Aksharathalukal

ജാലക കൂടിനുള്ളിൽ

ജനലോരം ചേർന്നിരുന്നപ്പോൾ ഒരു ചെറു കാറ്റ് എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി. ഞാനും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, കുറെ നാളുകൾക്ക് ശേഷമാണ് ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നു പോകുന്നത്. എന്തോ ആ നേരം പെട്ടെന്ന് ഞാൻ ഒന്ന് ഉണർന്നതുപോലെ നിലത്ത് നിന്നും മെല്ലെ എഴുന്നേറ്റു ജനലോരം പറ്റി ചേർന്നു നിന്നു.

വല്ലാത്തൊരു കുളിർ. ജനൽ കമ്പികൾക്ക് ഇടയിലൂടെ ഞാൻ ആകാശത്തേക്ക് ഒന്ന് പാളി നോക്കി. മാനം ഇരുണ്ട് കയറുന്നുണ്ട്. കാർമേഘങ്ങൾ നിര നിരയായി ഒത്തുകൂടി തുടങ്ങി. ഞാൻ അവയെ നോക്കി കൈകാട്ടി പുഞ്ചിരിച്ചു കാറ്റിനെ പോലെ അവരും എന്നെ നോക്കി പുഞ്ചിരി തൂകിയാലോ!

പക്ഷെ അവർ എന്നെ കണ്ടതായി പോലും ഭാവിച്ചില്ല. ഇവൻ ആരാ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കി, ഞാൻ തല കുനിച്ചു നിന്നു.

അങ്ങനെ നിന്നപ്പോൾ അടുത്തായി കുട്ടികളുടെ കളിച്ചിരികൾ കേൾക്കുന്നു. അയല്പക്കത്തെ കുട്ടികളാണ് അടുത്തുള്ള പറമ്പിൽ പന്തു കളിയുടെ തിരക്കിലാണ് അവർ അതുകൊണ്ട് തന്നെ എന്നെ കാണാൻ വഴിയില്ല. നാലോ അഞ്ചോ കുട്ടികൾ മാത്രം, അതോ അഞ്ചോ ആറോ? ഗണിതശാസ്ത്രതിൽ ഞാൻ പുറകോട്ട് പോയിരിക്കുന്നോ….?

"കേശു മാഷിനെ ഞാൻ വരുന്ന വഴിക്ക് കണ്ടിരുന്നു. കൈയിൽ ആൻസർ പേപ്പർ ഉണ്ട്, ഒരു ചൂരലും". മിഥുൻ അത് പറയുമ്പോൾ അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു. ആ കിതപ്പ് മാഷിനും മുൻപിൽ ഉത്തര കടലാസ് വാങ്ങി, കൈപ്പത്തി ചൂരലിനു കിഴേ നീട്ടി നിൽകുമ്പോഴും അവനിൽ ഉണ്ടായിരുന്നു. തിരികെ എന്റടുത്തു വന്നിരുന്നപ്പോൾ കിതപ്പ് ഒരു തേങ്ങലായി. മാഷ് എന്നെ തോളിൽ തട്ടി അഭിനന്ദിച്ചപ്പോഴും എന്റെ നോട്ടം നിറഞ്ഞു തുളുമ്പിയ അവന്റെ മിഴികളിലായിരുന്നു.

ഒരു മഴ നീർ തുള്ളി എന്റെ കൺപീലിയിൽ തട്ടി കവിളിൽ പതിച്ചു. കണ്ണു ചിമ്മി തുറന്നപ്പോൾ ഇരുണ്ടു കൂടിയ കാർമേഘങ്ങളിൽ നിന്നും മഴ പൊടിഞ്ഞു തുടങ്ങി.

അമ്മമാരുടെ വിളി കേട്ടു കുട്ടികൾ ഓരോരുത്തരായി അവരവരുടെ വീടുകളിലേക്ക് ഓടി തുടങ്ങി അപ്പോഴേക്കും മഴയുടെ ശക്തിയും കൂടി. ഞാൻ കൈ ജനലിലൂടെ പുറത്തേയ്ക്കിട്ടു. മഴ തുള്ളികൾക്ക് എന്താ ഒരു ഭാരം കൈപ്പത്തി താണു താണു പോകുന്നപോലെ.

ഭാരം കൂടുമ്പോൾ പൊന്തി പൊന്തി അല്ലേ വരിക? മിഥുൻ വെള്ളം കുടിച്ച് ഭാരം കൂടിയപ്പോൾ പുഴയിൽ പൊന്തി പൊന്തിയാണല്ലോ വന്നേ… ഞാൻ ചിന്തിച്ചുകൊണ്ട് എന്റെ കൈപ്പത്തിയിലേക്ക് നോക്കി, നനഞ്ഞു കുതിർന്ന ഒരു ഉത്തര കടലാസ് എന്റെ കൈപ്പത്തിക്കുള്ളിൽ അതിൽ നിന്നു ഒലിച്ചു ഇറങ്ങിയ ചുവന്ന മഷി ചാർത്തിയ ഒരു നീണ്ട പാടും. ശക്തിയിൽ ഞാൻ കൈ കുടഞ്ഞതിനോടൊപ്പം ഒരു ചങ്ങല കിലുക്കവും മുഴങ്ങി.

ഞാൻ കൈ കഴുകിയതാണെന്ന് കരുതിക്കാണും, കതകിൽ ഒരു മുട്ടൽ അടിയിലെ വിടവിലൂടെ എനിക്കായി ഒരു പാത്രത്തിൽ ചോറും എത്തി. 

©️ copyright protected
            hadzz hady