Aksharathalukal

COUNT DOWN Part 3

അദ്ധ്യായം 3
 
       കേരള പോലീസ് നാടുനീളെ തിരഞ്ഞ നിഖിൽ രാമന്റെ ശവശരീരം തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ മാറി കേരള അതിർത്തിക്കുള്ളിൽ ഹൈവേ സൈഡിൽ നിന്ന് കണ്ടെത്തി. 
 
വിവരമറിഞ്ഞ് എസ്.പി കിരൺ മാത്യു കാസർഗോഡ്‌ പാഞ്ഞെത്തി. അപ്പോഴേക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിക്കഴിഞ്ഞിരുന്നു. ഡോ.അൻസിയ റഹ്മാൻ തന്നെയായിരുന്നു നിഖിലിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടം ചെയ്തത്. കിരൺ അവരുടെ ഓഫീസിൽ ചെന്നു കണ്ടു.
 
" കുറേ ചോദ്യങ്ങൾ അവസാനിപ്പിച്ച് കൊലയാളി പോയിരിക്കുന്നു. ശരിക്കും വഴിമുട്ടിപ്പോയവന്റെ നിരാശയുണ്ട് എസ്.പി സാറിന്റെ മുഖത്ത് " അൻസിയ ഒരു ചെറു ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും വളരെപ്പെട്ടെന്ന് ആ മുഖത്ത് ദേഷ്യം നിറഞ്ഞു.
"ആദ്യമായാണ് അറവുകാരന്റെ മനസോടെ ഒരു മനുഷ്യ ശരീരം കീറിമുറിച്ചത്. നിഖിൽ രാമൻ, വല്ലാത്തൊരു പകയായിരുന്നു ഉള്ളിൽ മുഴുവൻ. പോസ്റ്റ്മോർട്ടം ടേബിളിൽ ആ മുഖം കണ്ടപ്പോൾ കുറച്ച് നേരത്തേക്ക് ഞാനൊരു ഡോക്ടർ അല്ലാതായിപ്പോയി." അത് പറയുമ്പോൾ മുഖത്ത് നിറഞ്ഞ ദേഷ്യത്തിലും കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.
"ഹേയ് അൻസു , റിലാക്സ് ..... നിന്റെ ഉള്ളിലെ ഫീലിംഗ്സ് എനിക്ക് മനസിലാകും, ഞാനും അതേ മാനസികാവസ്ഥയിലാണ്, അറിയാമല്ലോ എനിക്കും ശ്യാം അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു, ഒരു അനുജനെപ്പോലെ. ഇപ്പോ അവൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയോ എന്നറിയില്ല. That bastard Nikhil... " 
 
പറഞ്ഞ് മുഴുമിക്കാതെ പല്ലിറുമ്മി കൊണ്ട് കിരൺ മേശമേൽ മുഷ്ടി ചുരുട്ടിയിടിച്ചു.
അൽപ നേരം അവർ ഒന്നും സംസാരിച്ചില്ല. നിശബ്ദത ഭേദിച്ചു കൊണ്ട് കിരണിന്റെ മൊബൈൽ ശബ്ദിച്ചു. ഇതേ സമയം തന്നെ ഡോ.അൻസിയക്കും കോൾ വന്നു. അവർ തന്റെ വിശ്രമ മുറിയിലേക്ക് പോയാണ് കോൾ അറ്റൻഡ് ചെയ്തത്.
 
അൽപ നേരം കഴിഞ്ഞ് ഡോക്ടർ തിരികെ വരുമ്പോൾ മുമ്പത്തേക്കാളും നിരാശനായ കിരണിനെയാണ് കണ്ടത്.
 
" എന്താ കിരൺ ? എന്ത് പറ്റി? ആരാ വിളിച്ചത്?
 
