ചെറുപ്പകാലത് ആകാശം എന്നും ഒരു അത്ഭുതമായിരുന്നു. പഞ്ഞികെട്ടുകൾ പോലെയുള്ള ഈ മേഘങ്ങൾ എങ്ങിനെ ഇങ്ങനെ ആകാശത്തു ഒഴുകി നടക്കുന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എങ്ങിനെയാണ് ഒരിടത്തും തൊടാതെ നിൽക്കുന്നത്.ഇങ്ങനെയുള്ള നമ്മുടെ സംശയങ്ങൾ എല്ലാം തന്നെ അറിവ് വെയ്ക്കുന്തോറും ദുരീകരിക്കപ്പെടാറുണ്ട്. പക്ഷെ മേഘങ്ങൾക്കിടയിലൂടെയുള്ള യാത്രയെ പറ്റി എത്ര കേട്ടാലും അത് അനുഭവിക്കുമ്പോൾ ഒരു പ്രത്യേക അനുഭവം തന്നെ ആണ്. പ്രകൃതിഭംഗിയെ പറ്റിയൊക്കെ നമ്മൾ എത്ര കേട്ടാലും അതൊന്നും അനുഭവത്തിന്റെ അത്ര വരില്ലല്ലോ ഒന്നും അല്ലേ. ഐസ്‌ക്രീം കണ്ട് വായിൽ വെള്ളമൂറുമെങ്കിലും അത് കഴിക്കുമ്പോൾ കിട്ടുന്ന ഫീൽ അത് വേറെ തന്നെ അല്ലെ.ഇതുപോലെ തന്നെ ആണ് സ്നേഹത്തിന്റെ കാര്യവും. സ്നേഹം എന്നാൽ ഇതാണ് അതാണ് എന്നൊക്കെ ഒത്തിരി പറയാം പക്ഷെ ഇതുവരെയും സ്നേഹം അനുഭവിക്കാത്തവർക് എങ്ങിനെ അത് മനസ്സിലാവും. വാക്കുകൾക്കും ഭാവനകും ഒക്കെ ഒരു പരിധിയുണ്ട്.പക്ഷെ അനുഭവം...അത് തീർത്തും വേറിട്ട ഒരനുഭവം തന്നെ.
ഒരു സംഭവം പറയട്ടെ.
കുറച്ചു വർഷങ്ങൾക്കു മുൻപ് HIV പോസിറ്റീവ് ആയിട്ടുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒരു ട്രസ്റ്റിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഭാഗ്യം കിട്ടിയിരുന്നു. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ അതിൽ ഭാഗം ആയിരുന്നു. കുട്ടികൾക്കു പഠനത്തിന് ആവശ്യമായ ഒരു ചെറിയ സഹായം അവരുടെ പേരിലുള്ള ബാങ്ക് അകൗണ്ടിൽ നിക്ഷേപിക്കുക മാത്രം ആയിരുന്നില്ല അവിടെ ചെയ്തിരുന്നത്.
എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ, എല്ലാവരിൽ നിന്നും അവഗണനയും വെറുപ്പും ഏറ്റുവാങ്ങി ജീവിക്കേണ്ടി വന്ന ഒത്തിരി കുട്ടികൾ ഉണ്ട്.പത്രകോളങ്ങളിൽ സ്ഥാനം പിടിച്ച ഒരു ബെൻസനെയും ബെൻസിയേയും മാത്രമേ നമ്മൾ അറിയുള്ളൂ. പക്ഷെ അങ്ങിനെ എത്രയോ പേർ. അങ്ങിനെയുള്ള കുറച്ചു പേർക്കെങ്കിലും സ്വന്തമാവാൻ സ്നേഹമാകാൻ ആശ്രയമാകാൻ സാധിച്ചു എന്നതു ഒത്തിരി സന്തോഷത്തോടെ സ്മരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്.
അതിൽ ഒരു കുട്ടി എഴുതിയ ഒരു കത്ത് മനസ്സിനെ ഒത്തിരി സ്പര്ശിച്ചിട്ടുണ്ട്.
