Aksharathalukal

part 9

ഭാഗം 9

ഞാൻ ഇതുവരെ ഒരു റെയിൽവേ സ്റ്റേഷനിൽ പോയിട്ടില്ല. ചുറ്റുമുള്ളതെല്ലാം വീക്ഷിച്ചുകൊണ്ട് ഞാൻ അവിടെ നിന്നു. 
അവിടെക്കണ്ട യാത്രക്കാരുടെ കൈകളിൽ ഒരു ബാഗോ സഞ്ചിയോ ഒക്കെ കാണാനുണ്ടായിരുന്നു. അപ്പോഴാണ് ഞാനോർത്തത് , ഞാൻ വെറും കയ്യോടെയാണ് വീടിന്റെ പടിയിറങ്ങിയതെന്ന്.

ഞാൻ വീട്ടിൽ നിന്ന് ഒന്നും തന്നെ എടുത്തിരുന്നില്ല. ഒരു ഹാഫ് ട്രൗസറും കോട്ടൺ ഷർട്ടുമാണ് ഞാൻ ധരിച്ചിരുന്നത്. എന്റെ കയ്യിൽ പണവുമില്ലായിരുന്നു.  
എന്നിട്ടും എനിക്ക് പരിഭ്രമമോ വിഷമമോ ഒന്നും തോന്നിയില്ല.

ഞാൻ ആദ്യമായി ശുദ്ധവായു ശ്വസിക്കുകയാണെന്ന് എനിക്ക് തോന്നി. അവിടെ കണ്ട ടാപ്പിൽ നിന്നും ഞാൻ കുറച്ചു വെള്ളം കുടിച്ചു. പ്ലാറ്റ്‌ഫോമിൽ നിന്ന് കിട്ടിയ തണുത്ത വെള്ളത്തിൽ മുഖം കഴുകി. അവിടെയുള്ള ഒരു സിമന്റ് ബെഞ്ചിൽ ഇരുന്ന് ആളുകളൊക്കെ പല ട്രെയിനുകളിലും കയറിപ്പോകുന്നതും കണ്ട് കൊണ്ട് ഞാൻ ഇരുന്നു.

ഞാൻ അധികമൊന്നും ആലോചിക്കാതെ പ്ളാറ്റ്ഫോമിൽ കണ്ട ഒരു ട്രെയിനിൽ കയറി.

ട്രെയിനും ട്രെയിൻ കമ്പാർട്ടുമെന്റും ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. അത് നീങ്ങാൻ തുടങ്ങിയപ്പോൾ, ഒരാൾ മുകളിലെ ബർത്തിലേക്ക് കയറുന്നത് കണ്ട്, അതുപോലൊരു ബർത്തിൽ 
ഞാനും കയറി കിടന്നു.

ഞാൻ ഏറെ നേരം ഉറങ്ങിപ്പോയി എന്നു തോന്നുന്നു. ഉറക്കമുണർന്ന് താഴേക്ക് നോക്കിയപ്പോൾ തല മുണ്ഡനം ചെയ്ത , മെറൂണും മഞ്ഞയും നിറഞ്ഞിലുള്ള വേഷം ധരിച്ച നാലുപേർ താഴെയുള്ള ബർത്തിൽ ഇരിക്കുന്നു.
 
ഇടതുകൈയിൽ ജപമാല പിടിച്ചിരുന്ന, അവരുടെ ചുണ്ടുകൾ ശാന്തമായ മന്ത്രോച്ഛാരണത്തിൽ,
പതിഞ്ഞ താളത്തിൽ ചലിച്ചു കൊണ്ടിരുന്നു.

അവരെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ എന്റെ ഉള്ളിൽ അസാധാരണമായ ഒരു ശാന്തത അനുഭവപ്പെട്ടു.  

ആ യാത്രയിൽ മിക്കവാറും സമയവും ഞാൻ അവരെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. അവരുടെ പ്രസരിപ്പ് എന്നെ അവരിലേക്ക് കൂടുതൽ ആകർഷിച്ചു.

അവർ കുറച്ചകലെയുള്ള ആശ്രമത്തിലെ ബുദ്ധസന്യാസിമാരാണെന്ന് , അവർക്കരികിലിരുന്ന രണ്ടു യാത്രക്കാർ പരസ്പരം പറയുന്നത് ഞാൻ കേട്ടു.

പെട്ടെന്ന്, വെള്ള ഷർട്ടും കറുത്ത ഓവർകോട്ടും ധരിച്ച ഒരാൾ, ടിക്കറ്റ് എവിടെ എന്ന് ചോദിക്കാൻ തുടങ്ങി. അയാളുടെ കോട്ടിലെ കറുത്ത നെയിം പ്ലേറ്റിൽ, ടിടിഇ എന്ന് എഴുതിട്ടുള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ എന്റെ അടുത്തേക്കും വരുമല്ലോ എന്നോർത്ത് ഞാൻ ഭയന്നുപോയി.

