പാലാഴി മഥനം-രണ്ട്
അപ്പൂപ്പാ നമ്മടെ ദേവന്മാരെല്ലാം മൂത്തു നരച്ചിരിക്കുവല്ലിയോ--ആതിര ചോദിച്ചു. അവരു പാലാഴി കടഞ്ഞ കഥ--
നില്ല്-നില്ല് കിട്ടു ഇടപെട്ടു--ഈ പുന്നപ്ര-വയലാറെന്നും--വാരിക്കുന്തമെന്നും രണ്ടുമൂന്നു തവണയായി കേള്‍ക്കുന്നു. അതൊന്നു പറഞ്ഞേ.
മോനേ അത് രാഷ്ട്രീയമാണ്. അപ്പൂപ്പന്റെ തലയില്‍ കേറുന്ന പരിപാടിയല്ല. പിന്നെ അതിനേക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ പറയുന്നത് വിമോചന സമരം--രാജഭരണത്തില്‍ നിന്ന് തിരുവിതാംകൂറിനേ മോചിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയത്--എന്നാണ്. പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ വാരിക്കുന്തം കൊണ്ട്? പക്ഷേ കാണ്‍ഗ്രസ്സുകാര്‍ പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് കുറേ രക്തസാക്ഷികളേ ഉണ്ടാക്കാന്‍ കരുതിക്കൂട്ടി പാവപ്പെട്ട തൊഴിലാളികളേ വാരിക്കുന്തവും കൊടുത്ത് തോക്കിന്റെ മുമ്പിലേക്കയച്ചതാണെന്നാണ്. തോക്കില്‍ മുതിരയിട്ടാണ് വെടി വയ്ക്കുന്നതെന്നൊക്കെ അവര്‍ തൊഴിലാളികളേ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് കാണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത്.
എന്തായാലും നിരപരാധികളായ കുറെ പാവങ്ങള്‍ ചതിയില്‍ പെട്ട് വെടിയേറ്റു മരിച്ചു. ഒരൊറ്റ കമ്മ്യൂണിസ്റ്റു നേതാവും അതില്‍ മരിച്ചില്ല. അവരെല്ലാം ഒളിവിലായിരുന്നു പോലും. നിങ്ങള്‍ അതിനേപ്പറ്റി വരുന്ന ലേഖനങ്ങള്‍ വായിച്ച് പഠിച്ചാല്‍ മതി. അപ്പൂപ്പനേ വിട്ടേരെ. നമുക്കേ--ആ ബ്രഹ്മാവിന്റെ അടുത്തേക്കു പോകാം
ഒരു ദിവസം രാവിലേ ബ്രഹ്മാവ് പല്ലുതെച്ചുകൊണ്ടിരിക്കുമ്പോള്‍ സരസ്വതീദേവി ഓടി വന്നു പറഞ്ഞു--ദേ അങ്ങോട്ടു നോക്കിയേ--വയസ്സന്മാരുടെ ഒരു ജാഥ--വല്ല വാര്‍ദ്ധക്യകാല പെന്‍ഷനും കൊടുക്കാമെന്ന് പണ്ടെങ്ങാനും പറഞ്ഞിട്ടുണ്ടോ--അയ്യോ അവരിങ്ങടുത്തെത്തി.
ബ്രഹ്മാവ് ആദ്യം ഇത് സരസ്വതിയുടെ തമാശയാണെന്നാണ് വിചാരിച്ചത്. പക്ഷേ അങ്ങോട്ടു നോക്കിയ അദ്ദേഹം ഒന്നു പരുങ്ങി. എങ്ങാനും വീണ്ടും യമധര്‍മ്മനേ പരമശിവന്‍ തട്ടിയോ. ഇതിനും വേണ്ടി വൃദ്ധരും വൃദ്ധകളുമോ-- (ഒന്നും രണ്ടുമാണോ മുപ്പത്തുമുക്കോടി ഇല്ലേ) --അദ്ദേഹം ധൃതി വച്ചു പല്ലു തേച്ചു. നാലു വശവും തേയ്ക്കണ്ടേ. കൈ ആണെങ്കില്‍ രണ്ടേ ഉള്ളൂ. പെട്ടെന്നു മുഖം-അല്ല മുഖങ്ങള്‍-കഴുകി വെപ്രാളത്തില്‍ രണ്ടു കവിള്‍ വെള്ളം ഇറങ്ങിപ്പോകുകയും ചെയ്തു.
