Aksharathalukal

The Revenge Of A Victim - 3

സർ, ഇതുവരെ കിട്ടിയിരിക്കുന്ന തെളിവുകൾ വെച്ച് ഇതൊരു ആത്മഹത്യയാണ്. അവരുടെ ശരീരത്തിന്റെ അടുത്ത് നിന്ന് കോളയുടെ ഒരു കുപ്പി കിട്ടിയിട്ടുണ്ട്. അവരുടെ വണ്ടിയുടെ അകത്ത് നിന്ന് വിഷത്തിന്റെ ഒരു കുപ്പിയും കിട്ടിയിട്ടുണ്ട്. വിഷം കോളയിൽ കലക്കി കുടിച്ച് ആത്‍മഹത്യ ചെയ്തു എന്നാണ് ആദ്യ നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂ. അവരുടെ മൊബൈൽ മിസ്സിങ് ആണ്. സൈബർ സെൽ വഴി അത് ലൊക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിൽ നിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കാം.
 
"ഇൻസ്‌പെക്ടർ...."
 
"പ്രതാപ്, പ്രതാപ് ചന്ദ്രൻ"
 
"ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രൻ. ഞാൻ വീണ്ടും പറയുന്നു. എന്റെ മകൾ ആത്‍മഹത്യ ചെയ്യില്ല. അതിനും മാത്രമുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ അവൾക്ക് ഇല്ല. ആം ഷുവർ ഓൺ ദാറ്റ്"
 
"ഒക്കെ ഞങ്ങൾ അന്വേഷിക്കാം മിസ്റ്റർ സദാശിവൻ നായർ. താങ്കൾ ഇപ്പോൾ വണ്ടിയിൽ പോയി ഇരിക്കു. ഞങ്ങൾ ബോഡി പോസ്റ്റുമോർട്ടത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്യട്ടെ. പരമാവധി ഉച്ചക്ക് മുൻപ് ബോഡി വിട്ടു തരാം.
 
സദാശിവൻ നായർ തന്റെ കാറിന്റെ അടുത്തേക്ക് പോയി. പോകുന്ന വഴിയിൽ രണ്ട് മൂന്ന് വട്ടം തിരിഞ്ഞ് പ്രതാപിനെ നോക്കി.
 
പ്രതാപ് അയാളെ തന്നെ നോക്കി കൊണ്ട് അനീഷിനെ വിളിച്ച് ആംബുലൻസ് വിളിക്കാൻ ഏർപ്പാട് ചെയ്‌തു.
 
ആംബുലൻസ് എത്തിയപ്പോൾ പ്രതാപ് ചന്ദ്രനും പോലീസുകാരും ബോഡി പോസ്റ്റുമോർട്ടത്തിനായി അതിൽ കയറ്റി അയച്ചു.
 
ക്രൈം സീനിൽ നിന്ന് കിട്ടിയ തെളിവുകളുമായി അനീഷും അഞ്ജനയുടെ കാർ എടുത്ത് അനസും ബാക്കി പോലീസുകാർ ജീപ്പിലുമായി സ്റ്റേഷനിലേക്ക് തിരിച്ചു. 
 
സ്റ്റേഷനിൽ ചെന്ന ശേഷം മോർച്ചറിയിലേക്ക് വരാൻ അനീഷിനെ പറഞ്ഞ് ഏല്പിച്ച് പ്രതാപ് ചന്ദ്രൻ തന്റെ ബുള്ളറ്റിൽ മോർച്ചറിയിലേക്ക് പോയി.
 
അതിന്റെ പിറകിലായി സദാശിവൻ നായരും ബന്ധുക്കളും കയറിയ വാഹനങ്ങളും മോർച്ചറിയെ ലക്ഷ്യമാക്കി തിരിച്ചു.
 
മണിക്കൂറുകൾക്ക് ശേഷം ബോഡി പോസ്റ്റുമോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. 
 
വൈകുന്നേരത്തോടെ എല്ലാവിധ ആദരവുകളോടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ ആ മൃതശരീരം പൊതുശ്മശാനത്തിൽ ചന്ദന മുട്ടികളിൽ കൊളുത്തിയ അഗ്‌നി ഏറ്റുവാങ്ങി.
 
പിറ്റേദിവസം രാവിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ.
 
ജില്ലാ പോലീസ് മേധാവി, സ്ഥലം എം എൽ എ, എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മീറ്റിങ്ങ്.
 
മേശയിൽ ഇരുന്നിരുന്ന കേസ് ഫയൽ എസ് പി എടുത്ത് മറിച്ചു നോക്കി. 
 
പേര്: അഞ്ജന മേനോൻ
വയസ്സ്: 20
അച്ഛന്റെ പേര്: സദാശിവ മേനോൻ
അഡ്രസ്സ്: മംഗലം വീട്. നോർത്ത് പറവൂർ.
ജോലി: ബാംഗ്ലൂർ സീ എം ഐ കോളേജിൽ ഐ ടി എൻജിനിയറിങ് അവസാന വർഷ പീ ജി വിദ്യാർത്ഥി.
 