" എന്റെ പ്രിയപ്പെട്ട ചേട്ടന്മാരെ എന്റെ കൂട്ടുകാരി മായ പറഞ്ഞിട്ടാണ് ഞാൻ നിങ്ങളേ പറ്റി അറിയുന്നത്. എപ്പോഴും
അവൾ പറയാറുണ്ട് അവൾക് സ്നേഹിക്കാനും അവളെ സ്നേഹിക്കാനും ഇപ്പോൾ ആളുണ്ട് എന്നു. അവളുടെ പിറന്നാളിന് സമ്മാനം തരാനും അവളെ വിളിക്കാനും ആളുകൾ ഉണ്ടെന്നു. അതൊക്കെ കേൾക്കുമ്പോൾ അത് ഞാൻ പൂർണ്ണമായിട്ടും വിശ്വസിച്ചിട്ടില്ലായിരുന്നു. എന്നാൽ എന്റെ പിറന്നാളിന് രണ്ടു ദിവസം മുൻപു നിങ്ങൾ ഫോണിൽ വിളിച്ചിട്ട് , പിറന്നാൾ അവിടെ ആഘോഷിക്കാം എന്നു പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.
പുതിയ ഉടുപ്പ് ഒന്നും ഇല്ലായിരുന്നെങ്കിലും ഉള്ളതിൽ നല്ല ഒരു ഉടുപ്പിട്ട് ഒത്തിരി സന്തോഷത്തോടേയും അതിലേറെ ആകാംഷയോടെയും ആണ് ഞാനും അമ്മയും അവിടെ വന്നത്. വരുന്നതിന്റെ തലേദിവസം രാത്രിയിൽ ഇതൊക്കെ ആലോചിച്ചു ഉറക്കം പോലും കിട്ടുന്നുണ്ടായിരുന്നില്ല. പക്ഷെ സ്വപ്നങ്ങളും പ്രതീക്ഷകൾകും ഒരു പരിധിയുണ്ടെന്നും സ്നേഹത്തിന്റെ അനുഭവം അതിനേക്കാൾ ഒക്കെ ഒത്തിരി ഒത്തിരി വലുതാണെന്നും മനസ്സിലാക്കിയത് അന്നാണ്.
ഇതുവരെയും കേട്ടില്ലാത്ത ഒരാളുടെ പേര് ആയിരുന്നു ആ ഭവനത്തിന്. പിന്നീട് അറിഞ്ഞു അത് ക്രിസ്ത്യാനികളുടെ ഒരു പ്രിയപ്പെട്ട പുണ്യആത്മാവ് ആണെന്ന്. ഞാൻ ഹിന്ദു ആയതിനാൽ എനിക് അതൊന്നും അറിയില്ലായിരുന്നു.ആവിടെ എന്നെയും അമ്മയെയും നോക്കി ഒരു ചേട്ടൻ നിൽപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോഴേ നിറഞ്ഞ പുഞ്ചിരിയോടെ ഓടി വന്നു. ആദ്യമായിട്ടാണ് ഞങ്ങളെ അറിയുന്ന, എന്നാൽ കണ്ടിട്ടില്ലാത്ത ഒരാൾ ഞങ്ങളെ നോക്കി ചിരിക്കുന്നത്. ഞങ്ങളുടെ അവസ്ഥ അറിയുന്നവർക് ഞങ്ങൾ എപ്പോഴും ശപിക്കപ്പെട്ട ജന്മങ്ങൾ ആയിരുന്നല്ലോ.
ഞങ്ങൾ അടുത്തു വന്നപ്പോൾ
"അമ്മേ നീതുമോളെ യാത്രയൊക്കെ സുഖയിരുന്നോ, നിങ്ങൾ വന്നതിൽ ഒത്തിരി സന്തോഷം "
എന്നു പറഞ്ഞു അദ്ദേഹം വലതുകൈ സ്വന്തം നെഞ്ചിൽ വച്ചു. അത് എന്തിനാണെന്നു അപ്പോൾ എനിക് മനസ്സില്ല. എങ്കിലും ഇപ്പോൾ അതിന്റെ അർത്ഥം ഞാൻ മനസ്സിലാകുന്നുണ്ട്.
' ഞങ്ങളുടെ സ്ഥാനം ഹൃദയത്തിൽ ആണെന്ന് പറയാതെ പറയുകയായിരുന്നു.'
