിനു ശേഷം-- മഹാലക്ഷ്മിയിലാണ് താമസിച്ചത്. ചര്‍ച്ച് ഗേറ്റില്‍നിന്നും അഞ്ചാമത്തേ സ്റ്റേഷനാണ് മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ക്ഷേത്രം അവിടെയുള്ളതു കൊണ്ടാണ് ആ പേരു കിട്ടിയത്. റയിവേ സ്റ്റേഷന്റെ തൊട്ടു പിന്നിലാണ് റേസ് കോഴ്സ്. കുതിരപ്പന്തയം നടത്തുന്ന സ്ഥലം. അതിന്റെ അതിരിനിപ്പുറത്ത്, മി. സല്‍ദാനായുടെ ലോഡ്ജ്. ലോഡ്ജിന്റേയും റേസ്കോഴ്സിന്റെയും അതിര്‍ത്തിഒന്നാണ്. കുതിരപ്പന്തയം ഫ്രീ ആയി കാണാം-ലോഡ്ജിലിരുന്നാല്‍. ലോഡ്ജിനു മൂന്നു മുറികള്‍. ഒരു മുറിയില്‍ നാലു കട്ടിലുകള്‍. ഒരു കട്ടിലിന് നാല്പതു രൂപാ വാടക. പത്തു മലയാളികളും രണ്ടു ഗോവക്കാരുമാണ് ഞാനവിടെ എത്തുമ്പോള്‍. ഞാനുള്‍പടെ. രണ്ടു ഗോവക്കാരും വളരെ പ്രായം ചെന്നവരാണ്. അതിലൊരാള്‍ എപ്പോള്‍ നോക്കിയാലും വാഷ്ബേസിന്റെ മുമ്പിലാണ്. സോപ്പിട്ടു മുഖം കഴുകിക്കൊണ്ടിരിക്കും. വെപ്പുപല്ലാണ്. അതെടുത്ത് ഒരു മഗ്ഗിലിട്ട്, സോപ്പിട്ട് അങ്ങനെ മുഖം കഴികിക്കൊണ്ടിരിക്കും. ആദ്യത്തേ സോപ്പിന്റെ പതതീര്‍ന്നാല്‍ വീണ്ടു സോപ്പു പുരട്ടും. എന്തിനാണെന്നറിഞ്ഞുകൂടാ. അദ്ദേഹം റിട്ടയര്‍മെന്റ് ആസ്വദിക്കുകയാണ്. ലോഡ്ജിലെത്തിയാല്‍ വാഷ്ബേസിന്റെ മുന്നിലാണ്. ആര്‍ക്കും ഒരു പരാതിയും ഇല്ല.
മറ്റേയാള്‍ ഒരുപെയിന്ററാണ്. യേശുക്രിസ്തുവിന്റെ പടം വരച്ചുകൊടുക്കുകയാണ് ജോലി. ഒരു പടത്തിന് ഇരുനൂറ്റമ്പതുരൂപയാണ് ചാര്‍ജ്. ഇഷ്ടം പോലെ ഓര്‍ഡര്‍ കെട്ടിക്കിടക്കുകയണ്. മാസം ഒന്നോ രണ്ടോ പടമേ വരയ്ക്കൂ. എന്റെ ബാങ്കിലേ ശമ്പളം നൂറ്റി അറുപത്തഞ്ചുരൂപാ അമ്പതു പൈസയാണെന്നോര്‍ക്കണം.
അയാളല്ലേ നിന്നെ വെള്ളമടിക്കാന്‍ കൊണ്ടു പോയത്? മാധവന്‍ നായര്‍ ചോദിച്ചു.
അതേ. ചന്ദ്രന്‍ പറഞ്ഞു. ഞാന്‍ ചെന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഒരു പണിയുമില്ലാതെ മുറിയില്‍ കിടന്നുറങ്ങുകയും, ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റി
രിക്കുകയുമാണ്. രണ്ടാമത്തെ ദിവസം ഈ പുള്ളി എന്റടുത്തു വന്നു.
നമുക്കൊന്നു പുറത്തു പോകാം. അദ്ദേഹം പറഞ്ഞു.
വെറുതേഇരുന്ന ഞാന്‍ സമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി പതുക്കെ നടന്ന് റയില്‍ വേ സ്റ്റേഷന്റെ തെക്കു വശത്തുകൂടി കിഴക്കോട്ടു നടന്നു. പറയുന്നതിനിടയ്ക്ക് ഈ ദിക്കുകളൊക്കെ എനിക്കു തോന്നിയതാണ്. കേട്ടോ. ശരിയാണോ എന്നറിയില്ല. അവിടെ കുറെ ചെറിയ ഒറ്റമുറിക്കടകള്‍ ഉള്ള ഒരു ലെയിനിലേക്ക് കയറി. ഒരു കടയുടെ മുന്നില്‍ എത്തിയപ്പോള്‍ കടക്കാരന്‍ നമ്മുടെ കലാകാരനേ ആദരപൂര്‍വ്വം എതിരേറ്റ് ഇരുത്തി. എന്നേയും. കടക്കാരന്‍ രണ്ടു വലിയ ഗ്ലാസുകളില്‍ നമ്മുടെ പഴങ്ങഞ്ഞി വെള്ളം പോലിരിക്കുന്ന എന്തോ സാധനം ഞങ്ങളുടെ മുന്നില്‍ കിടന്ന മേശപ്പുറത്തുവച്ചു. എനിക്കതു കണ്ടപ്പോഴേ ഓക്കാനം വന്നു.
Have it. കലാകാരന്‍ പറഞ്ഞു. അദ്ദേഹം തന്റെ മുന്നിലിരുന്ന ഗ്ലാസെടുത്ത് ഒറ്റ വലി. എന്നിട്ട് ഗ്ലാസ് മേശപ്പുറത്തുവച്ചു. കടക്കാരന്‍ വീണ്ടും അത് നറച്ചു. ഞാന്‍ ഗ്ലാസ് മനസ്സില്ലാമനസ്സോടെ ചുണ്ടോടടുപ്പിച്ചു. എന്തോ അവിഞ്ഞ മണം. ഞാന്‍ ഗ്ലാസ് താഴെ വച്ചു.
It is pure vegitarian. Not liquor. കലാകാരന്‍ പ്രോത്സാഹിപ്പിച്ചു.
ഞാന്‍ ഒരു വളിച്ച ചിരിചിരിച്ച് കണ്ണിറുക്കി കാണിച്ചു. വേണ്ടാ എന്നര്‍ത്ഥത്തില്‍.
അദ്ദേഹം ആ ഗ്ലാസും അകത്താക്കി. ഞങ്ങള്‍ തിരിച്ചു നടന്നു. അദ്ദേഹം ആടിയാടി-കൊഴകൊഴാന്ന് എന്തോ പറയുന്നുമുണ്ട്. എനിക്കു പേടിയായി. എങ്ങാനും മറിഞ്ഞു വീണാല്‍! ഒരുവിധത്തില്‍ മുറിയിലെത്തിയെന്നു പറഞ്ഞാല്‍ മതി.
