ഏഴു മണി ആയപ്പോളേക്കും സാറ കോളേജിൽ എത്തി. അവിടെ ഭൂരിഭാഗം കുട്ടികളും എത്തിയിരുന്നു. സാറയെ അവളുടെ അപ്പൻ ആണ് കൊണ്ടുവിട്ടത്. ആനിയും നേരത്തെ തന്നെ എത്തിയിരുന്നു. വിഷ്ണു സാറിനേം ദേവി ടീച്ചറിനെയും ബാക്കി കുട്ടികളെയും ഒക്കെ കണ്ടെങ്കിലും സാറയുടെ കണ്ണുകൾ എബിനെ തിരയുന്നുണ്ടായിരുന്നു.
" നമ്മടെ പുരുഷ കേസരി എവിടെ പിള്ളേരെ ? അവൻ മുങ്ങിയോ ?" വിഷ്ണു സാർ എല്ലാവരോടുമായി ചോദിച്ചു.
" അറിയില്ല സാർ വൈകിട്ട് വിളിച്ചപ്പോ കറക്റ്റ് സമയത്തു എത്തുമെന്നൊക്കെ പറഞ്ഞതാ.." ലക്ഷ്മി ആണ് അതിനു ഉത്തരം പറഞ്ഞത്.
" അല്ലേലും അവൻ ഇത്രേം പെണ്പിള്ളേരുടെ നടുക്ക് ഇരുന്നു ടൂറിനു പോകാൻ കിട്ടുന്ന ചാൻസ് വെറുതെ കളയുമെന്ന് തോന്നുന്നുണ്ടോ വിഷ്ണു സാറെ ?" ദേവി ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
" ടീച്ചർ അങ്ങനെ പറഞ്ഞതു എന്നെ വെറും കോഴി ആക്കി അല്ലെ ? ഞാൻ ഒരു സൽസ്വഭാവി ആയ പയ്യൻ അല്ലെ ടീച്ചർ ?" എല്ലാവര്ക്കും അരികിലേക്കായി നടന്നു വന്നു കൊണ്ട് എബിൻ പറഞ്ഞു.
"അയ്യോ നിന്റെ സൽസ്വഭാവം ക്ലാസ്സിൽ കാണുന്നതല്ലേടാ ഞാൻ." ടീച്ചർ അതും പറഞ്ഞു അവനെ ഒന്ന് ആക്കി ചിരിച്ചു.
സാറ എബിനെ ഒന്ന് നോക്കി എങ്കിലും അവന്റെ നോട്ടം തന്നിലേക്ക് നീളുന്നത് കണ്ടപ്പോൾ അവൾ നോട്ടം പിൻവലിച്ചു. അവനെ കാണുമ്പോഴും അവന്റെ കണ്ണുകളിലേക്കു നോക്കുമ്പോഴും എന്തോ ഒരു പ്രത്യേക ഫീലിംഗ് ആയിരുന്നു സാറയ്ക്കു. അവന്റെ കണ്ണുകൾ തന്നോട് എന്തോ സംസാരിക്കുന്നതു പോലെ. അവൻ അവളോട് സംസാരിക്കുമ്പോൾ ഒക്കെ അവൾ താല്പര്യമില്ലാത്ത പോലെ ഭാവിക്കുമെങ്കിലും അവന്റെ സാമീപ്യം അവളും ആഗ്രഹിച്ചിരുന്നു അത് എന്തോ അവൾക്കു സന്തോഷം നൽകുന്ന പോലെ. പലപ്പോഴും ക്ലാസ്സിൽ ഇരിക്കുമ്പോൾ അവന്റെ സംസാരത്തിൽ അവൾക്കു അവളുടെ ദുഃഖങ്ങൾ മറക്കാൻ ഉള്ളു തുറന്നു ചിരിക്കാൻ ഒക്കെ പറ്റുമായിരുന്നു. പക്ഷെ അവൻ തന്നോട് കാണിക്കുന്ന അകൽച്ച തന്നോട് മാത്രം ഒരു അതിര് വരമ്പ് വയ്ക്കുന്നത് ഒക്കെ അവളിൽ അവനോടു ദേഷ്യം ഉണ്ടാക്കി. ആദ്യമൊക്കെ തന്നോട് മാത്രം ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നവൻ പതിയെ തന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് തന്റെ അടുത്ത് നിന്നും സീറ്റ് മാറി ഇരിക്കാൻ തുടങ്ങിയത് ഒക്കെ അവളിൽ അസ്വസ്ഥത നിറച്ചിരുന്നു.
