Aksharathalukal

ചുരം

Part 1

രാജീവൻ്റെ ഭാര്യയായി സുലോചന

കണ്ണാട്ടേക്ക് വരുമ്പോൾ അയാളുടെ ഏറ്റവും ഇളയ സഹോദരിക്ക് രണ്ട് വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു

ഒരു വർഷം മുമ്പാണ് ഗുരുവായൂരിൽ തൊഴാൻ പോയി തിരിച്ച് വരുമ്പോൾ രാജീവൻ്റെ അച്ഛനും അമ്മയും കുതിരാൻ കയറ്റത്തിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ബസ്സിനടിയിൽപെട്ട് മരിച്ചത്

അന്ന് കൈക്കുഞ്ഞായിരുന്ന പാറുക്കുട്ടി എന്ന് വിളിക്കുന്ന പാർവതി അവരോടൊപ്പമുണ്ടായിരുന്നെങ്കിലും, ബസ്സിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ച് വീണ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മാതാപിതാക്കളുടെ അകാലമരണം ,ഇരുപത്തിരണ്ട് വയസ്സുള്ള രാജീവനെയും, അയാളുടെ താഴെയുള്ള ഏഴാം ക്ളാസ്സുകാരി അർച്ചനയെയും അഞ്ചാം ക്ളാസ്സുകാരൻ പ്രവീണിനെയും ഒപ്പം പാർവ്വതിയെയും അനാഥരാക്കി.

കഴിഞ്ഞ ഒരു വർഷത്തോളം അമ്മാവൻമാരുടെയും, ഇളയമ്മയുടെയുമൊക്കെ വീടുകളിൽ മാറി മാറി നിന്നെങ്കിലും അവരുടെയൊക്കെ കുത്ത് വാക്കുകൾ സഹിക്കവയ്യാതെ രാജീവൻ സഹോദരങ്ങളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു

പ്ളസ് ടു പഠനം കഴിഞ്ഞ് അല്ലറ ചില്ലറ ജോലികൾക്കൊക്കെ പൊയിക്കൊണ്ടിരുന്ന രാജീവന്,അർച്ചനയും, പ്രവീണും പഠിക്കാൻ പോയി കഴിയുമ്പോൾ, പാറുക്കുട്ടിയെ തനിച്ചാക്കി ജോലിക്ക് പോകാൻ പ്രയാസമായി .

അപ്പോഴാണ് രാജീവൻ്റെ അച്ഛമ്മ ഒരു പോംവഴി കണ്ടത്

രാജീവൻ ഒരു വിവാഹം കഴിച്ചാൽ ,പാറുവിനെ നോക്കാൻ മാത്രമല്ല, പ്രായമായി വരുന്ന അർച്ചനയുടെ കാര്യങ്ങൾ നോക്കാനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ലെന്നും അത് കൊണ്ട് എത്രയും വേഗം അവനൊരു പെണ്ണ് കണ്ടെത്തണമെന്നും രാജീവൻ്റെ കൊച്ചച്ഛൻമാരോട് അവർ നിർദ്ദേശിക്കുകയായിരുന്നു.

പക്വതയില്ലാത്ത ഇരുപത്തിരണ്ട്കാരൻ പയ്യന് എന്ത് വിശ്വസിച്ചാണ് മകളെ കല്യാണം കഴിച്ച് കൊടുക്കുന്നതെന്ന് പല പെൺകുട്ടികളുടെയും മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചപ്പോൾ, ഒരു പാട് ആലോചനകൾ വന്നെങ്കിലും ഇരുപത്തിനാല് വയസ്സ് കഴിഞ്ഞിട്ടും മംഗല്യഭാഗ്യമില്ലാതെ

നില്ക്കുന്ന സുലോചനയെ കെട്ടിച്ച് കൊടുക്കാമെന്ന്, അവളുടെ മാതാപിതാക്കൾ രാജീവൻ്റെ, കൊച്ചച്ചൻമാരോട് പറയുകയായിരുന്നു.

ഇരുപത്തിനാലിൽ മംഗല്യം നടന്നില്ലെങ്കിൽ സുലോചനയ്ക്ക് പിന്നെ നാല്പത് കഴിഞ്ഞേ വിവാഹ യോഗമുണ്ടാകു എന്ന്, ജ്യോത്സ്യൻ പറഞ്ഞതും കൂടി കണക്കിലെടുത്താണ് സുലോചനയുടെ മാതാപിതാക്കൾ, മകളെക്കാൾ പ്രായം കുറഞ്ഞ ചെറുക്കനെ മരുമകനാക്കാൻ നിർബന്ധിതരായത്.

