Aksharathalukal

തോരാത്ത മിഴികൾ

തോരാത്ത മിഴികൾ
******************
 
"ചിറ്റമ്മ, റിപ്പോർട്ട് എന്തായാലും ദൈവം അനുവദിച്ചിട്ടാണ് എനിക് ഈ കുഞ്ഞിനെ കിട്ടിയത്. അതൊണ്ട കുഞ്ഞിന്റെ കാര്യം ദൈവം നോക്കിക്കൊള്ളും. ഇപ്പോൾ വേറെ വല്ലോ തീരുമാനം എടുത്താൽ അതോർത്ത് ഞാൻ ജീവിത കാലം മുഴുവൻ ഉരുകേണ്ടി വരും..... മാത്രവുമല്ല എന്റെ കുഞ്ഞിനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു."....
 
ഇത്രയും പറഞ്ഞിട്ട് മനിത ഫോണ് വച്ചു. രണ്ടു ദിവസമായി താൻ വിളിക്കാതെ വരുന്ന തന്റെ കൂടെയുള്ള അതിഥി അപ്പോഴേക്കും കവിളും താണ്ടി താഴേക്കു ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. കണ്ണുനീരുകൊണ്ടു തന്നെ മുഖവും തുടച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അറിയാതെ കൈ വയറിലേക്കു പോയി. വാവ ഉള്ളിലുണ്ടെന്നു അറിഞ്ഞ നിമിഷം തൊട്ട് എന്തൊരു സന്തോഷം ആയിരുന്നു. പപ്പയാകാൻ റെഡി ആയിക്കോ എന്നു ജോണിനെ വിളിച്ചു പറഞ്ഞപ്പോൾ അലറികൂവികൊണ്ടാണ് ആ സന്തോഷ വാർത്ത അവൻ സ്വീകരിച്ചത്.
 
സിനിമയിൽ ഒക്കെ കാണുന്ന പോലെ വീട്ടിൽ എത്തി സർപ്രൈസ് ആയിട്ട് പറയണം എന്നൊക്കെയുണ്ടായിരുന്നു. പക്ഷേ ആ ഒരു എക്സൈട്മെന്റിൽ എന്താ ചെയ്യേണ്ടതെന്ന് അറിഞ്ഞു കൂടയിരുന്നു. മാത്രമല്ല കല്യാണം കഴിഞ്ഞ നാൾ മുതൽ തന്റെ എല്ലാ സന്തോഷങ്ങളും ആദ്യം പറയുന്നത് ജോണിനോട് തന്നെയാണ്. ഹീ ഇസ് മൈ സ്വീറ്റ് ഹബ്ബി.....അന്ന് രാത്രി ഞങ്ങൾ രണ്ടും ഉറങ്ങിയില്ല. ബാൽകണിയിലെ സെറ്റിയിൽ അവൻ എന്റെ മടിയിൽ കിടന്നു എത്ര തവണയാണോ വയറിൽ ഉമ്മ വെച്ചത്.
 
അന്നു തന്നെ കുഞ്ഞിന്റെ പേരു കണ്ടു പിടിച്ചു. മോൻ ആണേൽ കെവിൻ, മോൾ ആണേൽ എൽന....പിന്നെ ഞങ്ങൾ അവന്റെ മാമ്മോദീസയും ആദ്യം സ്‌കൂളിൽ പോകുന്നതും പിന്നെ കുഞ്ഞിന്റെ കളിയും കുസൃതിയും അങ്ങിനെ എല്ലാം ഒരുമിച്ചു സ്വപ്നം കണ്ടു. കല്യാണം വരെ എത്തിയപ്പോഴേക്കും ഏകദേശം നേരം വെളുത്തു... പിന്നെ അങ്ങിനെ തന്നെ ഇരുന്നു ഒന്നു മയങ്ങി....
ഓസ്ട്രിയയിലെ ആ തണുത്തുറഞ്ഞ പ്രഭാതത്തിലും ഉള്ളിൽ തുടിക്കാൻ തുടങ്ങിയ ആ കുഞ്ഞുജീവനെ കുറിച്ചുള്ള ചിന്തയിൽ ശരീരം മുഴുവൻ ചൂടായിരുന്നു. തങ്ങൾ പപ്പയും മമ്മയും ആകാൻ പോകുന്നു എന്നറിയുമ്പോൾ ഉണ്ടകുന്ന സന്തോഷതിനു ഒരു പ്രത്യേക ഫീൽ തന്നെയാണ്.
ഫോണ് വിളിച്ചപ്പോൾ ചിറ്റമ്മയാണ്‌ പറഞ്ഞത് ഇനി എന്നും രാവിലെയും ഉണരുമ്പോഴും രാത്രി കിടക്കാൻ പോകുമ്പോഴും വയറിൽ കുരിശു വരയ്ക്കണമെന്നു. ഞങ്ങൾ രണ്ടുപേരും കുരിശും വരച്ചു കൂട്ടത്തിൽ ഒരുമ്മയും കൊടുക്കാമെന്നു തീരുമാനിച്ചു. എനിക് പറ്റാത്തത് കൊണ്ട് എന്റെ ഉമ്മ കൂടെ ജോണ് വച്ചോളാമെന്നു പറഞ്ഞു... ഓ ഇനി ഇപ്പൊ എനിക്കുള്ളത് കൂടെ കുഞ്ഞിനായിരിക്കുമല്ലോ എന്നു പറഞ്ഞു പരിഭവം കാട്ടിയതും അതിനു എനിക് കവിളത്തോര് കടി തന്നതും .....എന്തു രസമായിരുന്നല്ലേ....അതൊക്കെ...അന്ന് തൊട്ട് ഇന്നുവരെയും കുരിശുവരയും ഉമ്മയും ഞങ്ങൾ മുടങ്ങിയിട്ടില്ല..
 