" എല്ലാവരും ബാഗുകൾ ഒക്കെ വണ്ടിയുടെ പിന്നിൽ വച്ചിട്ട് ഉള്ളിലേക്ക് കയറിക്കോ . കറക്റ്റ് സമയത്തു ഇറങ്ങണം." വിഷ്ണു സാറിന്റെ ശബ്ദം ആണ് സാറയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അങ്ങനെ മാതാപിതാക്കളോടൊക്കെ യാത്ര പറഞ്ഞു എല്ലാവരും ബസിനുള്ളിൽ കയറി. വിഷ്ണു സാർ പറഞ്ഞത് പോലെ ഒരുപാടു സ്ഥലം ഉണ്ടായിരുന്നു ആ ബസിൽ. സാറ ജനലിൽ അരികിലുള്ള സീറ്റിൽ കയറി ഇരുന്നു. ആനി സാറയ്ക്കു എതിർവശമുള്ള ജനലിന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നത്. സാറയുടെ അടുത്ത സീറ്റ് കാലി ആയിരുന്നു ആനിയുടെ സീറ്റും അതുപോലെ ആയിരുന്നു. രണ്ടു പേർക്കും വിന്ഡോ സീറ്റ് വേണം എന്നുള്ളത് കൊണ്ടും രണ്ടു പേർക്കും പരസ്പരം സംസാരിക്കാനുമുള്ള എളുപ്പത്തിനും ആണ് അവർ അങ്ങനെ ഉള്ള സീറ്റ് തിരഞ്ഞെടുത്തത് തന്നെ. അങ്ങനെ എല്ലാവരും അവരവർക്കു ഇഷ്ടമുള്ള സീറ്റിൽ ഇരുന്നു. വിഷ്ണു സാറും ദേവി ടീച്ചറും മുൻപിലുള്ള സീറ്റിൽ ഇരുന്നു. ക്ലാസ്സിലെ പ്രധാന ഗാങ് പുറകിലത്തെ സീറ്റിൽ ആധിപത്യം ഉറപ്പിച്ചു. നടുക്ക് ഉള്ള സീറ്റുകൾ മിക്കതും കാലി ആയിരുന്നു. എബിൻ അവസാനം ആണ് ബസിലേക്ക് കയറിയത് അവൻ സാറയുടെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിലേക്ക് നോക്കി എങ്കിലും അവൻ അവിടെ ഇരിക്കാൻ ഒന്ന് മടിച്ചു. അവൻ അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് പുറകിലെ സീറ്റിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ബസ് എടുത്തു. പാട്ടും ഡാൻസും ഒക്കെ ആകെ ബഹളം ആയിരുന്നു കുറെ സമയം. എല്ലാവരും ഷീണിച്ചപ്പോൾ പതിയെ അവരവരുടെ സീറ്റുകളിൽ ഉറക്കം പിടിച്ചു. സാറയും പതുക്കെ പാട്ടു ഒക്കെ കേട്ട് ഉറക്കം പിടിച്ചു. ആനി ആണെങ്കിൽ ആരേലും എടുത്തുകൊണ്ടു പോയാൽ അറിയില്ല അമ്മാതിരി ഉറക്കം. അത് കണ്ടു ശെരിക്കും സാറയ്ക്കു ചിരി ആണ് വന്നത്. ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോൾ ആയിരുന്നു സാറയ്ക്കു തന്റെ അടുത്ത് ആരോ ഇരിക്കുന്നതായി തോന്നിയത്. അവൾ നോക്കിയപ്പോൾ തന്നെ നോക്കി ഇരിക്കുന്ന എബിനെയാണ് കണ്ടത്.
" നീ എന്താടാ ഇവിടെ ?" സാറ അവനു നേരെ തിരിഞ്ഞു ചോദിച്ചു.
" വെറുതെ വന്നു ഇരുന്നെയാണെടി , കുറെ നാളായില്ലേ നിന്റെ കൂടെ ഇങ്ങനെ ഇരുന്നിട്ട്. ക്ലാസ്സിൽ എന്നെ കണ്ടാൽ സാത്താൻ കുരിശു കണ്ട പോലെ അല്ലെ നിനക്ക്?"