ആരാണെങ്കിലും വരട്ടെ--എന്തിനും തയ്യാറായി അദ്ദേഹം പത്മാസനത്തില്‍ ഇരുന്നു. സുമാര്‍ നൂറുമീറ്റര്‍ അകലെ ജാഥ നിന്നു. അവിടെനിന്നും രണ്ടു പേര്‍ സാവധാനത്തില്‍ ബ്രഹ്മാവിനടുത്തെത്തി അദ്ദേഹത്തേ വണങ്ങി.
അല്ലേ-ഇത് ഇന്ദ്രനും ബ്രഹസ്പതിയുമല്ലേ-എന്തു പറ്റി നിങ്ങള്‍ക്ക്--ഇതെന്തൊരു കോലം. ഞാന്‍ വിചാരിച്ചു വൃദ്ധന്മാരുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാഞ്ഞതിന് കേരളത്തില്‍ നിന്നെങ്ങാണ്ട് വരികയാണെന്ന്. വേഗം പറ എന്തുപറ്റി.
ബ്രഹസ്പതി കാര്യങ്ങളെല്ലാം വിവരിച്ചു. പാലാഴി കടഞ്ഞ് അമൃതെടുക്കണം. ഞങ്ങള്‍ക്കൊരു രൂപവുമില്ല. എന്തു ചെയ്യും.
എനിക്കൊരുപായവും തോന്നുന്നില്ല-ബ്രഹ്മാവ് പറഞ്ഞു. നമുക്ക് മഹാദേവനോട് ചോദിക്കാം. വരൂ.
എല്ലാവരുംകൂടി കൈലാസത്തിലേക്കു പുറപ്പെട്ടു. ഗന്ധമാദനത്തില്‍ ദേവന്മാരേ നിര്‍ത്തിയിട്ട് ബ്രഹ്മാവും , ഇന്ദ്രനും, ബ്രഹസ്പതിയും കൂടി കൈലാസത്തില്‍ എത്തി ശിവനോട് വിവരം പറഞ്ഞു.
എന്താ അപ്പൂപ്പാ അവരേ ഗന്ധമാദനത്തില്‍ നിര്‍ത്തിയത്. ആതിര ചോദിച്ചു.
മക്കളേ അവിടെ എല്ലാര്‍ക്കും പ്രവേശനമില്ല. വി.വി ഐ.പി കളേ മാത്രമേ അവിടെ അനുവദിക്കൂ.
അതിനകത്ത് വല്ല തീവ്രവാദികളും കാണുമെന്ന് പേടിച്ചാരിക്കും--ശ്യാമിന്റെ കമന്റ്.
നമ്മളു കൂട്ടിയാല്‍ കൂടത്തില്ല- ശിവന്‍ പ്രഖ്യാപിച്ചു. നമുക്കു മൂപ്പിലാന്റടുത്തു പോകാം. വാ. വീണ്ടും എല്ലാവരും കൂടെ വൈകുണ്ഠത്തിലേക്ക് തിരിച്ചു. അവിടെ ബ്രഹ്മാവിനും , ശിവനും മാത്രമേ പ്രവേശനമുള്ളൂ. അവര്‍ ചെന്ന് വിവരം അറിയിച്ചു. ഉച്ചകോടിക്കു തീയതിനിശ്ചയിച്ച് അവര്‍ ദേവന്മാരേ പറഞ്ഞയച്ചു.
ഉച്ചകോടിയില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനമായി. അതിനു വേണ്ട സംഭാരങ്ങള്‍ സംഭരിക്കാന്‍ ദേവന്മാരോട് ആവശ്യപ്പെട്ടു. ഒന്നാമതായി അസുരന്മാരുമായി രമ്യതയിലാകണം. അവരുടെ സഹായമില്ലാതെ പാലാഴി കടയല്‍ നടക്കില്ല. പിന്നെ കടകോല്‍ വേണം. അത് മന്ദര പര്‍വ്വതം തന്നെ വേണം. അതില്‍ ചുറ്റാന്‍ കയറായി നാഗരാജാവ് വാസുകി വേണം.
