\"ഇവരെന്താ ഇത്രെയും സമയം എടുക്കുന്നത്?\", ചുവരിലെ ക്ലോക്കിലേക്കു ആമി ആശങ്കയോടെ നോക്കി.
\"അവരു ഇപ്പോൾ ഇങ്ങു എത്തും. നീ ടെൻഷൻ അടിക്കാതെ.\", സാം അവളെ ആശ്വസിപ്പിച്ചു.
\"എങ്ങനെ ടെൻഷൻ അടിക്കാതിരിക്കും. ഒരു ആവശ്യവും ഇല്ലാത്തവർ വരെ എത്തി.\", അവൾ ഡൈനിങ് ടേബിളിലേക്കു നോക്കി കൊണ്ട് പറഞ്ഞു.
\"ഇച്ഛായ ഇവിടെ ചീവിടിൻടെ ശല്യം ഉണ്ടല്ലിയോ?\", ഡാനി ഉറക്കെ സാമിനെ നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചുകൊണ്ട് കൈ കഴുകാനായി വാഷിങ് ഏരിയയിലേക്ക് നടന്നു.
\"കഴുത കേട്ടല്ലോ..പെർഫെക്റ്റ്.\"
\"എൻടെ ആമി നീ എന്തിനാ വെറുതെ അവൻ്റെ മെക്കെട്ടു കേറുന്നത്?\"
\"ദേ മനുഷ്യ ഞാൻ അല്ലെ നിങ്ങളുടെ കെട്ടിയോൾ അവൻ അല്ലാലോ. അപ്പോൾ മര്യാദക്ക് എന്നെ സപ്പോർട്ട് ചെയ്തോ.\"
\"അന്നമ്മ ചേട്ടത്തി, അടിപൊളി ഫിഷ് കറി കേട്ടോ. ദാ ആ ഇരിക്കുന്ന സാധനം കഴിഞ്ഞ പ്രാവശ്യം ഫിഷ് കറി എന്ന് പറഞ്ഞു കാടി വെള്ളം എങ്ങാണ്ടാണ് കലക്കി തന്നത്.\", കിച്ചണിലേക്കു നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് ഡാനി സാമിൻടെ തോളിലൂടെ കൈയിട്ടു കൊണ്ട് അവൻടെ അടുത്ത് സോഫയിൽ ഇരുന്നു.
\"എൻടെ പൊന്നു ഡാനി നീ എങ്കിലും അടങ്ങടാ.\", സാം അവനെ ദയനീയമായി നോക്കി.
\"കേട്ടല്ലോ അവൻടെ സംസാരം. എന്നാലും നിങ്ങൾക്ക് അവൻ ആണ് ശരി. നിങ്ങൾ അവനെ കെട്ടി ജീവിച്ചോ ഞാൻ മാറി തരാം.\"
\"ഞാൻ റെഡി ആണ്. എൻടെ ഇച്ഛായനുവേണ്ടി അത്രെയെങ്കിലും ചെയ്യണ്ടേ?\"
\"പോടാ പട്ടി\", അവൾ അവനു നേരെ ഒരു പില്ലോ എടുത്തു എറിഞ്ഞുകൊണ്ടു പോവാൻ വേണ്ടി എഴുന്നേറ്റു.
\"ആമി നീ പോകുന്ന വഴിക്കു എൻടെ അനന്തരവനെ കൂടി വിളിച്ചിട്ടു വാ. അവരിങ്ങു എത്താറായി കാണും.\", ഡാനി തലയിണ ക്യാച്ച് ചെയ്തുകൊണ്ട് പറഞ്ഞു.
\"ശരിയാ. അവൻ ഹോംവർക് ചെയ്തു കഴിഞ്ഞു കാണും ആമി.\"
\"എൻടെ കൊച്ചിന് തോന്നുമ്പോ അവൻ വരും.\", അവൾ മുഖം വീർപ്പിച്ചുകൊണ്ടു പടികൾ ലക്ഷ്യമാക്കി നടന്നു.
\"കിട്ടി അല്ലെ?\", ഡാനിയുടെ ചോദ്യത്തിനു സാം അവനെ ദഹിപ്പിച്ചു നോക്കി.
\"നീ അവളെ ചൊറിയും. അവൾ കേറി മാന്തും. പാവം ഒരു ബന്ധവും ഇല്ലാത്ത എൻടെ കഞ്ഞിയിൽ പാറ്റയും വീഴും.
\"ഒരു മനഃസുഗം.\", ഡാനി സാമിനെ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.
