part-11
ഭാഗം 11
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അദ്ദേഹം എന്നെ തോളിൽതട്ടിയുണർത്തി.
എന്റെ കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ അതെ എന്ന് തലയാട്ടി, വിൽക്കാതെ ബാക്കിയായ ചോളങ്ങൾ, ചാക്കിലേക്ക് നിറച്ച്, കെട്ടി, ഞാൻ എന്റെ തോളിലേക്ക് വെച്ചു.
എന്റെ പ്രവൃത്തി കണ്ട്, സ്നേഹത്തോടെ അദ്ദേഹം എന്റെ പുറത്ത് തട്ടി.
ഞങ്ങൾ ഒരു ചോളപ്പാടത്തിന്റെ അങ്ങേയറ്റത്തേക്ക് നടന്നു. കാൽമുട്ടിന് എന്തോ പ്രശ്നമുള്ളത് പോലെ അദ്ദേഹം ഇരുവശത്തേക്കും ആടി ആടി വളരെ പതുക്കെയാണ് നടന്നിരുന്നത്.
ഒരു ചെറിയ കുടിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ഉള്ളിൽ ചുമരുകളൊന്നും ഇല്ലാത്ത ഒരു ഒറ്റമുറി വീട് . ഞാൻ ചോള ചാക്ക് ഒരു മൂലയിൽ വച്ചു. കുടിലിന്റെ പുറകുവശത്ത് പഴയ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിൽ വെള്ളം നിറച്ചിരുന്നു. അദ്ദേഹം പുറത്ത് പോയി, കുളിച്ചു വന്നു. എനിക്കും വേണമെങ്കിൽ കുളിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ആ നിമിഷമാണ് ഞാൻ ശ്രദ്ധിച്ചത്, എന്റെ ദേഹത്ത് നിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന്!
കിട്ടിയ വെള്ളത്തിൽ ഞാൻ കുളികഴിഞ്ഞ് മുറിയിലേക്ക് വന്നപ്പോൾ അദ്ദേഹം എനിക്ക് മങ്ങിയതെങ്കിലും ഒരു വൃത്തിയുള്ള തുണി തന്നു. നാട്ടിൽ വെച്ച് മുണ്ടുടുക്കാനുള്ള പ്രായമായിട്ടില്ലായിരുന്നെങ്കിലും മുതിർന്നവർ ഉടുക്കുന്നത് കണ്ട് അതെങ്ങിനെ ഉടുക്കാമെന്ന് എനിക്കറിയാമായിരുന്നു. അരയിൽ മുണ്ടിന് ചുറ്റും കെട്ടാൻ ഒരു ചരട് അദ്ദേഹം എനിക്ക് തന്നത് കൊണ്ട് മുണ്ട് അഴിഞ്ഞു പോകുമോ എന്ന ഭയം എനിക്കൊഴിവായി.
അദ്ദേഹത്തിന്റെ പേര് ചിമേ എന്നാണ് അദ്ദേഹം പറഞ്ഞത്.
അതൊരു ടിബറ്റൻ പേരാണെന്ന് പിന്നീടെനിക്ക് മനസ്സിലായി.
