അപ്പൂപ്പാ ഇനി പലാഴിമഥനം കഴിഞ്ഞിട്ടു മതി. പാവം ആ ദേവന്മാരെല്ലാം നരച്ചുകുരച്ചിരിക്കുവല്ലേ-ആതിരയുടെ പെണ്‍ബുദ്ധിയുടെ സഹതാപം.
ശരി മോളേ-കടഞ്ഞുകളയാം.
ഈ ദേവന്മര്‍ വയസ്സു ചെന്നിരിക്കുവല്ലേ-അവരേക്കൊണ്ട് വാസുകിയുടെ തല പിടിപ്പിച്ചാല്‍--ഓ-മന്ദരപര്‍വ്വതം എടുത്ത് പലാഴിയില്‍ കടകോലായി നിര്‍ത്തി വാസുകിയേ കയറായി അതില്‍ ചുറ്റിയ കാര്യം പറഞ്ഞില്ല-അല്ലേ-അതു ചെയ്തു--
കടയുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണത്തില്‍ വരുന്ന വിഷജ്വാല സഹിക്കാന്‍ അവര്‍ക്കു കെല്പു കാണില്ല. അതുകൊണ്ട് സൂത്രശാലിയായ വിഷ്ണു ദേവന്മാരേയും വിളിച്ച് വാസുകിയുടെ തലയ്ക്കല്‍ ചെന്നു നിന്നു--എന്നിട്ടു പറഞ്ഞു. ഞങ്ങള്‍ തല പിടിച്ചുകൊള്ളാം. നിങ്ങള്‍ വാലില്‍ പിടിച്ചാല്‍ മതി.
ഹും ഞങ്ങള്‍ വാലേപ്പിടിക്കാനോ--കേട്ടില്ലേ നമ്മളേ-- വാലുപിടിക്കാന്‍ . വാലേ--ഈ അസുരന്മാരേ-വാലു പിടിക്കാന്‍ . ഈ അവമാനം ഞങ്ങള്‍ സഹിക്കില്ല-മകരാക്ഷാ വാ എല്ലാരേം വിളി-പോകാം മഹാബലി കല്‍പ്പിച്ചു.
അയ്യോ-ഞങ്ങള്‍ മറ്റൊന്നും വിചാരിച്ചു പറഞ്ഞതല്ല. ഇതാ ഞങ്ങള്‍ മാറിയേക്കാം. മഹാവിഷ്ണു തോറ്റപോലെ പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചു.
കടയല്‍ തുടങ്ങി. അമൃതുണ്ടാകാനുള്ള പച്ചമരുന്നോക്കെ അശ്വിനീ ദേവകള്‍ പാലാഴിയില്‍ ഇട്ടു. ദേവന്മാര്‍ അയച്ചു കൊടുക്കുമ്പോള്‍ അസുരന്മാര്‍ മുറുക്കും-അസുരന്മാര്‍ അയക്കുമ്പോള്‍ ദേവന്മാര്‍ മുറുക്കും-അങ്ങനെ കടയല്‍നടന്നുകൊണ്ടിരിക്കേ ഒരു ഘോഷം.
ബാലിയും സുഗ്രീവനും, സുഷേണനും, നീലനും, ജാംബവാനും ഇരുപതുലക്ഷം വരുന്ന വാനരസൈന്യത്തോടുകൂടി പാലാഴിമഥനം കാണാന്‍ വരുന്നതിന്റെ ഘോഷമാണ് . പാവം ദേവന്മാരുടെ പിടി വിട്ടു പോയി. അസുരന്മാരും ഒരു നിമിഷത്തേക്ക് അങ്ങോട്ടു നോക്കിപ്പോയി. മന്ദരപര്‍വ്വതം ദേ കടലിലേക്ക്-താഴോട്ട്-താഴോട്ട് പോകുന്നു. വിഷ്ണു ഉടന്‍ തന്നെ ഒരു ഗംഭീരന്‍ ആമയായി കടലിന്റെ അഗാധതയിലേക്ക് ഊളിയിട്ടു. പര്‍വ്വതത്തേ തന്റെ മുതുകില്‍ ഉറപ്പിച്ചു നിര്‍ത്തി. കൂറച്ചു കൂടുതല്‍ പൊങ്ങിപ്പോയോ--ദേ പര്‍വ്വതം ചായുന്നു. പാവം വിഷ്ണു ഒരു പരുന്തായി വന്ന് അതിന്റെ മുകളിരുന്ന് ബാലന്‍സ് ശരിയാക്കി. കടയല്‍ പുനരാരംഭിച്ചു.
