ഹലോ എങ്ങോട്ടേക്കാ?, ഞാൻ ഭവതിയെ എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യണോ?, ഫ്രൻ്റ് കാർ വിൻഡോയിലൂടെ പുറത്തേക്ക് എത്തി നോക്കി വഴിയരുകിൽ ഇരുട്ടിൽ നിന്നിരുന്ന സാരിയുടുത്ത സ്ത്രീയോട് ചിരിച്ചു കൊണ്ട് വിശാൽ ചോദിച്ചു. കാറിന് അകത്തെ ലൈറ്റിൻ്റെ വെളിച്ചത്തിൽ അവന് അവളൂടെ തോളിൽ തൂങ്ങി കിടക്കുന്ന നീളമുള്ള വള്ളിയുള്ള ലേഡീസ് ബാഗ് വ്യക്തമായി കാണാമായിരുന്നു.
സാറിന് ബുദ്ധിമുട്ടാകില്ലെങ്കിൽ എന്നെ ടൗണിൽ ഡ്രോപ്പ് ചെയ്യാമോ ?...., അവൾ കാർ വിൻഡോയിലേക്ക് കുനിഞ്ഞു നിന്ന് അകത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
എന്ത് ബുദ്ധിമുട്ട് ...വരൂ ...., വിശാൽ കാറിൻ്റെ ഡോർ തുറന്ന് കൊടുത്തു.തരക്കേടില്ല കാണാൻ അവൾ ഡോർ തുറന്ന് സാരി ഒതുക്കി സീറ്റിലേക്ക് ഇരിക്കുമ്പോൾ വിശാൽ ആലോചിച്ചു.
ആണുങ്ങളുടെ സിരകളെ ചൂട് പിടിപ്പിക്കുന്ന ഒരു പെർഫ്യൂം ആയിരുന്നു അവൾ അടിച്ചിരുന്നത്.
എന്നാൽ പോകാം?..., ഡോർ വലിച്ചടച്ച്, വാ പൊളിച്ച് അവളെ തന്നെ നോക്കിയിരിക്കുന്ന വിശാലിനെ നോക്കി, അവൾ പറഞ്ഞു.
അതെ... പോവാം... പോവാം... വിശാൽ കണ്ണ് വെട്ടിച്ച് തല തടവി കാർ മുന്നോട്ട് എടുക്കുന്നതിന് ഇടയിൽ പറഞ്ഞു.
കർണാടകയിലെ വനാന്തരത്തിലൂടെ ഇരുട്ടിൽ ആ കാർ ഓടിക്കൊണ്ടിരുന്നു.സമയം രാത്രി 10 മണിയോട് അടുത്തിരുന്നു.
സാർ ഇവിടെ അടുത്തെങ്ങാനും ആണോ താമസിക്കുന്നത്?, തൻ്റെ ബാഗിൽ നിന്നും make up kit എടുത്ത് ചുണ്ടുകൾ ലിപ് സ്റ്റിക് പുരട്ടി ചുവപ്പിക്കുമ്പോൾ അവൾ ചോദിച്ചു.
അതെന്താണ്.. അങ്ങിനെ ചോദിച്ചത്?..., റോഡിൽ നിന്ന് കണ്ണെടുക്കാതെ വിശാൽ ചോദിച്ചു.
അല്ല ടൗണിൽ ഇറങ്ങാൻ പറ്റുമോ... എന്നറിയാൻ ചോദിച്ചതാ?, അവൾ make up kit തിരിച്ച് വെച്ച് ബാഗ് അടച്ചു.
ഞാൻ ബംഗലൂരിലേക്കാ എന്താ പോരുന്നോ?, വിശാൽ കാറിൻ്റെ വേഗത കൂട്ടി.
അയ്യോ, അതൊന്നും വേണ്ട , അവൾ ചിരിച്ചു.
അടുത്തിടെ ഇവിടെ കുറച്ച് പേരെ കാണാതായ വാർത്ത കേട്ടിരുന്നോ?!, അവൾ കാർ സീറ്റിൻ്റെ മുകളിൽ കൈ എടുത്ത് വെച്ച് ആകാംക്ഷയോടെ വിശാലിനെ നോക്കി ചോദിച്ചു.
