Aksharathalukal

മരീചിക 🌺3(അവസാന ഭാഗം )

മരീചിക 🌺 3

      അലക്ഷ്യമായി അതിന്റെ താളുകൾ മറിക്കവേ പെട്ടെന്ന് കണ്ണുകൾ ഒരിടത്ത് ഉടക്കി... വലത് ഭാഗത്ത് മുകളിലായി നൽകിയിരിക്കുന്ന കണ്ണേട്ടന്റെ  പേരും ചിത്രവും കണ്ടപ്പോൾ അതിശയത്തോടെ കണ്ണേട്ടന്റെ മുഖത്തേക്ക് നോക്കി...

വീണ്ടും ആ ബുക്കിലേക്ക് തന്നെ മിഴിപായിച്ചു. അതിൽ എന്താണെന്ന് അറിയാനുള്ള ആഗ്രഹത്താൽ ഓരോ വരികളിലൂടെയും മിഴികൾ പായിച്ചു... വായിക്കും തോറും എനിക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി...

***************************************

      " പ്രണയം  പലർക്കും പലതാണ്... ചിലർക്കത് വെറുമൊരു തമാശയെങ്കിൽ ചിലർക്കത്  ജീവിതമാണ്... ജീവിതത്തിലെ സുഗന്ധം ആണ്... കാപട്യങ്ങളില്ലാത്ത മനസ്സ് തുറന്നുള്ള പ്രണയം... എല്ലാവർക്കും എപ്പോഴും അതങ്ങനെ ആവണം എന്നില്ല...

"അവന്റെ പ്രണയം അവളോടായിരുന്നു... പ്രണയത്തിന്റെ നൂലിഴകൾ കോർത്തു  നെയ്തെടുത്ത അവന്റെ സ്വപ്നത്തിൽ... അവന്റെ മൗനം പോലും അവളോടുള്ള സ്നേഹത്തിന്റെ കഥ പറയുന്നുണ്ട്... പ്രണയം പലപ്പോഴും മാസ്മരികമാണ്.. അറിയും തോറും അഴങ്ങളിലേക്ക് ഇറങ്ങി പലരും മരണത്തെ പോലും കൂട്ടു പിടിക്കുന്ന അത്രയും മന്ത്രികതയുടെ പുറംച്ചട്ടയുള്ള മാസ്മരിക ലോകം....

     ഒരു പുസ്തകത്താളിൽ ഒതുക്കപ്പെടാൻ കഴിയാത്ത വിധം അവനിന്നെന്റെ മനസിനെ കീഴടക്കിയിരിക്കുന്നു... നിഷ്കളങ്കമായ അവന്റെ നോട്ടം... അവന്റെ വരികൾ അവ എന്നിലേക്ക്‌ അഴിന്നിറങ്ങിയിരിക്കുന്നു...

   കേസ് അന്വഷണങ്ങളുടെ ഇടയ്ക്ക് കിട്ടുന്ന ഇതുപോലുള്ള അനുഭവങ്ങൾ എന്റെ തൂലികയിൽ അക്ഷരങ്ങളായി വിരിയാറുണ്ട്... പക്ഷെ ഇന്നുവരെ എഴുതിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി അവന്റെ അക്ഷരങ്ങൾ എന്നിൽ വിങ്ങലുതിർത്തിരുന്നു... ആ  അക്ഷരങ്ങൾ ആണ് എന്നെ അവനിലേക്ക്‌ അടുപ്പിച്ചത്... അവന്റെ തന്നെ വാക്കുകളിലൂടെ നമുക്ക് സഞ്ചരിക്കാം... എനിക്കുറപ്പുണ്ട് അവ നിങ്ങളെ അവനിലേക്ക്‌ അടുപ്പിക്കും...

       "നിന്നെ ചേർത്തു പിടിക്കുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു ഹീരാ... നീ എന്നിലേക്ക്‌ വന്ന നാളുകൾ ആണ് എന്റെ അനാഥത്വത്തിൽ നിന്നും ഞാൻ പുറത്തേക്കു കടന്നത്...

   നീ എന്നിൽ പ്രണയത്തിന്റെ വസന്തം തീർത്തിരുന്നു... നിന്റെ കണ്ണുകളിൽ എനിക്കായി വാത്സല്യത്തിന്റെയും, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഭാവം വിരിഞ്ഞിരുന്നു...