ഒരു നിമിഷം നില്‍ക്കണേ അപ്പൂപ്പാ ഈ കുരങ്ങന്മാര്‍ക്ക് എന്താണവിടെ കാര്യം. ശ്യാമിനാണ് സംശയം.
എടാ മോനേ ഉത്സവം കാണാന്‍ ആര്‍ക്കും പോകാം. ഇന്നത്തേ ഉത്സവത്തിനു പോകുന്ന ചിലരുടെ തോന്ന്യവാസവും, ആനവെരുണ്ടേ വിളിയും, ആനമയിലൊട്ടകവും ഒന്നും ഏതായാലും ഈ കുരങ്ങന്മാര്‍ കാണിച്ചില്ല. പിന്നെ -മറന്നു പോയോ- ബാലിയുടെ അച്ഛനാണ് ഇന്ദ്രന്‍ -അച്ഛന് വല്ല സഹായവും വേണ്ടിവന്നാലോ--അതാണു കാര്യം.
കടയല്‍ വീണ്ടും ഉഷാറായപ്പോള്‍ വാസുകിക്കു ചൂടുപിടിച്ചു. അതിഭയങ്കരമായ കാളകൂടവിഷം വമിക്കാന്‍ പോകുന്നു. അതിന്റെ കറ്റേറ്റ് അസുരന്മാര്‍ തളരുന്നു. അതു കീഴ്പോട്ടു പതിച്ചാല്‍ ലോകനാശമാണ് ഫലം-
വിഷജ്വാലയില്‍ പെട്ട്. ബ്രഹ്മാവും വിഷ്ണുവും ഓടിച്ചെന്ന് പരമശിവനേ വിവരം അറിയിച്ചു. ആര്‍ത്തത്രാണ പരായണനായ ആ ദേവന്‍ യാതൊരു മടിയും കൂടാതെ ആ കാളകൂടം താഴേയ്ക്കു പതിക്കാതെ തന്റെ കൈ നീട്ടി വാങ്ങി--നേരേ വായിലേക്ക് ഒഴിച്ചു.
ഹയ്യോ പാര്‍വതീദേവി ഒറ്റച്ചാട്ടത്തിന് അടുത്തെത്തി ശിവന്റെ കഴുത്തില്‍ തൊണ്ടയ്ക്ക് അമര്‍ത്തി വമനമന്ത്രം ചൊല്ലി.
അതാ വീണ്ടും അപകടം- ശിവന്‍ ഇപ്പോള്‍ വിഷം ഛര്‍ദ്ദിക്കും-
വിഷ്ണു എവിടെനിന്നെന്നറിയാതെ അവിടെ എത്തി ശിവന്റെ വായ പൊത്തിപ്പിടിച്ച് ദേവി ചൊല്ലിയ മന്ത്രം തലതിരിച്ചു ചൊല്ലി--കീഴോട്ടും മുകളിലോട്ടും പോകാന്‍ വയ്യാതെ വിഷം ശിവന്റെ കഴുത്തില്‍ ഉറച്ചുപോയി. അങ്ങിനെ ശിവന്‍ നീലകണ്ഠനായി. ലോകം രക്ഷപെട്ടു.