രാജീവൻ്റെ കല്യാണം കഴിഞ്ഞ് നേരം ഇരുട്ടുന്നതിന് മുൻപ് തന്നെ ബന്ധുക്കളൊക്കെ പിരിഞ്ഞ് പോയപ്പോൾ കണ്ണാട്ട് വീട്ടിൽ അവരോടൊപ്പം അച്ഛമ്മ മാത്രമായി.

രാത്രിയായപ്പോൾ അത്താഴം കഴിഞ്ഞ് ഉറങ്ങാൻ

കോട്ട് വായിട്ട് കൊണ്ടിരുന്ന, അർച്ചനയോടും ,

പ്രവീണിനോടും തൻ്റെ മുറിയിൽ പോയി പായ വിരിച്ച് കിടന്നോളാൻ ,അച്ഛമ്മ പറഞ്ഞു

ഇനി വല്യേട്ടൻ്റെ കൂടെ കിടക്കുന്നത് ഏടത്തിയമ്മയും പാറുക്കുട്ടിയും മാത്രമായിരിക്കും, ഇന്ന് മുതൽ നിങ്ങളെൻ്റെ കൂടെയും ,

എന്താ അങ്ങനെ പോരെ ?

അച്ഛമ്മ ഒരു കാര്യം തീരുമാനിച്ചതിന് ശേഷമായിരിക്കും അഭിപ്രായമാരായുന്നതെന്നറിയാവുന്നത് കൊണ്ട്, എതിർപ്പൊന്നും പ്രകടിപ്പിക്കാതെ ഇരുവരും കൂടി അച്ഛമ്മയുടെ മുറിയിലേക്ക് പോയി.

എല്ലാവരും കഴിച്ച എച്ചിൽ പാത്രങ്ങൾ കഴുകി വെച്ച്, അടുക്കള തൂത്ത് വാരി പാതകപ്പുറവും തുടച്ച് വൃത്തിയാക്കിയതിന് ശേഷമാണ്, സുലോചന മുറിയിലേക്ക് വന്നത്.

അപ്പോൾ രാജീവൻ കട്ടിലിൽ കിടന്ന് പാറുക്കുട്ടിയെ കളിപ്പിക്കുകയായിരുന്നു.

സുലോചനയെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റു.

അവിടിരിക്ക് രാജീവേട്ടാ ... എന്തിനാ എന്നെ കണ്ട് എഴുന്നേല്ക്കുന്നത് ?,

ഭർത്താവിനെ ഭാര്യയാണ് ബഹുമാനിക്കേണ്ടത്,

സുലോചന തന്നെ ഏട്ടനെന്ന് സംബോധന ചെയ്തത്, രാജീവനിൽ നേരിയ ജാള്യതയുണ്ടാക്കി.

അല്ലാ ഞാനെന്താ വിളിക്കേണ്ടത്?

അയാൾ സുലോചനയുടെ നേർക്ക് വിരൽ ചൂണ്ടി ചോദിച്ചു.

വീട്ടിലെല്ലാവരും സുലൂന്നാ വിളിക്കുന്നത്, ഏട്ടനും അങ്ങനെ വിളിച്ചാൽ മതി

ഉം ശരി, എങ്കിൽ സുലു ഇവിടെ വന്നിരിക്കു, ഉറക്കം വരുന്നില്ലെങ്കിൽ, കുറച്ച് നേരം നമുക്ക് എന്തേലുമൊക്കെ സംസാരിച്ചിരിക്കാം

അത് കേട്ട് സുലോചനയ്ക്ക് ഉള്ളിൽ ചിരി പൊട്ടി.

അതിന്, ആദ്യരാത്രിയിൽ ആരെങ്കിലും ഉറങ്ങുമോ രാജീവേട്ടാ .. നേരം വെളുക്കും വരെ നമുക്ക് സംസാരിക്കാൻ സമയമുണ്ടല്ലോ? ആദ്യം ഞാനൊന്ന് പോയി കുളിച്ചിട്ട് വരട്ടെ, ദേഹമാസകലം ചെളിയാണ്

ഉം, അപ്പോഴേക്കും ഞാൻ പാറുക്കുട്ടിയെ ഒന്നുറക്കട്ടെ

അയാളൊരു കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ, രാജീവന് ആദ്യരാത്രിയെ കുറിച്ചൊക്കെ നല്ല ധാരണയുണ്ടെന്ന് അവൾക്ക് മനസ്സിലായി.

കുളി കഴിഞ്ഞ് ,ധരിച്ചിരുന്ന വസ്ത്രങ്ങളും തിരുമ്പി, പുറത്തെ അയയിൽ വിരിച്ചിട്ടിട്ടാണ് ,സുലോചന മുറിയിലേക്ക് തിരിച്ച് വന്നത്.

