Part - 13
ഭാഗം 13
അന്നേ ദിവസം, ചിമേയുടെ തട്ടുകടയിൽ ചോളം ചൂടാക്കി, വിൽക്കാൻ തയ്യാറാക്കിയത് ഞാനായിരുന്നു.
എന്റെ പിന്നിൽ ഉണ്ടായിരുന്ന ചാക്ക് വിരിപ്പിലിരുന്ന് ചീമേ തന്റെ ജപമാലയുമായി മന്ത്രം ചൊല്ലലിൽ മുഴുകി.
എന്റെ പിന്നിൽ ഇരുന്ന ചിമേ, അദ്ദേഹത്തിന്റെ മന്ത്രോച്ചാരണങ്ങൾക്കിടയിൽ, തന്റെ വലതു കൈപ്പത്തി എന്റെ തലയ്ക്ക് മുകളിൽ ഇടക്കിടെ വയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം പലവട്ടം അത് ആവർത്തിക്കുകയും ചെയ്തു.
അന്നത്തെ ഞങ്ങളുടെ കച്ചവടം പതിവിലും കൂടുതലായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ക്ഷേത്രത്തിൽ കൂടുതൽ സന്ദർശകർ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പക്കലുള്ള ചോളത്തിന്റെ സ്റ്റോക്ക് തീരാറായി.
ഞാൻ വേഗം തന്നെ ചിമേയുടെ കുടിലിൽ പോയി കുറേ കൂടി ചോളം വിൽപ്പനക്കായി കൊണ്ടുവന്നു.
ഏഴു മണി കഴിഞ്ഞപ്പോൾ, ഞാൻ ബാക്കിയുള്ള ചോളങ്ങൾ ചാക്കിലാക്കി. ഞാനും ചിമേയും ഞങ്ങളുടെ കുടിലിലേക്ക് നടന്നു. അന്ന് എനിക്ക് വളരെ സന്തോഷം തോന്നിയ ദിവസമായിരുന്നു.
അത്താഴം കഴിഞ്ഞ് ഞാൻ പതിവുപോലെ മയങ്ങി. ഉറങ്ങും മുൻപ് ചിമേ വീടിനുള്ളിലെ ശ്രീകോവിലിനു മുന്നിൽ ഇരിക്കുന്നത് കണ്ടു. കരുണാർദ്രമായ പുഞ്ചിരിയോടെ അദ്ദേഹം എന്നെ ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് ചിമേ നേരത്തെ ഉണർന്ന്, വയലിൽ തന്റെ ജോലി തുടങ്ങി. അദ്ദേഹത്തെ സഹായിക്കാൻ കൂടെ പോകണമെന്ന് എനിക്ക് തോന്നി. ഞാൻ വേഗം ഫ്രഷ് ആയി , വയലിലേക്ക് ചെന്ന് അദ്ദേഹത്തോടൊപ്പം ചേർന്നു.
ഓട് മേഞ്ഞ ഷെഡിൽ സംഭരിച്ചിരുന്ന വളം ഞാൻ വയലിലേക്ക് എടുത്ത് കൊണ്ടുവന്നു. ചിമേ വയലിൽ ചാണകം വിതറുമ്പോൾ ഞാൻ കിണറ്റിൽ നിന്ന് വെള്ളം കോരി നനച്ചു കൊണ്ടിരുന്നു.
ചിമേ പതിവുപോലെ അന്നത്തെ വിൽപ്പനക്കായി, പാകമായ
ചോളങ്ങൾ പറിച്ചെടുത്തു. ഞാൻ അത് ചാക്കിൽ നിറച്ച്
കുടിലിലേക്ക് കൊണ്ടുപോയി.
ഞങ്ങളുടെ പ്രഭാതഭക്ഷണം പാചകം ചെയ്യുന്നതിൽ ഞാൻ ചിമേയെ സഹായിക്കുകയും ഞങ്ങൾ അത് ഒരുമിച്ചിരുന്ന് കഴിക്കുകയും ചെയ്തു.
ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് കുറവായിരുന്നു. പക്ഷേ ഞങ്ങളുടെ മനസ്സുകൾ തമ്മിലുള്ള ആശയവിനിമയം ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുകയും, അത് എന്റെ മുഖത്ത് ശുദ്ധമായ പുഞ്ചിരി വിരിയിക്കുകയും ചെയ്തു.
