©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........
മടക്കി വെച്ച തുണിത്തരങ്ങൾ ബാഗിലെക്ക് അടുക്കുമ്പോഴാണ് മുന്നിലേക്ക് നീണ്ടു വന്ന ചായ ഗ്ലാസ്സിലേക്കും അതിന്റെ ഉടമയിലേക്കും ശ്രീയുടെ കണ്ണുകൾ നീണ്ടത്.
വൃത്തിയായി ഞൊറിഞ്ഞുടുത്ത സാരിയിൽ അല്പം ഒതുക്കത്തോടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന തന്റെ പേര് കൊത്തിയ ആലിലതാലിയിൽ കണ്ണുകളുടക്കിയപ്പോൾ ധൃതിയിൽ തിരിഞ്ഞുകൊണ്ടവൻ തന്റെ ജോലിയിൽ വ്യാപൃതനായി. അപ്പോഴും എന്തു കൊണ്ടോ അവനൊരു വിങ്ങൽ തോന്നി.
താനേറെ മോഹിച്ചു നന്ദുനായി വാങ്ങിയ താലി.
ഇന്നതിനവകാശി അവളല്ല എന്ന സത്യം കുരമ്പ് പോലെ ഹൃദയത്തിൽ തുളച്ചു കയറി.
പണ്ടെന്നോ നന്ദു പറഞ്ഞത് ഓർമയിൽ വന്നു
""അവളെന്നോട് പറയാ..... ദേവേട്ടനെ കൊണ്ട് സ്നേഹ ചേച്ചിയെ കെട്ടിക്കാൻ പോകുവാ... ന്റെ ഏട്ടന് നിന്നെ പോലൊരു ഭ്രാന്തി പെണ്ണ് വേണ്ടാന്ന്...???
ദേഷ്യം വന്നപ്പോൾ അവിടിരുന്ന മൊന്തക്ക് ഒന്നു കൊടുത്ത്. അതിനാ.... അവരെല്ലാരും....ന്നെ ഇഞ്ച ചതക്കണ പോലെ ചതച്ചത്.... കണ്ടില്ലെ ഇപ്പോഴും നീറിയിട്ട് വയ്യ.""
അന്നവൾക് വേദനിച്ചതിനേക്കാൾ ഇന്നേറെ നോവുന്നുണ്ടാവും. ഒരിക്കൽ മനസിനേറ്റ മുറിവിൽ മനോനില തെറ്റിയവളെ ഒന്നുകൂടെ താൻ വേദനിപ്പിച്ചിരിക്കുന്നു.
അമ്മയുടെ ആത്മഹത്യാഭീഷണിക് മുന്നിൽ തോറ്റുകൊടുക്കുമായിരുന്നില്ല.........ഒരു വാക്ക് മാധവൻ മാമ പറഞ്ഞിരുന്നേൽ എന്റെ നന്ദുവിനെ എനിക്ക് തന്നെ തന്നേക്കാമെന്ന്.
അവിടെയും തോറ്റുപോയി.
എല്ലാവരും തോൽപ്പിച്ചു എന്ന് പറയുന്നതാവും ശെരി.
ഓർമകളുടെ കുത്തൊഴുക്കിൽ മനസ്സ് ചായുമ്പോൾ അവളുടെ ശബ്ദം ആണ് വാർത്തമാനത്തിലേക്ക് എത്തിച്ചത്.
.
ദേവേട്ടാ.........
ചായ..
വീണ്ടും അതും നീട്ടിപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ സഹതാപത്താലാവം മടിച്ചു മടിച്ചവൻ അത് വാങ്ങി ചുണ്ടോട് ചേർത്തു.
ദേവേട്ടാ.......
എനിക്കൊരു കാര്യം പറയാനുണ്ട്.
അപ്പച്ചി എന്നോട് ദേവേട്ടന്റെ കൂടെ പോകാനാണ് പറയുന്നത്.
പക്ഷെ....... എനിക്കറിയാം ഏട്ടന് എന്നെ അംഗീകരിക്കാൻ സമയം വേണമെന്ന്.
ഒരുമിച്ചൊരിടത്തു ഉണ്ടായത് കൊണ്ട് മാത്രം നമുക്കിടയിലെ അകലം കുറയില്ലല്ലോ. മാത്രമല്ല മനസിൽ ഇപ്പോഴും പഴയതൊക്കെ ഒത്തിരി വീർപ്പുമുട്ടിക്കുന്നുണ്ടാവും എന്ന് അറിയാം.
അതൊക്കെ മാറി വരുന്നവരേം ഞാൻ കാത്തിരുന്നോളാം.