    കരിമഷിയിട്ടു നീട്ടി വരച്ച നിന്റെ വിടർന്ന  കണ്ണുകളിൽ ആയിരം കഥകൾ നീ ഒളിപ്പിച്ചിരുന്നു... ചുവന്നു തുടുത്ത നിന്റെ കവിളുകളും, ചെന്തൊണ്ടി പഴം പോലുള്ള നിന്റെ ചുണ്ടുകളും എന്നിൽ പ്രണയം വിരിച്ചിരുന്നു...

  പക്ഷെ അവയ്ക്കുപരി നിന്റെ അക്ഷരങ്ങളോടായിരുന്നു എന്റെ പ്രണയം...

    ഞാൻ നിന്റെ വരികളിലൂടെ പലപ്പോഴും ശ്വാസം കിട്ടാതെ കുരുങ്ങി കിടന്നിരുന്നു...

     നിന്റെ തൂലിക ചലിക്കുന്നത് എനിക്ക് വേണ്ടി ആയിരുന്നോ ഹീരാ...
നീ എന്നിലേക്ക്‌ ആഴ്ന്നിറങ്ങിയ നിമിഷം തന്നെ എന്നിലെ അനാഥത്വത്തിന്റെ പതനം തുടങ്ങിയിരുന്നു...

    നിന്റെ പ്രണയം അക്ഷരങ്ങളായി എന്നിലേക്ക്‌ ഇറങ്ങിയ നാളുകളിൽ .. തമ്മിൽ കാണാതെ തന്നെ പ്രണയിച്ച നാളുകളിൽ... ഒക്കെയും ശാസനകളായും സ്നേഹമായും നിന്റെ പ്രണയം എന്നിലേക്ക്‌ എത്തിയിരുന്നു...

    ഇടയ്ക്കുള്ള ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ആണ് ഹീരാ നീയില്ലായ്മയിൽ ഞാൻ എത്ര ശൂന്യാനാണെന്ന തിരിച്ചറിവ് എന്നിൽ ഉണ്ടാക്കിയത്...

നിനക്കായി ഞാൻ ഇന്നെഴുതുമ്പോൾ   നമ്മുടെ മകളും എന്റെ ഒപ്പം ഉണ്ട് ഹീരാ.. അമ്മയ്ക്കുവേണ്ടി അച്ഛൻ എഴുതുന്ന പ്രണയത്തിന്റെ മധുരം കലർന്ന വാക്കുകൾ എന്താണെന്നറിയില്ലെങ്കിൽ പോലും അവളുടെ ഇളംചുണ്ടിലും ഒരു പുഞ്ചിരി വിരിയുന്നുണ്ടാകും അല്ലേ ഹീരാ...

    നീ ഇല്ലായ്മയിൽ ഞാൻ നല്ലൊരു അച്ഛനാണ്... നമ്മൾ കോർത്തെടുത്ത നമ്മുടെ ജീവിതത്തിലെ  സ്വപ്നങ്ങളുടെ മഴവിൽ ചരടുകൾ മങ്ങുന്നുണ്ടോ.... നിന്നെ കാണാതാകുന്ന ഓരോ നിമിഷവും നെഞ്ച് പിടയ്ക്കുന്നുണ്ട്...

      നമ്മുടെ മകൾ കരയുന്നത് നീ കേൾക്കുന്നില്ലേ... നീ ഇല്ലായ്മയിൽ ഞാൻ എങ്ങനെയാണ് അവളെ ഊട്ടുക... അവളെ ഒന്ന് ഉറക്കുക... നിന്നിലെ താരാട്ടു പാട്ടിന്റെ ഈരടികൾ ഇല്ലാതെ അവളെങ്ങനെയാണ് സ്വപ്നങ്ങളുടെ മാന്ത്രിക ലോകത്തെത്തുക..

നീ  എന്നിൽ വല്ലാതെ ശൂന്യത സൃഷ്ടിക്കുന്നു ഹീരാ... നിന്നിൽ അലിയാൻ കൊതിച്ച എന്റെ തന്ത്രികളിലെ ഇഴ പൊട്ടിയിരിക്കുന്നു... അവയിൽ അപശ്രുതി കേൾക്കാൻ തുടങ്ങിയിരിക്കുന്നു..

    ഞാൻ അശക്തനാകുന്നു... വിശപ്പ് എന്നിൽ കെട്ടടങ്ങിയിരിക്കുന്നു... ദാഹം തോന്നാത്തവിധം തൊണ്ടയിൽ നിന്നും വാക്കുകൾ വറ്റി വരണ്ടിരിക്കുന്നു...
   
