അത്ഭുതവഴി വന്ന അനുരാഗം
നമ്മളെപ്പോലെ തന്നെ, എല്ലാ പ്രവാസികളേയും ആകെ വലച്ചുകളഞ്ഞ കോവിഡ് കാലം.
ഗൾഫിൽ പിടിച്ചു നിൽക്കാനാവാതെ, നാട്ടിലേക്ക് പോന്നാലോ എന്ന ചിന്തയിലായി ശരത്ത്.
കോവിഡിന്റെ കാരണം പറഞ്ഞ്, ശമ്പളം കുറക്കുക മാത്രമല്ല ശരത്തിന്റെ കമ്പനി ചെയ്തത്. രണ്ടു മാസത്തെ ശമ്പളം കൊടുക്കുക കൂടി ചെയ്തില്ല അവർ.
അച്ഛൻ വരുത്തി വെച്ച കടങ്ങൾ തീർക്കലായിരുന്നു അവന്റെ ഗൾഫിൽ പോക്കിന്റെ ലക്ഷ്യം. കടങ്ങൾ മുഴുവനായി തീർക്കാനായില്ലെങ്കിലും, ഇനി ഗൾഫിൽ തുടരുക ബുദ്ധിയല്ലെന്ന് അവന്റെ മനസ്സ് പലവട്ടം ഉരുവിട്ടു കൊണ്ടിരുന്നു.
ശരത്തിന് പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവൻ നാട്ടിലേക്ക് തിരിച്ചു പോന്നു.
ഗൾഫിലെ ഡ്രൈവർ പണി തന്നെ നാട്ടിലും തുടരാമെന്ന് അവൻ തീരുമാനിച്ചു.
അവനൊരു സെക്കന്റ് ഹാൻഡ് കാർ വാങ്ങി.
നാട്ടിൽ സൽപേരുള്ള അച്ഛന്റെ മകനായതു കൊണ്ടും, അച്ഛന്റെ അതേ പോലെയുള്ള
സൽപ്പേരിനുമപ്പുറം സ്വഭാവശുദ്ധിയും പരോപകാരശീലവും
ഉള്ളതു കൊണ്ടും , ശരത്തിന്റെ ടാക്സി കാർ നിർത്താതെ ഓടിക്കൊണ്ടിരുന്നു.
കുറച്ചുനാൾക്കകം അച്ഛന്റെ കടങ്ങളൊക്കെ വീട്ടി, ശരത്ത് ഫ്രീയായി. ഇനി ഒരു കല്യാണം കഴിക്കണം.
കാണാൻ സുന്ദരനായ ശരത്തിന് ചേർന്ന ഒരു പെണ്ണ് എവിടെയാണാവോ ഒളിച്ചിരിക്കുന്നത്!
അങ്ങിനെയിരിക്കെ, ശരത്തിന്റെ വീടിന്റെ നേരെ എതിർവശത്തുള്ള വീട്ടിലെ സുധാകരേട്ടന്റെ മൂത്ത പെങ്ങൾ ശ്യാമള ചേച്ചിയും, അവരുടെ രണ്ടു മക്കളും കാൺപൂരിൽ നിന്ന് നാട്ടിലേക്ക് വിരുന്നുവന്നു.
കോളേജ് വെക്കേഷനായതിനാൽ, രണ്ടു പേർക്കും ട്രിപ്പ് പോകണമെന്ന് ഒരേ കൊതി.
ശരത്തിനെ ഒത്തിരി വിശ്വാസമുള്ളതു കൊണ്ട്, അവന്റെ ടാക്സി കാറിൽ, ശ്യാമളച്ചേച്ചിയെയും മക്കളേയും അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനും ഫോർട്ട് കൊച്ചി ബീച്ചിലേക്കും സുധാകരേട്ടൻ പോകാനനുവദിച്ചു.
ശരത്തിനോടൊപ്പമുള്ള യാത്ര ശ്യാമള ചേച്ചി മാത്രമല്ല, മക്കളായ മിൻമിനിയും കിങ്ങിണിയും നല്ല പോലെ ആസ്വദിച്ചു.