ഡാനിയുടെ ഭാവം കണ്ടു സാമും അറിയാതെ ചിരിച്ചു പോയി. ഡാനിയെ കണ്ടുമുട്ടിയ നാൾ തൊട്ടു അവനോടു ഒരു പ്രതേക സ്നേഹം ആയിരുന്നു സാമിന്. പിന്നെ അത് ഒരു സഹോദര ബന്ധത്തിലേക്കു വഴിമാറി. ആമിക്കും അവനെ അങ്ങനെയാണ്. പക്ഷേ അവർ രണ്ടു പേരും കണ്ട നാൾ മുതൽ സ്നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണെന്നു മാത്രം.
അവർ കുറച്ചു നേരം ശ്രയയെ കുറിച്ചും എബിയെ കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.
\"എല്ലാം ശരിയാവുമെടാ.\", സാം അവൻടെ തോളിൽ തട്ടി.
\"ശരിയാവണം ഇച്ഛായ. എൻടെ ശ്രീക്കും ടീച്ചറിനും നീതി കിട്ടിയേ തീരു. അതിനു വേണ്ടിയാ ഞാൻ ജീവിക്കുന്നത് പോലും. അവളും ടീച്ചറും ഒരുപാട് അനുഭവിച്ചു. ഇവിടെ വന്നു കഴിഞ്ഞാൽ അവൾ വേദനിക്കില്ല എന്ന് ഞാൻ വിശ്വസിച്ചോട്ടെ?\", ഒന്ന് ദീർക്കമായി നിശ്വസിച്ചുകൊണ്ടു ഒരു തളർന്ന പുഞ്ചിരിയോടെ അവൻ സാമിൻടെ കൈ പിടിച്ചു ചോദിക്കുമ്പോൾ ആദ്യമായി അവൻടെ കണ്ണ് നിറയുന്നത് സാം കണ്ടു.
\"വേദനിപ്പിക്കും. നിൻടെ അനിയത്തി അല്ലെ. നിന്നോടുള്ള ഇരട്ടി ദേഷ്യം അവളോട് ഞാൻ കാണിക്കും.\", മറുപടി വന്ന ദിശയിലേക്കു സാമും ഡാനിയും നോക്കി. ആമിയായിരുന്നു അത്. റിച്ചുകുട്ടൻ അവളുടെ കയ്യിൽ പിടിച്ചു നിൽപ്പുണ്ട്. ഡാനിയെ കണ്ടതിൻടെ സന്തോഷത്തിൽ അവൻ ആമിയുടെ കൈവിട്ടു അവൻടെ അടുത്തേക്ക് വന്നു.
\"ഡാനി അങ്കിൾ എപ്പോൾ വന്നു?\"
\"കുറച്ചു നേരമായി റിച്ചുകുട്ട\", അവൻ വാത്സല്യത്തോടെ അവൻടെ കവിളിൽ തലോടി. ഇടയ്ക്കു ഇടം കണ്ണിട്ടു ആമിയെ നോക്കിയപ്പോൾ അവൾ കൂർപ്പിച്ചു നോക്കുന്നത് കണ്ടു ഡാനിക്ക് ചിരി വന്നു.
\"എൻടെ ആമി കൊച്ചെ ഇങ്ങനെ നോക്കിയാൽ ഞാൻ ദഹിച്ചു പോവും.\", അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
\"ദേ എൻടെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ. അവൻടെ ഒരു സെൻറ്റിമെന്റ്റ്സ്. നിനക്ക് ഞങ്ങളെ വിശ്വാസം ഇല്ലാതിരുന്നു എങ്കിൽ പിന്നെ എന്തിനാ ആദ്യം ഞങ്ങളുടെ അടുത്ത് വന്നത്? അവൾ അർത്തുങ്കൽ വീടിൻടെ മരുമകൾ ആയാലും ഇല്ലെങ്കിലും അവൾക്കു ദോഷം വരുന്നത് ഒന്നും ഞങ്ങൾ ചെയ്യുകയും ഇല്ല ആരെയും ചെയ്യാൻ അനുവദിക്കത്തുമില്ല.\"
\"എടാ എനിക്കും ആമിക്കും നീയും ശ്രയയും സ്വന്തം സഹോദരങ്ങൾ പോലെ തന്നെയാണ്. നിനക്ക് എപ്പോഴെങ്കിലും അങ്ങനെ അല്ല എന്ന് തോന്നിയിട്ടുണ്ടോ? അവൾക്കും നിനക്കും ഒപ്പം ഞങ്ങൾ എപ്പോഴും ഉണ്ടാവും. അല്ലേൽ നീ എന്നെ ഇച്ഛായ എന്ന് വിളിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത്?\"
\"സോറി..സോറി..എൻടെ ഇച്ഛായ ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല. പെട്ടെന്ന് അവൾ കടന്നുപോയെതെല്ലാം ഓർത്തപ്പോൾ പറഞ്ഞുപോയതാ. ദേ ഈ ആമി കൊച്ചമ്മയെയും ഇച്ഛായെനെയും എൻടെ ഫ്യുചെർ അളിയനെയും എല്ലാം എനിക്ക് നല്ല വിശ്വാസം ആണ്.\"
\"അപ്പോൾ എന്നെയോ അങ്കിൾ?\", റിച്ചുകുട്ടൻടെ വക ചോദ്യം വന്നു കഴിഞ്ഞിരുന്നു.
