Part 2
ഭാഗം 2:
അച്ഛൻ ഉടുക്കുന്ന എല്ലാ വസ്ത്രങ്ങളും തികച്ചും ട്രെൻഡിയായിരിക്കും. ചുളിവുകളൊന്നുമില്ലാതെ, ഇസ്തിരിയിട്ടവ മാത്രമേ അച്ഛൻ ധരിക്കൂ.
അച്ഛൻ ചിരിക്കുമ്പോൾ കട്ടിയുള്ള മേൽമീശയും അതിനു താഴെ വെളുവെളുത്ത നിരയൊത്ത പല്ലുകളും ആ ചിരിക്ക് മാറ്റു കൂട്ടും.
അന്നേരം അച്ഛന് ഒരു സിനിമാ താരത്തിന്റെ ലുക്കാണ്.
ഉമ്മറവാതിലിന്റെ വിടവിലൂടെ ആണ് എന്റെ നോട്ടമെങ്കിൽ, ഭയം കൂടാതെ ഞാൻ എന്റെ അച്ഛനെ എത്ര നേരമെങ്കിലും നോക്കി നിൽക്കും.
ഞാൻ അച്ഛനെപ്പോലെ ആയിരുന്നില്ല. എന്റെ നിറം ഇരുണ്ടതായിരുന്നു. പറമ്പിൽ പണിയെടുത്ത് നല്ലോണം വെയിൽ കൊണ്ടതു കൊണ്ടാവുമോ എന്തോ, എന്റെ തൊലി ഇരുണ്ടതായിരുന്നു.
അനുസരണയില്ലാത്ത, മുള്ളൻപന്നിയുടെ മുള്ളുകൾ പോലെ നിവർന്നു നിൽക്കുന്ന, കട്ടിയുള്ള മുടിയായിരുന്നു എനിക്ക് . എന്റെ നിര തെറ്റിയ പല്ലുകളെയോർത്ത് ഞാൻ വല്ലാതെ ലജ്ജിക്കുന്നതിനാൽ, ഒരിക്കലും ഞാൻ പൂർണ്ണമായി പുഞ്ചിരിക്കാറു പോലുമില്ല.
എന്റെ അമ്മായി പറയും: \'\'ബാലു അവന്റെ അമ്മാവനെപ്പോലെയാ. അവൻ ഞങ്ങളുടെ വീട്ടിലെ കുട്ടിയാ.\'\'
എനിക്ക് അമ്മായിയോട് വെറുപ്പ് തോന്നുന്ന ഓരേ ഒരു കാര്യം ഈ പറച്ചിൽ കേൾക്കുന്നത് മാത്രമാണ്. അതൊഴിച്ചാൽ അമ്മായിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മായിക്ക് എന്നെയും ഒരു പാട് ഇഷ്ടമാണെന്ന് എനിക്കറിയാം.
ഞങ്ങളുടെ വീട്ടിൽ വരുമ്പോഴെല്ലാം അമ്മായി എനിക്കായി നാടൻ പലഹാരങ്ങൾ കൊണ്ടുവരും. ഞാൻ പതിവു പോലെ, അച്ഛൻ ഏൽപ്പിച്ച എന്തെങ്കിലും ബുദ്ധിമുട്ടുള്ള പണിയിലാണെങ്കിൽ, അത് എത്രയും വേഗം ചെയ്തുതീർക്കാൻ അമ്മായി എന്നെ സഹായിക്കും.
അച്ഛന് അമ്മായിയെ ഒട്ടും ഇഷ്ടമായിരുന്നില്ല.
ഒരിക്കൽ ഞങ്ങളുടെ വീടിന് അടുത്തുള്ള ക്ഷേത്രോത്സവത്തിന് വന്നപ്പോൾ അമ്മായി എനിക്ക് ഒരു പത്തു രൂപാ നോട്ട് തന്നു. ഇതറിഞ്ഞ അച്ഛൻ അമ്മായിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയതിന് എന്നെ പൊതിരെ തല്ലി തൊലി പൊളിച്ചു. എന്റെ ബന്ധുക്കളിൽ നിന്ന് ഒരു കാരണവശാലും പണം സമ്മാനമായി സ്വീകരിക്കരുതെന്ന് എനിക്ക് മുന്നറിയിപ്പും നൽകി.
അമ്മയ്ക്കും അച്ഛനെ ഭയമായിരുന്നു. അമ്മ എപ്പോഴും ആ ഭയം എന്നിലേക്ക് പകരുകയും ചെയ്യും.
എല്ലാ പ്രഭാതങ്ങളും എനിക്ക് ഭയം നിറഞ്ഞതായിരുന്നു. സൂര്യോദയത്തിന് മുൻപ് തന്നെ, അച്ഛൻ ഉണരുന്നതിന് മുൻപേ ഞാൻ പാൽ വാങ്ങി കൊണ്ടുവരും. അമ്മ ചായ ഉണ്ടാക്കി അച്ഛന്റെ കട്ടിലിനരികിലുള്ള ടേബിളിൽ വച്ച് ശബ്ദമുണ്ടാക്കാതെ അച്ഛനെ ഉണർത്തും. അമ്മ ഇതെല്ലാം ചെയ്യുന്നത് പട പടാ മിടിക്കുന്ന നെഞ്ചിടിപ്പോടെയാണെന്ന് എനിക്കറിയാം.