ഞാന്‍ മുറിയിലെത്തിയപ്പോള്‍ സുകുമാരന്‍ നായര്‍--എടാ ഇങ്ങോട്ടു വാ-എന്നു പറഞ്ഞ് എന്റടുത്തുവന്ന് വായ മണപ്പിച്ചു. നീ വെള്ളമടിക്കാന്‍ പോയതാണൊ അങ്ങേരുടെ കൂടെ-എന്നു ചോദിച്ചുകൊണ്ട്. മണം കിട്ടാഞ്ഞതുകൊണ്ട്--എന്താടാ നിനക്കു വാങ്ങിച്ചുതന്നില്ലേ-എന്നു ചോദിച്ചു.
ഞാന്‍ ഉണ്ടായ ചരിത്രമെല്ലാം പറഞ്ഞു. ചന്ദ്രന്‍ തുടര്‍ന്നു.
എടാ ഈ ഗോവക്കാരുടെ കൂടെ കൂടരുത്. സുകുമാരന്‍ നായര്‍ എനിക്കു മുന്നറിയിപ്പു നല്‍കി. ഈ സുകുമാരന്‍ നായര്‍ എന്റെ കൂടെ പഠിച്ചതാണ്. ഞാങ്ങളുടെ ക്ലാസ്സിലേ എറ്റവും വലിയ ആണ്‍കുട്ടിയായിരുന്നു. ഫുട്ബാള്‍ ബായ്ക്ക്. എല്ലാവരേയും എട-പോടാന്നേ വിളിക്കൂ. ഞാങ്ങള്‍ ബാക്കി കുട്ടികളെല്ലാം സുകുമാരന്‍ നായരുടെ തോളറ്റം വരെയേ ഉള്ളൂ. ഇളം കറുപ്പുനിറത്തില്‍ സുന്ദരന്‍ . ഒതുങ്ങിയ ശരീരം. ഞാന്‍ ബോംബയില്‍ അയാളുടെ മുറിയിലായപ്പോള്‍ എന്റെ രക്ഷകര്‍ത്രസ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ്. എനിക്കു വിരോധമില്ല. സ്നേഹനിധിയാണ്. അന്ന് ഒരു തേയിലക്കമ്പനിയില്‍ സെയിത്സ്മാനാണ്. പിന്നീട് ഗള്‍ഫില്‍ പോയി വലിയ നിലയിലായി.
പിന്നെ ലോഡ്ജില്‍ ഉണ്ടായിരുന്നത് ഒരു ടെക്സ്റ്റൈല്‍ ഇന്‍സ്പെക്റ്ററാണ്. അദ്ദേഹത്തിന് തന്റെ സ്വന്തം പ്രാധാന്യത്തേക്കുറിച്ച് നല്ല മതിപ്പാണ്. എന്നെ വിളിച്ച് മുന്നിലിരുത്തി--ഞാന്‍ നിര്‍പ്പണിയനാണല്ലൊ- അദ്ദേഹം വിവിധ മില്ലുകളില്‍നിന്നും ബാഗിലാക്കി കൊണ്ടു വന്നിരിക്കുന്നഫയലുകള്‍ നിരത്തി പറയും--ഹോ എന്റെ ചന്ദ്രാ എന്തൊരു പണിയാണ്. ദേ ഈ ഫയലുകള്‍ എല്ലാം ഞാന്‍ തന്നെ ഒപ്പിടണം എന്നും പറഞ്ഞ് ഓരോന്നെടുത്ത് തുരുതുരാന്ന് ഒപ്പിട്ടുവയ്ക്കും. സര്‍വ്വപുച്ഛക്കാരനും അഹങ്കാരിയുമായ ഞാന്‍ അതു മറച്ചുവച്ച് എന്തതിശയമേ-ഭാവിക്കും. എന്നിട്ട് മുറിയില്‍ ചെന്നിരുന്ന് ഒറ്റയ്ക്ക് ചിരിക്കും. പില്‍ക്കാലത്ത് അദ്ദേഹം അമേരിക്കയില്‍ പോയെന്നറിഞ്ഞു
പിന്നെ എന്നേ ബോംബയില്‍ എത്താന്‍സഹായിച്ച പ്രൊഫസര്‍ ഗോപാലകൃഷ്ണനാണ്. അദ്ദേഹം ബോട്ടണി പ്രൊഫസറായി നാട്ടില്‍ വന്ന്, ഇപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്നു.
ബാക്കിയുള്ളവര്‍-ഐപ്പ്. സ്റ്റീഫന്‍ , വറീത്--ഇവരുമായി എനിക്കു വലിയ അടുപ്പമില്ല.
അവിടെ ഞങ്ങളുടെ ഒക്കെ കാരണവസ്ഥാനത്തുണ്ടയിരുന്ന ആളാണ് ഞാന്‍ മുമ്പു പറഞ്ഞ പപ്പുവണ്ണന്‍ . ആറടി ഉയരത്തില്‍ വെളുത്തുതടിച്ച ഒരു കഷണ്ടിക്കാരന്‍ . അവിവാഹിതനാണ്. ലോഡ്ജിലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍ പപ്പുവണ്ണനാണ് പറഞ്ഞു തീര്‍ക്കുന്നത്. എല്ലാവരേയും സമഭാവനയോടുകൂടി കാണുന്നതുകൊണ്ട് പപ്പുവണ്ണന്റെ തീര്‍പ്പിന് അപ്പീലില്ല.
ലോഡ്ജില്‍ നിന്നും താമസം മാറി മാസങ്ങള്‍ കഴിഞ്ഞ് ഞാനൊരു ദിവസം പപ്പുവണ്ണനേ കാണാന്‍ പോയി. ചന്ദ്രന്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ ആഫീസില്‍. എന്നേ കണ്ട് അദ്ദേഹം വളരെ സന്തോഷത്തോടുകൂടി എന്നേ സ്വീകരിച്ച് ജോലിയേക്കുറിച്ചൊക്കെ ചോദിച്ചു. ചായവരുത്തി. കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ് ഞാന്‍ പോകാനായി യാത്ര ചോദിച്ചു.
അപ്പോള്‍ പപ്പുവണ്ണന്‍ --എന്താ ചന്ദ്രാ വന്നത്?
പപ്പുവണ്ണനേ ഒന്നു കാണാന്‍ . ഞാന്‍ പറഞ്ഞു.
പപ്പുവണ്ണന് വിശ്വാസം വന്നില്ല.--വെറുതേ കാണാനോ. അദ്ദേഹം ചോദിച്ചു.
അതെ. ഞാന്‍ പറഞ്ഞു.
വല്ല പൈസയുടെ ആവശ്യം? പപ്പുവണ്ണന്‍ തെരക്കി.
വേണ്ടാ. പൈസക്കൊന്നും ബുദ്ധിമുട്ടില്ല. ഞാന്‍ പറഞ്ഞു.
വിഷമിക്കണ്ടാ. പറഞ്ഞോളൂ കുട്ടീ വീണ്ടും പപ്പുവണ്ണന്‍ .
