Part 6
ഭാഗം 6
അമ്മയുടെ ബന്ധുക്കൾ വല്ലപ്പോഴും ഒരിക്കലേ ഞങ്ങളുടെ വീട്ടിലേക്ക് വരികയുള്ളൂ. അച്ഛൻ വീട്ടിലുണ്ടെങ്കിൽ അവർ ശബ്ദം താഴ്ത്തി മാത്രമേ സംസാരിക്കൂ. അവർക്കും അച്ഛനെ ഭയമായിരുന്നു. അവരുടെ കുട്ടികളുമായി കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴൊക്കെ അച്ഛൻ ദേഷ്യപ്പെടുമെന്ന് അമ്മ മുന്നറിയിപ്പ് നൽകും.
അതൊഴിവാക്കാൻ ഞങ്ങൾ പറമ്പിന്റെ അങ്ങേയറ്റത്തേക്ക് പോകും. അവിടെ ഞങ്ങൾ കളിക്കുന്നത് അച്ഛന് കേൾക്കാനോ കാണാനോ കഴിയില്ല.
ആ നാളുകളിൽ ക്ഷേത്രോത്സവങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. കാരണം, അവിശ്വാസിയായി അറിയപ്പെട്ടിരുന്നതിനാൽ അച്ഛൻ ഒരിക്കലും ക്ഷേത്രങ്ങളിൽ പോകാറില്ല. അതുമാത്രമല്ല, അക്കാലത്ത് വിശ്വാസിയല്ല എന്നു പറയുന്നതും ഒരു ഫാഷനായിരുന്നു. ക്ഷേത്രപരിസരങ്ങളിലൊന്നും അച്ഛന്റെ സാന്നിദ്ധ്യം ഉണ്ടാവില്ല എന്ന ഉറപ്പ് എനിക്ക് വലിയ സ്വാതന്ത്ര്യമാണ് നൽകുക. മറ്റിടങ്ങളിലൊക്കെ , എവിടെ നിന്നെങ്കിലും അച്ഛനെന്നെ നിരീക്ഷിക്കുന്നുണ്ടാകുമെന്ന ഭയം എന്റെ പുറകിൽ എപ്പോഴുമുണ്ടാകും.
ക്ഷേത്രപരിസരത്ത് വലിയ ശബ്ദത്തോടെയുള്ള താളമേളങ്ങളിൽ ലയിച്ച്, ചുറ്റുമുള്ള ആളുകളുടെ ഉയർന്ന ശബ്ദ കോലാഹലങ്ങളോടൊപ്പം എനിക്ക് ഭയമില്ലാതെ ഉറക്കെ ചിരിക്കാൻ, ആ അമ്പലപരിസരത്തു വച്ചു മാത്രമേ കഴിയുമായിരുന്നുള്ളൂ.
ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം അവിടെയൊക്കെ ചുറ്റിനടന്നു. കുറച്ചു നേരത്തേക്കാണെങ്കിലും എന്റെ സ്വാതന്ത്ര്യം ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു.
അമ്പല മുററത്തുനിന്ന് ഒന്നും വാങ്ങുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. അതിന് എന്റെ കയ്യിൽ പണവുമില്ല. ആരും എനിക്ക് അതിനായി പണം തന്നുമില്ല. ഞാൻ നേരത്തേ പറഞ്ഞില്ലേ, എന്റെ അടുത്ത ബന്ധുക്കളിൽ നിന്ന് പോലും സമ്മാനമായി പണം സ്വീകരിക്കരുതെന്ന അച്ചന്റെ കർശന ഉത്തരവിനെക്കുറിച്ച്?
അതിനാൽ തന്നെ എനിക്കൊന്നും തന്നെ വാങ്ങണമെന്നും തോന്നിയില്ല. എനിക്കതിനെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല.
എന്റെ അപ്പൂപ്പൻ എന്റെ അച്ഛനിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. അപ്പൂപ്പനോടൊപ്പം ചിലവഴിച്ച ബാല്യകാല ദിനങ്ങൾ എന്റെ ബാല്യകാലത്തിന്റെ സുവർണ്ണ നാളുകളായി ഞാൻ ഇന്നും സൂക്ഷിക്കുന്നുണ്ട്. കുട്ടിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ കണ്ണ് നനയുന്നത് അപ്പൂപ്പനുമൊത്തുള്ള എന്റെ നിമിഷങ്ങളോർത്തു മാത്രമാണ്.