      നമ്മുടെ മോളെയും ചേർത്തു പിടിച്ചു കണ്ണുകൾ മയക്കങ്ങളെ തേടി തുടങ്ങിയിരിക്കുന്നു... എന്നിലെ അവസാന അക്ഷരവും പൊഴിയും വരെയും ഞാൻ എഴുതികൊണ്ടിരിക്കും ഹീരാ... നിനക്ക് വേണ്ടി എന്നിൽ നിന്നും അക്ഷരങ്ങൾ ഉതിർന്നു കൊണ്ടിരിക്കും...

   എന്റെ കൈകൾ കുഴഞ്ഞു എന്നിലെ ദേഹി ദേഹംവിട്ടു പോകും വരെയും നിനക്കായി എന്റെ വിരലുകൾ ചലിക്കും ഹീരാ...

    എന്റെ ഹൃദയം അവൾക്കുവേണ്ടി തുടിച്ചുകൊണ്ടിരുന്നു...
അവൾ എന്നിലേക്ക്‌ വരുന്നതും കാത്ത് എന്റെ കണ്ണുകളും...
നെഞ്ചോട് ചേർത്തു കൊണ്ട് അവളോടുള്ള പ്രണയം മൊഴിയുവാൻ വാക്കുകൾ എന്നിൽ തുടിച്ചിരുന്നു...
എന്റെ പ്രണയം അവൾക്കായി പകർന്നു നൽകാൻ, അവളിലേക്ക്‌ അലിഞ്ഞു ചേരാൻ ഞാനും...

   പക്ഷെ അവൾ എന്നെ വിട്ടകന്നിരിക്കുന്നു... ഈ മായികലോകത്തു എന്നെ തനിച്ചാക്കി  ഒരിക്കലും മടക്കമില്ലാത്തവിധം അവൾ അകന്നിരിക്കുന്നു...

  സത്യവും മിഥ്യയും തിരിച്ചറിയാത്ത വിധം... ഞാൻ അസ്വസ്ത്ഥനായിരിക്കുന്നു...

    ഇരുണ്ട ആകാശവും ഇരുണ്ട ഭൂമിയും എന്നിൽ പൂർണമായും ഇരുട്ടിനെ ആവാഹിക്കുന്ന നാൾ ഞാൻ മരണത്തിനു കീഴടങ്ങിയിരിക്കും...

    നിന്നോടൊപ്പം ഉള്ള അപൂർണമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടു തന്നെ എന്റെ കണ്ണുകൾ അടഞ്ഞിരിക്കും... ഇനിയും ഒരു മടക്കമില്ലാത്തവിധം നിന്നിൽ നിന്നും ഞാൻ അകന്നിരിക്കും... പക്ഷെ അപ്പോഴും എനിക്ക് നിന്നോട് പ്രണയം ആണ് ഹീരാ... ഒരിക്കലും വറ്റാത്ത ഒരു ഉറവ പോലെ അത്രമേൽ ആഴത്തിൽ ഹൃദയത്തിന്റെ ഉള്ളറകളിൽ പതിഞ്ഞു കിടക്കുന്ന കളങ്കമില്ലാത്ത പ്രണയം...

*****************************************

അവന്റെ ഡയറിത്താളുകളിലെ അക്ഷരങ്ങൾ അവസാനിക്കുന്നിടം അവന്റെ ജീവന്റെ അവസാനം ആയിരുന്നു..

     ഞങ്ങൾ അവിടെ എത്തുമ്പോൾ അവന്റെ ശരീരത്തിൽ നിന്നും ദേഹി വിട്ടകന്നിട്ടു നാളുകൾ ഏറെ ആയിരുന്നു... അവൻ തന്റെ മകളെന്ന് വിശ്വസിച്ചു ശരീരത്തോടെ ചേർത്തു പിടിച്ചിരുന്ന ആ പാവക്കുട്ടിയെ അടർത്തി മാറ്റുമ്പോൾ അയാളുടെ വിരൽ അടർന്ന് വീഴാൻ തുടങ്ങിയിരുന്നു... അത്രമേൽ കരുതൽ ഉണ്ടായിരുന്നു അച്ഛന് ആ മകളോട്... അതിനെ ഒരുവിധത്തിൽ എടുത്തു മാറ്റിയപ്പോൾ എന്തുകൊണ്ടോ അവിടെ നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു...

