അപ്പൂപ്പാ ഈ സ്വർഗ്ഗം എവിടാ--ശ്യാമിനാണ് സംശയം.
എന്താടാ ഇപ്പോൾ സ്വർഗ്ഗത്തേക്കുറിച്ചൊരു സംശയം.അപ്പൂപ്പൻ.
അല്ലപ്പൂപ്പാ നമ്മടെ ധർമ്മപുത്രരും മറ്റും വടക്കോട്ടു പോയെന്നും ഹിമാലയത്തിന്റെ അടുത്തെങ്ങാണ്ടു ചെന്നപ്പോൾ ഇന്ദ്രൻ വിമാനമയച്ചെന്നും ഒക്കെ കഥയില്ലേ. അപ്പോൾ അവിടെയെങ്ങാണ്ടാണോ സ്വർഗ്ഗം എന്നൊരു സംശയം.ശ്യാം
അതു ശരി. ഉത്തരധ്രുവത്തിനും ഹിമവാനും ഇടക്ക് ഒരു സ്ഥലത്താണ് ദക്ഷപ്രജാപതിയുടെ രാജ്യം. അദ്ദേഹം സാക്ഷാൽ ബ്രഹ്മാവിന്റെ പുത്രനാണല്ലോ. ഭൂമിയിലേ പ്രജകളുടെ ആദിപിതാവാണദ്ദേഹം. ടിബറ്റിനു ചുറ്റുമുള്ള ഒരു പ്രദേശത്താണ് ദേവെന്ദ്രന്റെ ആസ്ഥാനം. അതിനാണ് സ്വർഗ്ഗം എന്നു പറയുന്നത്. അവിടെയുള്ള ആളുകളിൽ കുറേപ്പേർ ഭാരതത്തിലേക്കു കടന്നു. അവരേ നരന്മാരെന്നും, സ്വർഗ്ഗത്തിൽ വസിക്കുന്നവരേ ദേവന്മാരെന്നും വിളിക്കുന്നു. ദേവന്മാരുടെ രാജാവ് ദേവേന്ദ്രൻ, നരന്മാരുടെ രാജാവ് നരേന്ദ്രൻ.
കൊള്ളാം കൊള്ളാം രാമ്കുട്ടൻ പ്രതികരിച്ചു. എന്തു ചോദിച്ചാലും ഉടനേ ഒരു കഥയുണ്ടാക്കും. എവിടുന്നാ അപ്പൂപ്പാ ഈ കഥകളൊക്കെ വരുന്നത്.
എടാ മക്കളേ ഞാൻ പണ്ടേ പറഞ്ഞു. എനിക്കു സ്വന്തമായി കഥയുണ്ടാക്കാനറിയാൻ വയ്യ-ഒക്കെ വായിച്ചും, കേട്ടുമൊക്കെ അറിഞ്ഞതാണെന്ന്. ഇത് നമ്മുടെ അഷ്ടാംഗഹൃദയം എന്നൊരു പുസ്തകത്തിലുള്ളതാണ്.
അങ്ങനാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ നടന്നു തന്നേ പോകാമല്ലോ. ചാവുന്നതുവരെ എന്തിനാ കാത്തിരിക്കുന്നത്.
അങ്ങനെ ആരേയും അവിടെ ചെല്ലാൻ അവർ അനുവദിക്കില്ല. ഇവിടുത്തേ സകല കുസൃതികളും വികൃതികളും കൊണ്ട് അവിടെ ചെന്നാൽ അവർക്ക് കിടന്നുപിഴക്കെണ്ടായോ. അവിടെ ചെന്ന് കള്ളവാറ്റും, പോക്കറ്റടീം, കോഴവാങ്ങലും ഒക്കെ തുടങ്ങിയാൽ അവരെന്തുചെയ്യും. മനുഷ്യരല്ലിയോ. നാളെ എന്തുചെയ്യുമെന്ന് പടച്ചവനുപോലും പിടിയില്ല. കേൾക്കണോ പണ്ട് ഈ നാട്ടുകാരൊന്നിച്ച് സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ട കഥ.
നാലു യുഗങ്ങളാണല്ലോ ആകെയുള്ളത്. അതിൽ കൃതയുഗത്തിൽ നൂറു ശതമാനം ആൾക്കാരും നല്ലവരാണ്. പക്ഷേ എത്രനാൾ ഇങ്ങനെ ജീവിക്കും. എന്നും നാമജപവും, പൂജയും, യജ്ഞവും ഒക്കെയായി. മടുക്കത്തില്ലേ--ഇന്നത്തേ ഭാഷയിൽ ബോറടി. ഒരു വഴക്കും, ചീത്തവിളീം, അടിപിടീം ഒന്നുമില്ലാതെ എന്തു ജീവിതം.
