ആശാനേക്കുറിച്ച് ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആശാന്‍ രാവിലേ വീട്ടില്‍ വന്ന് അച്ഛനോടു പറഞ്ഞു. ഏകദേശം നാല്പത്തഞ്ച് വയസ്സുള്ള ഒരു അരോഗ ദൃഢഗാത്രനാണ് ആശാന്‍ . സദാ മൂളീപ്പാട്ടും പാടി പ്രസന്ന വദനനായി നടക്കുന്ന ആശാന്‍ നാട്ടിലേ എല്ലാവരുടേയും ആശാനാണ്. തികഞ്ഞ പരോപകാരി. പ്രതിഫലേച്ഛയില്ലാതെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നു ചുരുക്കമാണെന്നല്ല കാഴ്ചബംഗ്ലാവില്‍ പോലും കാണുകയില്ല.
നാളെ ഒരു പകര്‍ച്ചയുണ്ട്-ആശാന്‍ തുടര്‍ന്നു. ശുക്രന്‍ എങ്ങാണ്ടോട്ട് പകരുന്നു പോലും. ആശാനു ജ്യോത്സ്യവും വഴങ്ങും. പകര്‍ച്ച എന്നു പറഞ്ഞാല്‍ അന്നു വേറൊരര്‍ത്ഥവുമുണ്ട്. ഹോട്ടലില്‍ നിന്ന് വീടുകളിലേക്ക് ആഹാരം വാങ്ങിക്കൊണ്ടു പോകുന്നതിന് അന്ന് പകര്‍ച്ച എന്നാണു പറയുക. ഇന്നത്തേ പാര്‍സല്‍.
അന്നത്തേ ഒരത്ഭുതം ആശാന്‍ പറഞ്ഞാല്‍ മഴ തീര്‍ച്ചയാണെന്നതാണ്. അന്നു ന്യൂനമര്‍ദ്ദമോ കാലാവസ്ഥാ പ്രവചനമോ ഒന്നുമില്ല. അന്നത്തേ ഞങ്ങളുടെ പ്രവാചകന്‍ ആശാനാണ്. ആശാന് വൈദ്യവുമുണ്ട്. എണ്ണകാച്ചല്‍, ഒറ്റമൂലി ചികിത്സ അങ്ങനെ പലതുമുണ്ട്. ഇവയെല്ലാം പ്രത്യക്ഷത്തില്‍ ഫലവത്തും ആണ്.
അപ്പൂപ്പാ ദേ കിട്ടുച്ചേട്ടന്‍ പോയി മാവേലെറിയുന്നു--ആതിര വിളിച്ചു പറഞ്ഞു.
അപ്പൂപ്പാ ദേ ഒരു കാക്കക്കൂട്. കാക്കക്കുഞ്ഞ് കാണും. എറിയുന്നതിനിടയില്‍ കിട്ടു വിളിച്ചു പറഞ്ഞു.
ഇവിടെ വാടാ. അതേലെങ്ങാനും കൊണ്ടാല്‍ കാക്ക നിന്നെ വെളിയിലിറക്കത്തില്ല. ഓരോ കുരുത്തക്കേട്. ഇങ്ങു വാ. നിന്റെ കുഞ്ഞപ്പൂപ്പന്‍ കോട്ടക്കല്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പറ്റിയ ഒരു കാര്യം പറയാം. കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞതിന്റെ.
ആരാ അപ്പൂപ്പാ നമ്മുടെ ഡാക്ടറോ--ശ്യാം ചോദിച്ചു.
അതേടാ അവന്‍ തന്നെ. കേട്ടോളൂ. അവനും, ശങ്കരനും, സദാനന്ദനും ഒരേ മുറിയിലായിരുന്നു . ഹോസ്റ്റലില്‍. ചുറ്റിനും വൃക്ഷങ്ങളാണ്. കൂടുതലും കറ്റാടി മരങ്ങള്‍. കഥ അവന്‍ തന്നെ പറയട്ടെ.
