Aksharathalukal

അപ്പൂപ്പൻ കഥകൾ - പ്രതാപസിംഹൻ രണ്ട്

തുടർച്ച.....

പ്രതാപസിംഹന്‍ -രണ്ട്

ശക്തസിംഹന്‍ നാടുകടത്തപ്പെട്ട് പലയിടത്തും ചുറ്റിനടന്നു. പ്രതപനോടുള്ള പകയാണ് ഉള്ളില്‍. പകവീട്ടാന്‍ ആരും സഹാ‍യം കൊടുക്കുന്നുമില്ല. കാടുകളിലും നാടുകളിലും ചുറ്റിത്തിരിഞ്ഞ് അവസാനം അക്ബറിന്റെ രാജധാനിയില്‍ ചെന്നുപെട്ടു.

മെഹറുന്നീസാ, ദൌളത്തുന്നീസാ എന്ന രണ്ടു യുവതികളുടെ നോട്ടപ്പുള്ളിയായതോടെ പുള്ളിയുടെ കാലം തെളിഞ്ഞു. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ മുഗളന്മാരുടെ കൂടെ കൂടി. അതി പരാക്രമിയായിരുന്നതുകൊണ്ട് അവരുടെ സേനയില്‍ ചേരാന്‍ പ്രയാസമുണ്ടായിരുന്നില്ല. അക്ബറിന്റെ സഹോദരീ പുത്രിമാരാണ് മേല്പറഞ്ഞ മെഹറുന്നീസയും, ദൌളത്തുന്നീസയും. ദൌളത്തിന് ശക്തനോട് കഠിനമായ പ്രേമം. അതിന് വേണ്ടവിധം വളമിടാന്‍ മേഹറും. എന്തിനു പറയുന്നു ശക്തന്‍ ദൌളത്തിനെ കെട്ടിയെന്നു പറഞ്ഞാല്‍ മതി.

അങ്ങിനെ ഇരിക്കുമ്പോഴാണ് യുദ്ധം. പ്രതാപനോടുള്ള പകതീര്‍ക്കാന്‍ ഇതുതന്നെ അവസരം എന്നു വിചാരിച്ച് യുദ്ധത്തിനു പോയതാണ്. പക്ഷേ സ്വന്തം ചേട്ടന്റെ വീരപരാക്രമം കണ്ട് മുഗ്ദ്ധനായിപ്പോയി.

പകതീര്‍ക്കാനായി സഹായം അഭ്യര്‍ത്ഥിച്ചു സമീപിച്ചവരെല്ലാം പ്രതാപനേക്കുറിച്ചു പറഞ്ഞ അപദാനങ്ങള്‍ താന്‍ ഇതാ നേരില്‍ കാണുന്നു. തന്റെ സ്വന്തം ചേട്ടന്‍ ‍-ഒറ്റയ്ക്ക്-ഒരു വ്യൂഹത്തില്പെട്ടിട്ടും ആ വ്യൂഹം തകര്‍ക്കുന്നു. ശക്തന് കുളിരുകോരി. അതാ ചേതക് മുറിവേറ്റ പ്രതാപനേയും കൊണ്ടു പായുന്നു. പിന്നാലെ രണ്ടു മുഗളന്മാരും. ചേട്ടനേ രക്ഷിക്കണം-മാപ്പു പറയണം. ശക്തന്‍ അവരുടെ പുറകേ പാഞ്ഞു.

ശക്തന്‍ നദികടന്നു ചെന്നപ്പോഴത്തേ കാഴ്ച-അവശനായ പ്രതാപസിംഹന്‍ രണ്ടുപേരോടെ ഒറ്റയ്ക്കു പൊരുതുന്നു. മുന്നിലും പിന്നിലും നിന്ന് ഒരേ സമയം ആക്രമിക്കുന്നവരോട് ഏറ്റുമുട്ടി പ്രതാപന്‍ അവശനായി നിലം പതിക്കുന്നു.

ശക്തനേകണ്ട് അവര്‍ വിളിച്ചു പറയുന്നു-അതാ വേറൊരു കാടന്‍ -മുഗളര്‍ അന്ന് രജപുത്രരേ വിളിക്കുന്നത് അങ്ങനെയാണ്. വാ അവനേയും ശരിപ്പെടുത്താം.

പക്ഷേ അവര്‍ക്കു തെറ്റിപ്പോയി. ശക്തന്റെ മുന്നില്‍ അവര്‍ ഒന്നുമല്ല. നിമിഷനേരം കൊണ്ട് ശക്തന്‍ അവരേ വകവരുത്തി.

