Aksharathalukal

Part -3 - പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

Part 3 

\" ചുമ്മാ എന്നെ കളിയാക്കല്ലേ നയനാ...! ഇത് ഞങ്ങളുടെ ഏഴാമത്തെ ആനിവേഴ്സറി ആണ് . ഇനി നയനയുടെ സജഷൻ പറയൂ. \"

\" ഏഴു നിറങ്ങളും , ഊടിലും പാവിലും ആയി , മിന്നി മിന്നി മാറും വിധം ഞാൻ ഒരു സാരി നെയ്തെടുക്കാം. മുഴുവനായി എൻ്റെ ഇഷ്ടത്തിൽ നെയ്തെടുക്കുന്ന ഒന്ന് ! മാഷിന് വേറെ എന്തെങ്കിലും സജഷൻ ഉണ്ടെങ്കിൽ ഇപ്പോൾ പറയാം. ... ഇപ്പോൾ മാത്രം ...! \"

\"നയന സന്തോഷത്തോടെയും ഏറെ ഇഷ്ടത്തോടെയും ഇങ്ങനെ പറയുമ്പോൾ , എനിക്കൊരു സജഷനും പറയാൻ തോന്നുന്നില്ല. നയനയുടെ വാക്കുകൾ എന്നെ ഒരുപാട് എക്സൈറ്റഡ് ആക്കുന്നു. എനിക്ക് വല്ലാത്ത വിശ്വാസം തോന്നുന്നു. നയനയുടെ ഇഷ്ടം പോലെ ആ സാരി ജനിച്ചുവരട്ടെ ! \"

\" അങ്ങനെയാണെങ്കിൽ എനിക്കും സന്തോഷം മാഷേ. എന്തായാലും ഇന്ന് മാഷ് എന്നെ കണ്ട കാര്യം മീരയോട് പറയാൻ പോകുന്നില്ല എന്ന് എനിക്കറിയാം. കാരണം ഈ സാരി ഒരു സർപ്രൈസ് സമ്മാനമല്ലേ . മാഷ് സന്തോഷമായിട്ട് പൊയ്ക്കോ. നാല് ദിവസം കഴിഞ്ഞ് ഇവിടെ വരെ ഒന്ന് വരാമോ ?\"

\"ഓ .തീർച്ചയായും നയനാ. സാരിയുടെ പുരോഗതി ഒന്ന് നേരിട്ട് കാണാലോ !\"

\"എന്നാ ശരി മാഷേ.\"

\"ഓക്കെ നയനാ. താങ്ക്യൂ \"

\" ബൈ മാഷേ . സീ യു \"

ജയദേവൻ തിരികെ ബൈക്ക് ഓടിച്ച് വീട്ടിലേക്ക് പോകുമ്പോൾ അയാളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പി. താൻ മനസ്സിൽ ആഗ്രഹിച്ചതിനും അപ്പുറമുള്ള ഒരു വിശേഷപ്പെട്ട സമ്മാനം നൽകാൻ ആവുമല്ലോ എന്ന ചിന്ത അയാളെ ഒട്ടേറെ സന്തോഷവാനാക്കി. ഇത് വിവാഹ വാർഷിക മാസമായതുകൊണ്ട് , സ്പെഷ്യൽ റൊമാൻറിക് ദിനങ്ങളിലൂടെ തന്നെയാണ് ജയദേവന്റെയും മീരയുടെയും വൈകുന്നേരങ്ങൾ 
പോയ്ക്കൊണ്ടിരുന്നത്.

ഇതിനിടെ നയന പറഞ്ഞ അഞ്ചാം ദിനം എത്തി. മാഷ് ഒരു അത്യാവശ്യ കാര്യം പറഞ്ഞ് സ്കൂളിൽനിന്ന് നേരത്തെ മുങ്ങി , നേരെ കണ്ണാമ്പുള്ളിയിലേക്ക് വിട്ടു.

മുൻപത്തെപ്പോലെ തന്നെ ജയദേവൻ തന്റെ ബൈക്ക് നെയ്ത്ത് ഗ്രാമത്തിന്റെ പുറത്ത് ഒരു മരത്തണലിൽ വച്ചു. ചുറ്റുമുള്ളവരെ ഒന്നും ശ്രദ്ധിക്കാതെ അയാൾ നേരെ നയനയുടെ നെയ്ത്തുശാല ലക്ഷ്യമാക്കി നടന്നു. 