" Bad news ... കൊല്ലം ബീച്ചിൽ നിന്നും കുറച്ചകലെയായി കടലിൽ നിന്ന് അഴുകി വികൃതമായ ഒരു ശവശരീരം കിട്ടിയിരിക്കുന്നു. തിരയിൽപെട്ട് കാണാതായ വിദ്യാർത്ഥികളെത്തിരഞ്ഞ നേവിയിലെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയതാണ് കടലിൽ കല്ല് കെട്ടിത്താഴ്ത്തിയ മൃതദേഹം." കിരൺ അത് പറയുമ്പോൾ മുഖത്ത് വല്ലാത്തൊരു നിരാശയും ഭയവും ഉണ്ടായിരുന്നു. അത് അൻസിയയുടെ മനസ്സിലും ഭയാശങ്ക നിറച്ചു.
 
"ആരുടെയാണ്?" മനസ്സിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിൽ നിന്ന് മിന്നൽ പോലെയാണ് ഡോ.അൻസിയയുടെ ചോദ്യം വന്നത്.
 
"നഗ്നമായ ശരീരമാണ്. തിരിച്ചറിയാനുള്ള അടയാളങ്ങൾ ഒന്നും അവശേഷിപ്പിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നൽകിയ വിവരങ്ങൾ അനുസരിച്ച് അത് കാണാതായ എസ്.ഐ പ്രസാദിന്റെ മൃതദേഹമാണ്. 6 അടി 2 ഇഞ്ച് ഉയരം 50 വയസിനുമേൽ പ്രായം എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെ ബാക്കിയെല്ലാം ഡി.വൈ.എസ്.പി രാജൻ ജോണിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഫോട്ടോ കോപ്പിയാണ്. അതേ പരിക്കുകൾ ക്രൂരമായ മർദ്ദനത്തെ തുടർന്നുള്ള മരണം. DNA ടെസ്റ്റ് എന്ന ഒരു ഫോർമാലിറ്റി മാത്രമേ അവശേഷിക്കുന്നുള്ളു, അത് SI പ്രസാദ് ആണെന്ന് സ്ഥിതികരിക്കാൻ."
 
" അപ്പോ അവന്റെ ഭീഷണി ശരിയാണ്, ശവം പോലും കിട്ടില്ലെന്ന്, അല്ലേ?"
 
അൻസിയ പറഞ്ഞത് തന്നെയായിരുന്നു കിരണിന്റെയും മനസിലപ്പോൾ നടുക്കമുണ്ടാക്കിയ ചിന്ത. എല്ലാമറിയാവുന്ന നിഖിൽ രാമനും ചത്ത് മലച്ചിരിക്കുന്നു. എസ്.പി കിരൺ മാത്യുവിന് തന്റെ മുന്നിലുള്ള വഴികളെല്ലാം ഇരുളടഞ്ഞ് പോയതായിത്തോന്നി. 
 
"Anything special in this? മേശപ്പുറത്തിരിക്കുന്ന നിഖിലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലേക്ക് ചൂണ്ടി കിരൺ ചോദിച്ചു .
 
അൻസിയ യാന്ത്രികമായി ആ ഫയൽ എടുത്ത് തുറന്നു, അവളുടെ മനസ് പക്ഷേ മറ്റെവിടെയോ ആയിരുന്നു. കിരണിന് അത് മനസിലായി, വിവാഹമോചിതയായ ഡോ.അൻസിയയും എ.സി.പി ശ്യാംമാധവും തമ്മിലുള്ള പ്രണയം രഹസ്യമല്ലായിരുന്നു. അൽപം വിവാദവും, ആ പ്രണയത്തിന് അവളുടെ ഉപ്പ നൽകിയ സമ്മാനമായിരുന്നു, കൊല്ലത്ത് നിന്നും കാസർഗോഡിനുള്ള സ്ഥലം മാറ്റം, അൻസിയയെ ശ്യാമിൽ നിന്നും അകറ്റാൻ ഉപ്പ തന്റെ രാഷ്ട്രീയ സ്വാധീനം മുഴുവൻ ഉപയോഗിച്ചു. പക്ഷേ അതുകൊണ്ടൊന്നും ആ പ്രണയം തളിർത്ത് പന്തലിക്കുന്നത് തടയാൻ കഴിയില്ലായിരുന്നു. അവരുടെ സുന്ദരമായ പ്രണയസല്ലാപങ്ങൾക്ക് പലപ്പോഴും കിരൺ സാക്ഷിയായിട്ടുള്ളതുമാണ്. 
 