മൂന്നാം മാസത്തെ സ്കാനിങ് പോയപ്പോൾ ജോണിന്റെ ഒരു ടെൻഷൻ കാണണമായിരുന്നു. ഞാൻ പ്രസവിക്കാൻ പോയ പോലെ ആയിരുന്നു. അപ്പൊ ഡോക്ടർ ചോദിച്ചു സ്കാനിംഗിന് ഇങ്ങനെ ടെൻഷൻ അടിച്ചാൽ ഡെലിവേറിക്ക് എന്തായിരിക്കും അവസ്ഥയെന്നു. അതും പറഞ്ഞു ഞാൻ ജോണിനെ ഒത്തിരി കളിയാക്കി....പാവം എന്തൊരു കെയറിങ് ആണ്. ഐ ആം സോ ലക്കി.....
 
പകൽ സമയം ഡ്യുട്ടിയിൽ ഇരിക്കുമ്പോൾ ഒഴിവു കിട്ടിയാൽ അപ്പൊ വിളിക്കും. ഹോസ്പിറ്റലിലെ തിരക്ക് കാരണം എങ്ങാനും എടുത്തില്ലേൽ അവിടെ ടെൻഷൻ അടിച്ചു തുടങ്ങും. വിളിച്ചിട്ട് പത്തു മിനിറ്റ് കഴിഞ്ഞിട്ടും ഞാൻ തിരിച്ചു വിളിച്ചില്ലേൽ ഉടനെ ഹോസ്പിറ്റലിലേക്കു വിളിക്കും.. പിന്നെ സ്റ്റാഫിന്റെ വക കളിയാക്കൽ ഞാൻ കേൾക്കണം...പാവം എന്തു ചെയ്യാനാ അത്രക്ക് കാര്യമാ എന്നെ.
 
ഞങ്ങളുടെ ഈ സന്തോഷത്തിനെല്ലാം  രണ്ടുദിവസം മുൻപേ വരെ ആയുസ്സുള്ളയിരുന്നു. അഞ്ചാം മാസത്തെ സ്‌കാനിങ്ങിന് പോയിട്ട് റിസൾട്ട് ഡോക്ടർ അന്ന് തന്നില്ല. വൈകുന്നേരം അണ് എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. ഞാൻ ചെല്ലുമ്പോൾ ജോണും അവിടെ ഉണ്ടായിരുന്നു. ജോണിനെ അവടെ കണ്ടപ്പോൾ ഞാൻ അത്ഭുതപെട്ടെങ്കിലും റിസൾട്ട് അറിയാനുള്ള ആകാംക്ഷ കാരണം വന്നതാവുമെന്നു കരുതി. പക്ഷേ ഡോക്ടറുടെ മുഖം കണ്ടപ്പോൾ എന്തോ ഒരു പന്തികേട് മണത്തു.
 
