Aksharathalukal

നിലക്കാത്ത ഒഴുക്ക്

ജീവിതത്തിൽ ഒരു തുടക്കം ഉണ്ടെങ്കിൽ അതുപോലെ തന്നെ അതിന് ഒരു ഒടുക്കവും ഉണ്ട്. പക്ഷെ അത് പലപ്പോഴും കടന്നു വരുന്നത്  അവിചാരിത സന്ദർഭങ്ങളിൽ ആകും എന്ന് മാത്രം. ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ നെഞ്ചോടു ചേർത്ത് പിടിച്ചതെല്ലാം പലപ്പോഴായി നഷ്ട്ടപ്പെട്ടു പോയി . ആ ഒഴുക്കിലൂടെ  തന്നെയായിരുന്നു എന്നിൽ നിന്നും അവളും മണ്മറഞ്ഞു  പോയത്. ഒന്നാലോചിച്ചു നോക്കിയാൽ മനസാക്ഷിയുടെ ചോദ്യങ്ങൾക്ക്  മുന്നിൽ ഒന്നുമുരിയാടാതെ മൗനമായി എന്നും നിന്നു പോകും.

 

എന്നെ ഇത്രമാത്രം  സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ട്പോലും അത് കാണാതെ, പലതവണ  വിളിച്ചാലും തിരിച്ചു വിളിക്കാതെ അവളുടെ ഇഷ്ടം കണ്ടില്ല എന്ന് പലവട്ടം നടിച്ചു. അവകാശപ്പെടാൻ എന്നേക്കാൾ‌ കൂടുതൽ പാരമ്പര്യം അവളുടെ വീട്ടിൽ ഉള്ളത് കൊണ്ടാണോ, അറിയില്ല. അതാവും മനസാക്ഷിക്ക് നൽകാൻ എനിക്കുള്ള ഒരേഒരു മറുപടി.  നല്ലൊരു ജോലികിട്ടാൻ എന്നേക്കാൾ ആഗ്രഹം അവൾക്കായിരുന്നു. അതിനുള്ള കാത്തിരിപ്പ് കല്യാണപ്രായം കഴിയാറായിട്ടും  കുറച്ചു കൂടി അവൾ മനഃപൂർവം തള്ളിനീക്കി. അന്നേരവും എന്റെ ഉള്ളിലെ ക്രൂരമായ അപകർഷത എന്നെ പിടിച്ചു നിർത്തി. അവസാനം കാത്തിരിപ്പിന്റെ ഒടുവിൽ അവളുടെ  കല്യാണവും കഴിഞ്ഞു. അതും ഞാൻ അറിയുന്നത് മാസങ്ങൾ കഴിഞ്ഞ ശേഷം. പുതിയ ഫോൺ നമ്പർ എടുത്തതിൽ പിന്നെ ആരെയും വിളിച്ചിട്ടില്ല.
വല്ലപ്പോഴും വന്നിരുന്ന മെസ്സേജുകളും, ഫോൺ വിളികളും ഇനീ ഒരിക്കലും വരില്ല എന്ന്കൂടി അറിഞ്ഞപ്പോൾ വല്ലാത്ത നഷ്ടബോധം എന്റെ മനസ്സിനെ കാർന്നു തിന്നുതുടങ്ങി. അവൾ മറ്റാരുടെയോ ആയി തീർന്നപ്പോളാണ് ഞാൻ ശരിക്കും അവളെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. പലദിവസങ്ങളും ഒറ്റക്ക് ജോലി സമയം കഴിഞ്ഞിരുന്ന് വെറുതെ ആലോചിച്ചു നോക്കിയപ്പോൾ, ഒന്ന് ശ്രമിച്ചായിരുന്നെങ്കിൽ  എന്റെ കൂടെ,  ഒപ്പമിരുന്നു ചെറിയ ഒരു ജീവിതം സന്തോഷത്തോടെ തള്ളി നീക്കാമായിരുന്നു എന്ന് തോന്നിപ്പോയത്. നഷ്ടപ്പെട്ടു എന്ന ബോധം വന്നുകഴിഞ്ഞാൽ പിന്നെ,  മനസ്സിൽ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടും.
അല്ലെങ്കിലും പഴയ കാലങ്ങൾ എനിക്ക്  തന്നിരുന്ന ആ പച്ചപ്പ് നിറഞ്ഞ ഓർമ്മകൾ, എക്കാലത്തെയും സുന്ദര നിമിഷങ്ങൾ തന്നെ ആയിരുന്നു.