\"എൻടെ റിച്ചുക്കുട്ടനെ അല്ലെ അങ്കിളിനു ഏറ്റവും വിശ്വാസം.\", അവൻടെ കുഞ്ഞി കവിളുകൾ പിടിച്ചു വലിച്ചുകൊണ്ടു അവൻ പറഞ്ഞു.
\"ഇപ്പോഴത്തേക്കു ക്ഷമിച്ചിരിക്കുന്നു. വർഗീസ് മുതലാളി എന്ത് പറഞ്ഞു?\", ആമി സോഫയിലേക്ക് ഇരുന്നുകൊണ്ട് ഡാനിയെ നോക്കി ചോദിച്ചു.
\"റിപ്പോർട്ട് എത്തിക്കാൻ ഉത്തരവ് ഇട്ടിട്ടുണ്ട്. സാഹചര്യം ഇല്ലാതെ ആയി പോയി ഇല്ലെങ്കിൽ ഇന്നത്തെ അങ്ങേരുടെ വർത്താനത്തിനു ഞാൻ എന്തേലും ചെയ്തു പോയേനെ. എന്നെ കണ്ട്രോൾ ചെയ്തത് എങ്ങനെയാണെന്ന് എനിക്കെ അറിയാവൂ.\", അത് പറയുമ്പോളേക്കും ഡാനി അവൻടെ രൗദ്ര ഭാവത്തിലേക്ക് വന്നിരുന്നു.
\"സൂക്ഷിക്കണം അയാൾ വെറുതെ ഇരിക്കില്ല.\"
\"അതെ. നമ്മൾ കെയർഫുൾ ആയിരിക്കണം.\", സാം ആമി പറഞ്ഞത് ശരി വെച്ചുകൊണ്ട് പറഞ്ഞു.
പെട്ടെന്നാണ് പുറത്തു കാറിൻടെ ഹോൺ കേട്ടത്. ആമി ചെറിയ ഒരു ഞെട്ടലോഡും ടെൻഷെനോടും സാമിനെയും ഡാനിയേയും നോക്കി.
\"നീ ബാ. ടെൻഷൻ അടിക്കാതെ.\", സാം ആമിയെ നോക്കി പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
നാലുപേരും പുറത്തു വന്നതും കാണുന്നത് കാറിൽ നിന്നും ഇറങ്ങുന്ന എബിയെയും ശ്രയയെയും ആണു.
\"ശ്രയ ആൻറ്റി\", റിച്ചുക്കുട്ടൻ വിളിച്ചുകൊണ്ടു ഓടി വന്നു അവൻടെ കുഞ്ഞി കൈകൾ കൊണ്ട് ആവും വിധം അവളെ കെട്ടി പിടിച്ചു. അവളുടെ കണ്ണുകൾ തിളങ്ങി. അവൾ അവനെ കൈയിൽ എടുത്തു. എന്തോ കണ്ണുകൾ നിറയുന്നു. ഇങ്ങനെ ചേർത്ത് പിടിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചതു കൊണ്ടാവണം. അവൾ മനസ്സിൽ ഓർത്തു.
\"റിച്ചുകുട്ട\", വിതുമ്പൽ അടക്കി പിടിച്ചു അവൾ അവനെ വിളിച്ചു.
\"ശ്രയ ആൻറ്റി എന്തു ഭംഗിയാ.\", അവൻ അവളുടെ മുഖത്തു പതിയെ തലോടി.
\"റിച്ചുകുട്ടനും ഭയങ്കര സുന്ദരനാ.\", അവൾ അവൻടെ കവിളിൽ മൂക്കുരുമ്മിക്കൊണ്ട് പറഞ്ഞു.
\"ആഹാ ഇപ്പോൾ ഞാൻ ഔട്ട് ആയോ?\", എബി അവനെ ഇക്കിളി ആക്കികൊണ്ടു ചോദിച്ചു. അവൻ അവൻടെ കുഞ്ഞി പല്ലുകൾ കാട്ടി ഉറക്കെ ചിരിച്ചു. ആ ചിരി എബിയിലേക്കും ശ്രയയിലേക്കും പടർന്നു. ചിരിയുടെ ഇടയിൽ ആണ് തങ്ങളെ ഇമ വെട്ടാതെ ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കുന്ന ആ മൂന്നു പേരിലേക്ക് എബിയുടെ ശ്രധ പതിച്ചത്.