അപ്പോൾ രാജീവൻ കട്ടിലിൽ മലർന്ന് കിടന്ന് കൂർക്കം വലിക്കുന്നതും, പാറുക്കുട്ടി കയ്യിലിരുന്ന ഐയ് ബ്രോ കൊണ്ട്, അയാളുടെ മുഖത്തും നെഞ്ചത്തുമൊക്കെ കളം വരയ്ക്കുന്നതും കണ്ട്, അവൾക്ക് ചിരി വന്നു.

ഇതെന്താ പാറു നീ കാട്ടണെ? വല്യേട്ടനെ മേയ്ക്കപ്പ് ചെയ്യുവാണോ ?

സുലോചന വാത്സല്യത്തോടെ പാറുവിനെ കോരിയെടുത്തു.

നമുക്ക് ഉറങ്ങണ്ടേ? ഇങ്ങനെ കളിച്ചോണ്ടിരുന്നാൽ മതിയോ?

ഏടത്തിയമ്മ പാട്ട് പാടി തരാം പാറുട്ടി ഉറങ്ങണ ട്ടോ?

അവൾ കുഞ്ഞിനെ തോളിലേക്ക് ചായ്ച്ച് കിടത്തിയിട്ട്, മുറിക്ക് വെളിയിലേക്കിറങ്ങി ,

ഉമ്മറത്തെ നീളമുള്ള വരാന്തയിൽ മന്ദം മന്ദം നടന്ന് കൊണ്ട്, കുഞ്ഞിൻ്റെ പുറത്ത് തട്ടി പഴയൊരു സിനിമയിലെ താരാട്ട് പാട്ട് പാടി കൊടുത്തു.

പുറത്ത് ഇളം കാറ്റ് വീശുന്നതും, മുറ്റത്ത് വീണ് കിടക്കുന്ന കരിയിലകൾ പറക്കുന്നതും, കണ്ടപ്പോൾ ,ഇടയ്ക്കവൾ ആകാശത്തേയ്ക്ക് നോക്കി.

അപ്പോൾ അർദ്ധ ചന്ദ്രൻ മേഘക്കീറിനുള്ളിലേക്ക് പാലായനം ചെയ്യുന്നത്, കൗതുകത്തോടെ സുലോചന നോക്കി നിന്നു.

തോളിൽ കിടന്ന പാറുവിൻ്റെ നിശ്വാസം തൻ്റെ പിൻകഴുത്തിൽ തട്ടിയപ്പോൾ, കുഞ്ഞുറങ്ങിയെന്ന് മനസ്സിലാക്കിയ സുലോചന,

മുറിയിലേക്ക് തിരിച്ച് വന്നു.

അപ്പോഴും രാജീവൻ ഗാഡ നിദ്രയിലായിരുന്നു.

പാവം, പകല് മുഴുവൻ എല്ലാ കാര്യങ്ങൾക്കും, ഒറ്റയ്ക്കല്ലേ ഓടി നടന്നത്, അതിൻ്റെ ക്ഷീണം ണ്ടാവും, കിടന്നോട്ടെ ശല്യപ്പെടുത്തേണ്ട

പാറുവിനെ നടുക്ക് കിടത്തിയിട്ട് സുലോചന, കട്ടിലിൻ്റെ ഒഴിഞ്ഞ് കിടന്ന ഭാഗത്ത് കയറി കിടന്നു.

അവൾക്കും ക്ഷീണമുണ്ടായിരുന്നത് കൊണ്ടാവാം, കിടന്നയുടനെ തന്നെ സുലോചന ഉറക്കത്തിലേക്ക് വീണു.

പാതിരാത്രിയിലെപ്പോഴോ അസഹ്യമായ വേദനയാലവൾ ഞെട്ടിയുണർന്നു.

തൻ്റെ മുഖത്ത് പതിക്കുന്ന ചൂട് ശ്വാസവും, തന്നെ വരിഞ്ഞ് മുറുക്കുന്ന തഴമ്പിച്ച കൈകളും, രാജീവൻ്റെതാണെന്ന് തിരിച്ചറിയാൻ, അവൾക്ക് അല്പനേരം വേണ്ടിവന്നു.

ഭാഗം-2

ഏട്ത്തിയമ്മ പൊഴേല് കുളിക്കാൻ വരണുണ്ടോ?

അതിരാവിലെയെഴുന്നേറ്റ് മുറ്റമടിച്ച് കൊണ്ടിരിക്കുമ്പോൾ അർച്ചനയുടെ ചോദ്യം കേട്ട് സുലോചന ചൂലുമായി നിവർന്ന് നിന്നു.

