അന്വേഷകൻ part---3 __________ ത്രില്ലർ
തുടർക്കഥ
WRITTEN BY HIBON CHACKO
©copyright protected
അല്പം പഴക്കംചെന്ന ആ പുസ്തകത്തെയാകെയൊന്ന് ഊതിയശേഷം ഒരിക്കൽക്കൂടി പൊടിതട്ടിക്കൊണ്ട് അവൾ അതിലിരുന്നൊരു അടയാളം തുറന്നു. ഒരു യുവാവിന്റെ ഫോട്ടോ ആയിരുന്നു ആ അടയാളം! അവൾ ആ ഫോട്ടോയിലേക്ക് നോക്കിയശേഷം ഒന്ന് ചിരിച്ചു. പിന്നെ അത് തിരികെവച്ച് പുസ്തകം അടയ്ക്കുവാൻ അവൾ തുനിഞ്ഞു. എന്നാൽ അവളെ ഒരു വല്ലാത്ത അതൃപ്തി പിടികൂടി. പുസ്തകം വീണ്ടും തുറന്ന് ആ ഫോട്ടോയെടുത്ത് അവൾ ഒരുകൈയ്യിൽ പിടിച്ചു. പിന്നൊരുനിമിഷത്തെ ആലോചനയ്ക്കുശേഷം ‘ആഹ്’ എന്നുപറഞ്ഞുകൊണ്ട് അല്പം ദൂരത്തായി റൂമിലുണ്ടായിരുന്ന വെയ്സ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടുചെന്നിട്ടു. തിരികെവന്ന് ആ പുസ്തകമെടുത്ത് അവൾ ഒരിക്കൽക്കൂടി പരിശോധിച്ച് അത് ശൂന്യമായെന്ന് ഉറപ്പുവന്നെന്നവിധമായപ്പോൾ വീണ്ടുമതിനെ ഷെൽഫിൽ വെച്ചു. ശേഷം ടേബിളിൽ വെച്ചിരിക്കുന്ന ജെഗ്ഗിൽനിന്നും ഒരുഗ്ലാസ് വെള്ളം കുടിച്ചശേഷം ലൈറ്റ് അണച്ച് സ്വന്തം ബെഡ്ഡിലേക്ക് അവൾ ചാടിക്കയറി കിടന്നു. അഞ്ജനയുടെ കണ്ണുകൾ പക്ഷെ തുറന്നുതന്നെ ഇരിക്കുവാനുള്ള തീരുമാനത്തിലായിരുന്നു.
10
ചലിക്കുവാൻ മടിച്ചുനിൽക്കുന്ന പ്രകൃതിയെ സായാഹ്നം പുണർന്നുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിൽ, അഞ്ജനയുടെ ഓഫീസ് റൂമിലെ ടേബിളിലിരുന്ന് ഫോൺ റിങ്ങ് ചെയ്തുതുടങ്ങി. അഞ്ജലിയോടൊപ്പം കിച്ചണിൽ ചെറിയ തിരക്കിലായിരുന്ന അഞ്ജന ഏതോ ഒരുനിമിഷത്തിൽ റിങ്ങ് ശ്രദ്ദിച്ചതിൻപുറത്ത് അവിടേക്ക് ഓടിയെത്തി. ഇരുകൈകളുമൊന്ന് വേഗത്തിൽ കൂട്ടിതിരുമ്മി സ്വയം സമാധാനം പ്രാപിച്ച് അവൾ കോൾ എടുത്തു.
“ആ... ഇവിടെ എത്തിയോ!?
ഞാൻ ദേ ഗേറ്റിന്റെ അടുത്തേക്ക് വരാം, തുറക്കാം.
പോരെ ഇങ്ങ്..,,”
കോളിൽ മറുഭാഗത്തുനിന്നും കേട്ട വാചകങ്ങൾക്ക് മറുപടിയായി ധൃതിയിൽ പൊതിഞ്ഞു ഇത്രയും പറഞ്ഞു അഞ്ജന കോൾ കട്ട് ചെയ്തു. ശേഷം ദേഹമാകെ ഒന്നുനോക്കി പൊടിതട്ടുംവിധം കൈകൾ ഉപയോഗിച്ചശേഷം മെയിൻഡോർ തുറന്ന് മുറ്റത്തുകൂടി നടന്നു ഗേറ്റ്ലേക്ക് വേഗം ചെന്നു അവൾ. അപ്പോഴേക്കും ഗേറ്റ് തുറക്കുന്നതുംകാത്ത് ഒരു വെള്ള ബെൻസ് കാർ വന്നുനിൽക്കുന്നുണ്ടായിരുന്നു. അവൾ വലിയ ആ ഗേറ്റ് തന്നാലാകുംവിധം വേഗത്തിൽ തുറന്നു. ശേഷമുണ്ടായ അവളുടെ പുഞ്ചിരി ഏറ്റുവാങ്ങി കാർ, പോർച്ചിലേക്ക് എത്തിനിന്നു. അവൾ നടന്ന് സിറ്റ് -ഔട്ടിലേക്ക് എത്തിയപ്പോഴേക്കും വീട്ടിൽനിന്നും അഞ്ജലി കാറിനടുത്തേക്ക് എത്തി സ്വാഗതകർമങ്ങൾ നിർവ്വഹിച്ചുതുടങ്ങിയിരുന്നു.
“കയറി വാ എല്ലാവരും..”
അഞ്ജന മെയിൻ ഡോറിൽ എത്തിനിന്നപ്പോഴേക്കും അഞ്ജലി ഒരിക്കൽക്കൂടി കാറിൽ നിന്നും ഇറങ്ങിനിന്ന മൂന്നുപേരെ ഇങ്ങനെ പറഞ്ഞു സ്വാഗതം ചെയ്തു. മധ്യവയസ്കരായ ചാക്കോയും മേരിയും അവരുടെ ഏകമകൻ ഹിബോണും സ്വാഗതം സ്വീകരിച്ചു വീട്ടിലേക്ക് കയറി. ഹാളിലേക്കെത്തി എല്ലാവരുമൊന്ന് ലക്ഷ്യംകിട്ടാതെ കുറച്ചുനിമിഷം നിന്നുപോയെങ്കിലും ഉടനെ ചാക്കോ അഞ്ജനയോട് കയറി പറഞ്ഞു;
“താമസിക്കേണ്ട, വന്നകാര്യം നടക്കട്ടെ!”
ഇതുകേട്ട മേരി അഞ്ജലിയെക്കൂട്ടി കിച്ചണിലേക്ക് ലക്ഷ്യംവെക്കാനൊരുങ്ങിയതും ഭാവംകൂടാതെ അഞ്ജന തന്റെ അനുജത്തിയെ ഒന്ന് നോക്കിയതും ഒപ്പമായിരുന്നു.
“ഇവിടെ ഇരിക്കാം അല്ലേ!?”
പൊതുവായെന്നപോലെ, കുറച്ചു സാവധാനം ചാക്കോ ഇങ്ങനെ പറഞ്ഞു.
