*The revenge of a Victim*
*Part 2*
"സി ഐ പ്രതാപ്"
ആളെ കണ്ടതോടെ മെഹർ പറഞ്ഞു.
നടന്നു വരുന്ന പ്രതാപ് ആ പരിസരം ആകെ വീക്ഷിച്ചു.
അനസും സത്യനും കൂടി ബോഡിയുടെ അടുത്ത് നിൽക്കുന്നുണ്ട്. അനസ് ബോഡിയുടെ കാര്യങ്ങൾ പരിശോധിക്കുന്നു. സത്യൻ അതെല്ലാം എഴുതിയെടുക്കുന്നു.
നഗരത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ആ സീനിലെ എല്ലാ ഭാഗങ്ങളും അയാളുടെ കാമറയിൽ പകർത്തുന്നു.
പട്രോൾ വണ്ടിയിലെ പൊലീസുകാർ ആളുകളെ നിയന്ത്രിക്കുന്നുണ്ട്.
അനീഷ് ആളുകളെ ചോദ്യം ചെയ്യുന്നത് സലീം എഴുതിയെടുക്കുന്നുണ്ട്.
സി ഐ അടുത്തെത്തിയതോടെ അനീഷ് സല്യൂട്ട് ചെയ്തു.
"എന്തായി അനീഷ് ബോഡി നോക്കിയോ? "
"സർ ബോഡി കണ്ടു. ഒരു 20 വയസ്സ് പ്രായമുള്ള പെണ്കുട്ടിയാണ് മരിച്ചിരിക്കുന്നത്. ബോഡിയിൽ പുറമേക്ക് മുറിവുകൾ ഒന്നുമില്ല".
"ആളെ തിരിച്ചറിഞ്ഞോ? "
"ഇല്ല സർ".
"മ്, കൊലപാതകം ആണോ അതോ ആത്മഹത്യയോ? "
"എന്താണെന്ന് ഉറപ്പിച്ച് പറയാൻ കഴിഞ്ഞിട്ടില്ല സർ. അനസ് നോക്കുന്നുണ്ട് ".
"തനിക്കപ്പോ എന്താണ് പരിപാടി ? "
"സർ. ബോഡി ആദ്യം കണ്ടവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു"
"അവർ ഇവിടെ നിന്ന് എവിടേക്കെങ്കിലും ഓടി പോകുമോ. ആദ്യം താൻ പോയി ബോഡി പരിശോധിക്ക്. ബാക്കി പിന്നെ"
"സർ"
അനീഷ് ബോഡിയുടെ അടുത്തേക്ക് പോയി.
"എടോ, ഫോറൻസിക് ടീമിനെ വിളിച്ചിരുന്നോ? "
"യെസ്. അവർ ഓൺ ദി വേ ആണ് "
"മ്"
അനീഷിന്റെ പിറകെ പ്രതാപും ബോഡിയുടെ അടുത്തേക്ക് നടന്നു.
സി ഐ വരുന്നത് കണ്ടപ്പോൾ ബാക്കിയുള്ള പോലീസുകാരും സല്യൂട്ട് ചെയ്തു. സല്യൂട്ട് സ്വീകരിച്ച പ്രതാപ് ബോഡിയുടെ അടുത്ത് ചെന്ന് തൊപ്പി ഊരി.
തൊപ്പി തിരികെ വെച്ചതിന് ശേഷം
"അനസേ, വല്ലതും കിട്ടിയോടാ? "
"പ്രത്യേകിച്ച് ഒന്നുമില്ല സർ. മുറിവുകളോ, ബലപ്രയോഗം നടന്ന ലക്ഷങ്ങളോ അങ്ങനെയൊന്നും കാണുന്നില്ല".
"ആളെ തിരിച്ചറിയാൻ പറ്റിയ വല്ലതും ഉണ്ടോ? "
"ഉവ്വ് സർ. കുട്ടിയുടെ ആണെന്ന് തോന്നുന്നു ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്".
"അതിൽ വല്ലതും ഉണ്ടോ? "
"ഞാൻ തുറന്നില്ല സർ".
"അനീഷേ അതൊന്ന് തുറന്ന് നോക്കേടോ"
അനീഷ് പേഴ്സ് വാങ്ങി തുറന്നു.
"സർ, ഇതിൽ ഈ കുട്ടിയുടെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്"
"അഡ്രസ്സ് നോക്കിയേ.."
