അവിടെ നിന്ന് കരഞ്ഞുകൊണ്ടു പോയ സിദ്ധി കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരുപോലും തുടയ്ക്കാൻ കൂട്ടാക്കാതെ തണുത്ത കോൺക്രീറ്റ് പാകിയ ആഗ്രഹഹാര വീഥിയിലൂടെ ഓടുകയായിരുന്നു. അവൾ ഭയം കൊണ്ട് വിറച്ചു അപമാനം കൊണ്ട് ഉരുകി.
അപ്പോഴും അവൻ അണിയിച്ച മഞ്ഞ ചരടിൽ കോർത്ത താലിമാല അവളുടെ ഉള്ളിൽ കേൾക്കുന്ന ഹൃദയമിടിപ്പിന് കൂട്ടായി അവളുടെ നെഞ്ചിൽ തന്നെ താളം കൊട്ടുന്നുണ്ടായിരുന്നു.
രാവിലെ തന്റെ കയ്യാൽ പിറവികൊണ്ട അരിപ്പൊടി കോലത്തിന് പുറത്ത് ചവിട്ടി അവൾ പൂട്ടിയിട്ട വാതിലിൽ ചെന്നിടിച്ചു നിന്നു. കുറച്ച് മുന്നേ താൻ തന്നെ പൂട്ടിയിട്ട് പോയതാണെന്ന് ഓർക്കാതെ അത് തള്ളി തുറക്കാൻ അവൾ ഒരു പാഴ്ശ്രമം നടത്തി.
ഒരു നിമിഷത്തേക്ക് ചിന്താശേഷിയൊക്കെ നശിച്ചത് പോലെയായിരുന്നു അവളുടെ കാട്ടിക്കൂട്ടൽ. പൂട്ടിയിട്ട് പോയ വാതിലിന്റെ താക്കോലിന് വേണ്ടി അവടമാകെ പരതാൻ തുടങ്ങി. സ്ഥിരമായി താക്കോൽ വയ്ക്കുന്ന ഇടം കൂടെ അവൾ മറന്നു പോയിരുന്നു. അപ്പോഴും അവളുടെ കാഴ്ചയെ മറച്ചുകൊണ്ട് കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.
തിരച്ചിലിനിടയിൽ കയ്യിൽ കിട്ടിയ താക്കോലുമായി വേഗം തന്നെ വാതില് തുറന്നു അവൾ വീടിനകത്തേക്കോടി കയറി. മുറിക്കുള്ളിൽ കട്ടിലിൽ പോയിരുന്നു അവൾ പൊട്ടി കരഞ്ഞു.
ആരാ അയാൾ എന്തിനാ അയാൾ എന്നോട് ഇങ്ങനെ ചെയ്തത്? കരച്ചിലിനിടയിലും അവൾ തന്റെ ഓർമകളിൽ അവനെ തിരഞ്ഞു. ഇല്ല കണ്ടിട്ടില്ല ഇതിനു മുൻപ് ഒരിക്കൽ പോലും അയാളെ കണ്ടിട്ടില്ല.
അവൻ കെട്ടിയ താലിയിലേക്കവൾ ഒരു നിമിഷം നോക്കി. തന്റെ കല്യാണം കഴിഞ്ഞിരിക്കുന്നു താൻ പോലും അറിയാതെ ഏട്ടനില്ലാതെ മാമിയില്ലാതെ. ആരാ തന്നെ കല്യാണം കഴിച്ചത്? അറിയില്ല ഏതോ ഒരു അപരിചിതൻ. ആ താലി ചേർന്നു കിടക്കുന്ന നെഞ്ച് പൊള്ളുന്ന പോലെ തോന്നി അവൾക്ക്.
സിദ്ധി... സിദ്ധി.... പുറത്ത്നിന്നും സീതയുടെ ഉറക്കെയുള്ള വിളി കേട്ട് സിദ്ധി ഒന്ന് ഞെട്ടിപ്പിടഞ്ഞു എഴുനേറ്റു.