എന്റെ പ്രഭാത വേല കഴിഞ്ഞിട്ടില്ല.
ഇനി പത്രക്കാരൻ വരുന്ന നേരം, ആ പത്രം, അത് തുറന്നു വായിക്കാതെ തന്നെ എടുത്ത് കൊണ്ടുവരണം. എന്നിട്ട് സിറ്റ്-ഔട്ടിന്റെ ഒരു വശത്ത് ഇട്ടിരിക്കുന്ന അച്ഛന്റെ മാത്രമായ കസേരയ്ക്ക് സമീപമുള്ള ടീ-പോയിയിൽ വയ്ക്കണം.
ഞങ്ങളുടെ വീട്ടിൽ അന്നേരം താമസിക്കുന്ന ഏതെങ്കിലും അതിഥിയോ ബന്ധുവോ ഉണ്ടെങ്കിൽ, അവരാരും തന്നെ അച്ഛൻ വായിക്കുന്നതിന് മുൻപേ ആ പത്രം തുറന്ന് വായിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കണം. തനിക്ക് മുന്നേ മറ്റാരെങ്കിലും പത്രം തുറന്ന് വായിക്കുന്നത് അച്ഛന് കലിയാണ്. അത്ര തന്നെ !
ഇതൊക്കെ കൊണ്ട്തന്നെ രാവിലെ അച്ഛന് കലി വരാതെ നോക്കേണ്ടത് എന്റെ ജോലിയായിരുന്നു.
ഒരു ദിവസം അതിരാവിലെ അച്ഛന്റെ സഹായം തേടി ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് ഒരാൾ വീട്ടിൽ വന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
അച്ഛൻ ഉണർന്ന് സിറ്റ് ഔട്ടിൽ പ്രവേശിക്കുമ്പോൾ, ഇടതുകൈയിൽ അമ്മ കൊടുത്ത ചുടു ചായയുമായി, ഈ പാവം അച്ഛന്റെ കസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു. അച്ഛന്റെ ഉള്ളിൽ ദേഷ്യത്തിന്റെ കനൽ, കത്തി ഉയരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എന്താണ് സംഭവിക്കുക എന്ന് കാണാൻ കഴിയുന്ന ഒരു സ്ഥലത്ത് ഞാൻ മറഞ്ഞു നിന്നു. അയാളുടെ സഹായാഭ്യർത്ഥന കേൾക്കാൻ നിൽക്കാതെ, അഹങ്കാരം മൂപ്പിച്ച കോപത്താൽ, ഇരുമ്പ് പഴുത്ത പോലെ ജ്വലിച്ചു നിന്ന അച്ഛൻ, അയാളെ ഓടിച്ചു വിട്ടു.
അച്ഛന്റെ പെട്ടെന്നുള്ള ആ പ്രതികരണത്തിന്റെ കാരണം മനസ്സിലാവാതെ ആ പാവം നിരാശയോടെ നടന്നുപോകുന്നത് ഞാൻ കണ്ടു.
എന്റെ അച്ഛന്റെ നാലു സഹോദരന്മാരിൽ ഒരാൾ പോലും അച്ഛന്റെ മുന്നിൽ ഇരിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല.
*******
തുടരും..
part 3
ഭാഗം 3അച്ഛൻ രാവിലെ ഏൽപ്പിച്ച , കുളത്തിലെ പായൽ വാരുന്ന ജോലി ഭംഗിയായി തീർത്തതിൽ ഞാൻ സംതൃപ്തനായിരുന്നു. പായലൊക്കെ വാരിക്കളഞ്ഞപ്പോൾ കുളം ഒത്തിരി വൃത്തിയായി. ആഫ്രിക്കൻ പായലൊന്നും എവിടെയും കാണുന്നില്ലെന്ന് ഞാൻ ഉറപ്പു വരുത്തി. അത് ഞാൻ ഒരു പെർഫെക്ഷനിസ്റ്റ് ആയതുകൊണ്ടല്ല. എനിക്ക് പണി തരുമ്പോഴെല്ലാം അത് ഇഴപിരിച്ച് പരിശോധിക്കുന്ന എന്റെ ഇൻസ്പെക്റ്ററച്ഛന്റെ രോഷം നേരിടാൻ എനിക്ക് കെൽപ്പില്ലാത്തതു കൊണ്ടാണ്.. അതിനാൽത്തന്നെ, തന്നിരിക്കുന്ന എല്ലാ ജോലികളും ഞാൻ ഒരു പെർഫെക്ഷനിസ്റ്റിനെപ്പോലെ ചെയ്തു തീർക്കുമായിരുന്നു.എനിക്ക് നല്ല വിശപ്പ് തോന്നി. ഞാൻ മെല്ലെ അടുക്കള