ക്ഷമിക്കണം..., ഞാനും എന്ത് മണ്ടിയാ... ഞാൻ സുനിത... സാറിൻ്റെ പേര്?... .
ഞാൻ വിശാൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു... അങ്ങോട്ടാണ് യാത്ര....
നല്ല പേര് വിശാൽ.
thanks yours too ... അല്ല ആരെയാണ് കാണാതായത്?, വിശാൽ സംശയത്തോടെ ചോദിച്ചു.
ഇവിടെ കൂടെ യാത്ര ചെയ്തിരുന്ന പലരും.. പോലിസ് പറയുന്നത് ഒരു കൊലപാതകിയാണ് ഇതിന് പിന്നിലെന്ന്...
സീരിയൽ കില്ലർ ?!... പോലീസിന് എങ്ങിനെ മനസ്സിലായി ?, വിശാൽ ചോദിച്ചു.
അവർ ഈ അടുത്താണ് കാണാതെ പോകുന്ന കേസുകളുടെ എണ്ണം കൂടിയത് ശ്രദ്ധിക്കുന്നത്, സുനിത പറഞ്ഞു.
അതിനെന്താണ് കാരണം?, വിശാൽ നെടുവീർപ്പിട്ടു.
ആവോ ... ഇനി വിശാൽ ആണോ... ആ കില്ലർ?! സുനിത വിശാലിനെ അൽപ്പം ഭയത്തോടെ നോക്കി സീറ്റിൽ പുറകോട്ട് മാറിയിരുന്നു.
ഞാനോ!!?? ...വിശാൽ പൊട്ടിച്ചിരിച്ചു.ശരിക്കും എന്നെ കണ്ടാൽ സീരിയൽ കില്ലറെ പോലെയുണ്ടോ ??, എനിക്ക് നിങ്ങളുടെ തമാശ ഇഷ്ടപ്പെട്ടു സുനിത !!, വിശാൽ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി.
എന്നാൽ സുനിത അപ്പോഴും വിശാലിനെ സംശയത്തോടെ സൂക്ഷിച്ച് നോക്കിയിരുന്നു.
റിലാക്സ് സുനിത...., ഞാൻ ഹിസ്റ്ററി ചാനലിൽ സീരിയൽ കില്ലർ കഥകൾ ഒക്കെ കാണാറുണ്ട് , അതിൽ കൂടുതൽ താൽപ്പര്യം ഒന്നും എനിക്കില്ല..., വിശാൽ പറഞ്ഞു.
ഹാവൂ... ആശ്വാസമായി ..., ഇക്കാലത്ത് ആരെയും ഒറ്റ നോക്കിൽ വിശ്വസിക്കാനും ബുദ്ധിമുട്ടാ, സുനിത സീറ്റിലേക്ക് ചാരിയിരുന്നു.
പക്ഷെ എന്ത് കൊണ്ടാണ് അവർ വെറുതെ ആളുകളെ കൊല്ലുന്നത് എന്ന ചിന്ത, ഒരേ സമയം ആവേശം പകരുന്നതും, പേടിപ്പെടുത്തുന്നതുമാണ്, സുനിതക്ക് എന്ത് തോന്നുന്നു?, വിശാൽ കാറിൻ്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ അരികിലൂടെ പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ വായിച്ചെടുക്കുന്നുണ്ടായിരുന്നു.
ആർക്കറിയാം , വിശാൽ ചിലപ്പോൾ അവർ ഏറ്റവും വെറുക്കുന്ന ആളുകളെയാകും, എല്ലാവരുടെയും മുഖത്ത് കാണുന്നത്, അത് കൊണ്ടാകും അവർ അവരെ ക്രൂരമായി കൊല്ലുന്നത്...., സുനിത കൈ മലർത്തി.
സുനിതയും എന്നെ പോലെ തന്നെയാണല്ലോ, വിശാൽ ചിരിച്ചു.