പിന്നെ നമ്മുടെ കല്യാണം നടന്നത് കൊണ്ട് അപ്പച്ചിക്ക് നന്ദുനോട് പഴയ ദേഷ്യമില്ലെങ്കിലും നമ്മൾ രണ്ടാളും ഇല്ലേൽ അതിനെ കുത്തിനോവിക്കാതിരിക്കില്ലെന്ന് പറയാൻ പറ്റില്ലല്ലോ.
ആ പാവത്തിനെ ദ്രോഹിക്കാൻ എന്തായാലും ഞാൻ കൂട്ട് നിൽക്കില്ല.ഞാൻ നോക്കിക്കോളാം അവളെ. ഏട്ടൻ വരുന്ന കാലത്തോളം.
അപ്പച്ചിയെയും ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം.
അവനിലെ മൗനം നിലനിൽക്കേ അവൾ തുടർന്നു.
ഏട്ടന് എന്നോട് ദേഷ്യം തോന്നണുണ്ടാവും.
ഒന്നും തട്ടിപ്പറിക്കാൻ നോക്കിട്ടില്ല ഇന്നുവരെ.
പക്ഷെ സ്നേഹിച്ചിരുന്നു ആത്മാർത്ഥമായി തന്നെ. പക്ഷെ നന്ദുവാണ് ഈ ഉള്ളിലെന്നറിഞ്ഞപ്പോൾ ഒക്കെയും മറക്കാനെ നോക്കിയിട്ടുള്ളു. വീണ്ടും വിധിയായി മുന്നിൽ നീട്ടിയപ്പോൾ തട്ടിത്തെറുപ്പിക്കാൻ കഴിഞ്ഞില്ല ആ ഒരു തെറ്റേ ഞാൻ ചെയ്തോളു.
എന്നെ എന്തു വേണേൽ പറഞ്ഞോ. ഇങ്ങനെ മിണ്ടാതിരിക്കരുത്........ വല്ലാത്ത വീർപ്പുമുട്ടൽ തോന്നുവാ......
ഇടറിയ വാക്കുകൾക്കൊപ്പം
കൺകോണിൽ അടരാൻ വെമ്പി നിന്ന മിഴിതുള്ളിയെ അടക്കി വെച്ചവൾ പുറത്തേക്ക് പായുമ്പോൾ ആരുടെയൊക്കെയോ വാശിയിൽ പൊലിഞ്ഞുപോയ പ്രണയത്തിന്റെ അവശേഷിപ്പുകൾ ഇന്നും മനസിന്റെ ഏതോ കോണിൽ തങ്ങി നിൽക്കുന്നതിനാലാവം ശ്രീയുടെ ഉള്ളവും തേങ്ങുന്നുണ്ടായിരുന്നു.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
എങ്ങിടാ സ്നേഹചേച്ചി??
പുറകിൽ നിന്നും ലെച്ചുന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി.
ലെച്ചുവോ??
അമ്പലത്തിലേക്കാ?????
ഞാൻ നന്ദുനെ അന്വഷിച്ചിറങ്ങിയതാ. അമ്പലത്തിൽ പോണുന്ന് പറഞ്ഞിറങ്ങിയതാ കുട്ടി . ഇതുവരേം കണ്ടില്ല.
ആദ്യമായ പുറത്തേക്കവൾ ഒറ്റക്ക്. ദേവേട്ടൻ വെച്ചേക്കില്ല എന്നെ അവളെ ഒറ്റക്ക് വിട്ടുന്നറിഞ്ഞാൽ. കൊഞ്ചി ചോദിച്ചപ്പോൾ സമ്മദിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പച്ചി എത്തുന്നെന് മുൻപ് അവളേം വിളിച്ചു വീട്ടിലെത്തണം.
ഓരോന്നും പറഞ്ഞു വാചാലയാകുന്ന സ്നേഹയെ ലെച്ചു ഉറ്റുനോക്കി നിന്നുപോയി.
ശ്രീയേട്ടന് ചേച്ചിയോട് സ്നേഹമാണോ???
വിളിക്കാറുണ്ടോ???
ലെച്ചുവിന്റെ ചോദ്യത്തിൽ നിർവികാരതയോടെ അവളൊന്ന് പുഞ്ചിരിച്ചു.
മിണ്ടാറില്ലായിരുന്നു.
പിന്നെ മിണ്ടി തുടങ്ങിയപ്പോൾ ഒക്കെയും നന്ദുനെ കുറിച്ചാ. അവളുണ്ടോ ഉറങ്ങിയോ അങ്ങനെ........
നന്ദുചേച്ചിയോ?????