വേണ്ടാ പപ്പുവണ്ണാ. ഞാന്‍ വെറുതേ ഒന്നു കാണാന്‍ വന്നതാ. അവിടെ നിന്നും പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ. അതുകൊണ്ടാ.
അല്ലാ അങ്ങിനെയാരും ഇതുവരെ വന്നിട്ടില്ല. സാരമില്ല. നിനക്കു നല്ലതുവരും. പപ്പുവണ്ണന്‍ എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അതാണ് പപ്പുവണ്ണന്‍. ചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു.
ഹോ. എന്തൊരത്ഭുതം. ഹിമവല്പര്‍വ്വതത്തിനു താഴ്ച്ച. പ്രളയാഗ്നിക്കു തണുപ്പ്. ഇവന് ഒരാളേക്കുറിച്ച് നല്ല അഭിപ്രായം--മാധവന്‍ നായര്‍ ചാടി എഴുനേറ്റു.
ഇരിക്കെടാ അവിടെ. യഥാര്‍ത്ഥ മഹത്വം എന്നും ചന്ദ്രന്‍ അംഗീകരിക്കും. ചന്ദ്രന്‍ തിരിച്ചടിച്ചു.
അപ്പോഴേക്കും സദാശിവനെത്തി. കഥായെല്ലാം പറഞ്ഞു കഴിഞ്ഞോ? അയാള്‍ ചോദിച്ചു.
നിങ്ങളെന്താ ഇത്രയും താമസിച്ചത്? ചന്ദ്രന്‍ തെരക്കി.
എന്റിഷ്ടാ ഒരു മണിക്കൂര്‍ ഓവര്‍ടൈം കിട്ടി. വയറ്റുപ്പിഴപ്പല്ലേ. സദാശിവന്‍ പറഞ്ഞു.
ആപ്പഴേ എനിക്കൊരു സംശയം. ഞാന്‍ പറഞ്ഞു. നിങ്ങളും മാധവന്‍ നായരും തമ്മില്‍ ഇത്ര അടുപ്പം എന്താ. എന്തെല്ലാം പറഞ്ഞാലും രണ്ടുപേര്‍ക്കും ഒരു പ്രശ്നവുമില്ല. എടാ-പോടാ എന്നൊക്കെയാണ് സംബോധന. വേറേ ആരേയും നിങ്ങള്‍ അങ്ങനെ വിളിക്കുന്നുമില്ല.
അതോ ചന്ദ്രന്‍ പറഞ്ഞു. ഞങ്ങള്‍ കൂടെപ്പിറപ്പുകളേപോലെ കൊച്ചിലേ മുതല്‍ കളിച്ചു വളര്‍ന്നവരാ. വായിലങ്ങനേ വരൂ. വേറേ ആരേയും അങ്ങിനെ വിളിക്കാന്‍ തോന്നുകപോലും ഇല്ല.
എന്നേക്കൂടെ അതില്‍ പെടുത്താമോ-- ഞാന്‍ ആത്മാര്‍ത്ഥമായി അന്വേഷിച്ചു.
ചന്ദ്രനും മാധവന്‍ നായരും ചിരിച്ചു.
അന്ന് മഹാലക്ഷ്മി സ്റ്റേഷന്‍ വളരെ ചെറിയതാണ്. ചര്‍ച്ച്ഗേറ്റാണ് വെസ്റ്റേണ്‍ റയില്‍ വെയുടെ തെക്കെ അറ്റം. ചന്ദ്രന്‍ പറഞ്ഞു. അവിടുന്ന് ചര്‍ച്ച് ഗേറ്റ് വരെ ഒരണ--ഒരുരൂപയുടെ പതിനാറിലൊരംശം--ആണ് ടിക്കറ്റ് ചാര്‍ജ്ജ്. ചര്‍ച്ച് ഗേറ്റില്‍നിന്നുംകിഴക്കോട്ടു നടന്നാല്‍ഫ്ലോറാഫൌണ്ടനില്‍ എത്തും. ഞാന്‍ പറയുന്ന ദിക്കുകളൊക്കെ എന്റെ തൊന്നലാണേ. അവിടെനിന്നും തെക്കോട്ടു നടന്ന് മൂന്നാമത്തേ റോഡില്‍കൂടി കിഴക്കോട്ടു നടന്നാല്‍ ബാങ്ക് സ്റ്റ്രീറ്റ്. അവിറ്റെയാണ് സ്റ്റേറ്റ് ബാങ്കിന്റെ ഹെഡോഫീസും , സെന്റ്രല്‍ ഓഫീസും.രാവിലേ ഒന്‍പതുമണിക്കിറങ്ങിയാല്‍ ഒന്‍പതരക്ക് ബാങ്കില്‍ എത്താം. അന്നു വലിയ തെരക്കൊന്നും ഇല്ല. അഞ്ചുമിനിട്ട് ഇടവിട്ടാണ് ലോക്കല്‍ ട്രയിന്‍ സര്‍വ്വീസ്. രണ്ടുരൂപാ കൊടുത്താല്‍ റയില്‍ വേ പാസുകിട്ടും. ഒരുമാസത്തേക്ക്. ചര്‍ച്ച് ഗേറ്റിലെത്തിയാല്‍ ഒരു സ്റ്റാളുണ്ട്. ഇഡ്ഡ്ലിസാംബാര്‍ റഡി. രണ്ടണക്ക് ഒരു പ്ലേറ്റ്. രണ്ടുപ്ലേറ്റ് ഇഡ്ഡലിയും ഒരു ചായയും-അരയണ- കഴിച്ചാല്‍ രാവിലത്തേ ശാപ്പടു കുശാല്‍. ഉച്ചയ്ക്ക് ബാങ്കിന്റെ കാന്റീനുണ്ട്. നാലണ-ഊണിന്. വൈകിട്ടു മാത്രമേയുള്ളൂ ആഹാരപ്രശ്നം.