അപ്പോഴേക്കും മേരിയും അഞ്‌ജലിയും വിശേഷങ്ങൾ പങ്കിടുംവിധം കിച്ചണിലേക്കെന്നപോലെ നടന്നു. എതിരെ കിടന്നിരുന്ന രണ്ടു സോഫകളിലായി അഞ്ജനയും ചാക്കോയും നേർക്കുനേർ ഇരുന്നു. ഹിബോൺ തന്റെ കൈകൾകെട്ടി മുഖത്ത് ഗൗരവം ഭാവിച്ചതുപോലെ ഹാളിൽ ഒതുങ്ങി നിൽക്കുകയാണ്.
“നീയിവിടെ ഇരിക്കെടാ,
ഇവിടെ എന്തിനാ, നിൽക്കാനാണോ വന്നത്!?”
ഔപചാരികത കലർത്തി അഞ്ജന അവനെനോക്കി ഒരുരിപ്പിടം സൂചിപ്പിച്ചു പറഞ്ഞു.
ചാക്കോ ഒന്ന് നോക്കിയപ്പോഴേക്കും അയാൾക്കടുത്തായി അവൻ ഇരുന്നു. ചെറുതായൊരു നിശ്വാസത്തിലൂടെ തുടക്കംകുറിക്കാമെന്നവണ്ണം അഞ്ജന ചോദിച്ചു;
“എന്താ അങ്കിൾ പ്രശ്നം!
ഇവനെന്തോ ഭയങ്കര...”
ചക്കോയിൽനിന്നും തുടങ്ങി ഹിബോണിന്റെ മുഖത്തുനോക്കി പാതിയിൽ നിർത്തിനിന്നു അവൾ.
“എന്റെ മോളേ, നീയെന്റെ ചേട്ടന്റെ മൂത്തമകളല്ലേ...
ആ ഒരു സ്വാതന്ദ്ര്യത്തിലാ ഞാനിപ്പോൾ, ഇന്ന് ഇവിടേക്ക് വന്നത്!
കാര്യം...!”
മറുപടിയായി തുടങ്ങി ഇത്രയും എത്തിച്ച് നിർത്തി തന്റെ മകനെ ഒന്ന് നോക്കിയശേഷം ചാക്കോ അഞ്ജനയോടായി തുടർന്നു;
“... ഒരു ആൻഡ്രോയ്ഡ് ഫോൺ ഞാൻ വാങ്ങിച്ചുകൊടുത്തു,
അങ്ങനൊരു തെറ്റ് ഞാൻ ചെയ്തുപോയി.
ഇപ്പോൾ ഞാനതിന് ഏറ്റവും വലിയ നാണക്കേടിൽപ്പോയി
ചാടേണ്ട അവസ്ഥയിലേക്കാ കാര്യങ്ങൾ പോകുന്നത് എന്റെ അഞ്ജനേ.”
ഒരുനിമിഷം നിർത്തി വേഗംതന്നെ അയാൾ തുടർന്നു;
“മോളേ ഇത് കേൾക്ക്,,
പ്ലസ് വണ്ണിന് പഠിക്കുന്ന ചെറുക്കൻ വീട്ടിൽ വന്നുകേറിയാൽ
ഈ ഫോണും പിടിച്ച് വീടിന്റെ ഏതെങ്കിലും
മൂലയിൽ കുത്തിയിരിപ്പാ!
മിക്കവാറും സമയം ഇവന്റെ റൂമിൽ കതകടച്ചിരുന്നാ പരിപാടി.
എഴുതാനും പഠിക്കാനും മാത്രം തീരെ സമയമില്ല.
ടീച്ചേഴ്‌സ്, മാർക്ക് ലിസ്റ്റ് കാണിക്കുവാൻ കഴിഞ്ഞദിവസം എന്നെ വിളിപ്പിച്ചിരുന്നു!
അതിന്റെ വിശേഷം ഞാനിപ്പോൾ പറയുന്നില്ല...”
ഇത്രയും പറഞ്ഞുവന്ന് അവസാനവാചകം അല്പം നീരസംകലർത്തി അവന്റെ മുഖത്തുനോക്കി നിർത്തിച്ചശേഷം, അഞ്ജനയോട് പഴയപടി അയാൾ തുടർന്നു;
“... വിശേഷം അല്പം കൂടുതലായതുകൊണ്ടാകും മമ്മി വേണ്ട,
പപ്പയെ കൊണ്ടുചെല്ലണം എന്ന് സ്കൂളീന്നു ക്ലാസ്സ്‌ടീച്ചർ പ്രത്യേകം ഇവനോട് പറഞ്ഞുവിട്ടിരിക്കുന്നു.
അത് പോട്ടെ,,
ഇപ്പോഴത്തെ വിഷയം അതല്ല!
ഫോണുംകുത്തിപ്പിടിച്ച് ഇവൻ നാട്ടിലുള്ള
ചേട്ടത്തിമാരോടൊക്കെ ചാറ്റിങ്ങും ചീറ്റിങ്ങും ആയിരുന്നെന്നു
ഞാനും അവളും ദേ, ഈ കഴിഞ്ഞ ദിവസമാ അറിയുന്നത്.”
അഞ്ജന ഗൗരവത്തിൽ ഹിബോണിനെ ഒന്ന് നോക്കി. അവൻ ചലനമറ്റങ്ങനെ ഇരിപ്പാണ്. ചാക്കോ തുടർന്നു;
“എന്റെ അഞ്ജനേ, അങ്കിളിനു പറയുവാൻ നാണമുണ്ട്.
എന്നാലും, എന്താ ഇപ്പോൾ ചെയ്യുക..
ഒറ്റ മോനായിപ്പോയി,, ഇല്ലേലുണ്ടല്ലോ...
കൊന്നു ഞാൻ കുഴിച്ചുമൂടിയേനെ, കേട്ടോടാ..”
ഹിബോണിനെ ഭയപ്പെടുത്തുംവിധം അയാൾ അവസാനവാചകം അവനുനേർക്ക് പ്രയോഗിച്ചുപറഞ്ഞു. ഉടനടി പഴയപടി തുടർന്നു;
“ഇന്നലെ രാവിലെ എന്നോട് വന്ന് പറയുവാ,
ഇവന്റെ തുണിയില്ലാത്ത വീഡിയോ നാട്ടുകാരും എല്ലാവരും കാണുമെന്ന്!
അമ്മയോടാ ആദ്യം കാര്യം പറഞ്ഞത് മോൻ.
എന്നിട്ട് എന്റെ അടുത്തേക്ക് വന്നിരിക്കുന്നു!
കേൾക്ക് എന്റെ മോളേ, ഞാൻ ഞെട്ടിപ്പോയി ആദ്യം...
ചോദിച്ചറിഞ്ഞു വന്നപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ്!
എന്റെ മോളേ ഞാൻ നാണിച്ചുപോയി.
ഇവൻ എനിക്കുണ്ടായത് തന്നെയാണോ എന്നുവരെ ഓർത്തുപോയി ഞാൻ.”