എസ് പി ജോസഫ് തോമസ് ഫയൽ അടച്ചു വെച്ച് കൊണ്ട്
 
"പ്രതാപ്, എന്താണ് അഞ്ജനയുടെ മരണത്തിന്റെ ഫൈൻഡിങ്‌സ്"
 
"സർ, ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അതൊരു ആത്മഹത്യയാണ്. കാറിൽ നിന്ന് കിട്ടിയ കുപ്പിയിൽ ഉണ്ടായിരുന്ന കോളയിൽ വിഷം കലർത്തി കുടിച്ചു എന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചക്ക് മാത്രമേ കിട്ടുകയുള്ളൂ."
 
"വാട്ട് അബൗട്ട് ഹെർ മൊബൈൽ"
 
"അഞ്ജനയുടെ മൊബൈൽ മിസ്സിങ് ആണ്. ട്രാക്ക് ചെയ്യാൻ സൈബറിൽ കൊടുത്തിട്ടുണ്ട്. ഇതു വരെ മറുപടിയൊന്നും കിട്ടിയിട്ടില്ല"
 
"അത് സ്പീഡ്ഡ് ആക്കാൻ ഞാൻ വിളിച്ചു പറയാം. ഇന്നലെ താൻ ഡോഗ് സ്‌കോഡിനെ വിളിച്ചിരുന്നില്ലേ?"
 
"ഇല്ല സർ. ഞാൻ ഇന്നലെ സാറിനെ അപ്ഡേറ്റ് ചെയ്തിരുന്നു. പ്രാഥമിക പരിശോധനയിൽ ഇതൊരു ആത്മഹത്യ ആണ്. കൂടാതെ കാറിൽ പെർഫ്യൂം ഉപയിഗിച്ചിരുന്നത് കൊണ്ട് ഡോഗ് സ്‌കോഡിനെ കൊണ്ട് വന്നാലും, അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല"
 
"Yes. താൻ വിളിച്ച് പറഞ്ഞത് ഓർമയുണ്ട്"
 
"എടോ, പ്രതാപെ, ആ കൊച്ചിന്റെ മരണത്തിന്റെ പിന്നിൽ ആരാണെങ്കിലും അവനെ കണ്ടെത്തിയെ പറ്റൂ. അല്ലാതെ വെറുതെ ആളെ പൊട്ടനാക്കുന്ന നിങ്ങളുടെ സ്ഥിരം ന്യായങ്ങൾ നിരത്താൻ നിൽക്കേണ്ട. സദാശിവ മേനോൻ പാർട്ടിക്ക് വളരെ വേണ്ടപ്പെട്ട ആൾ ആണ്. അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കേണ്ടത് പാർട്ടി മെമ്പർ എന്ന നിലയിൽ എന്റെ ചുമതലയാണ്. സോ, ഇൻസ്‌പെക്ടർ ഈ അന്വേഷണത്തിൽ യാതൊരു വെള്ളം ചേർക്കലും ഞാൻ അനുവദിക്കില്ല"
 
എം എൽ എ പറഞ്ഞ് നിർത്തി.
 
"സർ, എനിക്ക് ഇത് വെള്ളം ചേർത്തിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. അത് കൊണ്ട് അങ്ങിനെ ഒന്ന് സർ പേടിക്കേണ്ട. എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്യും"
 
"ഓകെ പ്രതാപ്, നിങ്ങളുടെ പഴയ കേസുകളുടെ ഹിസ്റ്ററി എനിക്ക് നന്നായി അറിയാവുന്നത് കൊണ്ടും, താങ്കൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകില്ല എന്നുറപ്പുള്ളത് കൊണ്ടും ഈ കേസും താങ്കളെ തന്നെ ഏല്പിക്കുകയാണ്. കേസിന്റെ റിപ്പോർട്ട് എനിക്കാണ് ഡയറക്റ്റ് നൽകേണ്ടത്. അതിനിടയിൽ ഒരാളെയും നിങ്ങൾ പേടിക്കേണ്ടതില്ല. ഗോട്ട് ഇറ്റ്"
 
"യെസ് സർ" 
 
പ്രതാപ് എസ് പിയെ നോക്കി മറുപടി നൽകി.
 
"എം എൽ എ സർ പേടിക്കേണ്ട. കേസിൽ ഒരു തിരിമറിയും നടത്താതെ ഞാൻ നോക്കിക്കോളാം"
 
"എസ് പി ആ ഉറപ്പ് എനിക്ക് തന്നാൽ മതി. പാർട്ടിക്ക് അത്ര വേണ്ടപ്പെട്ട ആൾ ആയത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിംഗ് വിളിക്കാൻ കാരണം."
 
എനിക്കറിയാം സർ. 48 മണിക്കൂറിനുള്ളിൽ ഇതിന്റെയൊരു അപ്‌ഡേറ്റ് നമുക്ക് കൊടുക്കാൻ കഴിയില്ലേ പ്രതാപ്"
 
എസ് പി പ്രതാപിനോടായി ചോദിച്ചു.
 
"കൊടുക്കാം സർ"
 
"ഓകെ. അപ്പോൾ ഈ മീറ്റിങ് അവസാനിപ്പിക്കാമല്ലോ"
 
"അവസാനിപ്പിക്കാം"
 
എല്ലാവരുടെയും മുഖത്ത് നോക്കി എം എൽ എ പറഞ്ഞു.
 