"സർ. അഞ്ജന മേനോൻ. മംഗലം വീട്. നോർത്ത് പറവൂർ. എറണാകുളം"
"ഇത് വെച്ച് എങ്ങനെ ആളെ കണ്ടെത്തും? "
"സർ, ഈ അഡ്രസ്സ് കണ്ടിട്ട് മംഗലം ഗ്രൂപ്പിലെ ആരുടെയോ മകൾ ആണെന്ന് തോന്നുന്നു"
"അത് തനിക്ക് എങ്ങനെ മനസിലായി? "
"സർ, നോർത്ത് പറവൂരിൽ മംഗലം ഗ്രൂപ്പ് എന്ന പേരിൽ ഒരു ടീം ഉണ്ട്. വലിയ ബിസിനസുകാർ ആണ്"
"താൻ പറവൂർ സ്റ്റേഷനിൽ വിളിച്ച് ഈ അഡ്രസ്സ് ഒന്ന് അന്വേഷിക്കാൻ പറയ്. ഇപ്പോൾ തന്നെ"
"ശരി സർ"
പറവൂർ സ്റേഷനിലേക്ക് വിളിക്കാൻ അനീഷ് ഫോണുമായി മാറി നിന്നു.
"എടോ അനസേ, എന്തെങ്കിലും കിട്ടിയോ. അതോ ഇനി ആരെങ്കിലും കൊന്നിട്ട് ഇവിടെ കൊണ്ട് ഇട്ടത് ആണോ? "
"സർ. വണ്ടി വന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ ആളുകൾ കൂടിയപ്പോൾ ടയറിന്റെ പാടുകൾ ചിലപ്പോ മാഞ്ഞ് പോയത് ആകാനും സാധ്യത ഉണ്ട്"
"മ്"
അത് പറഞ്ഞ് പ്രതാപ് ബോഡിയുടെ ചുറ്റും നടന്നു. ബോഡിയിൽ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താൻ ആയില്ല. കണ്ണുകൾ തുറിച്ച് ആണ് ശരീരം കിടന്നിരുന്നത്.
അടുത്തിരുന്ന് പരിശോധിച്ചപ്പോൾ വസ്ത്രത്തിൽ എന്തോ പാട് ഉള്ളത് പോലെ തോന്നി.
"സർ"
"എന്തായി അനീഷ്. അവരെ വിളിച്ചോ"
"സർ. എസ് ഐ യെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അന്വേഷിച്ച് ഉടനെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു"
"ഗുഡ്"
പ്രതാപ് അനീഷിനോട് സംസാരിച്ചു കൊണ്ട് തന്നെ ബോഡിക്ക് ചുറ്റും നടന്നു. ബോഡി കിടക്കുന്നതിന് അല്പം അകലെ നിന്ന് കോളയുടെ ഒരു കുപ്പി കിട്ടി. അതിൽ അൽപം കോള ബാക്കി ഉണ്ടായിരുന്നു.
"അനീഷേ, ദാ ഇത് എടുത്തോളൂ"
അനീഷ് പോക്കറ്റിൽ നിന്ന് എടുത്ത ടിഷ്യു പേപ്പറിൽ ആ കുപ്പി പൊതിഞ്ഞ് എടുത്തു. അത് സത്യന്റെ കയ്യിൽ ഏൽപ്പിച്ചു.
"വിഷം അടിച്ചതാണെന്ന് തോന്നുന്നു. എന്തായാലും ഫോറൻസിക് ടീം വരട്ടെ. താൻ അവരെയൊന്ന് വിളിച്ചു നോക്കിക്കേ"
അനീഷ് അവരെ വിളിക്കാനായി ഫോൺ എടുത്തപ്പോൾ ഇങ്ങോട്ട് ഒരു കോൾ വന്നു.
"ഹലോ"
"........."
"അതേ സർ. ബൈപാസ് കഴിഞ്ഞ് എറണാകുളം റൂട്ടിലെ ഫസ്റ്റ് പാലം കഴിഞ്ഞ ഉടനെ ലെഫ്റ്റ്"
"..."
"ഓകെ സർ. താങ്ക് യൂ"
കോൾ കട്ടാക്കിയ അനീഷ് ഫോൺ പോക്കറ്റിലേക്ക് ഇട്ടു.