ഇവയെല്ലാം അടുപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചു.
അസുരന്മാരേ വിളിക്കാന്‍ വിഷ്ണുപാര്‍ഷദന്മാരേ അയച്ചു. അവരേക്കഴിഞ്ഞാരുമില്ലെന്നാണ് അവരുടെ ഭാവം. അവര്‍ ഗൗരവത്തില്‍ അസുര രാജധാനിയില്‍ ചെന്നു.
മഹാബലിയോട് പറഞ്ഞു. ദേവന്മാര്‍ക്ക് വേണ്ടി അമൃതുണ്ടാകാന്‍ സഹായിക്കാന്‍ നിങ്ങള്‍വരണം. എല്ലാവരും കാത്തിരിക്കുന്നു.
ആരു പറഞ്ഞു-മഹാബലി ചോദിച്ചു.
വിഷ്ണുവാണ് ഞങ്ങളേ അയച്ചത്. വേഗം വരൂ.
മഹാബലി പൊട്ടിച്ചിരിച്ചു--ആരു പറഞ്ഞു- ആ വാമനനായി വന്ന് എന്നേപ്പറ്റിച്ച വിഷ്ണുവോ? അടുത്ത മന്വന്തരത്തിലേ ഇന്ദ്രനാകേണ്ട ഞാന്‍ കുറച്ചു നേരത്തെ ആകാന്‍ ശ്രമിച്ചതാണല്ലോ എന്റെ ഒരു കുറ്റം. അവന്മാര്‍ കിളവന്മാരായിരിക്കുമ്പോള്‍ ഒന്നുകൂടി അവിടം പിടിക്കാന്‍ ആലോചിക്കുമ്പോഴാണ് അവരുടെ ഒരു അമൃത്.
ഇവിടാര്‍ക്കും സമയമില്ലെന്നു ചെന്നറിയിച്ചേരെ.
വിഷ്ണുപാര്‍ഷദന്മാര്‍ ഇളിഭ്യരായി മടങ്ങി ചെന്ന് വിവരം അറിയിച്ചു. ഉടന്‍ തന്നെ ശിവന്‍ തന്റെ ഭൂതഗണങ്ങളേ അയച്ചു. അവരും അസുരന്മാരുമായി നല്ല ബന്ധമാണ്.
വീരഭദ്രന്‍ മഹാബലിയേ വണങ്ങി. എന്നിട്ടു പറഞ്ഞു. കണ്ടില്ലേ ഇഷ്ടാ ആ ദേവന്മാരേ. ഞാന്‍ വിചാരിച്ചു ഏതോ വൃദ്ധ സദനത്തില്‍ ചെന്നു പെട്ടെന്ന്. അയ്യോ ആ
ദേവലോക സുന്ദരിമാരാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഉര്‍വ്വശി, മേനക മാരേ കാണണം. ഫ്രഞ്ചു വിപ്ലവകാലത്ത് ഫ്രാന്‍സിലേ പണക്കാരേ കൊല്ലുന്നതുകണാന്‍ വന്നിരിക്കുന്ന കുറേ മുതുക്കികളുടെ വര്‍ണ്ണനയുണ്ട്. ശരിക്കും അവരേപോലെ.
ഒന്നു നില്‍ക്കണേ അപ്പൂപ്പാ--ഈ പാലാഴി മഥനത്തിനു മുമ്പാരുന്നോ ഫ്രഞ്ചു വിപ്ലവം--ശ്യാം ചോദിച്ചു.
ശ്ശെടാ- ഈ പിള്ളാര്‍ ഒന്നും ഒന്നു കലാപരമായി പറയാന്‍ സമ്മതിക്കത്തില്ലല്ലോ. പോട്ടെടാ.
