Aksharathalukal

Part 15

ഭാഗം 15

പിറ്റേന്ന് രാവിലെ ഞാനും ചിമേയും താരാ ക്ഷേത്രത്തിനുള്ളിൽ ഇരിക്കുകയായിരുന്നു. ഞാൻ അവിടെ ഇരുന്ന്, കണ്ണുകൾ അടച്ച്, എന്റെ ഉള്ളിലെ എന്നെത്തന്നെ നിരീക്ഷിച്ച് കൊണ്ട് ഇരുന്നു. ഞാൻ വളരെ ശാന്തനായിരുന്നു. ചിമേ എന്റെ അരികിലിരുന്നു പ്രാർത്ഥനാമന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു.

അത് കഴിഞ്ഞ് എപ്പോഴോ, ചിമേ എന്റെ തോളിൽ തൊട്ടപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. അന്നേരം അദ്ദേഹം ഒരു ഫോട്ടോ കയ്യിൽ പിടിച്ചിരുന്നു.  
അച്ഛനും അമ്മയുമൊത്തുള്ള എന്റെ ആ ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ചിമേയുടെ കൈപിടിച്ച് എഴുന്നേറ്റ്, താരാ ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങി.

ഞങ്ങളുടെ ഗ്രാമത്തിലെ ഒരു കാർ ഡ്രൈവറോടൊപ്പം എന്റെ അച്ഛനും അമ്മയും അവിടെ നിൽക്കുന്നുണ്ടായിരുന്നു.

ആ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത സ്നേഹത്തോടെ, അച്ഛൻ എന്നെ നോക്കുന്നത് കണ്ട് ഞാൻ വിസ്മയിച്ചു നിന്നു.
അച്ഛന്റെ അടുത്ത് നിന്നിരുന്ന അമ്മയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകിത്തുടങ്ങിയിരുന്നത് ഞാൻ കണ്ടു. അമ്മ എന്റെ അടുത്തേക്ക് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.

ഞങ്ങൾ എല്ലാവരും ഒരുമിച്ച് ക്ഷേത്ര ഗേറ്റിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് നടന്നു. മഹാനായ ലാമയുടെ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത ഒരു മലയാളപത്രത്തിൽ വന്നത് , ലാമയെ സ്വീകരിക്കാൻ വഴിയരികിൽ കാത്തു നിൽക്കുന്ന ജനങ്ങളുടെ ചിത്രം സഹിതമാണ്. അന്നത്തെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ അമ്മായി, എന്നെ ആ ഫോട്ടോയിൽ ജനങ്ങൾക്കിടയിൽ നിൽക്കുന്നത് കണ്ടത് കൊണ്ടാണ് , പോലീസുകാരുടെ സഹായത്തോടെ ഇവിടേക്ക് എത്താൻ കഴിഞ്ഞതെന്ന് ഞങ്ങളുടെ ഡ്രൈവർ ചിമേയോട് പറയുന്നത് ഞാൻ കേട്ടു.

ജീവിതകാലം മുഴുവൻ മറക്കാനാവാത്ത കരുണാർദ്രമായ ഒരു ആലിംഗനം ചിമേ എനിക്ക് ആ നിമിഷം തന്നു.  

പിരിയുന്നതിന് മുമ്പ് അദ്ദേഹം തന്റെ ജപമാലയും ചേർത്ത് ആ കൈകൾ എന്റെ തലയിൽ വെച്ചു. കണ്ണുകളിൽ ഒരു പ്രത്യേക തിളക്കത്തോടെ ചീമേ എന്നെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ നനഞ്ഞിരിക്കുന്നതായി എനിക്ക് മനസ്സിലായി.

എന്നേയും കൊണ്ട് ,ഞങ്ങളുടെ കാർ അകലേക്ക് നീങ്ങുമ്പോൾ, ചീമേ തന്റെ ചോളക്കടയിലെ ഇരിപ്പിടത്തിനരികിലേക്ക് നടക്കുന്നത് ഞാൻ നിറകണ്ണുകളോടെ കണ്ടു.
**********
ശുഭം.