ഞങ്ങളെ ഡോക്ടർക്കു വളരെ കാര്യമായിരുന്നു. ആളൊരു തമിഴൻ ആയിരുന്നു. പലപ്പോഴും ഫാമിലി ഗാതെറിങ്ങിനു ഞങ്ങൾ ഒരുമിച്ചു കൂടാറും ഉണ്ടായിരുന്നു. സംസാരപ്രിയനായിരുന്ന ഡോക്ടര് അന്ന് വാക്കുകൾ കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടിയത് പോലെ എനിക് തോന്നി. ജോണ് ഒന്നും മിണ്ടാതെ തലകുമ്പിട്ടു ഇരിക്കുന്നത് കണ്ടു. ആ ഇരിപ്പ് അത്ര പന്തിയല്ല. ഇതിനു മുൻപ് ജോണിനെ അങ്ങിനെ കണ്ടത് കൂട്ടുകാരന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ആണ്. അന്നും ഇങ്ങനെ കുറെ നേരം ഇരുന്നു. പിന്നെ എന്നെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു. ഹോ അന്ന് കരചിലടക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.
 
ഡോക്ടർ പറയാൻ തുടങ്ങി...
"മനിത, you are one of the mature and most sensible girl that I have ever seen. അതുകൊണ്ട് ശാന്തമായി ഞാൻ പറയുന്നത് കേൾക്കുക. ഇത്തവണത്തെ സ്കാനിങ് റിപ്പോർട് അത്ര ശുഭകരമല്ല. കുഞ്ഞിനു വളർച്ച കുറവുണ്ട്. കാലും കൈയ്യും ഒക്കെ വളവുണ്ട്. ഞാൻ ഒരു further അഭിപ്രായത്തിനു വേണ്ടി എന്റെ സീനിയർ ഡോക്ടർസിനോട് കൺസൾട്ട് ചെയ്തു . അവരും അത്ര പോസിറ്റീവ് ആയിട്ടല്ല പറഞ്ഞത്. fully healthy ആയ ഒരു കുഞ്ഞിനെ നമുക്ക് കിട്ടില്ല. ഒന്നില്ലെങ്കിൽ കുട്ടി dwarf ആകാനോ അല്ലേൽ perennial  handicap ആകാനും സാധ്യതയുണ്ട്. ഇനി ഇതൊന്നും ഇല്ലാതെ കിട്ടിയാൽ പോലും അധികം നാൾ ആയുസ്സുണ്ടാകണാമെന്നും ഇല്ല."
ഒന്നു നിർത്തി അവളുടെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.
 
"Our opinion is better to avoid this child. But everything is upto you."
 
താൻ ഈ കേൾക്കുന്നത് തന്റെ കുഞ്ഞിനെ പറ്റിയാണോ എന്ന ഒരു  ഭാവത്തിൽ ആയിരുന്നു അവൾ. ഒരു നിമിഷം ഹൃദയം നിന്നു പോകുന്നപോലെ അവൾക് അനുഭവപ്പെട്ടു.കാലിന്റെ അടിയിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് വരുന്നപോലെ, എയർകണ്ടീഷൻഡ് കാലാവസ്ഥയിലും താൻ വിയർക്കാൻ തുടങ്ങിയത് അവൾ അറിഞ്ഞു. പെട്ടെന്ന് ഒന്നും പറയാതെ അവിടെ നിന്നു എഴുന്നേറ്റു പുറത്തേക്ക് ഓടി. ഡോക്ടർ പറയുന്നത് ഒരിക്കൽ കൂടി കേൾക്കാൻ സാധിക്കാതെ ജോണ് മുറിയിൽ നിന്നും നേരത്തെ പോയിരുന്നു.
 
ഡോക്ടറുടെ റൂമിൽ നിന്നും ഓടിയിറങ്ങിയ തന്റെ അടുത്തേക്ക് ജോണ് വരുന്നത് മാത്രമേ മനിതക്കു ഓർമ്മയുള്ളൂ. അതുവരെ പിടിച്ചു നിർത്തിയ കണ്ണീർ പുറത്തേക്ക് ഒഴുക്കി കൊണ്ട് അവൾ ഓടി ചെന്നു അവന്റെ മാറിൽ വീണു. പരിസരബോധം മറന്നു അവിടെ നിന്നു കരഞ്ഞ ഞങ്ങളെ ആരോ ചേർത്തു പിടിച്ചു താഴോട്ട് കൊണ്ടുപോയി. ഹോസ്പിറ്റലിലെ ഹെഡ് നേഴ്‌സ് കാതറിൻ മേഡം ആയിരുന്നു അത്. എല്ലാവരെയും മക്കളെ പോലെ സ്നേഹിച്ചിരുന്ന മേഡം ഞങ്ങൾ രണ്ടുപേരെയും ചേർത്തു കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. 
 