കല്യാണപ്രായമെത്തി നിൽക്കുന്ന ശരത്തിന്റെ ഹൃദയത്തിനുള്ളിലേക്ക് ആദ്യമായി ഇടിച്ചു കയറാൻ പോകുന്ന പെണ്ണ് ഇനി ഇവരിൽ ആരെങ്കിലും ആയിരിക്കുമൊ? ആർക്കറിയാം !
ട്രിപ്പിനിടെ ശരത്തേട്ടാ ശരത്തേട്ടാ എന്നു പറഞ്ഞ് കിങ്ങിണിയും മിൻമിനിയും അവനോട് അടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ശരത്തിന് അതൊരു പിള്ളേര് കളിയായേ തോന്നിയുള്ളൂ.
അതിരപ്പിള്ളിയും ഫോർട്ട് കൊച്ചിയും പോയിക്കഴിഞ്ഞ് പിന്നത്തെ ആഴ്ച്ച, മിൻമിനി ഇന്റർനെറ്റിൽ തിരഞ്ഞ് പുതിയൊരു സ്ഥലം ട്രിപ്പിനായി കണ്ടെത്തി.
വലിയൊരു മറൈൻ അക്വേറിയം ഉള്ള സ്ഥലമായിരുന്നു അത്. അതു കാണാനുള്ള ത്രില്ലിൽ, ഞായറാഴ്ച്ച തന്നെ പോകണമെന്നായി രണ്ടു പേരും.
അത്ര അകലെയല്ലാത്ത അവിടേക്ക് , മുൻപത്തെപ്പോലെ രാവിലെ തന്നെ ശ്യാമളച്ചേച്ചിയും
മിൻമിനിയും കിങ്ങിണിയും ശരത്തിന്റെ ടാക്സി കാറിൽ പുറപ്പെട്ടു.
വിവിധതരത്തിലും വലിയ വലിപ്പത്തിലുമുള്ള മത്സ്യങ്ങളെ വരെ സൂക്ഷിച്ചിരുന്ന, വളരെ വലിയ ചില്ലു കൂടുകളിൽ, അവയ്ക്കു ചുറ്റിലും അതിനുള്ളിലും, പ്രകൃതി ഭംഗിയൊരുക്കിക്കൊണ്ട്, സിമന്റിൽ തീർത്ത വലിയ കാട്ടുമരങ്ങളും പ്രതിമകളും ഉണ്ടായിരുന്നു. അവയുടെ ശിൽപഭംഗി അതിമനോഹരവും ജീവന്റെ തുടിപ്പുള്ളതു പോലെ സ്വാഭാവികത തോന്നിപ്പിക്കുന്നതുമായിരുന്നു.
ശ്യാമള ചേച്ചിയോടും മക്കളോടുമൊപ്പം ശരത്തും അതെല്ലാം വളരെ അത്ഭുതത്തോടെ
കണ്ടുകൊണ്ട് മുന്നോട്ടു നീങ്ങി.
പെട്ടെന്ന്, വ്യത്യസ്തവും മനോഹരവുമായ ഒരു ഫിഷ് ടാങ്ക് ശരത്തിന്റെ ശ്രദ്ധയിൽ പെട്ടു. ശ്യാമള ചേച്ചിയും മക്കളും ആ ടാങ്കിനെ അത്ര കാര്യമായി ശ്രദ്ധിക്കാതെ മുന്നോട്ടു പോയെങ്കിലും, ശരത്ത് അതിന്
മുന്നിൽത്തന്നെ നിന്നു.
ശരത്തിനെ ആകർഷിച്ചത്, ആ ടാങ്കിനുള്ളിലെ മത്സ്യങ്ങളായിരുന്നില്ല. അതിനുള്ളിലെ തെളിഞ്ഞ വെള്ളത്തിൽ കിടന്നിരുന്ന മത്സ്യകന്യകയുടെ പ്രതിമയായിരുന്നു !