" അൻസൂ...... നമ്മൾ ഭയക്കുന്ന പോലെ ഒന്നും ശ്യാമിന് സംഭവിച്ചിട്ടുണ്ടാകില്ല, അങ്ങനെ ഒരു നിഖിൽ രാമന്റെ കൈ കൊണ്ട് ഒടുങ്ങുന്നവനല്ല ശ്യാംമാധവ് IPS, ഞാനവനെ കണ്ടെത്തും , അതിന് ഇവന്റെ ശവത്തിൽ നിന്നെങ്കിലും ഞാൻ തുമ്പുണ്ടാക്കും, So help me, what are Ur findings ?" കിരൺ തൊപ്പിയൂരി മേശപ്പുറത്ത് വച്ചു.
 
തലയ്ക്കൊരു മരവിപ്പ് തോന്നിയെങ്കിലും കിരണിന്റെ വാക്കുകൾ അവളുടെ മനസിൽ നേരിയ പ്രതീക്ഷയുണർത്തി. റിപ്പോർട്ടിന്റെ താളുകൾ മറിച്ച് ഡോ.അൻസിയ തന്റെ നിഗമനങ്ങൾ വിവരിച്ചു.
 
"വെടിയേറ്റാണ് മരണം സംഭവിച്ചത്. വലത് ചെവിക്ക് മുകളിലൂടെ കയറി ഇടത് ചെവിക്ക് മുകളിലൂടെ വെടിയുണ്ട കടന്ന് പോയിരിക്കുന്നു. പക്ഷേ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചായിരിക്കില്ല മരണം സംഭവിച്ചത്. വിശദമായ പരിശോധനയിൽ മുറിവിൽ നിന്നും കിട്ടിയ ഗ്ലാസിന്റെ അംശം സൂചിപ്പിക്കുന്നത് വെടിയുണ്ട ഒരു വാഹനത്തിന്റെ ചില്ല് തുളച്ചാണ് നിഖിലിന്റെ തലയിലൂടെ കടന്ന് പോയതെന്നാണ്. ഇടത് കൈക്കും ഇടത് വശത്തെ രണ്ട് വാരിയെല്ലുകൾക്കും പൊട്ടലുണ്ട്, ഇടത് ഷോൾഡറിലും നെറ്റിയിലും ചതവുണ്ട്. That's all."
 
" അപ്പോ നിഖിലിനെ ആരോ മർദ്ദിച്ച് കീഴടക്കി വെടി വച്ചു കൊന്നിട്ട് വഴിയരികിൽ ഉപേക്ഷിച്ചതാണെന്നാണോ?" കിരൺ തന്റെ സംശയം ചോദിച്ചു.
 
" അങ്ങനെയല്ല, ശരീരത്തിലെ പൊട്ടലും ചതവും ഒരു വാഹനാപകടത്തിൽ ഉണ്ടായതാവാം. ഓടുന്ന വണ്ടിയിൽ വച്ച് വെടിയേൽക്കുകയും തുടർന്ന് വണ്ടി എവിടെയേലും ഇടിച്ചതുമാകാം"
 
സംശയത്തോടെ, തന്നെ നോക്കി നിൽക്കുന്ന കിരണിനെ നോക്കി അൻസിയ തുടർന്നു..
 
"ഇടിച്ചതാകാം എന്നല്ല ഇടിച്ചതാണ്. അത് പക്ഷേ പോസ്റ്റ്മോർട്ടം ടേബിളിൽ നിന്ന് കിട്ടിയ അറിവല്ല"
 
പിന്നെ ?
 