ശക്തനേ കണ്ട പ്രതാപന്‍, അവന്‍ തന്നേ വധിക്കാന്‍ വന്നതാണെന്നാണ് കരുതിയത്. തന്നേ തോല്പിക്കാന്‍ നടത്തുന്ന ശ്രമമൊക്കെ അദ്ദേഹം അറിഞ്ഞുകൊണ്ടിരുന്നു. പക്ഷേ ദൌളത്തിനെ വിവാഹം കഴിച്ചതുമാത്രം ആരും അദ്ദേഹത്തോടു പറഞ്ഞില്ല.

ശക്തന്‍ പ്രതാപന്റെ അടുത്തുചെന്നു. കാല്‍ക്കല്‍ വീണു. ജ്യേഷ്ടാ ക്ഷമിക്കണം. അങ്ങയുടെ
മഹത്വമറിയാതെ ചെറുപ്പത്തിന്റെ വിവരക്കേടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടി--ഗദ്ഗദം കൊണ്ട് ശക്തനു വാക്കുകള്‍ പുറത്തുവന്നില്ല. പ്രതാപന്‍ അനുജനേ ആശ്ലേഷിച്ചു. പുറത്തു തലോടി ആശ്വസിപ്പിച്ചു.

ഇനി നമുക്കു നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനുള്ള പരിശ്രമമാണ് എന്റെ ജീവിതലക്ഷ്യം-ശക്തന്‍ പ്രഖ്യാപിച്ചു.

കാലം കടന്നുപോയി. ഇപ്പോള്‍ പ്രതാപന്‍ താമസിക്കുന്നത് കാട്ടിന്റെ നടുവിലാണ്. ഭീലന്മാരുടെ കൂടെ.

നമ്മുടെ ഏകലവ്യനില്ലേ-ദ്രോണാചാര്യരുടെ അടുത്തുചെന്ന് അസ്ത്രവിദ്യ പഠിക്കണമെന്നു പറഞ്ഞ് നടക്കാതെ പോയ ആള്‍. അദ്ദേഹം ഈ വംശത്തിലാണ് വളര്‍ന്നത്. അതി ശൂരന്മാരും സത്യസന്ധന്മാരും ആണ് അവര്‍. യുദ്ധത്തില്‍ തൊറ്റ് രാജ്യം നഷ്ടപ്പെട്ട പ്രതാപന്‍ അവിടെയാണ് താമസിക്കാന്‍ തീരുമാനിച്ചത്. അക്ബറിന്റെ മേധാവിത്വം അംഗീകരിച്ചാല്‍ രാജ്യം തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞതിനേ പുച്ഛിച്ചു തള്ളി--മേവാര്‍ തിരിച്ചുപിടിക്കുന്നതുവരെ കായ്കനികള്‍ ഭക്ഷിച്ച് വെറും നിലത്തേ കിടന്നുറങ്ങുകയുള്ളുവെന്ന വീരവൃതവുമായി കഴിയുകയാണ്. ഭാര്യയും മക്കളും കൂടെയുണ്ട്.

അക്ബറിന്റെ സദസ്സിലേ ഒരംഗമാണ് പ്രത്ഥ്വീ‍രാജന്‍ . കവിയാണ്. പണ്ടത്തേ ആസ്ഥാന കവികളുടെ പണി അറിയാമല്ലോ. രാജാവിനേ പുകഴ്തി കവിത രചിച്ചുകൊണ്ടിരിക്കണം. എങ്കിലേ സ്ഥാനം നിലനില്‍ക്കത്തൊള്ളു. നമ്മുടെ രാ‍ജ്യത്ത് ഒരു കവി രാജാവിനു കൊടുത്ത ഒരു കവിത കേള്‍ക്കണോ.

മര്‍ത്ത്യാകാരേണ ഗോപീ വസനനിര കവര്‍ന്നോരു ദൈത്യാരിയേത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര തവ നൃപനീതിക്കു തെറ്റില്ല പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെവിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്ത്യാ നിത്യം ഭവാനേ, കനിവിവളിലുദിക്കൊല്ല കാരുണ്യരാശേ.--വല്ലോം മനസ്സിലായോ-ഇല്ലെങ്കില്‍ കേട്ടോ.

മനുഷ്യവേഷം ധരിച്ച് ഗോപസ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച അസുരശത്രുവിനേ-അതായത് ശ്രീകൃഷ്ണനേ- അറസ്റ്റുചെയ്ത് മനസ്സില്‍ സൂക്ഷിക്കുന്ന വഞ്ചിരാജാവേ-അങ്ങയുടെ രാജധര്‍മ്മത്തിനു തെറ്റില്ല--കള്ളന്മാരേ പിടിക്കേണ്ടതു രാജാക്കന്മാരുടെ കടമയാണല്ലോ--പക്ഷേ ഒരു കുഴപ്പം. ലക്ഷ്മീദേവി തന്റെ ഭര്‍ത്താവിനേ മോചിപ്പിക്കാന്‍ ദാസിയേപോലെ അങ്ങയേ പരിചരിക്കുന്നു--അതായത് ദിവസംപ്രതി അങ്ങയുടെ ഐശ്വര്യം വര്‍ദ്ധിക്കുന്നുവെന്നു സാരം-- ഒരുകാലത്തും അവളില്‍ കാരുണ്യം ഉണ്ടാകരുതേ. ഇതാണ് അര്‍ത്ഥം--കൊള്ളാം അല്ലേ. നല്ല സമ്മാനം കിട്ടിക്കാണും.