    രഞ്ജൻ ഞങ്ങൾക്ക് എല്ലാം ഒരു നോവായി മാറി... സ്വയം സൃഷ്‌ടിച്ച പ്രണയത്തിന്റെ മായികാലോകത്ത് കുടുംബ ജീവിതം നയിച്ചവൻ... അക്ഷരങ്ങളിലൂടെ അവനെ സ്നേഹിച്ചവളെയും  സ്നേഹത്താൽ അവർക്കിടയിൽ ജനിച്ച കുഞ്ഞിനേയും താലോലിച്ചു സ്വപ്നങ്ങളുടെ പറുദീസ ഏറിയവൻ...

     അവനെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഇറങ്ങുമ്പോൾ അവളെ കുറിച്ചും അറിയുകയായിരുന്നു...

   നിഹാരിക... അതായിരുന്നു അവളുടെ പേര്..അവന്റെ മാത്രം ഹീരാ... പല ഫേസ്ബുക്ക് പ്രണയം പോലെ നിസാരമായ ഒന്നായിരുന്നില്ല അവരുടെ പ്രണയം... അനാഥനായി വളർന്ന അവനിലേക്ക്‌ വന്നു ചേർന്നവൾ ആയിരുന്നു അവൾ... അവളുടെ അക്ഷരങ്ങളായിരുന്നു അവന്റെ ഹൃദയം... അക്ഷരങ്ങളിലൂടെ പ്രണയിച്ചവർ...

    ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടവർ... ഒരു കുടുംബത്തെ പോലെ ജീവിച്ച് ഒരു മകളെയും അവൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളെ വരെ സ്വപ്നം കണ്ടു ആ സ്വപ്നങ്ങളിൽ ജീവിച്ചവരായിരുന്നു അവർ...

    എവിടെയോ താളപ്പിഴകൾ സംഭവിച്ചു... അവളുടെ അക്ഷരങ്ങൾ എന്നോ  പാതിവഴിയിൽ കൊഴിഞ്ഞു പോയിരുന്നു... അന്വേഷണങ്ങളുടെ ഇടവഴികളിൽ ഒന്നും അവനവളെ കണ്ടെത്താനായില്ല...
   
ഏറെ കാത്തിരിപ്പിനൊടുവിൽ അവളുടെ ഓർമകളിൽ താളം തെറ്റിയ ഹൃദയവുമായ്  ദിവസങ്ങളോളം ആഹാരവും വെള്ളവും ഇല്ലാതെ... പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ മരണത്തിന് കീഴടങ്ങുമ്പോൾ രഞ്ജൻ ഒരു നോവായി മാറിയിരുന്നു... പ്രണയത്തിന്റെ ബാലിശമായ ചിന്താഗതിയുടെ നോവ്...

   ഇനിയും രഞ്ജൻമാരുണ്ടാകാം... വിരൽ തുമ്പിലെ അക്ഷരങ്ങളിൽ പ്രണയംപൂവിട്ടേക്കാം... പക്ഷെ സ്വന്തം ജീവനെ മറന്നു നിങ്ങൾ പ്രണയത്തിൽ വീഴാതിരിക്കുക...
ഒരു നോവോടെ രഞ്ജന് ഞാൻ വിട നൽകുകയാണ് അവന്റെ പ്രണയം അക്ഷരങ്ങളിലൂടെ ഇനിയും ജീവിക്കട്ടെ...

*********************************************

      ആ മാഗസിനിലെ അവസാന വരിയും വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ നോവ് കാർന്നു തിന്നുന്നുണ്ടായിരുന്നു...

    ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു... മനസിന്റെ വെറും ചാപല്യം കൊണ്ടായിരുന്നില്ലേ... അപ്പോൾ രഞ്ജൻ അനുഭവിച്ച നോവ് എന്താവും...

  
     രഞ്ജന്റെ ഹീര ആരാണ്... അവൾക്കെന്താ സംഭവിച്ചത്... ഇത്രയേറെ പരസ്പരം പ്രണയിച്ചിട്ടും... എന്തേ അവൾക്കു രഞ്ജന്റെ അടുത്തെത്താൻ കഴിഞ്ഞില്ല...

    ഹീരയെ കുറിച്ചറിയാതെ ഇനിയും പറ്റില്ല എന്നു തോന്നിയ നിമിഷത്തിൽ... കണ്ണേട്ടനോട് ചോദിക്കാൻ തീരുമാനിച്ചു..

   അതുവരെ ഞാൻ കണ്ണേട്ടനോട് മിണ്ടാതിരുന്നത് ഒക്കെ ആ നിമിഷം ഞാൻ മറന്നു പോയിരുന്നു...