തലയ്ക്കു സ്വന്തം കൈകൊടുത്ത് ചാക്കോ, ഇരുന്ന സോഫയിൽത്തന്നെ ഒന്നുകൂടി അമർന്നിരുന്നു. ചുണ്ടിൽ വന്നെന്ന് തോന്നിക്കുംവിധംമുള്ളൊരു ചെറുചിരി പെട്ടെന്നുതന്നെ അമർത്തി അഞ്ജന, ഹിബോണിനെ നോക്കി. അവനാകെ ചമ്മി വല്ലാതായിരിക്കുന്നുവെന്ന് അവൾക്ക് മനസ്സിലായി. ഉടനെ ഗൗരവം ഭാവിച്ചു ചാക്കോയോട് അവൾ പറഞ്ഞു;
“അങ്കിൾ, ഞാൻ ഇവനോടൊന്ന് സംസാരിക്കട്ടെ,
അതാ ഇനി നല്ലത്!
ഇവനെന്താ ഒപ്പിച്ചത് എന്നൊക്കെ കൃത്യമായി അറിഞ്ഞാലല്ലേ കാര്യമുള്ളൂ..”
അപ്പോഴേക്കും ചായയും കൂടെ സ്നാക്സുമായി കിച്ചണിൽനിന്നും അഞ്ജലിയുടെ കൂടെ മേരി അവിടേക്കെത്തി.
“ചായ....”
അഞ്ജന എഴുന്നേറ്റു ഹിബോണിനോടായി ഇങ്ങനെതുടങ്ങിനിർത്തി, എല്ലാവരെയും ഒന്ന് നോക്കിയശേഷം അവനോടായിത്തന്നെ തുടർന്നു;
“.. കുറച്ചു കഴിഞ്ഞു കുടിക്കാം നമുക്ക് ഹിബോൺ...”
ഇതോടൊപ്പം മേരിയോടായി അവൾ തുടർന്നുപറഞ്ഞു;
“... നിങ്ങൾ ചായ കുടിച്ചിരിക്ക് വിശേഷങ്ങളൊക്കെ പറഞ്ഞ്...
ഇവന്റെ വിശേഷങ്ങളൊക്കെ ഞാനൊന്ന് വൃത്തിയായി കേൾക്കട്ടെ ആന്റി.”
മറുപടിയായി ആരും ഒന്നും മിണ്ടിയില്ല. ഉടനെതന്നെ ചാക്കോ മൗനംവെടിഞ്ഞു തന്റെ മകനോട് പറഞ്ഞു;
“വിളിച്ചത് കേട്ടില്ലേ നീ, എണീറ്റ് ചെല്ലെടാ..”
ഒരു സമ്പൂർണ്ണപരാജിതനെപ്പോലെ ഹിബോൺ എഴുന്നേറ്റു. ഹാളിൽ മറ്റു മൂവരും ഓരോരോ വിശേഷങ്ങൾ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അവൻ തന്റെ കസിൻ-ചേച്ചിയെ അനുഗമിച്ചു. അവൾ തന്റെ ഓഫീസ് റൂമിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി.
“ജോസഫും ഭാര്യയും എന്തിയെ, ഇവിടില്ലേ!?”
ചായ രുചിച്ചുകൊണ്ട് ചാക്കോ അഞ്ജലിയോട് ചോദിച്ചു.
“ഇല്ല അങ്കിൾ, അവർ വീട്ടിലേക്ക് പോയിട്ട് രണ്ടു ദിവസമായി.
പുള്ളിക്കാരിക്ക് കഴിഞ്ഞ ആഴ്ച ഒരു പനി വന്നിട്ട് അതങ്ങു കൂടി.
ഒരു മോൾ പ്രസവം കഴിഞ്ഞു നിൽക്കുവാ.
അവരെ ഒക്കെ ഒന്ന് കാണുകകൂടി ചെയ്യണം എന്നൊക്കെ പറഞ്ഞ് പോയി.”
സ്നാക്സ് എടുത്ത് നീട്ടിക്കൊണ്ട് അഞ്ജലി ഇങ്ങനെ മറുപടി നൽകി.
“അങ്ങനെ പോക്കൊന്നും ഉള്ളതല്ലല്ലോ..”
ചായ രുചിക്കുവാൻ തുടങ്ങവേ മേരി ഒരിടത്തിരുന്നുകൊണ്ട് അഞ്ജലിയോട് പറഞ്ഞു.
“അതില്ല.
ഇതിപ്പോ, അവരും അങ്ങ് മടുത്തെന്നേ..
എത്ര നാളായി ഇവിടെ!
പ്രസവം കഴിഞ്ഞു നിൽക്കുന്ന മകൾ
കൊച്ചുമൊക്കെയായി രണ്ടുദിവസം അവരുടെ വീട്ടിൽ
വരുമെന്നൊക്കെ പറയുന്നത് കേട്ടു.
ആ, പോയി വരട്ടെ എന്ന് ഞങ്ങളും അങ്ങു വിചാരിച്ചു.
ഇവിടെ ചേച്ചിക്കും പനി ഒക്കെ ആയിട്ട് ലീവ് ആയിരുന്നു.
മൊത്തത്തിലൊരു വിശ്രമം മൂഡ് ആയതുകൊണ്ട്
ഞങ്ങൾക്ക് മാനേജ് ചെയ്യാം കുറച്ചു ദിവസം.
പെട്ടെന്ന് വന്നോളും രണ്ടും, അങ്ങനെ അവിടെ തങ്ങത്തൊന്നുമില്ല!”
സ്നാക്സിൽ ഒന്നുരണ്ടു നുറുക്ക് എടുത്ത് കൊറിച്ചുകൊണ്ട് അവളിങ്ങനെ മറുപടി പറഞ്ഞുനിർത്തി.
“എന്താടാ സംഭവം!
നീ തെളിച്ചു കൃത്യമായിട്ട് പറ ആദ്യം.
പപ്പയുടെ വായിൽനിന്നും കേൾക്കുന്നതിലും നല്ലതല്ലേ
ഇവിടെവെച്ചു എന്നോട് തുറന്നുപറയുന്നത്.”
ഓഫീസ് ടേബിളിന്റെ മധ്യസ്ഥതയിൽ തനിക്കഭിമുഖം ഇരിക്കുന്ന ഹിബോണിനോട് ഗൗരവം കലർത്തി അഞ്ജന ഇങ്ങനെ ചോദിക്കുകയാണ്.
കുറച്ചു ജാള്യത പ്രകടിപ്പിച്ചതല്ലാതെ പ്രത്യേകിച്ച് മറുപടിയൊന്നും അവന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
“എടാ പറയെടാ...
ഇല്ലേൽ എനിക്ക് പപ്പയോടു ചെന്നു ചോദിക്കേണ്ടി വരും,
നിനക്ക് പറയുവാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ
പുള്ളിക്കാരനോടുതന്നെ ചോദിക്കാം.
നിന്റെ അമ്മയും അപ്പനുമാ എന്നെ വിളിച്ചത്, നീയെന്തോ
കേസോ മറ്റോ ഒക്കെ ഒപ്പിച്ചു വെച്ചേക്കുവാന്നൊക്കെ പറഞ്ഞുകൊണ്ട്.”