നന്ദുനും എന്നെ ഇഷ്ടല്ലാരുന്നു. ആദ്യമൊക്കെ കയ്യിൽ കിട്ടണത് വെച്ച് ഉപദ്രവിക്കുമായിരുന്നു. ചെറിയച്ഛൻ അതിനെ നോവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.എല്ലാം ഏറ്റുവാങ്ങാൻ എനിക്കവകാശമുണ്ടല്ലോ. അവളുടെ ജീവിതം തട്ടിപ്പറിച്ചതല്ലേ.
പക്ഷെ ഇപ്പൊ പഴയ പോലെയല്ലാട്ടോ . ദേവേട്ടൻ പോയതിൽ പിന്നെ എനിക്ക് കൂട്ട് അവളാ.
ഞാൻ ചേച്ചിയെ വിഷമിപ്പിച്ചോ??
ഓരോന്നും ചോദിച്ചു???
പെട്ടെന്നു കണ്ടപ്പോൾ അറിയാതെ......
ഏയ് സാരമില്ല. എല്ലാം കുന്നുകൂട്ടി വെക്കുമ്പോഴാടോ ഹൃദയവേദന അത് മറ്റൊരാളിൽ ഇറക്കി വെക്കുമ്പോൾ സമാധാനം തോന്നുന്നുണ്ട്.
പുഞ്ചിരിയുടെ കുപ്പായമണിഞ് നടന്നകലുന്ന സ്നേഹയിലന്നേരം നന്ദുവിനെ കുറിച്ചുള്ള ആധിയായിരുന്നു.
ചുറ്റമ്പലം കടന്ന് കാവിലും അന്വഷിച്ചു. എവിടെയും കാണാതെയായപ്പോൾ നേരിയൊരു പരിഭവം ഉള്ളിൽ ഉടലെടുത്തിരുന്നു.
തേടി നടന്നു കാണാതെ വീട്ടിൽ തിരിച്ചെത്തുമ്പോൾ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
മുറ്റത്തെ തുളസിതറയിൽ പതിവായി തിരി തെളിക്കുന്ന അവളുടെ അസാന്നിധ്യം മനസിലാക്കി എന്നോണം അപ്പച്ചി ഓരോന്നും ചോദിക്കുമ്പോൾ ഉത്തരമില്ലാതെ നിൽക്കുവാനേ സ്നേഹയ്ക്കയുള്ളു.
പടി കടന്ന് വരുന്ന മാധവനെ കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതവൾ അയാൾക്കരികിലേക്ക് പാഞ്ഞു.
ചെറിയച്ച...... നന്ദു ഇതുവരേം എത്തീല്ല. അമ്പലത്തിൽ പോയതാ. ഞാൻ അവിടേം തിരഞ്ഞു കണ്ടില്ല.
പേടിയും പരിഭ്രമവും കലർന്ന സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോഴേക്കും അയാൾ പുറത്തേക്ക് നടന്നു കഴിഞ്ഞിരുന്നു.
പിന്നാലെ പായാൻ ഒരുങ്ങിയവളെ ദേവയാനി പിടിച്ചു നിർത്തുമ്പോൾ നിസ്സഹായമായി അവളവരെ നോക്കി.
അവരുടെ മുഖത്തപ്പോൾ ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സന്തോഷമായിരുന്നു.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
കണ്ണാ കഴിക്കുന്നില്ലേ നീയ്??
വിളമ്പി വെച്ചോളൂ ഇളയമ്മേ.
കുറച്ചൂടി പേപ്പർ നോക്കാനുണ്ട്.
ആദിയുടെ മറുപടിയിൽ തൃപ്തി വന്നില്ലെങ്കിലും കഴിക്കാനുള്ളത് വിളമ്പി വെച്ചവർ മുറിയിലേക് വലിഞ്ഞു.
ക്ലോക്കിൽ സമയം പത്തു കഴിഞ്ഞതും ഒക്കെയും അടുക്കിയെടുത്തുകൊണ്ട് ആദി മുറിയിലേക് നടന്നു.
അലമാരയിൽ ഭദ്രമായി അവ വെച്ച് തിരികെ താഴേക്ക് പോകാനിറങ്ങിയതും ആരുടെയോ അടക്കി പിടിച്ച കരച്ചിൽ ചീളുകൾ കാതിൽ എത്തിനിന്നു. അമ്പരപ്പോടെ മുറിയിലാകമാനം കണ്ണോടിച്ചപ്പോൾ കട്ടിലിന്റെ ഓരത്തോട് ചേർന്ന് നിലത്തു തല കുമ്പിട്ടിരിക്കുന്ന ഒരു രൂപത്തിൽ അവന്റെ കാഴ്ച്ച വന്നു നിന്നു.
(തുടരും )