ഒന്നു ശാന്തമായെങ്കിലും തിരിച്ചു കാറോടിക്കാനുള്ള ശക്തി ഞങ്ങൾക്ക് രണ്ടുപേർക്കും ഇല്ലായിരുന്നു. പിന്നെ കാതറിൻ മേഡത്തിന്റെ ഹസ്ബന്റ് വർഗീസ് അങ്കിൾ ആണ് ഞങ്ങളെ ഡ്രോപ്പ് ചെയ്തത്. അന്നും ഞങ്ങളുടെ ഫേവറയിറ്റ് സ്ഥലമായ ബാൽക്കണിയിൽ ഇരുന്നു. അന്നത്തെ പോലെ ഇന്നും ജോണ് എന്റെ മടിയിൽ കിടന്നു. ഞങ്ങൾ രണ്ടും ഒന്നും സംസാരിച്ചില്ല. ജോണിന്റെ കണ്ണീരുകൊണ്ടു എന്റെ ഡ്രസ് നനയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.  പക്ഷേ രണ്ടുപേരുടെയും ഹൃദയം ഒന്നുപോലെ ആയിരുന്നു മിടിച്ചിരുന്നത്. 
 
രാവിലെ ഡോർ ബെൽ അടിക്കുന്നത് കേട്ടാണ് ഞങ്ങൾ കണ്ണു തുറന്നത്. കരഞ്ഞു തളർന്നു കണ്ണീർ വറ്റിയപ്പോൾ എപ്പോഴോ കണ്ണടഞ്ഞു പോയത് അറിഞ്ഞില്ല. വർഗീസ് അങ്കിൾ ആയിരുന്നു. ഞങ്ങൾക്കുള്ള ഫുഡുമായി വന്നതാണ്. ഇന്നലെ വൈകിട്ട് ഞങ്ങൾ ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നു മേഴ്സ്യന്റിക്ക് അറിയാമായിരുന്നു. 
"മോള് ഇന്ന് ലീവ് എടുത്തോളൂ ആന്റി ഉച്ചക്ക് ഇങ്ങോട്ട് വരും "
എന്ന് പറഞ്ഞിട്ട് അങ്കിൾ പോയി.
 
ഫോണ് എടുത്തു നോക്കുമ്പോൾ കുറെ മിസ്കോളുകൾ ഉണ്ടായിരുന്നു. അമ്മയുടെയും ചിറ്റമ്മയുടെയും. ചിറ്റമ്മ പത്തു തവണ വിളിച്ചിട്ടുണ്ട്. എന്തോ പണ്ട് മുതലേ എന്റെ വിഷമങ്ങൾ പെട്ടെന്ന് തന്നെ ചിറ്റമ്മ മനസ്സിലാക്കാറുണ്ടായിരുന്നു. ചിറ്റമ്മക്കു എല്ലാരോടും സ്നേഹം ആണ്. ഒത്തിരി പ്രാർത്ഥിക്കുന്ന എന്നാൽ വളരെ സെൻസിബിളും എഡ്യുക്കേറ്റഡും ആയ ചിറ്റമ്മ എപ്പോഴും എന്റെ favourite ആയിരുന്നു.
 
മുഖമൊക്കെ കഴുകി വന്നിട്ട് ആദ്യം തന്നെ ചിറ്റമ്മക്കു ഒരു വോയിസ് മെസ്സേജിട്ടു. സ്കാനിങ് റിപ്പോർട്ടും അയച്ചു കൊടുത്തു. അമ്മയോട് പിന്നെ സാവധാനത്തിൽ പറയാമെന്നും പറഞ്ഞു. ജോണ് രാവിലെ തന്നെ ജോലിക് പോകാൻ തയ്യാറായി. ബ്രെയ് ക്ക് ഫാസ്റ്റ് കഴിച്ചപ്പോഴും ഞങ്ങൾ ഒന്നും മിണ്ടിയില്ല. ജോലിക്ക് എന്നു പറഞ്ഞു ഇറങ്ങിയെങ്കിലും എനിക്കറിയാമായിരുന്നു അവൻ ഇന്ന് പോകില്ലെന്ന്. ഇടക് പോയി ഇരിക്കാറുള്ള ആ ഹിൽ വ്യൂ വിലേക്കായിരിക്കും പോക്ക്. അതൊരു പതിവ് അണ് ഒത്തിരി വിഷമം വരുമ്പോഴോ സ്ട്രെസ് ഉണ്ടെങ്കിലോ തനിയെ അവിടെ പോയിരിക്കും. ഞാൻ ലേയ്ക്കിലും.
 