പിന്നെ വീരഭദ്രന്‍ രഹസ്യമായി പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ ദേവലോകം പിടിച്ചാല്‍ എന്താണു പ്രയോജനം. ഐരാവതമില്ല, ഉച്ചൈശ്രവസ്സില്ല അവരുടെ ഒരൈശ്വര്യവുമില്ല, സുന്ദരിമാരായ അപ്സരസ്സുകളില്ല, എന്തിനാ ഇഷ്ടാനമുക്കങ്ങനൊരു ദേവലോകം. ഈ മന്വന്തരം തീരാറായി. അടുത്ത ദേവേന്ദ്രനായിക്കഴിഞ്ഞാല്‍ നിങ്ങള്‍ വിളിച്ചാല്‍ ഇവരു വരുമോ? ഇപ്പോള്‍ അമൃതു കിട്ടിയാല്‍ എല്ലാം പഴയതുപോലെ ആകും-ആഞ്ഞൊരു പിടി പിടിച്ചാല്‍ എല്ലാം നമ്മടെ കൈയ്യിലിരിക്കും. അല്ലെങ്കില്‍ അടുത്ത മന്വന്തരത്തില്‍ ദേവേന്ദ്രനാകാന്‍ ദേവലോകം കാണത്തില്ല. വേഗം വാ.
അതു ശരിയാണല്ലോ-മഹാബലിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി--മകരാക്ഷാ--അദ്ദേഹം മന്ത്രിയെ വിളിച്ചു. വേഗം വൈകുണ്ഠത്തിലേക്കു പോകാന്‍ ഏര്‍പ്പടാക്കൂ--അദ്ദേഹം ആജ്ഞാപിച്ചു.
ആരാ അപ്പൂപ്പാ ഈ വീരഭദ്രന്‍ --ആതിര ചോദിച്ചു.
പരമശിവന്‍ ജട പറിച്ചടിച്ചപ്പോള്‍ ഉണ്ടായ ഭൂതനായകന്‍ --ദക്ഷനേ കൊല്ലാന്‍ --അതു പിന്നെ.
ദൗത്യം വിജയിച്ച കാര്യം വീരഭദ്രന്‍ അറിയിച്ചു.
ഇനി കടകോല്‍--അതും ഭൂതങ്ങള്‍ കൊണ്ടുവരട്ടെ. ഭൂതങ്ങള്‍ പോയി. മന്ദര പര്‍വ്വതത്തിന്റടുത്തു ചെന്നു. അപ്പോഴാണ് അസുരന്മാരേ പറ്റിച്ചപോലെ പണി നടക്കത്തില്ലെന്നു മനസ്സിലായത്. അതിന്റെ ചുറ്റിനും നടന്ന് തെള്ളിനോക്കി. കൊച്ചു കുഞ്ഞ് ആട്ടുകല്ലു തെള്ളുന്നതുപോലെ. ഇതു നമക്കു പറ്റിയ പണിയല്ല. വിയര്‍ത്തു വലഞ്ഞ് ഇളിഭ്യരായി വീരഭദ്രന്‍ ആന്‍ഡ് പാര്‍ട്ടി തിരിച്ചെത്തി.
മഹാവിഷ്ണു അനന്തനോട് പറഞ്ഞു. അനന്തന്‍ തന്റെ ഒരു ഫണം നീട്ടി അതിന്റെ മുകളില്‍ ഒരു കടുകു പോലെ മന്ദരപര്‍വ്വതത്തേ എത്തിച്ചു.
അടുത്തത് കലക്കാനുള്ള കയറാണ്. അതിനു വാസുകിയേ കൊണ്ടുവരണം. ആരു പോകും.
ഹതിനു ഞാന്‍ മതി-ഗരുഡന്‍ വീമ്പിളക്കി.
ശരി വേഗമാകട്ടെ. വിഷ്ണു സമ്മതിച്ചു.
ഗരുഡന്‍ വസുകിയുടെ അടുത്തെത്തി-വിവരം അറിയിച്ചു.
അയ്യോ ഞാന്‍ ഇഴഞ്ഞിഴഞ്ഞ് എന്നങ്ങെത്താനാ-വാസുകി ചോദിച്ചു.
ച്ഛെ --താനിഴയണമെന്ന് ആരു പറഞ്ഞു. ഈ ഞാനില്ലേ തന്നേ കൊണ്ടു പോകാന്‍ --ഗരുഡന്‍ നിസ്സാരഭാവത്തില്‍ പറഞ്ഞു.
അതു പറ്റുമോ-എനിക്ക് വലിയ ഭാരമാണ്. ( ഹും നീ ആ മഹാദേവന്റെ ആളായിപ്പോയി--ഗരുഡന്‍ മനസ്സില്‍ പറഞ്ഞു--അല്ലെങ്കില്‍ കാണിച്ചു തരാരുന്നു--ഗരുഡനു പാമ്പിനേ ഭാരമേ.)