ക്ഷേത്രത്തിൽ മാമിയും ഉണ്ടായിരുന്നതാണ് ഇതിനോടകം മാമി അറിഞ്ഞിരിക്കും അവിടെ നടന്നതൊക്കെ. തന്റെ കഴുത്തിൽ താലി വീഴുന്നത് നോക്കിനിന്ന ആളുകളൊക്കെ തന്നെ പരിചയക്കാരും ഇവിടെ അടുത്തൊക്കെ ഉള്ളവരുമാണെന്ന് സിദ്ധിയോർത്തു.
ഓടി എന്നപോലെയാണ് സീത സിദ്ധിയുടെ റൂമിനകത്ത് കയറിച്ചെന്നത്.
കഴുത്തിൽ താലിയോടെ അവളെ കണ്ടതും സീത ഒരു നിമിഷം
തറഞ്ഞു നിന്നു.
വിളക്ക് കഴുകി കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് അപ്പുറത്തെ വീട്ടിലെ മണികണ്ഠൻ വന്നു പറയുന്നത് നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന ആ കൊച്ചില്ലെ അതിനെ ഏതോ ഒരു പയ്യൻ നമ്മുടെ അമ്പലനടയിൽ വച്ച് താലികെട്ടി എന്ന്. അവന്റെ വാക്ക് കേട്ട് ആവേറിപ്പെട്ടു ഓടി നടക്കലെത്തുമ്പോൾ അവിടെ നിൽക്കുന്നവരിൽ ചിലർ വല്ലാത്ത നോട്ടം നോക്കുന്നതും എന്തൊക്കെ അടക്കംപറയുന്നതും അറിഞ്ഞിരുന്നു. അതൊന്നും വക വയ്ക്കാതെ സിദ്ധിയെ അവിടമാകെ തിരഞ്ഞു.
ഒടുവിൽ തൊഴാൻ വന്ന ലീലാമണിയാണ് അവിടെ കണ്ട കാര്യങ്ങളൊക്കെ വള്ളിപുള്ളി തെറ്റാതെ വിവരിച്ചു തന്നത്.
അതും അവിടെ നടന്നതൊന്നും അറിയാതെ അപ്പോൾ മാത്രം തൊഴാൻ വന്നവരും കൂടെ കേൾക്കാൻ പാകത്തിന് ഉറക്കെ.
എല്ലാം കേട്ടതും ഒന്നും ചിന്തിക്കാതെ ഓടി പാഞ്ഞു വീട്ടിലേക്ക് വന്നതാണ് സീത. സിദ്ധിയുടെ കഴുത്തിൽ കിടക്കുന്ന താലി അത് സത്യമാണെന്ന് അവർക്ക് കാട്ടിക്കൊടുത്തതും അവർ തലയിൽ കൈവെച്ച് നിലത്തേക്ക് ഇരുന്നു പോയി.
അത് കണ്ടതും സിദ്ധി സീതയുടെ അടുത്തേക്ക് ഓടിവന്ന് അവരുടെ അടുത്തായി ഇരുന്നു.
മാമി.... എനിക്കൊന്നും.....
അറിയില്ല. അയാൾ..... അയാൾ ആരാണെന്നൊന്നും എനിക്കറിയില്ല.
അവൾ കരഞ്ഞുകൊണ്ട് അവരുടെ കയ്യിൽ പിടിച്ചു.
ആരെന്നറിയാതെ ഏതോ ഒരുത്തൻ ഇത്ര സ്വാതന്ത്ര്യത്തോടെ നിന്റെ കഴുത്തിൽ താലികെട്ടുമോ സിദ്ധി. അതും നാട്ടുകാര് മുഴുവൻ നോക്കി നിൽക്കെ. അവളുടെ കൈകുടഞ്ഞ് എറിഞ്ഞുകൊണ്ട് സീത മുരണ്ടു.
ദേഷ്യത്തോടെയുള്ള സീതയുടെ ചോദ്യത്തിൽ സിദ്ധി ഒന്ന് ഞെട്ടി പുറകിലേക്ക് നീങ്ങിയിരുന്നു.
സത്യായിട്ടും മാമി..... എനിക്ക് അറിയില്ല അയാളെ. ഞാൻ.... ആദ്യമായിട്ട് കാണുകയാ. ഇതിനു മുൻപ്... ഇതിനു മുൻപ് ഞാൻ അയാളെ കണ്ടിട്ട് പോലുമില്ല.... മാമിയാണേ സത്യം. സിദ്ധി കരഞ്ഞുകൊണ്ട് സീതയുടെ തലയിലേക്ക് കൈവയ്ക്കാൻ പോയതും അവർ വെറുപ്പോടെ അവളുടെ കൈ ഒറ്റത്തട്ടിന് തെറിപ്പിച്ചു.
മാനം മര്യാദയ്ക്ക് കഴിയുന്ന എന്നെ കൂടെ നാണം കെടുത്താനാണോ നിങ്ങൾ ആങ്ങളയും പെങ്ങളും കൂടെ അവിടെന്ന് ഇങ്ങോട്ട് പോന്നത്? ചുവന്ന കണ്ണുകളോടെ മാമിയുടെ ദേഷ്യം നിറഞ്ഞ നോട്ടത്തിൽ സിദ്ധി പകച്ചു പോയി. മാമിയുടെ ഇതുപോലൊരു മുഖം അവൾ ആദ്യമായി കാണുകയായിരുന്നു.
വാതിലിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടതും സീത സിദ്ധിയെ ഒന്ന് ഇരുത്തി നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി.
വാതിൽക്കൽ അകത്തേക്ക് കയറാണോ വേണ്ടയോ എന്ന പോലെ നിൽക്കുന്ന അയൽവക്കക്കാരെയും അവരുടെ തലവനെ പോലെ നിൽക്കുന്ന വെങ്കിടിയെയും സീത അകത്തേക്ക് ക്ഷണിച്ചു.
എല്ലാവരും ഉള്ളിലേക്ക് കയറി രണ്ടു മൂന്ന് പേര് ഉള്ള സൗകര്യത്തിൽ ഇരിക്കുകയും സ്ത്രീകളും കുറച്ച് പുരുഷന്മാരും നിൽക്കുകയും ചെയ്തു.
എന്താ വെങ്കിയണ്ണ എല്ലാരും കൂടെ? അവരുടെ വരവ് എന്തിനാണെന്ന് ധാരണ ഉണ്ടായെങ്കിലും സീത വെറുതേ ചോദിച്ചു.
അറിഞ്ഞു വച്ചിട്ടും ഏൻ ഇന്ത ചോദ്യം സീത? വെങ്കിടിയുടെ മലയാളവും തമിഴും ഇടകലർത്തിയുള്ള ചോദ്യത്തിന് സീത ഉത്തരമില്ലാതെ തല താഴ്ത്തി നിന്നതേ ഉള്ളു.
സീതയുടെ ഭർത്താവിന്റെ സഹോദരൻ കൂടെയാണ് വെങ്കിടി. ആ ഒരു ബഹുമാനം സീതക്ക് അയാളോടുണ്ട്.
എന്നാൽ വെങ്കിടിക്ക് അനുജന്റെ ഭാര്യ ആണെന്ന ഒരു സഹതാപവും അവരോടില്ല. അനുജൻ മരിച്ച് സീത തനിച്ചായപ്പോൾ മക്കളില്ലാത്ത അവരുടെ ഈ വീട് സീതയുടെയും കാലശേഷം തന്റെ മക്കൾക്ക് കിട്ടും എന്നൊരു വിചാരം വെങ്കിടിക്കുണ്ടായിരുന്നു. അന്നേരമാണ് അയാളുടെ ആഗ്രഹത്തിന് തടയെന്നോണം പാർത്ഥസാരഥിയും സിദ്ധിയും ഇങ്ങോട്ട് വരുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഇപ്പൊ അവിടെ അരങ്ങേരുന്നതൊക്കെ കണ്ട് അയാൾ ഉള്ളു കൊണ്ട് സന്തോഷിക്കുന്നുണ്ടായിരുന്നു.
വളച്ചു കെട്ടില്ലാതെ കാര്യം സൊൽറേൻ
ഇത് മര്യാദയുള്ള കുറച്ച് ആളുകൾ തങ്കീട്ടിരിക്കിറ ഒരു അഗ്രഹാരം. പാർത്ഥസാരഥി ഒരു പോണ്ണേ കൂട്ടി ഓടിപ്പോയെന്നു കേക്കിറൻ. അതിന് പുറകെ ഇന്ന് രാവിലെ നമ്മ കോയിലില് ഏതോ ഒരു പയ്യൻ സിദ്ധിയെ ബലമായി വിവാഹം ചെയ്തുവെന്നും. ഇതൊന്നും ഇങ്കെ നടക്കാത് സീത. വന്നിരിക്കുന്നവരുടെ പ്രതിനിധിയെന്ന പോലെ വെങ്കിടി പറഞ്ഞു.
ഇവിടെ കല്യാണം ആകാത്ത വേറെയും കുട്ടികളുണ്ട് ഇതൊക്കെയല്ലേ അവരും കാണുന്നത്. അവിടെ നിന്നവരിൽ ഒരാൾ കുറച്ച് അറപ്പോടെ പറഞ്ഞു.
ഒന്നുകിൽ അന്ത കുട്ടിയെ അതിന്റെ വീട്ടിലേക്ക് അയക്കുക ഇല്ലെങ്കിൽ അതിനെ കല്യാണം കഴിച്ച ആളോടൊപ്പം പറഞ്ഞു വിടുക. ഇല്ലെങ്കിൽ ഈ അഗ്രഹരത്തിലെ ഒരു ഫാമിലിയും ഈ വീടുമായി യാതൊരു ബന്ധത്തിനും വരില്ല . എന്ന് വച്ചാൽ ഈ വീട് ഇവിടെ ഒറ്റപ്പെടും വീട്ടിലുള്ളവരും. വെങ്കിടിയുടെ അടുത്തിരുന്ന അവിടത്തെ ഏറ്റവും പ്രായമുള്ള സ്വാമിനാഥനായിരുന്നു അത് പറഞ്ഞത്. അയാളുടെ വാക്കുകൾ അവിടെ എല്ലാർക്കും വേദമാണ്. എല്ലാരും ഒരു പോലെ ബഹുമാനിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം.
വെങ്കിടിയുടെ കൂടെ വന്ന പെണ്ണുങ്ങൾ നാലുപേരും കൂടി നിന്ന് എന്തൊക്കെയൊ അടക്കം പറയുന്നതും താൻ നോക്കിയപ്പോൾ അത് നിർത്തുന്നതും സീത കണ്ടു. സീതക്കാ എന്ന് തികച്ചു വിളിക്കാത്തവരാണ് ഇപ്പോഴേ എല്ലാവരും തന്നെ ഒറ്റപ്പെടുത്തി തുടങ്ങിയതെന്ന് സീത ഓർത്തു.
സീത എന്ത് ചെയ്യണമെന്നറിയാതെ നിറഞ്ഞകണ്ണുകളോടെ വെങ്കിടിയെ ദയനീയമായി നോക്കി. അയാൾ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന പോലെ മുഖം കുനിച്ചു കളഞ്ഞു.
പിന്നെ സീതയുടെ നോട്ടം അവിടെ നിൽക്കുന്ന ഓരോ മുഖങ്ങളിലേക്കും പോയി. അവർക്കും അത് തന്നെയാണ് അഭിപ്രായം എന്ന് മനസിലായി.
ഇതേ സമയം പുറത്ത് വന്നിരിക്കുന്നവർ തന്നോടൊരു വാക്കുപോലും ചോദിക്കാതെ തന്റെ ജീവിതം തീരുമാനിക്കുന്നത് കേട്ട് കരച്ചിലടക്കാൻ കഴിയാതെ സിദ്ധി അവളുടെ വാ പൊത്തിപ്പിടിച്ചു തേങ്ങി.
സീത ഒന്നിങ്കെ വാമ്മാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.
വെങ്കിടി അകത്തേക്ക് കയറി പോയതും എല്ലാരേയും ഒന്ന് കൂടെ നോക്കി സീതയും അയാൾക്ക് പിറകേ കയറി പോയി.