ഇത്തരം കവിതകള്‍ എഴുതി രാജാവിനേ സന്തോഷിപ്പിക്കുകയായിരുന്നു പ്രത്ഥ്വീരാജന്റേയും പണി. അദ്ദേഹത്തിന്റെ ഭാര്യ--ജോശി എന്നാണ് പേര്--അതിസുന്ദരിയായിരുന്നു. അക്ബറിന് അവളേ ഒരു നോട്ടമുണ്ട്.

ഓ- ദേവേന്ദ്രന്റെ സ്വഭാവം--ശ്യാമിനു പെട്ടെന്നു കാര്യം പിടികിട്ടി.

അതെ. ഒരുദിവസം ജോശി ഭര്‍ത്താവിനെഅന്വേഷിച്ച് കൊട്ടാരത്തില്‍ എത്തി. ആരും അവിടെ ഇല്ല. അവള്‍ ഇങ്ങനെ കറങ്ങി നടക്കുമ്പോള്‍ അക്ബറിന്റെ മുന്നില്‍ പെട്ടു. കൊതിച്ചിരുന്ന അവസരം പ്രയോജനപ്പെടുത്താന്‍ അക്ബര്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തേ അമ്പരപ്പിച്ചുകൊണ്ട് ജോശി തന്റെ മടിയില്‍ സൂക്ഷിച്ചിരുന്ന കഠാര എടുത്ത് സ്വന്തം മാറില്‍ കുത്തിയിറക്കി. ഭാര്യ വന്നിട്ടുണ്ടെന്നറിഞ്ഞു അന്വേഷിച്ചു വന്ന പ്രത്ഥ്വീരാജന്റെ മുമ്പില്‍ മരിച്ചുവീണു.
പ്രത്ഥ്വീരാജനേ സമാധാനിപ്പിക്കാന്‍ അക്ബര്‍ പലതരത്തില്‍ ശ്രമം നടത്തി. ഉള്ളില്‍ പതഞ്ഞുപൊങ്ങുന്ന പകയുമായി പ്രത്ഥ്വീരാജന്‍ അവസരം പാര്‍ത്തു കഴിഞ്ഞു. പ്രതാപസിംഹന്റെ നീക്കവും കാത്ത്. അങ്ങിനെ ഇരിക്കുമ്പോഴാണ് അത് സംഭവിച്ചത്.

പ്രതാപസിംഹന്‍ അക്ബറുമായി സന്ധിക്കു തയ്യാറാണെന്നു പറഞ്ഞുള്ള കത്തുമായി പ്രതാപന്റെ ദൂതന്‍ അക്ബറിന്റെ അടുത്തെത്തി. കത്തു കിട്ടിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ആഘോഷം തുടങ്ങി.

തുടരും

അപ്പൂപ്പൻ കഥകൾ പ്രതാപസിംഹൻ മൂന്ന്

അപ്പൂപ്പൻ കഥകൾ പ്രതാപസിംഹൻ മൂന്ന്

0
167

പ്രതാപസിംഹന്‍ -മൂന്ന്\"അയ്യോ അമ്മേ കാട്ടുപൂച്ച! ഒരു നിലവിളി.\"എന്തവാ അപ്പൂപ്പാ ഈ പേടിപ്പിക്കുന്നത്-ആതിര ചോദിച്ചു.അതേ മോളേ പ്രതാപസിംഹന്റെ മൂന്നു വയസ്സുള്ള മകളുടെ പേടിച്ചുള്ള കരച്ചിലാണ് കേട്ടത്.. ഭാര്യയും , മകനും മകളുമായി അദ്ദേഹം കാട്ടില്‍ താമസിക്കുകയാണല്ലോ.സാമന്തന്മാരുമായി അക്ബറെ തോല്പിക്കുന്നതിനു വേണ്ടിയുള്ള പ്ലാനും പദ്ധതിയും ദിവസവും ചര്‍ച്ച ചെയ്യുമെങ്കിലും ഒരിടത്തും എത്തുന്നില്ല. സഹായികള്‍ കുറയുന്നു. ശമ്പളം കിട്ടാത്തതുകൊണ്ട് യോദ്ധാക്കളും ഉപേക്ഷിച്ചു തുടങ്ങി. ദേശസ്നേഹം കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ശക്തസിംഹന്റെ വിവരവും ഇല്ല. ആകെപ