Aksharathalukal

ഈ യാത്ര - 1


ഈ യാത്ര

              അമ്പലത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന ഭക്തി ഗാനങ്ങൾ ആയിരുന്നു സുപ്രഭാതവും സായാഹ്നവും നിശ്ചയിച്ചിരുന്നത്.രാവിലെ ഇറങ്ങുമ്പോള്‍ നല്ല തണുത്ത കാറ്റിന്റെ തലോടലും ,കാഴ്‌ച മുടക്കാതെ കൂട്ടിനായി മഞ്ഞും ഉണ്ടായിരുന്നു.നടന്നു നീങ്ങുമ്പോള്‍ ആരോ പിന്നില്‍ നിന്നും വിളിച്ചു, ഗോപി ആയിരുന്നു അത്‌.അവനോട് സംസാരിച്ചപ്പോൾ പെട്ടന്ന് അടുത്ത ആഴ്‌ച പോകാനുള്ള ദീര്‍ഘ യാത്രയെ പറ്റി ഓർത്തത്.ഡെല്‍ഹി വരെ പോകണം എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത വിഷമം.ഇത്ര ദിവസം ആവേശം ആയിരുന്നു, എങ്ങനെയെങ്കിലും ഇവിടെ നിന്നും ഒന്നു പോയിക്കിട്ടാൻ, എന്നാല്‍ ഇപ്പോൾ എന്തെന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു ബുദ്ധിമുട്ട്.ജീവിതത്തിലെ മിക്ക ബുദ്ധിമുട്ടുകൾക്കും ഈ സ്വഭാവം തന്നെ, പറഞ്ഞറിയിക്കാനാവാത്ത ശ്വാസം മുട്ടിക്കുന്ന ബുദ്ധിമുട്ടുകൾ. പോകതിരിക്കാൻ കഴിയില്ല,വളരെ കഷ്ടപ്പെട്ട് കിട്ടിയ ജോലിയാണ്‌,നല്ല ശമ്പളവും ഉണ്ട്.എന്തെങ്കിലും നഷ്ടപ്പെടുത്തിയാലെ എന്തെങ്കിലും നേടാൻ കഴിയൂ എന്നത് സത്യമാണെന്ന് ചിലപ്പോൾ തോന്നും.ഞാൻ ഇവിടെ നഷ്ടപ്പെടുത്തുന്നത്, ഈ തണുത്ത കാറ്റും,  അമ്പലത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന ഈ പാട്ടും, ഗോപി ഉള്‍പ്പെടുന്ന ചുരുക്കം ചിലരും.അമ്പലത്തില്‍ എത്തി, വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു ,പിഷാരടി മാല തയ്യാറാക്കുന്ന തിരക്കിലാണ്. തൊഴുകുന്നതിനു മുമ്പ് അമ്പലകുളത്തിലേക്ക് ഒന്ന് പോയി നോക്കി, മീനുകള്‍ എന്റെ വരവിനായി കാത്തുനിന്ന പോലെ,കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല കൊടുക്കാനായി.നേരം വൈകുന്നു,പെട്ടന്ന്  തൊഴുത് ഇറങ്ങണം, ഇന്ന്  തന്നെ എറണാകുളം പോകണം, പിന്നെ ഹംസയുടെ കൂടെ അവിടെ നിന്നും ഡല്‍ഹിയിലേക്ക്.കൂടെ ഒരു മലയാളി കൂടി ഉള്ളതാണ് ഏക ആശ്വാസം.
തിരുമേനിയുടെ അടുത്ത് യാത്ര പറഞ്ഞു, ഇനി നാളെ മുതൽ പതിവായി കുശലം പറയാന്‍ ആള്‍ ഉണ്ടാവില്ല എന്ന വിഷമം, അദ്ദേഹത്തിന്റെ മുഖത്തു കാണാം.
കിട്ടിയ ചന്ദനം നെറ്റിയില്‍ തൊട്ട്, ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു. അമ്മ സാധനങ്ങൾ എല്ലാം യാത്രക്കായി ഒരുക്കി കഴിഞ്ഞിരുന്നു. ഉച്ചക്ക് 12 നാണ് ട്രെയിൻ എറണാകുളത്തേയ്ക്ക്, ഇവിടെ നിന്നും ഒരു മണിക്കൂര്‍ എടുക്കും പാലക്കാട് റെയിൽവേ സ്റ്റേഷൻ വരെ.ഇനി എന്നാണ്‌ തിരിച്ചു വരുന്നതെന്ന് അറിയില്ല. പോകണം, പോയേ പറ്റൂ.
റെയിൽവേ സ്റ്റേഷൻ എത്താറായിരിക്കുന്നു,ഒപ്പം ഗോപി യും വന്നിട്ടുണ്ടായിരുന്നു. അര മണിക്കൂര്‍ മുന്നേ എത്തിയിരിക്കുന്നു. എന്റെ ഈ യാത്രയില്‍ ഒരുപാട്  വേദനിക്കുന്ന ഒരാള്‍ ഗോപി യാണ് എന്ന് എനിക്ക് അറിയാം.ഒരു കാര്യം ആലോചിക്കുമ്പോൾ,ഗോപി ഭാഗ്യവാനാണ്, നാട്ടില്‍ ഒരു എൽ പി സ്കൂൾ അധ്യാപകനാണ്,നാട് വിട്ടു ഗോപിക്ക് പോകേണ്ടതില്ല. അവന് ആശ്വാസം പകരുന്ന ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളായതിൽ എന്നും അഭിമാനിച്ചിരുന്നു.ചെറിയ കാര്യങ്ങളില്‍ ഒരുപാട്‌ സന്തോഷം കണ്ടെത്തുന്നവനായിരുന്നു ഗോപി,അതായിരുന്നു അവനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകം.ട്രെയിൻ വരാന്‍ ഇനി 10 മിനിറ്റ് മാത്രമെ ഉള്ളു.അടുത്ത പ്ലാറ്റ്ഫോമിലേക്ക് ഒരു ട്രെയിൻ വന്നുകൊണ്ടിരിക്കുന്നു, ചിലര്‍ യാത്ര അവസാനിപ്പിച്ച് ഇറങ്ങുന്നു,ചിലര്‍ കച്ചവടക്കാരിൽ നിന്നും ശീതള പാനീയങ്ങൾ വാങ്ങുന്നു. ട്രെയിൻ വന്നിരിക്കുന്നു, ഗോപിയോട് യാത്ര പറഞ്ഞു, അവന്‍ എനിക്ക് മുഖം തന്നില്ല.
ട്രെയിൻ നീങ്ങി തുടങ്ങിയിരിക്കുന്നു, സീറ്റ് അരികില്‍ ആയത് നന്നായി,കാഴ്ചകള്‍ കണ്ട് ഓര്‍മ്മകളെ അഴിച്ചുവിടാം.ട്രെയിൻ നീങ്ങി തുടങ്ങി.

എറണാകുളം വന്നിറങ്ങി.ഹംസ ഓട്ടോ പിടിക്കാം എന്ന് പറഞ്ഞു. 20 മിനിറ്റിനുള്ളില്‍ ആ ഒരു മുറി വീട്ടില്‍ എത്തി. ഇനി ഒന്ന് രണ്ടു ദിവസം ഇവിടെ, പിന്നെ ഡെല്‍ഹി.ഹംസ താക്കോൽ എടുത്ത് റൂം തുറന്നു.ഒരു ചെറിയ ഒറ്റ മുറി വീട്, ഒരു ചെറിയ അടുക്കള. ഞാന്‍ എന്റെ ബാഗ് കട്ടിലില്‍ വെച്ചു.

Will continue...