ബാങ്കിലെ ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനു ശേഷം രാധിക തൻ്റെ ക്യാബിന് അടുത്തേക്ക് നടന്നു.വഴിയിൽ ഒഴിഞ്ഞു കിടക്കുന്ന അനുവിൻ്റെ ക്യാബിൻ കണ്ട്, രാധിക കുറച്ചു നേരം നോക്കി നിന്ന് നെടുവീർപ്പിട്ടു.കാര്യം 3 വർഷത്തെ പരിചയമെ അനുവിനോട് ഉള്ളുവെങ്കിലും അവരുടെ ആത്മബന്ധം എത്ര മേൽ ദൃഢമായിരുന്നു.അനുവിനും തിരിച്ച് രാധികയോട് അതേ അനുഭാവം ആയിരുന്നു, സ്വന്തം ഫാമിലി എന്ന പോലെ ആയിരുന്നു രാധികയെയും അവൾ കണ്ടിരുന്നത്.
ഹലോ, ഞങ്ങളെ ഒക്കെ മറന്നോ ? ,തൻ്റെ ക്യാബിന് അകത്തേക്ക് നടക്കുന്നതിന് ഇടയിൽ രാധിക അനുവിനെ മെസ്സേജ് ചെയ്തു.
അനു ലീവ് എടുത്ത് ബാങ്കിലേക്ക് വരാതായിട്ട് 4 ആഴ്ച കഴിഞ്ഞിരിക്കുന്നു.
രാധിക ഓഫീസ് ചെയറിലേക്ക് ഇരുന്ന് രോഹിത് നാളുകൾക്ക് മുൻപ്, അവളുടെ ഫോണിലേക്ക് അയച്ചു കൊടുത്ത പ്രകാശിൻ്റെ ഫോട്ടോകൾ എടുത്ത് പരിശോധിക്കുവാൻ തുടങ്ങി.തൻ്റെ ഫോണിലെ ഗാലറിയിലെ ഫോട്ടോകൾ സ്ക്രോൾ ചെയ്യുന്നതിനിടെ അവളുടെ കണ്ണ് മരിച്ച പ്രകാശിൻ്റെയും, അയാളുടെ മകൾ 8 വയസ്സ് തോന്നിക്കുന്ന ചിന്നുവിൻ്റെയും, ഫോട്ടോയിൽ ഉടക്കി.ഇത് മീനുവിൻ്റെ കിടക്കയിൽ നിന്ന് വീണ സ്വർണ നിറത്തിലുള്ള കോയിൻ പോലെ ഉണ്ടല്ലോ?..., സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിന്നുവിൻ്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മെഡലിലേക്ക് സൂം ചെയ്ത് നോക്കുന്നതിന് ഇടയിൽ രാധിക ആലോചിച്ചു. അതെ ഇത് തന്നെയാണത്...!!!, രാധിക ഉറപ്പിച്ചു.അനുവിന് കോയിൻ കിട്ടിയത് ഫ്ലാറ്റിൻ്റെ വാതിലിന് പുറത്ത് നിന്ന്, അങ്ങിനെയെങ്കിൽ മരിച്ചു പോയ ചിന്നുവിൻ്റെ ആത്മാവ് അയക്കുന്ന ഒരു സന്ദേശം ആയിരിക്കുമോ കോയിൻ ?, അതോ, അവൾ മീനുവിനെ സംരക്ഷിക്കാൻ നോക്കുന്നത് ആണോ?!.
രാധികയുടെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു, അനുവാണ്.
