Aksharathalukal

ഒറ്റതലയുള്ള രാവണൻ ( ഭാഗം -3)

 രാവിലെ അമ്പലത്തിലേക്ക് ഇറങ്ങിയതായിരുന്നു മാധവമേനോൻ.

ശങ്കരന്റെ നാട്ടിൽ വന്നിട്ട് രണ്ടു ദിവസം ആകുന്നു.

 ശങ്കരൻ പറഞ്ഞതുപോലെ കാഷായ വസ്ത്രത്തിൽ നിന്ന് ഇറങ്ങി.

 താടിയുടെയും, മുടിയുടെയും നീളം ഒരല്പം കുറച്ചു.

 ഇതിനിടെ ശങ്കരൻ, ഇന്നലെ ഒരിടം വരെ പോകുകയാണ് എന്നുപറഞ്ഞ് ഇറങ്ങിയതാണ്..... ഇതുവരെ കക്ഷി തിരിച്ചു വന്നിട്ടില്ല.

ശങ്കരന്റെ നാട് ശരിക്കും ഒരു ഗ്രാമമാണ്..

 ഇടവഴികളും, നെൽവയലുകളും, ചെമ്മണ്ണു നിറഞ്ഞ ഒറ്റയടിപ്പാതകളും, തോടുകളും.... അങ്ങനെ നമുക്ക് കൈമോശം വന്നുപോയ പലതിന്റെയും കൂടിച്ചേരൽ കൂടിയാണ് ഈ ഗ്രാമം......

 ഇവിടെ വന്നാൽ അതിരാവിലെ അമ്പലത്തിൽ പോക്ക് പതിവുള്ളതാണ്......

 ചെമ്മണ്ണു നിറഞ്ഞ നാട്ടുവഴിയിലൂടെ, ശുദ്ധവായുവും ശ്വസിച്ച്, പുലർകാല ത്തിന്റെ പരിശുദ്ധിയിൽ ഇങ്ങനെ നടക്കാൻ ഒരു സുഖമുണ്ട്.....

 ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

 ആ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ താഴെ പച്ചപ്പു നിറഞ്ഞ പ്രദേശമാണ്. അതിന് നടുവിലൂടെ ഒരു റെയിൽവേ പാത കടന്നു പോകുന്നു.

 അമ്പലത്തിൽ തൊഴുതു പ്രാർത്ഥിച്ച തിനുശേഷം മാധവമേനോൻ ആ കുന്നിൻ മുകളിലേക്ക് നടന്നു.

 കിഴക്കിന്റെ മാറിനിന്ന് സൂര്യൻ ഉദിച്ചുയരുന്നതേയുള്ളു.

 ഈ കുന്നിൻ മുകളിൽ നിന്ന് അത് കാണാൻ ഒരു സുഖമുണ്ട്

 താഴത്തെ പച്ചപ്പിലേക്ക് നോക്കുന്നതിനിടയിലാണ് ചൂളം വിളിച്ച് കുതിച്ചുപാഞ്ഞു ഒരു തീവണ്ടി അതിലൂടെ കടന്നു പോയത്.

 ഈ ദിവസത്തിൽ, ഒരുപാടു പേരുടെ മോഹങ്ങളുമായി കുതിച്ചുയരുന്ന സൂര്യന്റെ ഉദയം..... എന്നാൽ അസ്തമയ സമയത്ത് ഈ മോഹങ്ങളെല്ലാം പൂവണിഞ്ഞിട്ട് ഉണ്ടാകുമോ....?

 നഷ്ടപ്പെടലിന്റെയും, നേട്ടങ്ങളുടെയും ഒരു ദിവസം..... അതിന് വളയം പിടിക്കുന്നതാകട്ടെ എല്ലാറ്റിനും മൂകസാക്ഷിയായ കാലവും.....

 ആ കുന്നിൻ മുകളിലൂടെ മാധവമേനോൻ കുറച്ചുനേരം നടന്നു.

 പെട്ടെന്ന് പിറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടതും, മാധവമേനോൻ തിരിഞ്ഞുനോക്കി.

 പുഞ്ചിരിയുമായി നടന്നടുക്കുന്ന ശങ്കരൻ....

" ഇത് എവിടെയായിരുന്നെടോ ഇത്രയും ദിവസം..... "

 മാധവമേനോൻ ആകാംക്ഷയോടെ ചോദിച്ചു.

 അതിന് മറുപടി പോലെ ആ ചുണ്ടിൽ പിന്നെയും പുഞ്ചിരി വിടർന്നു.

