സമയം 5 30 മെഡോ അപാർട്മെൻ്റ്, ഫ്ലാറ്റ് നമ്പർ 666 ലെ കുറ്റാ കൂരിരുട്ടിൽ കാലിയൻ കണ്ണടച്ച് കേയൻ എന്ന ദുർ ദൈവത്തെ ധ്യാനിച്ച് ഇരുന്നു.കറുത്ത മുണ്ട് ധരിച്ചിരുന്ന അയാളുടെ തല കറുത്ത തുണി കൊണ്ട് മറച്ചിരുന്നു. നെറ്റിയിലും തോളിലും എല്ലാം പല തരം ജീവികളെ കൊന്ന് ആഭിജാര ക്രിയകൾ ചെയ്ത് വെണ്ണീർ ആക്കിയ കറുത്ത ഭസ്മം പൂശിയിരുന്നു. കൺ തടങ്ങളിലും കവിളിലും വലിച്ച് നീട്ടി എഴുതിയിരുന്ന കൺ മഷി അയാളുടെ മുഖത്തെ കൂടുതൽ ഭയാനകമാക്കി.കാലിയൻ്റെ മുന്നിൽ പലതരം പൂജാ ദ്രവ്യങ്ങൾ പനം കള്ളും, പല നിറത്തിലുള്ള കളഭങ്ങളും പ്ലാസ്റ്റിക് കവറുകളിൽ നിരത്തി വെച്ചിരുന്നു.എല്ലാത്തിനും നടുക്കായി അയാൾ ബലി നടത്താൻ കൊണ്ടു വന്ന നീളൻ കത്തി. ഫ്ലാറ്റിൻ്റെ വാതിലിൽ മുട്ട് കേട്ട് കാലിയൻ ധ്യാനം മതിയാക്കി എഴുന്നേറ്റ് വാതിലിന് അടുത്തേക്ക് നടന്നു .
...കാലിയൻ വാതിൽ തുറന്ന് പുറത്ത് മീനുവിനെയും തോളത്തിട്ട് പല്ലിളിച്ചു നിന്നിരുന്ന സൂസിയുടെ കയ്യിൽ നിന്നും മീനുവിനെ തൻ്റെ തോളത്തേക്ക് മാറ്റി.
താഴെ പോയി കാവലിരിക്ക് , ആരെയും മുകളിലേക്ക് കടത്തി വിടരുത്!! അയാൾ തൻ്റെ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സൂസിക്ക് നേരെ നീട്ടി ആജ്ഞാപിച്ചു.
ശരി കാലിയൻ സർ ,സൂസി കാലിയൻ്റെ കയ്യിൽ നിന്ന് കത്തി വാങ്ങി തിരിഞ്ഞ് നടന്നു.
6 മണിയോടെ ചന്ദ്രൻ ഉദിക്കും അബോധാവസ്ഥയിൽ തൻ്റെ തോളിൽ കിടന്നിരുന്ന മീനുവിനെ നിലത്ത് കിടത്തി കാലിയൻ തൻ്റെ ബലി കത്തിയിൽ മഞ്ഞ കളഭം എടുത്ത് പൂശി കേയനെ മനസ്സിൽ ധ്യാനിച്ച് ബലിക്കുള്ള ചടങ്ങുകൾ ആരംഭിച്ചു.
