Aksharathalukal

ഭാഗം 6


പിറ്റേ ദിവസം അധികം തിരക്കില്ലാത്ത ഒരു സ്ഥലത്തു വച്ച് സാറയും റോയിച്ചനും കണ്ടുമുട്ടി.
എപ്പോഴും  കാണുന്ന പ്രസരിപ്പ് ഒന്നും സാറയുടെ മുഖത്തു കാണാത്തതു റോയിയുടെ മനസ്സിന്റെ ആധി ഒന്നുകൂടെ കൂട്ടി .
റോയി തന്റെ രണ്ടു കൈകളും സാറയുടെ കവിളിൽ ചേർത്ത് വച്ചുകൊണ്ടു ചോദിച്ചു ," എന്നാ പറ്റി എന്റെ പെണ്ണിന് ? നിന്റെ കണ്ണും മുഖവും ഒക്കെ വീങ്ങി ഇരിപ്പുണ്ടല്ലലോ, നീ കരഞ്ഞോ? എന്തെങ്കിലും ഒന്ന് പറ എന്റെ സാറ നീ വെറുതെ മനുഷ്യനെ ഇങ്ങനെ ആധി പിടിപ്പിക്കാതെ "
സാറ റോയിയുടെ കൈകൾ അവളുടെ മുഖത്തു നിന്നും എടുത്തു മാറ്റിക്കൊണ്ട് പിന്നെലേക്കു മാറി.
" റോയിച്ചനും കൂടെ അറിഞ്ഞോണ്ടാണോ റോയിച്ചന്റെ വീട്ടുകാർ എന്റെ വിലയായി അമ്പതു പവൻ സ്വർണവും കാറും ഒക്കെ നിശ്ചയിച്ചത്."
" എന്ത് ? നീ എന്തൊക്കെയാ സാറ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല."
സാറ നിറഞ്ഞ കണ്ണുകളോടെ എല്ലാ കാര്യങ്ങളും റോയിയോട് പറഞ്ഞു.
" നിങ്ങൾ അല്ലെ ഇച്ചായാ എന്നെ മാത്രം മതി എന്ന് നാഴികയ്ക്ക് നാൽപതു വട്ടം പറഞ്ഞു കൊണ്ടിരുന്നേ ... എന്നിട്ടു ഇപ്പോൾ എന്റെ അപ്പന്റേം അമ്മേടേം സകലതും വിറ്റു പെറുക്കി തന്നാലേ കല്യാണം നടത്താൻ പറ്റുള്ളുന്നു പറയാൻ നാണമില്ലേ നിങ്ങൾക്കും നിങ്ങടെ വീട്ടുകാർക്കും?" സാറ ദേഷ്യം അടക്കാനാവാതെ ചോദിച്ചു.
റോയി കേട്ടതൊന്നും വിശ്വസിക്കാനാവാതെ തരിച്ചു നിന്ന് പോയി.
"സാറ ... ഞാൻ .. എന്റെ വീട്ടുകാർ ഇങ്ങനെ പറയുമെന്ന് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. നീ വിഷമിക്കാതെ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കിക്കോളാം. എനിക്ക് ഒന്നും വേണ്ട സാറ നിന്നെ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. നിന്റെ റോയിച്ചനെ വിശ്വാസിക്ക് സാറ.." റോയി സാറയുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി കൊണ്ട് പറഞ്ഞു.
" എനിക്ക് ഒന്നും അറിയണ്ട റോയിച്ചാ .. എന്റെ അപ്പനേം അമ്മയേം ഇങ്ങനെ കഷ്ടപെടുത്തിയിട്ട് , അവരുടെ എല്ലാം തട്ടിപ്പറിച്ചിട്ട് ഒരു ജീവിതം എനിക്ക് വേണ്ട. പലപ്പോഴും റോയിച്ചന്റെ വീട്ടുകാർ എന്നെ ഓരോന്ന് പറഞ്ഞു കുത്തി നോവിക്കുമ്പോഴും ഞാൻ എല്ലാം കണ്ടില്ലെന്നു നടിച്ചിട്ടേ ഉള്ളൂ. പക്ഷെ ഇത് ഞാൻ പൊറുക്കില്ല. എനിക്ക് വേണ്ടി അവർ സങ്കടപെടാൻ ഞാൻ ഇട വരുത്തില്ല. റോയിച്ചന്റെ അപ്പൻ പറഞ്ഞത് പോലെ നല്ല സ്വത്തുള്ള വീട്ടിൽ നിന്ന് ഉള്ള പെണ്ണ് ആണ് റോയിച്ചന് ചേരുന്നത്. എന്നെ മറന്നേക്കൂ റോയിച്ചാ " റോയിയിൽ നിന്നും അടർന്നു മാറി സാറ പറഞ്ഞു.
" സാറ നീ എന്തൊക്കെയാ ഈ പറയുന്നേ? ഞാൻ പറഞ്ഞില്ലേ നിന്നോട് ഞാൻ അപ്പനോടും അമ്മയോടും സംസാരിച്ചോളാം എന്ന് നീ എനിക്ക് ഇന്ന് ഒരു ദിവസത്തെ സമയം താ. എന്നെ ഒന്നു വിശ്വസിക്കു സാറ നീ.. പ്ലീസ്"
" ഇല്ല റോയിച്ചാ എനിക്ക് ഇനി ഒന്നിനും വയ്യ. റോയിച്ചന്റെ ഭാര്യയാവാനുള്ള യോഗ്യത ഒന്നും എനിക്ക് ഇല്ല. നിങ്ങളുടെ കുടുംബത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന ഒരാളല്ല ഞാൻ. എന്റെ പപ്പയുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ഇപ്പോൾ, എനിക്ക് എങ്ങനെയും കോഴ്സ് കമ്പ്ലീറ്റ് ചെയ്തു ഒരു ജോലി വാങ്ങി പപ്പയെയും അമ്മയെയും സംരക്ഷിക്കണം. അല്ലാതെ അവരുടെ എല്ലാം നഷ്ടപ്പെടുത്തി ഒരു വിവാഹം എനിക്ക് വേണ്ട. റോയിച്ചൻ എനിക്ക് വേണ്ടി വീട്ടുകാരെ വിഷമിപ്പിക്കണ്ട. നമ്മൾ തമ്മിൽ ഉണ്ടായിരുന്നതെല്ലാം ഇന്ന് ഈ നിമിഷം ഇവിടെ അവസാനിക്കണം. എന്നെ .. എന്നെ .. മറന്നേക്കൂ റോയിച്ചാ.."
" സാറ... എന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നേ " റോയി ഒരലർച്ചയോടെ സാറയെ തന്നോട് ചേർത്ത് നിർത്തി കൊണ്ട് ചോദിച്ചു.
"വിട് റോയിച്ചാ , എന്റെ തീരുമാനം ആണ് ഞാൻ പറഞ്ഞത്. എന്ത് സംഭവിച്ചാലും അതിനു ഒരു മാറ്റവും ഉണ്ടാവില്ല " റോയിച്ചന്റെ കൈ തട്ടി മാറ്റി സാറ പറഞ്ഞു.
" മിണ്ടി പോകരുത് നീ ഇനി ഒരക്ഷരം , നിന്നോട് ഞാൻ പറഞ്ഞില്ലേ വീട്ടുകാരെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം എന്ന് . ഞാൻ വീട്ടിൽ പോയി സംസാരിച്ചിട്ട് നിന്നെ വിളിക്കാം. നീ അതുവരെ വേറെ ഒന്നും ചിന്തിക്കണ്ട. നീ എന്റെയാ.. ഒന്നിന് വേണ്ടിയും നിന്നെ വിട്ടുകൊടുക്കാൻ ഈ റോയിച്ചൻ തയ്യാറല്ല. " കണ്ണ് നിറഞ്ഞു കൊണ്ടാണ് റോയി അത് പറഞ്ഞത്. പിന്നീട് ഒന്നും പറയാൻ നില്കാതെ റോയി വണ്ടിയും എടുത്തു അവിടെ നിന്നും പോയി. സാറയ്ക്കും തന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
റോയി വീട്ടിൽ ചെന്ന ഉടനെ സാറയെ ഫോണിൽ വിളിച്ചു " സാറ ഞാൻ നീ പറഞ്ഞ കാര്യം വീട്ടിൽ സംസാരിക്കാൻ പോവുകയാണ്. അവരെ എല്ലാം പറഞ്ഞു മനസ്സിലാക്കി അവരുടെ മറുപടി എന്താണെന്നു നീ കൂടി കേൾണം .ഞാൻ കുറച്ചു കഴിഞ്ഞു നിന്നെ ഫോൺ ചെയ്തു സ്‌പീക്കറിൽ ഇടാൻ പോകുവാ. എല്ലാം കേട്ട് കഴിയുമ്പോൾ നിന്റെ ഉള്ളിലെ വേണ്ടാത്ത ചിന്തകൾ ഒക്കെ താനേ ഒഴിഞ്ഞു പോയിക്കോളും."
" റോയിച്ചാ ഞാൻ പറഞ്ഞതല്ലേ എനിക്ക് വേണ്ടി നിങ്ങളുടെ വീട്ടിൽ ഒരു പ്രേശ്നവും വേണ്ട എന്ന്."
" എന്ത് പ്രശ്നം ? എല്ലാ പ്രശ്നത്തിനും ഉള്ള പരിഹാരം ആണ് ഇപ്പോൾ ഉണ്ടാക്കാൻ പോകുന്നത്. നീ നിന്റെ പപ്പായെയും മമ്മിയെയും കൂടെ വിളിച്ചു അടുത്ത് നിർത്തു. അവരുടെ ഉള്ളിലെ തീയും കൂടെ അണയട്ടെ."
" റോയിച്ചാ ... ഞാൻ പറയുന്നത് ഒന്ന് കേൾക്കു .."
" നീ വെറുതെ സമയം കളയാതെ സാറ ഞാൻ പറഞ്ഞത് പോലെ ചെയ്യൂ. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു അങ്ങോട്ട് വിളിക്കും. അപ്പോഴേക്കും നീ അവരെ വിളിച്ചു അടുത്ത് നിർത്തു."
സാറ റോയി പറഞ്ഞ പോലെ ചെയ്തു. അവർ മൂന്നു പേരും റോയിയുടെ ഫോണിനായി കാത്തു നിന്നു.
സാറയുടെ ഫോൺ റിങ് ചെയ്തു. റോയിയുടെ പേര് സ്‌ക്രീനിൽ എഴുതി കാണിക്കുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു ഭയം വന്നു നിറഞ്ഞു. അവളുടെ മുഖത്തെ പകർപ്പ് കണ്ട ജോൺ പറഞ്ഞു ," സാറ മോളെ നീ ഫോൺ എടുക്കു അവർ എന്താണ് പറയുന്നത് എന്ന് നോക്കട്ടെ "
"മ്മ് " സാറ ഫോൺ അറ്റൻഡ് ചെയ്തു സ്‌പീക്കറിൽ ഇട്ടു. റോയിയുടെ അപ്പന്റെ ശബ്ദം ആണ് ആദ്യം കേട്ടത്.
" എന്താടാ റോയി നീ എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞു ഞങ്ങളെ രണ്ടുപേരെയും പിടിച്ചു ഇരുത്തിയേക്കുന്നെ? നീ കാര്യം പറ"
" അന്ന് സാറയുടെ വീട്ടുകാർ ഇവിടെ മനസമ്മതിന്റെ തീയതി എടുക്കാൻ വന്നപ്പോൾ പപ്പ സാറയുടെ അപ്പനെ മാറ്റി നിർത്തി സംസാരിക്കുന്നതു കണ്ടല്ലോ. എന്തായിരുന്നു കാര്യം?"
റോയിയുടെ അപ്പനും അമ്മയും പരിഭ്രമത്തോടെ പരസ്പരം നോക്കി. അവരുടെ മൗനവും പതർച്ചയും കണ്ടപ്പോൾ തന്നെ റോയിക്കു ഏകദേശം കാര്യങ്ങൾ വ്യക്തമായി.
" നീ എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ ചോദിയ്ക്കാൻ ?" റോയിയുടെ അപ്പൻ ചോദിച്ചു.
" പപ്പ ഞാൻ ചോദിച്ചതിന് ഉത്തരം പറ ആദ്യം ."
" അത് ഞങ്ങൾ മനസമ്മതിന്റെയും കല്യാണത്തിന്റെയും കാര്യങ്ങൾ സംസാരിക്കുവായിരുന്നു." റോയിയുടെ മുഖത്തു നോക്കാതെ ആണ് അയാൾ അത് പറഞ്ഞത്.
" അല്ലാതെ എന്റെ വില സ്വര്ണത്തിലും പണത്തിലും തൂക്കി ഉറപ്പിക്കുവല്ലായിരുന്നു , അല്ലെ പപ്പാ ?"
" നീ എന്തൊക്കെയാ ചെറുക്കാ ഈ പറയുന്നേ? " റോയിയുടെ മമ്മി ഇടയിൽ കയറി ചോദിച്ചു 
" മമ്മിയും കൂടെ അറിഞ്ഞുകൊണ്ടാണോ ഈ വിലപേശൽ? ഞാൻ അറിഞ്ഞു എല്ലാം. ഈ ബന്ധത്തെ പറ്റി അവതരിപ്പിച്ചപ്പോൾ തന്നെ ഞാൻ നിങ്ങളോടു രണ്ടുപേരോടും പറഞ്ഞതല്ലേ , എനിക്ക് സാറയെ മാത്രം മതി അല്ലാതെ ഒന്നും അവരിൽ നിന്ന് പ്രതീക്ഷിക്കരുത് ഒന്നും ചോദിക്കുകെയും ചെയ്യരുതെന്ന്. എന്നിട്ടും നിങ്ങൾ ... കർത്താവു അനുഗ്രഹിച്ചു ആവശ്യത്തിനും അതിൽ കൂടുതലും നമ്മൾക്ക് ഇല്ലേ ? പിന്നെയും എന്തിനാ പപ്പാ സാറയുടെ വീട്ടുകാരുടെ അവസ്ഥ അറിഞ്ഞിട്ടും അങ്ങനൊക്കെ സംസാരിക്കാൻ പോയത്? നിങ്ങളുടെ മേൽ ഉള്ള എന്റെ വിശ്വാസത്തെയാണ് നിങ്ങൾ ഇല്ലാതാക്കിയത് ." ഭിത്തിയിൽ തന്റെ കൈ ശക്തിയായി ഇടിച്ചുകൊണ്ടു റോയി പറഞ്ഞു നിർത്തി.
" നിന്നോട് ഇപ്പോൾ ഇതൊക്കെ ആരാ പറഞ്ഞു തന്നത്? കാർന്നോന്മാർ തമ്മിൽ സംസാരിച്ചു ഉറപ്പിച്ച കാര്യം ചെറുക്കന്റെ ചെവിയിൽ ഉടനെ കൊണ്ട് ഇട്ടു കൊടുത്തേക്കുന്നു. ശ്ശെ .. ഇവർക്ക് ഇത്രേം സംസ്കാരമേ ഉള്ളോ? ഇതിപ്പോ ഇത്രെയും വല്യ കാര്യം ഒന്നും അല്ലല്ലോ നീ ഇങ്ങനെ കിടന്നു തുള്ളാൻ. നിന്റെ പപ്പ നാട്ടുനടപ്പ് അല്ലെ പറഞ്ഞുള്ളു."
"അതെ.നമ്മുടെ ഇപ്പോഴത്തെ സ്ഥിതി വെച്ചു ഇതിലും എത്രെയോ നല്ല കുടുംബത്തിൽ നിന്ന് ഉള്ള പെണ്ണ് കിട്ടിയേനേം? അവരോടു നമ്മുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചു ഉള്ള ഡിമാൻഡ് അല്ലെ ഞാൻ പറഞ്ഞത്. അത് പറ്റില്ലെങ്കിൽ അവർ അന്ന് തന്നെ അന്തസ്സായി പറയണമായിരുന്നു. അല്ലാതെ പിന്നീട് നിന്നെ മുൻനിർത്തി ഒരു പ്രശ്നം ഉണ്ടാക്കുന്നത് കുടുംബത്തിൽ പിറന്നവർക്കു ചേർന്നതല്ല."
താൻ പ്രതീക്ഷിക്കാത്ത പ്രതികരണം ആയിരുന്നു റോയിക്കു തന്റെ അപ്പന്റേം അമ്മയുടേം അടുത്ത് നിന്ന് കിട്ടിയത്. ഫോണിന്റെ മറുതലയ്ക്കൽ സാറയും വീട്ടുകാരും ഇതെല്ലം കേൾക്കുന്നുണ്ടല്ലോ എന്നുള്ള ചിന്ത കൂടി ആയപ്പോൾ അവനു തന്റെ സമനില തെറ്റുന്ന പോലെ തോന്നി.
" സാറയുടെ അപ്പന്റെ ജോലി പോയെന്നാണ് കേട്ടത്. അത് സത്യമാണെങ്കിൽ വല്യ ഒരു ബാധ്യത ആയിരിക്കും നമ്മടെ മോന്റെ തലയിൽ വരാൻ പോകുന്നത്." റോയിയുടെ അപ്പൻ തന്റെ ഭാര്യയെ നോക്കി പറഞ്ഞു.
" എന്തായാലും പൂച്ചയെ പോലെ ഇരുന്നു ആ പെണ്ണ് പുളിങ്കൊമ്പ് നോക്കി തന്നെയാ പിടിച്ചത്. നമ്മടെ വീട്ടിൽ നിന്നൊരു ബന്ധം സ്വപ്നം പോലും കാണാൻ പറ്റുന്നതാണോ അവളെ പോലെ ഒരു പെണ്ണിന്. ഇനി ഇപ്പോൾ കെട്ട് കഴിഞ്ഞാൽ അവളുടെ വീട്ടുകാരെയും കൂടെ ഇവൻ നോക്കിക്കോളുമല്ലോ. ഇവൻ ആണേൽ സ്ത്രീധനം പോലും വേണ്ടാന്ന് പറഞ്ഞു നിക്കുവല്ലേ?" റോയിയുടെ അമ്മ പറഞ്ഞു.
" അതു തന്നെ ആയിരിക്കും അവരും കണക്കുകൂട്ടിട്ടിട്ടുണ്ടാവുക. നീ ഒന്ന് മനസ്സിലാക്കിക്കോ റോയി ഊതിയാൽ പറക്കുന്ന പൊന്നും നക്കാപ്പിച്ച കാശുമായിട്ടു ആണേൽ ഈ വീടിന്റെ മുറ്റത്തു പോലും ഞാൻ ആ പെണ്ണിനെ കയറ്റില്ല. അതിനു കഴിയില്ലെങ്കിൽ അവര് അവരുടെ പെണ്ണിനെ വീട്ടിൽ തന്നെ നിർത്തിക്കോട്ടെ."
തന്റെ അപ്പന്റെ ഈ വാക്കുകൾ കൂടി കേട്ടപ്പോൾ ആകെ തളർന്നു പോയിരുന്നു റോയി. സാറയും വീട്ടുകാരും ആകെ ഞെട്ടി നിൽക്കുകയായിരുന്നു ഇതെല്ലാം കേട്ട്. സാറയ്ക്കു തന്നെ വേദനിപ്പിച്ചതിൽ അല്ല തന്റെ അപ്പനേം അമ്മയേം അവർ മോശക്കാരാക്കി സംസാരിച്ചത് കേട്ടാണ് ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടത്.
" മതി നിർത്തു" റോയിയുടെ ശബ്ദം രണ്ടു വീടുകളിലും പ്രകമ്പനം ഉണ്ടാക്കും വിധം ആയിരുന്നു.
" നിങ്ങൾ സ്ത്രീധനത്തെ പറ്റി സംസാരിച്ചെന്നു കേട്ടപ്പോൾ ബന്ധുക്കളുടെ മുന്നിൽ അവരെ ബോധിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും എന്ന് വിശ്വസിച്ച ഞാനാണ് ലോക വിഡ്ഢി . എന്റെ അപ്പനും അമ്മയും ഞാൻ കണ്ടുപിടിച്ച പെൺകുട്ടിയെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമെന്നു ഞാൻ അമിതമായി വിശ്വസിച്ചു. സാറ എന്നോട് ഇതെല്ലം വന്നു പറഞ്ഞപ്പോൾ എല്ലാം അവളുടെ തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിക്കാൻ ഞാൻ അവളേം വീട്ടുകാരേം ഫോണിൽ സ്‌പീക്കറിൽ നിർത്തി നിങ്ങളോടു സംസാരിക്കാൻ ധൈര്യം കാണിച്ചത് പോലും ആ വിശ്വാസത്തിലും ധൈര്യത്തിലും ആണ്. പക്ഷെ ... നിങ്ങൾ ... നിങ്ങൾ എന്നെ തോൽപ്പിച്ച് കളഞ്ഞു എല്ലാരുടേം മുന്നിൽ."
റോയി പറഞ്ഞത് കേട്ട് അപ്പോളാണ് അവർ അവന്റെ കൈയ്യിലെ ഫോണിൽ കോൾ ഓൺ ആയി ഇരിക്കുന്നത് കണ്ടത്. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവർ പരസ്പരം ഞെട്ടലോടെ നോക്കി.

ഭാഗം 7

ഭാഗം 7

5
248

[കഥ ഇനി തുടരുന്നില്ല എന്ന് വിചാരിച്ചതാണ് പക്ഷെ സാറയെ പകുതി വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. കഥ വായിച്ചിട്ടു ഇഷ്ടപ്പെടുന്നവർ ദയവായി കമന്റ് ചെയ്യാമോ ? എന്റെ ആദ്യത്തെ കഥ ആണ് ഇത്.എന്റെ സാറയെ ഇഷ്ടപ്പെട്ടില്ല ആർക്കും ? അവളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ആണ് ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടു വേണം അത് പോസ്റ്റ് ചെയ്യാനോ വേണ്ടയൊന്നു തീരുമാനിക്കാൻ. പ്ളീസ് ലൈക്കുകളും കമെന്റുകളും തരാൻ മറക്കല്ലേ ...]റോയി പറഞ്ഞത് കേട്ട് അപ്പോളാണ് അവർ അവന്റെ കൈയ്യിലെ ഫോണിൽ കോൾ ഓൺ ആയി ഇരിക്കുന്നത് കണ്ടത്. ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവർ പരസ്പരം