Aksharathalukal

2. ദൈവത്തെ തേടി

ഉണ്ണിക്കുട്ടൻ വീടിനു ചുറ്റുമുള്ള ഉറുമ്പിനോടും പാമ്പിനോടും കൂണിനോടും കുളവിയോടും കൂട്ടുകൂടി നടക്കുമ്പോഴാണ് പെരുമഴക്കാലം വന്നതും പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടിയതും മനുഷ്യനും തിര്യക്കുകളും അപ്രത്യക്ഷമായതും.
ഉണ്ണിക്കുട്ടൻ മുത്തശ്ശിയോടു ചോദിച്ചു:
\" എന്താ മുത്തശ്ശി ഇങ്ങനെയൊക്കെ വരുന്നത്?\"

മുത്തശ്ശി പറഞ്ഞു: \"ദൈവകോപം! അല്ലാതെന്താ?\"

ഉണ്ണിക്കുട്ടൻ: \"ദൈവമെന്തിനാ കോപിക്കുന്നത്. കോപം വന്നാലും വലിയവർ ഇത്തരം തെമ്മാടിത്തരം കാട്ടാമോ?\"

മുത്തശ്ശിക്കും ദേഷ്യം വന്നു.
\" ഉണ്ണിക്കുട്ടാ, ദൈവനിന്ദ പാടില്ല. മനുഷ്യന്മാര് അതിക്രമവും കള്ളത്തരവും കാണിക്കുമ്പോൾ ദൈവം ശിക്ഷ കൊടുക്കുന്നത് ഇങ്ങനെയാ!\"

ഉണ്ണിക്കുട്ടൻ: \"ഉരുൾപൊട്ടി മരിച്ചവരെല്ലാം കള്ളന്മാരായിരുന്നോ?
തെറ്റുകാരായിരുന്നോ?\"

\"നിനക്ക് പിടിച്ചില്ലെങ്കിൽ വേണ്ട. നീ അട്ടയും പുഴുവും പഴുതാരയുമായി മിണ്ടിപ്പറഞ്ഞു നടക്കുകയല്ലേ? നീ എന്തുകൊണ്ടാ ദൈവത്തെ വിളിക്കാത്തത്? സംസാരിക്കാത്തത്?\"

\" പൊന്നു മുത്തശ്ശി, ദൈവം തമ്പുരാനെ ഏതു നമ്പറിലാ വിളിക്കുക? അദ്ദേഹത്തിന്റെ മൊബൈൽ നമ്പറോ, ഈമെയിൽ വിലാസമോ പറഞ്ഞുതാ, ഞാൻ വിളിക്കാം.\"

\"നീയിന്നെന്റെ കയ്യീന്ന് മേടിക്കും. ചെക്കൻ വിളഞ്ഞുവിളഞ്ഞ് ദൈവ നിഷേധിയായിരിക്കുന്നു.\"

\"മുത്തശ്ശി ചൂടാവണ്ട, ഞാൻ തിരക്കി കണ്ടു പിടിച്ചോളാം. ചോദിക്കാനുള്ളത് ചോദിക്കുകയും ചെയ്യും!\"

മുത്തശ്ശി: \" എന്നാ അതൊന്നു കാണട്ടെ. ധൃവകുമാരനെപ്പോലെ, മാർക്കാണ്ഡേയനെപ്പോലെ, പ്രഹ്ലാദനെപ്പോലെ മനം നൊന്തു വിളിക്ക്, ദൈവം മുന്നിൽ വരും!\"

\"അല്ല, മുത്തശ്ശി മുടങ്ങാതെ എന്നും വിളിക്കുന്നുണ്ടല്ലോ. ഇതുവരെ വിളികേട്ടില്ല?\"

മുത്തശ്ശി: \"കേൾക്കും വരുകേം ചെയ്യും മരിച്ചു ചെല്ലുമ്പോൾ കാത്തു നില്ക്കുന്നുണ്ടാവും.\"

\"മുത്തശ്ശിയുടെ വിശ്വാസം ശരിയാകട്ടെ.\"

\" ഞാനേതായാലും മരണംവരെ കാത്തിരിക്കുന്നില്ല. അറിയാനുള്ളത് ജീവിച്ചിരിക്കുമ്പോൾത്തന്നെ അറിയണം!\"

\" ശരി, പോയി അറിഞ്ഞിട്ടു വാ!\"

മുത്തശ്ശി പിറുപിറുത്തുകൊണ്ട് അകന്നുപോയി.
ഉണ്ണിക്കുട്ടൻ നേരെ തോട്ടത്തിലേക്കു കടന്നു. മുന്നിൽ നില്ക്കുന്ന തെങ്ങിനോടു ചോദിച്ചു: \" തെങ്ങേട്ടാ, ഏട്ടൻ ദൈവത്തെ കണ്ടിട്ടുണ്ടോ?\"
തെങ്ങ് പറഞ്ഞു: \"ഞാൻ കണ്ടിട്ടില്ല, പക്ഷേ എന്റെ പൂർവികർ കണ്ടിട്ടുണ്ടെന്നാ പറയുന്നത്!\"

