Aksharathalukal

കിട്ടനുറുമ്പും കുട്ടന്‍ തവളയും

കാവാലം മധു
 
 
പത്തനംതിട്ടയില്‍ നിന്നൊരു കിട്ടന്‍
കട്ടുറുമ്പിന്നലെ വീട്ടില്‍ വന്നു
പൊട്ടന്‍ കവിതകള്‍ പാടും കിട്ടനു
ചട്ടുമുണ്ടല്‍പ്പം തലയ്ക്കു വട്ടും
കുട്ടനേം കൂട്ടരേം വട്ടത്തില്‍ നിര്‍ത്തി
കിട്ടന്‍ പറഞ്ഞൊരു പൊട്ടന്‍ കഥ
തൊട്ടതിനൊക്കെ പത്തനംതിട്ടയില്‍
മുട്ടന്‍വിലയാണു കൂട്ടുകാരെ
കട്ടന്‍ കപ്പയ്ക്കും മുട്ടന്‍ പയറിനും
പെട്ടെന്നു ചാടിക്കയറി വില
പട്ടിണികൊണ്ടെന്‍ നാട്ടുകാരെല്ലാരും
നട്ടം തിരിയുന്നു കാശില്ലാതെ
കിട്ടന്‍ പൊട്ടിച്ച പൊട്ടന്‍ കഥ കേട്ടു
മുട്ടിയുരുമ്മിയിരുന്നു കൂട്ടര്‍
പെട്ടെന്നു കിട്ടനോടൊട്ടിനിന്നിട്ടു
കുട്ടന്‍ ഗമയില്‍ പറഞ്ഞു കേട്ടൊ
കിട്ടനുറുമ്പേ നിന്റെയീ വേലകള്‍
കുട്ടനോടെന്തിനെടുക്കുന്നെടാ
ചട്ടന്‍ കുട്ടപ്പാ നിന്നേപ്പോലെത്രയോ
ചട്ടമ്പിമാരെ ഞാന്‍ കണ്ടിട്ടുണ്ട്‌
പട്ടണമല്ലിതു പെട്ടെന്നുവേണേല്‍
പത്തനംതിട്ടയ്ക്കു തട്ടിവിട്ടോ
പൊട്ടന്‍കഥകേള്‍ക്കാന്‍ നിന്നേപ്പോലൊരു
വട്ടനേം ഇവിടെ കിട്ടുകില്ല
കട്ടായം കുട്ടന്റെ വാക്കു കേട്ടപ്പോള്‍
കിട്ടന്‍ പരുങ്ങി പറഞ്ഞു കുട്ടാ
തട്ടുകേം മുട്ടുകേം ചെയ്യല്ലെയെന്നെ
പെട്ടെന്നിവിടം ഞാന്‍ വിട്ടുകൊള്ളാം !