തലേ രാത്രിയിലെ രാജീവൻ്റെ പരാക്രമത്തിൽ ചോർന്ന് പോയ, മനസ്സിൻ്റെയും, ശരീരത്തിൻ്റെയും ഊർജ്ജം വീണ്ടെടുക്കണമെങ്കിൽ,

തല തണുക്കെ , ഒന്ന് മുങ്ങിക്കുളിക്കണമെന്ന് മനസ്സിൽ വിചാരിച്ചിരിക്കുകയായിരുന്നവൾ.

വീട്ടിൽ വച്ച് എന്നും രാവിലെ എഴുന്നേറ്റാൽ ,ആദ്യം തന്നെ മുറ്റമടിക്കുന്ന ശീലമുള്ളത് കൊണ്ടാണ്, കുളിച്ച് അടുക്കളയിൽ കയറേണ്ടതിന് പകരം, ചൂലുമെടുത്ത് കൊണ്ട് ഉമ്മറത്തേക്ക് വന്നത്.

എന്താ ആലോചിക്കണേ വരണുണ്ടെങ്കിൽ വേഗം വാ കുറച്ച് കഴിഞ്ഞാൽ ലോറിക്കാര് എൻജിൻ തണുപ്പിക്കാൻ കടവിലെത്തും പിന്നെ നമുക്ക് സ്വസ്ഥമായിട്ട് കുളിക്കാൻ കഴിയില്ല

അർച്ചന ,അക്ഷമയോടെ ചോദ്യം ആവർത്തിച്ചപ്പോൾ സുലോചന ചൂല് കൊണ്ട് പോയി പുറകിലെ ചാർത്തിൽ വച്ചിട്ട് അകത്ത് കയറി ഉടുത്ത് മാറാനുള്ള മുണ്ടും ലോങ്ങ് ബ്ളൗസുമെടുത്തിട്ട് അവളോടൊപ്പം പുഴക്കരയിലേക്ക് നടന്നു .

ചെങ്കല്ല് ചെത്തിമിനുക്കിയ ഒറ്റയടി പാതയിലൂടെ, ധൃതി പിടിച്ച് നടക്കുമ്പോൾ, തെന്നി വീഴാതിരിക്കാനായി, സുലോചന, അർച്ചനയുടെ തോളിൽ അമർത്തി പിടിച്ചു.

എടീ അർച്ചനേ.. ഇതാണോ രാജീവൻ്റെ കെട്ടിയോള്?

കഴുകിപ്പിഴിഞ്ഞ വസ്ത്രങ്ങളടങ്ങിയ പ്ളാസ്റ്റിക്ക് ബക്കറ്റ് തൂക്കിപ്പിടിച്ച് കൊണ്ട് എതിരെ വന്ന, മുലക്കച്ച കെട്ടിയൊരു മദ്ധ്യവയസ്ക, സുലോചനയെ സാകൂതം വീക്ഷിച്ച് കൊണ്ട് ചോദിച്ചു.

ഉം അതെ, ഇതാണ് ഞങ്ങടെ ഏടത്തിയമ്മ, സുലോചനേന്നാ പേര്

തൻ്റെ തോളോട് ചേർന്ന് നിന്ന് കൊണ്ട് അർച്ചനയത് പറഞ്ഞപ്പോൾ സുലോചനയ്ക്ക് സന്തോഷം തോന്നി.

ഓഹ് അവടെയൊരു പവറ് കണ്ടില്ലേ? ഇപ്പോ നെനക്ക് സന്തോഷായില്ലേ പെണ്ണേ ?ഇനീപ്പോ അമ്മ ഇല്ലാത്തേൻ്റെ കേദമൊന്നും വേണ്ടാ ,അമ്മേടെ സ്ഥാനത്തിരുന്നോണ്ട് ഈ പെൺകൊച്ച് നിങ്ങളെ നോക്കിക്കോളും, അല്ലേടി മോളേ..

അത് കേട്ട് സുലോചന ഒന്ന് മന്ദഹസിച്ചു.

ങ്ഹാ സുലോചനേ.. നിനക്ക് കൊച്ചുങ്ങളുണ്ടാവുമ്പോൾ നീയിവരോട് പോരൊന്നുമെടുത്തേക്കരുത് കേട്ടാ, തന്തേം തള്ളേമില്ലാത്ത പിള്ളേരാണ് ,അത് മറക്കരുത്, ഞാൻ പറഞ്ഞന്നേയുള്ളു, എന്നാ ഞാൻ പൊക്കോട്ടെ,

കാർന്നോരിപ്പോ

എണീറ്റുണ്ടാവും

ഇടത് കൈയ്യിൽ നിന്നും ബക്കറ്റ് വലത് കൈയ്യിലേക്ക് മാറ്റിപ്പിടിച്ച് കൊണ്ട് അവര് മുകളിലേക്ക് കയറി പോയി.