ഒരു വെള്ളിയാഴ്ച വൈകുന്നേരം മുന്‍പിലത്തേ മരത്തില്‍ രണ്ടു കാക്കകളിരിക്കുന്നത് നമ്മുടെ സദാനന്ദനു പിടിച്ചില്ല. അങ്ങേര്‍ ഒരു കല്ലെടുത്ത് ഒറ്റ ഏറ്. ഏറ് മരത്തിലെങ്ങാണ്ടു കൊണ്ടു. പെട്ടെന്നു കാക്കകള്‍ രണ്ടും കൂടി ശൂന്നുമ്പറഞ്ഞ് സദാനന്ദന്റെ അടുത്തേക്ക് പറന്ന് രംഗനിരീക്ഷണം നടത്തി തിരിച്ചു ചെന്ന് ആ മരത്തില്‍ ഇരുന്നു. ഇതും സദാനന്ദനു പിടിച്ചില്ല. മൂപ്പര്‍ ഒരു കല്ലുകൂടി എടുത്ത് വീണ്ടും എറിഞ്ഞു. അതാ മിസൈല്‍ പോലെ രണ്ടു കാക്കകളും പാഞ്ഞു വരുന്നു. സദാനന്ദന്റേ തലയില്‍ അതെന്താ ചെയ്തതെന്നറിയില്ല-- ചോരയും ഒലിപ്പിച്ചു കൊണ്ട് അലറിക്കൊണ്ട് സദാനന്ദന്‍ ഓടി മുറിയില്‍ കയറി.
ഞങ്ങള്‍ രണ്ടു പേരും- ഞാനും ശങ്കരനും- വെളിയില്‍ വന്നു നോക്കി. മരത്തില്‍ രണ്ടു കാക്കകള്‍ ഇരിപ്പുണ്ട്. കുഴപ്പമൊന്നും ഇല്ല.
എന്താടാ പറ്റിയെ-ഞങ്ങള്‍ സദാനന്ദനേ വിളിച്ചു ചോദിച്ചു. കാക്ക ഞോടി. അവന്‍ പറഞ്ഞു. നീ ഇങ്ങു വന്നേ നമുക്കു നോക്കാം. സദാനന്ദന്റെ തല വെളിയില്‍ കണ്ടതും കാക്കകള്‍ പാഞ്ഞ് വന്നു. അവന്‍ ഓടി മുറിയില്‍ കയറി.
സദാനന്ദന്റെ തലയില്‍ മരുന്നു പുരട്ടുന്നതിനിടയില്‍ അവന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. നീ ഇനി ഇന്നു മുന്‍ വശത്തേക്ക് ഇറങ്ങണ്ടാ. നാളത്തേക്ക് കാക്കകള്‍ മറന്നു പോകും. അതിനുണ്ടൊ ബുദ്ധി. ഞങ്ങളുടെ വൈദ്യശാസ്ത്ര തല സമാധാനിച്ചു.
ശനിയാഴ്ച രാവിലേ- പല്ലുതെക്കാന്‍ മുറ്റത്തേക്കിറങ്ങിയ സദാനന്ദന്‍ അതാ അലറിക്കൊണ്ട് ഓടുന്നു. കാക്കകള്‍ പുറകേ. ഇന്നേതായാലും ഞോടു വലുതായി മുറിഞ്ഞില്ല. ഞാനും ശങ്കരനും മുറ്റത്തിറങ്ങി നോക്കി. കാക്കകള്‍ അവിടിരിപ്പുണ്ട്. ഒരു കുഴപ്പവുമില്ല. ഉച്ച വരെ ഞങ്ങള്‍ സദാനന്ദനേ പുറത്തു വിട്ടില്ല.
ഉച്ചതിരിഞ്ഞ് എന്റെ ഷര്‍ട്ടിട്ട് സദാനന്ദനേ പുറത്തേക്ക് വിട്ടു. കാക്കകള്‍ അങ്ങനെ വിളയണ്ടാ. ഹും ഡാക്ടറന്മാരോടാണ് കളി.