സീതയുടെ തീരുമാനം എന്താ. ഇവിടുള്ളവര് പറയുന്നത് കേട്ടെ അല്ലേ. എല്ലാരും അന്ത പൊണ്ണു കൂടെ കോപമാ ഇരുക്ക്. ഇനിയും അതിനെ ഇവിടെ നിർത്തിയാൽ അത് നിന്നോടും കൂടെ തോന്നാൻ റൊമ്പ നേരം ആകാത്. നമ്മ കുടുംബത്തിലുള്ളവർ പോലും നിന്നോട് പിന്നെ മിണ്ടാൻ വരില്ല സീത.
അന്ത പയ്യനെ ഞാൻ കണ്ടു സിദ്ധിയെ കൊണ്ട് പോകാൻ പുറത്ത് നിൽക്കുന്നുണ്ട് അവൻ. എപ്പടിയായാലും താലി കെട്ടി ഇനി അവൾ അവന്റെ കൂടെത്താൻ ജീവിക്കണം. നമ്മളുടെ വഴക്കം പോലെ നോക്കിയാലും അതല്ലേ ശെരി. ഇനി വേറെ ആരെങ്കിലും അവളെ കല്യാണം കഴിക്കുമോ അത്രയും ആളുകളുടെ മുന്നാടിയല്ലേ അവൻ അവളെ താലികെട്ടിയത്. വെങ്കിടി തന്റെ വാക്ചാതുര്യം കൊണ്ട് സീതയെ പറഞ്ഞു മനസിലാക്കാൻ നോക്കി.
സിദ്ധിക്കറിയില്ലെന്ന പറയുന്നത് ആ പയ്യനെ. പിന്നെ എന്ത് വിശ്വസിച്ചാ അവന്റെ കൂടെ ഞാൻ അവളെ പറഞ്ഞു വിടുന്നത്. സീത വെങ്കിടിയെ നോക്കി സങ്കടത്തോടെ ചോദിച്ചു .
അവള് പറഞ്ഞതൊക്കെ നീ അപ്പടിയെ വിശ്വസിച്ചോ? വെങ്കിടി ഒരു പുച്ഛത്തോടെ സീതയെ നോക്കി. മുന്നുംപിന്നും തെരിയാത ഒരുത്തൻ വന്ന് നാട്ടുകാരുടെ മുന്നിൽ വച്ച് താലികെട്ടുമെന്ന് ഞാൻ നമ്പമാട്ടേൻ. പാർത്ഥൻ ഒരു പെണ്ണിനെ കൂട്ടി ഓടിപ്പോയില്ലേ ആരെങ്കിലും വിചാരിച്ചിരുന്നോ അവൻ അങ്ങനെ ചെയ്യുമെന്ന് അവന്റെയല്ലേ സഹോദരി.
അയാൾ കുടിലതയോടെ ഓരോന്ന് പറഞ്ഞു സീതയെ വിശ്വസിപ്പിക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു.
കുറച്ച് നേരം കൊണ്ട് തന്നെ അയാളുടെ ശ്രെമം ഫലം കണ്ടിരുന്നു. സീതക്കും അയാൾ പറയുന്നത് ശെരിയായി തോന്നി മാത്രമല്ല എല്ലാവരാലും തഴയപ്പെട്ടു ഒറ്റപ്പെടുന്നത് അവർക്ക് ഓർക്കാനെ കഴിയുന്നുണ്ടായിരുന്നില്ല.
ഞാൻ അവളെ അവരുടെ കൂടെ പറഞ്ഞയക്കാം. സീത വെങ്കിടിക്ക് വാക്ക് കൊടുത്ത് അകത്തേക്ക് പോയി.
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പുറത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അതിനു പിന്നാലെ രണ്ടു ചെറുപ്പക്കാർ അകത്തേക്ക് കയറി വന്നതും എല്ലാവരുടെയും ശ്രെദ്ധ അവരുടെ നേർക്കായി.