"സർ, അവർ ബൈപ്പാസിൽ ലാസ്റ്റ് സിഗ്നലിൽ എത്തിയിട്ടുണ്ട്. ഇപ്പൊ എത്തും"
അവർ സംസാരിച്ചു കൊണ്ട് നിൽക്കെ ഫോറൻസിക്കിന്റെ വണ്ടി അവിടേക്ക് എത്തി.
ഫോറന്സിക് ടീം വന്നതിന് ശേഷം അവരുടെ അന്വേഷണത്തിനായി അവർ ബോഡി പരിശോധിക്കാൻ തുടങ്ങി.
അതിനിടെ പ്രതാപ് എസ് പിയെ വിളിച്ച് കാര്യങ്ങൾ എല്ലാം അറിയിച്ചു.
"സർ"
"യെസ് അനീഷ്"
"പറവൂർ എസ് ഐ വിളിച്ചിരുന്നു. മംഗലം ഗ്രൂപ്പ് ചെയർമാൻ സദാശിവ മേനോൻ. അദ്ദേഹത്തിന്റെ മകളുടെ പേര് അഞ്ജന മേനോൻ എന്നാണ്. ഇന്നലെ രാത്രി ഫ്രണ്ട്സിനൊപ്പം നെറ്റ് റൈഡിന് പോയതാണ്. അവരുടെ പജീറോ കാറിൽ. ഇതേവരെ തിരിച്ച് എത്തിയിട്ടില്ല. പക്ഷെ ഇത് അവരുടെ മകൾ അല്ലെന്നാണ് അവർ പറയുന്നത്."
"എടോ, താൻ അവരുടെ നമ്പർ വാങ്ങിയെങ്കിൽ അവരോട് വന്ന് നോക്കാൻ പറയ്"
"നമ്പർ വാങ്ങിയിട്ടുണ്ട്, ഞാൻ അവരെ വിളിക്കാം"
അനീഷ് അവരെ വിളിക്കാനായി മാറി നിന്നു. സംസാരിച്ചു കഴിഞ്ഞ ശേഷം പ്രതാപിന്റെ അടുത്തേക്ക് വന്നു.
"സർ, ഞാൻ അവരെ വിളിച്ചിരുന്നു. ഈ സദാശിവൻ മേനോൻ സ്ഥലത്തില്ല. അയാൾ എറണാകുളത്ത് എവിടെയോ ആണ്. അത്കൊണ്ട് അഞ്ജനയുടെ സഹോദരൻ അജയ് വരുമെന്ന് ആണ് പറഞ്ഞത്"
"മ്, ടോ ഫോറന്സിക് ടീമിന്റെ പ്രൊസീജർ കഴിഞ്ഞാൽ ബോഡി പോസ്റ്റുമോർട്ടത്തിന് അയക്കണം. ബോഡി ഇവിടെ നിന്ന് എടുക്കുന്നത് അഞ്ജനയുടെ സഹോദരൻ വന്നതിന് ശേഷം മാത്രം മതി. അയാൾ വന്ന് ബോഡി ഐഡന്റിഫൈ ചെയ്തതിന് ശേഷം മാത്രമേ ബോഡി മാറ്റാൻ പാടുള്ളൂ. കേട്ടല്ലോ"
"സർ"
"എന്താടോ, ബോഡി കണ്ടവരെ ചോദ്യം ചെയ്തിട്ട് വല്ലതും കിട്ടിയോ? "
മെഹറും പങ്കജാക്ഷനും പറഞ്ഞ കാര്യങ്ങൾ അനീഷ് പ്രതാപിനോട് അവതരിപ്പിച്ചു.
"മ്, കൊലപാതകം എന്നതിന് പ്രത്യേകിച്ച് തെളിവുകൾ ഒന്നും ഇല്ലാലെ?? "
"ഇതു വരെ ഒന്നും കിട്ടിയിട്ടില്ല. ഫോറന്സിക് ടീമിന് ഇനി എന്തെങ്കിലും കിട്ടുമോ എന്നത് അവരുടെ പരിശോധന കഴിഞ്ഞാൽ അല്ലെ അറിയാൻ കഴിയൂ"
"മ്, അവിടുന്ന് കിട്ടിയ കുപ്പി അവരെ എൽപ്പിച്ചോ താൻ"
"ഇല്ല സർ. ഞാൻ അത് കൊടുത്തിട്ട് വരാം"
"താൻ അവിടെയൊക്കെ ഒന്നൂടെ നോക്ക്. ചിലപ്പോ വല്ലതും കിട്ടിയാലോ"
"ശരി സർ"
അനീഷ് ഫോറന്സിക് ടീമിന്റെ അടുത്തേക്ക് പോയി.