" തനിക്കൊരു ജീവിതം ഉണ്ടാക്കി തരണ്ടേ ടോ..... അതിനുള്ള ഓട്ടത്തിൽ ആയിരുന്നു... "

 നടന്നടുക്കുന്നതിനിടെ ശങ്കരൻ പറഞ്ഞു.

" എന്നാലും എവിടെയെങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെടോ..... തന്റെ കുടുംബം എത്രമാത്രം വേദനിച്ചു.... "

 മാധവമേനോൻ ഒരല്പം പരിഭവത്തോടെ പറഞ്ഞു.

" അതൊന്നും സാരമില്ല..... ഇനിയിപ്പോ ഇങ്ങനെ ഒരു യാത്രയുടെ ആവശ്യം ഒരിക്കലും ഇല്ലല്ലോ.... ചേരേണ്ടത് കൂടിച്ചേരാൻ പോകുകയല്ലേ...... "

 ശങ്കരന്റെ വാക്കുകൾ കേൾക്കുന്തോറും, മാധവമേനോൻ നെറ്റിയിൽ ചുളിവുകൾ വീണു.

" താൻ പറഞ്ഞു വരുന്നത്....? "

" അതൊക്കെ സാവധാനം തനിക്ക് മനസ്സിലാകും.... മൂന്നാമത് ഒരാളെ കുറിച്ച് ഞാൻ തന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ... അയാൾ തന്നെ കാണാൻ എത്തിയിട്ടുണ്ട്..... "

 വിശ്വസിക്കാനാവാതെ ശങ്കരന്റെ മുഖത്തേക്ക് മാധവൻ നോക്കി.


" അതേടോ..... താൻ വാ.... ക്ഷേത്രത്തിനു പുറത്ത് അവർ കാത്തു നിൽക്കുന്നുണ്ട്.... "

ശങ്കരന്റെ ഓരോ വാക്കുകളും അത്ഭുതത്തോടെയാണ് മാധവമേനോൻ കേട്ടത്.

 ഇതിനിടെ ശങ്കരൻ, മാധവന്റെ കൈയും പിടിച്ച് ക്ഷേത്രത്തിന് അരികിലേക്ക് നടന്നു.

 ക്ഷേത്ര നടയിൽ നിന്ന്, കാലുകൾ എടുത്തുവയ്ക്കുമ്പോൾ, പാദങ്ങൾക്ക് വേഗതയേറി വരുന്നതുപോലെ മാധവനു തോന്നി.

വർഷങ്ങൾക്കുശേഷം തന്നോട് ചേർന്നു നിൽക്കുന്ന ഒരാളെ കാണാൻ പോകുന്നു.

 അതാരാണ്......

 അമ്പലനട ഇറങ്ങിയും,കയറിയും പലരും കടന്നുപോകുന്നുണ്ട്.

 ഇതിനിടെ ക്ഷേത്രത്തിനു പുറത്ത്, റോഡിനരികിൽ കാറിൽ ചാരി നിൽക്കുന്ന ഒരു രൂപത്തെ മാധവമേനോൻ കണ്ടു.

 ആരുടേയോ വരവ് പ്രതീക്ഷിച്ചുള്ള നിൽപ്പാണ്......


 മാധവമേനോൻ, ശങ്കരന്റെ മുഖത്തേക്ക് നോക്കി.
 ശങ്കരൻ ഒരു ചെറുപുഞ്ചിരിയോടെ മുന്നോട്ട് നടക്കുകയാണ് .

 അതൊരു സ്ത്രീരൂപം ആണെന്ന് അടുത്തെത്തും തോറും മാധവമേനോന് മനസ്സിലായി.

 താൻ നടന്ന് അടുക്കുംതോറും, ആ പെൺകുട്ടിയുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് മാധവമേനോൻ കണ്ടു.

 ഒരു അപരിചിത മുഖം.....

 ഇതുവരെ എവിടെയും കണ്ടതായി ഓർമ്മയില്ല.....

 തന്റെ യാത്രകളിൽ ഒരിക്കലും, ബന്ധങ്ങളുടെ ആഴം അളക്കാൻ മുതിർന്നിട്ടില്ല.

 ശങ്കരനോട് മക്കളെ കുറിച്ച് മാത്രം ചോദിച്ചറിയുമായിരുന്നു.

 കാറിന് അടുത്തെത്തിയതും ആ രണ്ടു കണ്ണുകളും തമ്മിലിടഞ്ഞു.

 ആ പെൺകുട്ടി മാധവമേനോന്റെ കാലുകൾ തൊട്ട് വന്ദിച്ചു.

 അപ്പോഴും മാധവമേനോൻ മറ്റേതോ ലോകത്തായിരുന്നു. ആ കണ്ണുകൾ ശങ്കരന് നേരെ തിരിഞ്ഞു.