അവളുടെ മെയ്യഴകും മിഴിയഴകും തുടുത്ത കവിളിണയും പാതിവിടർന്ന അധരങ്ങളും അവക്കിടയിലൂടെ വിടർന്ന പുഞ്ചിരിയും അവളുടെ മുഖത്തെ ലാസ്യഭാവത്തെ ജീവനുള്ളതാക്കി തോന്നിപ്പിച്ചിരുന്നു.
ആ തോന്നൽ, ശരത്തിന്റെ കണ്ണുകളിലൂടെ ഇറങ്ങി, അവന്റെ ഹൃദയത്തിനുള്ളിലാണ് ചെന്നു നിന്നത്.
അന്നേരം അവന്റെ മൊബൈലിൽ നിന്നും, ചെവിയിലേക്ക് തിരുകി വച്ചിരുന്ന ഇയർ ഫോണിലൂടെ കേട്ടുകൊണ്ടിരുന്ന \'ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ\' എന്ന ഗാനം പൊടുന്നനെ നിലച്ചു.
\"ശരത്തേ, നീയെന്താ എന്നെത്തന്നെ നോക്കി നിൽക്കുന്നത് ? എന്നെ നിനക്ക് അത്രയ്ക്കങ്ങ് ഇഷ്ടായോ ?\" ഇയർ ഫോണിലൂടെ കേട്ട ആ മധുര സ്വരം അവന്റെ മനസ്സിലേക്ക് ഒരു ഇടിമിന്നലിന് പിന്നാലെ വന്ന തേൻമഴയായ് പെയ്തിറങ്ങി.
അവൻ ഞെട്ടിത്തരിച്ച് ചുറ്റിലും നോക്കി.
\" ഇവിടെ ! ഇങ്ങോട്ട് നോക്ക് ! ഞാനാണ് നിന്നെ വിളിച്ചത് ! \"
അവൻ പെട്ടെന്ന് മത്സ്യ കന്യകയുടെ നേർക്ക് നോക്കി.
ശ്യാമളച്ചേച്ചിയും മക്കളും അവന്റെ കണ്ണിൽ നിന്നും അകലേക്ക് നീങ്ങിയിരുന്നു.
ആ മത്സ്യകന്യകയുടെ മുന്നിൽ, അവളുടെ മധുര സ്വരം അവന്റെ കാതിനുള്ളിൽ മുഴങ്ങിയത് വിശ്വസിക്കാനാവാതെ ശരത്ത്, ശില പോലെ നിന്നു.
\"ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ \" എന്ന് നീ എന്നോട് തന്നെ പറഞ്ഞതാണോ ? എങ്കിൽ നിനക്കെന്റെ കഥ കേൾക്കേണ്ടേ ശരത്തേ ?\"
ആ അമ്പരപ്പിനിടയിലും, ജീവിതത്തിലാദ്യമായി തന്റെ ഹൃദയത്തിനുള്ളിലേക്ക് ചേക്കേറിയ അവളുടെ ജീവൻ തുടിക്കുന്ന രൂപത്തിനോട് എന്തെന്നില്ലാത്ത ഒരിഷ്ടം അവന് തോന്നിപ്പോയി.
\"വേണം ... \" അവന്റെ മനസ്സ് മന്ത്രിച്ചു. അതോടൊപ്പം അവളുടെ നേരെ അവനൊന്നു പുഞ്ചിരിക്കുകയും ചെയ്തു.
\" ഞാൻ കനിക. ഉത്തർപ്രദേശുകാരി.
ഒരു ഉത്തരേന്ത്യൻ സംഘമാണ് ഇവിടുത്തെ മുഴുവൻ സിമന്റ് ലാൻഡ്സ്കേപ്പിങ്ങും ചെയ്തത്.
ആ സംഘത്തിലൊരാളായിരുന്നു സഞ്ജയ് സിങ്ങ്. കാൺപൂരിലുള്ള ഞങ്ങളുടെ കോളണിയിലെ അറിയപ്പെടുന്ന ശിൽപിയാണ് അവൻ. അവന്റെ അച്ഛൻ അതിനടുത്ത ഗ്രാമത്തിലെ പേരുകേട്ട മന്ത്രവാദിയും !