ഇത്രയും പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു. അപ്പോൾ ഹിബോൺ അവളെ നോക്കി പറഞ്ഞു;
“ചേച്ചി.. വേണ്ടാ,,
ഞാൻ എല്ലാം പറയാം.
ഇനിയിപ്പോൾ പറഞ്ഞാൽ എന്താ ഇല്ലേൽ എന്താ!”
ഇതുകേട്ട് ശാന്തയായെന്നമട്ടിൽ അവൾ തിരികെ തന്റെ ചെയറിൽ ഇരുന്നു. ശേഷം പറഞ്ഞു;
“എന്നാൽ വേഗം പറയ്,
എന്താന്ന് കേട്ടാൽ അല്ലേ എനിക്ക് വല്ലതും പറയാൻ പറ്റൂ.”
ഒരുവിധം സ്വന്തം കണ്ണുകൾ അവളുടെ മുഖത്ത് ഉറപ്പിക്കുവാൻ പണിപെട്ടുകൊണ്ട് അവൻ തുടങ്ങി;
“ചേച്ചി, ഞാൻ കുറച്ചുപേരോട് ചാറ്റ് ചെയ്യുമായിരുന്നു...”
ഉടനെ വന്നു ചോദ്യം;
“ഈ കുറച്ചുപേർ ആരാ, എന്തൊക്കെയാ...?”
എല്ലാം അറിഞ്ഞുവെച്ചു സംസാരിക്കുംപോലെയുള്ള ഈ ചോദ്യം തിരിച്ചറിയാതെയെന്നപോലെ അവൻ തുടർന്നു ;
“ചേച്ചി അത്.. കുറച്ചു ചേച്ചിമാരുമായിട്ട്.”
വീണ്ടുമെത്തി ചോദ്യം;
“കല്യാണമൊക്കെ കഴിഞ്ഞു കുട്ടികൾ ഒക്കെ ഉള്ളവർ ആയിരിക്കും അല്ലേ!
മനസ്സിലായി, ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ നിന്നെപ്പോലെ
ഒരുപാട് കേസുകൾ ഇപ്പോൾ വരുന്നുണ്ട്.
പറ... ബാക്കി,,”
അവൻ തുടർന്നു;
“ഞാൻ ചാറ്റ് ചെയ്യുന്നതരം ആൾ ആയിരിക്കും എന്നുകരുതി
പുതിയതായി കണ്ട ഒരു ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു ഞാൻ മിണ്ടി.
വീഡിയോ കോളിൽ വരാൻ പറഞ്ഞു, അങ്ങനെ ചെയ്തു.
പ്രശ്നമായി...”
അവനൊന്നു നിർത്തിയപ്പോഴേക്കും അവൾ കയറി പറഞ്ഞു;
“എന്തിനാടാ മോനൂ നീ ആവശ്യമില്ലാത്തതിനൊക്കെ പോയത്..
കാര്യം എനിക്ക് മനസ്സിലായി, നിന്നെക്കൊണ്ടൊന്ന് പറയിച്ചു കേൾക്കണമായിരുന്നു.
നിനക്ക് നാണമുണ്ടോ എന്നൊന്ന് അറിയേണ്ടേ എനിക്ക്!
വേണ്ടേ,,
നാണമുണ്ടോടാ നിനക്ക്, അതൊന്ന് പറഞ്ഞേ എന്നോട്...
കേൾക്കട്ടെ ആദ്യം ഞാനത്.”
അവൻ മറുപടിയായി ലജ്ജ ഭാവിച്ച് തലയാട്ടി.
“കഴിഞ്ഞ ആഴ്ച്ച ഞാനൊരു കേസ് കേൾക്കുകയുണ്ടായി.
അതും, ഇതുപോലെ തന്നെ ഒരെണ്ണം!
രാത്രി വിളിച്ചിട്ട് വീഡിയോ കോളിൽ ചെല്ലാൻ പറഞ്ഞു.
ഒരു ചെറുക്കനായിരുന്നു, അവൻ അതും വിശ്വസിച്ച് ചെന്നു.
മേലും കീഴും നോക്കാതെ അവർ പറയുന്നതൊക്കെ കാണിച്ചു.
അവസാനം എന്തായി,, പറയുന്ന പൈസ കൊടുത്തില്ലേൽ
വിഡിയോ പബ്ലിഷ് ആക്കുമെന്നായി.
ഒന്നുരണ്ടുതവണ നല്ലൊരു തുക ആ വഴി അവന്റെ പോയി.
അപ്പനും അമ്മയുമൊക്കെ കഷ്ട്ടപ്പെട്ടു ജോലി ചെയ്തു ഉണ്ടാക്കിവെക്കുന്ന
പൈസയാണിതെന്ന് ഓർക്കണം!
രക്ഷയില്ലെന്ന് കണ്ടപ്പോൾ, വീണ്ടും ഭീഷണി വന്നപ്പോൾ
ഞങ്ങളുടെ അടുത്ത് വന്നു.
ഇപ്പോൾ, പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുവാ.
ഇങ്ങനൊക്കെ വല്ലതും മോൻ അറിയുന്നുണ്ടോ ആവോ!?”
അഞ്ജന ഇങ്ങനെ പറഞ്ഞുനിർത്തി. അപ്പോൾ നിസ്സഹായതാഭാവത്തോടെ ഹിബോൺ മെല്ലെ പറഞ്ഞു;
“ഇതുപോലെ എന്നെ ബ്ലാക്‌മെയ്ൽ ചെയ്തു ചേച്ചി...”
ഉടനെ അവൾ ചാടിക്കയറി;
“ഹാഹ്,, കണ്ടോ! ഇപ്പോൾ എങ്ങനെയുണ്ട്..
എന്നിട്ടോ,,
നീ കൊടുത്തോ രക്ഷപെടാൻ വല്ലതും!?”
അവൻ മറുപടി പറഞ്ഞു;
“ഒരുവിധം പറഞ്ഞു പറഞ്ഞു ആയിരം രൂപാ കൊടുത്തു.
അതും എന്റെയൊരു കൂട്ടുകാരനോട് വാങ്ങിച്ചിട്ട്.
അവർ ചോദിച്ചത് വലിയ തുകയാ!”
അവൾ വേഗം തുടങ്ങി;
“വീണ്ടും അവർ ബ്ലാക്‌മെയ്ൽ ചെയ്തു.
നീ അപ്പനോടും അമ്മയോടും പറഞ്ഞു...
ഇതല്ലേ സംഭവം കുഞ്ഞേ,,”
അവൻ തലയാട്ടി. കുറച്ചുനിമിഷം ഹിബോണിന്റെ മുഖത്തേക്ക്‌നോക്കി ഗൗരവത്തോടെ അവൾ ഇരുന്നു. പിന്നെ തുടങ്ങി;
“എന്റെ പൊന്നുമോനേ...
ഇതൊക്കെ നാട്ടുകാർ വല്ലതും കണ്ടാൽ എന്താകുമെടാ
നിന്റെ ഭാവി!
നിന്റെ പോട്ടെ,, അപ്പന്റെയും നിന്റെ അമ്മയുടേയുമൊക്കെയോ...
ആകെ ഒറ്റ മോനാ!