അങ്ങനെ ഒരു കൃതയുഗത്തിൽ ബോറടിച്ച ആൾക്കാരെല്ലാം കൂടെ സ്വർഗ്ഗത്തില്‍ പോകാൻ തീരുമാനിച്ചു. കെട്ടും ഭാണ്ഡവും മുറുക്കി വടക്കോട്ട് യാത്ര തിരിച്ചു. ദേവേന്ദ്രൻ ഇതറിഞ്ഞെങ്കിലും, എല്ലാവരും കൂടി വല്ല ഉത്സവത്തിനു മുള്ള പുറപ്പാടായിരിക്കുമെന്നു വിചാരിച്ചു-എങ്കിലും മൂപ്പർക്ക് എന്നും സംശയമാണല്ലോ-അതുകൊണ്ട് റിപ്പോർട്ടർ നാരദനേ വിളിച്ച് ഇതൊന്നു ശ്രദ്ധിച്ചുകൊള്ളണമെന്നു പറഞ്ഞു.
എല്ലാവരും ഗംഗാനദി കടന്നു. വീണ്ടും യാത്രയാണ്. ഹരിദ്വാരിലെത്തിയപ്പോഴേക്കും നാരദനു വേവലാതിയായി. സൂത്രത്തിൽ അവരുടെ ഇടയിൽ കടന്ന് അവരുടെ ഉദ്ദേശം മനസ്സിലാക്കി.
അതുശരി അപ്പോള്‍ എല്ലാവരുംകൂടി സ്വര്‍ഗ്ഗത്തിലേക്കാണ്. പഷ്ട് പഷ്ട്.
നൊടിയിടയില്‍ നാരദന്‍ ഇന്ദ്രന്റെ അടുത്തെത്തി. എല്ലാംകൂടിങ്ങോട്ടാ വരുന്നത്. ഇനി എന്തു ചെയ്യും?
പണിയുണ്ട്. ഇന്ദ്രന്‍ പറഞ്ഞു. യുഗമേതായാലും മനുഷ്യരല്ലേ. അവരു വരുന്ന വഴിക്ക് ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടന്‍ ഉണ്ടാക്കട്ടെ.
കാടും മേടും കടന്ന് അലഞ്ഞ് തിരിഞ്ഞ് വന്നവരുടെ മുന്‍പില്‍ അതാ മനോഹരമ്മയ ഒരു കൊട്ടാരം. വിനയാന്വിതരായ പരിചാരകന്മാര്‍ മുന്‍പേ വന്നവരേ എതിരേറ്റ് അകത്തേക്കാനയിച്ചു. ക്ഷീണിച്ചിരുന്നതുകൊണ്ട് ഒന്നും ആലോചിക്കാതെ എല്ലാവരും അകത്തു കടന്നു. തിന്നാനും കുടിക്കാനും അതിസ്വാദിഷ്ടമായ വിഭവങ്ങള്‍. എല്ലാവരും മൂക്കറ്റം അടിച്ചുകേറ്റി. കിടക്കാന്‍ ഹംസധൂളികാ ശയ്യ. എല്ലാവരും കുറേദിവസം അവിടെ താമസിച്ചു. ക്ഷീണമെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ മൂപ്പിലാന്മാര്‍ക്ക് വെളിവു വീണു.
രാമാ, കൃഷ്ണാ, ഗോപാലാ, പപ്പൂ, പരമൂ വരിനെടാ നമുക്കു പോകണ്ടേ.
എവിടെപ്പോകാനാ -അവര്‍ ചോദിച്ചു.
എടാ നമുക്കു സ്വര്‍ഗ്ഗത്തില്‍ പോകണ്ടേ.
അപ്പം ഇതല്ലേ സ്വര്‍ഗ്ഗം. ഏതായാലും ഞങ്ങള്‍ക്കീസ്വര്‍ഗ്ഗം മതി. ഞങ്ങള്‍ വരുന്നില്ല. ഞങ്ങള്‍ ഇവിടെ താമസിച്ചോളാം.
എന്തെല്ലാം പറഞ്ഞിട്ടും ചെറുപ്പക്കാര്‍ ഒറ്റയെണ്ണം ഇനി മുന്നോട്ടില്ലെന്ന് കട്ടായം പറഞ്ഞു. വളരെ വിഷമിച്ച് മൂപ്പിലാന്മാര്‍ വീണ്ടും മുന്നോട്ട് നടന്നു. കുറേ ചെന്നപ്പോള്‍ ആയുധധാരികളായ ഒരുപറ്റം ദേവന്മാര്‍ അവരേ തടഞ്ഞു നിര്‍ത്തി.
ദേവന്മാര്‍:- നില്ല്-നില്ല് എവിടെ പോകുന്നു.
മൂപ്പിലന്മാര്‍:- ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കാണ്.
ദേവന്മാര്‍:- അല്ലേ ചരായഷാപ്പില്‍ നിന്നാണോ സ്വര്‍ഗ്ഗത്തില്‍. കോള്ളാമല്ലോ. ഇനി ഒരടി മുന്നോട്ടു വച്ചാല്‍--
മൂപ്പിലാന്മാര്‍ക്ക് അധൈര്യം. അത് അവരുടെ ആദ്യത്തേ അനുഭവമാണ്. അറിയാതെ കുറേ ദിവസം പഞ്ചനക്ഷത്രത്തില്‍ സുഖിച്ചതിന്റെ ഫലം. മദ്യവും മറ്റു സുഖസൌകര്യങ്ങളും മൂലം സുകൃതക്ഷയം. ആ പിള്ളരാണു ബുദ്ധിമാന്മാര്‍. നമുക്കും ഇനിയുള്ള കാലം അവിടെ കൂടാം.