മീറ്റിങ്ങ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി.
 
പ്രതാപും അനീഷും പ്രതാപിന്റെ റൂമിൽ ഇരുന്നു.
 
"അനീഷ്, ആ അനസിനെ കൂടി ഇങ്ങോട്ട് വിളിക്ക്. അയാൾ അല്ലെ ആ ബോഡി നോക്കിയത്. അയാളുടെ ഫൈൻഡിങ്‌സ് കൂടി നമുക്ക് എടുക്കാം"
 
അനീഷ് അനസിനെ വിളിക്കാൻ പുറത്തേക്ക് പോയി.
 
അതേ സമയം തന്നെ പ്രതാപിന്റെ ഫോണിൽ സൈബറിൽ നിന്നുള്ള ആഷ്റഫിന്റെ കോൾ എത്തി.
 
അഞ്ജനയുടെ മൊബൈൽ ട്രാക്ക് മെയിൽ അയച്ചിട്ടുണ്ടെന്നാണ് അഷറഫ് പറഞ്ഞത്.
 
പ്രതാപ് മെയിൽ തുറന്ന് സൈബറിൽ നിന്ന് വന്ന റിപ്പോർട്ട് നോക്കി. അപ്പോഴേക്കും അനസും അനീഷും അകത്തേക്ക് കയറി.
 
അനസ് കൂടി എത്തിയതോടെ അവർ മീറ്റിങ് ആരംഭിച്ചു.
 
"സൈബറിൽ നിന്നുള്ള മൊബൈൽ ട്രാക്ക് റിപ്പോർട്ട് വന്നിട്ടുണ്ട്. ആ മൊബൈൽ അവസാനം ലൊക്കേറ്റ് ചെയ്തിരിക്കുന്നത് അഞ്ജനയുടെ ബോഡി കണ്ടെത്തിയ അതേ സ്ഥലത്ത് തന്നെയാണ്. അതും അഞ്ജന മരിച്ചു എന്ന് കരുതുന്ന സമയം കഴിഞ്ഞ് ഏകദേശം അര മണിക്കൂർ കഴിഞ്ഞ്. അതാണ് സൈബറിൽ നിന്നുള്ള റിപ്പോർട്ട്. അതവിടെ നിൽക്കട്ടെ. നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം. ഇതുവരെയുള്ള കാര്യങ്ങൾ വെച്ച് എന്താണ് നിങ്ങളുടെ രണ്ടാളുടെയും ഫൈൻഡിങ്‌സ്. അത് ആദ്യം പറയു. എന്നിട്ട് നമുക്ക് ബാക്കി ഡിസ്കസ് ചെയ്യാം"
 
പറഞ്ഞു കഴിഞ്ഞതിന് ശേഷം പ്രതാപ് രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി.
 
"അനീഷിന് എന്ത് തോന്നുന്നു"
 
"സർ. നമ്മൾ നേരത്തെ ഡിസ്കസ് ചെയ്തത് പോലെ ആ കുട്ടി ആത്‍മഹത്യ ചെയ്തത് ആണെന്നാണ് എന്റെ വിശ്വാസം. അതിന്റെ കാരണം നമുക്ക് കണ്ടെത്തിയാൽ മതിയാകും. അതാണ് എനിക്ക് തോന്നുന്നത്"
 
"അനസിനോ"
 
"സർ, ആ വണ്ടിയിൽ ഇരുന്ന് വിഷം കോളയിൽ പകർത്തി, അത് കുടിച്ച് നടക്കുന്നതിനിടയിൽ അവിടെ തളർന്ന് വീണ് മരിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.പിന്നെ അനീഷ് സർ പറഞ്ഞത് പോലെ എന്തിന് ആത്‍മഹത്യ ചെയ്തു എന്നതിന് ഉത്തരം കണ്ടെത്തിയാൽ മതിയാകും എന്നാണ് എനിക്കും തോന്നുന്നത്.
 
അപ്പോൾ ഒരു പ്രശ്നം ഉണ്ട്, സൈബറിലെ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ എങ്ങനെ ഓഫായി. ചാർജ്ജ് തീർന്ന് ഓഫായത്‌ ആണെങ്കിലും മൊബൈൽ അവിടെ കാണേണ്ടത് അല്ലെ"
 
"അതൊരു പക്ഷെ ആരെങ്കിലും മോഷ്ടിച്ചത് ആണെങ്കിലോ. അങ്ങിനെയും ഒരു സാധ്യത ഉണ്ടല്ലോ"
 
അനീഷ് പറഞ്ഞു നിർത്തി
 
"അങ്ങിനെ ആയിരുന്നെങ്കിൽ മോഷ്ടാവ് അഞ്ജനയുടെ ബോഡി അവിടെ കിടക്കുന്നത് കണ്ടിരിക്കും. അയാൾ അത് സ്റ്റേഷനിലോ അല്ലെങ്കിൽ വേറെ ആരോടെങ്കിലുമോ പറയേണ്ടതല്ലേ"
 