വളരെ നല്ല മകൻ.”
അവളൊന്ന് നിർത്തി, ചലനമറ്റതുപോലെ ഇരിക്കുന്ന അവനോടായി ചോദിച്ചു;
“എന്താ നിന്റെ തീരുമാനം!?
ഇത്തരം വേണ്ടാത്ത പരിപാടിയുമായി നടക്കാനാണോ..,,
എങ്കിൽ ആയിക്കോ, നാട്ടിലും വീട്ടിലും ഒക്കെ നല്ലരീതിയിൽ
നാണംകെടുമ്പോൾ പഠിച്ചുകൊള്ളും.
ഇത്തരക്കാരൊക്കെ ഇങ്ങനെയേ പഠിക്കൂ ഹിബോണേ...
എന്തുപറയുന്നു!?”
അവനുടനെ പറഞ്ഞു;
“ചേച്ചി, എനിക്ക് മതിയായി...
എനിക്കെല്ലാം മനസ്സിലായി.
സത്യം പറയാമല്ലോ,, ഞാൻ എല്ലാം നിർത്തി, ഇത് കഴിഞ്ഞതിൽപ്പിന്നെ.
സത്യം!”
ദയനീയതയും നിസ്സഹായതയും കൂടിക്കലർന്ന അവന്റെയീ വാചകങ്ങൾക്ക് മറുപടിയായി അവൾ പറഞ്ഞു;
“ഇനിയേലും മര്യാദക്ക് നടന്നാൽ നിനക്ക് കൊള്ളാം.
നീ നന്നായാൽ നിന്റെ കുടുംബത്തിനും.
ആ പാവങ്ങൾ.. നിന്റെ അപ്പനും അമ്മയും എന്തുചെയ്തെടാ ഇതിനൊക്കെ..”
ഉത്തരം ആഗ്രഹിക്കാതെയെന്നപോലെ അവൾ തുടർന്നു;
“നന്നായിട്ട് പഠിച്ച് വല്ല ജോലിയും വാങ്ങിച്ച്
നല്ലൊരു പെണ്ണിനെ കല്യാണം കഴിക്ക്.
ഞങ്ങൾ കെട്ടിച്ചു തന്നേക്കാം ആ സമയത്ത്. അതോർത്ത് പേടിക്കുവൊന്നും വേണ്ടാ നീ!
ഇപ്പോൾ ഈ വേണ്ടാത്ത പണിയൊക്കെയങ്ങു നിർത്ത്..
മര്യാദക്ക് ജീവിക്കാൻ നോക്ക്.
കേട്ടോ നീ,,...”
മറുപടിയായി അവൻ വേഗം തലയാട്ടി.
“മര്യാദക്ക് നടക്കൂന്ന് ഉറപ്പാണേൽ നീ ആ നമ്പറും ഡീറ്റൈൽസുമൊക്കെ
ഇങ്ങ് തന്നേക്ക് എനിക്ക്.
ഇപ്പോൾ ആരാ...
ആ,,
അഞ്ജലിയുടെ കൂട്ടുകാരിയുടെ വീട്ടിൽ ഒരു എസ്. പി. ഉണ്ട്.
ആളെക്കൊണ്ട് ഞാൻ കൈകാര്യം ചെയ്യിച്ചോളാം.
നീയൊന്നും പേടിക്കേണ്ട.
ഇത്തരം വേണ്ടാത്ത പണിക്കൊന്നുമിനി പോകാതിരുന്നേച്ചാൽ മതി.”
അഞ്ജനയുടെ ഈ വാചകങ്ങൾക്ക് മറുപടിയായി ഹിബോൺ ആശ്വാസഭാവത്തിൽ തലയാട്ടി.
“പപ്പയും അവരും വിളിക്കാറുണ്ടോ മോളേ,,”
ചായ കുടിച്ചു തീർത്ത് കപ്പ് ടേബിളിലേക്ക് വയ്ക്കുന്നതിനിടയിലായിരുന്നു ചക്കോയുടെ ഈ ചോദ്യം.
“മിക്കവാറും എന്നുംതന്നെ വിളിക്കും അങ്കിൾ.
ഞങ്ങളിവിടെ രണ്ടു പെണ്ണുങ്ങൾ തന്നെയാ എന്നുംപറഞ്ഞാ മമ്മി...”
ചെറുചിരിയോടെ, മറുപടിയായി അഞ്ജലി ഇങ്ങനെ പറഞ്ഞു.
“ആ, കഴിഞ്ഞ ആഴ്ച ഏതോ ഒരു ദിവസം
എന്നെയൊന്നു വിളിച്ചായിരുന്നു.
മൂത്തവളെ ഇങ്ങനെ നിർത്തിക്കൊണ്ട് നിന്നാൽ
ശരിയാകില്ലെന്ന് ഒരുപാട് പറഞ്ഞു മമ്മി..”
മേരിയുടെ ചിരികലർന്ന ഈ വാചകങ്ങൾക്ക് ഉടനടി വന്നു അഞ്ജലിയുടെ മറുപടി;
“നന്നായി....
പുള്ളിക്കാരി ഇത് കേൾക്കണ്ട!”
മറ്റെന്തെങ്കിലും സംഭവിക്കുംമുൻപേ അഞ്ജനയും പിറകെ ഹിബോണും അവിടേക്ക് എത്തി.
“ഞങ്ങളുടെ ചായ എവിടെ!?”
പൊതുവായി ഇങ്ങനെ ചോദ്യം ഉന്നയിച്ചശേഷം അഞ്ജന തന്റെ അങ്കിളിനെയും ആന്റിയെയും മാറി-മാറി നോക്കി അല്പം ഉച്ചത്തിൽ പറഞ്ഞു;
“ദേ, ഇവന്റെ പ്രശ്നങ്ങൾ എല്ലാം ഞാൻ സോൾവ് ചെയ്തിട്ടുണ്ട്.
അവന് കുറച്ചു സമയം കൊടുത്തേച്ചാൽ മതി, എല്ലാം
അവൻ റെഡിയാക്കിക്കോളും.
പഠിച്ചോളാം മര്യാദക്ക് നടന്നോളാം എന്നൊക്കെയവൻ
പറഞ്ഞു സമ്മതിച്ചിട്ടുണ്ട്.”
ഉടനെ മറുപടിയെന്നവണ്ണം ചാക്കോ അവനെ നോക്കി പറഞ്ഞു;
“മര്യാദക്ക് നടന്ന് വല്ലതും പഠിച്ചാൽ അവന് കൊള്ളാം.
കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിവെച്ചാൽ അടിച്ചു കൊന്നുകളയും ഞാൻ..
കേട്ടോടാ...”
രൗദ്രത കലർന്ന ഈ വാചകങ്ങൾക്കുമുൻപിൽ മറ്റു മൂവരുടെയും മുൻപിൽവെച്ച് ഹിബോണിന്റെ തല താഴ്ന്നുപോയി, അവൻ മറുപടിയായി തലയാട്ടി. ചേച്ചിയും അനുജത്തിയും ഒരുപോലെ തങ്ങളുടെ അങ്കിളിനെയും ആന്റിയെയും മാറി-മാറി നോക്കിയശേഷം ചെറുചിരിയോടെ തങ്ങളുടെ കസിനുനേർക്ക് നോക്കി ആ നിമിഷം.