സുകുമാരന്‍ നായര്‍ പറഞ്ഞു. എടാ ആ മഹാലക്ഷ്മി റൌണ്ടില്ലേ? അവിടെ ദില്‍കുഷ് എന്നൊരു ഹോട്ടലുണ്ട്. അവിടെ ചെന്നാല്‍ അത്താഴം സുഭ്ക്ഷം-ആറണയേഉള്ളൂ. ചന്ദ്രന്‍ പറഞ്ഞു. സന്ധ്യ കഴിഞ്ഞ് ഞാനിറങ്ങി. റൌണ്ടിനടുത്തുവന്ന് ഹോട്ടല്‍ തെരക്കിനടന്നു തുടങ്ങി. ഓരോ ബോര്‍ഡും ശ്രദ്ധിച്ചു വായിച്ചുകൊണ്ടാണ് നടന്നത്. ഹോട്ടല്‍ മാത്രം കണ്ടില്ല. എന്നു തന്നെയല്ല ഒരേ പേരില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍. മൂന്നു തവണ ഒരേ പേരിലേ കടകളും, സിനിമാ തിയേറ്ററുകളും കണ്ടുകഴിഞ്ഞപ്പോള്‍ ഞാനെങ്ങോ ദൂരെ എത്തിക്കാണുമെന്നു വിചാരിച്ച് നടപ്പു നിര്‍ത്തി. അടുത്തുകണ്ട ബേക്കറിയില്‍ കയറി എന്തോ കഴിച്ചു. ആകെ സ്ഥലഭ്രാന്തി. എനിക്കെങ്ങോട്ടാണു പോകേണ്ടതെനറിയില്ല. ബേക്കറിക്കാരനോട് മഹാലക്ഷ്മി സ്റ്റേഷന്‍ എവിടെയാനെന്നന്വേഷിച്ചു. അയാള്‍ എന്നേ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചൂണ്ടിക്കാണിച്ചു. സ്റ്റേഷന്റെമുമ്പിലാണ് ബേക്കാറി. തിരിച്ചു ലോഡ്ജിലെത്തി-ദില്‍കുഷ് എന്നൊരു ഹോട്ടലില്ലെന്നും, ഒരെപേരിലുള്ള കടകളും തീയേറ്ററും മൂന്നെണ്ണം ഞാന്‍ കണ്ടെന്നും മറ്റും പറഞ്ഞു. സുകുമാരന്‍ നായര്‍ പൊട്ടിച്ചിരിച്ചു. എടാ മരമണ്ടാ നീ ആ റൌണ്ടിനു ചുറ്റും മൂന്നു തവണ നടന്നു.
ഞാന്‍ നേരേ തന്നെയാണ് നടന്നത്ഞാന്‍ പ്രതിഷേധിച്ചു. ചന്ദ്രന്‍ പറഞ്ഞു.
അതേടാ പൊട്ടാ- സര്‍ക്കിളിനുചുറ്റും നേരേ നടന്നു നടന്ന് നീ നേരം വെളുപ്പിച്ചില്ലല്ലോ-ഭാഗ്യം. സുകുമാരന്‍ നായര്‍ ആശ്വസിപ്പിച്ചു.
നമുക്കോരോ ചായ കുടിച്ചാലോ ഞാന്‍ ചോദിച്ചു. എല്ലവര്‍ക്കും സമ്മതം. ഞാങള്‍ ചായകുടിക്കാന്‍ പുറപ്പെട്ടു. റോഡിലെത്തിയപ്പോള്‍ സൈമണ്‍ ഓടിക്കിതച്ചു വരുന്നു. അവിടെ ഒരു കമ്പനിയിലേ യാര്‍ഡ് സൂപ്പര്‍വൈസറാണ് സൈമണ്‍. താമസംഞങ്ങളുടകൂടെയാണ്.കേരളഹോട്ടലില്‍. സൈമണ്‍ അണച്ചുകൊണ്ടു പറഞ്ഞു. അങ്ങോട്ടു പോകല്ലേ. അവിടെ ഭയങ്കര അടി നടക്കുന്നു. ഗുണ്ടാവിളയാട്ടം. സദാശിവന്‍ പറഞ്ഞു. സരമില്ല. ഈയാള്‍ ജുഡോ പഠിച്ചതാണ്.
അതേ ചന്ദ്രന്‍ പറഞ്ഞു. ഗുണ്ടകളുടെ തല്ലുമേടിക്കാനല്ല. നമുക്കു തല്‍ക്കാലം ചായ വേണ്ടെന്നു വയ്ക്കാം.
അതെന്നാടാ നീ അടിപിടി പഠിച്ചത്. എന്നോടു പറഞ്ഞില്ലല്ലോ. മാധവന്‍ നായര്‍ പരിഭവിച്ചു.
ഓ അതേ ഒരു ദിവസം ഞാന്‍ബാങ്കിലേക്കു നടക്കുമ്പോള്‍ ഒരു സംഭവം കണ്ടു. ഈ വഴിവാാണിഭക്കാരായ വില്പനക്കാരുണ്ടല്ലോ. പേന മുതലായ സാധനങ്ങള്‍. അതിലൊറാളുടെ പക്കല്‍നിന്ന്മറ്റൊരാള്‍ ഒരു പേന വാങ്ങി. നാലണയാണ് വില. വാങ്ങിയ ആള്‍ അതുകൊണ്ട് ഒരു പേപ്പറില്‍ വരച്ചു. അതു പൊട്ടിപ്പോയി. ഇതു പൊട്ടിപ്പോയല്ലോ എന്ന് അയാള്‍ പറഞ്ഞു. അയ്യടാ ന്നലണക്കു പേനവേണം-പൊട്ടരുത്. വാണിഭക്കാരന്‍ കളിയാക്കി. വാങ്ങിയ ആള്‍ ഒരു പേന കടന്നെടുത്തു. വാണിഭക്കാരന്‍ ഈയാളുടെ കോളറില്‍ പിടിച്ചു. അതാ വാണിഭക്കരന്‍ താഴെ മലര്‍ന്നു കിടക്കുന്നു. ഉറക്കെ നിലവിളിക്കുന്നുമുണ്ട്. യഹ് ജാദൂ കിയാ--ജാദൂകിയാ എന്ന്, മാജിക് കാണിച്ചാണ് അയാളേ വീഴ്തിയതെന്ന് . ആളുകൂടി. ഒരു പോലീസ് ഇന്‍സ്പെക്റ്ററും വന്നു. പേന വാങ്ങിയ ആളേക്കണ്ട് നിലവിളിക്കുന്നവനോടു പറഞ്ഞു. അരേ യഹ് ജാദൂ നഹി. ജുഡോഹെ. തും ഇസ്കോ പക്കഡാ ക്യാ. യ്ഹ് തോ ജുഡോ ഇന്‍സ്റ്റ്രക്ടര്‍ ഹെ. ഇത് ജുഡൊ പഠിപ്പിക്കുന്ന ആളാണെന്നും അയാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റ്രേഷനുണ്ടെന്നും മറ്റും പറഞ്ഞ് അയാളേ വിളിച്ചുകൊണ്ടുപോയി. എനിക്ക് ഈ വിദ്യ ഒന്നു പഠിക്കണമെന്നു തോന്നി. അങ്ങിനെഞാന്‍ ആറുമാസം പഠിച്ചു. ഞങ്ങടെ സാറു പ്രത്യേകം പറഞ്ഞ കാര്യം ബോംബേ ഗുണ്ടകളുമായി ഒരിക്കലും ആവശ്യമില്ലാതെ മുട്ടരുതെന്നാണ്. സെല്‍ഫ് ദിഫന്‍സ് ഈസ് നാഷണല്‍ ഡിഫന്‍സ് അല്ലതെ തച്ചോളി ഓതെനനേപ്പോലെ വഴക്കുണ്ടാകുന്നിടത്തു ചെന്ന് ഇടപെടാനല്ല. നമുക്ക് കരുത്തുണ്ടെങ്കില്‍ മറ്റുള്ളവര്‍ അംഗീകരിക്കും. ശക്തനേ മത്രമേ സ്മൂഹം ബഹുമാനിക്കുകയുള്ളൂ. മറ്റുള്ളവര്‍ സഹായത്തിനെത്തണമെങ്കിലും നമുക്കു ശക്തിയുണ്ടന്ന് അവര്‍ക്കു ബോദ്ധ്യമാകണം. ജരാസന്ധന്‍ മഥുര ആക്രമിക്കാന്‍ പുറപ്പെട്ടപ്പോള്‍ മഥുരയിലേ രാജാവ്-കംസന്റെ അച്ഛന്‍ --ഭാരതത്തിലേ സകല രാജാക്കന്മരോടും സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ ഓരോ കാരണങ്ങള്‍ പറഞ്ഞ് സകലരും ഒഴിഞ്ഞുമാറി. ബന്ധുക്കളും അതിശക്തരുമായിരുന്ന ഹസ്തിനാപുരം ഉള്‍പ്പടെ.