"സർ, അങ്ങിനെ പറഞ്ഞാൽ അയാൾ എന്തിന് അവിടെ ചെന്നു ഒരു ചോദ്യം വരാൻ സാധ്യത ഉള്ളത് കൊണ്ട് അയാൾ അത് പറയാതിരുന്നത് ആണെങ്കിലോ. അല്ലെങ്കിൽ കാറിൽ നിന്ന് വിഷം കലക്കിയ കോള കുടിച്ച് പോകുന്ന വഴിയിൽ ആണ് മൊബൈൽ വീണത് എന്ന് കരുതുക. കാർ കിടന്നിരുന്ന അതേ വശത്ത് നിന്ന് വന്ന ഒരാൾ മൊബൈൽ കിടക്കുന്നത് കാണുന്നു. അയാൾ അത് എടുത്ത് തിരികെ ആ വശത്തേക്ക് തന്നെ തിരിച്ചു പോയെങ്കിൽ അയാൾ ബോഡി കാണില്ലലോ"
 
"ഇത് രണ്ടും സാധ്യതകൾ ആണ്. ചിലപ്പോൾ അഞ്ജന മരിച്ച് അര മണിക്കൂറിന് ശേഷം ആണ് അയാൾ അതുവഴി വന്നതെങ്കിൽ ഈ പറഞ്ഞ സാധ്യതകൾ ശെരിയായിരിക്കാം. അയാൾ കിട്ടിയ ഉടനെ ആ ഫോൺ ഓഫാക്കിയിട്ടുണ്ടാകും. പക്ഷെ ആ മൊബൈൽ അയാൾ എന്ത് ചെയ്തിട്ടുണ്ടാകും. ഏതെങ്കിലും കടയിൽ വിൽക്കാൻ ആണ് സാധ്യത"
 
"അതിനും സാധ്യത ഇല്ല സർ. കാരണം അയാൾ ഇന്നലെയോ, ഇന്ന് രാവിലെയോ അഞ്ജനയുടെ മരണം അറിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്. ബുദ്ധിയുള്ള കള്ളൻ ആണെങ്കിൽ ആ ഫോൺ വിൽക്കാൻ സാധ്യത ഇല്ല. പിടിവീഴാൻ ചാൻസ് ഉണ്ടെന്ന് അയാൾക്ക് മനസിലാകും"
 
"എന്തായാലും ആ ഐ എം ഈ ഐ നമ്പറിൽ വേറെ സിം ഇടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ സൈബറിൽ പറയാം. അതവർ ലൂപ്പിൽ ഇടും. എപ്പോഴെങ്കിലും ആ ഫോണിൽ ഒരു സിം ഇട്ടാൽ അവർക്ക് അലർട്ട് കിട്ടും. അതവർ നമ്മെ അറിയിക്കും"
 
"അതൊരു നല്ല സജഷൻ ആണ് സർ"
 
"പിന്നൊന്ന്, ആ സിമ്മിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് എടുക്കണം. അതിലെ വാട്സാപ്പ് നമുക്ക് വേറൊരു ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അഞ്ജനയുടെ വാട്സാപ്പ് ആക്റ്റിവിറ്റികൾ അറിയാലോ. അതേ പോലെ ഫേസ്‌ബുക്ക്, മെസഞ്ചർ എല്ലാം ഇൻസ്റ്റാൾ ചെയ്യണം"
 
"ശെരി സർ"
 
എന്തായാലും രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ഇതിനൊരു തീരുമാനം ഉണ്ടാക്കണം. അനസ് ഹോസ്പിറ്റലിൽ പോയി സർജനെ കണ്ട് അഞ്ജനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വാങ്ങിക്കണം. അതിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാലോ"
 
"ശെരി സർ"
 
"അത് കൂടി കിട്ടിയിട്ട് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം"
 
"ഓക്കേ സർ"
 
"എന്നാൽ നിങ്ങൾ വിട്ടോ"
 
രണ്ട് പേരും എഴുന്നേറ്റ് പ്രതാപിനെ സല്യൂട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി.
 
അഞ്ജന മരിച്ചതിന്റെ പിറ്റേ ദിവസം വൈകുന്നേരം പ്രതാപ് ചന്ദ്രന്റെ ഓഫീസ്.
 
പ്രതാപ് ചന്ദ്രനും, അനീഷും അനസും കൂടിയുള്ള മീറ്റിങ്.
 
"സർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടി"
 
അനസ് പറഞ്ഞു.
 