മീനുവിനെ നോക്കാൻ , ഹോം നഴ്സിനെ കിട്ടിയിട്ടുണ്ട് , ഞാൻ നാളെ മുതൽ ജോലിക്ക് വരും .അനു അയച്ചു കൊടുത്ത സെൽഫിയിലേക്ക് രാധിക കണ്ണും നട്ടിരുന്നു.രാധികയുടെ പുറകിൽ മീനുവിനെ പരിചരിക്കുന്ന നഴ്‌സ്... ഇവളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ .... എവിടെയാണ് രാധിക ഓർക്കാൻ ശ്രമിച്ചു.അവൾ വേഗം തൻ്റെ ഗാലറിയിലെ ഫോട്ടോകൾ നോക്കുവാൻ തുടങ്ങി.അതെ, ഇതവൾ തന്നെ നഴ്‌സിൻ്റെ വേഷത്തിൽ ബസ്സിന് പുറത്തേക്ക് തലയിട്ട് ചർദ്ദിക്കുന്നത് അന്ന് മീനുവിനെ കാണാൻ ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി താൻ എടുത്ത ഫോട്ടോ.ഇവൾ, അനുവിൻ്റെ വീട്ടിൽ മീനുവിനെ പരിചരിക്കുന്നു..., ഇത് യാദൃശ്ചികം മാത്രം ആയിരിക്കുമോ?!! അതോ മറ്റെന്തെങ്കിലും ആണോ....?! കാലിയൻ്റെ വരവിന് മറ്റെന്തെങ്കിലും ഉദ്യേശ്യവും കാണുമോ?...., രാധിക കസേരയിലേക്ക് ചാരിയിരുന്നു.
നഴ്സിനെ കുറിച്ചൊക്കെ അന്വേഷിച്ചിരുന്നോ അനു ?, അവൾ മെസ്സേജ് അയച്ചു.
അന്വേഷിച്ചു , അവൾ ജോലി എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്..., ആദ്യം എനിക്ക് പേടി ആയിരുന്നു ...., മീനുവിനെ തികച്ചും അപരിചിതയായ ഒരാൾക്ക് ഒപ്പം തനിച്ചാക്കുക , അത് കൊണ്ടാണ് ഞാൻ ലീവ് എടുക്കാമെന്ന് തീരുമാനിച്ചത് , രാധിക. നീ സാറിനോട് പറഞ്ഞേക്ക്...., ഞാൻ നാളെ മുതൽ ജോലിക്ക് വരുമെന്ന്.
ഞാൻ പറഞ്ഞേക്കാം അനു. രാധിക
ഹലോ രോഹി, ഞാൻ പറഞ്ഞ കാര്യം..., രാധിക രോഹിത്തിൻ്റെ ഫോണിലേക്ക് വിളിക്കുമ്പോൾ രോഹിത് അവൻ ജോലി ചെയ്യുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ \"ബി സേഫി\" ലെ ലാപ്‌ടോപ്പിന് മുന്നിൽ ഇരുന്ന് തല പുകക്കുകയായിരുന്നു. എന്താ രാധിക ചേച്ചി...? , ടെർമിനലിൽ നിന്ന് കണ്ണെടുക്കാതെ അവൻ ചോദിച്ചു.എടാ കാലിയൻ... നീ മറന്നോ ... ?! , രാധിക ചോദിച്ചു. ഓ ... യെസ്... യെസ്... സോറി ചേച്ചീ ... work load ഇത്തിരി കൂടുതലാ ... എനിക്ക് അയാളുടെ... പ്രകാശിൻ്റെ... മൈനാകത്തുള്ള വീടിൻ്റെ അഡ്രസ് കിട്ടി, പിന്നെ ഞാൻ പറഞ്ഞല്ലോ , കാലിയന് മൊബൈൽ ഫോൺ ഒന്നും ഉപയോഗിക്കുന്ന ശീലം ഇല്ല, അതു കൊണ്ട്
looks like an impossible scenario ചുണ്ടിൽ വിരൽ വെച്ച് രോഹിത് പറഞ്ഞു.നീ സിസി ടിവി നോക്ക്, അവൻ്റെ വഴികളിലൂടെ പോ, ഇപ്പോൾ എവിടെ തിരിഞ്ഞാലും സിസി ടിവി അല്ലെ....?, രാധിക ചോദിച്ചു.രാധിക ചേച്ചി, ഒരു കാര്യം ചെയ്യ് ...., ബാങ്കിലെ പണി കളഞ്ഞ് ഇങ്ങോട്ട് പോരെ ഇവിടെ ഒരു ലോഡ് ജോലിയുണ്ട് അതെല്ലാം ചെയ്തോ , ചേച്ചിക്ക് പറ്റിയ പണി എൻ്റെയാ ...