ഒരു കാക്ക തല ചരിച്ചൊന്നു നോക്കി. മറ്റേകാക്ക പറന്ന് അടുത്ത മരത്തിലിരുന്നു. അതാ സദാനന്ദന്റെ നിലവിളി. രക്ഷയില്ലളിയാ-എനിക്കു വെളിയിലിറങ്ങാന്‍ പറ്റില്ല. സദാനന്ദന്‍ നിരാശയോടെ പറഞ്ഞു.
ഞായറഴ്ച്ച മുഴുവന്‍ ഞങ്ങള്‍ അവനേ പുറത്തു വിട്ടില്ല. തിങ്കളാഴ്ച്ച കാളേജില്‍ പോകണം. ഒരു കിലോമീറ്റര്‍ നടന്നാണ് പോകേണ്ടത്.
ഓ ഇപ്പൊ കാക്കകള്‍ മറന്നു കാണും. പതുക്കെ ഞങ്ങള്‍ സദാനന്ദനേ മുറ്റത്തേക്ക് വിട്ടു. അവന്റെ തല കണ്ടതും ദേ കാക്ക.
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. കാക്കകള്‍ മനുഷ്യരോടോ-ഞങ്ങളുടെ രോഷം ഉണര്‍ന്നു. ഞാനും ശങ്കരനും മുറ്റത്തിറങ്ങി രണ്ടു കല്ലെടുത്ത് കാക്കകളേ എറിഞ്ഞു. അത്ഭുതം. കാക്കകള്‍ രണ്ടും സ്ഥലം വിട്ടു. ഹും. ഞങ്ങളോടാ കളി.
തിങ്കളാഴ്ച്ച സമയം ഒന്‍പതു മണി. ഞങ്ങള്‍ കാളേജില്‍ പോകാന്‍ ഇറങ്ങി. പെട്ടെന്നു തന്നെ ചാടി അകത്തു കയറി.
എന്താ എന്തു പറ്റി. കുട്ടികള്‍ എല്ലാവരും കൂടി ഒന്നിച്ചു ചോദിച്ചു.
എന്തു പറ്റാനാ. മുറ്റത്തുനില്‍ക്കുന്ന കാറ്റാടി മരങ്ങളില്‍ മുഴുവന്‍ കാക്കകള്‍. ആയിരക്കണക്കിന്-നിശ്ശബ്ദമായിരിക്കുന്നു. ഒരനക്കവും ഇല്ല. പഴയ രണ്ടണ്ണം അതിന്റെ പഴയ സ്ഥലത്തുതന്നെ. ഞങ്ങള്‍ ശരിക്കും ഭയന്നു. മനുഷ്യന്റെ മിഥ്യാഭിമാനം മണ്ടത്തരമാണെന്ന് മനസ്സിലായി. ഞങ്ങള്‍ മൂന്നു കുടയുമെടുത്ത് നിവര്‍ത്തി തലകുനിച്ച് വളരെ അച്ചടക്കത്തോടെ കാളേജിലേക്കു നടന്നു. ഒന്നും സംഭവിച്ചില്ല.
ഞങ്ങള്‍ മുന്നോട്ടു നടക്കുന്തോറും പുറകിലത്തേ മരത്തില്‍ നിന്ന് കാക്കകള്‍ പറന്നുവന്ന് മുമ്പിലത്തേ മരത്തിലും, ലൈന്‍ കമ്പിയിലും ഇരിക്കും. ശബ്ദമില്ല. അങ്ങനെ ഞങ്ങളേ അത് കാളേജില്‍ വരെ പിന്തുടര്‍ന്നു. ഞങ്ങള്‍ കാളേജിലെത്തിയതും മൊത്തം കാക്കകളും കൂടെ അത്യുച്ചത്തില്‍ കരഞ്ഞുകൊണ്ടൊരു ബഹളം. എടാ പീറപ്പിള്ളാരേ-ഞങ്ങളിലൊന്നിനേ തൊട്ടു കളിച്ചാലക്കളി തീക്കളി നോക്കിക്കോ-എന്നു പറഞ്ഞ് അവര്‍ നാലുവശത്തേക്കും പിരിഞ്ഞു പോയി.