"എന്തെങ്കിലും ഹോപ്പ് ഉണ്ടോ"
 
"ഇല്ല സർ. നമ്മൾ സംശയിച്ചത് പോലെ തന്നെ കോളയിൽ വിഷം കലർത്തി കുടിച്ചതാണ് മരണ കാരണം. ഫോറന്സിക്ക് ടീം ഫൈൻഡ് ചെയ്തത് പോലെ രാത്രി 2 നും മൂന്നിനും ഇടയിൽ ആയിരുന്നു മരണം. ശരീരത്തിൽ വേറെ മുറിവുകളോ ചതവുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും ഇല്ല. ഡോക്ടർ ക്ലിയർ സൂയിസൈഡ് എന്നാണ് റിപ്പോർട്ട് എഴുതിയിരിക്കുന്നത്"
 
"മ്, പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പി മെയിൽ അയച്ചിട്ടുണ്ടോ അവർ"
 
"ഉണ്ടെന്നാണ് അവർ പറഞ്ഞത്"
 
"ഞാൻ നോക്കാം. അനീഷ് എന്തായി സിം കാർഡും മൊബൈലും"
 
"സർ, സിം അഞ്ജനയുടെ അച്ഛന്റെ പേരിൽ ആണ്. അദേഹത്തിനോട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. നാളെ സിം എടുത്ത് തരാം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ശേഷം മാത്രേ വാട്സാപ്പ് എടുക്കാൻ കഴിയൂ"
 
"വാട്ട് എബൗട്ട് ഫേസ്‌ബുക്ക്"
 
"സർ, അതും റെഡിയായിട്ടില്ല. സൈബറിൽ പറഞ്ഞിട്ടുണ്ട്. അവർ ഐഡി കൊടുത്താൽ പാസ്വേഡ് ഹാക്ക് ചെയ്തു തരാം എന്നാണ് പറഞ്ഞത്. അല്പം മുൻപ് ഐഡി ഞാൻ എടുത്ത് കൊടുത്തിട്ടുണ്ട്. നാളെ രാവിലെ ആകുമ്പോഴേക്കും പാസ്വേഡ് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു"
 
"പ്രതീക്ഷ മാത്രം ഉള്ളു അനീഷ്, ഉറപ്പ് ഒന്നും ഇല്ലേ"
 
"ഇല്ല സർ, ഷുവർ ആയിട്ടും രാവിലെ കിട്ടും. അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്"
 
"കിട്ടിയാൽ നല്ലത്. അല്ലെങ്കിൽ ഇതിങ്ങനെ ഉരുട്ടി കൊണ്ട് പോകേണ്ടി വരും. മനസ്സിലായോ തനിക്ക്"
 
"ഉവ്വ് സർ. ഞാൻ രാവിലെ അത് കളക്റ്റ് ചെയ്യാം"
 
"മ്, വേറെ ഒന്നും ഡിസ്കസ് ചെയ്യാൻ ഇല്ലെങ്കിൽ നിങ്ങൾ വിട്ടോളൂ. എനിക്ക് എസ് പി യെ വിളിച്ച് ഇത് അപ്‌ഡേറ്റ് ചെയ്യാൻ ഉണ്ട്"
 
"ശെരി സർ"
 
രണ്ട് പേരും എഴുന്നേറ്റ് പ്രതാപിനെ സല്യൂട്ട് ചെയ്ത് തിരിച്ചു നടന്നു. ഡോറിന്റെ അടുത്ത് എത്തിയ അവറെ പ്രതാപ് തിരികെ വിളിച്ചു.
 
"പിന്നെ ആ സദാശിവ മേനോനെ അനീഷ് വിളിക്കണം. നാളെ രാവിലെ പത്ത് മണിക്ക് നമ്മൾ അയാളുടെ വീട്ടിൽ ചെല്ലുന്നുണ്ട്. അവരോട് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്. എല്ലാവരും അവിടെ ഉണ്ടാകാൻ പറയണം"
 
"ശെരി സർ"
 
"ഒരു കാര്യം കൂടി, നിങ്ങൾ രണ്ട് പേരും, കൂടെ സത്യനും സലീമും, നാളെ രാവിലെ ഒമ്പതരക്ക് പോകാൻ റെഡിയായി ഇവിടെ ഉണ്ടാകണം"
 
"സർ, സലീമിന് ഇന്ന് മുതൽ നെറ്റ് ആണ്. അപ്പോ നാളെ രാവിലെ..."
 
"എടോ അനീഷേ, അനസ് അടക്കം ഈ പറഞ്ഞ മൂന്ന് പേർ, പിന്നെ താനും ഞാനും. നമ്മൾ അഞ്ച് പേരാണ് ഈ കേസിന്റെ ഇൻവെസ്റ്റിഗേഷൻ ടീം. ടീം ഹെഡ് എസ് പി ജോസഫ് സർ. തനിക്ക് മനസിലാകുന്നുണ്ടോ"
 
"ഉവ്വ് സർ"
 
"ആ അപ്പോൾ ഡ്യൂട്ടിയെല്ലാം അതനുസരിച്ച് പ്ലാൻ ചെയ്യ്. അനസ്, സലീം, സത്യൻ ഇവർ മൂന്ന് പേർക്കും  1st പ്രയോറിറ്റി ഈ കേസ് ആയിരിക്കണം. മനസ്സിലായോ
 
"സർ"
 
"ഇപ്പോൾ തന്നെ അഞ്ജനയുടെ അച്ഛനെ വിളിച്ച് നാളെ ചെല്ലുന്ന കാര്യം പറയണം. പിന്നെ നേരത്തെ പറഞ്ഞ കാര്യങ്ങളും മറക്കേണ്ട. കൂടെ നാളെ രാവിലെ ഷാർപ്പ് ഒമ്പതര. ഓക്കെ"
 
"ഓക്കെ സർ"
 
പ്രതാപിനെ സല്യൂട്ട് ചെയ്ത ശേഷം അവർ പോയി. പ്രതാപ് ഉടനെ എസ്പിയെ വിളിച്ച് കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്തു.
 