" നീ തന്നെ അല്ലെ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ബാക്കി പെണ്പിള്ളേരുടെ മടിയിൽ പോയി ഇരിക്കുന്നെ ? ക്ലാസ്സിൽ വന്നു ആദ്യം ഫ്രണ്ട് ആക്കിയ എന്നെ കണ്ട ഭാവം പോലും കാണിക്കാത്ത നിന്നെ പിന്നെ ഞാൻ എങ്ങനെ ട്രീറ്റ് ചെയ്യണം ?"
" അത് അങ്ങനെ അല്ലെടി നിന്നോട് കൂടുതൽ അടുത്താൽ നിനക്ക് അത് ബുദ്ധിമുട്ടു ആവുമെന്ന് കരുതിയ ഞാൻ ... പിന്നെ.. അത് വിട് ഇനി ഇപ്പോൾ കുറച്ചു നാളുകൂടെ അല്ലെ നമ്മൾ ഇങ്ങനെ ഒരുമിച്ചു ഉണ്ടാവൂ. അതുകൊണ്ടു പിണക്കം ഒക്കെ മാറ്റി നമുക്ക് പണ്ടത്തെ പോലെ അച്ചായനും അമ്മാമ്മയും ആവാം എന്തേ?"
" എനിക്ക് നിന്നോട് പിണക്കം ഒന്നും ഇല്ലെടാ പിന്നെ നീ അവോയ്ഡ് ചെയ്യുന്നത് കണ്ടപ്പോൾ സങ്കടവും ദേഷ്യവും തോന്നി. അത്രേ ഉള്ളു ."
" ഹ്മ്മ് .. നീ ഉറങ്ങിയില്ലെടി പെണ്ണെ ? നാളെ രാവിലെ ഫ്രഷ് ആയിട്ടു നമുക്ക് അടിച്ചു പൊളിക്കാൻ ഉള്ളതാ നീ ഉറങ്ങാൻ നോക്ക് . ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട് നിനക്ക് കുഴപ്പം ഇല്ലല്ലോ ?"
" ഇല്ലെടാ .. നീയും ഉറങ്ങിക്കോ. ഗുഡ് നൈറ്റ് "
എബിനോട് പിണക്കം ഒക്കെ പറഞ്ഞു തീർത്തപ്പോ സാറയ്ക്കു വല്ലാത്ത സന്തോഷം തോന്നി. അവനും അങ്ങനെ തന്നെ. രണ്ടുപേരും പതിയെ ഉറക്കം പിടിച്ചു.
സീറ്റിൽ ചാരി ഇരുന്നു ഉറങ്ങുന്ന സാറയുടെ മുഖം കാണുമ്പോൾ എബിന്റെ മനസ്സ് അവളെ തനിക്കു ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ലല്ലോ എന്നോർത്ത് തെങ്ങുകയായിരുന്നു.
" നിനക്ക് എന്റേത് മാത്രം ആയികൂടായിരുന്നോ പെണ്ണെ... നിന്നെ ഞാൻ എന്ത് മാത്രം ഇഷ്ടപെടുന്നു എന്നറിയാമോ നിനക്ക്. എന്റെ പ്രാണൻ ആണ് നീ.. എന്റെ പെണ്ണായിട്ടു എന്റെ മിന്നിനു അവകാശി ആയിട്ടു നീ വരുന്നത് എത്ര തവണ സ്വപ്നം കണ്ടിട്ടുണ്ടെന്നോ ഞാൻ. പക്ഷെ മറ്റൊരുത്തന്റെ മണവാട്ടി ആവാൻ ഒരുങ്ങി നിൽക്കുകയാണ് നീ എന്ന് അറിഞ്ഞപ്പോ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ട് ഞാൻ." സാറയെ ഉറക്കത്തിൽ നിന്നും ഉണർത്താതെ അവളുടെ തോളിൽ ചാരി കിടന്നുകൊണ്ട് മനസ്സിൽ ഇങ്ങനൊക്കെ പറയുമ്പോഴും എബിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഉറക്കത്തിൽ നിന്ന് എപ്പഴോ കണ്ണ് തുറന്നപ്പോൾ തന്റെ തോളിൽ തല വായിച്ചു കിടക്കുന്ന എബിനെയാണ് സാറ കണ്ടത്. തന്റെ തോളിൽ നനവ് അറിഞ്ഞപ്പോൾ അവൻ കരയുകയാണെന്നു അവൾ മനസ്സിലാക്കി. അവൾ അവനെ തട്ടി വിളിച്ചു " എടാ എബിനെ നീ ഒന്ന് എഴുന്നേറ്റെ, നീ എന്നതാ കരയുവാണോ ?"