അപ്പൊള്‍ നമ്മള്‍ നെല്ലുണക്കാനിട്ടിരിക്കുന്നിടത്തും, തേങ്ങാ ഉണക്കാന്‍ വച്ചിരിക്കുന്നിടത്തും വരുന്ന കാക്കകളേ എറിഞ്ഞോടിക്കുന്നല്ലോ. അതിനു കുഴപ്പമൊന്നുമില്ലിയോ.
ഇല്ല മക്കളേ. അതുനമ്മള്‍ക്കു കഴിക്കാന്‍ വേണ്ടിയുള്ളതാണെന്നും അതു സൂത്രത്തില്‍ തട്ടിയെടുക്കാനാണ് തങ്ങള്‍ വരുന്നതെന്നും കാക്കകള്‍ക്കറിയാം. പക്ഷേ അതിന്റെ കൂട്ടില്‍ പിള്ളാരുള്ളപ്പോള്‍ എറിഞ്ഞാല്‍ അതു നമ്മുടെ അഹങ്കാരമാണെന്നും അതിനുള്ള ശിക്ഷ കൊടുക്കണമെന്നുംകൂടി അതിനറിയാം. അതു നില്‍ക്കട്ടെ. നമുക്ക് ആശാന്റടുത്തേക്കു പോകാം..
സാറേ അടുത്തയാഴ്ച്ച ചേന നടണം. നടുതല നടുന്നതിന് പറ്റിയ സമയമാണ്-ആശാന്‍ പറഞ്ഞു.
ങാ- മഴ പെയ്യട്ടെ എന്നിട്ടു പറയാം-അച്ഛന്‍ പറഞ്ഞു. ആശാന്‍ പറയുന്നതിന് എതിരു പറയാന്‍ അച്ഛന് വളരെ സന്തോഷമാണ്.
പെയ്യും സാറേ പെയ്യും. ഞാനിന്നു ചേന വാങ്ങിക്കൊണ്ടു വരാം. പൂളു വെട്ടി ചാണകത്തില്‍ മുക്കി വയ്ക്കണം. മഴ കഴിഞ്ഞാല്‍ തടം വെട്ടി ചാണകവും, കുമ്മായവും ഇട്ട് ശരിയാക്കണം. ആശാന്‍ പറഞ്ഞിട്ടു പോകും.
കറക്റ്റായി മഴയും പെയ്യും, ചേനയും നടും -അതാണ് ആശാന്‍ . ഗൌരവക്കാരനായ അച്ഛന്‍ സിനിമയ്ക്കോ, ഉത്സവത്തിനോ ഒന്നും അങ്ങനെ പോകാറില്ല. അതിനേക്കുറിച്ചു പറയുന്നവരോട് ഉദാസീനമായി പറയുന്ന മറുപടി കേട്ടാല്‍ പിന്നാരും അതിനു മെനക്കെടത്തില്ല. ആ അച്ഛനേ വാത്മീകി എന്നൊരു സിനിമയ്ക്കും, ഏതോ അഷ്ടപദിക്കച്ചേരിക്ക് ഹരിപ്പാട്ടമ്പലത്തിലും കൊണ്ടുപോയ ആശാന്റെ ആ പ്രേരണാ ശക്തി, കൊച്ചാണെങ്കിലും ഞാന്‍ നേരിട്ട് കണ്ടതും കേട്ടതുമാണ്.