ഇങ്ങനെയൊന്നും പറഞ്ഞാല്‍ ഞങ്ങള്‍ക്കു മനസ്സിലാകത്തില്ല. എന്റിഷ്ടാ വിശദമായിട്ടു പറ. സദാശിവന്‍ പറഞ്ഞു. മാധവന്‍ നായരും ഞാനും ഈ അഭിപ്രായത്തോടു യോജിച്ചു. ഏതായാലും ചായ കുടി പൊളിഞ്ഞു. താന്‍ ഈ കഥ പറ. ഞാന്‍ പറഞ്ഞു.
ശ്രീകൃഷ്ണനേയും കംസനേയും ഒക്കെ നിങ്ങള്‍ക്കറിയാമല്ലോ. ചന്ദ്രന്‍ കഥ തുടങ്ങി. കംസനേ ശ്രീകൃഷ്ണന്‍ വധിച്ചു കഴിഞ്ഞ് കംസന്റെ ഭാര്യമാരായ ഹസ്തിയും, പ്രാപ്തിയും, അവരുടെ അച്ഛനായ ജരാസന്ധന്റെ അടുത്തുചെന്ന് സങ്കടം പറഞ്ഞു. അതിശക്തനായ കംസന്റെ സഹായത്തോടെ സാമ്രാജ്യം സ്ഥപിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന ജരാസന്ധന് കസവധം ഒരു വലിയ അടിയായിപോയി. അയാള്‍ മഥുര ആക്രമിക്കാന്‍ തീരുമാനിച്ചു. രണ്ടു കന്നാലിപ്പിള്ളാര്‍-ശ്രീകൃഷ്ണനും, ബലരാമനും-തന്നേ വെല്ലുവിളിക്കുന്നു. അവര്‍ക്ക് മഥുര രാജാവിന്റെ സപ്പോര്‍ട്ടും.
അപ്പോള്‍ ശ്രീകൃഷ്ണനല്ലേ മഥുരയിലേ രാജവ്? മാധവന്‍ നായര്‍ക്ക് സംശയം.
അല്ല. അദ്ദേഹത്തിന് ഭരണമൊന്നും വേണ്ടാ. കംസന്റെ അച്ഛന്‍ ഉഗ്രസേനനേത്തന്നെ ജയിലില്‍നിന്ന് മോചിപ്പിച്ച് അദ്ദേഹത്തേ രാജാവായി വാഴിച്ചു. കംസന്റെ ഭരണകാലത്ത് ജരാസന്ധന്റെ പ്രേരണയാല്‍, മഥുരനിവാസികളേ നിരന്തരം പീഡിപ്പിച്ച്, അവരുടെ ശക്തി അതിവിദഗ്ദ്ധമായി ചോര്‍ത്തിക്കളഞ്ഞു. മഥുര ആകെ കുത്തഴിഞ്ഞ്, ദേശരക്ഷാസവിധാനമോ യോദ്ധാക്കളോ ഒന്നുമില്ലാതെ ഒരു ദുര്‍ബ്ബലരാജ്യമായി തീര്‍ന്നു. കംസന്റെ മരണാനന്തരം അയാളേ പേടിച്ച് ഓടിപ്പോയിരുന്നവരും തിരിച്ചു വന്ന്-ഇനി ഒന്നും പേടിക്കാനില്ലെന്നുള്ള ഭാവത്തില്‍ കഴിഞ്ഞു വരികയാണ്. ജരാസന്ധന്‍ ആക്രമിക്കാന്‍ വരുന്നെന്നറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ, അയല്‍ രാജ്യങ്ങളിലേക്ക് സഹായത്തിന് അഭ്യര്‍ഥിച്ച് ദൂതരേ വിട്ടു. ദുര്‍ബ്ബലമായ മഥുരയേ സഹായിച്ച് ജരാസന്ധനേ പിണക്കാന്‍ ആരും തയ്യാറായില്ല. അതിശക്തനായ ഭീഷ്മരുടെ നേതൃത്വത്തിലുള്ള ഹസ്തിനാപുരം പോലും. ശ്രീകൃഷ്ണന്റെ അച്ഛന്‍ പെങ്ങളാണ് കുന്തിയെന്നോര്‍ക്കണം.
എന്നിട്ടെന്തു സംഭവിച്ചു. സദാശിവന്‍ ചോദിച്ചു.
ശ്രീകൃഷ്ണനേയും, ബലരാമനേയുമാണല്ലോ ജരാസന്ധന് നോട്ടം. അതുകൊണ്ട് സ്വയം അവര്‍ അവിടെനിനന്നും ഒളിച്ചോടാമെന്നും, നിങ്ങള്‍ സന്ധി സംഭാഷണത്തിലൂടെ ജരാസന്ധനേ അനുനയിപ്പിക്കണമെന്നും ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അവരേ പിടികൂടാനായില്ലെങ്കില്‍, ജരാസന്ധന്റെവരവു നിഷ്ഫലമാകുമെന്ന് അയാളേ ബൊദ്ധ്യപ്പെടുത്തിയാല്‍ മതി.
അങ്ങിനെ അവര്‍ രണ്ടുപേരും ഒളിവില്‍ പോവുകയും, അക്രൂരന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘം ജരാസന്ധനേകണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
എന്നിട്ടങ്ങേരു വിശ്വസിച്ചോ.? സദാ ശിവന്‍ .