രാധിക മെഡോ അപാർട്മെൻ്റിൻ്റെ മുന്നിൽ തൻ്റെ വണ്ടി പാർക്ക് ചെയ്ത് കയ്യിൽ മുറുക്കെ പിടിച്ചിരുന്ന ഡാർട്ട് ഗണ്ണുമായി എൻട്രൻസിലേക്ക് ഓടി കയറി.മുകളിലേക്ക് കയറാൻ പടികളുടെ അടുത്തേക്ക് നടന്ന അവൾ, കയ്യിൽ കത്തിയുമായി തല കുനിച്ച് , പടികൾ ഇറങ്ങി വന്ന നഴ്‌സിൻ്റെ വേഷത്തിലുള്ള സ്ത്രീയെ കണ്ട് ഒരു നിമിഷം ശങ്കിച്ച് നിന്നു.നഴ്‌സ് സൂസി.... അവൾ പിറുപിറുത്തു .അൽപ്പം പുറകോട്ട് നടന്ന രാധികക്ക് നേരെ, സൂസി ഉയർത്തിപ്പിടിച്ച കത്തിയുമായി അലറിക്കൊണ്ട് പാഞ്ഞടുത്തു.ഒരു നിമിഷം പകച്ചു പോയ രാധികയുടെ നീട്ടിപ്പിടിച്ച കയ്യിലെ ഡാർട്ട് ഗൺ ശബ്ദിച്ചു \"ക്ലാക്ക്!!!\" . തോക്കിൽ നിന്ന് തെറിച്ച മയക്ക് മരുന്ന് നിറച്ച ഡാർട്ട് സൂസിയുടെ കഴുത്തിൽ തറച്ചു നിന്നു. കയ്യിൽ നിന്നും താഴേക്ക് വഴുതി വീണ കത്തിയോട് ഒപ്പം, വലിയ ശബ്ദത്തോടെ നഴ്സ് സൂസിയും നിലത്തേക്ക് പതിച്ചു. വലിയൊരു വിപത്ത് ഒഴിഞ്ഞു പോയ ആശ്വാസത്തോടെയും ജാഗ്രതയോടും കൂടെ നിലത്ത് കിടക്കുന്ന സൂസിയെ സമീപിച്ച രാധിക, അവൾ മയക്കത്തിൽ ആണെന്ന് കാൽ കൊണ്ട് തട്ടി നോക്കി ഉറപ്പ് വരുത്തി. സ്വീറ്റ് ഡ്രീംസ് സൂസി . കാട്രിഡ്ജ് ഇല്ലാതെ ഉപയോഗശൂന്യമായ ഡാർട്ട് ഗൺ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞു.നിലത്ത് കിടന്നിരുന്ന സൂസിയുടെ കത്തി കുനിഞ്ഞെടുത്ത് കയ്യിൽ മുറുക്കെപ്പിടിച്ച് രാധിക മുകളിലേക്ക് നോക്കി വേഗത്തിൽ പടികൾ കയറുവാൻ തുടങ്ങി .കാലിയൻ പ്രകാശിൻ്റെ ഫ്ലാറ്റിൽ തന്നെ ഉണ്ടാകുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
....പടികൾ ഓടി കയറി വന്ന രാധിക ഫ്ലാറ്റ് നമ്പർ 666 ൻ്റെ അടഞ്ഞ ഡോറിന് മുന്നിൽ കിതച്ച് നിന്നു.പരിചിതമായ തോന്നൽ അവളുടെ കൺമുന്നിൽ മിന്നി മറഞ്ഞു.രാധികയുടെ ഒറ്റ ചവിട്ടിൽ ഫ്ലാറ്റിൻ്റെ വാതിൽ വലിയ ശബ്ദത്തോടെ മലർക്കെ തുറന്നു. ഫ്‌ളാറ്റിന് അകത്തെ ഇരുട്ടിൽ ദൂരെ തറയിൽ കിടക്കുന്ന മീനുവിനെ അവൾക്ക് അവ്യക്തമായി കാണാമായിരുന്നു.രാധിക മീനുവിന് നേരെ കുതിച്ചു.എന്നാൽ കാലിയൻ അവൾക്ക് ഒരു പടി മുന്നിലായിരുന്നു. Not this time girl ... ഇരുളിൻ്റെ മറവിൽ നിന്നിരുന്ന കാലിയൻ, ബലി കത്തിയുടെ പിൻ ഭാഗം കൊണ്ട് മുറിയിലേക്ക് ഓടി കയറി വന്ന രാധികയുടെ തലക്ക് പിൻ ഭാഗത്ത് ആഞ്ഞ് പ്രഹരിച്ചു, അയാൾക്ക് അപ്പോൾ പ്രകാശിൻ്റെ ശബ്ദം ആയിരുന്നു.ഒരു വെടിക്ക് രണ്ട് പക്ഷി ... നിലത്ത് ബോധ രഹിതയായി വീണ രാധികയെ വലിച്ചിഴച്ച് മീനുവിൻ്റെ ഒപ്പം കിടത്തുമ്പോൾ കാലിയൻ്റെ മുഖത്ത് നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നു.പ്ലാസ്റ്റിക് കവറിൽ ഇരുന്നിരുന്ന മഞ്ഞ കളഭം കയ്യിൽ എടുത്ത് കാലിയൻ മീനുവിൻ്റെയും രാധികയുടെയും മുഖത്ത് പൂശി.