പിറ്റേ ദിവസം രാവിലെ ഒൻപതര മണി.
 
പ്രതാപ് ചന്ദ്രനും അനീഷും അനസും സത്യനും കയറിയ ജീപ്പ് സലീം ഓടിച്ചു കൊണ്ട് മംഗലം തറവാട് ലക്ഷ്യമാക്കി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. 
 
ഏകദേശം പത്ത് മണിയോടെ ജീപ്പ് മംഗലം തറവാടിന്റെ ടൈൽ പാകി മനോഹരമാക്കിയ മുറ്റത്ത് ചെന്ന് നിന്നു. 
 
പൊലീസ് ജീപ്പിന്റെ മുൻവശത്തെ ഡോർ തുറന്ന് പുറത്തിറങ്ങിയ പ്രതാപ് ചുറ്റുമൊന്ന് കണ്ണോടിച്ചു.
 
ബോഗണ് വില്ല പൂവുകൾ മതിലിനോട് ചേർന്ന് ഭംഗിയായി നട്ടിരിക്കുന്നു. മതിലിനോട് ചേർന്ന് പലതരം ചെടികൾ നട്ടിരിക്കുന്ന ചെടിച്ചട്ടികൾ ഭംഗിയായി വെച്ചിരിക്കുന്നു.
 
വീടിനോട് ചേർന്നുള്ള കാർ പോർച്ചിൽ ഒരു ബ്ലാക്ക് പോർഷെ കാർ പാർക്ക് ചെയ്തിരിക്കുന്നു.
 
ജീപ്പിൽ നിന്ന് ഇറങ്ങിയ സത്യനെയും സലീമിനെയും ജീപ്പിന്റെ അടുത്ത് നിർത്തി അനസിനും അനീഷിനും ഒപ്പം പ്രതാപ് വീടിന്റെ അടുത്തേക്ക് നടന്നു. സിറ്റൗട്ടിലെ ഡോർ ബെല്ലിൽ വിരൽ അമർത്തി കാത്ത് നിന്നു. 
 
അനസേ, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും കൃത്യമായി എഴുതി എടുക്കണം. ഒന്നും വിട്ടുപോകരുത്"
 
"സർ"
 
അകത്ത് നിന്ന് മുൻവശത്തെ ഡോർ തുറന്ന് സദാശിവമേനോൻ പുറത്തേക്ക് ഇറങ്ങി.
 
"വരു ഇൻസ്‌പെക്ടർ. ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു"
 
പ്രതാപ് മുൻപിലും അനീഷും അനസും പിറകിലുമായി അകത്തേക്ക് കയറി.
 
ലിവിങ് റൂം കിടന്നിരുന്ന സെറ്റി കണ്ടാൽ തന്നെ അറിയാം വിലകൂടിയ ഏതോ മരം കൊണ്ട് ഉണ്ടാക്കിയത് ആണെന്ന്. മൂലയിൽ ഇരുന്നിരുന്ന ഫ്ളവർ വേസിൽ ഏതോ വിലകൂടിയ ഒരു പൂവ് വെച്ച് അലങ്കരിച്ചിരിക്കുന്നു. 
 
വലിയൊരു ബിസിനസ്സ് സാമ്രാജ്യം ഉള്ള ഒരാളുടെ വീടിന്റെ എല്ലാ പെരുമയും ആ വീടിന്റെ ഓരോ ഭാഗത്തും തെളിഞ്ഞ് നിന്നിരുന്നു.
 
"സർ, നിങ്ങൾക്ക് കുടിക്കാൻ ചായയാണോ അതോ തണുത്തത് വല്ലതും മതിയോ.
 
"ഇപ്പോൾ ഒന്നും വേണ്ട. നമുക്ക് നേരിട്ട് കാര്യത്തിലേക്ക് കടക്കാം.
 
"സാറിന് എന്താ അറിയേണ്ടതെന്ന് വെച്ചാൽ ചോദിച്ചോളൂ.
 
"അഞ്ജന എന്തായിരുന്നു ചെയ്തിരുന്നത്. പഠിക്കുക ആയിരുന്നോ"
 
"അതേ സർ. അവൾ ബാംഗ്ലൂരിൽ btech പഠിക്കുകയായിരുന്നു"
 
"ഞങ്ങൾക്ക് ഇതുവരെ കിട്ടിയ തെളിവുകളും നിഗമനങ്ങളും വിരൽ ചൂണ്ടുന്നത്  അഞ്ജന ആത്‍മഹത്യ ചെയ്തു എന്നത്തിലേക്കാണ്"
 
അതും പറഞ്ഞ് പ്രതാപ് സദാശിവ മേനോന്റെ മുഖത്തേക്ക് നോക്കി.
 
അയാൾ അത് വിശ്വസിച്ചിട്ടില്ല എന്ന് ആ മുഖ ഭാവത്തിൽ നിന്ന് മനസിലായി.
 