\"ഹലോ. നിങ്ങളെന്താ ഇങ്ങനെ ഒന്നും മിണ്ടാതെ നിൽക്കുന്നെ?\", അവൻ അവരുടെ മുന്നിൽ വിരൽ ഞൊടിച്ചുകൊണ്ടു ചോദിച്ചു.
ആമി ചുമൽ കൂച്ചി. \"ഏയ്..ഒന്നും ഇല്ല..\", അവൾ സാമിനെയും ഡാനിയേയും സഹായത്തിനായി നോക്കി. ശ്രയ വന്ന ചിരി അടക്കിപിടിച്ചു. അവൾക്കു ഊഹിക്കാമായിരുന്നു അവരുടെ ആകാംഷയും ടെൻഷനും. പക്ഷേ കാര്യങ്ങൾ മറച്ചു വെച്ചതിനു ഒരു ഡോസ് കൊടുക്കാൻ അവൾ തീരുമാനിച്ചിരുന്നതുകൊണ്ടു അവൾ ഗൗരവത്തിൽ നിന്നു.
\"എൻടെ ആമി നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ. എബി, നിങ്ങൾ വരാൻ വൈകിയതിൻടെ ടെൻഷെനിൽ ആരുന്നു ആമി. നിങ്ങൾ എന്ത് തീരുമാനിച്ചു എന്നൊന്നും അറിയാതെ. ഞാനും ഇച്ഛായനും പറഞ്ഞു ടെൻഷൻ അടിക്കേണ്ട എന്ന്.\", ഡാനി നൈസ് ആയി കാലു മാറി പറഞ്ഞതും അവൻടെ കാലിൽ ആമിയുടെ ചവിട്ടു കിട്ടിയതും ഒരുമിച്ചായിരുന്നു.
\"ഉയ്യോ\"
\"പട്ട..\", പറഞ്ഞു പൂർത്തിയാക്കും മുൻപ് ആമിയുടെ വാ സാം പൊത്തിയിരുന്നു.
\"എൻടെ പൊന്നു എബി പിള്ളേരെക്കാൾ കഷ്ടമാണ് ഇതുങ്ങൾ. പുറത്തു ആരേലും പറഞ്ഞാൽ വിശ്വസിക്കുവോ ഇത് എല്ലാരേയും വിറപ്പിക്കുന്ന ദി ഗ്രേറ്റ് ഡാനിയേൽ വർഗീസ് അബ്രഹാമും, ഡോക്ടർ അമേയ സ്കറിയ അർത്തുങ്കലും ആണെന്ന്. നീയും ശ്രയയും വരുന്ന സമയം കൊണ്ട് വീട് തലകീഴാവും എന്ന് ഞാൻ വിചാരിച്ചു.\"
സാമിനെ നോക്കി കണ്ണുരുട്ടുന്ന ഡാനിയേയും ആമിയെയും എബി ചിരിയോടെ നോക്കി. \"അവനെ നോക്കി പേടിപ്പിക്കേണ്ട. അവൻ പറഞ്ഞതിൽ എന്താ തെറ്റ്...പിന്നെ...ഇനി കൂടുതൽ ടെൻഷൻ അടിക്കണ്ട. ഞങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതം ആണ്. ബാക്കി കാര്യങ്ങൾ നിങ്ങൾ പ്രൊസ്ഡ് ചെയ്തോ.\"
\"ശരിക്കും ശ്രീ?\", ഡാനി സന്തോഷത്തോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നതും അവൾ ഒരു കൈ നീട്ടി അവനെ തടഞ്ഞു.
\"ദൂരെ നിന്നുള്ള സന്തോഷിക്കൽ ഒക്കെ മതി.\", ഡാനിയോട് പറയുന്നതിനിടയിൽ ആമിയെയും കൂടി അവൾ കൂർപ്പിച്ചു നോക്കാൻ മറന്നില്ല.
\"സോറി\", ആമി അവളുടെ അടുത്തേക്ക് വന്നു അവളെ പെട്ടെന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
\"ഞാനും സോറി.\", ഡാനിയും സമയം പാഴാക്കിയില്ല.
\"എങ്കിൽ പിന്നെ ഞാനും സോറി.\", സാം ചിരിച്ചുകൊണ്ട് പറഞ്ഞു.
ശ്രയ കള്ള ഗൗരവത്തോടെ അവരെ മൂന്ന് പേരെയും മാറി മാറി നോക്കി. \"ഞങ്ങളൊന്നു ആലോചിക്കട്ടെ. അല്ലേ റിച്ചുകുട്ടാ?\". അവൻ കുഞ്ഞി വാ പൊത്തി പിടിച്ചു ചിരിയോടെ തലായാട്ടി. ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കാനെന്നോണം ആ ചിരി അവരിലേക്കെല്ലാം പടർന്നു.
തുടരും....