സാറയുടെ വിളികേട്ടു എബിൻ അവളുടെ തോളിൽ നിന്നും തന്റെ തല എടുത്തു കണ്ണുനീര് തുടച്ചു കൊണ്ട് അവിടെ നിന്നും പോകാൻ ഭാവിച്ചു. എന്നാൽ സാറ അവന്റെ കൈയ്യിൽ പിടിച്ചു അവനെ അവിടെ തന്നെ ഇരുത്തി.
" എന്ത് പറ്റിയെടാ ? എന്തിനാ നീ കരഞ്ഞേ ? പറയെടാ"
" ഒന്നുമില്ലെടി ഞാൻ ... എനിക്ക് ... ഞാൻ കരഞ്ഞതല്ലെടി"
" പിന്നെ നീ കണ്ണിൽ കൂടെ കണ്ണുനീര് ഒഴുക്കി ചിരിക്കുവായിരുന്നോ ? സത്യം പറയെടാ, നീ എന്നെ എപ്പോഴെങ്കിലും ഒരു നല്ല ഫ്രണ്ട് ആയി കണ്ടിട്ടുണ്ടെങ്കിൽ എന്നോട് പറ. എന്താ കാര്യം വീട്ടിൽ എന്തെങ്കിലും പ്രേശ്നമുണ്ടോ ?"
പെട്ടന്നായിരുന്നു എബിൻ സാറയുടെ മുഖം തന്റെ രണ്ടു കൈകളിലുമായി കോരി എടുത്തത്. അപ്പോൾ അവന്റെ കണ്ണുകളിൽ കണ്ണുനീരിനോടൊപ്പം അവൾക്കു തിരിച്ചറിയാൻ ആവാത്ത എന്തോ ഒരു ഭാവവും സാറ കണ്ടു. സാറ അവനോടായി എന്തോ പറയാൻ തുടങ്ങിയതും എബിൻ അവളുടെ അധരങ്ങളെ അവന്റേതുമായി കോർത്തിരുന്നു. അവന്റെ ഒരു കൈയ്യു സാറയുടെ ഇടുപ്പിലും മറ്റേ കൈയ്യു അവളുടെ കഴുത്തിന് പിന്നിലും ആയി മുറുകി. സാറയുടെ കണ്ണുകൾ മിഴിച്ചു വരുന്നുണ്ടായിരുന്നു. താൻ ഏറെ പ്രണയിക്കുന്ന സാറയെ അവളുടെ അധരങ്ങളെ ആവേശത്തോടെ അനുഭവിച്ചു അറിയുമ്പോൾ സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു എബിന്.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ സാറ തരിച്ചു ഇരിന്നു പോയി. പെട്ടന്ന് സ്വബോധം വീണ്ടെടുത്ത സാറ അവനെ തന്നിൽ നിന്നും തള്ളി മാറ്റി. നിറഞ്ഞ കണ്ണുകളുമായി തന്നെ നോക്കുന്ന സാറയെ കണ്ടപ്പോൾ എബിന്റെ ചങ്കു ഒന്ന് പിടഞ്ഞു.
" സാറ .. സാറ .. ഐ ആം സോറി.. ഞാൻ അറിയാതെ ... പെട്ടന്ന്.. സോറി സാറ. ഒരുപാടു ഇഷ്ടമാണ് നിന്നെ ഒരുപാടു. എന്റെ മനസ്സ് നിറയെ നീ ആണ് പെണ്ണെ... ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടമല്ല, നിന്നെ കോളേജിന്റെ ആദ്യ ദിവസം കണ്ടത് മുതൽ സ്നേഹിച്ചു തുടങ്ങിയതാ പെണ്ണെ നിന്നെ ഞാൻ. നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ഞാൻ തീരുമാനിച്ച സമയത്താണ് നീ കല്യാണം ഉറപ്പിച്ചെന്നൊക്കെ ക്ലാസ്സിൽ പറഞ്ഞത്.അന്ന് മുതൽ മനഃപൂർവം നിന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു ഞാൻ. നിന്നെ മറക്കാൻ വേണ്ടിയാ ഞാൻ നിന്നോട് അധികം സംസാരിക്കാതെ അകലം പാലിച്ചത്. പക്ഷെ പറ്റുന്നില്ല പെണ്ണെ ... എന്റെ അവസാന ശ്വാസം വരെ നിന്നെ മറക്കാൻ എനിക്ക് ആവില്ല. നീ അല്ലാതെ മറ്റൊരു പെണ്ണ് ഈ എബിന്റെ ജീവിതത്തിൽ ഉണ്ടാവില്ല.നിന്നെ കാണുമ്പോൾ ഒക്കെ ചങ്കിൽ കത്തി കുത്തി ഇറക്കുന്ന വേദന ആണ് എനിക്ക്.. ഇപ്പോ നിന്റെ അടുത്ത് ഇങ്ങനെ ഇരുന്നപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.. അതാ ഞാൻ ഇങ്ങനൊക്കെ... സോറി സാറാ " കൈകൂപ്പി ഇത്രയും പറഞ്ഞു കൊണ്ട് എബിൻ നിറഞ്ഞ മിഴികളോടെ അവിടെ നിന്നും എഴുനേറ്റു പോയി.