പ്രതാപ് പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കുറച്ച് നീങ്ങി നിന്ന് വലിക്കാൻ തുടങ്ങി.
അല്പം കഴിഞ്ഞതോടെ ഒരു വെളുത്ത ബെൻസ് കാറിൽ രണ്ട് പേർ വന്നു.
മാർക്കോപോളോയുടെ ഗ്രീനിൽ ബ്ലൂ ചെക്ക് കാഷ്വൽ ഷർട്ടും, അലൻസോളിയുടെ ബ്ലു ജീൻസും, ഡോക്ക് ആൻഡ് മാർക്ക് ഷൂവും ധരിച്ച ഒരാളും, ലിനന്റെ വൈറ്റ് ഷർട്ടും, വൈറ്റ് പാന്റും, വൈറ്റ് ഷൂവും ധരിച്ച മറ്റൊരാളും.
വന്നവർ നേരെ പ്രതാപിന്റെ അടുത്തേക്ക് ചെന്നു. അവരിൽ ഫുൾ വെള്ളായിട്ട ആൾ പ്രതാപിന് നേരെ കൈ നീട്ടി. അയാളുടെ മുഖത്ത് നല്ല പരിഭ്രമം ഉണ്ടായിരുന്നു.
"ആം അജയ് മേനോൻ, മംഗലം ഗ്രൂപ്പ് വൈസ് ചെയർമാൻ. മീറ്റ് മൈ കസിൻ ആകാശ് മേനോൻ"
അടുത്ത് നിന്നിരുന്ന ആളെ കാണിച്ച് കൊണ്ട് വന്നയാൾ പരിചയപ്പെടുത്തി.
"ആം പ്രതാപ് ചന്ദ്രൻ. സി ഐ ഓഫ് പോലീസ്"
"സർ. പപ്പയെ ഒരു എസ് ഐ അനീഷ് വിളിച്ചിരുന്നു. ഞങ്ങളുടെ സിസ്റ്ററുടെ ബോഡി ഇവിടെ ഉണ്ടെന്ന് പറഞ്ഞ്"
"നിങ്ങളുടെ സിസ്റ്റർ ആണോ എന്നറിയില്ല. ഇവിടെ ഒരു ബോഡി കിടക്കുന്നുണ്ട്. അതിനടുത്ത് നിന്ന് കിട്ടിയ പേഴ്സിൽ നിങ്ങളുടെ അഡ്രസ്സ് ആയിരുന്നു. പേര് അഞ്ജലി മേനോൻ. അതാണ് നിങ്ങളോട് വരാൻ പറഞ്ഞത്"
"സർ. ഞങ്ങളുടെ സിസ്റ്റർ ആകില്ല. കാരണം അവൾ ഇന്നലെ ഫ്രണ്ട്സിന്റെ ഒപ്പം ട്രിപ്പ് പോയിരിക്കുകയാണ്. അവൾ ഇടക്കിടെ അങ്ങിനെ പോകാറുള്ളതാണ്. ഉച്ചയോടെ മാത്രമേ തിരിച്ച് എത്തുകയുള്ളൂ. അങ്ങിനെയുള്ള ദിവസങ്ങളിൽ മിക്കവാറും അവളുടെ ഫോൺ ഓഫായിരിക്കും"
"ഓകെ, എന്തായാലും ഇത്ര വന്ന സ്ഥിതിക്ക് നിങ്ങൾ ആ ബോഡി ഒന്ന് നോക്ക്. നിങ്ങൾ അറിയുന്ന ആരെങ്കിലും ആണെങ്കിലോ"
പ്രതാപ് അനീഷിനെ വിളിച്ച് അജയ് മേനോനും ആകാശ് മേനോനും ബോഡി കാണാനുള്ള ഏർപ്പാടുകൾ ചെയ്യാൻ പറഞ്ഞ് ഏൽപ്പിച്ചു.
അവർ മൂന്ന് പേരും ബോഡിയുടെ അടുത്തേക്ക് പോയി.
അതേ സമയം ഒരാൾ പ്രതാപിന്റെ അടുത്തേക്ക് വന്നു.