മുറിയിലെ ഒരു ചുമരിനോട് ചേർന്ന്, ഒരു മരം കൊണ്ട് തീർത്ത ഉയരം കൂടിയ ബഞ്ചിൽ, ഒരു ചെറിയ അൾത്താര ഉണ്ടായിരുന്നു. അത് വളരെ വൃത്തിയും വെടിപ്പുമുള്ളതായിരുന്നു. അതിൽ വച്ചിരുന്ന, ചെറിയ ബുദ്ധ പ്രതിമകൾക്ക് മുന്നിലായി ഏഴ് ചെറിയ പാത്രങ്ങൾ വെച്ചിരുന്നു. അതിൽ ചിലതിൽ വെള്ളം നിറച്ചിരുന്നത് ഞാൻ ശ്രദ്ധിച്ചു. ഏഴു പാത്രങ്ങളിൽ ഒരെണ്ണം അരി നിറച്ച് അതിൽ സുഗന്ധ തിരി കുത്തിവച്ചിരുന്നു. ഒരു പാത്രത്തിൽ ഒരു ബിസ്കറ്റും ഒരു പഴവും വച്ചിരുന്നു. വേറൊരെണ്ണത്തിൽ വെണ്ണ വിളക്കുണ്ടായിരുന്നു. മറ്റൊരു ലോഹ പാത്രത്തിൽ ഒരു ചെറിയ രത്നക്കുന്നു പോലെ മിനുങ്ങിയ കളർ കല്ലുകൾ നിറച്ചു വച്ചിട്ടുണ്ടായിരുന്നു.
ചിമേ തന്റെ ആ ചെറിയ ബുദ്ധക്ഷേത്രത്തിന് മുന്നിൽ മൂന്ന് പ്രാവശ്യം സാഷ്ടാംഗം പ്രണമിക്കുകയും, പ്രാർത്ഥനാ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഭക്തി പൂർവ്വം വെണ്ണ വിളക്ക് കത്തിച്ചു വയ്ക്കുകയും ചെയ്തു .
എന്നിട്ട്, തലയണ പോലെ മടക്കിവെച്ച ഒരു ചാക്കിൽ അദ്ദേഹം ചമ്രം പടിഞ്ഞ് ഇരുന്നു.
അദ്ദേഹം മുന്നിലുള്ള ബുദ്ധരൂപങ്ങളെ നോക്കിക്കൊണ്ട് , തന്റെ ജപമാല എടുത്ത് ജപിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ കണ്ണുകൾ പാതി അടഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ ആ അൾത്താരയും അതിലുള്ള ബുദ്ധ രൂപങ്ങളെയും ഇമ വെട്ടാതെ നോക്കി ഇരുന്നു.
അദ്ദേഹത്തിന്റെ മന്ത്രോച്ചാരണങ്ങൾ പുരോഗമിക്കുമ്പോൾ, ക്ഷേത്രമണ്ഡപത്തിൽ അനുഭവിച്ചതുപോലെ, അസാധാരണമായ ഒരു ശാന്തത എന്നെ പൊതിഞ്ഞതായി എനിക്ക് തോന്നി. ഞാൻ ചിമേയെ അനുകരിച്ചു, കാലുകൾ മടക്കി, ചമ്രം പടിഞ്ഞ് ഇരിക്കാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹം ഇരിക്കും പോലെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല എങ്കിലും, ആ അൾത്താരയുടെ മുന്നിൽ എനിക്ക് വളരെ സമാധാനവും ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷവും അനുഭവപ്പെട്ടു. അതിനാൽത്തന്നെ ആ മുറിയിലെ അന്തരീക്ഷം എനിക്ക് ഒരു പാട് ഇഷ്ടമായി.
ചിമേ കുറച്ച് ചോറും കടലയും കൊണ്ട് അത്താഴം തയ്യാറാക്കി. എനിക്കുള്ള പങ്ക് അദ്ദേഹം തന്നെ എനിക്ക് വിളമ്പി തന്നു. ഭക്ഷണം കഴിഞ്ഞ് ഞാൻ തറയിൽ കിടന്നിരുന്ന ഒരു പുൽപ്പായയിൽ കിടന്ന് പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.
രാവിലെ വീടിനുള്ളിലെ അൾത്താരക്ക് മുന്നിലിരുന്ന് ചിമേയിയുടെ മന്ത്രം ചൊല്ലൽ കേട്ടാണ് ഞാൻ ഉണർന്നത്. ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ പുറത്തേക്കിറങ്ങി.