അയാളിൽ നിന്ന് ഒളിക്കാനോ മറഞ്ഞു നിൽക്കാനോ എനിക്ക് കഴിയുമായിരുന്നില്ല, കാരണം ഞാൻ മുകളിലത്തെ ബർത്തിൽ അയാൾക്ക് കാണും വിധമാണ് ഇരുന്നിരുന്നത്. 

അയാൾ എന്റെ ടിക്കറ്റ് ചോദിച്ചപ്പോൾ, ഞാൻ മിണ്ടാതെ തല കുമ്പിട്ടിരിക്കുന്നത് കണ്ട് അയാൾ ദേഷ്യത്തോടെ എന്തോ പറഞ്ഞു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. 

എന്റെ ദയനീയവും ആശങ്കാകുലവുമായ മുഖം കണ്ട്, താഴെയിരുന്നിരുന്ന ബുദ്ധസന്യാസികളിലൊരാൾ തന്റെ പേഴ്‌സ് തുറന്ന് എന്റെ ടിക്കറ്റിന്റെ പണം ടിക്കറ്റ് എക്സാമിനർക്ക് നൽകി.

ടി.ടി.ഇ പോയതിനു ശേഷം ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് ലജ്ജയാൽ മുഖം കുനിച്ച് ഞാൻ മുകളിലെ ബർത്തിൽ തന്നെ ഇരുന്നു.  

ആ നിമിഷം, ഒരു ബുദ്ധസന്യാസി എന്നോട് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാൻ പറഞ്ഞു. ഞാൻ അത് അനുസരിച്ചു. അവർ എനിക്ക് അവരുടെ അടുത്ത് ഇരിക്കാൻ സ്ഥലം തന്നു. 

അവരിൽ ഒരാൾ എന്നോട് പേര് ചോദിച്ചു. ഞാനെന്റെ പേര് പറഞ്ഞു. പക്ഷേ കൂടുതലൊന്നും അവർ ചോദിച്ചില്ല. എന്നെ നോക്കി ചിരിച്ചുകൊണ്ട് നീ ഭക്ഷണം കഴിക്കുന്നോ എന്ന് ചോദിച്ചു. 

വീട്ടിൽ നിന്നിറങ്ങി ഇത്രയും സമയമായിട്ടും കുറെ വെള്ളമല്ലാതെ ഭക്ഷണമാന്നും കഴിച്ചിട്ടില്ലെന്ന് അപ്പോഴാണ് ഞാൻ ഓർത്തത്. 

അവർ അവരുടെ ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് എനിക്ക് തന്നു. വിശക്കുമ്പോൾ ഭക്ഷണം എത്ര വിലപ്പെട്ടതും രുചികരവുമാണെന്ന് എനിക്കപ്പോൾ മനസ്സിലായി.

പിറ്റേന്ന് രാവിലെ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിർത്തി. ബുദ്ധസന്യാസികൾ അവിടെ ഇറങ്ങി. പെട്ടെന്നുള്ള ഒരു തോന്നലിൽ, ട്രെയിൻ നീങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ആ സ്റ്റേഷനിൽ ഇറങ്ങി.

ബുദ്ധസന്യാസികൾ മുന്നോട്ട് നീങ്ങുന്നത് ഞാൻ കണ്ടു. ഞാൻ അവരെ പിന്തുടരാൻ തീരുമാനിച്ചു. 

കുറച്ചു ദൂരം ചെന്നപ്പോൾ അവരിൽ ഒരാൾ തിരിഞ്ഞു നോക്കി. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്, ഞാൻ അവരുടെ ഒപ്പമെത്താൻ കാത്തു നിന്നു. ഞാൻ നിശ്ശബ്ദനായി അവരുടെ കൂടെ നടന്നു.

അവർ ബസ് സ്റ്റാൻഡിൽ നിന്നും ഒരു ബസ്സിൽ കയറി. ഞാൻ അവരെ അനുഗമിച്ചു. അവർ എനിക്ക് വീണ്ടും ടിക്കറ്റ് എടുത്ത്, അവർക്ക് അടുത്ത് ഒരു സീറ്റും തന്നു. 

എന്തുകൊണ്ടോ ഞാൻ ഒന്നിനെക്കുറിച്ചും വിഷമിച്ചിരുന്നില്ല. ഞങ്ങൾ ഒരു ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒരു അപ്രോച്ച് റോഡിലേക്ക് നടന്നു. നാല് ബുദ്ധസന്യാസികളും പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നെ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

വളരെയധികം വൃത്തിയുള്ള ആ വഴികളിൽ ഒന്ന് ഒരു ബുദ്ധക്ഷേത്രത്തിലേക്കും മറ്റൊന്ന് തൊട്ടടുത്തുള്ള സന്യാസിമഠത്തിലേക്കും പോകുന്നവയായിരുന്നു. 

