Aksharathalukal

മരീചിക 🌺2

മരീചിക 🌺2

    എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലായതും  കണ്ണുകൾ മെല്ലെ അടഞ്ഞു തുടങ്ങി... അമ്മ... അച്ഛൻ... കുഞ്ഞൻ...ഒരായിരം ചിന്തകൾ ഞൊടിയിടയിൽ മനസിലൂടെ കടന്ന് പോയി... ആ ഒരു നിമിഷം ഡ്രൈവിംഗ് എന്താണെന്നു മറന്നുപോയിരുന്നു...
ഒന്നും ചെയ്യാനാവാതെ കൈകൾ യാന്ത്രികമായി തന്നെ  ഒരു വശത്തേക്ക് പോയി... അതിനൊപ്പം കാറും...

     എന്നാൽ ആ പാളിച്ചയിൽ ടിപ്പറിന് മുന്നിൽ നിന്നും തെന്നി മാറിയ ആ വാഹനം റോഡരികിലെ പഴയ പോസ്റ്റിലേക്കാണ്  ഇടിച്ചു കയറിയത് ...

ചുറ്റും എന്തോ ഇരമ്പുന്ന ശബ്ദം മാത്രം , കണ്ണിലാകെ  ഒരു മൂടൽ പോലെ...ആരൊക്കയോ എന്തോ പറയുന്നത് കാതുകളിൽ അവ്യക്തമായി  മുഴങ്ങുന്നുണ്ട്..

  വീണ്ടും.. വീണ്ടും കാതുകളിൽ ആരുടെയോ ഉറക്കയുള്ള വിളി കേൾക്കുന്നുണ്ട്...

"സാർ... സാർ..."

ആ വിളി കേട്ടാണ്... കണ്ണുകൾ അല്പം ബലമായി തന്നെ തുറന്നു  ബോധത്തിലേക്ക് തിരിച്ചു വന്നത്. ആരോ ഡോർ തുറന്ന മാത്രയിൽ നെറ്റിയിൽ ഒന്ന് തടവികൊണ്ട്  കാറിനു പുറത്തേക്ക് ഇറങ്ങി... തന്നെ ഫോളോ ചെയ്ത കാറിൽ വന്നവർ തന്നെയാണ് സഹായത്തിനായി എത്തിയതെന്ന് ആ പജീറോ കണ്ടപ്പോൾ  മനസിലായിരുന്നു...

     തല സ്റ്റിയറിങ്ങിൽ ശക്തിയായി ഇടിച്ചതിന്റെ ഒരു വേദനയും പകപ്പും മാത്രമേ ഉണ്ടായിരുന്നുള്ളു...

"എന്തെങ്കിലും പറ്റിയോ സാർ? "

അവർ മാറി മാറി ചോദിച്ചിട്ടും കുഴപ്പമില്ല എന്ന് ഒരു വാക്ക് മാത്രം പറയാനാണ് അപ്പോൾ തോന്നിയത്... മനസ്സ് മുഴുവൻ കുഞ്ഞന്റെ അടുത്തായിരുന്നു.. അവന് പറ്റിയ അപകടത്തെ പറ്റിയായിരുന്നു...

   ഹോസ്പിറ്റലിൽ പോകാൻ അവർ നല്ലപോലെ നിർബന്ധിച്ചിട്ടും കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞത് നിഷേധിച്ചു...

      എത്രയും പെട്ടന്നു ഹോസ്പിറ്റലിൽ എത്തിയാൽ മതിയെന്നായിരുന്നു അപ്പോൾ മനസിൽ. അവസാനം വണ്ടി സർവീസിന് വിളിച്ചു പറഞ്ഞ് താക്കോൽ സമീപത്തെ ചായക്കടയിൽ കൊടുത്തിട്ട് വേറെ ഒരു വണ്ടിക്ക് വെയിറ്റ് ചെയ്യുമ്പോൾ എത്തേണ്ടിടത്തു അവര് എത്തിക്കാം എന്നു പറഞ്ഞു.