ഞങ്ങളുടെ തട്ടുകടയിൽ ചോള ചാക്ക് ഇറക്കിയ ശേഷം അദ്ദേഹം എന്നെ പ്രധാന ക്ഷേത്രത്തിനോട് ചേർന്നുള്ള ഒരു ചെറിയ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആ ശ്രീകോവിലിൽ പ്രവേശിച്ചപ്പോൾ, ഉള്ളിലുള്ള പീഠങ്ങളിൽ ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന രണ്ടടി ഉയരമുള്ള 21 സ്വർണ്ണ പ്രതിമകൾ കണ്ടപ്പോൾ ഞാൻ വിസ്മയിച്ചു നിന്നുപോയി.
അവർ 21 താരാദേവികളുടെ രൂപങ്ങളാണെന്നും, അവരുടെ അനുഗ്രഹം കൊണ്ട്, നമ്മുടെ മനസ്സിൽ നിന്ന് ഭയം അകന്നു പോകുമെന്നും ചിമേ എന്നോട് പറഞ്ഞു.
ചീമേ, താരാദേവിയുടെ ശ്രീകോവിലിനു മുന്നിൽ പൂജകളും ജപങ്ങളും നടത്തിക്കൊണ്ടിരുന്ന സന്യാസിമാർക്കു കുറച്ചു പണം കൊടുത്തു. എന്നിട്ട്, സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി.
ഞങ്ങൾ താരാക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അന്നേരം എന്റെ മനസ്സ് തൂവൽ പോലെ കനമില്ലാതെയും ഉള്ളിൽ സന്തോഷത്തിന്റെ പ്രകാശം നിറയുന്നതുമായും എനിക്ക് അനുഭവപ്പെട്ടു.
ശീതകാല കാറ്റ് എന്നെ സ്നേഹപൂർവ്വം തഴുകി, എന്നെ കൂടുതൽ ഊർജസ്വലനാക്കി. അമ്പലത്തിന്റെ മറുവശത്തേക്ക് നടന്നു നീങ്ങിയ ചിമേയെ ഞാൻ അനുഗമിച്ചു.
ഞങ്ങൾ ക്ഷേത്രത്തെ ഒരു വട്ടം വലയം ചെയ്ത്, ഒരു വളവു കഴിഞ്ഞ് ഹാളിലേക്ക് പ്രവേശിച്ചു.
ഭക്തർ പ്രദക്ഷിണം ചെയ്യുമ്പോൾ അവിടെയുണ്ടായിരുന്ന വലിയ പ്രാർത്ഥനാ ചക്രങ്ങൾ തിരിക്കുന്നത് ഞാൻ കണ്ടു. ആ പ്രാർത്ഥനാ ചക്രങ്ങളിൽ മൂന്നെണ്ണം വളരെ വലുതായിരുന്നു. ക്ഷേത്രത്തിന്റെ പുറംഭിത്തിയിൽ ചെറിയവ സ്ഥാപിച്ചിരുന്നു. അവിടെയും ആളുകൾ പ്രദക്ഷിണം ചെയ്ത് നടക്കുമ്പോൾ അത് കറക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഈ ആചാരമെന്താണെന്ന് അറിയാൻ എനിക്ക് വളരെ ആകാംക്ഷ തോന്നി. വലിയ പ്രാർത്ഥനാ ചക്രങ്ങളുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ ചിമേയോട് അതിനെപ്പറ്റി ചോദിച്ചു.
അദ്ദേഹം പറഞ്ഞു: “പേപ്പർ ചുരുളുകളിലോ ലോഹ ചുരുളുകളിലോ എഴുതിയ എണ്ണമറ്റ മന്ത്രങ്ങൾ, ജ്ഞാനികളായ യോഗികളാൽ ആശീർവദിക്കപ്പെട്ടതിന് ശേഷം, പ്രാർത്ഥനാ ചക്രങ്ങൾക്കുള്ളിൽ അവ ചുറ്റി വച്ചിരിക്കുകയാണ്.