11
സ്വന്തം കാഠിന്യം പ്രദർശ്ശിപ്പിക്കുവാൻ മടിച്ചു വെയിൽ ഉച്ചയെ പുണരുവാൻ തക്കവണ്ണം തയ്യാറെടുപ്പുകൾ നടത്തിവരികയാണ്. പ്രഫസർ അനിരുദ് നാരായണിന്റെ സൈക്കോളജി ക്ലാസ്സ് മെല്ലെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ചെറിയൊരു അശ്രദ്ധ തന്നെ പിടികൂടിയ നിമിഷം ലീന തന്റെ വലതുഭാഗത്തേക്കൊന്ന് അറിയാതെ കണ്ണുകൊടുത്തുപോയി. മനസ്സിന്റെ ആലസ്യത്തിന് വിരാമംനൽകുംവിധം, അവളുടെ കണ്ണുകൾ അവിടെ മുന്നിൽ ഒരിടത്തു ഉടക്കിനിന്നു. ഭൂരിഭാഗം സ്റ്റുഡന്റ്സിനും പരമാവധി മടുപ്പ് തോന്നിക്കാതെയാണ് പ്രഫസർ ക്ലാസ്സ് എടുക്കുന്നത് എപ്പോഴും. ഇങ്ങനെയൊരു സത്യം നിലനിൽക്കെത്തന്നെ, അതിനുള്ളിൽനിൽക്കേ ചില നിമിഷങ്ങൾ മാനുഷികമായ അശ്രദ്ധ മോഷ്ടിക്കുന്നതല്ലാതെ തനിക്കിതുവരെ പ്രഫസറുടെ ക്ലാസ്സ് ഒരു ഭാരമായി തോന്നിയിട്ടില്ല എന്ന തന്റെ സ്ഥിരം ചിന്താഗതി ആ നിമിഷങ്ങളിലൊന്നിൽ ലീനയുടെ മനസ്സിലേക്കെത്തി. അവളുടെ കണ്ണുകൾ ഉടക്കിനിൽക്കുന്നന്നത് ജീനയുടെ മേലാണ്. പുറമെ നിന്ന് നോക്കുമ്പോൾ എന്തോ ഒരു അസ്വസ്ഥത ജീനയെ പിടികൂടിയിരിക്കുന്നതായി തോന്നുന്നുണ്ട്. തന്റെ അടുത്തിരിക്കുന്ന കൂട്ടുകാരിയോട് കാര്യം തിരക്കാമെന്ന് വെച്ചപ്പോളാണ് ലീന, ക്ലാസ്സ് നടന്നുകൊണ്ടിരിക്കുകയാണല്ലോ എന്നോർത്തത്. തന്റെ താല്പര്യം പിടിച്ചുനിർത്തി, ജീനയെ ഒന്നുകൂടി നോക്കിയശേഷം അവൾ പ്രഫസർക്ക് ചെവികൊടുത്ത് ഇരുന്നു.
പ്രഫസറുടെ പിരീഡ് കഴിഞ്ഞപ്പോഴേക്കും ഉടനെതന്നെ ലീന തന്റെ അടുത്തിരിക്കുന്ന കൂട്ടുകാരിയോടായി ചോദിച്ചു;
“എടീ, ആ ജീനയ്ക്ക് എന്തുപറ്റി!
അവളാകെ വിരണ്ട് വല്ലാതെയായപോലെ...”
ഉടനെ, തന്റെ ടെക്സ്റ്റ്ബുക് ടേബിളിൽ മടക്കിവെച്ചശേഷം ആ കൂട്ടുകാരി മറുപടിയായി പറഞ്ഞു;
“എന്റെ ലീനമോളെ, നിനക്ക് സ്ഥലകാലബോധമൊക്കെ പോയോ!
നീ ഇവിടെങ്ങും അല്ലേ,,”
ഒന്നുനിർത്തി അവൾ തുടർന്നു;
“അവൾ പ്രേമം തലക്കുപിടിച്ച ഒരുത്തിയാണെന്ന്
നിനക്കറിഞ്ഞുകൂടെ..
ഈയിടെ ഏതുനേരവും അവൾക്ക് ടെൻഷനാ,,
പ്രത്യേകിച്ച് ഒരു കാര്യവും കാണില്ലതാനും!
എത്രതവണ പറഞ്ഞുനോക്കിയതാ, വല്ല രക്ഷയും ഉണ്ടോ!?”
ലീന ഇടയ്ക്കുകയറി;
“ആ അരുണുമായി വീണ്ടും വല്ല തല്ലുമിട്ടു കാണും അല്ലേ!”
ഉടനെ കൂട്ടുകാരി തന്റെ ഭാവം തെല്ലുമാറ്റി ലീനയുടെ മുഖത്തുനോക്കി പറഞ്ഞു;
“ആഹ്.. സംശയമില്ല!
അതുതന്നെയാകും പ്രശ്നം.
എങ്കിൽ പേടിക്കേണ്ട, ഈ അസ്വസ്ഥത മാറണമെങ്കിൽ
അവളുടെ സ്ഥിരം പരിപാടി നടക്കണം ഇനി.
ലഞ്ചിന്റെ സമയം അവൾ കാമുകനെ പോയി കണ്ടു സംസാരിച്ച്
അവൾക്കൊരു വിശ്വാസം വന്നാലേ ശരിയാകൂ.”
ഇതുകേട്ട് പ്രത്യേകിച്ച് ഭാവമൊന്നുംകൂടാതെ ലീന, ജീനയെ ഒന്നുനോക്കിയശേഷം-അവൾ തന്റെ അടുത്തിരിക്കുന്ന സുഹൃത്തിനോട് ധൃതിയിൽ എന്തോ സംസാരിക്കുകയാണെന്നതുകണ്ട്, പറഞ്ഞുനിർത്തിയ കൂട്ടുകാരിയുടെ മുഖത്തേക്കുതന്നെ നോക്കി.
“നിനക്കൊന്നും പിടികിട്ടിയില്ല, എനിക്കറിയാം.
എടീ, പ്രേമം എന്നുപറഞ്ഞാൽ മൊത്തം കുഴപ്പമാ.
അതുകൊണ്ടാ അവൾ ഇങ്ങനെയും അതുകണ്ടു
നിനക്കിങ്ങനെ ചോദിക്കാൻ തോന്നിയതും..
എന്തിന്,,
നിനക്കിപ്പോൾ ഞാൻ പറഞ്ഞതൊന്നും മനസ്സിലാകാത്തതും
ഞാനിപ്പോൾ ഇങ്ങനെ പറയുന്നതും ഉൾപ്പെടെ..”
ഇത്രയും പറഞ്ഞൊന്ന് നിർത്തിയശേഷം പുതിയ പിരീഡിലേക്കുള്ള ടെക്സ്റ്റ്ബുക്കും നോട്ടും എടുത്ത കൂട്ടുകാരി തുടർന്നു;
“എടീ, പ്രേമം ഒരു വല്ലാത്ത സാധനമാ.