ഈ വഴികൾക്ക് ഇരുവശവും ഇളം കുളിർ കാറ്റിൽ പറന്നുയരുന്ന, വിവിധ നിറങ്ങളിലുള്ള പതാകകൾ ഉയർത്തി കെട്ടിയിരുന്നു .

അടുത്തു തന്നെയുള്ള ആ ബുദ്ധക്ഷേത്രത്തിൽ നിന്നുള്ള ശംഖനാദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

ഞാൻ മെല്ലെ ക്ഷേത്രവളപ്പിലേക്ക് പ്രവേശിച്ചു.  

അവിടത്തെ കാഴ്ച്ചകൾ എല്ലാം അത്ഭുതത്തോടെ വീക്ഷിക്കുകയായിരുന്നു ഞാൻ. ശാന്തവും സമാധാനപരവുമായ ആ അന്തരീക്ഷം എനിക്ക് ഒത്തിരി ആശ്വാസം നൽകി.

അതിമനോഹരമായ ആ ബുദ്ധക്ഷേത്രം കണ്ട് ഞാൻ അവിടെത്തന്നെ നിന്നു. ക്ഷേത്രപരിസരത്ത് മിക്കയിടത്തും ബുദ്ധന്റെ പ്രതിമകൾ ഉണ്ടായിരുന്നു. 
അവിടത്തെ ശാന്തതയും മനസ്സിലേക്ക് പ്രസരിക്കുന്ന പ്രത്യേകതരം സന്തോഷവും എന്നെ ആശ്ലേഷിക്കുകയായിരുന്നു.

ട്രയിൻ യാത്രയിൽ കണ്ടുമുട്ടിയ മെറൂൺ നിറ വസ്ത്രധാരികളായ സന്യാസിമാരെ എനിക്ക് പിന്നീട് കാണാൻ കഴിഞ്ഞില്ല. അവർ അവരുടെ ആശ്രമത്തിലേക്ക് പോയിരിക്കാമെന്ന് ഞാൻ കരുതി.

ജപമാല കയ്യിലേന്തി ക്ഷേത്രത്തിലേക്ക് പോകുന്ന ബുദ്ധഭക്തരെ നോക്കി ഞാൻ ക്ഷേത്രത്തോട്ടത്തിലെ ഒരു കരിങ്കൽഇരിപ്പിടത്തിൽ ഇരുന്നു. 

ഒരേ സമയം മന്ത്രം ജപിക്കുകയും വിരലുകളാൽ ജപമാലമണികൾ ഓരോന്നായി ചലിപ്പിക്കുകയും ചെയ്തുകൊണ്ട് അവർ ക്ഷേത്ര കവാടത്തിലൂടെ ഉള്ളിലേക്ക് നടക്കുന്നുണ്ടായിരുന്നു.

ഞാൻ എഴുന്നേറ്റ് അമ്പലത്തിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു. ആ വലിയ ഹാളിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

വീട്ടിൽ നിന്നിറങ്ങിയ ശേഷം കുളിച്ചിട്ടില്ലാത്തതിനാൽ, ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ ഞാൻ മടിച്ചു. 

പുറംവാതിലിനരികിൽ നിൽക്കുമ്പോൾ,സ്വർണ്ണ നിറത്തിലുള്ള ബുദ്ധന്മാരുടെ വലിയ പ്രതിമകൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
വൃത്തിഹീനമായ ശരീരവും മുഷിഞ്ഞ വസ്ത്രവുമായി ഞാൻ എത്രനേരം അവിടെ നിന്നുവെന്ന് എനിക്കറിയില്ല.
*******
തുടരും..

part 10

part 10

5
326

ഭാഗം 10 മെറൂണും മഞ്ഞയും വസ്ത്രധാരികളായ നൂറുകണക്കിന് സന്യാസിമാർ, ആ വലിയ പ്രാർത്ഥനാ മന്ദിരത്തിലെ , ചുവന്ന നിറഞ്ഞിലുള്ള പരവതാനിയിൽ നിരന്നിരുന്ന്, പ്രാർത്ഥനാ മന്ത്രങ്ങളും മറ്റും ചൊല്ലുന്നുണ്ടായിരുന്നു.അവരുടെ ശരീരം അവർ ചൊല്ലുന്ന മന്ത്രോച്ചാരണത്തിന്റെ താളത്തിൽ മെല്ലെ ആടിക്കൊണ്ടിരുന്നു.പെട്ടെന്ന് ,എന്നെ ഞെട്ടിച്ചുകൊണ്ട്, ഒരു തെരുവ് നായ ആ ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്തേക്ക് നടന്ന്, പെട്ടെന്ന് ഹാളിലേക്ക് പ്രവേശിക്കുന്നത് ഞാൻ കണ്ടു. ക്ഷേത്രത്തിന്റെ പുണ്യസ്ഥലത്തേക്ക് കടന്ന ആ നായയെ തുരത്തിയോടിക്കാൻ ഞാൻ ആഗ്രഹിച്ചു.  എന്റെ മുഷിഞ്ഞ ഉടുപ്പും ക