അപ്പൂപ്പന്റേത് വളരെ ലളിത ജീവിതമായിരുന്നു. അപ്പൂപ്പന്റെ ദിനചര്യകൾ എന്റെ അച്ഛന്റേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
അപ്പൂപ്പൻ എന്നും അതിരാവിലെ എഴുന്നേൽക്കും. അതു കഴിഞ്ഞ് ഒന്നര കിലോമീറ്ററോളം നടന്ന് കുമാരേട്ടന്റെ ചായക്കടയിലെത്തും.
തിരികെ നേരെ തന്റെ ചെറിയ കൃഷിയിടത്തിലേക്ക്.
അപ്പൂപ്പന്റെ ജലസേചന സംവിധാനം മാനുവൽ ആയിരുന്നു; എല്ലാ ചെടികൾക്കും മരങ്ങൾക്കും നനയ്ക്കാൻ അപ്പൂപ്പൻ മൺകുടങ്ങളാണ് ഉപയോഗിക്കുക.
എന്റെ അച്ഛനനെപ്പോലെയല്ല, അപ്പൂപ്പൻ. തന്റെ കൃഷിയിടത്തിലെ പണിയെല്ലാം സ്വയം ചെയ്യും. സ്വന്തം കൈകൾ കൊണ്ട് ചെളിയോ മണലോ വാരാൻ അപ്പൂപ്പന് അറപ്പോ മടിയോ ഉണ്ടായിരുന്നില്ല.
ഇതിനിടെ കൃഷിയിടത്തിലെ തന്റെ ജോലിക്കിടയിൽ ഉച്ചഭക്ഷണത്തിന് പാകം ചെയ്യാൻ അമ്മൂമ്മക്ക് പച്ചക്കറികൾ കൊണ്ടു കൊടുക്കുകയും ചെയ്യും അപ്പൂപ്പൻ.
ഏകദേശം രണ്ടു മണിയാകുമ്പോൾ അപ്പൂപ്പൻ കൃഷിയിടത്തിലെ ജോലി പൂർത്തിയാക്കി അടുത്തുള്ള ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാൻ പോകും. പലതവണ അപ്പൂപ്പനോടൊപ്പം ഞാൻ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ പോയിട്ടുണ്ട്.
ആ മൂരുകക്ഷേത്രത്തിനു മുന്നിൽ തന്നെയാണ് തെളിഞ്ഞ ശുദ്ധജലമുള്ള വലിയ വിശാലമായ ക്ഷേത്രക്കുളം.
ആ കുളത്തിനടിയിലേക്ക് മുങ്ങാം കുഴിയിട്ട് ചെന്ന് കണ്ണു തുറന്ന് നോക്കിയാൽ ക്ഷേത്രക്കുളത്തിന്റെ അടിയിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ പ്രതിമ കാണാം. ഒരിക്കൽ, മുത്തച്ഛനാണ് എനിക്കത് കാണിച്ചുതന്നത്.
കുളത്തിന്റെ ഒരു വശത്ത് വലിയ താമരപ്പൂക്കൾ അതിന്റെ മുഴുവൻ മനോഹാരിതയിൽ വിരിഞ്ഞു നിൽക്കും. ക്ഷേത്രത്തിലെ വഴിപാടുകൾക്കായി മാത്രമാണ് ഈ താമരപ്പൂക്കൾ പറിക്കുക.
ധാരാളം ഭക്തർ ആ കുളത്തിൽ കുളിക്കുവാൻ എത്തും.
ഞാൻ ആ കുളത്തിലാണ് നീന്തൽ പഠിച്ചത്.
മുത്തച്ഛൻ കുളികഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലേക്ക് തിരികെയെത്തും.
ഒരു പുല്ലുപായയിലിരുന്ന്,
പണ്ടൊരിക്കൽ ഒരു നമ്പൂതിരി അപ്പൂപ്പന് ഉപദേശിച്ചു കൊടുത്ത \"ഓം ഷഡാനനം ... \" എന്നു തുടങ്ങുന്ന മുരുകസ്തോത്രം എത്രയോ വട്ടം ചൊല്ലലാണ് പിന്നെ . ഇത് അദ്ദേഹത്തിന്റെ പതിവ് ആത്മീയ പരിശീലനമായിരുന്നു.