ഇതാണ് ജീവിതം, മനസ്സിൽ നിരാശ നിറഞ്ഞാലും, തളർന്നു വീണാലും,നഷ്ടപ്പെടൽ വന്നാലും  വീണ്ടും പ്രതീക്ഷകളും, മോഹങ്ങളും നിറച്ച് ,  അത് നല്ല സ്പടികം പോലെ മിന്നി തെളക്കികൊണ്ട്‌ നടക്കണം  .കടന്ന് പോകുന്ന കാലങ്ങൾ ഒരു അനുഗ്രഹം എന്നപോലെ , ഓർമകളിൽ നിന്ന് പതിയെ അവളുടെ സാന്നിധ്യം മാച്ച് തന്നു തുടങ്ങി. ജീവിതത്തിന്റെ തിരക്കുകൾ, എല്ലാവരിലും മിക്കപ്പോഴും ചെലുത്തുന്ന സ്വാധീനം അത്ര ചെറുതല്ലല്ലോ അത് തന്നെ വലിയൊരനുഗ്രഹം . പിന്നീട് ഒരു നാൾ അവളുടെ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടി. സ്നേഹസംഭാഷണത്തിൽ അവളുടെ കാര്യങ്ങൾ ഞാൻ അവന്റെ മുന്നിൽ അടർത്തിയിട്ടു.

സുഹൃത്തിന്റെ മുഖത്തു വരുന്ന മാറ്റങ്ങൾ കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ് പറഞ്ഞു. നീ സോഷ്യൽ നെറ്റ്‌വർക്ക് ഒന്നും ഉപയോഗിക്കില്ലല്ലോ, വല്ലപ്പോഴും ഇതൊക്കെ കയറി നോക്കണം. നീ കാര്യം പറയുന്നുണ്ടോ,  എന്ന ആകാംഷയിൽ ഞാൻ അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു. നീ അപ്പൊ  അറിഞ്ഞില്ല അല്ലെ, എടാ അവൾ കഴിഞ്ഞ മാസം ഒരു കാർ ആക്‌സിഡന്റ്ൽ മരിച്ചു. ഒരു തരിപ്പ് തലയിൽ വരുന്നത് പോലെ തോന്നി കേട്ടപ്പോൾ. എന്നെങ്കിലും, എപ്പോളെങ്കിലും കുടുംബം ആയി കാണാം, സംസാരിക്കാം എന്നുള്ള പ്രതീക്ഷയും അതോടെ മനസ്സിൽ നിന്നും മാഞ്ഞുപോയി. അവനുമായി യാത്രപറഞ്ഞശേഷം വീടിന്റെ അടുത്തുള്ള, അവളെ അടക്കം ചെയ്ത പള്ളിയിൽ പോയി, വഴിയരികിൽ ഉള്ള പൂക്കടയിൽ നിന്നും ഒരു പിടി പൂക്കൾ  വാങ്ങി, മരണത്തിന്റെ ക്രൂര മണമുള്ള ചുവന്ന റോസ് ഫ്ലവറുകൾ ,ഇടവിട്ട് ചെറിയ മഴ പെയ്തുകൊണ്ടിരിക്കുന്നു , പക്ഷികൾ എല്ലാം നേരത്തെ തന്നെ കൂടണഞ്ഞോ, ആകെപ്പാടെ ഒരു നിശബ്ദത തളം കെട്ടി നിൽക്കുന്നു. പതിയെ ഒന്ന് തല കുനിഞ്ഞു ,  എന്നിട്ട് നനവുള്ള അവളുടെ കല്ലറയുടെ മുകളിൽ വെച്ചു നോക്കിനിന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ പലതും മനസ്സിൽ നിറഞ്ഞു. സമയം കടന്നു പോകുതോറും,  ചുറ്റുമുള്ള കാഴ്ചകൾ മുഴുവനും കണ്ണിൽ  അവ്യക്തമായി അനുഭവപ്പെട്ടു. മതി നിന്നത്, ഇനി പോകാം എന്നുള്ള മനസ്സിന്റെ തീരുമാനം നയനങ്ങൾ നടപ്പിലാക്കിയത് പോലെ തോന്നി...