വാത്മീകി സിനിമയുടെ കഥ--മഴ പെയ്യുന്നതും ,ചിതല്പുറ്റ് അലിയുന്നതും , വാത്മീകി അതില്‍നിന്നും എഴുനേറ്റു വരുന്നതും ഒക്കെ വര്‍ണ്ണിച്ചു വര്‍ണ്ണിച്ച് അന്നു വൈകിട്ട് അവരു രണ്ടുപേരും കൂടി സിനിമയ്ക്കു പോയി. അതുപോലെ ഉത്സവത്തിന്, ഇടയ്ക്കയേക്കുറിച്ചു വര്‍ണ്ണനയും, അതു കൊട്ടുന്ന ആളിന്റെ വലിപ്പവും, ഇടയ്ക്കയില്‍ തൂങ്ങിക്കിടക്കുന്നചരടിന്ററ്റത്തുള്ള തൊങ്ങലും, എല്ലാംകൂടി പറഞ്ഞു പറഞ്ഞ് രണ്ടു പേരും കൂടി അന്ന് ഉത്സവത്തിനും പോയി. അങ്ങനെ എത്രയെത്ര കഥകള്‍!
ആശാനും കൊച്ചുരാമന്‍ കൊച്ചാട്ടനുംകൂടി തിണ്ണയില്‍ വന്നിരുന്ന് അച്ഛനുമായി ഒരു കുശലപ്രശ്നമുണ്ട്. കൊച്ചുരാമന്‍ കൊച്ചാട്ടന്റെ നാട്ടുവര്‍ത്തമാനം എത്രയായാലും തീരുകില്ല. കുറേ കഴിയുമ്പോള്‍ അച്ഛന്‍ നമുക്കിനി ആ ഗീതാരഹസ്യം ഒന്നു വായിക്കാം-തിലകന്റെയാണ് -എന്നു പറഞ്ഞ് ലോകമാന്യ ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യം എടുക്കും. ഉടനേ കൊച്ചുരാമന്‍ കൊച്ചാട്ടന്‍ ഒന്നു ഞെളിപിരിക്കൊള്ളും. എന്നിട്ട് -എനിക്കേ ആ കുഞ്ചുപ്പണിക്കരേ ഒന്നു കാണണം-എന്നും പറഞ്ഞ് സ്ഥലം വിടും. പോയിക്കഴിഞ്ഞാല്‍ അച്ഛനും ആശാനും കൂടി ഒരു ചിരിയുണ്ട്.
ഒരു ദിവസം-മുറ്റത്തു മുഴുവന്‍ ആറ്റുമണല്‍ കൊണ്ടുവന്നു വിരിച്ച് വൃത്തിയായി കിടക്കുകയാണ്. കൊച്ചുരാമന്‍ കൊച്ചാട്ടന്‍ വന്ന് തിണ്ണക്കിരുന്ന് പുരാണം തുടങ്ങി. ഇന്ന് നാഴിപ്പാല് അയലത്തുകാര്‍ക്കു കൊടുത്തു. ഞങ്ങള്‍ ചായക്ക് രണ്ടു തുടം എടുത്തു. ബാക്കി രണ്ടു തുടം ആ കൃഷ്ണപിള്ളയുടെ കടയില്‍ കൊടുത്ത് ഒരു ചായയുംകുടിച്ചേച്ചാ വരുന്നത്-എന്നു പറഞ്ഞ് മുറുക്കാന്‍ പാത്രം എടുത്തുവച്ച് ഭേഷായൊന്നു മുറുക്കി.
കഥകള്‍ പറയുന്നതിനിടയില്‍ രണ്ടു വിരല്‍ വായില്‍ കുറുകെ വച്ച് നീട്ടിയൊരു തുപ്പ്. തൊഴുത്തും തിണ്ണയും തമ്മില്‍ അഞ്ചുമീറ്റര്‍ അകലം വരും. വെള്ളമണ്ണ് വിരിച്ച് വൃത്തിയായി കിടക്കുകയാണ്. അവിടെ ചോരകൊണ്ടൊരു വര വരച്ചപോലെ തൊഴുത്തിന്റെ അരമതിലില്‍ നിന്നും തിണ്ണയുടെ അടുത്തുവരെ തുപ്പല്‍. അച്ഛന്റെ മുഖം ഇരുണ്ടു. എന്തും മുഖത്ത്നോക്കി പറയാന്‍ മടിയില്ലാത്ത ആളാണ്.