ഇല്ല. പക്ഷേ തല്‍ക്കാലം ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. കംസന്റെ പെങ്ങള്‍ കംസയുടെ മൂത്ത മകന്‍ ബ്രഹത്ബലനും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കംസന്‍ മരിച്ചുകഴിഞ്ഞ് മഥുരയിലേ രാജാവാകാന്‍ നൊയമ്പും നോറ്റിരിരിക്കുന്ന ആളാണ്. അതിനിടയ്ക്കാണ് കൃഷണന്‍ വന്ന് എടങ്കോലിട്ടത്. അതുകൊണ്ട് കൃഷ്ണനേ അയാള്‍ക്കു കണ്ണെടുത്താല്‍ കണ്ടുകൂടാ. അവനേ വച്ചൊരു കളികളീക്കാമെന്ന് ജരാസന്ധന്‍ നിശ്ചയിച്ചു. സഹതാപമഭിനയിച്ച് അവനേ രഹസ്യമായി വിളിച്ച് അടുത്ത മഥുരയുടെ അവകാശി അവനാണെന്നും, നമുക്ക് സൌഹൃദത്തില്‍ കഴിയാമെന്നും മറ്റും പറഞ്ഞ് അവനേ മോഹിപ്പിച്ച് ശ്രീകൃഷ്ണനും, ബലരാമനും ഏതുവഴിയാണ് പോയതെന്ന് മനസ്സിലാക്കി. തന്റെ മോഹം പൂവണിയാന്‍ പോകുന്നു--ബ്രഹത്ബലന്‍ വിശ്വസിച്ചു.
ജരാസന്ധന്‍ ആക്രമണ പദ്ധതി ഉപേക്ഷിച്ചു. ശ്രീകൃഷ്ണനും ബലരാമനും, ഗോവയിലേമലനിരകളില്‍ താമസിച്ച്, അവിടുത്തേ ജനങ്ങളായ ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ പിന്നാലേ അന്വേഷിച്ചു ചെന്ന ജരാസന്ധനേ തോല്‍പ്പിച്ചോടിച്ചു. അവര്‍ പോയത് വിദര്‍ഭ രാജ്യത്തുകൂടിയാണ്, അവിടെവച്ചാണ് രുഗ്മിണിയേ കണ്ടതും, പരിചയപ്പെട്ടതും എല്ലാം.
നില്ല്-നില്ല്. സദാശിവന്‍ പറഞ്ഞു. ഇങ്ങനെ ഓടിച്ചു പറഞ്ഞാല്‍ പോരാ. കഥ വിശദമായി പറയണം.
നോ-നോ. ചന്ദ്രന്‍ പറഞ്ഞു. ഇത് മഹാഭാരതം കഥയാണ്. ഈ കൊല്ലം മുഴുവന്‍ പറഞ്ഞാലും തീരത്തില്ല. നമ്മള്‍ തുടങ്ങിയ കഥ തീരട്ടെ.
അങ്ങിനെയിരിക്കുമ്പോള്‍ ജരാസന്ധന്റെ പ്രേരണമൂലം വിദര്‍ഭരാജാവിന്റെ മകള്‍ രുഗ്മിണിയേ ചേദിരാജാവായ ശിശുപാലനേക്കൊണ്ടും, ജരാസന്ധന്റെ കൊച്ചുമകളേ രുഗ്മിണിയുടെ സഹോദരന്‍ രുഗ്മിയേക്കൊണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. ബന്ധുബലം കൂട്ടാന്‍ ജരാസന്ധന്റെ വിദ്യ. രുഗ്മിണിയുടെ വിവാഹത്തിന് മഥുര രാജാവിനേ മാത്രം ക്ഷണിച്ചില്ല.
ഇത് അവമാനമാണെന്നും ഇതിനു കാരണക്കാരന്‍ കൃഷ്ണനാണെന്നും,ബ്രഹത്ബലനും കൂട്ടരും പ്രചരിപ്പിച്ച് കൃഷ്ണനെതിരായ പ്രക്ഷോഭത്തിന് തിരികൊളുത്തി. ആളു സ്ഥലത്തില്ലല്ലോ. അങ്ങിനെയിരുന്നപ്പോള്‍ കൃഷ്ണനും ബലഭദ്രനും തിരിച്ചെത്തി. ജരാസന്ധനേ തോല്പിച്ച കഥ അറിഞ്ഞിരുന്നതിനാല്‍ വീരോചിതമായി അവരേ സ്വീകരിച്ചു. പക്ഷേ ബ്രഹത്ബലനും കൂട്ടരും ഈ അവമാനത്തിനു പകരം ചോദിക്കാന്‍ കൃഷ്ണന്‍ ബാദ്ധ്യസ്ഥനാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു നടന്നു.
കൃഷ്ണന്‍ വന്നയുടനേ ചെയ്തത്, നൂറ്റാണ്ടുകളായി മഥുരയില്‍ നടന്നുകൊണ്ടിരുന്നതും, കംസന്‍ നിരോധിച്ചതുമായ രഥോത്സവം നടത്താന്‍ തീരുമാനം എടുക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പിന് മഥുരയിലുള്ള സകല യുവാക്കളും സാന്ദീപനിയുടെ ആശ്രമത്തില്‍ രഥയോട്ടം പഠിക്കാന്‍ ഹാജരാകണമെന്ന് രാജാവിനേക്കൊണ്ട് വിളബരം പുറപ്പെടുവിക്കയും ചെയ്തു. ആയിരം പേരുടെ രഥയോട്ടമത്സരം!
ബ്രഹത്ബലനും സംഘവും ഇതിനെതിരേ രംഗത്തുവന്നു. രാജ്യത്തിന് അവമാനം വന്നിരിക്കുന്ന ഈസമയത്ത് ഉത്സവത്തിനു നടക്കുകയാണെന്നും, ഉടനേ പകരം ചോദിക്കണമെന്നും അവര്‍ ശഠിച്ചു. ഒരു ദിവസം എല്ലാവരും കൂടി കൃഷ്ണനേ വിളിച്ചുവരുത്തി സംസാരിക്കാന്‍ തീരുമാനിച്ചു. സത്യകിയേ പറഞ്ഞയച്ചു. കൃഷ്ണന്‍ വന്നു.
ബ്രഹത്ബലന്‍ പറഞ്ഞു. വിദര്‍ഭരാജാവിനോട് ഉടന്‍ പകരം ചോദിക്കണം. ഉടനേ ആ രാജ്യം ആക്രമിക്കാന്‍ സൈന്യത്തേ അയയ്ക്കണം.
കൃഷ്ണന്‍ മന്ദസ്മിതം തൂകി. അതേ ഉടന്‍ തന്നെ നമുക്കു ഔറപ്പെടാം. അങ്ങയേ യുവരാജാവാക്കാന്‍ ഞാന്‍ മഹാരാജാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉടന്‍ അതു ശരിയാകും. അങ്ങയുടെ നേതൃത്വത്തില്‍ പുറപ്പെടാനുള്ള തയ്യാറെടുപ്പു നടത്തിക്കോളൂ. എന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
ആഴമേറിയ ഒരു കുഴിയുടെ വക്കില്‍ പെട്ടെന്നു പെട്ടപോലെ ബ്രഹത്ബലന്‍ ഒന്നു ഞെട്ടി. വെള്ളമടിച്ച്, യുവരാജാവു കളിച്ച് പറഞ്ഞുകൊണ്ടു നടക്കുന്നതു രസമാണ്. യുദ്ധം ചെയ്യാനോ! അയ്യോ ര്‍ഥത്തില്‍ കയറി, കുതിര ഓടിയാല്‍ മറിഞ്ഞുവീഴും. കൃഷ്ണന്‍ മനപ്പൂര്‍വ്വം കെണിയില്‍ വീഴ്തിയതാണോ? അയാള്‍ വിറച്ചു. എനിക്കു യുവരാജാവാകണ്ടാ-അയാള്‍ വിചാരിച്ചു. കൂടെ നടന്നവര്‍ക്കും കാര്യം പിടികിട്ടി. കുറ്റം പറഞ്ഞുകൊണ്ടു നടക്കുന്നതുപോലല്ല യാതാര്‍ത്ഥ്യത്തേ അഭിമുഖീകരിക്കുമ്പോള്‍. ബ്രഹത്ബലനേ അനുകൂലിക്കുന്നതു ബുദ്ധിയല്ലെന്ന് അവര്‍ക്കും തോന്നി.