"സർ, പാലത്തിന്റെ അപ്പുറത്ത് ഒരു വണ്ടി കിടക്കുന്നുണ്ട്. ഏതോ വില കൂടിയ വണ്ടിയാണ് ".
"അത് ആരെങ്കിലും പാർക്ക് ചെയ്തു പോയത് ആകും".
"സാറേ, ഇന്നലെ രാത്രി 11 മണിക്ക് ഞാൻ ഇതുവഴി പോകുന്നത് വരെ അവിടെ ആ വണ്ടി ഉണ്ടായിരുന്നില്ല. മാത്രമല്ല അങ്ങിനെയൊരു വണ്ടി ഈ പ്രദേശത്ത് ആദ്യമായിട്ടാണ് കാണുന്നത് ".
"അനസേ, അവിടെയൊരു വണ്ടി പാർക്ക് ചെയ്തിട്ടുണ്ടെന്ന് പറയുന്നു. ഇയാളുടെ കൂടെ പോയി ആ വണ്ടി ഏതാണെന്ന് നോക്കി വാ".
അനസിനെ വിളിച്ച് പ്രതാപ് വന്ന ആളുടെ കൂടെ പറഞ്ഞ് വിട്ടു.
അപ്പോഴേക്കും അനീഷ് പ്രതാപിന്റെ അടുത്തേക്ക് വന്നു.
"സർ, ബോഡി അവർ തിരിച്ചറിഞ്ഞു. അവരുടെ സിസ്റ്ററുടെ തന്നെയാണ് ".
"മ്, എന്തായി ഫോറന്സിക് ടീമിന്റെ പരിശോധന കഴിഞ്ഞോ? "
"ആൾമോസ്റ്റ് സർ".
പ്രതാപ് നോക്കുമ്പോൾ അജയും ആകാശും അവിടെ നിന്ന് ആർക്കൊക്കെയോ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറയുന്നുണ്ട്.
"അനീഷേ, അവരെ വിളിച്ച് അവരുടെ സിസ്റ്ററുടെ വണ്ടി, മൊബൈൽ നമ്പർ എന്നിവയുടെ ഡീറ്റൈൽസ് എടുക്കണം. മൊബൈൽ നമ്പർ കോൾ ഡീറ്റൈൽസ് സൈബറിൽ നിന്ന് എടുക്കാനുള്ള കാര്യങ്ങൾ ചെയ്യണം. മുകളിൽ പിടിപാടുള്ള ടീം ആണെങ്കിൽ നല്ല പ്രഷർ ഉണ്ടാകും. ഒരു പഴുതും ഇല്ലാതെ വേണം അന്വേഷണം മുന്നോട്ട് പോകാൻ".
"സർ".
അനീഷ് ആകാശിന്റെ അടുത്ത് ചെന്ന് ഫോണിന്റെയും വണ്ടിയുടെയും ഡീറ്റൈൽസ് എടുത്തു.
അപ്പോഴേക്കും അനസ് വണ്ടി നോക്കി തിരിച്ച് വന്നിരുന്നു.
"സർ, അത് ഒരു വൈറ്റ് കളർ പജീറോ ആണ്. എനിക്ക് തോന്നുന്നത് മരിച്ച പെണ്കുട്ടിയുടെ ആണെന്നാണ്".
"നമ്പർ എത്രയാണ്? "
"KL 07 01"
"വണ്ടി ലോക്ക് ആണോ? "
"അല്ല സർ".
"വണ്ടിയുടെ അകത്ത് നോക്കിയോ? "
"ഇല്ല സർ. മരിച്ച ആളുടെ ആണോ എന്നൊരു സംശയം തോന്നിയത് കൊണ്ട് വണ്ടി തുറന്നില്ല".
"ഗുഡ്. വാ നമുക്ക് നോക്കാം".
അപ്പോഴേക്കും അനീഷ് അടുത്തേക്ക് വന്നു.
"സർ, വണ്ടി നമ്പർ KL 07 01ആണ്. വൈറ്റ് പജീറോ".
"വണ്ടി അന്വേഷിച്ച് എങ്ങോട്ടും പോകേണ്ട. പാലത്തിന്റെ അപ്പുറം കിടക്കുന്നുണ്ട്. താൻ ആ ആകാശിനെ ഇങ്ങ് വിളിക്ക്. ഞങ്ങൾ വണ്ടിയുടെ അടുത്ത് ഉണ്ടാകും".