അറ്റേഴ്സി ലെയ്ക്കിൽ കുറെ നേരം മുങ്ങികിടന്നു.  കരയുടെ ഒരു ഭാഗം ലേയ്ക്കിലേക്ക് ചെരിഞ്ഞു കിടക്കുന്ന  laying spot ആണ് എന്റെ സ്റ്റിരം സ്ഥലം. അവിടെ  തലയും കഴുത്തും കരയിലും ബാക്കി വെള്ളത്തിലും ആയിട്ട് എത്ര നേരം വേണമെങ്കിലും കിടക്കാം. വെള്ളതിനടിയിലൂടെ ഞാൻ അപ്പോഴും വയറിൽ തടവുന്നുണ്ടായിരുന്നു.  പാവം എന്റെ കുഞ്ഞു ഇവനറിയുന്നുണ്ടോ ആവോ ഇതൊക്കെ. അറിയുന്നുണ്ടാവും കാരണം അവൻ എന്റെ തന്നെ ഒരു ഭാഗമല്ലേ.....
 
ഇപ്പോൾ അവന്റെ ഹൃദയം മിടിച്ചു തുടങ്ങിയിട്ടുണ്ടാവും. തലയിലും ദേഹത്തും ചെറിയ രോമങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടാവും അല്ലെ......
 
 അവൾ,  പുസ്തകത്തിൽ നിന്നും പഠിച്ചതും ഡോക്ടർസ് പറഞ്ഞു അറിഞ്ഞതുമായ കാര്യങ്ങൾ ഒന്നോർത്തെടുത്തു. 
 
അവന്റെ ഹൃദയം മിടിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ ഒരു പക്ഷെ അവനറിഞ്ഞിരിക്കില്ലേ, ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ............. ആ ഒരു ചിന്ത അവളിൽ ഒരു നടുക്കം ഉണ്ടാക്കി.
 
വെള്ളത്തിലേക്ക് കുറച്ചു കൂടി ഒന്നു ഇറങ്ങി ഒരല്പനേരം കൂടി മുങ്ങി കിടന്നിട്ട് അവൾ എഴുന്നേറ്റ് തിരിച്ചു വീട്ടിലേക്കു പോയി. അപ്പോഴേക്കും ജോണും തിരിച്ചെത്തിയിരുന്നു. ജോണ് വന്നു അവളുടെ അടുത്തിരുന്നു. 
" കുക്കൂ, നമ്മൾ എന്താ ചെയ്യണ്ടേ? (തന്നെ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്ന പേര് ആണ് കുക്കൂ എന്നു)
 
" ഇചായ, നമുക്കു ഈ കുഞ്ഞിനെ ദൈവം തന്നതല്ലേ. ദൈവമറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും നടന്നിട്ടില്ല. ഇതിനു പുറകിലും ദൈവത്തിനു ഒരു പദ്ധതി ഉണ്ടാവും."
 
" അതേ, ചിറ്റമ്മയും വിളിച്ചു ഇതു തന്നെയാണ് പറഞ്ഞത്. പക്ഷേ, ചിറ്റപ്പൻ മറ്റൊരു കാര്യം കൂടി പറഞ്ഞു. നമ്മുടെ കുഞ്ഞു വലുതാവുമ്പോൾ  അവന്റെ ഈ അവസ്‌ഥക്കു നമ്മളാണ് കാരണമെന്നും നമ്മൾ അവനോട്  അനീതി  ചെയ്തതെന്നും മറ്റും അവനു തോന്നുമോ.? ഞാൻ ഇങ്ങനെ ആകും എന്നറിഞ്ഞിരുന്നെങ്കിൽ എന്നെ അന്നേ കൊന്നു കളയാമായിരുന്നില്ലേ എന്നു ചോദിച്ചാൽ..... എന്തു പറയും നമ്മൾ." 
 
അവൾ ജോണിന്റെ കയ്യെടുത് തന്റെ വയറിൽ വച്ചിട്ട് ചോദിച്ചു.
 
" ഇച്ഛായൻ പറ നമുക്ക് നമ്മുടെ കുഞ്ഞിനെ കൊല്ലാൻ പറ്റുമോ?. ....പറയ് ഇച്ഛായ...." 
 
അവൻ ഒന്നും പറയാതെ അവളുടെ വയറിൽ അമർത്തി ചുംബിച്ചു. 
 