" മംഗലാപുരത്തിന് തലപ്പാടിക്കും ഇടയിൽ ഹൈവേയിൽ കഴിഞ്ഞ രാത്രി ഒരു വാഹനാപകടം ഉണ്ടായി, വണ്ടിയിൽ ഉണ്ടായിരുന്ന മൂന്നു പേരും കൊല്ലപ്പെട്ടു. മണിപ്പാലിൽ നിന്നും കാറിൽ അതു വഴി വന്ന രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ ആണ് അപകടം പോലീസിൽ അറിയിച്ചത്. പക്ഷേ അത് വെറുമൊരു അപകടം അല്ലായിരുന്നു. ഡ്രൈവർക്ക് വെടിയേറ്റിരുന്നു, പിന്നിലെ സീറ്റിൽ ഇരുന്നയാൾക്കും വെടിയേറ്റിട്ടുണ്ടായിരുന്നു. പോലിസെത്തിയ ശേഷം അവർ നാട്ടിലേക്ക് പോരുന്നു. പക്ഷേ ഇന്ന് കാലത്ത് കുറേ ഗുണ്ടകൾ അവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. ആ അപകടത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞാരുന്നു ഭീഷണി. അതിലൊരാൾ എന്റെ സഹപ്രവർത്തകയുടെ മകനാണ്. " അൻസിയ പറഞ്ഞ് നിർത്തി.
 
"അതും നമ്മുടെ കേസുമായുള്ള ബന്ധം? "
 
" ബന്ധമുണ്ട്. അവർ ആ വണ്ടിയുടെ പിന്നിൽ കണ്ടത് നിഖിൽ രാമനെയായിരുന്നു."
"What ?" കിരണിന് തന്റെ ആശ്ചര്യം അടക്കാനായില്ല.
 
" അതേ . പക്ഷേ ആ അപകടത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചു. ഇപ്പോൾ എനിക്ക് ഫോണിൽ കിട്ടിയ വിവരം അനുസരിച്ച് അങ്ങനെയൊരപകടം കർണാടകത്തിൽ ഒരു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടില്ല. "
 
" അപകടം എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല, ആ വണ്ടിയിൽ വച്ച് കൊല്ലപ്പെട്ട നിഖിൽ കിലോമീറ്ററുകൾക്കിപ്പുറത്ത് കേരളത്തിൽ വഴിയരികിൽ, പിന്നെ ഗുണ്ടകളുടെ ഭീഷണിയും. അപ്പോ നിഗൂഢമായ എന്തൊക്കെയോ ഇതിന്റെ പിന്നിലുണ്ട്. അല്ലേ?
 
കിരണിന്റെ ചോദ്യത്തിന് അതേയെന്ന അർത്ഥത്തിൽ അൻസിയ തലയാട്ടി.
 
" നിഖിൽ രാമൻ വെറുമൊരു കാലാൾ മാത്രമായിരുന്നിരിക്കാം, പിന്നിൽ ശക്തരായവർ ഉണ്ടാകാം, ഇൻറലിജൻസ് റിപ്പോർട്ടിൽ പറഞ്ഞത് പോലെ വലിയൊരു യുദ്ധത്തിനുള്ള അരങ്ങൊരുങ്ങുകയാവാം. Let's see... "
 
കിരൺ തൊപ്പി എടുത്ത് തലയിൽ വച്ച് എഴുന്നേറ്റു.
 
"എന്താ കിരൺ ? എങ്ങോട്ട് പോകുന്നു?" റിപ്പോർട്ട് പോലും വാങ്ങാതെ കിരൺ പോകാൻ തുടങ്ങിയത് കണ്ടാണ് അൻസിയ അത് ചോദിച്ചത്.
 