"കണ്ണേട്ടാ... "

       കുഞ്ഞന്റെ വിളി കെട്ടു പെട്ടന്ന് ഒരു ഞെട്ടൽ ആയിരുന്നു... ദിവസങ്ങൾക്കു ശേഷം അവന്റെ ഉള്ളിൽ നിന്നും ഒരു വിളി... സന്തോഷത്താൽ കണ്ണ്
നിറഞ്ഞു പോയി...

    വണ്ടി സൈഡിയിലായി നിർത്തി.... അവന്റെ മുഖത്തേക്ക് നോക്കി..

   ആകാംഷ മുറ്റിയ അവന്റെ കണ്ണുകൾ ആയിരുന്നു കണ്ടത്....

"എന്താ കുഞ്ഞാ... "

"ഏട്ടാ... ഹീരക്ക് എന്തു പറ്റി.... അവൾ രഞ്ജനെ ചതിച്ചതാണോ.... കണ്ണേട്ടൻ അന്വഷിച്ചില്ലേ ഹീരയെ പറ്റി... "

   അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി പിന്നെ കണ്ണുകൾ പുറം കാഴ്ചയിലേക്ക് പായിച്ചു...

" ഹീര...
 
   രഞ്ജന്റെ ഡയറി വായിച്ചപ്പോൾ അവനു അവളോടുള്ള പ്രണയം കണ്ടപ്പോൾ. ഹീരയോട് ദേഷ്യം ആയിരുന്നു മനസിൽ....

    രഞ്ജന്റെ മരണം ഒരിക്കലും ഒരു ആത്മഹത്യ ആയിരുന്നില്ല... മാനസിക നില തെറ്റി ഭക്ഷണവും വെള്ളവും ഇല്ലാതെ അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു പാവക്കുട്ടിയെയും ചേർത്തു പിടിച്ചു ഒരേ ഇരുപ്പിൽ ഇരുന്നു കൊണ്ടൊരു മരണം...

   അവന്റെ കൈയിൽ നിന്നും ആ പാവ കുട്ടിയെ വിടുവിക്കാൻ ഞങ്ങളന്നു എന്ത് മാത്രം ബുദ്ധിമുട്ടി... അത്രയേറെ ആ പാവ അവനോട് ചേർത്തു പിടിച്ചിരുന്നു...

   ആ ഫയൽ ഞങ്ങൾ സ്വാഭാവിക മരണമായി ക്ലോസ് ചെയ്തു. പക്ഷെ ഹീരയെ കുറിച്ച് അറിയാതെ എനിക്കാകില്ലായിരുന്നു...

  എന്തുകൊണ്ടോ രഞ്ജൻ അത്രയേറെ എന്റെ മനസിൽ പതിഞ്ഞിരുന്നു... ഒരു തരത്തിൽ നിന്റെ സ്ഥാനത്തു ആയിരുന്നു കുഞ്ഞാ രഞ്ജൻ ഉണ്ടായിരുന്നത്..."

     കണ്ണേട്ടൻ മൗനത്തെ കൂട്ടുപിടിച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

   എന്റെ മനസിലും അപ്പോൾ രഞ്ജൻ ആയിരുന്നു... ഇതുപോലെ ഒരു ഏട്ടൻ ചേർത്തു പിടിക്കാൻ ഉണ്ടായിരുന്നങ്കിൽ അവനും ജീവിതത്തിലേക്കു മടങ്ങിയേനെ..

   ഞാൻ ചെയ്തത് എത്ര വല്യ തെറ്റാണെന്നു ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത്... എല്ലാവരും ഉണ്ടായിട്ടും ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു...

   ആരും ഇല്ലാതിരുന്നിട്ടും രഞ്ജൻ ഓർമകളിൽ ജീവിക്കാൻ ശ്രമിച്ചു...

     ഒരു ചെറിയ വീടിന്റെ മുന്നിൽ ഉള്ള ഇടവഴിയിൽ  എത്തിയപ്പോളാണ് ഓർമകളിൽ നിന്നും ഉണർന്നത്...

     വണ്ടി നിർത്തിയിട്ടു ഏട്ടൻ അതിൽ നിന്നും പുറത്തേക്കു ഇറങ്ങിയിരുന്നു...

     സംശയത്തിൽ ചുറ്റും നോക്കുന്ന എന്നെ കണ്ടാവും ഏട്ടൻ വന്നു എന്റെ സൈഡിലെ ഡോർ തുറന്നു..

    ഇറങ്ങി വാ...

  ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി...