ബ്രഹത്ബലന്‍ പെട്ടെന്ന് മഹാരാജാവിനേ കണ്ടു പറഞ്ഞു. എനിക്ക് യുവരാജാവാകണ്ടാ. കൃഷ്ണനേ ആക്കിയാല്‍ മതി.
മഹാരാജാവു പറഞ്ഞു--നീ കുറേ നാളായി യുവരാജാവാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ. പെട്ടെന്ന് ഇപ്പോള്‍ എന്തുപറ്റി? ആട്ടെ നമുക്ക് ആലോചിക്കാം.
വൈകിട്ടു സഭകൂടി. ഈ ഗുരുതരമായ പ്രശ്നം എങ്ങിനെ പരിഹരിക്കുമെന്നു തീരുമാനിക്കാന്‍ .
കൃഷ്ണന്‍ പറഞ്ഞു. നാം ദുര്‍ബ്ബലരാണെന്ന് ഈ മഹാരാജ്യത്തിലേ എല്ലാ രാജ്യക്കാര്‍ക്കും അറിയാം. നമ്മേ എങ്ങിനെഅവഹേളിച്ചാലും സഹിക്കുകയല്ലാതെ ഒന്നും ചെയ്യില്ലെന്നും അവര്‍ക്കറിയാം.
ചൈനക്കാര്‍ നമ്മളേ ആക്രമിച്ചതുപോലെ--മാധവന്‍ നായര്‍ക്കു ബോധം ഉദിച്ചു.
അതുതന്നെ. പഞ്ചശീലം പറഞ്ഞുകൊണ്ടിരുന്നാല്‍ അര്‍ക്കും ആപ്പടിക്കാം-ചന്ദ്രന്‍ പറഞ്ഞു. അതുപോട്ടെ. കൃഷ്ണന്‍ തുടര്‍ന്നു. ജരാസന്ധന്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ബന്ധുരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടെന്തായി? ദുര്‍ബ്ബലനേ സഹായിക്കാന്‍ ആരും മുതിരില്ല. ഞാന്‍ രതോത്സവം സംഘടിപ്പിച്ചത് ഉത്സവം ആഘോഷിക്കാനല്ല. ആയിരം മഹരഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അതിന്റെ സന്ദേശം എല്ലാരാജാക്കന്മാര്‍ക്കും മനസിലാകും. ആയിരം മഹാരഥികളുള്ള ഒരു രാജ്യത്തേ ആക്രമിക്കാന്‍ അത്ര എളുപ്പം ആര്‍ക്കും ധൈര്യം വരില്ല. നമ്മുടെ ബന്ധുത്വത്തിനുവേണ്ടി രാജാക്കന്മാര്‍ ഇങ്ങോട്ടു വരും. നിങ്ങള്‍ രഥോത്സവം വിജയിപ്പിക്കാന്‍ ശ്രമിക്കൂ. ബാക്കീഎല്ലാം തനിയേ നടന്നോളും.
കൊല്ലങ്ങള്‍ കഴിഞ്ഞ് നമ്മള്‍ പൊഖ്രാനില്‍ അണുപരീക്ഷണം നടത്തിയത് ഞാന്‍ ഓര്‍ത്തു. ആദ്യത്തേ പ്രതിഷേധം കഴിഞ്ഞ് അമേരിക്കയുള്‍പടെ നമ്മളുമായി സഖ്യത്തിനു വന്ന കാര്യവും. യുഗപുരുഷന്മാരുടെ ദീര്‍ഘദൃഷ്ടി!
എല്ലാവര്‍ക്കും ബോധം ഉദിച്ചു. ബ്രഹത്ബലന്റെ കൂട്ടുകാരും രഥോത്സവത്തിനു തയ്യാറായി. ചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.
എന്നിട്ട്-സദാശിവന്‍ ചോദിച്ചു.
എന്നിട്ടൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ജുഡോ പഠിക്കാന്‍ പോയതിന്റെ കാര്യം തിരിഞ്ഞോ? ചന്ദ്രന്‍ ചോദിച്ചു.
നീ ജുഡോയോ കരാട്ടേയൊ എന്തുവേണേല്‍ പഠിച്ചോ. ഞങ്ങളതു മറന്നേപോയി. നീ ഈ കഥയുടെ ബാക്കി പറ. മധവന്‍ നായര്‍ പറഞ്ഞു. എല്ലാവരും പിന്താങ്ങി.
എന്നാല്‍ കേട്ടോ. ചന്ദ്രന്‍ പറഞ്ഞു. അടുത്തമാസമാണ് രുഗ്മിണിയുടെ സ്വയംവരം തീരുമാനിച്ചിരിക്കുന്നത്. സ്വയം വരം എന്ന് പറച്ചിലേയുള്ളൂ. കാര്യങ്ങളെല്ലാം ജരാസന്ധനും രുഗ്മിയും കൂടി തീരുമാനിച്ചു കഴിഞ്ഞതാണ്. പെണ്ണിനും, അച്ഛനും ഒന്നും ഇഷ്ടമല്ല. പക്ഷേ ജരാസസ്ന്ധനേ പേടിച്ച് പുറത്തുപറയുന്നില്ലെന്നു മാത്രം.
സ്വയംവരത്തിനു പതിനഞ്ചു ദിവസത്തിനു മുമ്പ് വിദര്‍ഭയില്‍ ഒരു വാര്‍ത്ത പരന്നു. ഏതൊ രാജാവ് അനവധി മഹാരഥന്മാരോറ്റും, വലിയ സൈന്യത്തോടും കൂടി വിദര്‍ഭയിലേക്കു പുറപ്പെട്ടിട്ടുണ്ട്. അവരുടെ യഥാര്‍ത്ഥ ബലമോ ലക്ഷ്യമോ അറിയില്ല. മഥുര ഒഴിച്ചുള്ള രാജ്യങ്ങളിലേ രാജാക്കന്മാരെല്ലാം വിദര്‍ഭയിലെത്തിയിട്ടുണ്ട്. സ്വയം വരത്തില്‍ പങ്കെടുക്കാന്‍ . അങ്ങിനെയിരിക്കുമ്പോള്‍ വേറൊരു സംഭ്രമജനകമായ വാര്‍ത്ത, ഗോവയില്‍ വച്ചു ജരാസന്ധനേ തോല്‍പ്പിച്ചോടിച്ച വാസുദേവന്‍ കൃഷ്ണനാണ് പടയുമായി വരുന്നത്. കൃഷ്ണന്റെ പരാക്രമ കഥകളെല്ലാം കേട്ട് വിദര്‍ഭയിലേ ചെറുപ്പക്കാര്‍ ആകാംക്ഷാഭരിതരായി--തങ്ങളുടെ ഹീറോയേ കാണാന്‍ ! മഥുരയേ സ്വയംവരത്തിനു ക്ഷണിക്കാത്തതിന് പകരം ചോദിക്കാനാണെന്ന് ഒരു കൂട്ടര്‍. ക്ഷണിക്കാതിരുന്നത് ശരിയായില്ലെന്ന് ഒരു കൂട്ടര്‍--ആകെ ആശയക്കുഴപ്പം.