ഞങ്ങൾക് കുടിക്കാൻ ജ്യൂസ് തന്നു.ഞാൻ ആദ്യമായിട്ടാണ് അത് കുടിക്കുന്നതെന്നു പറഞ്ഞപ്പോൾ ഇനി നമുക്കു എപ്പോഴും കുടിക്കാലോ എന്നു പറഞ്ഞു ആ ചേട്ടായി ചിരിച്ചു. പക്ഷെ ആ കണ്ണിൽ നനവ് എന്തിനായിരുന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല.ഞങ്ങളെ പറ്റിയുള്ള കരുതൽ ആയിരുന്നു അതെന്നു ഇപ്പോൾ അറിയുന്നു.
പിന്നെ ഞങ്ങൾ അവിടെ മുഴുവനും നടന്നു കണ്ടു. പ്രാവുകളും കിളികളും മുയലുകളും പശുക്കളും പന്നികളും മീൻ കുളവും എല്ലാം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ ഓരോ കാഴ്ചകളും എനിക് പുതിയ ഒരനുഭവം ആയിരുന്നു നൽകിയത്. എനികും, മനസ്സു തുറന്നു ചിരിക്കാൻ സാധിക്കുമെന്ന് അന്നാണ് മനസ്സിലായത്. ഒരു ചിരികൊണ്ടു പോലും മനസ്സു നിറക്കാമെന്നു അവിടുത്തെ ചേട്ടയിമാർ എന്നെ പഠിപ്പിച്ചു. ഒത്തിരി ചേട്ടയിമാർ വന്നു ഞങ്ങളോട് സംസാരിച്ചു. കുറച്ചു പേർക്കൊക്കെ എന്റെ പേര് അറിയാമായിരുന്നു. അപ്പോൾ ഫോണ് വിളിക്കുന്ന ചേട്ടായികു മാത്രമല്ല ഇവര്കൊക്കെയും എന്നെ കുറിച്ചു അറിയാമായിരുന്നു എന്നു മനസ്സിലായി.
ഊണിന്റെ സമയം ആയി.ചേട്ടയിമാരും കുറെ അച്ചന്മാരും വന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപ് എല്ലാവരും കൂടെ നന്ദിപറഞ്ഞു പ്രാർത്ഥിക്കുന്നത് കണ്ടു.ഞാൻ ഇനി അങ്ങനെ പ്രാര്ഥിക്കുമെന്നു മനസ്സിൽ കുറിച്ചിട്ടു.
എന്നിട്ടോ... അന്നത്തെ ഏറ്റവും വലിയ സർപ്രൈസ്.... ഞാൻ എന്റെ ബർത്തഡേ കേക്ക് മുറിച്ചു ആഘോഷിക്കാൻ പൊവ്വ.
പൂക്കൾ കൊണ്ടു അലങ്കരിച്ച പ്ളേറ്റിൽ, എന്റെ പേര് എഴുതിയ ഒരു കേക്ക്. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.ഞാൻ ഒളികണ്ണിട്ടു നോക്കുമ്പോൾ ദേ 'അമ്മ സരിതുമ്പു കൊണ്ട് കണ്ണു തുടക്കുന്നു.ശരിയാണ് അമ്മക്കും ഇത് ആദ്യത്തെ അനുഭവം ആണല്ലോ.
ചേട്ടയിമാർ എനിക് വേണ്ടി പിറന്നാൾ ആശംസകൾ പാടി.പ്രാർത്ഥിച്ചു. ഞാൻ 13 വയസ്സിൽ ആദ്യമായിട്ട് പിറന്നാൾ ആഘോഷിക്കുന്ന സന്തോഷം, അതും ഒത്തിരിപെരുടെ നടുവിൽ എന്റെ ഹൃദയത്തിന് ഇത്രയും സന്തോഷം താങ്ങാൻ പറ്റുമോ എന്നുപോലും സംശയിച്ചിരുന്നു. കേക്ക് ഞാൻ മുറിച്ചു, അമ്മയും ആ ചേട്ടയിയും എനിക് കേക്ക് വായിൽ വച്ചു തന്നു.കേക്കിന്റെ മധുരം ആണോ അവരുടെ സ്നേഹത്തിന്റെ മാധുര്യം ആണോ അറിയില്ല , ഇപ്പോഴും ആ രുചി എന്റെ നാവിൻ തുമ്പിലുണ്ട്.
അതിനുശേഷം ആ ചേട്ടായി എന്നെ പറ്റി അവിടെ ഉള്ളോരോട് എല്ലാം പറഞ്ഞു.എന്റെ കവിതകളെ പറ്റി, ഞാൻ വരച്ച ചിത്രങ്ങളെ പറ്റി, എന്റെ കുഞ്ഞു സ്വപ്നങ്ങളെ പറ്റിയൊക്കെ ആവേശത്തോടെ പറഞ്ഞു. എന്റെ കണ്ണുകൾ എന്റെ എല്ലാ ഈഗോയെയും തകർത്തുകൊണ്ട അതിന്റെ പണി നടത്തുന്നുണ്ടായിരുന്നു. പക്ഷെ മുഖം സന്തോഷം കൊണ്ട് ചുവന്നിരുന്നു.
വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് എനിക് സമ്മാനമായി ഞാൻ വരച്ച പടം ഒരു ഫ്രെയിമിലാക്കി എനിക് തന്നു. എന്താണ് പറയേണ്ടത് എന്നു എനിക് അറിയില്ല. എന്റെ കണ്ട്രോൾ വിട്ടുപോയി, ഞാൻ ഉറക്കെ കരയുമോ എന്നുപോലും ഞാൻ പേടിച്ചു പോയി.
അവിടുത്തെ ഒരച്ഛൻ എനിക് വലിയ സമ്മാനം തന്നു. എന്റെയും അമ്മയുടെയും തലയിൽ കൈവച്ചു അനുഗ്രഹിച്ചു. ചേട്ടായി എനികഷ്ടമുള്ള ' ആല്ഫൻ ലീബ'യുടെ ഒരു വലിയ പാക്കറ്റ് എന്റെ കയ്യിൽ തന്നിട് എല്ലാർക്കും കൊടുക്കാൻ പറഞ്ഞു. ഓരോരുത്തരും എനിക് വിഷസ് പറഞ്ഞു.ചിലർ എനിക്, പേന,ചെറിയ സ്റ്റോറി ബുക്, 3D പടം അങ്ങനെ ഒക്കെ തന്നു.
പിന്നീട് അവരോട് കൂടെ ഇരുന്നു ഞാൻ ഭക്ഷണം കഴിച്ചു. അത്രയും കറികൾ ഒക്കെ ആദ്യമായി കാണുന്നുണ്ടാണോ അതോ അവരുടെ സ്നേഹം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നുണ്ടാണോ എന്നറിയില്ല എല്ലാത്തിനും നല്ല ടേസ്റ്റ് ആയിരുന്നു.
ഓരോ ഉരുള ചോറു കഴികുമ്പോഴും എന്റെ അമ്മ കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടു. ചിലപ്പോളൊക്കെ ഞാൻ കഴിക്കുന്ന പാത്രം കാണതെ പോകുന്നത് എന്റെ കണ്ണും നിറയുന്നൊണ്ട് ആണെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു.
ഭക്ഷണത്തിനു ശേഷം ചേട്ടായി പറഞ്ഞു
" നേരത്തെ തന്ന സമ്മാനം തുറന്നു നോക്കി പാകമാണെങ്കിൽ ഇട്ടോണ്ട് വാ നമുക്കു ഫോട്ടോ എടുക്കാം."
ഇവര് ഇന്ന് സർപ്രൈസ് തന്നു എന്നെ കൊല്ലും എന്നു എനിക്കു ഉറപ്പായി. ഞാൻ ഓടിപ്പോയി റൂമിൽ കേറി സമ്മാനം തുറന്നു നോക്കിയപ്പോൾ എനിക്കു ഏറ്റം ഇഷ്ടമുള്ള പിങ്ക് കളറിൽ അതിമനോഹരമായൊരു ഫ്രോക്ക്. ഇട്ടുനോക്കിയപ്പോൾ എന്റെ കറക്റ്റ് അളവും. ഞാൻ അതും ഇട്ട് പുറത്തേക്കു വന്നപ്പോൾ 'അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇതുവരെയും ഒരു പുതിയ ഉടുപ്പ് എനിക് മേടിച്ചു തരാൻ പറ്റാത്തത്തിന്റെ സങ്കടം ആവും. ഞാൻ സുന്ദരി ആയിട്ടുണ്ടെന്നു ചേട്ടയിമാർ പറഞ്ഞു. എനികും തോന്നി.
പിന്നെ കുറെ നേരം പല പോസുകളിൽ ഫോട്ടോ എടുത്തു. അവിടെ കഴിയുന്ന ഓരോ നിമിഷവും എനിക്കു സന്തോഷത്തിന്റെ ഒരു പെര്മഴയായിരുന്നു.
വൈകുന്നേരം കാപ്പിയും ബിസ്ക്കറ്റും കഴിച്ചിട്ട് ഞങ്ങൾ പോരാൻ നേരവും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ ഇപ്പോൾ സന്തോഷം കൊണ്ടല്ല സങ്കടം കൊണ്ടായിരുന്നു. അവരെ പിരിഞ്ഞു പോരാൻ തോന്നുന്നെ ഇല്ലായിരുന്നു.
ആ ചേട്ടായി എന്നെ അരികത്തു വിളിച്ചു ചേർത്തു നിർത്തിയിട്ട് പറഞ്ഞു ,
" മോൾക് എപ്പോൾ വേണേലും ഇങ്ങോട്ട് ഇനി വരാല്ലോ ഇനി ഇത് മോളുടെയും കൂടെ വീടല്ലേ.... ഒരു കാര്യം മാത്രം പറയട്ടെ, ഇനി മോൾക്കും അമ്മക്കും ആരും ഇല്ല എന്നു പറയരുത് കേട്ടോ.ഞങ്ങൾ ഉണ്ട്. നിങ്ങൾക്കു സ്ഥാനം ഞങ്ങളുടെ ഹൃദയത്തിൽ ആണ്."
സങ്കടത്തോടെയും അതിലേറെ സന്തോഷത്തോടെയും അവിടെ. നിന്ന് പോരുമ്പോൾ എന്റെ ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ടായിരുന്നു. ഞാനും അമ്മയും വീടേത്തുന്നവരെയും ഒന്നും മിണ്ടിയില്ല. ഞങ്ങൾ വീട്ടിൽ കയറിയ ഉടനെ ഫോണ് അടിച്ചു.നോക്കാതെ തന്നെ അറിയാമായിരുന്നു അത് ചേട്ടായി ആയിരിക്കുമെന്ന്. വീട്ടിൽ എത്തിയോ എന്നറിയാനുള്ള വിളി ആണ്. രക്തബന്ധങ്ങളെക്കാൾ ഒക്കെ വലുതാണ് ഹൃദയത്തിൽ തട്ടിയ ബന്ധങ്ങൾ, അല്ലെ. ഈ സത്യം ഞാൻ അന്ന് മനസ്സിലാക്കി. മായ പറഞ്ഞു തന്നതിനെക്കാൾ എത്ര അധികം ആയിരുന്നു ഞാൻ അനുഭവിച്ച സ്നേഹം.
ഒത്തിരി നന്ദി ചേട്ടയിമാരെ.....ഒത്തിരി സ്നേഹവും.....".
എന്നു സ്വന്തം അനിയതികുട്ടി
ദേവൂസ്...
ഇന്ന് ലോക ഹൃദയദിനം ആണ്. സ്നേഹം കൊടുക്കാം ഹൃദയങ്ങളെ നിറക്കാം. നഷ്ടപ്പെട്ടുപോയ സ്നേഹത്തെ ഓർത്തു ഇനിയും ജീവിതം കളയാതെ, സ്നേഹത്തിനായി കൊതിക്കുന്ന ഹൃദയങ്ങൾക് ഒരിറ്റ് ആശ്വാസം ആകാൻ സാധിച്ചാൽ അതില്പരം പുണ്യം വേറെ എന്തുണ്ട്. സ്നേഹം എന്നാൽ പ്രണയം മാത്രമല്ല, ഒരപ്പന്റെ ഒരമ്മയുടെ സഹോദരന്റെ സഹോദരിയുടെ സ്നേഹത്തിനായി കൊതിക്കുന്ന ഹൃദയങ്ങൾ ഇന്നും നമ്മുടെ കൂടെയുണ്ട്.അവരെ തിരിച്ചറിയാം സ്നേഹം കൊണ്ട് ഹൃദയങ്ങളെ നിറക്കാം.
✍️ചങ്ങാതീ❣️
29/9/20'