നിന്റെയൊപ്പം വന്ന ശ്യാമളച്ചേച്ചിയില്ലേ ! ആ ചേച്ചിയുടെ ഫ്ലാറ്റിലെ മുകളിലത്തെ നിലയിലാണ് സഞ്ജയ് സിങ്ങിന്റെ ഫ്ളാറ്റ്.
അവന് എന്നോട് അടങ്ങാത്ത പ്രണയമായിരുന്നു. എന്നെ കണ്ട നിമിഷം മുതൽ, എന്റെ ഹൃദയം കീഴടക്കാൻ എന്റെ പിന്നാലെ നടന്ന്, എല്ലാ അടവും പയറ്റി നോക്കി അവൻ.
അവനെക്കുറിച്ച് ഞാൻ കേട്ടറിഞ്ഞ കഥകളൊന്നും അവനെ പ്രണയിക്കാനോ സ്നേഹിക്കാനോ തോന്നിപ്പിക്കുന്നതായിരുന്നില്ല. ദുരൂഹമായ മറ്റെന്തോ അവനിൽ ഉണ്ടെന്ന് എന്റെ മനസ്സ് പലവട്ടം എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു.
അതുകൊണ്ട് തന്നെ അവനിൽ നിന്ന് വളരെ അകലം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു ഞാൻ. പക്ഷേ, അവനോടുള്ള എന്റെ ഭയത്തെക്കുറിച്ച് ഞാൻ ആരോടും പറഞ്ഞിരുന്നില്ല.
എങ്കിലും ആകസ്മികമായി വീട്ടിൽ വന്ന പണ്ഡിറ്റ്ജി എന്നെ നോക്കിക്കൊണ്ട്, എന്റെ അമ്മയോട് പറഞ്ഞു: \"ഇവൾ പുഴയിലോ, തടാകത്തിലോ, കുളത്തിലോ ഇറങ്ങാതെ നോക്കണം. \"
അത്ര മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. ഞാനത് കാര്യമാക്കാതെ, അപ്പോഴേ മറന്നു.
ഒരു വൈകുന്നേരം , ഞങ്ങളുടെ ഫ്ളാറ്റുകളുടെ പിൻഭാഗത്തുള്ള തടാകത്തിലേക്ക് കാലുകഴുകാനായി ഞാനിറങ്ങി. മുട്ടിനൊപ്പം വെള്ളത്തിൽ നിന്നിരുന്ന ഞാൻ പുറകിൽ നിന്നൊരു ചിരി കേട്ട് ഞെട്ടി, തിരിഞ്ഞു നോക്കി.
ഭയപ്പെടും വിധമുള്ള ആ ചിരിയോടെ, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് സഞ്ജയ് സിങ്ങ് എന്റെ അടുത്തേക്ക് വെള്ളത്തിലുടെ നടന്നുവന്നു.
എനിക്ക് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.
അവൻ എന്തോ പിറുപിറുത്തു കൊണ്ട് എന്നെയൊന്നു തൊട്ടതേയുള്ളൂ. ആ വെള്ളത്തിലേക്ക് ഞാൻ അലിഞ്ഞ്ചേർന്നു.
അവൻ കൈകൾ വെള്ളത്തിലാഴ്ത്തി, ഒരു പിടി മണ്ണുവാരി, അവന്റെ കയ്യിലിരുന്ന ഒരിലയിൽ വച്ചു.
അവനത് പൊതിഞ്ഞ് ഒരു മൺകുടത്തിലാക്കി.
ആ നിമിഷം മുതൽ
ഞങ്ങളുടെ കോളണിയിലെ എല്ലാവരും എന്നെക്കാണാതെ ഈ നിമിഷവും തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
പിറ്റേന്ന്, ഇവിടേക്ക് പുറപ്പെട്ട ശിൽപ്പികളുടെ കൂട്ടത്തിൽ അവനും പോന്നു.
