Aksharathalukal

ബുദ്ധന്റെ കണ്ണുകൾ പതിഞ്ഞ കുട്ടി

ഭാഗം ഒന്ന്: 
------------------

വർഷങ്ങൾക്ക് മുൻപ് - 
---------------------------------------

എവിടുന്ന് തുടങ്ങണം എന്നാലോചിച്ച് കുളത്തിനരികിൽ നിൽക്കുകയായിരുന്നു ഞാൻ. ജോലിക്ക് പോകുന്നതിന് മുമ്പ് എന്റെ അച്ഛൻ എന്നെ എന്നും ഒരു പണി ഏൽപ്പിക്കും. അന്ന് രാവിലെ ഞങ്ങളുടെ വിശാലമായ പറമ്പിലുള്ള വലിയൊരു കുളം വൃത്തിയാക്കാൻ പറഞ്ഞിട്ടാണ് അച്ഛൻ പോയത്. 

ഞങ്ങളുടെ വീടിന് ചുറ്റുമുള്ള അഞ്ചേക്കർ സ്ഥലത്ത് ചെറുതും വലുതുമായ ഒമ്പത് കുളങ്ങൾ ഉണ്ട്. എല്ലാ അവധികളും എനിക്ക് പ്രവൃത്തി ദിവസങ്ങൾ പോലെയാണ്. 
 
പതിനൊന്ന് വയസ്സുള്ള ഒരു ആൺകുട്ടി, അവന്റെ അച്ഛന്റെ ശക്തമായ ആജ്ഞകൾ കേട്ട് ഭയന്നാൽ, ആ പ്രായത്തിൽ എന്ത് ജോലിയും ചെയ്തു പോകും. ഭയം കാരണം, അച്ഛന്റെ നിഴൽ കണ്ടാൽ ഒരിഞ്ച് പോലും അനങ്ങാൻ പറ്റാതെ നിന്നു പോവുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അച്ഛന്റെ ഒറ്റ നോട്ടത്തിൽത്തന്നെ ഞാൻ മരവിച്ചു പോകും.  

അച്ഛൻ എന്നോട് എന്തെങ്കിലും ചെയ്യാൻ ആജ്ഞാപിക്കുമ്പോൾ ഒരക്ഷരം പോലും വിടാതെ ഞാൻ ശ്രദ്ധിച്ചു കേൾക്കും. കാരണം,  
\' എന്താ പറഞ്ഞത് , ഞാൻ ശരിക്ക് കേട്ടില്ല \'എന്ന് അച്ഛനോട് പറഞ്ഞാൽ തീർന്നു. അടി എപ്പോൾ കിട്ടി ചത്തു എന്ന് നോക്കിയാൽ മതി. 
അതേ സമയം, ആരുടെയെങ്കിലും തെറ്റ് കുറ്റങ്ങളെക്കുറിച്ചാണെങ്കിൽ, എത്ര വട്ടം വേണമെങ്കിലും, പറഞ്ഞത് തന്നെ വീണ്ടും വീണ്ടും അച്ഛൻ പറഞ്ഞുകൊണ്ടിരിക്കും.

ഞങ്ങളുടെ പറമ്പിലെ ആ വലിയ കുളം പൂർണമായും ആഫ്രിക്കൻ കളകളാൽ മൂടപ്പെട്ടിരുന്നു. ഒരു ഹാഫ് ട്രൗസറും ധരിച്ച്, ഒരു വലിയ മുളങ്കുട്ടയും തൂക്കി, ഞാൻ മുട്ടോളം വെള്ളത്തിൽ നിന്നു. 
 
നീന്തൽ അറിയുമെന്നതിനാൽ കുളത്തിന്റെ ആഴത്തിന്റെ കാര്യത്തിൽ എനിക്ക് പേടിയുണ്ടായിരുന്നില്ല. പക്ഷെ പാമ്പുകളെ എനിക്ക് വല്ലാത്ത പേടിയായിരുന്നു. 