അതൊരിക്കലും അപ്പൂപ്പൻ മുടക്കിയിരുന്നില്ല.
അതിനു ശേഷം ഉച്ചയൂണും കഴിച്ച്, കുറച്ചു നേരം ഉറങ്ങും. വൈകുന്നേരം ദീപാരാധന ദർശനത്തിനായി അതേ മുരുകക്ഷേത്രത്തിലേക്ക് പോകും.
സീസണിൽ സ്വന്തം കൃഷിയിടത്തിലെ മാമ്പഴങ്ങൾ കൂടാതെ, അടുത്തുള്ള പറമ്പുകളിൽ നിന്നുമുള്ള മാവുകളിലെ മാങ്ങകളും അപ്പൂപ്പൻ വാങ്ങും. അവ മൂപ്പെത്തുമ്പോൾ വളരെ ശ്രദ്ധയോടെ പറിച്ചെടുത്ത് പഴുക്കാൻ സൂക്ഷിക്കും. ഞാനുൾപ്പെടെയുള്ള പേരക്കുട്ടികൾക്ക് പഴുപഴുത്ത മധുരമൂറുന്ന ചക്കയും മാമ്പഴവും
കൊതി തീരെ കഴിക്കാൻ തരും അപ്പൂപ്പൻ.
ഞങ്ങൾ പേരക്കുട്ടികൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ പറിച്ചു തിന്നാൻ വേണ്ടി, തന്റെ മുറിയിൽ ചെറിയ വാഴപ്പഴക്കുലകൾ കെട്ടിത്തൂക്കി ഇടുമായിരുന്നു അപ്പൂപ്പൻ.
പിറന്നാളിനും ഓണം വിഷു എന്നീ ആഘോഷ ദിവസങ്ങളിലും അപ്പുപ്പൻ അടുക്കളയിൽ കയറും. അന്ന് ഞങ്ങൾക്കായി അപ്പുപ്പൻ പ്രത്യേക വിഭവങ്ങൾ പാകം ചെയ്യും.
ഇങ്ങിനെയൊക്കെയാണ് അപ്പുപ്പൻ ഞങ്ങളോടുള്ള തന്റെ നിഷ്ക്കളങ്കമായ സ്നേഹവും വാൽസല്യവും കാണിക്കുക.
ആ ബാല്യകാല ദിനങ്ങളൊക്കെ എനിക്ക് ആഹ്ളാദത്തിന്റെ ആഘോഷമായിരുന്നു. എന്റെ ജീവിത ചിന്തകൾക്ക് ബാല പാഠങ്ങളാകാൻ അപ്പുപ്പന്റെ ജീവിത രീതി എന്നെ സഹായിച്ച എന്നു വേണം കരുതാൻ. നിശ്ശബ്ദമായി അന്ന് പഠിച്ച പല പാഠങ്ങളും ജീവിതത്തിൽ ആത്മീയ ശക്തിയോടെ ലളിതമായി ജീവിക്കാൻ അദ്ദേഹം എന്നെ പരുവപ്പെടുത്തി.
*******
തുടരും..
part 7
ഭാഗം 7എന്റെ പഠന പുരോഗതിയിൽ അച്ഛന് ഒട്ടും മതിപ്പു തോന്നിയിരുന്നില്ല. അതിന്റെ പേരിൽ അച്ഛൻ എന്നെ വല്ലാതെ വെറുക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ ലഭ്യമായ മസ്തിഷ്ക ശേഷി ഉപയോഗിച്ച് ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. ഉയർന്ന മാർക്ക് വാങ്ങുന്ന മറ്റ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഞാൻ അസൂയയോടെയാണ് നോക്കിയിരുന്നത്.എങ്ങിനെയെങ്കിലും നന്നായി പഠിക്കട്ടെ എന്നു കരുതിയാവും,\' ഗൈഡ്സ്\' എന്ന പേരിൽ പഠനം എളുപ്പമാക്കാനിറങ്ങുന്ന പുസ്തകങ്ങളും അച്ഛൻ വാങ്ങിത്തരുമായിരുന്നു. പക്ഷേ, ഇതൊന്നും കൊണ്ട് എന്റെ പഠനനിലവാരം ഉയർന്നില്ല. അച്ഛന് ഇക്കാര്യം കൊണ്ടും എന