 ശങ്കരൻ പുഞ്ചിരി നിറഞ്ഞ മുഖവുമായി, മാധവമേനോനെ നോക്കി.

" ഒന്നും മനസ്സിലാവുന്നില്ല അല്ലേ മാധവാ..... എങ്കിൽ ഞാൻ പറഞ്ഞു തരാം...... ഇത് ആതിര...... "

 ശങ്കരൻ പരിചയപ്പെടുത്തുന്നതിനിടെ, ആതിരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" ഇനി താനുമായി ഒരു ബന്ധം കൂടിയുണ്ട്.... തന്റെ ഇളയമകൻ ഹരിയുടെ മകൾ..... അതായത് തന്റെ കൊച്ചുമോൾ...... "

 ശങ്കരൻ ഇതുപറയുമ്പോൾ, മാധവമേനോന്റെ മുഖത്ത് സന്തോഷം തിരതല്ലി.

" പിന്നെ മാധവാ..... ഇനിയും ഉണ്ട് വിശേഷണം .... ഇത് വെറും ആതിര അല്ല കേട്ടോ..... അസിസ്റ്റന്റ് ജില്ലാ കളക്ടർ ആണ് കക്ഷി..... "


 മാധവമേനോൻ വാൽസല്യത്തോടെ ആമുഖം കൈകളിൽ വാരിയെടുത്തു.

 മാധവമേനോന്റെ കണ്ണുകൾ നിറഞ്ഞു.

 ആതിര ആ കണ്ണുകൾ തുടച്ചു.

" ഇത്രയും നാൾ ഞങ്ങളെയൊക്കെ ഒറ്റയ്ക്കാക്കിയിട്ട് ഇപ്പോൾ കരയുകയാണോ.... "

 ആതിര പുഞ്ചിരിയോടെ ചോദിച്ചു.

" മനസ്സിന് ശക്തി ഇല്ലായിരുന്നു മോളെ.... അതിലുപരി ഇനിയും നഷ്ടങ്ങൾ വാരിക്കൂട്ടാൻ ഉള്ള ഒരു മനസ്സും ഉണ്ടായിരുന്നില്ല....... "

 ആതിര, മാധവമേനോന്റെ കൈകളിൽ പിടിച്ചു.

" ഇനി മുത്തച്ഛനെ ഞങ്ങൾ ഒരിടത്തേക്കും വിടില്ല..... കാരണം ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന്റെ അവസാനം ആണിത്..... "

 മാധവമേനോന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.

" മുത്തച്ഛന്റെ കണ്ണുകൾ ഇനി നിറയരുത്..... "

 ആ കണ്ണുനീർ തുള്ളികൾ അവൾ തുടച്ചു. അതിനുശേഷം അവൾ ആ മുഖം പിടിച്ചുയർത്തി.

" ഇനി ചെയ്തുതീർക്കാനുള്ള കർമ്മത്തിന്, മനസ്സിന് ഒരല്പം ധൈര്യം ആണ് വേണ്ടത്....
 ആരും അറിയാത്ത രഹസ്യങ്ങൾ, ഇന്നലെ ശങ്കരേട്ടൻ പറയുമ്പോൾ, കുടുംബത്തിനകത്ത്, രാഘവൻ വല്യച്ഛന് എതിരെ ഒരു പടയൊരുക്കം തുടങ്ങി കഴിഞ്ഞു. എല്ലാം ചോദിക്കാൻ ഇറങ്ങിയ, അച്ഛനെയും, മറ്റുള്ളവരെയും ഞാനാ തടഞ്ഞുനിർത്തിയത്...... "

 ആതിരയുടെ വാക്കുകൾ ഒരല്പം ഞെട്ടലോടെയാണ് മാധവൻ കേട്ടത്.


"മോളെ..... ഇനി എന്തൊക്കെയാ സംഭവിക്കുക......"

 ഭയത്തോടെ മാധവൻ ചോദിച്ചു.

" അതോർത്ത് മുത്തച്ഛൻ വിഷമിക്കേണ്ട.... രാഘവൻ വലിയച്ഛന്, കാലം കരുതി വെച്ചിരിക്കുന്ന ഒരു സമ്മാനമുണ്ട്.... ഒരു ഏകാധിപതിയെപ്പോലെ ഇപ്പോഴും എല്ലാം അടക്കിപ്പിടിച്ച്  വാഴുന്ന വലിയച്ഛന് അർഹതപ്പെട്ട  ശിക്ഷ.... അതാണ് ആ സമ്മാനം..... "

" മോളെ അത് വേണോ..... " - അതുവരെ സംഭരിച്ച ശക്തി ചോർന്നു പോകുന്നതു പോലെ മാധവനു തോന്നി.