ആ ഇടവഴിയിലൂടെ ആ വീട്ടിലേക്കുള്ള കയറ്റം കേറുമ്പോൾ കാപ്പി പൂക്കളുടെ വാസന മൂക്കിൽ അടിക്കുന്നുണ്ടായിരുന്നു...

കൂട്ടമായ് നിൽക്കുന്ന കാപ്പി ചെടികളുടെ നടുവിലുള്ള ആ കുഞ്ഞ് വീട് ആരുടേതാണെന്ന ചിന്തയിൽ അങ്ങോട്ടേക്ക് നോക്കുമ്പോൾ അഴിഞ്ഞുലഞ്ഞ മുടിയുമായി ഉമ്മറത്തു നിന്ന് പുറത്തേക്ക് ഓടി വരുന്നവളെയാണ് കണ്ടത്...  മുടി പാതി മുഖം മറച്ചെങ്കിലും കാറിനടുത്തേക്ക് വന്ന് അടഞ്ഞു കിടക്കുന്ന ഗ്ലാസ്‌ ഡോറിൽ  ശക്തമായി ഇടിച്ചു കൊണ്ട് രഞ്ജൻ എന്ന് അലറി വിളിക്കുന്നവളുടെ കണ്ണിൽ നിറഞ്ഞു നിന്നത് പ്രതീക്ഷയുടെ തിരിവെട്ടമായിരുന്നു...

കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയേ എന്നെയും ഏട്ടനേയും കണ്ട് ഇനിയും ആരോ ഇറങ്ങാനുണ്ടെന്ന പോലെ എത്തി നോക്കിയവൾ അതിനകം ശൂന്യമാണെന്ന് കണ്ട് കൊച്ച് കുഞ്ഞിനെ പോലെ കൈകൾ തിരുപ്പിടിച്ചു ചുണ്ട് കൂർപ്പിച്ചു പിണക്കത്തോടെ പറയുന്നുണ്ടാരുന്നു...

"പറ്റിച്ചല്ലേ...വീണ്ടും പറ്റിച്ചു ന്നെ..."കൂടില്ല.. ഞാൻ... പോ... ഇനി വരട്ടെ എന്നെ വിളിച്ചോണ്ട്... കൊഞ്ചിച്ചോണ്ട്.. മിണ്ടില്ല ഞാൻ...എന്റെ മോളെയും കൂടെ കൊണ്ടോയില്ലേ.... ഒളിച്ചിരിക്കുവാ... എന്നെ പറ്റിക്കാൻ...

ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി നിറഞ്ഞ കണ്ണുകൾ തുടച്ചു പിണക്കമാണെന്ന പോലെ നിഷേധത്തിൽ തലയാട്ടി തിട്ടയിൽ ഇരുന്ന് മുടിയിൽ കൈ കുരുക്കി എന്തൊക്കെയോ പറയുന്നവളെ നോക്കി നിൽക്കെ അകത്തു നിന്ന് ഒരു തോർത്ത് കൊണ്ട് വിയർപ്പ് തുടച്ചു ക്ഷീണത്തോടെ ഒരു മധ്യവയസ്‌കൻ വന്നു...

ഏട്ടനെ കണ്ട് സ്നേഹത്തോടെ അടുത്തേക്ക് വന്നു ആ കൈകൾ കൂട്ടി പിടിച്ചു...

"സാറായിരുന്നോ... ഞാൻ ഓർത്തു ആര് ഇങ്ങോട്ട് വരാൻ ആണെന്ന്..."

സ്നേഹവും നന്ദിയും നിറഞ്ഞ ആ മനുഷ്യന്റെ പുഞ്ചിരി നന്മ നിറഞ്ഞതായിരുന്നു... കുറച്ച് നേരത്തെ സംസാരത്തിനൊടുവിൽ അവിടെ നിന്ന് ഇറങ്ങാൻ നേരം കുറച്ച് പൈസ ഏട്ടൻ അയാളുടെ കയ്യിൽ ഏൽപ്പിക്കുന്നത് കണ്ടു... നിറഞ്ഞ കണ്ണുമായി നിഷേധിച്ചിട്ടും സ്നേഹത്തോടെ ഒരു നോട്ടം കൊണ്ട് ശാസനയേകി ഇനിയും വരുമെന്ന പോലെ അയാളെ നോക്കി പുറത്തേക്ക് നടന്നപ്പോഴും തിട്ടയിലിരുന്നു രഞ്ജൻ എന്ന നാമം ഉരുവിട്ടിരിക്കുന്നവളിൽ ആയിരുന്നു എന്റെ കണ്ണുകൾ...