എന്ത്.. ?, സുനിത നീരസത്തോടെ ചോദിച്ചു.
വിശാൽ ഒന്നും മിണ്ടിയില്ല.
നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്... വിശാൽ? ... പാഞ്ഞു പോയ ഒരു ട്രക്കിൻ്റെ ചെവിക്കല്ല് പൊളിക്കുന്ന ഹോൺ അടിക്കിടയിൽ സുനിത ഉറക്കെ ചോദിച്ചു.
വിശാൽ ഒരു കൈ കൊണ്ട് ചെവി പൊത്തി.ഇവനൊക്കെ ആരുടെ പതിനാറിന് പോകുന്നു, വിശാൽ പിറുപിറുത്തു.
അല്ല... സുനിത..., നിങ്ങൾക്ക് ഇതിനെ കുറിച്ച് എന്നെ പോലെ തന്നെ ഗ്രാഹ്യം ഉണ്ടെന്ന് പറയുകയായിരുന്നു ..., വിശാൽ ബാക്കിൽ നിന്ന് വരുന്ന വണ്ടിയോട് കയറി പൊക്കോളാൻ ഹാൻഡ് സിഗ്നൽ കാണിച്ചു.
ഓ..., അങ്ങിനെ ഞാനും ഇതിനെ പറ്റി യൊക്കെ കാണാറും വായിക്കാറുമുണ്ട്, സുനിത അൽപ്പം അസ്വസ്ഥയായി കാണപ്പെട്ടു.
സുനിത ഇവിടെ തന്നെയാണോ ജോലി ചെയ്യുന്നത്?, മുൻപിൽ പോകുന്ന ജീപ്പിൻ്റെ നമ്പർ വായിച്ചെടുത്ത് വിശാൽ ചോദിച്ചു.
അതേ വിശാൽ, ഞാൻ ബ്യൂട്ടീഷ്യൻ ആണ്, മുടി ഒതുക്കി വെച്ച് സുനിത പറഞ്ഞു. ഈ സമയത്ത് ഇതിലെ വണ്ടികൾ കുറവാണ് , അത് കൊണ്ട് വിശാലിനെ പോലെയുള്ളവരുടെ വണ്ടിക്ക് കൈ കാണിക്കും സുനിത വിശാലിനെ നോക്കി ചിരിച്ചു.
അസമയത്ത് എന്ത് വിശ്വാസത്തിലാണ്... സുനിത അപരിചിതരുടെ വണ്ടികളിൽ കയറി യാത്ര ചെയ്യുന്നത്?!, വിശാൽ അത്ഭുതത്തോടെ ചോദിച്ചു.
ജീവിക്കണ്ടേ വിശാൽ..., പിന്നെ ഞാൻ മലയാളികളുടെ വണ്ടികളിൽ മാത്രമേ കയറാറുള്ളൂ, പൊതുവെ നിരുപദ്രവകാരികൾ ആണ് അവർ, സുനിത ആത്മ വിശ്വാസത്തോടെ പറഞ്ഞു.
അത് കൊള്ളാം സുനിത , എനിക്ക് നിങ്ങളുടെ നിലപാട് ഇഷ്ടപ്പെട്ടു , നിങ്ങളെ പോലെ ആത്മ ധൈര്യവും പക്വതയുമുള്ള സ്ത്രീകൾ കുറവാണ്...., വിശാൽ കൈ പുറത്തേക്കിട്ട് പുറകിൽ വരുന്ന വാഹനത്തിനെ തന്ത വിരൽ ഉയർത്തി കാണിച്ചു. അതിൻ്റെ പ്രതികരണം എന്നോണം പുറകിൽ വന്നിരുന്ന ജീപ്പ് ഹെഡ് ലൈറ്റ് രണ്ട് തവണ മിന്നിച്ച്, സ്പീഡ് കുറക്കുന്നത് വിശാൽ കാറിൻ്റെ കണ്ണാടിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
thank you വിശാൽ, സുനിത ചുമച്ചു.