നോക്കാം എന്നു പറഞ്ഞു കൊണ്ട് ഗരുഡന്‍ വാസുകിയേ ചുണ്ടുകൊണ്ട് എടുക്കാന്‍ തുടങ്ങി. എനിക്കു വേദനിക്കാതെ കൊണ്ടു പോകാമെങ്കില്‍ കൊണ്ടു പൊയ്ക്കൊളൂ--വാസുകി സമ്മതിച്ചു. ഗരുഡന്‍ വളരെ സൂക്ഷിച്ച് വാസുകിയേ കൊത്തിക്കൊണ്ട് മേലോട്ടുയര്‍ന്നു. എത്ര ഉയര്‍ന്നിട്ടും വാസുകിയുടെ മുക്കാല്‍ ഭാഗവും താഴെ കിടക്കുകയാണ്. ഗരുഡന്‍ താഴെ വന്ന് വാസുകിയേ നാലഞ്ചായി മടക്കി എടുത്തുകൊണ്ട് വീണ്ടും ഉയര്‍ന്നു. ഫലം തഥൈവ. വീണ്ടും ഗരുഡന്‍ താഴെ വന്നു. തന്റെ ശരീരത്തില്‍ മുഴുവന്‍ -ചിറകൊഴിച്ച്- ചുറ്റികൊണ്ട് ഉയര്‍ന്നു. താഴെ കിടക്കുന്നതിന് മാറ്റമില്ല.
ഭാരം കൊണ്ടും തുടര്‍ച്ചയായ പറക്കല്‍ കൊണ്ടും ഗരുഡന്‍ ബോധം കെട്ടു വീണു. കുറച്ചുകഴിഞ്ഞ് ബോധം തിരിച്ചു കിട്ടിയപ്പോള്‍ വേഗം വൈകുണ്ഠത്തിലെത്തി ലജ്ജയോടെ കാര്യം പറഞ്ഞു.
പരമശിവന്‍ അവിടെനിന്ന് തന്റെ ഇടതു കൈ നീട്ടി, വാസുകീ എന്നു വിളിച്ചു. ആ കൈയ്യിലേക്ക് ചുറ്റാന്‍ തികയാത്ത അര വള പോലെ വാസുകി ആ കൈയ്യില്‍ എത്തി.
അതെന്തു വിദ്യ--ഉണ്ണി ചോദിച്ചു.
എടാ മോനേ ഞാന്‍ അങ്ങനെ ചെയ്യും-ഇങ്ങനെ ചെയ്യും-- എന്റെ കഴിവുകൊണ്ടാണ്-- എന്നൊക്കെ ഓരോരുത്തര്‍ വീമ്പിളക്കറില്ലേ. വെറുതേയാ- നടക്കത്തില്ല-അതൊക്കെ ഒരുത്തന്‍ തീരുമാനിച്ചിട്ടുണ്ട്-അതേ നടക്കൂ. ഇത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോദ്ധ്യമായി.
ഇതുപോലെ അര്‍ജ്ജുനനും ഹനുമാനും ഒരു പറ്റ് പറ്റിയിട്ടുണ്ട്. ഒരിക്കല്‍ ശ്രീകൃഷ്ണനും അര്‍ജ്ജുനനും കൂടി രാമേശ്വരത്തു പോയി.
മഹേശ്വരനേ ഒക്കെ വന്ദിച്ച് കഴിഞ്ഞ് ശ്രീകൃഷ്ണന്‍ പറഞ്ഞു. ദേ നോക്ക് ത്രേതായുഗത്തില്‍ കെട്ടിയതാണ് ഈ ചിറ. കോടാനുകോടി വാനരന്മാര്‍ കല്ലും മലകളും ചുമന്നു കൊണ്ടുവന്ന്. എന്തു പ്രയാസം അവര്‍ അനുഭവിച്ചിട്ടുണ്ടാകും!