"എനിക്ക് ആ അപകടസ്ഥലം ഒന്ന് കാണണം, എന്താണ് അവിടെ സംഭവിച്ചതെന്നും, എന്ത് കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും അറിയണം. ശ്യാമിനെ കണ്ടെത്തണമെങ്കിൽ വേറെ മാർഗങ്ങളില്ല "
 
അൻസിയയിൽ നിന്നും അപകടം നടന്ന സ്ഥലത്തെക്കുറിച്ച് മനസിലാക്കി കിരൺ യാത്ര തിരിച്ചു. 
 
********************************************
 
      ഇതേ സമയം ശിവലാൽ ഷെട്ടിയുടെ മംഗലാപൂരത്തെ താവളത്തിൽ മാംഗ്ലൂർ കമ്മീഷണർ കൃഷ്ണരാജ് ഗൗഡ എന്ന KRG യും ശിവലാലിന്റെ പടത്തലവനും മലയാളിയായ ഷൺമുഖനുമായുള്ള കൂടിക്കാഴ്ച അവസാനിക്കാറായിരുന്നു. 
 
KRG കൊണ്ടു വന്ന വീഡിയോ ക്ലിപ്പ് ലാപ് ടോപ്പിൽ Pause ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. രാവണന്റെ പത്ത് തലകൾക്ക് മീതെ രാവണൻ എന്നെഴുതിയ സ്റ്റിക്കർ പതിച്ച ബ്ലാക്ക് സ്കോർപ്പിയോയുടെ ചിത്രമായിരുന്നു സ്ക്രീനിൽ.
 
ഷൺമുഖൻ സ്ക്രീനിൽ നോക്കി പല്ലിറുമ്മുന്ന ശബ്ദം KRG ക്ക് കേൾക്കാമായിരുന്നു. KRG ക്ക് ശിവലാൽ ഷെട്ടിയെന്ന രാജാവിനേക്കാൾ ഭയമായിരുന്നു ഷൺമുഖൻ എന്ന പടത്തലവനെ. അഞ്ചടിപ്പൊക്കമേയുള്ളു, കറുത്ത ശരീരം, ഉറച്ച മസിലുകൾ, പിരിച്ച് വച്ച മീശ, കട്ടത്താടി, ദയ, ക്ഷമ ഇതൊന്നും നിഘണ്ഡുവിൽ ഇല്ല. അതാണ് ഷൺമുഖൻ, ശിവലാൽ ഷെട്ടിയുടെ വളർച്ചയുടെ മൂലധനം ഷൺമുഖന്റെ മെയ്ക്കരുത്തും, മനക്കരുത്തുമാണ്.
 
ഷൺമുഖന്റെ ഏറ്റവും വിശ്വസ്തരായ പടയാളികളായിരുന്നു ദിനചന്ദ്രയും അജ്മൽ ജലാലും. അതു കൊണ്ട് തന്നെ കൊലയാളിയെ ഏത് വിധേനയും പിടികൂടേണ്ടത് ഷൺമുഖന്റെ ആവശ്യമാണ്. ഷണ്മുഖൻ പറഞ്ഞതനുസരിച്ച് ആ സി സി റ്റി വി ഫൂട്ടേജ് പെൻഡ്രൈവിലേക്ക് മാറ്റിയ ശേഷം ഒറിജിനൽ നശിപ്പിച്ചു. അപകടത്തിൽ പെട്ട വണ്ടിയും മൃതദേഹങ്ങളും ഷൺമുഖന്റെ പടയാളികൾ കൊണ്ടുപോയി. അങ്ങനെയൊരു അപകടം നടന്നതിന്റെ എല്ലാ തെളിവുകളും നശിപ്പിച്ചിട്ടാണ് KRG ഷൺമുഖന്റെ മുന്നിലേക്ക് വന്നത് . ചെയ്ത ഉപകാരത്തിന് പ്രതിഫലമായി പണക്കിഴികൾ കൃത്യമായി ബന്ധപ്പെട്ട പോലീസുകാരുടെ കൈകളിൽ എത്തിച്ചു കഴിഞ്ഞിരുന്നു ഷൺമുഖൻ.
 