\"നിങ്ങടെ ദൈവം എങ്ങിനെയിരിക്കും?\"

\"ദൈവം തെങ്ങുപോലെ തന്നെ! എന്നാൽ ആകാശം മുട്ടെ ഉയരം. കുടപ്പനയുടെ വണ്ണം. ഒരു കുലയിൽ നൂറിൽക്കൂടുതൽ തേങ്ങകൾ!\"

\"ഓഹോ, ഒരു വലിയതെങ്ങാണ് നിങ്ങടെ ദൈവം.\"

ഉണ്ണിക്കുട്ടനെ കണ്ട കട്ടനുറുമ്പ് കുടുകുടെ ചിരിച്ചുകൊണ്ട് ചോദിച്ചു:
\"എന്താ, ഉണ്ണീ വലിയ അന്വേഷണത്തിലാണല്ലോ?\"

ഉണ്ണിക്കുട്ടൻ: \"അതെ, പൊട്ടനമ്മാവാ;
ദൈവത്തെ തിരക്കിയിറങ്ങിയതാ.\"

\"എന്നിട്ട് കണ്ടോ?\"

\"എവിടെ കാണാൻ, നേരിൽ കണ്ടവരാരുമില്ല. എല്ലാവരും പറഞ്ഞുകേട്ടറിഞ്ഞ ശക്തിയാണ് ദൈവം!\"

\"എന്റെ കാരണവന്മാരും പറഞ്ഞു തന്നിട്ടുണ്ട്, ഭീമാകാരനായ ആയിരം തലകളും അറുപതിനായിരം കാലുകളുമുള്ള ഒരു ഉറുമ്പാണ് ദൈവമെന്ന്. ദൈവം താമസിക്കുന്നത് ആനമലക്കുന്നിന്റെ നെറുകയിലെ പാറയുടെ വിടവിലാണു പോലും. ദൈവയുറുമ്പ് ആനകളെയും സിംഹത്തെയുമൊക്കെ കടിച്ചു കുടയുമത്രേ!\"

\"അപ്പോൾ, അമ്മാവനും നേരിട്ടു കണ്ടിട്ടില്ല!\"

\" അതില്ല.\"

ഉണ്ണിക്കുട്ടൻ മുന്നോട്ടു നടന്നു. കരിയിലക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുന്ന മഞ്ഞച്ചേര ഉണ്ണിക്കുട്ടന്റെ സാമീപ്യം തിരിച്ചറിഞ്ഞ് തലയുയർത്തി നോക്കി.

\"ചേരയണ്ണാ, പോരുന്ന വഴിക്ക് സർപ്പക്കാവിനടുത്തുവെച്ച് ദൈവത്തെ കണ്ടിട്ടുണ്ടോ?\"

\" ഇതെന്താ ഉണ്ണിക്കുട്ടാ, നമ്മളെപ്പോലെയുള്ള പാപികളുടെയടുത്ത് ദൈവം വരുമോ?
പാമ്പു ദൈവങ്ങൾ മഹാവിഷ്ണുവിന് മെത്തയായും ശിവഭഗവാന് ആഭരണമായും മാറിയിരിക്കുകയല്ലേ? അവരൊക്കെ എത്ര വലിയവർ!\"

ഒരു കാര്യം ഉണ്ണിക്കുട്ടന് വ്യക്തമായി; സ്വവർഗത്തിലെ കരുത്തും വലിപ്പവുമുള്ള ഒന്നിനെയാണ് ദൈവമായി സങ്കല്പിച്ചിരിക്കുന്നത്!
അതായത് സ്വന്തം ശക്തിയുടെ മൂർത്തീഭാവമാണ് ദൈവം!

അന്വേഷണം തുടരുക തന്നെ!

തുടരും...


അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

0
136

പ്രപഞ്ച ചാലകശക്തിയെത്തേടി, അതിന്റെ ആവിഷ്കാരങ്ങളെ മനസ്സിലാക്കി പല സ്വാർഥ സങ്കല്പങ്ങളുടെയും നിലവറകൾ തകർക്കാൻ ഉണ്ണിക്കുട്ടനെന്ന ബാലന്റെ അന്വേഷണം തുടരുകയാണ്...ജന്തുക്കളും സസ്യങ്ങളും അവകാശപ്പെടുന്നത് അവരിലും ശക്തികൂടിയ അവരെപ്പോലെയുള്ള ഏതോ ശക്തിവിശേഷത്തിന്റെ നിയന്ത്രണത്തിലാണ് അവരെന്നാണ്. ഇനി ജലത്തിനോടും വായുവിനോടും ആകാശത്തോടും ചോദിക്കുക തന്നെ!(ഉണ്ണിക്കുട്ടൻ വീടിന്റെ പുറകിലുള്ള കുന്നിന്റെ നിറുകയിലെത്തി.അതായത് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള വെള്ളംനീക്കിപ്പാറയുടെ മുകളിൽ. ഉയർന്നു നില്ക്കുന്ന രണ്ട് ടെലിഫോൺ ടവറുകളുടെ ഇടയിലുള്ള വിശ