ആ വലിയ പറമ്പിലുള്ള ഒൻപത് കുളങ്ങളിൽ ഏഴും വിഷക്കാവിനോട് ചേർന്നാണ്. അവ ചെറിയ നാഗക്ഷേത്രങ്ങൾ തന്നെയാണ്. ഈ വിഷക്കാവുകളിൽ വർഷത്തിലൊരിക്കൽ പൂജയ്ക്കല്ലാതെ മറ്റാരും കടന്നുചെല്ലാൻ ധൈര്യപ്പെടാറില്ല.

ചുറ്റും കട്ടിയുള്ള കുറ്റിക്കാടുകളാലും കാട്ടുമരങ്ങളാലും ചുറ്റപ്പെട്ട അവിടം പകൽസമയങ്ങളിൽ പോലും ഇരുട്ട് മൂടി നിന്നിരുന്നു. ചെങ്കല്ലുകൾ കൊണ്ട് പണിത വലിയ തിട്ടകളിലാണ് നാഗരൂപങ്ങളെ പ്രതിഷ്ഠിച്ചിരുന്നത്. ആ പ്രദേശത്ത് നുഴഞ്ഞുകയറാനോ , ശബ്ദം കൊണ്ട് പോലും അവിടെ ചെന്ന് ശല്യപ്പെടുത്താനോ ആരും ധൈര്യപ്പെട്ടിരുന്നില്ല.

ഭയപ്പെടുത്തുന്ന പല കെട്ടുകഥകളും ഈ കാവുകളുമായി ബന്ധപ്പെട്ട് അന്ന് പ്രചാരത്തിലുണ്ടായിരുന്നു.  
പല രാത്രികളിലും ഞാൻ പാമ്പുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വപ്നം കണ്ട് ഭയത്തോടെ ഞെട്ടി ഉണർന്നിട്ടുണ്ട്.

ഞാൻ കുളത്തിൽ നിന്നുകൊണ്ട്, മുളങ്കുട്ടയിൽ ആഫ്രിക്കൻ പായൽ ശേഖരിച്ചു കൊണ്ടിരുന്നു.  
പാമ്പുകളുടെ ഒരു ചെറിയ അനക്കം പോലും പിടിച്ചെടുക്കാൻ തക്കവണ്ണം കണ്ണും കാതും ഏകാഗ്രമാക്കി , ഭയത്തോടെ ചുറ്റും വീക്ഷിച്ചുകൊണ്ട് , ഞാൻ തിടുക്കത്തിൽ പായൽ കോരിക്കൊണ്ടിരുന്നു.
 
അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കൊണ്ട് ,കുട്ടയിൽ പായൽ നിറച്ച്, കരയിലേക്ക് കയറ്റി, ഓരോ തെങ്ങിൻ്റെ ചുവടിന് ചുറ്റുമായി ഞാൻ അത് ഇട്ടുകൊണ്ടിരുന്നു. 

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ തളർന്നു തുടങ്ങിയിരുന്നു. കിതപ്പകറ്റാൻ കുറച്ച് നേരം കുളത്തിന്റെ ഒരു കരിങ്കൽ പടിയിൽ ഞാൻ ഇരുന്നു.

ഞങ്ങളുടെ പറമ്പിന് പടിഞ്ഞാറ് വിശാലമായ നെൽപ്പാടമാണ്. കൊയ്ത്തു കഴിഞ്ഞാൽ ആ പാടങ്ങൾ കുട്ടികളുടെ പ്രധാന കളിസ്ഥലമായി മാറുകയാണ് പതിവ്. എന്റെ പ്രായത്തിലുള്ള ആൺകുട്ടികളുടെ ഉറക്കെയുള്ള ആർപ്പുവിളി കുളത്തിനരികെ നിന്നാൽ എനിക്ക് കേൾക്കാം. അവരൊക്കെയും എന്റെ കൂട്ടുകാരാണ്.

അച്ഛൻ കാലത്ത് ഏൽപ്പിച്ച പണി പൂർത്തിയാക്കാതെ എനിക്ക് അവരുടെ കൂടെ പോയി കളിക്കാൻ പറ്റില്ല. അല്ലാതെ പോയാൽ, അമ്മ എന്നോട് സ്ഥിരമായി പറയും പോലെ, 
\' അച്ഛൻ നിന്നെ കൊല്ലും ട്ടാ\'.

