പൂമംഗലം തറവാടിന്റെ രണ്ടാം നിലയിലെ ജനലിനരികിൽ, അകലങ്ങളിലേക്ക് കണ്ണു പായിച്ചു അക്ഷമനായി നിൽക്കുകയാണ് ഹരി -
പഴയ നാലുകെട്ടിന്റെ പ്രതാപം തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന തറവാട്......
രണ്ടാം നിലയുടെ മുകളിൽ നിന്ന് അകലങ്ങളിലേക്ക് നോക്കിയാൽ, പടിപ്പുര കടന്ന് ചുറ്റും പച്ചച്ചു നിൽക്കുന്ന നെൽപ്പാടങ്ങളാണ്......
ഇതിനിടെ അന്തരീക്ഷത്തിലൂടെ ഒഴുകിവരുന്ന ആരുടെയോ കരച്ചിൽ ഹരിയെ തെല്ലൊന്ന് അസ്വസ്ഥനാക്കി.
അയാൾ പുറത്തേക്ക് വീണ്ടും കണ്ണുകൾ പായിച്ചു.
തറവാടി നോട് ചേർന്നു നിൽക്കുന്ന ഒരു കൊച്ചു വീട്ടിൽ നിന്നാണ് ആ നിലവിളിയുടെ ശബ്ദം.
ആരൊക്കെയോ ആ മുറ്റത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്....
ചിലർ മുറ്റത്തു പന്തൽ ഇടാനുള്ള ഒരുക്കത്തിലാണ്........
ആദ്യം കേട്ട നിലവിളി വീണ്ടും ഉച്ചത്തിലായി.
ഈ സമയം മുകളിലത്തെ പടികൾ കയറി ആരോ നടന്നു വരുന്ന ശബ്ദം ഹരിയുടെ ചെവിയിൽ മുഴങ്ങി.
അമ്മയായിരുന്നു അത്.
" എന്താ കുട്ടി ഇങ്ങനെ ഇരിക്കുന്നത്...... ഒന്ന് അവിടെ വരെ ചെന്നു കൂടെ...... ഒന്നുമല്ലെങ്കിൽ നിങ്ങൾ ഒരുമിച്ച് കളിച്ചു വളർന്നവരല്ലേ...... ഉച്ചകഴിഞ്ഞ് ബോഡി കൊണ്ടു വരും എന്നാണ് പറഞ്ഞത്...... "
അമ്മയുടെ വാക്കുകൾക്ക് ഹരിയിൽ നിന്ന് മറുപടി ഉണ്ടായില്ല.
" എന്താ നിനക്ക് പറ്റിയത്...... " - അമ്മ വീണ്ടും ചോദിച്ചു.
" ഒന്നുമില്ല അമ്മേ...... അമ്മ താഴേക്ക് പോയി കൊള്ളൂ..... ഞാൻ വന്നു കൊള്ളാം...... "
ഹരിയെ എന്തോ അലട്ടുന്നുണ്ട് എന്ന് മനസ്സിലാക്കിയ അമ്മ മറ്റൊന്നും ചോദിക്കാൻ നിൽക്കാതെ താഴേക്ക് മടങ്ങി.
വീണ്ടും ഹരിയുടെ കണ്ണുകൾ ജനലഴികൾ ക്ക് പുറത്തേക്ക് പാഞ്ഞു.
അമ്മയുടെ വാക്കുകൾ അറിയാതെ ഹരിയുടെ മനസ്സിലേക്ക് ഓടിയെത്തി.
" ഒരുമിച്ച് കളിച്ചു വളർന്നവർ..... "
ശരിയാണ്....... ഒരുമിച്ച് കളിച്ചു വളർന്നവർ ഒത്തിരി പേരുണ്ടായിരുന്നു....... ആ മുഖങ്ങൾ എല്ലാം തന്നെ ഇന്നും തന്റെ മനസ്സിലുണ്ട്.....
പക്ഷേ ആതിര........
അവൾ ആരായിരുന്നു തനിക്ക്.......
മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ച പ്രണയം.......
രണ്ടു മനസ്സുകൾ മാത്രം അറിഞ്ഞ പ്രണയം.......
കുട്ടിക്കാലത്ത് കയ്യിൽ തൂക്കി പിടിച്ച പുസ്തക സഞ്ചിയുമായി, പാടത്തെ വരമ്പിലൂടെ, സ്കൂളിനെ ലക്ഷ്യമാക്കി നടന്ന ബാല്യം......