സമയം 6 മണി ആയിരുന്നു, പൂർണ്ണ ചന്ദ്രൻ കിഴക്ക് വിളങ്ങി നിന്നു .പ്രകാശൻ, മെഡോ അപാർട്മെൻ്റിൻ്റെ ടെറസിൽ നിന്നും ഫ്ലാറ്റ് നമ്പർ 666 ലേക്ക് സജ്ജീകരിച്ചിരുന്ന യന്ത്രത്തിൽ നിന്ന് ചന്ദ്രൻ്റെ പ്രകാശം മുറിക്ക് അകത്തേക്ക് ഒഴുകിയെത്തി.കാലിയൻ അത് കണ്ട് അത്ഭുതം കൂറി . അതൊരു നല്ല നിമിത്തമായി അയാൾക്ക് തോന്നി.
ഭഗവാൻ കേയൻ!!!, വരൂ മഹാ മഹി!!! കാലിയൻ നിനക്കായി ഒരുക്കി വെച്ചിരിക്കുന്ന ബലികളെ സ്വീകരിച്ചാലും...., ഇന്ന് ഞാൻ നിന്നെ രക്തത്തിൽ കുളിപ്പിക്കും...., കയ്യിലെ ബലിക്കത്തി മുറുക്കെ പിടിച്ച് കാലിയൻ അലറി.
അയാളുടെ അലർച്ച മെഡോ അപാർട്മെൻ്റ് മുഴുവൻ പ്രതിധ്വനിച്ചു.അതി ഭയങ്കരമായ ശബ്ദത്തോടെ ടെറസിൻ്റെ വാതിൽ തകർത്തെറിഞ്ഞ് എത്തിയ അതി ശക്തമായ ഒരു കൊടുങ്കാറ്റ് മെഡോ 666 ഫ്ലാറ്റിൻ്റെ അകത്തളത്തിൽ ഒരു ചുഴി പോലെ വീശിയടിക്കാൻ തുടങ്ങി.കാറ്റിൻ്റെ ശക്തിയിൽ കാലിയന് നേരെ നിൽക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
എൻ്റെ ആദ്യത്തെ ബലി സ്വീകരിച്ചാലും പ്രഭോ..., എൻ്റെ ഇംഗിതങ്ങൾ നിറവേറ്റി തന്നാലും...., അയാൾ ബലിക്കത്തിയുമായി മീനുവിന് അടുത്ത് കുനിഞ്ഞിരുന്നു. മീനുവിൻ്റെ കഴുത്തിന് നേരെ കാലിയൻ്റെ കയ്യിലിരുന്ന കത്തി നീണ്ടു.ഒരു നിമിഷത്തേക്ക് അയാളുടെ ശ്രദ്ധ മീനുവിൻ്റെ ചുരുട്ടിപ്പിടിച്ചിരുന്ന കയ്യിലേക്ക് പോയി. അവളുടെ കൈ വിടർത്തി കാലിയൻ അയാൾക്ക് പരിചിതമായ സ്വർണ്ണ മെഡൽ എടുത്ത് നോക്കി.ചിന്നു .. അയാൾ പിറു പിറുത്തു. കാലിയൻ ദുർബലനായി കാണപ്പെട്ടു.
കാലിയാ....കാലിയാ ഭഗവാൻ കേയൻ അക്ഷമനായി അലറി.
പെട്ടെന്ന് അബോധാവസ്ഥയിൽ കിടന്നിരുന്ന മീനു ഒരു സ്വപ്നാടകയെ പോലെ എഴുന്നേറ്റിരുന്നു, അവളുടെ കണ്ണുകൾ അടഞ്ഞ് തന്നെയിരുന്നു.ഇതൊന്നും ശ്രദ്ധിക്കാതെ തൻ്റെ കയ്യിലിരുന്നിരുന്ന മെഡൽ പരിശോധിക്കുകയായിരുന്ന കാലിയൻ്റെ കഴുത്തിലെ ഞരമ്പുകളിൽ മീനുവിൻ്റെ ചെറിയ കൈകൾ പ്രകാശ വേഗത്തിൽ അമാനുഷിക ശക്തിയോടെ അമർന്നു.അപ്രതീക്ഷിതമായ മീനുവിൻ്റെ ആക്രമണത്തെ എതിരിടാൻ പോലും ആകാതെ സ്തംഭിച്ചു പോയ കാലിയൻ ബോധക്ഷയം സംഭവിച്ച് നിലത്തേക്ക് വീഴുമ്പോൾ ചിന്നുവിൻ്റെ സ്വർണ്ണ മെഡൽ അയാളുടെ കയ്യിൽ നിന്നും ഉരുണ്ട് മുറിയുടെ മൂലക്ക് എവിടെയോ ഇരുളിൽ മറിഞ്ഞ് വീണു.ഭഗവാൻ കേയൻ എന്ന കൊടുങ്കാറ്റ് വന്നത് പോലെ അലറിക്കൊണ്ട് തിരിച്ച് പോയി.കൊടുങ്കാറ്റ് അടങ്ങിയ മുറിയിലെ അരണ്ട വെളിച്ചത്തിൽ മീനു കണ്ണ് തുറന്നിരുന്നു.