ചിമേ മന്ത്രജപം തീർത്തപ്പോഴേക്കും ഞാൻ ഫ്രഷ് ആയി തിരിച്ച് അകത്തേക്ക് വന്നു. ഏതോ
ഒരുൾപ്രേരണയാൽ, ഞാൻ ആ അൾത്താരക്ക് മുന്നിൽ മൂന്നു പ്രാവശ്യം സാഷ്ടാംഗം പ്രണമിച്ചു. അതിനു ശേഷം ഞാൻ കാലു മടക്കി ഇരുന്നു. ഞാൻ ബുദ്ധനെ നോക്കി. ആ നിമിഷം എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. എനിക്ക് എന്നെയല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. ഞാൻ അവിടെ അങ്ങിനെ തന്നെ കുറച്ചുനേരം ഇരുന്നു.
ചിമേയുടെ കുടിലിന് പിന്നിലെ ചോളപ്പാടത്തിന്റെ അങ്ങേയറ്റത്ത് ഞാൻ ചിമേയെ കണ്ടു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു.
അദ്ദേഹം ചോളത്തിന് വെള്ളമൊഴിക്കുകയായിരുന്നു. അടുത്തുള്ള കുളത്തിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഞാൻ ചിമേയെ സഹായിച്ചു. കള പറിക്കുന്നതിനിടയിൽ ചിമേ എന്നെ നോക്കി പുഞ്ചിരിച്ചു. ആ ഒരു പുഞ്ചിരിക്ക് ഏതൊരു ജീവജാലത്തെയും എത്രമാത്രം സന്തോഷിപ്പിക്കാൻ കഴിയുമെന്ന് ഞാനപ്പോൾ മനസ്സിലാക്കി.
ചിമേ പാടത്ത് നിന്ന് ചോളങ്ങൾ പറിക്കുമ്പോൾ, ഞാൻ ചാക്ക് തുറന്ന് പിടിച്ചു കൊടുത്തു. അന്നത്തെ വിൽപനക്ക് മതിയായ ചോളം ചാക്കിൽ നിറച്ച് ഞാൻ തന്നെ ചാക്ക് കെട്ടി കുടിലിലേക്ക് കൊണ്ടുപോയി.
എനിക്ക് വേണ്ടി നല്ല രുചിയുള്ള ഇളം ചോളം ഉപയോഗിച്ച് ചിമേ പ്രഭാതഭക്ഷണം തയ്യാറാക്കി.
അത് കഴിച്ച് കഴിഞ്ഞ്,
ഞങ്ങൾ ആശ്രമത്തിന്റെ ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
*******
തുടരും..
Part-12
ഭാഗം 12ഞാൻ ചോളച്ചാക്ക് റോഡരികിലെ ചിമേയുടെ മരത്തണലിൽ ഉള്ള മേശമേൽ വച്ചിട്ട് അദ്ദേഹത്തെ അനുഗമിച്ച് അമ്പലത്തിലേക്ക് പോയി. ഞങ്ങൾ അമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചിമേ ചെയ്തിടത്തെല്ലാം ഞാനും സ്രാഷ്ടാംഗപ്രണാമം ചെയ്തു. അമ്പലത്തിനുള്ളിൽ ഞങ്ങൾ ഒരു ചുമരും ചാരി ഇരുന്നു. അവിടെ നിന്ന് നോക്കിയാൽ മൂന്ന് വലിയ സ്വർണ്ണ നിറത്തിലുള്ള ബുദ്ധ പ്രതിമകൾ കാണാം. അതിൽ ഒന്ന് ശാക്യമുനി ബുദ്ധനും മറ്റൊന്ന് ബുദ്ധനു ശേഷം വന്ന രണ്ടാമത്തെ ബുദ്ധനെന്ന് അറിയപ്പെടുന്ന, ടിബറ്റിൽ വജ്രയാന-താന്ത്രിക ബുദ്ധമതം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഗുരു പദ്മ സാംഭവ അഥവാ ഗുരു