ഇയാളാണ് അമ്പലത്തിൽ വച്ച് സിദ്ധിയെ
വിവാഹം ചെയ്തത്. മണികണ്ഠൻ ജോയലിനൊപ്പം നിൽക്കുന്ന കെവിനെ കണ്ടതും വിളിച്ചു പറഞ്ഞു. എല്ലാവരുടെയും നോട്ടം കെവിന് നേരെ ചെന്നു. ചിലർക്ക് പരിഹാസമാണെങ്കിൽ ചിലർക്ക് പുച്ഛമായിരുന്നു. മറ്റു ചിലരാണെങ്കിൽ വെറുപ്പോടെയും നോക്കുന്നുണ്ടായിരുന്നു.
കെവിൻ അതൊന്നും വലുതായി ശ്രദ്ധിക്കാതെ ഫോൺ എടുത്ത് അതിൽ തോണ്ടാൻ തുടങ്ങി.
എന്നാൽ പുറത്തുനിന്നുള്ള മണികണ്ഠന്റെ വാക്കിൽ വിറച്ചു പോയത് സിദ്ധിയായിരുന്നു. അവളുടെ മിഴികൾ ഒരുവേള കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് പോയി.
അയാൾ എന്തിനാകും വന്നത് ? കൂടെ കൊണ്ടുപോകാൻ ആയിരിക്കുമോ. ഇവിടെയുള്ളവരും കുറച്ചു മുൻപ് അതാണല്ലോ പറഞ്ഞുകൊണ്ടിരുന്നത് എല്ലാവരും ചേർന്ന് അയാൾക്കൊപ്പം തന്നെ പറഞ്ഞയക്കുമോ? സിദ്ധിക്ക് വല്ലാത്ത പേടി തോന്നി. എങ്കിലും തന്റെ മാമി അതിന് ഒരിക്കലും തയ്യാറാകില്ലെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.
റൂമിലേക്ക് കയറി വന്ന സീതയെ കണ്ടതും സിദ്ധി മാമി എന്ന് വിളിച്ചു കൊണ്ട് ഓടി അവരുടെ അടുത്തേക്ക് ചെന്നു.
നീ അവനൊപ്പം പോണം സിദ്ധി. സിദ്ധി എന്തോ പറയാൻ വന്നതും സീത അവളെ അതിനനുവദിക്കാതെ അവളുടെ മുഖത്തുപോലും നോക്കാതെ പെട്ടന്ന് തന്നെ പറഞ്ഞു.
സിദ്ധി ഒരു ഞെട്ടലോടെ മാമിയെ തന്നെ നോക്കി ശീലപോലെ നിന്നു. മുന്നോട്ടൊന്നു ചലിക്കാൻ പോലും അവളുടെ കാലിനു ബലമില്ലാതായി പോയി ആ വാക്കുകൾക്ക് മുന്നിൽ.
സീത സിദ്ധിക്ക് മുന്നിൽ കൈകൂപ്പി. എനിക്ക് ഈ വീടും ഈ അഗ്രഹാരവും ആ മഹാദേവ സന്നിധിയും വിട്ടാൽ വേറെ ഒരു ലോകവും അറിയില്ല. നിന്റെ മാമന്റെ ഓർമകളുള്ള ഈ വീട്ടിൽ തന്നെ ഒടുങ്ങണമെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് നിന്റെ അപ്പ വിളിച്ചിട്ടും ഞാൻ പാലക്കാട്ടേക്ക് പോലും വരാത്തത്. ഇവിടെ ഉള്ളവരുടെ അറപ്പും വെറുപ്പും സഹിച്ചു ഒറ്റപ്പെട്ടു കഴിയാൻ എനിക്ക് വയ്യ കുട്ടി. നീ അവനൊപ്പം പോണം. അത്രയും പറഞ്ഞ് സിദ്ധിയുടെ മുഖത്ത് പോലും നോക്കാതെ സീത മുറിവിട്ടു പുറത്തേക്കു പോയി.
കാത്തിരിക്കൂ 🌼🌼🌼🌼🌼🌼🌼
റിവ്യൂ പോരാ കേട്ടോ. സ്റ്റോറി ഇഷ്ടമാകുന്നില്ലേ അതുകൊണ്ടാണോ? 😔😔😔