 അതുകേട്ടതും ശങ്കരൻ അവർക്കു മുന്നിലേക്ക് വന്നു.

" താൻ എന്തിനാ മാധവാ, ഇനിയും ഭയപ്പെടുന്നത്..... മറ്റുള്ളവരുടെ ജീവിതം കൂടി ആ വളർത്തു മകന്റെ കാൽച്ചുവട്ടിൽ കൊണ്ടു ചെന്ന് വെച്ച് ഇനിയുള്ള കാലം ഒരു ഭീരുവിനെ പോലെ കഴിയാൻ ആണോ.... "

 ശങ്കരൻ ഒരല്പം ദേഷ്യത്തോടെ ചോദിച്ചു.

 മാധവമേനോന്റെ കണ്ണുകളിലെ ഭയം അപ്പോഴും വിട്ട് അകന്നിരുന്നില്ല.
 ഇനിയും ഒരു ദുരന്തം കൂടി ഏറ്റുവാങ്ങാനുള്ള കരുത്ത് തനിക്കില്ല.

 ആതിര, മുത്തച്ഛന്റെ കൈകളിൽ പിടിച്ചു.

" മുത്തച്ഛൻ ഒന്നും ഓർത്ത് പേടിക്കേണ്ട.... ഒരു കുറ്റവാളി എന്നെങ്കിലും നിയമത്തിന്റെ കരങ്ങളിൽ അകപ്പെടും..... അത് സംഭവിച്ചെ തീരു..... മുത്തച്ഛൻ ധൈര്യമായിട്ട് ഇരുന്നുകൊള്ളൂ..... ഒരു തുള്ളി രക്തം വീഴാത്ത ധർമ്മയുദ്ധം...... "


 ആതിരയുടെ വാക്കുകൾക്ക് ശക്തി ഏറു കയായിരുന്നു.

" അതിന് നമുക്ക് കഴിയുമോ മോളെ.... രാഘവൻ ശരിക്കുമൊരു അപകടകാരിയാണ്....... "

 അതുകേട്ടതും ആതിരയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" അറിയാം മുത്തച്ഛാ.. എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഞാൻ കാണാൻ തുടങ്ങിയതാണ്.... ആ മനുഷ്യനെ കാണുമ്പോൾ എല്ലാവർക്കും ഭയമാണ്.... പക്ഷേ അയാളിൽ ഒരു ഭീരുവുണ്ട്..... അത് ഈ മുത്തച്ഛന്റെ മുഖം കാണുമ്പോൾ അയാളിൽനിന്ന് പുറത്തുവരും..... അതായിരിക്കും അയാളുടെ വീഴ്ച.... "


 പരിഹാസം നിറഞ്ഞ പുഞ്ചിരി ആതിരയുടെ ചുണ്ടിൽ വിടർന്നു.

 ആതിര യുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു നിൽക്കുകയായിരുന്നു മാധവമേനോൻ.

 ശങ്കരൻ പറഞ്ഞത് ശരിയാണ്....

 എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം ആതിരയുടെ വാക്കുകളിലുണ്ട്.

 ആ കരുത്ത് ആയിരിക്കാം അവൾ ഇന്ന് അസിസ്റ്റന്റ് ജില്ലാ കളക്ടർ പദവി വരെ എത്താൻ കാരണവും....

" എന്തു പറയുന്നു  മാധവാ...... തനിക്കിപ്പോൾ മുന്നോട്ടു പോകാൻ ഒരു ധൈര്യം ഒക്കെ കിട്ടുന്നില്ലേ..... " - ശങ്കരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

" തീർച്ചയായും ശങ്കരാ.... മനസ്സിൽ ഉറങ്ങിക്കിടന്ന മോഹങ്ങൾക്ക് ചിറകു മുളച്ചത് പോലെ..... അതിലുപരി കാണാമറയത്ത് ഇരിക്കുന്ന എല്ലാവരെയും കാണാൻ മോഹവും..... " - ആതിരയെ തന്നോട് ചേർത്തുനിർത്തി കൊണ്ട് മാധവമേനോൻ പറഞ്ഞു.

" എങ്കിൽ നമുക്ക് തിരിക്കാം മുത്തച്ഛാ.... മുത്തച്ഛൻ പറയാറുള്ളത് പോലെ നേരെ വല്യച്ഛന്റെ രാവണ സാമ്രാജ്യത്തിലേക്ക്...... "

 ആതിര ചിരിച്ചുകൊണ്ട് പറഞ്ഞു.