അപ്പോള്‍ ഒരാള്‍ വന്ന് ആകാശം മുഴുവന്‍ പൊടികൊണ്ടു നിറഞ്ഞെന്നും, വന്‍പടതന്നെയാണ് വരുന്നതെന്നും അറിയിച്ചു. ആള്‍ക്കാര്‍ നഗരകവാടത്തില്‍കൂടി-- കാഴ്ച കാണാന്‍ . ഏതാണ്ട് രണ്ടു മൈല്‍ ദൂരത്ത് സൈന്യത്തെ നിര്‍ത്തി കൃഷ്ണനും ,ഉദ്ധവരുംകൂടി ഒരു തേരില്‍ നഗരകവാടത്തിലേക്കു വന്നു.
അവിടെ വലിയ ആരവം. കൃഷ്ണനേ കാണാന്‍ ആള്‍ക്കാരുടെ തിക്കും തെരക്കും. ആകെപ്പാടേ കാര്യം പന്തിയല്ലെന്ന് ജരാസന്ധനും തോന്നിത്തുടങ്ങി.
മുമ്പ് ഒളിവില്‍ പോകുമ്പോള്‍ സഹായിച്ചതിന് നന്ദി പറയാനും, ഒരു പ്രധാന കാര്യം രാജാവിനോടു പറയാനും, മഥുരയില്‍ നിന്ന് വാസുദേവന്‍ കൃഷ്ണന്‍ വന്നിട്ടുണ്ടെന്നും, രാജകുമാരി രുഗ്മിണിക്ക് ദേവകിയുടെ വക സമ്മാനങ്ങളുമായി സൈരന്ധ്രിയും കൂടെയുണ്ടെന്നും, ആതിനനുവാദം തരണമെന്നും പറഞ്ഞ് ഒരു ദൂതനേ കൃഷ്ണന്‍ വിദര്‍ഭരാജാവിന്റെ അടുത്തേക്കു വിട്ടു. രാജാവു ധര്‍മ്മസങ്കടത്തിലായി--ജരാസന്ധനേപിണക്കാന്‍ വയ്യ--കൃഷ്ണനേ ക്ഷണിച്ചു വരുത്താതിരിക്കാനും വയ്യ.
അപ്പോള്‍ രാജാവിന്റെ അച്ഛന്‍--നീ ക്ഷ്ണനേ ക്ഷണിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ടുപോയി കൂട്ടിക്കൊണ്ടുവരുമെന്നു പറഞ്ഞു. നിവൃത്തിയില്ലാതെ രാജാവ് അനുവാദം കൊടുത്തു. ചന്ദ്രന്‍ തുടരുകയാണ്.
കൃഷ്ണന്‍ രാജാവിനേ വന്ദിച്ചു. സരന്ധ്രിയേ അന്തപ്പുരത്തിലേക്ക് അയച്ചു. എന്നിട്ടു പറഞ്ഞു.
ഞാന്‍ മഥുരയില്‍നിന്നും വന്നത് രണ്ടു കാര്യത്തിനാണ്. ഒന്ന് എന്നേയും ജ്യേഷ്ടനേയും ഒളിവില്‍ പോകാന്‍ സഹായിച്ചതിന് നന്ദി പറയാന്‍ . രണ്ട്, ഇവിടെ നടക്കാന്‍ പോകുന്ന അധാര്‍മ്മികമായ ഈ സ്വയംവരം തടയാന്‍ .രാജഗുരു ഈ സ്വയംവരം അധാര്‍മ്മികമാണെന്നു പറഞ്ഞ് ഇവിടം ഉപേക്ഷിച്ചു പോയില്ലേ. എന്നിട്ടും നിങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഞാന്‍ അതു ബലമായി തടയും.
രാജാവ് ഒന്നും പറഞ്ഞില്ല. കൃഷ്ണനേ സല്‍ക്കരിച്ച്, താമസസ്ഥലം ശരിയാക്കികൊടുത്തു. എന്നിട്ട് മറ്റു രാജാക്കന്മാരുമായി ചര്‍ച്ച നടത്തി. സ്വയംവരം നടത്താന്‍ തീരുമാനിച്ചാലുള്ള ഭവിഷ്യത്തുകളേക്കുറിച്ച് ചിന്തിച്ചു. കൃഷ്ണന്റെ കൂടെ എത്ര മഹാരഥന്മാരുണ്ടെന്നോ, എത്ര സൈന്യമുടെന്നോ ഒരു രൂപവുമില്ല. തന്നെയുമല്ല ജരാസന്ധനേയും പടയേയും വെറും ഗരുഡവര്‍ഗ്ഗക്കാരുടെ സഹായത്തോടെ തോല്പിച്ചോടിച്ചിട്ട് അധികം കാലമായില്ല. എന്തു ചെയ്യും.
ജരാസന്ധന്‍ പ്രഖ്യാപിച്ചു--ദ്വയംവരം മാറ്റി വച്ചിരിക്കുന്നു. കൃഷ്ണനേ പേടിച്ചല്ല-ഇവിടെവച്ചൊരു സംഘര്‍ഷം ഒഴിവാക്കാന്‍ .
എല്ലാവര്‍ക്കും ആശ്വാസനിശ്വാസം. ചന്ദ്രന്‍ നിര്‍ത്തി.
തനീ ഇടയ്ക്കിടയ്ക്കു പറഞ്ഞ പലസംഭവങ്ങളും ഞങ്ങള്‍ക്കറിയില്ല. എനിക്കെന്തായാലും അറിയില്ല-ഞാന്‍ പറഞ്ഞു. അത്-----
ഞാനാദ്യമേ പറഞ്ഞു-മഹാഭാരതമാണ്. നമുക്കു സൗകര്യം കിട്ടിയാല്‍ പറയാന്‍ ശ്രമിക്കാം.
അതിനു സൗകര്യം ദൈവം കൊടുത്തു. പക്ഷേ കഴ്ച്ചക്കാർ ചിക്കണ്‍പോക്സ് രോഗികളായിരുന്നെന്നു മാത്രം
തുടരും
അപ്പൂപ്പൻ കഥകൾ - ചന്ദ്രയാനം 5
ചന്ദ്രായനം- അഞ്ച്