"ഇൻസ്‌പെക്ടർ, ഞാൻ അന്ന് കണ്ടപ്പോൾ തന്നെ പറഞ്ഞില്ലേ. എന്റെ മകൾ ആത്മഹത്യ ചെയ്യില്ല. അവൾക്ക് അതിന്റെ ആവശ്യം ഇല്ല. അവൾ പറയുന്ന ഏതൊരു കാര്യവും ഞങ്ങൾ സാധിച്ചു കൊടുക്കാറുണ്ട്. അവളുടെ ഏറ്റവും വലിയ ഫ്രണ്ട് ഞാനാണ്. ഞാൻ അറിയാത്ത ഒരു രഹസ്യവും അവൾക്ക് ഇല്ല. എത്ര തിരക്ക് ആണെങ്കിലും ദിവസവും രാത്രി അര മണിക്കൂർ ഞാൻ അവളുമായി സംസാരിക്കാറുണ്ട്. അന്നത്തെ എല്ലാ വിശേഷങ്ങളും അവൾ എന്നോട് പറയാറുണ്ട്. അത് സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും. അങ്ങിനെ സംസാരിക്കുന്നതിൽ നിന്ന് ഇതേവരെ അവൾക്ക് ആത്‍മഹത്യ ചെയ്യേണ്ട ഒരു പ്രശ്നം ഉണ്ടെന്ന് തോന്നിയിട്ടില്ല.
 
"അഞ്ജന എന്നാണ് ബാംഗ്ലൂരിൽ നിന്ന് വന്നത്.
 
"കഴിഞ്ഞ രണ്ട് ആഴ്ചയായി അവൾ നാട്ടിൽ ഉണ്ട്. അവൾക്ക് അടുത്ത മാസം എക്സാം തുടങ്ങാൻ ഇരിക്കുകയാണ്. അതിന്റെ സ്റ്റഡി ലീവിന്റെ ഭാഗമായി വന്നതാണ്. 
 
"അഞ്ജനക്ക് ഏതെങ്കിലും പ്രണയ നൈരാശ്യമോ അങ്ങനെ എന്തെങ്കിലും.
 
"അതിന്റെ ആവശ്യം അവൾക്ക് ഇല്ല സർ. അവൾക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടങ്കിൽ അത് ആരാണെങ്കിലും ഞാൻ നടത്തി കൊടുക്കുമെന്ന് അവൾക്ക് നന്നായി അറിയാം. അത്കൊണ്ട് അതിന്റെ പേരിൽ ഒന്നും അവൾ ആത്മഹത്യ ചെയ്യില്ല. അവൾക്ക് ആരോടും പ്രണയമൊന്നും ഉണ്ടായിട്ടില്ല.
 
"താങ്കൾക്ക് എത്ര മക്കൾ ആണ്.
 
"രണ്ട് പേർ. ഒരു മകനും മകളും. മൂത്തത് മകൻ ആകാശ്. രണ്ടാമത്തേത് ആയിരുന്നു ചിന്നു.
 
ചിന്നു എന്നാണോ അഞ്ജനയെ വീട്ടിൽ വിളിച്ചിരുന്നത്.
 
അതേ സർ
 
മകൻ എവിടെ കാണുന്നില്ല. ഇവിടെ ഇല്ലേ.
 
അകത്തുണ്ട് സർ. അനിയത്തിയുടെ മരണം താങ്ങാൻ അവന് കഴിഞ്ഞില്ല. അവർ രണ്ടാളും വല്യ കൂട്ട് ആയിരുന്നു. ശവദാഹം കഴിഞ്ഞ് റൂമിൽ കയറി വാതിൽ അടച്ചതാണ്. പിന്നെ ഈ സമയം വരെ ഒന്നും സംസാരിച്ചിട്ടില്ല. ഇടക്കിടെ ചിന്നുവിന്റെ ഫോട്ടോയിൽ നോക്കി കുറെ നേരം ഇരിക്കും. ഇടക്ക് പൊട്ടി കരയും.
 
ഡോക്ടർമാരെ ആരെയും കാണിച്ചില്ലേ.
 
ഉവ്വ് സർ. അവർ പറഞ്ഞത് അനിയത്തി മരിച്ച ഷോക്ക് ആണ്. റിക്കവർ ആകാൻ സമയം എടുക്കും എന്നാണ്.
 
"താങ്കളുടെ ഭാര്യ..."
 
"അകത്തുണ്ട്, അവളും തളർന്ന് കിടപ്പാണ്. എഴുന്നേറ്റില്ല ഇതുവരെ. ഒരു മരണം കൊണ്ട് മൂന്ന് നഷ്ടങ്ങൾ ആണ് എനിക്ക് ഉണ്ടായത്. അതിന് പിന്നിൽ ആരാണെങ്കിലും അയാളെ കണ്ടെത്തണം ഇൻസ്‌പെക്ടർ"
 
"അഞ്ജന ആത്‍മഹത്യ ചെയ്തതാണ് എന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവും ഇല്ല. അതിന്റെ കാരണം എന്താണെന്ന് മാത്രമേ സംശയം ഉള്ളു"
 
"സർ, ഞാൻ വീണ്ടും പറയുന്നു, അവൾ ആത്‍മഹത്യ ചെയ്യില്ല. അവളെ ആരോ കൊന്നതാണ്"
 
"ഓക്കെ, വീ വിൽ ട്രൈ ഔർ ബെസ്റ്റ്"
 
"മ്" 
 
സദാശിവമേനോൻ ഒന്ന് ഇരുത്തി മൂളി.
 