അനീഷ് ആകാശിനെ വിളിക്കാനായി പോയി.
പ്രതാപും, അനസും വണ്ടിയുടെ അടുത്തേക്ക് നടന്നു.
പ്രതാപ് പോക്കറ്റിൽ നിന്ന് തൂവാല എടുത്ത് വണ്ടിയുടെ ഡോർ തുറന്നു. അകത്ത് ആകെ പരിശോധിച്ചു.
പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല.
പ്രതാപും അനസും വണ്ടിയുടെ അകത്ത് നോക്കുമ്പോഴാണ് ആകാശും അനീഷും അങ്ങോട്ട് വന്നത്.
ആകാശിനെ കണ്ടപ്പോൾ;
"ആകാശ്, ഇത് നിങ്ങളുടെ സിസ്റ്ററുടെ വണ്ടി തന്നെയല്ലേ? "
നിറഞ്ഞ് തുളുമ്പിയ കണ്ണുനീരിനെ തുടച്ചു മാറ്റിക്കൊണ്ട്,
"അതേ സർ. പക്ഷെ അവൾ ഇന്നലെ പത്ത് മണിയോടെ കൂട്ടുകാരുമായി ട്രിപ്പ് പോയതാണ്. അവൾക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങൾ ഒന്നും തന്നെയില്ല സർ ".
"ആത്‍മഹത്യ ആണെന്നോ, കൊലപാതകം ആണെന്നോ ഇപ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ല. ഞങ്ങൾ അന്വേഷിക്കട്ടെ. ആളുടെ മൊബൈൽ മിസ്സിങ് ആണ്. അത് കിട്ടിയാൽ എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് നോക്കാം ".
"അവൾ ആത്മഹത്യ ചെയ്യില്ല സർ. ഉറപ്പാണ് ".
"ഞങ്ങൾ അന്വേഷിക്കട്ടെ ആകാശ്. വീട്ടുകാരെ വിവരം അറിയിച്ചിരുന്നോ? "
"യെസ് സർ. അച്ഛൻ ഓണ് ദി വേ ആണ്. ഉടനെ എത്തും ".
"ഒക്കെ. ആകാശ് വണ്ടിയിൽ പോയി ഇരുന്നോളൂ ".
ആകെ തളർന്ന് അവശനായി ആകാശ് അയാളുടെ വണ്ടിയുടെ അടുത്തേക്ക് പോയി.
"അനീഷേ, ആ ഫോറന്സിക് ടീമിനെ വിളിക്കണം. ബോഡി നോക്കി കഴിഞ്ഞാൽ അവരോട് ഈ വണ്ടി കൂടി നോക്കാൻ പറയണം ".
"സർ".
അനീഷ് ഫോറന്സിക് ടീമിനെ വിളിക്കാൻ പോയി.
പ്രതാപ് പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് എസ്പിയെ വിളിച്ച് കാര്യങ്ങൾ ഇതുവരെയുള്ളത് അറിയിച്ചു.
ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അനീഷ് അടുത്തേക്ക് വന്നു.
"സർ"
ഒരു മിനിറ്റെന്ന് കൈ കൊണ്ട് കാണിച്ച് പ്രതാപ് സംസാരം തുടർന്നു.
എസ് പിയോട് സംസാരിച്ച് അവസാനിപ്പിച്ച ശേഷം
"എന്താടോ? "
"സർ, ഫോറന്സിക് ടീമിന്റെ അവിടുത്തെ പരിശോധന കഴിഞ്ഞു".
"എന്താ അവർ പറയുന്നത് ? "
"സാറിനെ അവർ അന്വേഷിച്ചു."
പ്രതാപും അനീഷും ഫോറന്സിക്ക് ടീമിന്റെ അടുത്തേക്ക് ചെന്നു.
"എന്താ ജോസ്, എന്തായി, എന്തെങ്കിലും ഫൈൻഡിങ്‌സ് ? "
"നതിങ് പ്രതാപ്. പ്രത്യേകിച്ച് ഒന്നുമില്ല. ബോഡിയുടെ അടുത്ത് നിന്ന് കിട്ടിയ കുപ്പിയിൽ മൃതദേഹത്തിന്റെ അതേ വിരൽപാടുകൾ തന്നെയാണ് ഉള്ളത്. സോ, വിഷം കഴിച്ച് ആത്മഹത്യ അതാണ് ഫൈൻഡിങ്. കൂടുതൽ ഡീറ്റൈൽസ് പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ പറയാൻ കഴിയൂ".