അതിനെ ഒരു പ്രദക്ഷിണം ചെയ്തുകൊണ്ട് ആരെങ്കിലും അത് ഒരു വട്ടം കൈ കൊണ്ട് അതിനെ തിരിക്കുമ്പോൾ, ആ ഓരോ ചുറ്റലിലും , പ്രാർത്ഥനാ ചക്രത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ചുരുളുകളിൽ എഴുതിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തിന്റെ അത്രയും മന്ത്രം ജപിക്കുന്നതിന് തുല്യമായ, മഹത്തായ നേട്ടം അത് ചെയ്യുന്ന ആളിനും , അതു വഴി ഈ പ്രപഞ്ചത്തിലെ എല്ലാ ജീവികൾക്കും ലഭിക്കും.
അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ സഞ്ചിത കർമ്മം ശുദ്ധീകരിക്കപ്പെടുന്നു. നമ്മുടെ പരമമായ പരിശുദ്ധിയിലെത്താൻ നമ്മെ അത് പ്രാപ്തരാക്കുകയും ചെയ്യും.\'\'
അദ്ദേഹം പറയുന്നത് കേട്ട് ഞാൻ വളരെ ആവേശത്തോടെയും ആഹ്ളാദത്തോടെയും പ്രാർത്ഥനാചക്രത്തിന് ചുറ്റും നടന്നുകൊണ്ട് അതിനെ തിരിച്ച് കൊണ്ട് വലം വെച്ചു. ആചാരങ്ങളുടെ ആഴത്തിലുള്ള അർത്ഥത്തെക്കുറിച്ചുള്ള ചിമേയുടെ അറിവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
പിന്നീട് ഞങ്ങൾ രണ്ടുപേരും ചോളക്കടയിൽ തിരക്കിലായി. ഇന്നലത്തെപ്പോലെ, ചോളം വില്പനക്കായി ഒരുക്കുന്നതും വിൽപ്പനയും ഞാൻ തന്നെ ചെയ്തു. ചിമേ അദ്ദേഹത്തിന്റെ ചാക്ക് തലയണയിൽ എന്റെ പിന്നിൽ ഇരുന്ന് മന്ത്രം ജപിച്ചു.
വൈകുന്നേരം ചില സർക്കാർ വാഹനങ്ങളും പോലീസ് വാനും ക്ഷേത്ര കവാടത്തിൽ എത്തി. ഞാൻ അവിടെ ഇതുവരെ പോലീസ് വാഹനങ്ങൾ കണ്ടിട്ടില്ല. അതേക്കുറിച്ച് അറിയാനാണെന്നു തോന്നുന്നു, ചിമേ എഴുന്നേറ്റ് അടുത്തുള്ള ഒരു
കടയിലേക്ക് പോകുന്നത് കണ്ടു. പോലീസിന്റെ വരവിൽ എനിക്ക് എന്തുകൊണ്ടോ കുറച്ച് ആശങ്ക തോന്നാതിരുന്നില്ല.
*******
തുടരും..
part - 14
ഭാഗം 14ചിമേ വളരെ സന്തോഷവാനായി ചിരിച്ചുകൊണ്ടാണ് ആ കടയിൽ നിന്നും മടങ്ങിവന്നത്. അദ്ദേഹം തന്റെ തട്ടുകടയിലെ ഇരിപ്പിടത്തിൽ ഇരുന്നു ജപം തുടങ്ങി. എന്നിട്ട് എന്നോട് പറഞ്ഞു: \"ഒരു മഹാനായ ലാമ നാളെ ആശ്രമവും ക്ഷേത്രവും സന്ദർശിക്കാൻ വരുന്നു!\"ചിമേ വളരെ ആവേശഭരിതനായി, നാളെ ആ ലാമയെ കാണാൻ എനിക്ക് ഭാഗ്യമുണ്ടാകുമെന്ന് എന്നോട് പറഞ്ഞു.തങ്ങളുടെ വളരെ പ്രധാനപ്പെട്ട, ജ്ഞാനിയായ, മഹാനായ ആ ലാമയെ വരവേൽക്കാനുള്ള, ഒത്തിരി ക്രമീകരണങ്ങൾ ചെയ്യാൻ ക്ഷേത്രവുമായും ആശ്രമവുമായും ബന്ധമുള്ള എല്ലാവരും തിരക്കിട്ട പ്രവർത്തനങ്ങളിൽ മുഴുകി.ചിമേയും ഞാനും ഞങ്ങളുടെ ചെറിയ ചോളക്കട നേരത്തെ അടച്ച്