ഒരു ചുവന്ന സാരിയുടുത്ത് നെറ്റിയിൽ ഒരു കളഭക്കുറി അണിഞ്ഞ് ആ കളഭക്കുറിക്ക് നടുവിൽ ഒരു ചുവന്ന പൊട്ട് തൊട്ട് , രണ്ടു കൈകളിലും ചുവപ്പും കറുപ്പും നിറത്തിലുള്ള , കുന്നിക്കുരുവിന്റെ അഴകിനെ ഓർമിപ്പിക്കും വിധത്തിൽ, നിറയെ കുപ്പിവളകൾ അണിഞ്ഞ്, അതിസുന്ദരിയായി നയന , തറിക്ക് മുന്നിൽ ഇരിപ്പുണ്ടായിരുന്നു.

ഇടത്തോട്ടും വലത്തോട്ടും തറി നൂലുകൾ തട്ടുമ്പോഴുള്ള അവളുടെ കരചലനങ്ങളിൽ ഉയർന്ന, അവളണിഞ്ഞ കുപ്പിവളകളുടെ സ്വരസംഗീതം, മാഷിന്റെ കാതിന് ഇമ്പമായി. 

കണ്മഷി എഴുതിയ, അഴകോടെ വിടർന്ന അവളുടെ കണ്ണുകൾ മാഷിനെ കണ്ടപ്പോൾ ഒന്നുകൂടി വിടർന്നു. 

അവളുടെ മുന്നിലെ തറിയിൽ, വലിയൊരു ചിത്രകാരിയുടെ ക്യാൻവാസ് പോലെ കാണപ്പെട്ട സാരിയിലെ, ഊടും പാപവും ചേർന്നുനിന്ന് , അഴകല പോലെ വർണ്ണചിത്രം ആയി നിന്ന നൂലുകളിലേക്ക് , പ്രഭാതസൂര്യൻ ഒന്നുകൂടി നിറങ്ങൾ ചാലിച്ചു ! 

\"എന്റെ പുറകിൽ വന്നു നിന്ന് നോക്ക് മാഷേ\" നയന മാഷിനോട് പുഞ്ചിരിയോടെ പറഞ്ഞു. 

അയാൾ അവളുടെ പുറകിൽ ചെന്നു നിന്ന് , തറിയിലേക്ക് നോക്കി. 

\" ഞാൻ നെയ്തിടത്തോളം എങ്ങനെയുണ്ട് ?\"

\" എനിക്ക് വിശ്വസിക്കാനാവുന്നില്ല നയനാ! എന്തു ഭംഗിയാണ് ഇതിന് ! 
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന നെയ്ത്തുകാരുടെ മിക്കവാറും മുഴുവൻ എക്സിബിഷനുകളും കാണാനും മീരയ്ക്കായി സാരികൾ വാങ്ങാനും ഞാൻ ടൗൺഹാളിൽ മുടങ്ങാതെ പോകാറുണ്ട്. സ്ത്രീകളെക്കാൾ താല്പര്യത്തോടെ ഓരോ സാരിയും ഞാൻ എടുത്തു നോക്കുകയും അവയുടെ പ്രത്യേകതയെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നത് ഉത്തരേന്ത്യൻ സാരി മേക്കേഴ്സിനെ സന്തോഷിപ്പിക്കുകയും അവരെല്ലാം എനിക്ക് അതിന്റെയൊക്കെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞുതരികയും ചെയ്യാറുണ്ട്. 
പക്ഷേ, ഈ വർക്ക് എന്നെ ഒരുപാട് വിസ്മയിപ്പിച്ചു കളഞ്ഞു ! \"
ജയദേവൻ തന്റെ സന്തോഷവും മതിപ്പും ഒട്ടും മറച്ചു വച്ചില്ല.