"എത്ര സമയം ആയി മരിച്ചിട്ട് ? "
"ഏകദേശം ആറ് മണിക്കൂർ. ഇപ്പോൾ സമയം എട്ട് മുപ്പത്. അപ്പോൾ രാത്രി രണ്ടിനും മൂന്നിനും ഇടയിൽ ആയിരിക്കും മരണം നടന്നിട്ടുണ്ടാകുക".
"ഓകെ ജോസ്. ഇവർ ഇങ്ങോട്ട് വരാൻ ഉപയോഗിച്ച വണ്ടി പാലത്തിന്റെ അപ്പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. അത് കൂടി ഒന്ന് നോക്കണം. എന്തെങ്കിലും അതിൽ ഉണ്ടെങ്കിലോ? "
"നോക്കാം".
ജോസും ടീമും അനീഷും വണ്ടിയുടെ അടുത്തേക്ക് പോയി.
അൽപ സമയം കഴിഞ്ഞതോടെ ജോസ് തിരികെ എത്തി.
"പ്രതാപ്, വണ്ടിയിലും പ്രത്യേകിച്ച് ഒന്നും ഇല്ല. ഒരു ചെറിയ വിഷ കുപ്പി ഉണ്ട്. എനിക്ക് തോന്നുന്നത് ഈ കുപ്പിയിലെ വിഷം നേരത്തെ കിട്ടിയ കോളയുടെ കുപ്പിയിൽ കലക്കിയാണ് കുടിച്ചിരിക്കുന്നതെന്നാണ്. എന്തായാലും ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോകാം. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ കൂടുതൽ ഡീറ്റൈൽസ് തരാം".
"എനി ഫിംഗർ പ്രിന്റസ്? "
"നോ, ഒരെണ്ണം ഉള്ളത് സ്റ്റിയറിങ്ങിൽ ആണ്. അത് ഈ കുട്ടിയുടേത് തന്നെ ആണെന്ന് തോന്നുന്നു. എന്തായാലും അത് എടുത്തിട്ടുണ്ട്. അപ്‌ഡേറ്റ് തരാം".
അപ്പോൾ എസ് പിയുടെ കോൾ പ്രതാപിന് വന്നു.
മാറി നിന്ന് ഫോണിൽ സംസാരിച്ചതിന് ശേഷം പ്രതാപ് തിരികെ ജോസിന് അടുത്തേക്ക് എത്തി.
"ഡോഗ് സ്‌കോഡിനെ വിടാം എന്നാണ് എസ് പി സർ പറയുന്നത് ".
"അതിന്റെ ആവശ്യമില്ല, കാരണം പ്രത്യക്ഷത്തിൽ കൊലപാതകം എന്നതിന് ഒരു തെളിവ് പോലും ഇല്ല. മാത്രമല്ല, ആ വണ്ടിയിൽ പെർഫ്യൂം ഉപയോഗിച്ചിട്ടുണ്ട്. അത് കൊണ്ട് അവർ വന്നാലും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഒരു സമാധാനത്തിന് അവരെ കൊണ്ട് വരാം എന്ന് മാത്രം."
പ്രതാപ് എസ് പിയെ വിളിച്ച് ജോസ് പറഞ്ഞ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്തു.
"ഒകെ . ജോസ്. താങ്ക്സ് ഫോർ യുവർ വാല്യൂബിൾ ടൈം ".
അവർ സംസാരിച്ചു കൊണ്ടിരിക്കെ ഒരു പോർഷെ കാർ അവരുടെ അടുത്ത് വന്ന് നിന്നു. അതിന്റെ ബാക്ക് സീറ്റിൽ നിന്ന് ഒരു വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ പുറത്തേക്കു ഇറങ്ങി.
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അയാൾ പ്രതാപിന് അടുത്തേക്ക് നടന്നു.
"ഇൻസ്‌പെക്‌ടർ, എന്റെ മകൾ ആത്‍മഹത്യ ചെയ്യില്ല. അവളെ ആരോ കൊന്നതാണ്. അത് ആരാണെങ്കിലും എനിക്ക് അവനെ വേണം. അതിന് നിങ്ങൾക്ക് ഞാൻ എന്ത് വേണമെങ്കിലും തരാം"...
മുറു കൊടുങ്ങല്ലൂർ