, രോഹിത് ചിരിച്ചു.പിന്നെന്താ...., ഞാൻ ഒരു ടെൻഷനും ഇല്ലാത്ത ബാങ്ക് ജോലി കളഞ്ഞ് നിൻ്റെ ജോലി ചെയ്യാം..., രാധിക തൻ്റെ ചെയറിൽ കറങ്ങി ഇരുന്നു. ഞാൻ നോക്കാം ചേച്ചി... കാലിയൻ ... എവിടെയൊക്കെ പോകാറുണ്ടെന്ന് .. അയാൾക്ക് ടെക്നോളജിയുമായി ഒരു ബന്ധവും ഇല്ല അതാണ് പ്രശ്നം.
എനിക്ക് മനസ്സിലായി രോഹി ഞാൻ വിളിക്കാം. രാധിക
ശരി ചേച്ചി. രോഹിത്
രാധികയുടെ കോളിന് ശേഷം രോഹിത് ചിന്താമഗ്നനായി ചെയറിലേക്ക് ചാരിയിരുന്നു. കാലിയന് മൊബൈൽ ഫോണില്ല , അതായത് പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തി. അയാൾ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ എന്താണ് മാർഗം??. അതെ കസബ പോലീസ് സ്റ്റേഷൻ , കാലിയൻ പ്രകാശിൻ്റെയും ചിന്നുവിൻ്റെയും ബോഡി കൊണ്ട് പോയിരിക്കുന്ന അഡ്രസ്സ് അവിടെ നിന്ന് കിട്ടും...., പിന്നെ അവൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ എളുപ്പമാണ്..., സിസി ടിവി കൾ....!, .എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം,. തൻ്റെ ലാപ്ടോപ്പിൽ നിന്നും കസബ പോലീസ് സ്റ്റേഷൻ ഓഡിറ്റിംഗ് എന്ന് പേരുള്ള ഫോൾഡർ തുറക്കുമ്പോൾ രോഹിത് ചിന്തിച്ചു. \' kasba_station.pdf \' തുറന്ന് രോഹിത് അതിലേക്ക് കണ്ണും നട്ടിരുന്നു. ഫ്രണ്ട് ഡെസ്ക് കോൺസ്റ്റബിൾ രഞ്ജിത് , മൂപ്പരുടെ കമ്പ്യൂട്ടറിൽ.... അല്ലെങ്കിൽ ഫോണിൽ.... അല്ലെങ്കിൽ ഫ്രണ്ട് ഡെസ്ക് രജിസ്റ്ററിൽ...., കാണും കാലിയൻ്റെ അഡ്രസ്.പോലിസ് സ്റ്റേഷൻ നെറ്റ്‌വർക്ക് അതി സുരക്ഷിതം ആണെന്നിരിക്കെ, അതിലേക്ക് നുഴഞ്ഞ് കയറിയുള്ള സാഹസികത മണ്ടത്തരം ആകുമെന്ന്, രോഹിത്തിന് അറിയാമായിരുന്നു. ഉം... പിന്നെന്താണ് മാർഗം...., രാഹുൽ കണ്ണടച്ചിരുന്ന് ആലോചിച്ചു.സ്റ്റേഷനിലെ സിസിടിവി തന്നെ നോക്കാം .പ്രൈവറ്റ് ഏജൻസികൾക്കാണ് അതിൻ്റെ മെയിൻ്റനൻസിനുള്ള ചുമതല. haik vision cctv ആണ് സ്റ്റേഷൻ പരിസരത്ത് മുഴുവൻ വെച്ചിരിക്കുന്നത്.രോഹിത് തൻ്റെ ആത്മീയ ധ്യാനത്തിൽ നിന്ന് ഉണർന്ന് പണി തുടങ്ങി . പ്രശസ്തമായ ഒരു network scanner ഉപയോഗിച്ച് അവൻ പോലീസ് സ്റ്റേഷൻ ip address range സ്‌കാൻ ചെയ്തു. haik vision cctv ക്യാമറകളിൽ ഒരു പ്രശ്നം ഉള്ളതായി, രോഹിത്തിന് അറിയാമായിരുന്നു. ഇൻ്റർനെറ്റിലേക്ക് തുറന്നിരിക്കുന്ന ഓപ്പൺ പോർട്സ്...., ആദ്യത്തെ സ്കാനിങ്ങിൽ തന്നെ രോഹിത്തിന് കസബ സ്റ്റേഷൻ front desk കമ്പ്യൂട്ടറിൻ്റെ തുറന്ന് കിടക്കുന്ന പോർട്ട് ലഭിച്ചു .