അത് നമ്മളെ എങ്ങനെ വിഴുങ്ങുമെന്ന് പറയാൻ പറ്റില്ല!
ശരിക്കും ചെറുക്കന്മാർ അല്ല നമ്മളെ വീഴ്ത്തുന്നത്,,
പ്രേമം എന്ന നമ്മുടെ മൂരാച്ചി ഏർപ്പാടുതന്നെയാ!
എനിക്കുണ്ടായിരുന്ന ഒരെണ്ണത്തിനെ ഞാൻ കളഞ്ഞത്
ഇതുകൊണ്ടൊക്കെയാ...
മനുഷ്യന്റെ സമാധാനവും സ്വസ്ഥതയും
പതുക്കെ ഇല്ലാതാക്കും ഈ സാധനം!
ഈ വികാരം!!!”
ലീനയോട് മാത്രമെന്നതുപോലെ, ഒന്ന് നിർത്തിയശേഷം അവൾ തുടർന്നു;
“നിന്നെത്തന്നെ നോക്ക്..
സ്വന്തം ക്ലാസ്സിൽ നടക്കുന്നതൊക്കെ ഒരു അന്യയെപ്പോലെ
നീയിപ്പോൾ ചോദിച്ചു മനസ്സിലാക്കിക്കൊണ്ടിരിക്കുവല്ലേ!
പ്രേമം നിന്റെ തലയ്ക്കു പിടിച്ചിരിക്കുവാ..”
ഒന്നുകൂടി നിർത്തി, ക്ലാസ്സിലെ ചെറിയ ബഹളം വകവെയ്ക്കാതെതന്നെ സ്വാതന്ത്ര്യം ഭാവിച്ചു അവൾ വീണ്ടും തുടങ്ങി;
“ഞാൻ കൂടുതൽ പറയുന്നില്ല.
നിന്റെ കാര്യങ്ങളൊക്കെ നീതന്നെ സ്വയം ഇടയ്ക്കിടെ
ആലോചിക്കുന്നത് നല്ലതാ!
പിന്നേയ്,,
ജീനയുടെ അരുണിനെയും നിന്റെ അരുണിനെയും തമ്മിലിനി
മാറിപ്പോയെക്കുവൊന്നും ചെയ്തേക്കരുത് കെട്ടോ!”
തന്റെ ചുറ്റുപാടുള്ളവരോട് സംസാരിച്ചുകൊണ്ടിരുന്നിരുന്ന അരുൺ ഒരുനിമിഷം ലീനയെ ഈ സമയം നോക്കിപ്പോയി. അവൻ പതിവുള്ളൊരു പുഞ്ചിരി കാണിച്ചു, അവൾ തിരികെയും. ശേഷം, അവൾ തന്റെ ഒരു കാൽ രണ്ടുമൂന്നുതവണ ആട്ടിപ്പോയശേഷം നേരെ നോക്കിയിരുന്നു.
“നീ ഫെഡ്-അപ് ആകേണ്ട!
നിനക്ക് മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുന്ന രോഗം
ഉണ്ടെന്ന് എനിക്കറിയാമല്ലോ!
ജീന ലഞ്ചിന് അവളുടെ കാമുകനെ പോയി കാണും.
എന്നും ഉള്ളതല്ലേ ഇത്... റെഡിയാകും.
പിന്നെയും ഇതൊക്കെത്തന്നെയാ എന്നേയുള്ളൂ..
പിന്നെ, ഞാൻ പറഞ്ഞതൊന്നും തലേൽ വലിച്ചുകേറ്റി
ഇനി അരുണിനെ ‘കളയാൻ’ നിൽക്കണ്ട.
ഇപ്പോഴിവിടെ ചുറ്റും നോക്കിക്കേ,,
ഒരു കുഴപ്പവും കൂസലും ഇല്ലാതെ സിമ്പിൾ ആയിട്ട് എത്രയെണ്ണം ഇരിക്കുന്നു!
ഇത്തരം ബാധ്യതകളിലൊന്നും പോയി പെടാതെ...
ഇനി, നീ അധികം തല പുണ്ണാക്കാതെ ഒന്ന് ചിൽ ആയിട്ടിരി..
ആ ബോറത്തിയുടെ ക്ലാസ്സാ ഇനി.
നീയായിട്ടുകൂടി ഇവിടിരുന്നു ഞങ്ങളെ മുഷിപ്പിക്കല്ലേ,,
അല്ലേടീ!?”
കൂട്ടുകാരി ഇങ്ങനെ പറഞ്ഞ് അവസാനവാചകം തന്റെ അടുത്തായിരുന്നിരുന്ന മറ്റൊരുത്തിയോട് തമാശരൂപേണ പറഞ്ഞുനിർത്തി, മറുപടിയായി ഒരു പുഞ്ചിരി അവിടുന്ന് തിരികെ വാങ്ങിച്ചുകൊണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുന്ന, ക്ലാസ്സിലെ ഇരിപ്പിടങ്ങൾക്കിടയിലെ ഒഴിഞ്ഞുകിടക്കുന്ന ഏരിയയിൽ കണ്ണുവെയ്ക്കാതെ ശ്രദ്ദിച്ചുകൊണ്ട് ലീന ഇരുന്നു. അപ്പോഴേക്കും അടുത്ത പിരീഡിലേക്ക് പതിവ് ലേഡി പ്രഫസർ എത്തി.
12
സായാഹ്നത്തേയും അതിന്റെ തിരുക്കുകളെയും പൂർണ്ണമായും വിഴുങ്ങിയെന്നവണ്ണം രാത്രിയുടെ ഇരുട്ടും അതിന്റെ തിരക്കുകളും റോഡിലും പരിസരങ്ങളിലുമായി നിറഞ്ഞുകത്തുകയാണ്, ഒരു മെഴുകുതിരിപോലെ. പതിവുപോലെ, എന്നാൽ പരിചയത്തിന്റെ മന്ദഹാസം ചൊരിയാത്ത ചുറ്റുപാടുകളെ അവഗണിക്കുംവിധം അഞ്ജലി തന്റെ കാർ ഡ്രൈവ് ചെയ്യുകയാണ്. ചെറിയൊരു മയക്കം ആഗ്രഹിച്ചിരിക്കുകയായിരുന്നു കാറിൽ അഞ്ജന. അവളെ ശ്രദ്ദിച്ചെന്നവണ്ണം അഞ്ജലി ഡ്രൈവ് ചെയ്യെത്തന്നെ കുറച്ചുനിമിഷം ആലോചിച്ചശേഷം ചേച്ചിയുടെ ഉറക്കത്തെ ‘അധിക്ഷേപിക്കുംവിധം’ പറഞ്ഞു;
“ഇന്ന് സമയമിപ്പോൾ ഇത് ഒരുപാടായില്ലേ!
ഇനിയിപ്പോൾ വീട്ടിൽ ചെന്നിട്ട് വല്ലതും ഉണ്ടാക്കി കഴിക്കാനൊന്നും എനിക്ക് വയ്യ!
നന്നായിട്ടു വിശക്കുന്നുണ്ട് എനിക്ക്..