കൊച്ചുരാമന്‍ കൊച്ചാട്ടനു കാര്യം മനസ്സിലായി. ഉടനേ പറയുകയാണ്--നാറാപിള്ളച്ചേട്ടാ, ഇതുപോലൊന്നു തുപ്പാമോ. ഇത്രയും നീളത്തില്‍-യാതൊരു ലംഘനവുമില്ലാതെ--അതിനേ ഇച്ചിരിപ്പുളിക്കും. നിങ്ങളുടെ ഒക്കെ തുപ്പല്‍ ആ തുണ്ടിലേ പാറുവമ്മയേ പോലെ എറിഞ്ഞിട്ടായിരിക്കും.
അച്ഛന്‍ ചിരിച്ചു പോയി. കൊച്ചുരാമന്‍ കൊച്ചട്ടന്‍ വേഗം ഇറങ്ങി കാലുകൊണ്ട് മണ്ണു നീക്കി തുപ്പലെല്ലാം മറച്ചു. എന്നിട്ട് -ഇന്നേ ആ പുതുമന നമ്പൂരി വരുമെന്നു കേട്ടു. ശകലം ചീട്ടു കളിക്കണം എന്നു പറഞ്ഞു സ്ഥലം വിട്ടു.
ഇടയ്ക്ക് ഒരു കാര്യം വിട്ടുപോയി. ചായ കുടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ ചോദിച്ചു--അപ്പോള്‍ പശുവിന് ഇരുനാഴിപ്പാലു കിട്ടുമോ?
ഹേയ് വെറും രണ്ടു തുടം. പക്ഷേ നാഴൂരി വെള്ളം കൂടി ഒഴിച്ചാലും അത് അസല്‍ പാലാ. (അന്നത്തേ നാടന്‍ പശുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടങ്ങഴി പാലാണ് കിട്ടുന്നത്. പക്ഷേ കച്ചിയും വീട്ടിലേ പുല്ലും കഞ്ഞി വെള്ളവും മതി ആഹാരം)
അച്ഛന്‍ കരയോഗം പ്രസിഡന്റായിരുന്നു. ഈ കരയോഗമാണ് അന്ന് റോഡില്ലാതിരുന്ന സ്ഥലത്ത് റോഡുണ്ടാക്കിയതും ഇലക്ട്രിസിറ്റി വനപ്പോള്‍ അതിന്റെ ട്രാന്‍സ്ഫോര്‍മര്‍ വയ്ക്കാന്‍ സ്ഥലം കൊടുത്തതും. ഒരു സ്കൂളും പണിഞ്ഞു. അതു നടത്തിക്കൊണ്ടു പോകാനും അതില്‍നിന്നും വരുമാനമുണ്ടാക്കാനുമൊന്നുമല്ല. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആ നാട്ടിലേ പിള്ളാര്‍ക്കു പഠിക്കാന്‍ . അതുകൊണ്ട് അതു സര്‍ക്കാറിനു കൊടുക്കാന്‍ തീരുമാനിച്ചു.
പക്ഷേ സര്‍ക്കാര്‍ വെറുതേ ഒന്നും വാങ്ങിക്കില്ല. അന്നത്തേ ഒരു ധര്‍മ്മ ബോധമേ!
ഇന്ന് വെറുതേ എന്തെങ്കിലും കിട്ടുമെന്നറിഞ്ഞാല്‍ അവിടെ പോയി പെടാപാടു കിടക്കുന്നതു കാണണം. സോപ്പു മേടിച്ചാല്‍ ചീപ്പു ഫ്രീ എന്നു പറഞ്ഞാല്‍ ആ സോപ്പുമതി. കാലം പോയ പോക്ക്. അതു പോട്ടെ.