സാറയ്ക്കു സംഭവിച്ചതും അവൻ പറഞ്ഞതും ഒന്നും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ ഒന്ന് അവൾക്കു മനസ്സിലായി എബിൻ... അവനെ തന്നെ പ്രാണന് തുല്യം സ്നേഹിക്കുന്നു. പക്ഷെ ഒരിക്കലും അവനെ തനിക്കു സ്നേഹിക്കാൻ കഴിയില്ല. പ്രണയം, വിവാഹം എന്നൊക്കെ കേൾക്കുന്നത് തന്നെ എനിക്ക് ഇപ്പോൾ പേടി ആണ്. അവനെ എങ്ങനെയും കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കണം. എബിൻ സാറയെ മറന്നേ പറ്റൂ.. സാറ മനസ്സിൽ ഉറപ്പിച്ചു.
എബിന് താൻ ചെയ്തു പോയ തെറ്റ് ഓർത്തു വല്ലാത്ത കുറ്റബോധം തോന്നി. അവൻ സീറ്റിൽ തല വെച്ചു കുറച്ചു മുൻപ് നടന്ന കാര്യങ്ങളെ പാട്ടി ഓർത്തു.
" ശ്ശെ ... എനിക്ക് എന്താ പെട്ടന്ന് പറ്റിയത്? ഞാൻ എന്തിനാ സാറയോട് അങ്ങനെ ഒക്കെ പെരുമാറിയത്? കർത്താവേ... ഇനി അവളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും. അവളുടെ അടുത്ത് പോയി ഇരുന്നപ്പോൾ അവളോട് സംസാരിച്ചു പിണക്കം ഒക്കെ മാറ്റി അവളോടൊപ്പം ഇനി ഉള്ള നിമിഷങ്ങൾ സന്തോഷം കൊണ്ട് നിറയ്ക്കണമെന്ന ചിന്ത ആയിരുന്നു. എന്നാൽ അവളുടെ മിഴികൾ .. അത് എന്റെ സകല നിയന്ത്രണവും കളഞ്ഞു. ഒരിക്കലും അവൾ എനിക്ക് സ്വന്തമാവില്ല എന്ന് അറിഞ്ഞിട്ടും എന്തിനാ കർത്താവേ.. ഞാൻ വീണ്ടും വീണ്ടും അവളെ ഇങ്ങനെ മോഹിക്കുന്നതു. എനിക്ക് തന്നൂടെ കർത്താവെ എന്റെ സാറയെ? പൊന്നു പോലെ നോകിക്കോളാം ഞാൻ. എനിക്ക് അവളെ നഷ്ടപ്പെട്ടാൽ ഈ എബിൻ പിന്നെ വെറും ശരീരം മാത്രം ആണ്. അത്രമാത്രം എന്റെ ആത്മാവിൽ അലിഞ്ഞു പോയി അവളോടുള്ള പ്രണയം. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് എന്റെ മനസ്സിലെ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞു. ഈ എബിൻ സാറയെ കടലോളം പ്രണയിക്കുന്നുണ്ടെന്നു ഇപ്പോൾ എന്റെ സാറയ്ക്കു അറിയാം. എന്റെ പ്രണയത്തിന്റെ തീവ്രത എനിക്ക് അവളോട് പ്രകടിപ്പിക്കാൻ കഴിഞ്ഞു." അത് ഓർത്തപ്പോൾ നിറഞ്ഞ മിഴിയോടെ ആണെങ്കിലും എബിന്റെ ചുണ്ടിൽ ഒരു മങ്ങിയ ചിരി തെളിഞ്ഞു.