എന്നിട്ട് പറഞ്ഞു. "ഇല്ല കുക്കൂ, ഇവൻ നമ്മുടെയാണ്. ദൈവം നമുക്ക് തന്ന സമ്മാനം ആണ്. അവനെ കളയണ്ട....നമുക്കു വേണം അവനെ."
 
അപ്പോഴേക്കും ഫോണ് അടിച്ചു. ചിറ്റമ്മ ആയിരുന്നു. ചിറ്റമ്മ എന്തേലും പറയും മുൻപ് അവൾ പറഞ്ഞു.
 
"ചിറ്റമ്മ, റിപ്പോർട്ട് എന്തായാലും ദൈവം അനുവദിച്ചിട്ടാണ് എനിക് ഈ കുഞ്ഞിനെ കിട്ടിയത്. അതൊണ്ട കുഞ്ഞിന്റെ കാര്യം ദൈവം നോക്കിക്കൊള്ളും. ഇപ്പോൾ വേറെ വല്ലോ തീരുമാനം എടുത്താൽ അതോർത് ഞാൻ ജീവിത കാലം മുഴുവൻ ഉരുകേണ്ടി വരും..... മാത്രവുമല്ല ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾ ഒത്തിരി സ്നേഹിക്കുന്നു."....
 
" എന്റെ മോളേ,......നിന്നെയോർത്ത് ഞാൻ ഒത്തിരി അഭിമാനിക്കുന്നു. ചിറ്റപ്പൻ അങ്ങിനെ പറഞ്ഞപ്പോൾ തൊട്ട് എന്റെ ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു.... എങ്കിലും എന്റെ മോള് ഈ തീരുമാനം എടുത്തല്ലോ..മോളുടെ ഈ മനസ്സ് ദൈവം കാണാതെ പോവില്ല. അതുറപ്പാണ്....."
 
അവൾ ഒന്നും പറഞ്ഞില്ല. ഫോണ് വച്ചു. ജോണ് അവളെ ചേർത്തു പിടിച്ചു. രണ്ടുപേരും അവരുടെ ഒരു കൈ വയറിനു മേലെ വച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് രണ്ടുപേർക്കും തങ്ങളുടെ കൈകൾക്ക് താഴെ ഒരനക്കം അനുഭവപ്പെട്ടു.  ഇതിനു മുൻപും കുഞ്ഞു അനങ്ങിയിരുന്നെങ്കിലും ഇത്രക്കും വ്യക്തമായിട്ടു ഉണ്ടായിട്ടില്ലായിരുന്നു. 
ഒരു പക്ഷേ ആരറിഞ്ഞു തന്റെ അപ്പനും അമ്മയും തന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞു അവൻ അവർക്ക് ഒരു ഉമ്മ കൊടുത്തത് ആയിരുന്നെങ്കിലോ....
 
 അവരുടെ മിഴികൾ അപ്പോഴും തോർന്നിട്ടില്ലായിരുന്നെങ്കിലും  ചുണ്ടിൽ ഒരു പുഞ്ചിരിയും ഹൃദയത്തിൽ ഒരു നിറവും അവർക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.......
 
അവരുടെ പിടക്കുന്ന ഹൃദയത്തിന്റെ തേങ്ങലും ആ തോരാത്ത മിഴികളും ഇനിയും പിറക്കാത്ത കുഞ്ഞിനോടുള്ള സ്നേഹവും കണ്ടില്ലെന്നു വെയ്ക്കാൻ ദൈവത്തിനു ആവുമോ....
 
NB. ഇതൊരു കഥയല്ല. പേരുകളും സ്ഥലങ്ങളുമൊക്കെ വേറെയെങ്കിലും ജീവന്റെ മൂല്യം അറിയുന്ന ഈ മനിതയെയും ജോണിനെയും പോലെയൂള്ളവരെ നമ്മുടെ ജീവിതത്തിലും കണ്ട്മുട്ടിയേക്കാം. കൊന്നു ഒഴിവാക്കാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും തന്റെ വ്യക്തി സ്വാതന്ത്ര്യം, മൂല്യച്യുതി വരാതെ വിനിയോഗിച്ച ഒരു സ്‌ത്രീരത്നത്തെ മനസ്സാ നമിച്ചു കൊണ്ടു  അവർക്ക് ഈ കഥ സമർപ്പിക്കുന്നു.
 
🖋️ ചങ്ങാതീ❣️
      04/08/21'