ബാഗ് gucci യുടെ ആണല്ലോ..., സുനിതയുടെ ആഢ്യത്തം വിളമ്പുന്ന ബാഗിൻ്റെ നീളമുള്ള വള്ളിയിലേക്ക് നോക്കി വിശാൽ ചോദിച്ചു.
എനിക്ക് ഇഷ്ടമാണ് gucci യുടെ ബാഗുകൾ , ചിലർ ഇതിന് വേണ്ടി മരിക്കും ...., സുനിത ചിരിച്ചു.
എൻ്റെ ഭാര്യക്കും ഉണ്ട് ഇത് പോലൊരണ്ണം, സുനിത പറഞ്ഞത് ശരിയാണ്, അവൾ ഇതിന് വേണ്ടി മരിക്കും ..., വിശാൽ പൊട്ടിച്ചിരിച്ചു
exactly വിശാൽ, സുനിത ചിരിയിൽ പങ്ക് ചേർന്നു.
വിശാൽ...പെട്ടെന്ന് സുനിത വേദനയോടെ വയർ അമർത്തി പിടിച്ച് സീറ്റിൽ കുനിഞ്ഞിരുന്നു.
എന്ത് പറ്റി സുനിത?, വിശാൽ കാറിൻ്റെ വേഗത കുറച്ച് സുനിതയെ നോക്കി.
വിശാൽ കാർ അരികിലേക്ക് ചേർത്ത് ഒന്ന് നിർത്താമോ?, സുനിതയുടെ മുഖത്ത് നിന്ന് അവൾ ഛർദ്ദിക്കാൻ പോകുകയാണെന്ന് വിശാലിന് തോന്നി.
അവൻ കാർ റോഡിന് അരികിലെ കാടിനോട് ചേർത്ത് നിർത്തി, സുനിതക്ക് ഡോർ തള്ളി തുറന്ന് കൊടുത്തു.
വായ പൊത്തിപ്പിടിച്ചു കൊണ്ട് തോളിൽ തൂങ്ങിക്കിടന്നിരുന്ന ബാഗുമായി കാറിന് പുറത്തേക്ക് ഇറങ്ങിയ സുനിത , കാറിൻ്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ നിന്ന് ഛർദ്ദിക്കാൻ തുടങ്ങി.
മാരണം ... വിശാൽ പിറുപിറുത്ത് കാർ ഡോർ തുറന്ന് ഒരു കുപ്പി വെള്ളവുമായി അവളുടെ അടുത്തേക്ക് വേഗം നടന്നു.
വെള്ളം കുടിക്ക് സുനിത...., ഛർദിച്ച് തളർന്ന് നിന്നിരുന്ന സുനിതക്ക് വെള്ളക്കുപ്പി നീട്ടി വിശാൽ പറഞ്ഞു .
സുനിത വെള്ള കുപ്പി തുറന്ന് വെള്ളം കുടിക്കുന്നതിന് ഇടയിൽ വിശാലിൻ്റെ തോളിലേക്ക് തളർന്ന് വീണു.അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി വഴുതി താഴേക്ക് പതിച്ചു.
സുനിത.... സുനിത.. , വിശാൽ അവളെയും താങ്ങിപ്പിടിച്ച് കാറിൻ്റെ പിൻ സീറ്റിന് അടുത്തേക്ക് നടന്നു.
ഡോർ തുറന്ന് അവൻ സുനിതയെ കാറിൻ്റെ ബാക്ക് സീറ്റിലേക്ക് കിടത്തി ഡോർ വലിച്ചടച്ചു.
ബാക്ക് സീറ്റിൽ കിടന്നിരുന്ന സുനിത കപട മയക്കത്തിൽ നിന്നുണർന്നു.അവൾ തൻ്റെ gucci ബാഗിൻ്റെ നീളമുള്ള വള്ളി ഊരിയെടുത്തു.
