Aksharathalukal

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ

കല്യാണം കഴിഞ്ഞ പിറ്റേ മാസം തന്നെ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഇതെൻ്റെ മകൻ്റെ കുഞ്ഞ് തന്നെയാണോടീ എന്ന്

നിങ്ങളുടെയാരുടെയെങ്കിലും അമ്മായിയമ്മമാർ, സംശയം പ്രകടിപ്പിച്ചിട്ടുണ്ടോ?

ആദ്യ ഗർഭത്തിൻ്റെ ആലസ്യം തീർത്ത അവശതയിൽ, എവിടെയെങ്കിലുമൊന്നിരിക്കാൻ തുടങ്ങുമ്പോൾ ,തൊഴുത്ത് കഴുകി വൃത്തിയാക്കണെമെന്നും, പശുവിനെ കുളിപ്പിക്കണമെന്നും പറഞ്ഞ്, ഭദ്രകാളിയെപ്പോലെ ഉറഞ്ഞ് തുള്ളുന്ന അമ്മായിയമ്മയായിരുന്നോ നിങ്ങൾക്കുണ്ടായിരുന്നത്?

മകളുടെയൊപ്പം മരുമകളും പ്രസവിച്ചാൽ, മകളുടെ കുഞ്ഞിന് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സ്വർണ്ണാഭരണങ്ങളുടെ അളവിൽ കുറവ് വരുമെന്ന് ഭയന്ന്, മകൻ്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് തന്നെ നശിപ്പിക്കാൻ, നിങ്ങളുടെ അമ്മായിയമ്മ ശ്രമിച്ചിട്ടുണ്ടോ?

ഗർഭിണിയാണെന്നറിഞ്ഞ കാലം തൊട്ട് സ്വന്തം വീട്ടിൽ വന്ന് താമസമാക്കിയ മകളെ , ഹോർലിക്സും, ആപ്പിൾ ജ്യൂസും, മുട്ട പുഴുങ്ങിയതും കൊടുത്ത് വിശ്രമിക്കാനിരുത്തിയിട്ട്, നേരത്തിനാഹാരം കിട്ടാതെ കണ്ണ് കുഴിഞ്ഞ് കവിളൊട്ടി എല്ലും തോലുമായ മരുമകളെ, അവളുടെ വീട്ടിലേക്കയക്കാതെ, പ്രസവത്തിന് തൊട്ട് മുമ്പ് വരെ, വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ചൊരു അമ്മായിയമ്മ, ഒരു പക്ഷേ നിങ്ങളിൽ ചിലർക്കെങ്കിലുമുണ്ടാവാം

അത്തരത്തിലൊരു, ഹതഭാഗ്യയായ മരുമകളായിരുന്നു ഞാൻ.

എന്തിനിത്ര ത്യാഗം സഹിച്ച് നിന്നത്, ബുദ്ധിമുട്ട് തോന്നിയപ്പോൾ തന്നെ സ്വന്തം വീട്ടിലേക്ക് പോകാമായിരുന്നില്ലേ? എന്ന് നിങ്ങളുടെ ഓരോരുത്തരുടെയും

ചുളിഞ്ഞ നെറ്റിയിൽ നിന്നും എനിക്ക് മനസ്സിലായി.

പക്ഷേ ,തിരിച്ച് ചെന്നാൽ, മകളായത് കൊണ്ട് മാത്രം ഉപേക്ഷിക്കാൻ കഴിയാത്തത് കൊണ്ട് ,എൻ്റെ മാതാപിതാക്കളെന്നെ സ്വീകരിക്കുമായിരിക്കും.

എന്നാൽ ,

കിട്ടാവുന്നയിടത്തുന്നൊക്കെ കടം വാങ്ങി, എന്നെ കെട്ടിച്ചയച്ച, അച്ഛൻ്റെ ദയനീയ മുഖവും, എനിക്ക് താഴെ കെട്ട് പ്രായം കഴിഞ്ഞ് നില്ക്കുന്ന, രണ്ടനുജത്തിമാരുടെ ഭാവിയെക്കുറിച്ചുമോർത്തത് കൊണ്ടാണ്, ഞാനാ ശ്രമം ഉപേക്ഷിച്ചത്.

പിന്നെ ,എൻ്റെ ഭർത്താവിൻ്റെ കാര്യം ,

അച്ഛനില്ലാതെ, തന്നെയും സഹോദരിയെയും ചെറുപ്പം മുതലെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയോടുള്ള കടപ്പാടും, സ്നേഹവുമുള്ളിടത്ത്, അമ്മയെ എതിർത്ത് സംസാരിക്കാനുള്ള ധൈര്യം, ആ മകന് ഒരിക്കലുമുണ്ടായിട്ടില്ല, എന്നതാണ് വാസ്തവം .

ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത്, ഞാനെൻ്റെ മകനെ പ്രസവിച്ചു.