 എല്ലാറ്റിനും നിമിത്തമായത് ശങ്കരനാണ്.... ആ മുഖത്തേക്ക് നന്ദിയോടെ മാധവൻ നോക്കി.

" നന്ദിയുണ്ട് ശങ്കരാ.... എവിടെയോ തീരേണ്ട ഈ ജന്മം തിരിച്ചു തന്നതിന്..... " - ഇരുകൈകളും കൂപ്പി കൊണ്ട് മാധവൻ പറഞ്ഞു.

 ശങ്കരൻ ചിരിച്ചുകൊണ്ട് ആ കൈകളിൽ പിടിച്ചു.

" എന്തിനാണടോ നന്ദി.... ഓരോ ജീവിതവും ഓരോ കഥയാണ്.... പേരും നാടും ഒന്നുമറിയാതെ, നാമും ചിലപ്പോൾ ചില കഥകളിലെ കഥാപാത്രങ്ങളായി മാറുന്നു.... "

 ശങ്കരന്റെ സ്വരം താഴ്ന്നിരുന്നു.

 മാധവൻ, ശങ്കരനെ തന്റെ നെഞ്ചോട് ചേർത്തു.

 ശങ്കരൻ വീണ്ടും മാധവന്റെ മുഖത്തേക്ക് നോക്കി.

" പിന്നെ മാധവാ..... താൻ വേണമീ രാവണ സാമ്രാജ്യത്തെ ഒരു രാമരാജ്യം ആക്കി മാറ്റാൻ..... ഒരിക്കൽ ഞാൻ വരും ആ രാമരാജ്യം കാണാൻ...... "

 ശങ്കരൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 ശങ്കരനോട് മാധവനും ആതിരയും യാത്ര പറഞ്ഞ് കാറിൽ കയറി.

 കാർ അകന്നു പോകുമ്പോഴും, ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നിൽക്കുന്ന ആ ഉറ്റസുഹൃത്തിനെ മാധവൻ ഒരുവട്ടംകൂടി നോക്കി.

 പടയൊരുക്കം കഴിഞ്ഞിരിക്കുന്നു..... സത്യം മനസ്സിലാക്കിയ കുറെ മനസ്സുകൾ ഇപ്പോൾ തന്നോടൊപ്പം ഉണ്ട്..... ഇനിയുള്ളത് പടയോട്ടമാണ്......

 ഒരു വശത്ത് വളർത്തു മകനും, മറുവശത്ത് രക്തബന്ധങ്ങളും......

 അതിൽ ഏതു സാമ്രാജ്യമാണ് നില നിൽക്കുന്നതെന്ന് കാത്തിരുന്നു കാണുക തന്നെ....

 നീറുന്ന മനസ്സുമായി, മാധവമേനോൻ കണ്ണുകൾ ഇറുകെ അടച്ചു.



.................................... തുടരും..............................

 

 

 


ഒറ്റതലയുള്ള രാവണൻ ( അവസാന ഭാഗം )

ഒറ്റതലയുള്ള രാവണൻ ( അവസാന ഭാഗം )

4.8
5400

ചാറ്റൽ മഴ പെയ്തു ഒഴിഞ്ഞു പോയിരിക്കുന്നു.  ഒരു തോരാപെയ്തിനുള്ള കാർമേഘം ആകാശത്തു ഉരുണ്ടുകൂടിയെങ്കിലും, എവിടെനിന്നോ വന്ന കാറ്റത്ത് ആ കാർമേഘങ്ങൾ അപ്രത്യക്ഷമായി.  മഴക്കാറ് കണ്ടിട്ടാണ് ലക്ഷ്മി, പറമ്പിൽ കെട്ടിയിരുന്ന പശുവിനെ, തൊഴുത്തിലേക്ക് മാറ്റി കെട്ടാനായി പുറത്തേക്കിറങ്ങിയത്.  ലക്ഷ്മി ക്കൊപ്പം ഇളയമകൾ ശോഭയും ഉണ്ട്.  ശോഭ എട്ടാം ക്ലാസിൽ പഠിക്കുകയാണ്..... ശോഭയെ കൂടാതെ മൂത്തത് ആൺകുട്ടിയാണ്...... നന്ദു..... അവൻ പത്താം തരത്തിൽ പഠിക്കുന്നു. രണ്ടുപേരും പഠിക്കാൻ മിടുക്കരായിരുന്നു.  നന്ദുവിനും, ശോഭ ക്കും അച്ഛനെക്കാൾ ഇഷ്ടം അമ്മയോട് ആയിരുന്നു.  അച്ഛനെ അ