കാർ സ്റ്റാർട്ട് ചെയ്യാൻ ഡ്രൈവർ സീറ്റിലേക്ക് ഇരുന്ന വിശാലിൻ്റെ കഴുത്തിൽ പുറകിലിരുന്ന സുനിതയുടെ ബാഗിൻ്റെ വള്ളി കുരുങ്ങി വലിഞ്ഞ് അമർന്നു.അവൾ ഡ്രൈവർ സീറ്റിന് പുറകിൽ ചവിട്ടിപ്പിടിച്ച് പുറകോട്ടാഞ്ഞ് മരണ കുരുക്ക് മുറുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.ആനന്ദം നിറഞ്ഞ വിടർന്ന ചിരിയായിരുന്നു അവളുടെ മുഖത്തപ്പോൾ .
സുനിതയുടെ സന്തോഷത്തിന് അൽ പ്പ നേരത്തെ ആയുസ്സെ ഉണ്ടായുള്ളൂ.മിന്നൽ വേഗത്തിൽ ചലിച്ച വിശാലിൻ്റെ കയ്യിലെ ചെറു കത്തി അവൻ്റെ കഴുത്തിൽ നിന്ന് ബാഗിൻ്റെ വള്ളി അറുത്തു മാറ്റി .
സുനിത ബാക്ക് സീറ്റിലേക്ക് മറിഞ്ഞ് വീഴുമ്പോഴേക്കും , വിശാൽ തൻ്റെ സർവീസ് പിസ്റ്റൾ അരയിൽ നിന്ന് ഊരിയെടുത്ത് കാറിൻ്റെ ബാക്ക് ഡോറിന് അടുത്ത് കഴുത്ത് തടവി സുനിതയെ ഉന്നം പിടിച്ച് നിലയുറപ്പിച്ചു.
മുന്നിൽ നിന്നും പിന്നിൽ നിന്നും സൈറൺ മുഴക്കി വന്ന പോലിസ് ജീപ്പുകളുടെ ഹെഡ് ലൈറ്റിൻ്റെ വെളിച്ചത്തിൽ അവിടമാകെ പ്രകാശപൂരിതമായി.
അപ്രതീക്ഷിതമായ സംഭവങ്ങളിൽ പകച്ച് പോയ സുനിത പരിഭ്രാന്തയായി ചുറ്റിനും നോക്കി കാർ സീറ്റിൽ ഇരുന്നു.
ഇറങ്ങി പോര്.... സീരിയൽ കില്ലർ സുനിത മാഡം, വിശാൽ തോക്ക് ചൂണ്ടി സുനിതക്കായി കാറിൻ്റെ ഡോർ തുറന്ന് കൊടുത്തു.
സാറിന്... എങ്ങിനെ മനസ്സിലായി...സുനിത തല കുനിച്ച് പുറത്തേക്കിറങ്ങുമ്പോൾ ചോദിച്ചു.
ഞങ്ങൾക്ക് കിട്ടിയ മൃതദേഹങ്ങളുടെ കഴുത്തിൽ എല്ലാം സ്ത്രീകൾ ഉപയോഗിക്കുന്ന തരം ബാഗിൻ്റെ വള്ളിയുടെ പാടുകൾ ഉണ്ടായിരുന്നു, വിശാൽ ചിരിച്ചു.
ജീപ്പിൽ നിന്നിറങ്ങി ഓടി വന്ന പോലീസുകാർ സുനിതയെ കയ്യാമം വെച്ചു.
well done team... സല്യൂട്ട് ചെയ്ത് നിൽക്കുന്ന പോലീസുകാരെ നോക്കി ഇൻസ്പെക്ടർ വിശാൽ പറഞ്ഞു.
thank you sir.
ഇവിടെ തന്നെ അല്ലെ നീ മറ്റ് ബോഡികളും ഇട്ടിരിക്കുന്നത് ...., വിശാൽ സുനിതയോട് ചോദിച്ചു .
ഉം.. പോലീസുകാരുടെ അകമ്പടിയോടെ ടോർച്ച് ലൈറ്റിൻ്റെ വെളിച്ചത്തിൽ കാടിന് അകത്തേക്ക് നടക്കുമ്പോൾ സുനിത മൂളി.
< അവസാനിച്ചു >