അപ്പോഴേക്കും വിഷജ്വാലയില്‍ പെട്ട് ദുര്‍ബ്ബലരായ കുറേ ദേവന്മാരും അസുരന്മാരും സിദ്ധികൂടി--മുപ്പത്തുമുക്കോടി ദേവന്മാരും അറുപത്താറു കോടി അസുരന്മാരുമാണ് വലിക്കുന്നത്--
ആദ്യമൊക്കെ രസം കേറി ആര്‍ത്തുവിളിച്ചിരുന്ന ബാലിക്ക് ദേഷ്യം കേറി. ചത്തോ-ചതഞ്ഞോ എന്നും പറഞ്ഞ് വലിക്കുന്ന അവരേ മൊത്തം തെള്ളിമാറ്റി രണ്ടു കൈകൊണ്ടും വാസുകിയുടെ തലയിലും വാലിലും പിടിച്ച് അതി ശക്തമായി കടയാന്‍ തുടങ്ങി.
മന്ദരപര്‍വ്വതം പമ്പരം പോലെ കറങ്ങി. അതാ നാല്‍ക്കൊമ്പനാന, ഉച്ചൈശ്രവസ്സ് എന്നിവ വരുന്നു. പുറകേ ദേവന്മാരുടെ ഇല്ലാതായിപ്പോയ ഐശ്വര്യങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെട്ടു. അവയെല്ലാം ദേവന്മാര്‍ കൈയ്ക്കലാക്കി. ഔഷധം അശ്വിനീദേവകളും, മദ്യം അസുരന്മാരും, വേദം ഋഷികളും അങ്ങിനെ തങ്ങള്‍ തങ്ങള്‍ക്കുള്ള വസ്തുക്കള്‍ തിര്‍ന്നു കഴിഞ്ഞ് പലാഴിമാത് പ്രത്യക്ഷപ്പെട്ടു.
അതിനു മുമ്പു വന്ന ജ്യേഷ്ടാഭഗവതിയേ ആര്‍ക്കും വേണ്ടായിരുന്നെങ്കിലും, സാക്ഷാല്‍ ലക്ഷ്മീ ഭഗവതിയായ പാലാഴിമാതിനെ വിഷ്ണു സ്വീകരിച്ചു-
കല്യാണം ബഹുകോലാഹലം-സദ്യയെന്നു കേട്ടാലുണ്ടോ ദേവന്മാര്‍ വിടുന്നു--അതില്‍ ഭൂദേവനെന്നോ സ്വര്‍ഗ്ഗദേവനെന്നോ വ്യത്യാസമില്ല. ദേവന്മാര്‍ മൊത്തം കല്യാണത്തിനു കൂടി. ഇവിടെ നൂറുമൈല്‍ സ്പീഡില്‍ കടയല്‍ നടക്കുകയാണ്. അതാ ധന്വന്തരീമൂര്‍ത്തി--ശംഖ,ചക്ര, ജളൂകധാരിയായി--
എന്തവാ അപ്പൂപ്പാ പറഞ്ഞെ-ജളൂകമോ അതെന്താ ആതിര ചോദിച്ചു.
മോളേ ആയുര്‍വേദത്തില്‍ ചികിത്സിക്കുമ്പോള്‍ ദുഷിച്ച രക്തം,നീരുവന്ന ഭാഗത്തുനിന്നും മറ്റും വലിച്ചെടുത്തു കളയാനുപയോഗിക്കുന്ന പ്രകൃതി നല്‍കിയ ഉപകരണമാണ് ജളൂകം അഥവാ അട്ട--നമ്മടെ കുളത്തിലും പുഞ്ചയിലും മറ്റും ഇതു ധാരാളം കാണും.