താനിത്, എവിടായിരുന്നേടോ?!, സി ഐ ഷാജഹാൻ ജീപ്പ് ഓടിക്കുന്നതിന് ഇടയിൽ ഫോണിലൂടെ കോൺസ്റ്റബിൾ രഞ്ജിത്തിനോട് ദേഷ്യപ്പെട്ടു.
സോറി സർ...., കാലിയൻ മെഡോ അപാർട്ട്മെൻ്റിൽ ഉണ്ട് ...., എനിക്കിപ്പോഴാ ഓർമ്മ കിട്ടിയത്.... , ഞാൻ അത് രജിസ്റ്ററിൽ ഏഴുതാൻ വിട്ടു പോയതാണ്...., രഞ്ജിത് പറഞ്ഞു.
ഓഹോ ഞാൻ ഇവിടെത്തന്നെയുണ്ട്...., അവൻ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും എനിക്കറിയാം...., വെച്ചിട്ട് പോടോ.... ഷാജഹാൻ
സോറി .. . രഞ്ജിത്ത്
ഷാജഹാൻ ഫോൺ കട്ട് ചെയ്ത് പോലീസ് ജീപ്പ് മെഡോ അപാർട്മെൻ്റിന് മുന്നിൽ ബ്രേക്കിട്ട് നിർത്തി .പടികൾക്ക് താഴെ നഴ്‌സ് സൂസി മയക്കത്തിൽ നിന്ന് ഉണർന്ന് കഴുത്തിൽ തറച്ചിരുന്ന ഡാർട്ട് വലിച്ചൂരി താഴേക്കിട്ടു.കാലിയനിൽ നിന്നും മന്ത്ര മുക്തയായ അവൾ തനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ആകാതെ പുറത്തെ റോഡിലേക്ക് നടന്നു.അപാർട്മെൻ്റിൻ്റെ അകത്തേക്ക് കുതിക്കുകയായിരുന്ന ഷാജഹാൻ ഒരു നിമിഷം നടന്ന് പോകുന്ന നഴ്സ് സൂസിയെ നോക്കി നിന്നു. അയാൾ മെഡോ 666 ഫ്‌ളാറ്റിലേക്കുള്ള പടികൾ അതി വേഗം കയറുവാൻ തുടങ്ങി.മന്ത്രവാദികൾക്ക് അപശകുനം പിടിച്ച നമ്പറുകൾ പ്രിയങ്കരമാണെന്ന് ഷാജഹാന് അറിയാമായിരുന്നു.പ്രകാശിൻ്റെ മുറിയും 666 ആണെന്നിരിക്കെ കാലിയൻ വേറെ എവിടെ പോകാനാണ് .....??. അയാളുടെ ഊഹം തെറ്റിയിരുന്നില്ല.
....അപാർട്ട്മെൻ്റിൽ എല്ലായിടത്തും ഇരുട്ട് വീണിരുന്നു. ഷാജഹാൻ ഫ്ലാറ്റ് നമ്പർ 666 ൻ്റെ തുറന്ന് കിടക്കുന്ന വാതിലിന് മുന്നിൽ, ഊരിപ്പിടിച്ച റിവോൾവറുമായി നിലയുറപ്പിച്ചു.
കാലിയൻ....., നിനക്ക് രക്ഷപ്പെടാൻ ആകില്ല, കീഴടങ്ങുന്നതാണ് നല്ലത്!!!, ഷാജഹാൻ ഉറക്കെ വിളിച്ച് പറഞ്ഞു.
< തുടരും >