കാറിൽ ഇരിക്കുമ്പോഴും ആ മുഖം... അവളുടെ വാക്കുകൾ... ചെയ്തികൾ... ഓരോന്നായി മനസ്സിൽ നിറഞ്ഞു നിന്നു... എന്തിനെന്നു അറിയാത്ത ഒരു വേദന ഹൃദയത്തെ കുത്തിനോവിക്കുന്നുണ്ടായിരുന്നു...

കൊടും താഴ്ചയിലെ കൊക്കയ്ക്ക് മുന്നിൽ ഏട്ടൻ കാർ നിർത്തുമ്പോൾ. അതിൽ നിന്നും ഇറങ്ങി കാറിൽ  ചാരി താഴേക്ക് നോക്കി നിന്നപ്പോഴേക്കും ഏട്ടൻ അടുത്ത് വന്നു നിന്നു...

"ഏട്ടാ...അത്...അത്...
അത് അവളല്ലേ...?

"മ്മ്...അതെ കുഞ്ഞാ.. അവളാണ് രഞ്ജന്റെ ഹീരാ... അവൾ പാവമായിരുന്നു കുഞ്ഞാ... ഒരുപക്ഷെ പരസ്പരം ഇത്രമേൽ ആഴത്തിൽ പ്രണയിച്ചവർ വിരളമായിരിക്കും... "

"പിന്നെ എന്തിനാ ഏട്ടാ അവൾ രഞ്ജനെ വിട്ട് പോയത്..."

"സാഹചര്യം... അല്ലങ്കിൽ.. വിധി... അവൾക്കു ചെറിയ ഒരു ആക്‌സിഡന്റ് സംഭവിച്ചു. അതിൽ അവളുടെ ഫോൺ നഷ്ടപ്പെട്ടിരുന്നു...
അന്നന്നുള്ള വരുമാനത്തിൽ കഴിഞ്ഞു പോവുന്ന അവർക്ക്  പുതിയത് വാങ്ങുക എന്നത് വിദൂര സ്വപനം മാത്രമായിരുന്നു.

   അവളുടെ കാലുകൾക്കു ചെറിയ ഫ്രാക്ചർ സംഭവിച്ചത് കൊണ്ട് പെട്ടന്നു രഞ്ജനെ അന്വഷിച്ചു പോകാൻ അവൾക്കു സാധിച്ചില്ല...

    സുഖമുള്ള വേദനയിൽ കാത്തിരുന്നവൾ അവനായി ഓടി വന്നപ്പോഴേക്കും ചിന്തകളുടെ വേലിക്കെട്ടിൽ അവൻ കത്തിയെരിഞ്ഞിരുന്നു... അവള് നഷ്ടമായി എന്ന ധാരണയിൽ അവന്റെ ജീവൻ നഷ്ടമായിരുന്നു..
  
    അവൾക്കൊരിക്കലും അത് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. വിശ്വസിക്കാനാവാത്ത ആ സത്യം ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചപ്പോൾ  അവൾ രഞ്ജനെ  മാത്രം ഓർമിക്കുന്ന ഹീരയായി മാറികഴിഞ്ഞിരുന്നു...        
     ആരെയും അറിയാനാവാത്ത വിധം വികാരങ്ങൾ ഒന്നും അറിയാത്ത തരത്തിൽ  അവൾ മാറിപ്പോയി... അവരുടെ  ലോകത്തു മാത്രം ഒതുങ്ങിപ്പോയി അവൾ... ഇന്ന് അവളും ഒരു യാത്രയിലാണ് കുഞ്ഞാ... കാത്തിരിപ്പിന്റെ തീവ്രതയിൽ വെന്തുരുകി അവനിലേക്ക് മാത്രമുള്ള വഴി തേടുന്ന മനസ്സുമായി ഒരു യാത്ര..."

ഏട്ടന്റെ വാക്കുകൾ ഹൃദയത്തെ ചുട്ട് പൊള്ളിക്കാൻ തുടങ്ങിയിരുന്നു... ക്രൂരമായ വിധിയുടെ പൈശാചികമായ മുഖത്തെ വിണ്ട് കീറിയ പാടുകൾ ആരുടെയൊക്കെയോ ജീവിതമാണെന്ന് തോന്നി... അത്രമേൽ സ്നേഹിച്ച സ്നേഹിക്കപ്പെടാൻ ആഗ്രഹിച്ച രണ്ട് പേരുടെ സ്വപ്‌നങ്ങൾ കാർന്ന് തിന്ന വിധിയോട് എനിക്ക് അതിയായ ദേഷ്യം തോന്നിപ്പോയി...