"ഞങ്ങൾക്ക് അഞ്ജനയുടെ ഏറ്റവും അടുത്ത കൂട്ടുകാരുടെ ഡീറ്റൈൽസ് വേണം. കൂടാതെ അന്ന് അഞ്ജനയുടെ കൂടെ ഡ്രൈവിന് പോയ കൂട്ടുകാരുടെ ഡീറ്റൈൽസും വേണം. അവരുടെ അന്നത്തെ ആക്റ്റിവിറ്റിസ് അറിയാൻ ആണ്"
 
"അതിനെന്താ അവരുടെ ഡീറ്റൈൽസ് ഞാൻ സാറിന് നൽകാം"
 
"എല്ലാവരും നാട്ടിലുള്ളവർ ആണോ"
 
"അവൾക്ക് കൂട്ടുകാരികൾ എന്ന് പറയാൻ ഒരുപാട് ആളുകൾ ഒന്നുമില്ല. നാട്ടിൽ അഞ്ച് പേര് ആണ് ഉള്ളത്.  അവർ ചിലർ നാട്ടിൽ തന്നെ പഠിക്കുന്നവരും ചിലർ ജോലിയുള്ളവരും ആണ്. അവർ എല്ലാവരും ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്നവർ ആണ്. അതിൽ അവളുടെ ഏറ്റവും ക്ലോസ് ആയ മൂന്ന് പേര് ഉണ്ട്. എൻജിനിയറിങ് വരെ അവർ ഒരുമിച്ച് ആയിരുന്നു. അവർ എഞ്ചിനിയറിങ്ങ് പഠിച്ചത് മംഗലാപുരത്ത് ആയിരുന്നു. എഞ്ചിനിയറിങ്ങ് കഴിഞ്ഞപ്പോൾ അവർ രണ്ട് പേരും പഠനം നിർത്തി. ചിന്നു പീ ജി ചെയ്യാൻ ബാംഗ്ളൂരിലേക്കും പോയി. ബാക്കി രണ്ട് പേര് അവർ നാട്ടിൽ ഡിഗ്രി ചെയ്തവർ ആണ്. അതിൽ ഒരാൾ അതിന് ശേഷം ബി എഡ് എടുത്തു. അവർ ഇപ്പോൾ ടീച്ചർ ആണ്. മറ്റെയാൾക്ക് എന്തോ ചെറിയ ജോലിയുണ്ട്. ഇവളുടെ കൂടെ ബി ടെക്ക് പഠിക്കാൻ ഉണ്ടായിരുന്നവർക്ക് കൊച്ചിയിലെ ടെക്‌നോ പാർക്കിൽ ജോലിയുണ്ട്. അവരുടെ കൂടെയാണ് അവൾ രാത്രികളിൽ ഡ്രൈവിന് പോകാറുള്ളത്. കൂടുതലും ചെറായി ബീച്ചിൽ അവർ സ്ഥിരം റൂം എടുക്കുന്ന ഒരു റിസോർട്ട് ഉണ്ട്. അവിടെ ഒരു രാത്രി സ്റ്റേ ഉണ്ടാകും. പിറ്റേ ദിവസം ഉച്ചയോടെ തിരിച്ച് എത്തുകയാണ് പതിവ്. പക്ഷെ അന്ന് അവൾ മരിച്ച ദിവസം അതിൽ ഒരു മാറ്റം ഉണ്ടായിരുന്നു...
 
മുറു കൊടുങ്ങല്ലൂർ.

The revenge of a victim - 4

The revenge of a victim - 4

4.4
2820

#The_revenge_of_a_victim Part 4 ആദ്യ പാർട്ടുകളുടെ ലിങ്ക് താഴെ. "അതെന്താ അങ്ങിനെ പറഞ്ഞത് ? " "അന്ന് അവർ ഡ്രൈവിന് ഉണ്ടായിരുന്നില്ല. ചിന്നു മരിച്ച ദിവസം വൈകീട്ട് അവർ ഇവിടെ വന്നിരുന്നു. അപ്പോൾ അവരോട് സംസാരിച്ചപ്പോഴാണ് പറഞ്ഞത് അന്ന് അവർ ഡ്രൈവിന് പോയിരുന്നില്ലെന്ന്. അവർക്ക് അങ്ങിനെയൊരു പ്ലാൻ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് അവർ പറഞ്ഞത് ". "പിന്നെ അന്ന് അഞ്ജന എവിടേക്കാണ് പോയത് ? " "അതിനെ കുറിച്ച് അറിയില്ല സർ. ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. അതാണ് ഞാൻ പറഞ്ഞത് അവൾ ആത്‍മഹത്യ ചെയ്യില്ലെന്ന് ". "അങ്ങിനെ ചെയ്തതിന് വേറൊരു സാധ്യതയും കാണാൻ കഴിയില്ലേ ?  അതായത് അഞ്ജന