\" പത്ത് മിനിട്ടിനകം ഇത് പൂർത്തിയാകും മാഷേ.. അതുവരെ മാഷ് എന്തു ചെയ്യും ?\"

\" ഞാൻ ഇവിടെ നയനയുടെ അടുത്തിരിക്കും \"

\" സന്തോഷം മാഷേ. മാഷുടെ വർത്തമാനം കേൾക്കാൻ എനിക്കിഷ്ടമാണ്. \"

\"എനിക്ക് നയനയുടെയും \"

ആ പത്ത് മിനിറ്റിൽ , ജയദേവനെന്ന ഭാര്യാ- കാമുകനെ അതിന്റെ മുഴുവൻ വന്യ സൗന്ദര്യത്തോടെ, കുറേക്കൂടി നയന മനസ്സിലാക്കി. 

ഇതിനിടെ അവൾ അകത്തെ മുറിയിലേക്ക് പോയി ചില പുതിയ നൂലുകൾ കൊണ്ടുവരുന്നുണ്ടായിരുന്നു. അവയെല്ലാം തറിയിലേക്ക് ചേർത്ത് , ഊടും പാവുമായി നെയ്തെടുക്കുമ്പോൾ , ഇടയ്ക്കിടെ, മാഷ് നയനയുടെ മുഖത്തെ ഭാവഭേദങ്ങൾ കണ്ട്, വിസ്മയിച്ചു. 

അയാളുടെ വർത്തമാനങ്ങൾക്ക് മറുപടിയെന്നോണം വരുന്ന, അവളുടെ നോട്ടങ്ങളിലെ പ്രണയവശ്യത മാഷിനെ വല്ലാതാക്കി. 

അതൊന്നുപോലും, മാഷിനെ വഴിതെറ്റിക്കുന്ന ചിന്തയിലേക്കൊന്നും കൊണ്ടുപോയിരുന്നില്ല. കാരണം, അത്രയേറെ ഉറച്ച ഭാര്യാകാമുകനായിരുന്നു അയാൾ. 

നെയ്ത്ത് അവസാനിപ്പിച്ച് നയന എഴുന്നേറ്റു. തറിയിൽനിന്ന് സാരി ഇളക്കിമാറ്റി, അവൾ മാഷുടെ കണ്ണുകൾക്ക് വിരുന്നാവും വിധം , അതിനെ നിവർത്തിയിട്ടു.

മീര ആ സാരിയിൽ എത്ര സുന്ദരി ആയിരിക്കുമെന്ന ഭാവനയിൽ , മാഷിന്റെ മുഖം ചുവന്നു തുടുത്തു.

അതുകണ്ട് നയനയുടെ കണ്ണുകളിൽ പുതിയൊരു തിളക്കം പ്രകടമായി!
(കഥ തുടരും..)

Part -4 - പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

Part -4 - പ്രണയനൂലുകൾ പുടവയിലൊളിപ്പിച്ച നെയ്ത്തുകാരി

0
387

Part 4 \"ഒരു മിനിട്ട് മാഷേ , ഞാനിപ്പം വരാം. അവൾ സാരിയുമായി അവളുടെ മുറിയിലേക്ക് പോയി. അവൾ ഇനിയും ഈ സാരിയിൽ എന്തു ചെയ്യുകയാവും ! ജയദേവൻ അങ്ങിനെ ചിന്തിക്കുന്നതിടയിൽ നയന പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ നിവർത്തിപ്പിടിച്ച ആ സാരിയുണ്ടായിരുന്നു. \"മാഷേ, ഞാൻ ഇതൊന്നു മടക്കി എടുക്കട്ടെ.\" അവൾ സാവധാനം, ഒരു പ്രത്യേക താളത്തിലാണ് അത് മടക്കിത്തുടങ്ങിയത് .ഇടയ്ക്കിടെ അവളുടെ വിടർന്ന കണ്ണുകൾ മാഷിനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.ജയദേവന്റെ കൈകളിലേക്ക് ആ സാരി നയന വച്ചു കൊടുത്ത നേരം, അവൾ പറഞ്ഞ പണവും ഒരു കവറിലിട്ട് മാഷ് അവൾക്ക് നൽകി. അന്നേരം അവൾ ജയദേവന്റെ കണ്ണുകളിൽ നോക്കി