ക്ഷേത്രത്തിലെ ഉത്സവത്തിന്, അമ്പലപറമ്പിലെ താളമേളകാർക്കിടയിൽ ഒളി കണ്ണുകളോടെ തങ്ങൾ രണ്ടുപേരും നോക്കിനിന്നിട്ടുണ്ട്.......
കാച്ചിയ എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകളുമായി, അവൾ തന്റെ അരികിലൂടെ നടന്നു നീങ്ങുമ്പോൾ, പ്രണയം അറിയാതെ മൊട്ടിടുകയായിരുന്നു.
അപ്പോഴും അവൾ തന്നിൽ നിന്ന് അകലം പാലിച്ചു.
കാരണം തങ്ങളുടെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അന്തരം തന്നെ.
എന്താവശ്യത്തിനും ആതിരക്കും, കുടുംബത്തിനും തറവാട്ടിൽ വരാമായിരുന്നു. തന്റെ കുടുംബത്തിലെ ഒരംഗത്തിനെ പോലെയാണ് അവരെ തന്റെ അച്ഛനുമമ്മയും കണ്ടിരുന്നത്.
ആ നന്ദി എന്നും ആതിരയ്ക്ക് ഉണ്ടായിരുന്നു.
ബാല്യവും, കൗമാരവും, യൗവനവും വഴിമാറുമ്പോൾ, ആതിരയുടെ അകൽച്ച താൻ അറിയുന്നുണ്ടായിരുന്നു.
" ഹരിയേട്ടാ..... മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് നമുക്ക് ഇങ്ങനെയൊരു തീരുമാനം വേണോ...? "
അമ്പലനടയിൽ നിന്ന്, പ്രസാദവുമായി തൊഴുതുമടങ്ങുമ്പോൾ ആതിര ചോദിച്ചു.
ആ ചോദ്യത്തിന് പെട്ടെന്ന് ഒരു ഉത്തരം പറയാൻ തനിക്കും ആയില്ല.
കാരണം ആ ചോദ്യം പലയാവർത്തി താൻ, തന്നോടുതന്നെ ചോദിച്ചതാണ്......
വീട്ടിലറിഞ്ഞാൽ ഒരു പൊട്ടിത്തെറി ഉറപ്പാണ്.
" അതുകൊണ്ട് വേണ്ട ഹരിയേട്ടാ..... നമ്മുടെ നിലയും വിലയും നമ്മൾ നോക്കണം...... "
ആതിര യുടെ വാക്കുകൾ ഹരിയുടെ കാതുകളിൽ മുഴങ്ങി.
" ആതിരേ നീ ഒരു വാക്കു പറഞ്ഞാൽ........ "
എന്നാൽ ആ വാക്കുകൾ പൂർത്തിയാക്കാൻ ആതിര സമ്മതിച്ചില്ല.
" എന്നിട്ട് നമുക്ക് രണ്ടുപേർക്കും എന്ത് നേടാൻ സാധിക്കും ഹരിയേട്ടാ...... സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവരുടെ മനസ്സ് വേദനിപ്പിച്ചു കൊണ്ടുള്ള ഒരു സ്നേഹം നമുക്ക് വേണോ...... നമുക്ക് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ, നമ്മുടെ ബാല്യകാലവും ഇതുവരെയുള്ള ഈ ജീവിതവും പോരെ........ "
ആതിരയുടെ വാക്കുകൾക്ക് ഹരിക്ക് മറുപടിയുണ്ടായില്ല.
തന്റെ മനസ്സൊന്ന് അറിയാതെ ഇടറി.
പക്ഷേ അപ്പോഴും അവൾ പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു.
ആരും അറിയാതെ മനസ്സിൽ മൊട്ടിട്ട പ്രണയം, ആരും അറിയാതെ തന്നെ കെട്ടടങ്ങി.
കുറച്ചു നാളുകൾക്ക് മുൻപാണ് ഇതുപോലെ ഒരു പന്തൽ ആ വീട്ടുമുറ്റത്ത് ഉയർന്നത്.
അന്ന് ആതിരയുടെ വിവാഹമായിരുന്നു.
പുഞ്ചിരിയോടെ വന്ന്, അന്ന് യാത്ര ചോദിച്ച ആ മുഖം ഇന്നും തന്റെ കണ്മുൻപിൽ ഉണ്ട്....
അധികം താമസിയാതെ തന്റെ വിവാഹവും നടന്നു.
ഒരുപാട് സ്വപ്നങ്ങളുമായി, കുടുംബജീവിതത്തിലേക്ക് കയറിച്ചെന്ന ആതിരയെ വരവേറ്റത് ദുഃഖങ്ങളുടെ നീണ്ട നിരയായിരുന്നു......