മൽസ്യകന്യകയുടെ ശിൽപം ചെയ്യാൻ അവൻ തന്നെയാണ് മുൻകയ്യെടുത്തത്.
ആ തടാകത്തിൽ നിന്നെടുത്ത്, കുടത്തിൽ സൂക്ഷിച്ച മണ്ണ്, ഈ ശിൽപത്തിൽ അവൻ കുഴച്ചു ചേർത്തു. അങ്ങിനെ ഞാനൊരു
മത്സ്യകന്യകയായിത്തീർന്നു.
പക്ഷെ അവൻ, എന്റെ യഥാർത്ഥ മുഖവും ശരീരവും അതേപടി ഈ ശിൽപത്തിലേക്ക് പകർന്നു വച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.
എങ്കിലും, ഈ ശിൽപം തീർത്ത് മടങ്ങുന്നതിന് മുൻപ് എന്റെ മുന്നിൽ വന്ന് അവനിങ്ങനെ പറഞ്ഞു:
\"നിന്നെ ഒരിക്കലും നിന്റെ സമ്മതത്തോടെ സ്വന്തമാക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി. അത് കൊണ്ടാണ് ഞാനിങ്ങനെ ചെയ്തുപോയത്.
എങ്കിലും നിനക്കൊരിക്കൽ മോചനമുണ്ട്. നിന്നെ അറിയുന്ന ആരെങ്കിലും നിന്റെ മുന്നിലൂടെ കടന്നുപോയാൽ, ആ നിമിഷം മുതൽ നിനക്ക് ആരോടെങ്കിലും ശബ്ദത്തിലൂടെ മാത്രം സംസാരിക്കാൻ കഴിയും.
ഈ ടാങ്കിലെ വെള്ളം എന്ന് വറ്റുന്നുവോ, അന്ന് നിനക്ക് നിന്റെ രൂപം തിരികെ ലഭിക്കുകയും ചെയ്യും. പക്ഷെ, അന്ന് എനിക്ക് എന്റെ ജീവൻ നഷ്ടപ്പെടും.\"
ശരത്തേ, അതിൽ ഒരു കാര്യം ഇന്ന് നടന്നു. ശ്യാമളചേച്ചി മുന്നിൽ വന്നതു കൊണ്ട് എനിക്ക് നിന്നോട് സംസാരിക്കാനായി.
ഇനി എന്റെ മോചനം ! അതിന് നിനക്കെന്നെ സഹായിക്കാനാകുമോ, ശരത്ത് ? ആരേയും സഹായിക്കാൻ തോന്നുന്ന ഒരു മനസ്സാണല്ലൊ നിനക്ക് ! \"
കനികയുടെ കഥ കേട്ട് ആകെ തരിച്ചു നിന്നുപോയി ശരത്ത്.
\"നിനക്ക് എന്റെ പേര് എങ്ങിനെ കിട്ടി ? എന്നെക്കുറിച്ച് എങ്ങിനെ മനസ്സിലായി?\" അവനെ പേര് ചൊല്ലി വിളിച്ചതും അവന്റെ പരോപകാര മനസ്സിനെക്കുറിച്ച് അവൾ മനസ്സിലാക്കിയതും എങ്ങിനെയെന്ന് അത്ഭുതപ്പെട്ട് അവൻ ചോദിച്ചു.
അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു. : \"മത്സ്യകന്യക ആയിരിക്കുവോളം എനിക്ക് ഇന്ദ്രിയാതീതമായ കഴിവുകളുണ്ട് ശരത്തേ ! \"
അപ്പോളവൻ പറഞ്ഞു:
\"നിന്നെ ഇവിടുന്ന് രക്ഷപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ട്. അത് എങ്ങിനെ എന്ന് എനിക്ക് ഇപ്പോൾ പറയാനാവുന്നില്ല.
ഞാൻ നാളെ വീണ്ടും വരും.