എത്ര നേരമാ എന്നെ കോർട്ടിനു പുറത്തു നിർത്തി പോസ്റ്റ് ആക്കിയത്!?”
ഒന്നുനിർത്തി, ഒരു വാഹനത്തെ സാഹസംകൂടാതെ ഓവർടേക്ക് ചെയ്തശേഷം അവൾ തുടർന്നു;
“ജോസഫ് ചേട്ടനും കെട്ടിയോളും ഉണ്ടായിരുന്നേൽ...
ശ്ശോ! ഇതുങ്ങളിനി എന്ന് വരാനാണാവോ!?”
അർത്ഥരഹിതമായ, അഞ്ജലിയുടെ ഈ വാചകങ്ങൾക്ക് അഞ്ജന തന്റെ ആകെയുള്ള അലസ്യം മൂലം മറുപടി നൽകിയില്ല. എന്നാൽ കുറച്ചു നിമിഷങ്ങൾക്കകം അവൾ പറഞ്ഞു അഞ്ജലിയോട്;
“അതിന് നീയവരെ എന്നാ വരാൻ പറഞ്ഞു വിളിച്ചത്...!
റസ്റ്റോറന്റിൽ നിന്നും കഴിക്കാം ഇന്ന്. എനിക്കും നല്ല വിശപ്പും
ക്ഷീണവും ഉണ്ട്.
നാളെ അവരെ വിളിച്ചു ഉടനെ വരാൻ പറയണം.
ഒറ്റയ്ക്ക് നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല!”
ഇത്രയും പറഞ്ഞ് നിമിഷങ്ങൾ കഴിഞ്ഞില്ല, അഞ്ജലി തങ്ങളുടെ പച്ച സെൻ കാർ വേഗത്തിൽ ഒരു സൈഡിലേക്ക് ഒതുക്കിനിർത്തി- വഴിയരുകിൽ കച്ചവടത്തിനായി നിരന്നിരിക്കുന്നവരെ പരിഗണിച്ചുകൊണ്ട്. കാര്യമറിയുവാൻ ചേച്ചി സഹോദരിയെ നോക്കിയതും, അവൾ സ്വന്തം ഫോണുമെടുത്തുകൊണ്ട് ഡോർ തുറന്നിറങ്ങി പറഞ്ഞു;
“വായിലെ വെള്ളം വറ്റി, വിശന്നിട്ട്!
മിട്ടായി വല്ലതും വാങ്ങട്ടെ.
വേഗം വരാം ഞാൻ...”
മറുപടിയ്ക്ക് നിൽക്കാതെ ഡോർ അടച്ചശേഷം, ഒരുപാട് കടകളുള്ളതിൽ വെറുതെ ഒരണ്ണം ലക്ഷ്യംവെച്ചു അഞ്ജലി നടന്നു- ലീനയെ കോൾ ചെയ്തുകൊണ്ട്.
“എടീ ഇങ്ങോട്ടൊന്നും കേൾക്കാനുള്ള സമയമില്ല.
എന്റെ മൂരാച്ചിയുടെ ഡേറ്റ് കുറച്ചുസമയത്തേക്ക് ഉണ്ട്.
നീ നിന്റെ സാധനത്തെ പൊക്കിക്കൊണ്ട് വരുന്നുണ്ടേൽ വേഗം
‘ലൈറ്റ്-അപ്’ റസ്‌റ്റോറണ്ടിലേക്ക് വാ!
അധികം ലേറ്റ് ആകരുത്.”
ലീന കോൾ എടുത്തു എന്നുറപ്പായപ്പോൾ ധൃതിയിൽ അഞ്ജലി ഇത്രയും പറഞ്ഞൊപ്പിച്ചു, കടക്കാരനോട് ഒരു ബോക്സിലെ മിട്ടായി ചൂണ്ടി ആവശ്യപ്പെട്ടുകൊണ്ട്. ശരിവെക്കുംവിധമെന്നവണ്ണം ലീന എന്തോ പറഞ്ഞത് കടക്കാരൻ എന്തോ അതേസമയം പറഞ്ഞതിൻപുറത്ത് അവൾ ശ്രദ്ദിച്ചില്ല. കോൾ കട്ട് ചെയ്ത്- മിട്ടായി വാങ്ങി- കാറിലെത്തി രണ്ടെണ്ണം ചേച്ചിക്ക് കൈമാറി- അഞ്ജലി ഡ്രൈവിംഗ് തുടർന്നു. മിട്ടായി നുണഞ്ഞുതുടങ്ങിയപ്പോൾ, അനുജത്തിയുടെ ധൃതി ശ്രദ്ദിച്ച അഞ്ജന കൗതുകത്തോടെ ചോദിച്ചു;
“നീയെന്താ വായിൽ വെള്ളമില്ല എന്നൊക്കെ പറഞ്ഞിട്ട്
ചാടിപ്പോയി വാങ്ങിച്ച മിട്ടായി കഴിക്കാത്തത്!?
വെള്ളം വന്നോ വായിൽ ഇത് ചെല്ലാതെ...”
തമാശകലർന്ന ഈ വാചകങ്ങൾക്ക് നേരെയിരുന്ന് ഡ്രൈവ് ചെയ്തുതന്നെ അഞ്ജലി വേഗം മറുപടി നൽകി;
“വരാറായി, അതാ കഴിക്കാത്തത്.”
അഞ്ജന ചിരിച്ചപ്പോഴേക്കും എന്തൊക്കെയോ പുഞ്ചിരിമറച്ചു പിറുപിറുക്കുകയായിരുന്നു അഞ്ജലി.
“അപ്പൊ ഇതിനാണ് മോള് ഇത്രയും കിടന്നു ചാടിയത്!
എന്നിട്ട് അവളെന്തിയെ, നമുക്കിന്നു ഇവിടെ കിടന്നു ഉറങ്ങാൻ
വല്ലതും പ്ലാനുണ്ടോ!?”
വെയിറ്ററിനോട് സാവകാശം ചോദിച്ച്, തിരക്കിലാണ്ടിരിക്കുന്ന ‘ലൈറ്റ് -അപ്’ റെസ്റ്റോറന്റിൽ ധൃതിപ്രകടമാക്കിത്തന്നെ അഞ്ജലി ഇരുന്നു- മറുപടി നിർബന്ധമില്ലാത്ത, ചേച്ചിയുടെ ഈ വാചകങ്ങളെ വകവെയ്ക്കാതെ.
ഏതാനും മിനിട്ടുകൾ കഴിഞ്ഞില്ല, ചിരിയോടെ വേഗം ലീന അവരുടെ അടുക്കലേക്കെത്തി- കൂടെ ബഞ്ചമിനും. അഞ്ജനയെ അമ്പരപ്പിക്കുംവിധം, പരിചയപ്പെടലിനോ മറ്റു ഔപചാരികതയ്ക്കോ ഒന്നിനും ശ്രമിക്കാതെ ബഞ്ചമിൻ തനിക്കായുള്ള കവറിൽ ഇരുന്നു- അതേഭാവത്തിൽ കൂടെ ലീനയും.
[തുടരും...]