ടെർമിനലിൽ ഓടിച്ച ഒരു python script ഉപയോഗിച്ച് അവൻ കാലിയനെ പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ട ദിവസത്തെ ക്യാമറ റെക്കോഡിങ് ഫോൾഡർ, front desk കമ്പ്യൂട്ടറിൽ നിന്നും, തൻ്റെ ലാപ് ടോപ്പിലേക്ക് പകർത്തി . അന്നത്തെ ക്യാമറ വീഡിയോസ്, വിഎൽസി പ്ലേ ലിസ്റ്റിൽ പ്ലേ ചെയ്യുമ്പോൾ രോഹിതിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു . കാലിയൻ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി, പൊന്തക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു സഞ്ചി എടുക്കുന്നതും സഞ്ചിയിൽ നിന്ന് ഒരു വലിയ കത്തി റോഡിലേക്ക് വീഴുന്നതുമായ, സ്റ്റേഷന് പുറത്തെ സിസിടിവി വീഡിയോ കണ്ട്, രോഹിത്ത് അമ്പരന്നു. കാലിയൻ പരിഭ്രമത്തോടെ ചുറ്റിനും നോക്കി , പെട്ടെന്ന് തന്നെ താഴെ വീണ വലിയ കത്തി , പേപ്പറിൽ പൊതിഞ്ഞ് തിരിച്ച് സഞ്ചിയിലേക്ക് ഇടുന്നതും, വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു . ഇവനെ നിരീക്ഷിക്കാൻ ആണെങ്കിൽ, ഇതെടുത്ത് സി ഐ ഷാജഹാന് ഇട്ട് കൊടുത്താൽ പോരെ, പോരാത്തതിന് കാലിയൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടും ഉണ്ട് ....., രോഹിത്തിന് ചിരി വന്നു . ക്യാമറയുടെ മേൽ നോട്ടം ഫ്രണ്ട് ഡെസ്‌ക്കിലെ കോൺസ്റ്റബിൾ രഞ്ജിത്തിന് ആണെന്നിരിക്കെ..., അയാൾ അടുത്ത തവണ ക്യാമറ അപ്ലിക്കേഷൻ തുറക്കുമ്പോൾ ഈ വീഡിയോ ലൂപ്പ് ആയി സ്ക്രീനിൽ play ചെയ്യുന്നത് പോലെ സെറ്റ് ചെയ്യാം..., ബാക്കി അയാൾ നോക്കിക്കൊള്ളും. രോഹിത് അതിനുള്ള സംവിധാനങ്ങൾ ഒരുക്കി .കസബ പോലീസ് സ്റ്റേഷനിലെ haik vision cctv ക്യാമറകൾക്ക് എല്ലാം remote update കൊടുത്ത് സുരക്ഷാ പാളിച്ച അടച്ച് , കസേരയിലേക്ക് ചാരിയിരുന്ന് പൊട്ടിച്ചിരിച്ചു. കസബ പോലീസ് സ്റ്റേഷനിലെ സിസിടിവികൾ എല്ലാം ഇപ്പോൾ റിസ്റ്റാർട്ട് ആയിട്ടുണ്ടാകും....!!!, രോഹിത്തിൻ്റെ ചിരി അവൻ്റെ ഓഫീസ് ക്യാബിനിൽ മുഴങ്ങി.
< തുടരും >