ങാ എനിക്കറിയാം ആതിര ആവേശത്തോടെ പറഞ്ഞു. ഞാനിന്നാളു ആ വൈക്കം മുഹമ്മദ് ബഷീറിന്റെ “ന്റുപ്പൂപ്പായ്കൊരാനേണ്ടാര്‍ന്നു” വായിച്ചപ്പം അതില്‍ കുഞ്ഞിപ്പാത്തുമ്മയേ കുളത്തില്‍ വച്ചു കടിക്കുന്ന ഒരട്ടയുണ്ട്. അതാണോ അപ്പൂപ്പാ= പാവം അതിനേ ഒരു വരാലു വെട്ടി വിഴുങ്ങിക്കളഞ്ഞു.
അതു തന്നെ മോളേ. വൈദ്യന്മാര്‍ അതിനേ കുപ്പിയില്‍ വെള്ളത്തില്‍ ഇട്ടു സൂക്ഷിക്കും. അതിനേ പാലാഴി കടഞ്ഞപ്പോള്‍ ധന്വന്തരീമൂര്‍ത്തി കൊണ്ടുവന്നതാണ്. അങ്ങനെ ശംഖ , ചക്ര, ജളൂക ധാരിയായി, കൈയ്യില്‍ അമൃത കലശവും പിടിച്ച്. ലോകത്തിലേ സകല രോഗങ്ങളും മറ്റാന്‍ ശക്തിയുള്ള മാസ്മരിക നയനങ്ങളുടെ കാരുണ്യ പൂര്‍ണ്ണമായ വിക്ഷണങ്ങളുമായി സാക്ഷാല്‍ ധന്വന്തരീ മൂര്‍ത്തി അവതരിച്ചു.
പക്ഷേ എന്തുഫലം! ആ അമൃതിന്റെ ആവശ്യക്കാര്‍ അവിടെ സദ്യയ്ക്ക് കടിപിടി കൂടുകയാണ്. ഇതുതന്നെ തരമെന്ന് വിചാരിച്ച് കടയല്‍ കണ്ടുനിന്ന അസുരന്മാര്‍ അമൃത കുംഭവും കൈയ്ക്കലാക്കി കടന്നു കളഞ്ഞു. ബാലി വാശിയോടെ ആഞ്ഞു വലിക്കുകയാണ്.
അതാ ഒരു ലാവണ്യത്തിടമ്പ്-ആരും അടുത്തില്ല-ബാലി വാസുകിയേ വിട്ടു--അവളേ കൈപിടിച്ച് ബാലി ചുറ്റും ഒരു ഉഗ്രമായ നോട്ടം നോക്കി--ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടോ--നോട്ടം കണ്ട് ഭയന്ന ശേഷിച്ചവര്‍ തലകുനിച്ചു നിന്നു--ഞങ്ങളൊന്നും കണ്ടില്ലേ എന്ന മട്ടില്‍ -- ബാലി സ്വന്തം ആള്‍ക്കാരുടെ കൂടെ സ്ഥലം വിട്ടു. അവളാണ് ബാലിയുടെ ഭാര്യയായിരുന്ന താര.
കല്യാണവും സദ്യയുമെല്ലാം കഴിഞ്ഞു ഏമ്പകവും വിട്ടു വന്ന ദേവന്മാര്‍ ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ കിടക്കുന്ന വൈകുണ്ഠം കണ്ട് അന്തം വിട്ടു.
അപ്പോള്‍ സ്വന്തം ലേഖകന്‍ സ്ഥലത്തെത്തി. എന്താ എല്ലാവരും അണ്ടികളഞ്ഞ അണ്ണാനേപ്പോലെ നില്‍ക്കുന്നത്? അമൃത് ആണ്‍പിള്ളാരു കൊണ്ടുപോയി-അല്ലേ. പോയി സദ്യ ഉണ്ണ്. വേഗം അതു തിരിച്ചു മേടിക്കാനുള്ള വഴി നോക്ക്. അവരു കഴിച്ചുകഴിഞ്ഞാല്‍--വേണ്ടാ ഞനൊന്നും പറയുന്നില്ല.