      അവരുടെയൊക്കെ നിർബന്ധത്തിനു വഴങ്ങി ആ പജീറോയിൽ തന്നെ  കയറി തനിക്ക് എത്തേണ്ട സ്ഥലത്തേക്ക് പോകുമ്പോഴും മനസു ആകെ കലുഷിതമായിരുന്നു... കുഞ്ഞന്റെ അപകടവും തന്റെ കേസ് അന്വഷണവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന ചിന്തയും  ഇവ രണ്ടും ചേർന്ന് തന്റെ മനസിലുണ്ടാക്കിയ പൊരുത്തക്കേടുകളും ആശയക്കുഴപ്പവും ഒക്കെ ചേർന്നൊരു   തരം നിസ്സംഗത ആ യാത്രയിൽ ഉടനീളം മനസിനെ ബാധിച്ചിട്ടുണ്ടായിരുന്നു...

    അത് കൊണ്ട് തന്നെ യാത്ര അവസാനിക്കുവോളം താൻ ആരാണെന്ന  സത്യം   കാറിലുള്ളവരോട് പോലും പറയാൻ തോന്നിയില്ല... അവരുടെ ചില ചോദ്യങ്ങൾക്ക്  ഒന്നോ രണ്ടോ വാക്കിൽ ഉത്തരം ഒതുക്കി മൗനത്തെ കൂട്ടു പിടിച്ചു...

*********************************************

അവസാനം ഹോസ്പിറ്റലിന് മുന്നിൽ കാറിൽ വന്നിറങ്ങുമ്പോൾ താങ്ക്സ്സ് എന്ന് മാത്രം പറഞ്ഞ് തിരിഞ്ഞു പോലും നോക്കാതെ ആടിയുലഞ്ഞ മനസുമായി നേരെ ഉള്ളിലേക്ക് നടന്നു. മനസിന്റെ അത്ര വേഗത ശരീരത്തിന്  ഇല്ലാന്ന് തോന്നിപ്പോയി...

    Icu വിനു മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ കാലുകൾ വേഗത്തിൽ അങ്ങോട്ട് ചലിച്ചു...

   അച്ഛന്റെ അടുത്തായി കസേരയിൽ ചാരി ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ നെഞ്ച് വിങ്ങിപ്പോയി.. ഒരു ദിവസം കൊണ്ട് തന്നെ അമ്മ ഒരുപാട് ക്ഷീണിച്ചു പോയിരിക്കുന്നു...

"അച്ഛാ...."

"കണ്ണാ നീ വന്നോ...."

  അച്ഛന്റെ മുഖത്തു എന്നെ കണ്ടതിന്റെ ആശ്വാസം നിഴലിക്കുന്നത് കണ്ടു...

    അമ്മയുടെ അടുത്ത് പോയി അമ്മയെ നെഞ്ചോട് ചേർക്കുമ്പോൾ ഉറവ വറ്റാത്ത ആ മിഴികൾ എന്നിലും നോവിന്റെ നാമ്പ് വിടർത്തിയിരുന്നു...

"നമ്മടെ കുഞ്ഞന് ഒന്നും പറ്റില്ല... അമ്മ ഇങ്ങനെ കരയല്ലേ..."

"ഡോക്ടർ എന്താ അച്ഛാ പറഞ്ഞത്??
കുഞ്ഞന് എന്താ പറ്റിയത്?? എവിടെ വച്ചാ ആക്‌സിഡന്റ് നടന്നത്...? "

    ഞാൻ ഇത്രയേറെ ചോദിച്ചിട്ടും എന്റെ ചോദ്യങ്ങൾക്കുള്ള അച്ഛന്റെ മൗനം എന്നിൽ സംശയത്തിന്റെ വിത്തുകൾ പാകിയിരുന്നു....

"അച്ഛാ അച്ഛനോടാണ് ഞാൻ ചോദിച്ചത് എന്താ സംഭവിച്ചത്... "

     എന്റെ ശബ്ദം മാറിയത് കണ്ടാവും അച്ഛൻ അമ്മയെ ഒന്ന് നോക്കി... സാരി തലപ്പു വായിൽ തിരുകി കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോൾ കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല...

  അപ്പോഴേക്കും  ഡോക്ടർ ഇറങ്ങി വന്നു.ഞാനും അച്ഛനും ഡോക്ടറിനടുത്തേക്ക് ചെന്നു..

      "പേടിക്കാൻ ഒന്നും ഇല്ല. മുറിവ് ആഴത്തിൽ ഉള്ളതല്ലായിരുന്നു അതുകൊണ്ട് വെയ്ൻ ഒരുപാട് കട്ടായില്ല.. കുറച്ചു ബ്ലഡ്‌ പോയതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ടാകും.."ഡോക്ടർ അത്  പറഞ്ഞപ്പോൾ എന്റെ സംശയം മുറുകി തുടങ്ങിയിരുന്നു..

    ഞങ്ങൾക്കായി അനുവദിച്ച റൂമിൽ അമ്മയെ ആക്കിയിട്ട്  അച്ഛനെയും കൊണ്ട് ക്യാന്റീനിലേക്കു നടന്നു...

"എന്താ അച്ഛാ കുഞ്ഞന് പറ്റിയത്... ഇനിയെങ്കിലും ഒന്ന് പറയു..."

      "കണ്ണാ എനിക്കും അറിയില്ല മോനെ... അവനു എന്താ പറ്റിയതെന്ന്. അവൻ എന്തിനാ അങ്ങനെ ചെയ്തെന്നു... ന്തോ നമ്മുടെ കുഞ്ഞൻ അങ്ങനൊരു ബുദ്ധിമോശം കാണിച്ചു... കൈയിലെ  ഞരമ്പൊന്നു കട്ട് ചെയ്യാൻ ശ്രമിച്ചു... ഞങ്ങൾ കണ്ടതു കൊണ്ട് പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി..."

"പക്ഷെ..എന്തിന്... എന്തിന് വേണ്ടിയാ അവനിതു..? "

"അച്ഛന് അറിയില്ല കണ്ണാ..."

      റൂമിൽ ഇരിക്കുമ്പോഴും മനസ്സ് മുഴുവൻ അവൻ എന്തിനിത് ചെയ്തു എന്നുള്ള ചിന്ത ആയിരുന്നു..

   എന്നോട് പറയാതെ ഒന്നും അവന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല... ഒന്നും അവൻ മറച്ചു വയ്ക്കാറില്ല... ഒരു കുഞ്ഞു കാര്യം ഉണ്ടങ്കിലും എന്നോട് പറയാതെ അവനൊരു സമാധാനം ഉണ്ടാകില്ല.. അവനാണ് ഇന്ന്... ഈ ഒരവസ്ഥയിൽ...

  അവനെന്തിനു ഇത് ചെയ്തു എന്ന് എന്തായാലും ഞാൻ കണ്ടു പിടിക്കും എന്നു മനസിൽ ഉറപ്പിച്ചു...

   പെട്ടന്നാണ് അവന്റെ മൊബൈലിനെ കുറിച്ച് ഓർമ വന്നത്... അതിൽ നിന്ന് എന്തെലും കിട്ടാതിരിക്കില്ല. എന്റെയുള്ളിലെ പോലീസുകാരൻ ഉണർന്നു.

"അച്ഛാ കുഞ്ഞന്റെ മൊബൈൽ എന്തിയെ..."

"അത് വീട്ടിലാണ് കണ്ണാ... അവന്റെ മുറിയിൽ ഉണ്ടാകും... "

    അച്ഛനോട് പറഞ്ഞിട്ട് വീട്ടിലേക്കു പോകുമ്പോൾ അവന് എന്താകും സംഭവിച്ചത് എന്നുള്ള ചിന്തയായിരുന്നു മനസിൽ.

    വീട്ടിൽ എത്തി അവന്റെ മുറിയിൽ കേറി ചുറ്റും പരതുമ്പോൾ എന്തെങ്കിലും അറിയാൻ പറ്റും എന്ന പ്രതീക്ഷ ആയിരുന്നു മനസിൽ.

     മേശയുടെ മുകളിൽ നിന്നും ഫോൺ എടുത്തു ഓൺ ആക്കിയപ്പോൾ അതിന്റെ  സ്ക്രീൻ ലോക്കായിരുന്നു...

   ട്രെയിനിങ്ങിന്റെ ഭാഗമായി സൈബർ സെല്ലിൽ ജോലി ചെയ്തിരുന്നതിന്റെ എക്സ്പീരിയൻസ് വച്ചു കുഞ്ഞന്റെ മൊബൈലിന്റെ ലോക്ക് മാറ്റാൻ സാധിച്ചു..

    കാൾ ലിസ്റ്റും മെസ്സേജസും വാട്സാപ്പ് ഒക്കെ നോക്കിയിട്ടും നിരാശ ആയിരുന്നു ഫലം...

     എന്താണ് പറ്റിയതെന്ന് അറിയാതെ ആകെ ഒരു നിരാശ വന്നു മൂടിയിരുന്നു... പെട്ടന്നാണ് അതിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്..

   ഫേസ്ബുക്കിൽ മെസ്സഞ്ചിറിൽ നിന്നും ഉള്ള നോട്ടിഫിക്കേഷൻ ആയിരുന്നു അത്...

    അതിൽ വന്നു കിടക്കുന്ന മെസ്സേജ് കാണും തോറും ഉള്ളിൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം തെളിയുന്നുണ്ടായിരുന്നു..

    അതിലെ അവസാന മെസ്സേജ് ഇങ്ങനെ ആയിരുന്നു

  " വിഷ്ണു... ഞാൻ ഒരു തമാശയ്ക്ക് ചെയ്തതാണ്... ബാക്കി ഫ്രണ്ട്സിനോട് ബെറ്റ് വച്ചിട്ടു.. വെറുതെ തന്നെ ഒന്ന് കളിപ്പിക്കാൻ.. താനതിൽ ഇത്രയും സീരിയസ് ആകും എന്നു ഞാൻ കരുതിയില്ല... താനെന്നോട് ക്ഷമിക്കടോ....

   തനിക്കതു ഫീൽ ചെയ്തെങ്കിൽ ഞാൻ തന്നോട് മാപ്പ് ചോദിക്കുന്നു "

     ആ മെസ്സേജ്കൾ വായിക്കുംതോറും ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു... വെറും ഫേസ്ബുക്കിൽ നിന്നു കിട്ടിയ ഒരു പ്രണയം അത് സത്യം അല്ലെന്നു അറിഞ്ഞതാണ് കുഞ്ഞൻ ഇങ്ങനെ ചെയ്തതിന് കാരണമെന്ന്  ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.. 

    കുഞ്ഞനോട് ആ നിമിഷത്തിൽ മനസിൽ ദേഷ്യം നുരഞ്ഞു കേറുന്നുണ്ടായിരുന്നു...

   അവന്റെ കൂട്ടുകാർ ആരൊക്കയോ ചേർന്നു പറ്റിച്ചപ്പോൾ... അവൻ ആ പ്രണയത്തിൽ വീണു പോയിരിക്കാം... ആ ചതിയിൽ മനസ്സ് വേദനിച്ചിരിക്കാം. പക്ഷെ അതിനുള്ള പരിഹാരം ആയിരുന്നോ ഈ ആത്മഹത്യ...

   എല്ലാം എന്നോട് പറയുന്ന അവൻ ഇതെന്തിനു എന്നോട് മറച്ചു വച്ചു...

    അത്രയേ ഉണ്ടായിരുന്നുള്ളു അവൻ എന്നു ആലോചിക്കുമ്പോൾ എന്താ വേണ്ടതെന്നറിയാതെ ആകെ പകച്ചു പോയിരുന്നു...

    അച്ഛനോടും അമ്മയോടും കുഞ്ഞൻ ഇതിന്റെ പേരിലാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നു പറയാൻ മനസു വന്നില്ല... അവരുടെ പ്രതീക്ഷയാകും നഷ്ടം ആകുന്നത്.. .. അവരെ പോലും ഓർക്കാതെ ഇത്രയും നിസ്സാരമായ ഒരു കാര്യത്തിന് കുഞ്ഞൻ ഇങ്ങനെ ചെയ്തുന്നു പറഞ്ഞാൽ അവർക്കത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല...

    തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും കുഞ്ഞനെ റൂമിലേക്ക്‌ മാറ്റിയിരുന്നു...

    അവനു ഞങ്ങളെ അഭിമുഖീകരിക്കാൻ എന്തോ പ്രയാസം ഉള്ളത് പോലെ തോന്നി..

   ഞാനും ഇതിനെ കുറിച്ച് ഒന്നും അവനോട് ചോദിക്കാൻ മുതിർന്നില്ല.

   അമ്മയുടെ പരിഭവങ്ങളും കണ്ണീരും പരിധിവിട്ടു പോവാൻ തുടങ്ങിയപ്പോൾ ഒരു ശാസനയോടെ അമ്മയെ പിടിച്ചു നിർത്തി.

*********************************************

രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞനെ ഡിസ്ചാർജ് ചെയ്തു. അച്ഛനോ അമ്മയോ ഞാനോ  അവനോട് ഇതിനെ കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല..

     അവനും ചെയ്തുപോയെ തെറ്റിന്റെ ആഴം മനസിലായി എന്നു തോന്നി... പഴയ കുഞ്ഞനിൽ നിന്നും അവൻ പാടെ മാറിയിരുന്നു...

       വീട്ടിൽ എത്തി കഴിഞ്ഞുള്ള രണ്ടു ദിവസവും അമ്മ അവനെ ചുറ്റി പറ്റി തന്നെയായിരുന്നു... അമ്മയുടെ പരിചരണം കാണുമ്പോ ചിലപ്പോഴൊക്കെ ചിരി വരും... അവനെന്തോ കുഞ്ഞു കുട്ടിയാണെന്ന പോലെ ആയിരുന്നു അമ്മയുടെ പെരുമാറ്റം... അത്രയേറെ അമ്മ പേടിച്ചിട്ടുണ്ട് എന്ന്  അമ്മയുടെ പെരുമാറ്റം വിളിച്ചു പറയുന്നുണ്ടായിരുന്നു.. 

     ഞാൻ അപ്പോഴും എന്റെ കേസിനു പിന്നാലെ തന്നെയായിരുന്നു..

    ഹൈറേഞ്ചിലേക്ക് എനിക്കുള്ള യാത്രയുടെ അന്വേഷണത്തിലായിരുന്നു ഞാൻ...

     അവിടെ ഉള്ള ലോക്കൽ സ്റ്റേഷനുമായി ബന്ധപ്പെട്ട് അങ്ങോട്ടേക്കുള്ള യാത്രയ്ക്കായി  തയ്യാറെടുപ്പുകൾ നടത്തിതുടങ്ങി..

   അപ്പോഴും കുഞ്ഞൻ എന്റെ മനസിൽ ഒരു വേദനയായി തുടർന്നു. അവനെന്നോട് ഒരിക്കൽ പോലും മിണ്ടാനോ മനസ്സ് തുറക്കാനോ ശ്രമിക്കാത്തത് ഓർത്ത് വേദന തോന്നി...

   അല്ലെങ്കിൽ ഞാൻ വന്നാൽ കണ്ണേട്ടാ ന്നു വിളിച്ചു എന്റെ പിന്നാലെന്നു മാറാത്ത ചെക്കൻ ആയിരുന്നു... രാവ് പുലരുവോളം അവനു പറയാൻ വിശേഷം ഉണ്ടാകും... ഓരോ കുഞ്ഞു കാര്യവും ഓർത്തെടുത്തു അവൻ എന്നോട് പറയും...

   ഇതിപ്പോ ഒന്നും മിണ്ടാതെ... ഒരു നോട്ടം പോലും എന്നിലേക്ക്‌ വീഴാതെ അവൻ ശ്രദ്ധിക്കുന്നുണ്ട്...

     രാത്രി അത്താഴം കഴിഞ്ഞു പതിയെ അവന്റെ മുറിയിലേക്ക് നടന്നു...

     കട്ടിലിൽ കിടന്ന് ജനലിലൂടെ പുറത്തേക്കു കണ്ണു പായിച്ചിരിക്കുന്ന അവന്റെ അടുത്തായി ഇരുന്നു...

    എന്റെ വരവറിഞ്ഞിട്ടും.. അവൻ എന്നിൽ നിന്നും മുഖം തിരിച്ചു തന്നെ കിടന്നു...

"കുഞ്ഞാ..... "

എന്റെ വിളികൾക്ക് ഉത്തരമായി അവന്റെ കണ്ണു നിറഞ്ഞു വന്നു...

    
"നാളെ നമുക്കൊരു യാത്ര പോകാം..."

തലയിൽ മൃദുവായി തഴുകികൊണ്ട് പറഞ്ഞതും അവൻ മനസിലാകാത്തത് പോലെ എന്നെ നോക്കി...

"എനിക്ക് ഒരു യാത്രയുടെ ആവശ്യം ഉണ്ട്‌.. നിന്നെ തനിച്ചാക്കാൻ മനസ്സ് വരുന്നില്ല... നിനക്ക് ഇപ്പോ ഒരു മാറ്റം ആവശ്യം ആണ്..

    നമുക്ക് ചുറ്റും ഒന്ന് കണ്ണു തുറന്നു നോക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ നമുക്കൊള്ളു കുഞ്ഞാ... മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ തുടങ്ങിയാൽ നമ്മുടെ വിഷമങ്ങൾ നമുക്ക് ഒന്നും അല്ലാതാകും...

     അതിനു ആദ്യം നമ്മൾ ഈ പ്രകൃതിയെ അറിയണം...കാടറിയണം.. മണ്ണറിയണം... കാടിന്റെ ആഴങ്ങളിൽ ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ കഥ അറിയണം...

    എല്ലാം അറിയാൻ നമ്മൾ നാളെ ഒരു യാത്ര തുടങ്ങി വയ്ക്കുവാണ്..എന്റെ കുഞ്ഞന്റെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കം ആകട്ടെ ഈ യാത്ര..."

*********************************************

രാവിലെ റെഡി ആയി താഴേക്ക് വന്നപ്പോ എന്റെ കൂടെ കുഞ്ഞനെയും കണ്ട് അമ്മയുടെയും അച്ഛന്റെയും കണ്ണ് നിറഞ്ഞു...അവന്റെ വേദന ഏറെക്കുറെ ബാധിച്ചത് അവരെ തന്നെയായിരുന്നു... ഒരുപക്ഷേ കുഞ്ഞന് ഒരു മാറ്റം വേണമെന്ന് അവരും ആഗ്രഹിച്ചിട്ടുണ്ടാകും...

അവനോടൊപ്പം യാത്ര തിരിക്കുമ്പോൾ എവിടേക്കാണെന്നോ എങ്ങനെയാണെന്നോ അവൻ ഒരിക്കൽ പോലും ചോദിച്ചില്ല... സദാ ചിരി നിറഞ്ഞ അവന്റെ മുഖത്തെ തിളക്കമറ്റ മിഴികളും മൗനമായ ചൊടികളും കാൺകെ വേദന തോന്നി...

വൻമരങ്ങളും വെള്ളച്ചാട്ടവും കുഞ്ഞരുവികളും നിറഞ്ഞ വിജനമായ വഴിയിലൂടെ മുന്നോട്ട് പോകവേ പുതിയ പുലരിയുടെ പ്രതീക്ഷ വെട്ടം പോലെ സൂര്യരശ്മികൾ ഇലകൾക്കിടയിലൂടെ ശക്തമായി ഊർന്ന് വന്ന് ഗ്ലാസിൽ തട്ടി മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു... കൂട്ടമായി പോകുന്ന ചെമ്മരിയാടുകൾക്ക് ഇടയിൽ നിന്ന് മാറി നടക്കുന്നതിനെ അവരോടൊപ്പം കൂട്ടുന്ന ഇടയനും, കുഞ്ഞാനക്കുട്ടിയെ ഇടയിൽ നിർത്തി ചേർത്ത് പോകുന്ന കൊമ്പനാനയും പിടിയാനയും, നിരനിരയായ് നീണ്ട് പടർന്നു കിടക്കുന്ന മനോഹരമായ തേയില തോട്ടങ്ങളും അതിനിടയിൽ അങ്ങിങ്ങായി നിൽക്കുന്ന ഓറഞ്ച് മരങ്ങളും, തലയിൽ തോർത്തു കെട്ടി ഷർട്ടും കൈലിയും ഉടുത്തു തേയില നുള്ളുന്ന സ്ത്രീകളും... ശരീരം കോച്ചുന്ന തണുപ്പിലും അതിന്റെ മനോഹാരിത കണ്ണുകൾക്ക് കുളിർമയേകി...

എവിടേക്കെന്നില്ലാതെ കണ്ണ് പായിച്ചിരിക്കുന്ന കുഞ്ഞനായി ഡ്രോയറിൽ നിന്ന് ആ മാഗസിൻ എടുത്ത് നീട്ടിയതും ഇതെന്ത് എന്ന പോലെ അവൻ എന്നെ നോക്കുന്നുണ്ടായിരുന്നു...
****************************************
    മനസിൽ തോന്നിയ ബുദ്ധിമോശതിന്റെ ഫലം ആയിരുന്നു എന്റെ കണ്ണേട്ടനോട് പോലും ഞാൻ മൗനം പാലിച്ചത്... ഈ യാത്രയിൽ പോലും കണ്ണേട്ടനോട് ഒന്നും മിണ്ടാൻ എന്റെ കുറ്റബോധം എന്നെ അനുവദിച്ചില്ല...

    ഞാൻ എന്തിനു ഇത് ചെയ്തു എന്നുപോലും എന്നോട് ഇതുവരെ ഏട്ടൻ ചോദിച്ചിട്ടില്ല. എനിക്കറിയാം എന്റെ മൗനം എത്രത്തോളം ആ മനസിനെ ബാധിക്കുന്നുണ്ട് എന്നു...

   കണ്ണേട്ടന് മുഖം കൊടുക്കാതെ ഇരിക്കാനാണ് പുറത്തേക്കു മിഴി നട്ടിരിക്കുന്നത്... എന്റെ നേർക്കു നീളുന്ന മാഗസിൻ കൈ നീട്ടി വാങ്ങുമ്പോൾ ഇത് എന്തിനാണ് എനിക്ക് എന്നുള്ള ചിന്തയായിരുന്നു...

      അലക്ഷ്യമായി അതിന്റെ താളുകൾ മറിക്കവേ പെട്ടെന്ന് കണ്ണുകൾ ഒരിടത്ത് ഉടക്കി... വലത് ഭാഗത്ത് മുകളിലായി നൽകിയിരിക്കുന്ന കണ്ണേട്ടന്റെ  പേരും ചിത്രവും കണ്ടപ്പോൾ അതിശയത്തോടെ കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കി...

വീണ്ടും ആ ബുക്കിലേക്ക് തന്നെ മിഴിപായിച്ചു. അതിൽ എന്താണെന്ന് അറിയാനുള്ള ആഗ്രഹത്താൽ ഓരോ വരികളിലൂടെയും മിഴികൾ പായിച്ചു... വായിക്കും തോറും എനിക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി...

     തുടരും...


മരീചിക 🌺3(അവസാന ഭാഗം )

മരീചിക 🌺3(അവസാന ഭാഗം )

4.5
10422

മരീചിക 🌺 3       അലക്ഷ്യമായി അതിന്റെ താളുകൾ മറിക്കവേ പെട്ടെന്ന് കണ്ണുകൾ ഒരിടത്ത് ഉടക്കി... വലത് ഭാഗത്ത് മുകളിലായി നൽകിയിരിക്കുന്ന കണ്ണേട്ടന്റെ  പേരും ചിത്രവും കണ്ടപ്പോൾ അതിശയത്തോടെ കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കി... വീണ്ടും ആ ബുക്കിലേക്ക് തന്നെ മിഴിപായിച്ചു. അതിൽ എന്താണെന്ന് അറിയാനുള്ള ആഗ്രഹത്താൽ ഓരോ വരികളിലൂടെയും മിഴികൾ പായിച്ചു... വായിക്കും തോറും എനിക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി... ***************************************       " പ്രണയം  പലർക്കും പലതാണ്... ചിലർക്കത് വെറുമൊരു തമാശയെങ്കിൽ ചിലർക്കത്  ജീവിതമാണ്... ജീവിതത്തിലെ സുഗന്ധം ആണ്... കാപട്യങ്ങള