അര്‍ജ്ജുനനു പുച്ഛം. ഈ ശ്രീരാമന്‍ വലിയ വില്ലാളിയാണെന്നു പറയുന്നുണ്ടല്ലോ. ഞാനോ മറ്റോ ആയിരുന്നെങ്കില്‍ നിമിഷത്തിനകം അമ്പുകൊണ്ട് ചിറതീര്‍ത്ത് കഴിഞ്ഞേനേ. ഹയ്യോ-
ഒരലര്‍ച്ച-അതാ അര്‍ജ്ജുനന്റെ കൊടിമരത്തില്‍ നിന്ന് ഹനുമാന്‍ ഒറ്റച്ചാട്ടത്തിന് അവരുടെ മുന്നില്‍ എത്തി(അര്‍ജ്ജുനന്റെ കൊടിഅടയാളം ഹനുമാനാണെന്ന്‍ അറിയാമല്ലോ) ഹെന്തു പറഞ്ഞു--എനിക്കു കയറാവുന്ന ഒരു പാലം നിങ്ങള്‍ക്കു നിര്‍മ്മിക്കാവോ--പിന്നാട്ടെ ഇരുപത്തൊന്നു വെള്ളം പടയ്ക്കുള്ളതിന്റെ കാര്യം--ഹനുമാന്‍ ഗര്‍ജ്ജിച്ചു.
ഇപ്പോള്‍ കാണിച്ചുതരാം എന്നുപറഞ്ഞ് അര്‍ജ്ജുനന്‍ അമ്പുകള്‍ കൊണ്ട് നിമിഷത്തിനകം ചിറയോളം വലിപ്പമുള്ള ഒരു പാലം നിര്‍മ്മിച്ചു. ഹനുമാന്‍ അതിലേക്ക് കാലെടുത്തു വയ്ക്കുകയും പാലം തകര്‍ന്ന് കടലില്‍ പതിക്കുകയും ഒന്നിച്ചു കഴിഞ്ഞു. ഹനുമാന്‍ ദേ കിടക്കുന്നു കടലില്‍. അര്‍ജ്ജുനന്റെ മുഖം ലജ്ജകൊണ്ടു തുടുത്തു.
ഗാണ്ഡീവവുമെടുത്ത് ആരെയും നോക്കാതെ അദ്ദേഹം തേരിനടുത്തേക്കു നടന്നു. ആ നടപ്പ് അത്ര പന്തിയല്ലെന്നു കണ്ട് ശ്രീകൃഷ്ണന്‍ വിളിച്ചു പറഞ്ഞു.
അര്‍ജ്ജുനാ നില്‍ക്ക്, ഒരബദ്ധം ആര്‍ക്കും പറ്റും. ഇത്ര ധൃതി വയ്ക്കാതെ ഒരെണ്ണം കൂടി നിര്‍മ്മിക്ക്. നമുക്കു നോക്കാം.
അര്‍ജ്ജുനനു പേടി. കൃഷ്ണന്‍ പ്രോത്സാഹിപ്പിച്ചു.
മനസ്സില്ലാമനസ്സോടെ അര്‍ജ്ജുനന്‍ വീണ്ടും ഒരു പാലം നിര്‍മ്മിച്ചു.
കടലില്‍ നിന്നും കേറിവന്ന ഹനുമാന്‍ സൂക്ഷിച്ച് കാലെടുത്ത് പാലത്തില്‍ വച്ചു. കുഴപ്പമില്ല. ധൈര്യമായി അതിലൂടെ നടന്നു. ഓ.ക്കെ. രണ്ടു ചാട്ടം ചാടി. പാലം കുലുങ്ങുന്നുപോലുമില്ല. എന്ത്-ഹനുമാനാകാശം മുട്ടെ വളര്‍ന്നു-വീണ്ടും ചാടി. ഏങ്ഹേ-പാലത്തിനൊരു ചഞ്ചല്യവുമില്ല. ഇപ്പോള്‍ ഹനുമാന്റെ മുഖമാണ് ചുവന്നത്. രണ്ടുപേരും പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കൃഷ്ണനേ നമസ്കരിച്ചു. തങ്ങളുടെ അഹങ്കാരത്തിനു മാപ്പ് ചോദിച്ചു.
ദാ തുലാവര്‍ഷം തുടങ്ങിയെന്നാ തോന്നുന്നത്. വാ ആ പൊത്താനെല്ലാം നനയാതെ എടുത്തുവയ്ക്കാം.
തുടരും