" അപ്പോ ഇങ്ങനെയൊരു അപകടം നടന്നിട്ടില്ല, ആരും കൊല്ലപ്പെട്ടിട്ടുമില്ല. നിഖിൽ രാമനെ നമ്മൾ കണ്ടിട്ടുമില്ല, അല്ലേ KRG?" 
 
ഷൺമുഖന്റെ പരുക്കൻ ശബ്ദം ആ മുറിക്കുള്ളിൽ മുഴങ്ങി. ഷൺമുഖൻ ഒരു പെട്ടി KRG യുടെ മുന്നിലേക്ക് നീക്കി വച്ചു. 
 
" ഇത് ചെയ്ത വേലക്കൂലി, പണമല്ല, സ്വർണാഭരണങ്ങളാണ്. അതല്ലേ താങ്കൾക്ക് പണത്തേക്കാൾ സൗകര്യം "
 
KRG എല്ലാം സമ്മതിച്ച് തലയാട്ടി ശേഷം പെട്ടി കയ്യിലെടുത്തു, 
 
" ഷൺമുഖാ... ആരാ ഈ രാവണൻ?"
 
" നിഖിൽ രാമനെ തേടിവന്നതാകാം, രാമനെ തേടിപ്പിടിച്ച് കൊന്നിട്ടുപോയ രാവണൻ. അവനെത്തിരഞ്ഞ് ഒരു പോലീസും പോകേണ്ട, ആ രാവണനെ എനിക്ക് വേണം.
രാവണാ നീയേത് പുഷ്പകവിമാനത്തിൽ പോയി മറഞ്ഞാലും തേടിപ്പിടിച്ച് കൊന്നിരിക്കും ഈ ഷൺമുഖൻ. കരുതിയിരുന്നോ നീ, ഷൺമുഖൻ കളത്തിലേക്കിറങ്ങുകയാണ് "
 
ഷൺമുഖന്റെ പ്രഖ്യാപനം ആ മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ പ്രതിധ്വനിച്ചു.
 
*********************************************
 
പിറ്റേ ദിവസത്തെ പത്രങ്ങളിൽ പ്രധാന തലക്കെട്ടായി നിഖിൽ രാമന്റെ മരണവാർത്ത സെറ്റ് ചെയ്തവർക്ക് അവസാന നിമിഷം അത് മാറ്റി മറ്റൊരു വാർത്ത കൊടുക്കേണ്ടി വന്നു.
 
" എസ്.പി.കിരൺ മാത്യുവിനെ കാണ്മാനില്ല, അദ്ദേഹത്തിന്റെ വണ്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മംഗലാപുരത്തിനടുത്ത് നിന്നും കണ്ടെത്തിയിരിക്കുന്നു."
 
തുടരും...
 
രഞ്ജിത് വെള്ളിമൺ

COUNTDOWN - Part 4

COUNTDOWN - Part 4

4.1
2502

അദ്ധ്യായം 4  “ഒരു മരണം അന്വേഷിച്ച് തുടങ്ങിയിപ്പോൾ രണ്ട് ഐ.പി.എസ്സുകാരെ കാണാതായിരിക്കുന്നു. കാണാതായ മറ്റ് മൂന്ന് പോലീസുകാരിൽ ഒരാളുടെ ശവം കിട്ടി. വേറെ തുമ്പും തുരുമ്പും ഒന്നും കിട്ടിയിട്ടില്ല. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് വ്യക്തമായ റിപ്പോർട്ട് കിട്ടണം ഇപ്പോ,............... മിസ്റ്റർ ഡിജിപി ക്ക് എന്താണ് പറയാനുള്ളത് ? എക്സ്ക്യൂസുകളല്ലാതെ…”   പത്രക്കാരുടെ മുനവച്ച ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി കയറി വന്ന ആഭ്യന്തര മന്ത്രി ദേഷ്യത്തിലായിരുന്നു. അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. പി.എ പെട്ടെന്ന് തന്നെ അദ്ദേഹം സ്ഥിരമാ