ഏറെ നേരത്തെ മൗനത്തിനു ശേഷം ചേർത്ത് പിടിച്ച ഏട്ടന്റെ കൈകൾ നിറഞ്ഞു തുളുമ്പാൻ നിന്ന കണ്ണുകൾ തുടച്ചിരുന്നു...

"ഇനിയും നീ വിഷമിക്കരുത് കുഞ്ഞാ... നിനക്ക് ഇനിയും അറിയാൻ ഒത്തിരി ഉണ്ട്... നിന്റെ ജീവിതം തുടങ്ങിയിട്ടേ ഉള്ളു... നിനക്കായി എവിടെയോ ഒരു മാലാഖകൊച്ച് കാത്തിരിപ്പുണ്ട്... വേദനയുടെ അവസാനം ഒരിക്കലും ആത്‍മഹത്യ അല്ല. അത് നിനക്കിപ്പോ മനസിലായിട്ടുണ്ടാവും ...

     നീ പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ല് കുഞ്ഞാ... അവിടെ നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും കാണാനും അറിയാനും കേൾക്കാനും ഒത്തിരി പേരുണ്ട്... നീ ഇനിയും ഒരുപാട് പഠിക്കാനുണ്ട്... ഇവിടെ നിന്നാണ് നീ തുടങ്ങേണ്ടത്... ചേർത്ത് പിടിക്കാൻ എന്റെ കൈകൾ ഉണ്ടാകും എന്നല്ലാതെ ഇനി നീ പറന്നുയരേണ്ടത് തനിയെ ആണ്... എന്റെ പഴേ കുഞ്ഞന്റെ വരവിനായി ഞാനും അമ്മയും അച്ഛനും അവിടെ കാത്തിരിപ്പുണ്ട്..."

ഏറെ സന്തോഷത്തോടെ സ്നേഹത്തോടെ തലയാട്ടുന്ന കുഞ്ഞന്റെ മുഖം കാണുമ്പോൾ ആശ്വാസം തോന്നി... മുസാഫിർ എത്തിയെന്ന വാർത്ത കേൾക്കെ വേട്ട തുടങ്ങാനുള്ള സമയമായെന്ന ചിന്തയിൽ കുഞ്ഞനെ അവന്റെ യാത്രയിൽ തനിയെ വിട്ടു  തിരിഞ്ഞു നടക്കുമ്പോഴേക്കും അവൻ ജീവിത സത്യങ്ങൾ ഉൾക്കൊള്ളും എന്ന വിശ്വാസം എന്റെ മനസിന്‌ ഉണ്ടായിരുന്നു...

അങ്ങകലെ ഓടിയെത്തുന്ന നിലാവെളിച്ചത്തിൽ ഇഴഞ്ഞു നീങ്ങുന്ന പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങൾക്ക് ഇടയിൽ നിന്ന് ചിരിക്കുന്ന ഒരു നക്ഷത്രം... അതിന് രഞ്ജന്റെ മുഖം ആണെന്ന് തോന്നി... ഒരു കുഞ്ഞ് ഓടിട്ട വീടിന്റെ ഉമ്മറത്തു പരിഭവം പറഞ്ഞിരിക്കുന്നവളിൽ പ്രണയം നിറച്ച മിഴികളുമായി അവൾക്ക് വേണ്ടി കാത്തുനിൽക്കുന്നവൻ... പ്രണയം എന്തെന്ന് അറിഞ്ഞവൻ... ആ നിലാ വെളിച്ചത്തിൽ അവരും പ്രണയിക്കട്ടെ അനശ്വരമായി....

*****************************************

   ഈ കഥ ഇവിടെ അവസാനിക്കുന്നു എല്ലാവരുടെയും സ്നേഹത്തിനു ഒരുപാട് നന്ദി... നിസാര കാര്യങ്ങൾക്കു വരെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന പുതിയ തലമുറയ്ക്ക് വേണ്ടിയാണിത്... പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴേ അത് ജീവിതം ആവുകയുള്ളു... നമുക്ക് വരുന്ന പ്രശ്നങ്ങൾ ഒന്നുമല്ലെന്നു മനസിലാക്കാൻ നമുക്ക് ചുറ്റും ഒന്ന് കണ്ണു തുറന്നു നോക്കിയാൽ മതി... ഇനിയും പ്രണയത്തിന്റെ പേരിൽ ആരുടെയും ജീവൻ പൊലിയാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു....