പുറങ്ങാടി
പണ്ട് രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ എന്ന് പേരുള്ള നര്‍മ്മ സചിവന്മാര്‍ ഉണ്ടായിരുന്നു. രാജാവിനേ തമാശ പറഞ്ഞ് രസിപ്പിക്കുകയാണ് അവരുടെ ജോലി. അവര്‍ക്ക് രാജാവിനോട് എന്തും പറയാം. അവര്‍ക്കു മത്രമേ അതിനുള്ള അധികാരമുള്ളൂ താനും.
ദുഷ്യന്തന്റെ നര്‍മ്മ സചിവനായിരുന്നു മാഢവ്യന്‍ . ശകുന്തളയുമായുള്ള ലൈന്‍ മനസ്സിലാക്കിയ മാഢവ്യനോട്
സ്മരകഥകളറിയാത മാന്‍കിടാങ്ങള്‍-
ക്കരികില്‍ വളര്‍ന്നവളോടു ചേരുമോ ഞാന്‍
അരുളി കളിവചസ്സു തോഴരേ ഞാന്‍
കരുതരുതായതു കാര്യമായ് ഭവാനും--എന്നു പറഞ്ഞിട്ട്,
ഈ കാര്യമൊന്നും നാട്ടില്‍ ചെന്ന് എഴുന്നെള്ളിച്ചേക്കരുതെന്നും പറയുന്നുണ്ട്. അവരെ എല്ലാവര്‍ക്കും ഒരു തരത്തില്‍ പേടിയാണ്. സര്‍ക്കസ്സിലേ കോമാളീ. സിനിമയിലേ ഹാസ്യനടന്മാര്‍, ചാക്യാര്‍-ഇവരൊക്കെ അതിബുദ്ധിമാന്മാരും അവരുടെ ജോലിക്കിടയില്‍ ആരേയും എന്തും പറയാന്‍ അധികാരമുള്ളവരുമാണ്. നാട്ടിന്‍പുറത്ത് പണ്ട് അങ്ങിനെ ഒരു വിഭാഗമുണ്ടായിരുന്നു. അവരാണ് പുറങ്ങാടി.
ങാ എനിക്കറിയാം ഒറ്റപ്പുറങ്ങാടി-ആതിര പറഞ്ഞു.
പോടീ അത് ഒരു വശം വാടി വീഴുന്ന മാങ്ങയ്ക്ക് ഒറ്റപ്പുറംവാടി, എന്നതിനു നീയൊക്കെ വിവരമില്ലാതെ പറയുന്നതാ-കിട്ടുവിന്റെ കമന്റ്.
മക്കളേ പുറങ്ങാടി എന്നത് ഒരു വിഭാഗമാണ്. ഓണത്തിനും, ഉത്സവത്തിനും ഒക്കെ ഘോഷയാത്രയോടൊപ്പം അവര്‍ ഉണ്ടായിരിക്കും. തണുങ്ങും ഒക്കെ വച്ചുകെട്ടി അവരുടെ വേഷം തന്നെ ബഹുരസമായിരിക്കും. അവരുടെ പ്രതിഭ-അതായത് പ്രത്യുല്‍പ്പന്നമതിത്വം-അതായത് ഉരുളക്കുപ്പേരിപോലെ-വടി പിടിച്ചു വാങ്ങിച്ച് അടി കൊടുക്കുന്നതു പോലെ മറുപടി പറയാനുള്ള കഴിവിനേക്കുറിച്ച് വളരെ ഉദാഹരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ഇതാ.
പണ്ട് മൈസ്രേട്ട്--ഇംഗ്ലീഷുകാര്‍ ക്ഷമിക്കുക--ബഞ്ച് കൂടുന്നത് ഓരോ സ്ഥലങ്ങളിലാണ്. അദ്ദേഹം ഇരിക്കുന്നിടം ആണല്ലോ കോടതി-അന്നും, ഇന്നും. കസേരയും, മുക്കാലിയും വടിയും പോലീസും എല്ലാമായി അദ്ദേഹം ഓരോ പഞ്ചായത്തിലും പോകണം പോലും. രാജ ഭരണമല്ലേ.
അങ്ങിനെ ഒരു ദിവസം കോത്താഴം പഞ്ചായത്തില്‍ എത്തി. കേസുകള്‍ വന്നു. വിചാരണ തുടങ്ങി. അന്നത്തേ ഒരു പുറങ്ങാടി ഇതെല്ലാം കണ്ട് രസിച്ചു നില്‍ക്കുന്നുണ്ട്.
ഈ മൈസ്രേട്ടിന്റെ ജോലി ബഹു രസമാനല്ലോ-അയാള്‍ വിചാരിച്ചു. ആജ്ഞാപിച്ചാല്‍ മാത്രം മതി. അനുസരിക്കാന്‍ എത്ര പേര്‍.
ഇങ്ങനെ വിചാരിച്ചുകൊണ്ടു നിന്നപ്പോള്‍ വിചാരണ കഴിഞ്ഞ് വിശ്രമത്തിനായി മൈസ്രേട്ടേമാന്‍ അടുത്ത വീട്ടിലേക്കു പോയി.
നമ്മുടെ പുറങ്ങാടി ഒറ്റച്ചാട്ടത്തിന് മൈസ്രേട്ടിന്റെ കസേരയില്‍ എത്തി. അവിടെ ഇരുന്ന് വിചാരണ തുടങ്ങി. എടോ മുന്നൂറ്റിപ്പതിനെട്ടെ--പ്രതി എവിടെ--ശരി അവനു മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ--മറ്റവന്‍ വന്നില്ലേ-കൊണ്ടുവാ അവനേ-ഇങ്ങനെ ഗംഭീരമായി കോടതി നടത്തുന്നതു കാണാന്‍ ആളുകളും കൂടി. വാശി കൂടി-- എവിടെ പോയിക്കിടക്കുവാ ഇവന്മാര്‍--
എന്നു ചോദിച്ചുകൊണ്ടു നോക്കിയത് മൈസ്രേട്ടിന്റെ മുഖത്തേക്കാണ്. അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ടു ചുവന്നു.
ആരാണിവന്‍ -ഇവനേ പിടിച്ച് മുക്കാലില്‍കെട്ടി പന്ത്രണ്ടടി കൊടുക്കട്ടെ-മൈസ്രേട്ട് വിധിച്ചു. സംഗതി ഉടന്‍ തന്നെ നടപ്പായി. പുറങ്ങാടിയേ പിടിച്ച് മുക്കാലില്‍ കെട്ടി. ജോറായി പന്ത്രണ്ടടി.
അടി കഴിഞ്ഞ് അഴിച്ചു വിട്ട പുറങ്ങാടി പറഞ്ഞതെന്താണെന്നറിയാമോ--“എന്റെ പറശ്ശിനി മുത്തപ്പാ, അര നാഴികനേരം മൈസ്രേട്ടുദ്യോഗം ഭരിച്ച എന്റെ നടുവ് തല്ലിപ്പൊളിച്ചു. ജീവിതകാലം മുഴുവന്‍ ഇതുകൊണ്ടു നടക്കുന്ന ഈ എന്ധ്യാനികളുടെ നടുവ് മുഴുവന്‍ തഴമ്പാരിക്കും. നമുക്കീ പണി വേണ്ടേ വേണ്ടാ.”
മൈസ്രേട്ടും പാര്‍ട്ടിയും നാണിച്ചു സ്ഥലം വിട്ടെന്നു കഥ.
ഒരിക്കല്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലെക്ക് എഴുന്നെള്ളുകയാണ്. വഴിയിലൊരു പുറങ്ങാടി മുമ്പില്‍ വന്നുപെട്ടു. രാജഭടന്മാര്‍ അവനേ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അവന്‍ രാജാവിനോടു വിളിച്ചു പറഞ്ഞു--അമ്മാവനേ കണ്ടാല്‍ ഒരു ബഹുമാനവുമില്ലേ. അങ്ങു വന്നേരെ.--ഭടന്മാര്‍ അവനേ വലിച്ചു മാറ്റി. രാജാവ് അവ്ന്റെ തല ആനയേക്കൊണ്ടു തട്ടിക്കാന്‍ കല്പനയും കൊടുത്തു.
വൈകുന്നേരം വലിയ കുഴി കുഴിച്ച് അതില്‍ പുറങ്ങാടിയേ നിര്‍ത്തി-കഴുത്തു വരെ മൂടിയ ശേഷം തല മാത്രം ഒരു പന്തു പോലെ മുകളില്‍ കാണും . അത് ആനയേക്കൊണ്ടു തട്ടി തെറിപ്പിക്കുന്ന പരിപാടിയാണ് നടക്കാന്‍ പോകുന്നത്. പതിവുപോലെ മരിക്കാന്‍ പോകുന്നവന് അന്തിമാഭിലാഷം എന്താണെന്ന് രാജാവു ചോദിക്കും. അതിനുത്തരം കഴിഞ്ഞേ ശിക്ഷ നടപ്പാക്കൂ.
രാജ പ്രതിനിധി:-( പുറങ്ങാടിയോട്) മരിക്കുന്നതിനു മുന്‍പ് നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടോ?
പുറങ്ങാടി:- ഉണ്ണിയോടു പറയൂ. പൊന്നു തമ്പുരാന്‍ നാടുനീങ്ങാന്‍ പോകുന്നു. അവസാനമായി ഉണ്ണി
യേ ഒന്നു കാണണം എന്ന്.
ഇതില്‍ പൊന്നു തമ്പുരാന്‍ പുറങ്ങാടിയും, ഉണ്ണി രാജാവും ആണെന്നു മനസ്സിലായില്ലേ. ഈവിവരം അറിഞ്ഞ രാജാവ് “ ഹല്ലേ അതു പുറങ്ങാടിയായിരുന്നോ“ എന്നു ചോദിച്ചു.
പുറങ്ങാടിയേ വെറുതേ വിട്ടെന്നു മാത്രമല്ല-ഈ വിപദി ധൈര്യത്തിന് വീര്യ ശ്രംഖലയും കൊടുത്തു.
അപ്പൂപ്പന്റെ കൊച്ചിലേ വീട്ടില്‍ ഒരു പുറങ്ങാടി വന്നു. കാര്‍ത്തിക ഉത്സവം പ്രമാണിച്ചോ മറ്റോ ആണ്. കൂടെ ഒരു പറ്റം പിള്ളാരും ഉണ്ട്. അമ്മ പുറങ്ങാടിക്കു കൊടുക്കാന്‍ നാലണ-ഇന്നത്തേ ഇരുപത്തഞ്ചു പൈസക്ക് അന്നത്തേ പേരാണ്--എടുത്തു കൊണ്ടുവന്ന് കതകു തുറന്നപ്പോള്‍ നേരെ നില്‍ക്കുന്ന പുറങ്ങാടിയേക്കണ്ട് ഒരുവശത്തെക്കു മാറി--
ഉടന്‍ പുറങ്ങാടിയുടെ പാട്ട് “നാണിച്ചു മാറി ഒളിച്ചൊരുത്തി”.
ആ പൈസ അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങിച്ച് ജാനകി ചേച്ചി പുറങ്ങാടിക്കു കൊടുത്തു.
ഉടന്‍ അടുത്ത പാട്ട്”നാണം കൂടാതെ പൊലിച്ചൊരുത്തി”. ഇതൊക്കീ ഇന്‍സ്റ്റന്റ് പാട്ടുകളാണ്. സധാരണ പാട്ടുകള്‍ “കൊതികിന്റെ മൂക്കിലൊരാന പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ--ഗോപുരം തിങ്ങി രണ്ടീച്ച പോയി--കളിയല്ല ചെങ്ങാതീ ഞാനും കണ്ടേ” എന്നരീതിയിലുള്ളതാണ്. ഇപ്പോള്‍ ഇങ്ങനെയുള്ള ആള്‍ക്കാരേ കാണാനില്ല.
ശുഭം