വീട്ടിൽ എത്തിയ ഉടൻ അച്ഛൻ അമ്മയോട് ആദ്യം ചോദിക്കുക എന്താണെന്നോ? \"ഡീ, ഞാൻ രാവിലെ അവനോട് പറഞ്ഞ പണി ചെയ്ത് തീർത്തോ അവൻ ?\" 
വന്ന പാടെ തന്നെ, ആദ്യം ഈ ചോദ്യം ചോദിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവാറില്ല. ഒരുപക്ഷേ, തന്റെ അടക്കിവച്ച കോപം മുഴുവൻ എന്റെ മേൽ ചൊരിയാൻ ഒരു കാരണം കണ്ടുപിടിക്കുന്നതാകുമോ അച്ഛൻ? എനിക്കറിയില്ല.
ചിലപ്പോൾ ആയിരിക്കാം. ആർക്കറിയാം !

അച്ഛൻ എന്നോട് അധികം സംസാരിക്കാറൊന്നുമില്ല. അഥവാ സംസാരിക്കുന്നെങ്കിൽ അത് ആജ്ഞാപിക്കലിന്റെ സ്വരത്തിലാവും. ഒരിക്കലും അച്ഛൻ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചതായി എനിക്കോർമ്മയില്ല.
 
അച്ഛന്റെ സ്വരമൊന്നുയർന്നാൽ, ഇടിമിന്നൽ പോലെ, ഒരു തീവേര് എന്റെ ഉള്ളിലേക്ക് പടർന്ന് , എന്റെ തല മുതൽ പാദം വരെ അത് എന്നെ വിറപ്പിച്ച് നിർത്തും. ഒറ്റയടിക്ക് കൊല്ലപ്പെടാൻ പോകുന്ന ഒരു ചെറു പ്രാണിയാണ് ഞാനെന്ന് എനിക്കപ്പോൾ തോന്നും.

അച്ഛന്റെ നേരെ നോക്കാൻ എനിക്ക് ഒട്ടും ധൈര്യമില്ലായിരുന്നു. പക്ഷെ ഞാൻ എന്റെ അച്ഛനെ ദൂരത്ത് നിന്ന് നോക്കും. അല്ലെങ്കിൽ എതെങ്കിലും വാതിൽവിടവിലൂടെ ഒളിച്ച് നോക്കും. 
എന്റെ അച്ഛൻ കാണാൻ എത്ര സുന്ദരനാണ് ! എന്നിട്ട് താനെന്താണ് ഇങ്ങിനെ കറുപ്പാണ്ടി ആയിപ്പോയത് ?  
*******
തുടരും..

Part 2

Part 2

4
419

ഭാഗം 2:അച്ഛൻ ഉടുക്കുന്ന എല്ലാ വസ്ത്രങ്ങളും തികച്ചും ട്രെൻഡിയായിരിക്കും. ചുളിവുകളൊന്നുമില്ലാതെ, ഇസ്തിരിയിട്ടവ മാത്രമേ അച്ഛൻ ധരിക്കൂ. അച്ഛൻ ചിരിക്കുമ്പോൾ കട്ടിയുള്ള മേൽമീശയും അതിനു താഴെ വെളുവെളുത്ത നിരയൊത്ത പല്ലുകളും ആ ചിരിക്ക് മാറ്റു കൂട്ടും.അന്നേരം അച്ഛന് ഒരു സിനിമാ താരത്തിന്റെ ലുക്കാണ്.ഉമ്മറവാതിലിന്റെ വിടവിലൂടെ ആണ് എന്റെ നോട്ടമെങ്കിൽ, ഭയം കൂടാതെ ഞാൻ എന്റെ അച്ഛനെ എത്ര നേരമെങ്കിലും നോക്കി നിൽക്കും.ഞാൻ അച്ഛനെപ്പോലെ ആയിരുന്നില്ല. എന്റെ നിറം ഇരുണ്ടതായിരുന്നു. പറമ്പിൽ പണിയെടുത്ത് നല്ലോണം വെയിൽ കൊണ്ടതു കൊണ്ടാവുമോ എന്തോ, എന്റെ തൊലി ഇരുണ്ടതായിരുന