മുഴുക്കുടിയനായ ഭർത്താവിനു മുന്നിൽ, കണ്ണീരോടെ അവൾ ജീവിതം ആടി തീർക്കുകയായിരുന്നു......
വീണ്ടും ഗോവണിപ്പടികളിൽ ആരുടെയോ കാൽപ്പെരുമാറ്റം.......
ഹരി കണ്ണുകൾ തുടച്ചു.
തിരിഞ്ഞുനോക്കുമ്പോൾ ഉമയാണ്..... തന്റെ ഭാര്യ.....
തന്റെ യും, ആതിര യുടെയും നിശബ്ദ പ്രണയം അറിയാവുന്ന മൂന്നാമത്തെ വ്യക്തി.....
വിവാഹ ജീവിതത്തിന്റെ ആദ്യനാളുകളിൽ താൻ എല്ലാം ഉമയോട് തുറന്നു പറഞ്ഞിരുന്നു.
തന്റെ കണ്ണുകളിലെ നനവ് അവൾ കണ്ടു.
" ബോഡി ഇപ്പോൾ എത്തും എന്നാണ് പറഞ്ഞത്..... വസ്ത്രം മാറ്..... നമുക്ക് അവിടെ വരെ ഒന്നു പോകാം...... "
ഉമ, ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.
ഇന്നലെയായിരുന്നു ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്രൂരമർദ്ദനം ആയിരുന്നു അവൾക്ക് ഏൽക്കേണ്ടിവന്നത്.
സൗഹൃദത്തിന്റെ സുഗന്ധം പരത്തിയ ഒരു കൊച്ചു പുഷ്പം, ഒരു നൊമ്പരത്തി പൂവായി മാറുന്നത് അയാൾ അറിഞ്ഞു.......
" ഹരിയേട്ടാ..... "
ഹരി മുഖമുയർത്തി ഉമയെ നോക്കി.
" നീ പോയാൽ മതി..... ഞാൻ വരുന്നില്ല.... "
ഉമ ആ കൈകളിൽ പിടിച്ചു.
" പ്രണയം ഒരു നോവായി മാറുന്നു അല്ലേ ഹരിയേട്ടാ....... "
ഹരി, ഉമയുടെ ചുമലിൽ കൈകൾ വച്ചു.
" ശരിയാണ്..... ആതിര യിലൂടെ പ്രണയം നോവായി മാറുമ്പോൾ, നിന്നിലൂടെ അതൊരു അനുഭവമായി മാറുന്നു..... നിശ്ചലമായി കിടക്കുന്ന ആ മുഖം കാണാൻ എനിക്ക് ആവില്ല ഉമേ..... "
ഉമ ആ കൈകളിൽ മുറുകെ പിടിച്ചു.
" ശരി ഹരിയേട്ടാ..... ഞാനും, അമ്മയും പോയിട്ട് വരാം...... "
ഉമ താഴേക്ക് പോകുന്നത് ഹരി നോക്കിനിന്നു.
ആ കൊച്ചു വീടിനു മുന്നിൽ ആൾക്കൂട്ടം നിറഞ്ഞിരിക്കുന്നു.
നിലവിളിയുടെ ശബ്ദം ഉച്ചത്തിലായി......
ആ വീട്ടുമുറ്റത്തേക്ക് നോക്കാൻ മനസ്സ് വരുന്നില്ല....... എത്രയോ തവണ പുഞ്ചിരിയുമായി നിൽക്കുന്ന അവളുടെ ആമുഖം ആ വീട്ടുമുറ്റത്ത് താൻ കണ്ടിരിക്കുന്നു.
ഹരിയുടെ കണ്ണുകൾ വയലേലകളിലേക്ക് പാഞ്ഞു.
അങ്ങകലേ വരമ്പിലൂടെ, പുസ്തക സഞ്ചിയുമായി നടന്നു നീങ്ങുന്ന കുട്ടികളുടെ ഒരു കൂട്ടം........
നഷ്ടപ്പെട്ട ഒരു ബാല്യവും, ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ച ഒരു പ്രണയവും ഹരിയുടെ മനസ്സിലേക്ക് അറിയാതെ ഓടിയെത്തി......
ഒപ്പം തന്നെ, കാച്ചിയ എണ്ണയുടെ സുഗന്ധവും പേറി ഒരു ഇളം കാറ്റ് അതിലൂടെ കടന്നു പോയി.
...................................... ശുഭം.............................