അവിടം തൊട്ട് എൻ്റെ കഷ്ടതകൾ കൂടിയതേയുള്ളു ,

പ്രസവത്തിനായി സ്വന്തം വീട്ടിൽ പോയിരുന്ന എന്നെ, നാല്പത്തിയഞ്ചാം ദിവസം തിരിച്ച് വിളിച്ചോണ്ട് വന്നു, എന്തിനെന്നോ?

എനിക്ക് ശേഷം പ്രസവിച്ച മകളെ എണ്ണ തേപ്പിച്ച്, വെള്ളം ചൂടാക്കി കുളിപ്പിക്കുവാനും, തെങ്ങിൻപൂക്കുല കൊണ്ട് കഷായമുണ്ടാക്കി കൊടുക്കാനും.

മുലപ്പാലിനായി അലറിക്കരയുന്ന എൻ്റെ ചോരക്കുഞ്ഞിനെയും, അവനെ പാല് കൊടുത്തുറക്കാൻ ജോലി പാതിക്കിട്ട് പോകുന്ന എന്നെയും, അമ്മായിയമ്മ തലയിൽ കൈ വെച്ച് പ്രാകുന്നത് പതിവായി,

ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ,ഞാനെൻ്റെ മകനെ വളർത്തി, നന്നായി പഠിപ്പിച്ച് ,അവനെ ഞാനൊരു സർക്കാരുദ്യോഗസ്ഥനാക്കി.

അവനിഷ്ടപ്പെട്ടൊരു പെൺകുട്ടിയെ തന്നെ, വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു .

അമ്മയുടെ കഷ്ടപ്പാടുകൾ ചെറുപ്പം മുതലെ കണ്ട് വളർന്ന അവന്, ഞാനെന്ന് വച്ചാൽ ജീവനാണ്, എന്നെ ധിക്കരിച്ച് അവനൊരു കാര്യവും ചെയ്യില്ല.

എങ്കിലും ,അവൻ കല്യാണം കഴിച്ച് കൊണ്ട് വരുന്ന പെൺകുട്ടിയെ ,എൻ്റെ മകളെ പോലെ സ്നേഹിക്കാനും , ഞാനനുഭവിച്ച കഷ്ടപ്പാടുകൾ ഒരിക്കലും അവൾക്കുണ്ടാകാതിരിക്കാനും ഞാൻ ശ്രദ്ധിച്ചു.

ഭാര്യയുടെ കാര്യത്തിൽ നിസ്സംഗത കാണിക്കാതെ, ന്യായമായ അവളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന, ഭാര്യയോട് സ്നേഹവും കരുതലുമുള്ള, ഭർത്താവായിരിക്കണമെന്ന്,

എൻ്റെ മകനോട് ഞാൻ ഉപദേശിക്കുകയും ചെയ്തു.

ഭർത്താവിനോടൊപ്പം മറ്റൊരു വീട് വച്ച് താമസം മാറിയ ഞാനിന്ന് സന്തോഷവതിയാണ്.

പക്ഷേ, സ്വന്തം മകളുടെ പേരിൽ തറവാടും പറമ്പുമെഴുതി കൊടുത്തിട്ട്, മകളോടൊപ്പം ജീവിതാവസാനം വരെ കഴിയാമെന്ന് കരുതിയിരുന്ന എൻ്റെ അമ്മായിയമ്മയെ, മകളും മരുമകനും ചേർന്ന് വൃദ്ധസദനത്തിലാക്കാൻ ശ്രമിക്കുന്നെന്ന് പറഞ്ഞ് , കുറച്ച് മുമ്പ് അവരെന്നെ വിളിച്ച് ഒരു പാട് കരഞ്ഞു,

പണ്ട് ,എന്നെ ഒരു പാട് കഷ്ടപ്പെടുത്തിയ സമയത്ത്, ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്, എന്നെങ്കിലും അവരെ, എൻ്റെ കാൽച്ചുവട്ടിൽ നിസ്സഹായയായി നിർത്താത്തരണേ എന്ന്, ദൈവം എൻ്റെ വിളി കേട്ടെന്ന് എനിക്ക് മനസ്സിലായി ,പക്ഷേ അന്നത്തെ ആ വൈരാഗ്യമൊക്കെ, എൻ്റെ മനസ്സിനുള്ളിൽ എപ്പോഴെ കെട്ടടങ്ങിയിരുന്നു.

അവരോട് ഞാൻ പ്രതികാരം ചെയ്യാൻ പോയാൽ, അവരും ഞാനും തമ്മിൽ പിന്നെ എന്താണ് വ്യത്യാസം.

അത് കൊണ്ട്, ഭർത്താവിനോട് പോലും അനുവാദം ചോദിക്കാതെ, ഞാൻ പോയി എൻ്റെ അമ്മായിയമ്മയെ, ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.

ഇനിയവർ ,എന്നെ കണ്ട് പഠിക്കട്ടെ , പ്രയോജനമില്ലെങ്കിലും, മരുമകളായി വന്ന് കയറുന്നവളോട്, എങ്ങിനെ പെരുമാറണമെന്ന് ഇനിയെങ്കിലും അവര് മനസ്സിലാക്കുമല്ലോ?

രചന

സജി തൈപ്പറമ്പ്.