അപ്പോൾ എന്റെ മുന്നിൽ ഒരു മാർഗവുമുണ്ടാകും. അതുവരെ നീ മത്സ്യകന്യകയായിത്തന്നെ തുടരേണ്ടിവരും. \"
അവൻ മനസ്സ് തെളിഞ്ഞ പുഞ്ചിരിയോടെ, മുന്നോട്ട് നടന്നു.
അക്വേറിയം കണ്ട് കഴിഞ്ഞ്, ശരത്തിനെ കാത്ത് നിന്നിരുന്ന ശ്യാമളച്ചേച്ചിയേയും മക്കളെയും വീട്ടിലാക്കി, ശരത്ത് നേരെ ഇലഞ്ഞിക്കര ദേവീക്ഷേത്രത്തിലേക്കാണ് പോയത്.
സ്വന്തം അമ്മയോട് പറയും പോലെ, തന്റെ എല്ലാ കാര്യങ്ങളും അമ്പലത്തിന് മുന്നിലെ ആൽത്തറക്കരികിൽ നിന്നാണ് ശരത്ത് എന്നും ദേവിയോട് പറയാറ്.
അതുപോലെ ഇന്നു നടന്നതും ശരത്ത്, ദേവിയുടെ മുന്നിൽ പറഞ്ഞു.
പിറ്റേന്ന് രാവിലെ ശരത്ത് നേരെ മറൈൻഅക്വേറിയത്തിലേക്ക് പോയി.
രാവിലെ പത്ത് മണിയോടെ ഏതോ സ്കൂളിൽ നിന്ന് വന്ന രണ്ട് ബസ്സ് നിറയെ കുട്ടികൾ അക്വേറിയത്തിനകത്തേക്ക് കടന്നു. അവർക്കിടയിലൂടെ ഉള്ളിലേക്ക് കടന്ന ശരത്ത്, ആ തിരക്കിനിടയിൽ നിന്ന് കൊണ്ട് , തന്റെ കയ്യിൽ കരുതിയിരുന്ന ഒരു വാട്ടർ കളർ ടാബ്‌ലറ്റ് മത്സ്യകന്യകയുടെ ടാങ്കിലേക്കിട്ടു.
നിമിഷ നേരം കൊണ്ട് നീല നിറമായി മാറിയ ആ ടാങ്കിലെ വെള്ളം, പെട്ടെന്ന് തന്നെ അവിടത്തെ ഒരു സ്റ്റാഫിന്റെ കണ്ണിൽ പെട്ടു.
അതിനുള്ളിൽ കിടന്നിരുന്ന രണ്ട് വലിയ മീനുകളെ എത്രയും പെട്ടെന്ന് പുറത്തെടുത്ത്, ടാങ്കിലെ വെള്ളം മുഴുവനായി അവർ വറ്റിച്ചു തീർത്തു .
ശ്രദ്ധയോടെ അകലേക്ക് മാറി നിന്ന് അതെല്ലാം നോക്കി നിന്ന ശരത്തിനരികിൽ സുന്ദരിയായ ഒരു
പെൺമണി തൊട്ടുനിന്നത് ആദ്യം അറിഞ്ഞതേയില്ല ശരത്ത്.
അവന്റെ കൈവിരലുകളിൽ, താമരയിതളൾ പോലെ മൃദുലമായ വിരലുകൾ തൊട്ടുരുമ്മാൻ തുടങ്ങിയത്, തന്റെ വിടർന്ന വിസ്മയക്കണ്ണുകളാൽ ശരത്ത് കണ്ടു.
ഇലഞ്ഞിക്കര ദേവിയുടെ മുന്നിലെ ആൽത്തറക്കരികിൽ, പരസ്പരം കഴുത്തിലണിഞ്ഞ താമരമാലകളുമായി തൊഴുകയ്യോടെ മിഴികളടച്ച് പ്രാർത്ഥിച്ചു നിൽക്കുകയാണിപ്പോൾ,
ഹൃദയം മുഴുവൻ നിറഞ്ഞു കവിഞ്ഞ അനുരാഗവുമായി, നമ്മുടെ ശരത്തും ഉത്തരേന്ത്യൻ സുന്ദരി കനികയും !
*******