സ്കൂളിന് കരയോഗം ഒരു വില നിശ്ചയിച്ചു. ഒരണ--അതെ ഒരണ--ഒരു രൂപയുടെ പതിനാറിലൊരംശം. സര്‍ക്കാര്‍ സമ്മതിച്ചു. അങ്ങിനെ വലിയ ഒരു മീറ്റിങ്ങ് കൂടി--ഒരു രാജരാജവര്‍മ്മ വിദ്യാഭ്യാസ ഡയറക്ടറോ മറ്റോ- വലിയ ഉദ്യോഗസ്ഥനാണ്-വന്ന് ഒരണ കൊടുത്ത് സ്കൂള്‍ വിലയ്ക്കെടുത്തു. അതിന്റെ താക്കോല്‍ വെള്ളി യായിരുന്നു. അത് ലേലത്തിനു വച്ചു. അന്ന് നാട്ടില്‍ അതു പിടിക്കാന്‍ ആളില്ലായിരുന്നതുകൊണ്ട് രാജരാജവര്‍മ്മ തന്നെ അതു ലേലത്തില്‍ പിടിച്ചു. അന്‍പതൊന്നു രൂപയ്ക്ക്. ഇന്നത് സെക്കണ്ടറി സ്കൂളാണ്. അന്നു പന്ത്രണ്ടു വയസ്സുള്ള ഞാന്‍ ഇതെല്ലാം ഇന്നത്തേപോലെ ഓര്‍ക്കുന്നു.
ഓണത്തിനോടനുബന്ധിച്ച്കരയോഗം കൂടി. സെക്രട്ടറി കണക്കു വായിക്കുകയാണ്. വായിച്ചകൂട്ടത്തില്‍ ഒരൈറ്റം“ ഓണത്തിനു നെയ്‌വാങ്ങിയ ചെലവ് രൂപാ ഇരുനൂറ്റമ്പത്” എന്നായിരുന്നു. കണക്കു വായന കഴിഞ്ഞ് ചര്‍ച്ച തുടങ്ങി.
ഒരു മെംബര്‍--നാണിച്ചേട്ടന്‍--നാരായണന്‍ നായര്‍ നാണിച്ചേട്ടനായതാണ്- പതുക്കെ എഴുനേറ്റു. ഓണത്തിനു വാങ്ങിച്ച നെയ്യില്‍ എന്റെ വീതം കിട്ടിയില്ല. എന്നു പറഞ്ഞു.
സെക്രട്ടറി:- വള്ളത്തിനു നെയ് മേടിച്ചതാണ്.
നാണിച്ചേട്ടന്‍ :- ഓണത്തിനു വള്ളം നെയ്കൂട്ടിയാണോ ഉണ്ണുന്നത്? അതേതു വള്ളമാണ്.
സെക്രട്ടറി:- ഓണത്തിനു കളിക്കുന്നതിനു മുമ്പ് നമ്മുടെ ചുണ്ടന്‍ വള്ളത്തിന് പുരട്ടാന്‍ മീന്‍ നെയ് വാങ്ങിയതാണ്. അത് ഈ നാണിച്ചേട്ടനറിയില്ലേ.
നാണിച്ചേട്ടന്‍ :- അത് അങ്ങനെ എഴുതടാ. ഓണത്തിന് ചുണ്ടന്‍ വള്ളത്തിനു പുരട്ടാന്‍ രണ്ടുപാട്ട മീന്‍ നെയ് വാങ്ങിയതിന് ചെലവായ തുക- ഇരുനൂറ്റമ്പത്-എന്ന്. ഇത് ആണുങ്ങടെ കരയോഗമാ. ചങ്ങനാശേരിയില്‍ നിന്ന് ആഡിറ്റിനു വരുമ്പോള്‍ ഓണത്തിന് നമ്മള്‍ കരയോഗത്തിന്റെ കാശുകൊണ്ട് നെയ് മേടിച്ചുകഴിക്കുമെന്ന് ധരിക്കില്ലേ.
ആദ്യം കുതര്‍ക്കമാണെന്ന് വിചാരിച്ചിരുന്നവര്‍ക്കും കാര്യം മനസ്സിലായി. വലിയ പഠിപ്പൊന്നും ഇല്ലാത്ത അന്നത്തേ ആള്‍ക്കാരുടെ കാര്യവിവരത്തേപ്പറ്റി ഒരേകദേശരൂപം കിട്ടിയില്ലേ.