ഔചിത്യബോധമില്ലാത്ത ആ സ്ത്രീയോട് സുലോചനയ്ക്ക് അമർഷം തോന്നി.

ഏടത്തിയമ്മ അവര് പറഞ്ഞതൊന്നും കാര്യാക്കണ്ട നാക്കിന് എല്ലില്ലാത്തവരാ

സുലോചനയുടെ മുഖത്ത് ഇരുള് പരന്നത് കണ്ട് അർച്ചന അവളെ ആശ്വസിപ്പിച്ചു.

കുളിക്കടവിൽ നല്ല തിരക്കുണ്ടായിരുന്നു

അർച്ചനയോടൊപ്പം കടവിലെത്തിയ സുലോചനയെ അവിടെയുണ്ടായിരുന്ന പെണ്ണുങ്ങൾ കൗതുകത്തോടെയാണ് നോക്കിയത് .

ഇത്രേം നെറമുള്ള പെണ്ണുങ്ങളാരും നമ്മുടെ നാട്ടിലുണ്ടാവില്ല അല്ലേ ജാനൂ

ഒന്ന് മുങ്ങി നിവർന്ന ജാനുവിൻ്റെ പുറത്ത് ചകിരി കൊണ്ട് തേച്ച് കൊടുക്കുന്നതിനിടയിൽ അയൽക്കാരി മറിയ അടക്കം പറഞ്ഞു

ഉം നേരാ മറിയേ... പനങ്കുലപോലത്തെ ആ മുടി കണ്ടില്ലേ? എനിക്ക് മനസ്സിലാവാത്തത് അതല്ല, ആ നരന്ത് ചെക്കന് ഈ തങ്കക്കുടം പോലത്തെ പെൺകൊച്ചിനെ എന്ത് കണ്ടിട്ടാണ് കെട്ടിച്ച് കൊടുത്തതെന്നാ, കല്യാണത്തിന് രാജീവൻ്റെയൊപ്പം നിന്നപ്പോൾ അവൻ കരിവിളക്ക് പോലെയും

ഈ കൊച്ച് നിലവിളക്ക് പോലെയുമാ ഇരുന്നത്

അത് പിന്നെ പെൺമക്കള് കെട്ട് പ്രായം കഴിഞ്ഞ് നിന്നാൽ എല്ലാ മാതാപിതാക്കളും ഇത് പോലെ കടുകൈ ചെയ്ത് പോകും

അങ്ങനെ നിങ്ങള് രാജീവനെ മാത്രം കുറ്റം പറയണ്ടാ .. ഒന്നുമില്ലേലും അവനൊരു കൊച്ച് പയ്യനല്ലേ? പെണ്ണാണെങ്കിൽ

അവനെക്കാളും അഞ്ചാറ് വയസ്സ് മൂത്തതാണെന്നാ ഞാൻ കേട്ടത്, രണ്ടും കൂടി മണ്ഡപത്തീ നിന്നിട്ട് അനുജനേം ചേച്ചിയേം പോലെയാ എനിക്ക് തോന്നിയത്

അവരുടെ സംസാരം കേട്ട് അടുത്ത് നിന്ന വിലാസിനി ഏറ്റ് പിടിച്ചു

ഓഹ് അതിനെന്താ ?അത് കൊണ്ട് പെണ്ണ് പെറാതിരിക്കത്തൊന്നുമില്ലല്ലോ

മറിയേടെ തമാശ കേട്ട് മൂവരും കൂടി പൊട്ടിച്ചിരിച്ചു.

എന്തായാലും പുഴക്കടവിൽ കുളിക്കാനും നനയ്ക്കാനും വരുമ്പോൾ പരദൂഷണം പറയാൻ പുതിയൊരു ഇരയെ കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നവർ.

കുളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ സുലോചനയ്ക്ക് , വീടിൻ്റെ തെക്കേ പുറത്ത് നിന്ന് കൊണ്ട് സ്ളാബ്മതിലിൻ്റെ ചുവട്ടിലേക്ക് മൂത്രമൊഴിക്കുന്ന രാജീവനെ കണ്ട് മ്ളേച്ഛത തോന്നി

എന്താ രാജീവേട്ടാ ഈ കാണിക്കുന്നത്? തൊട്ടടുത്തല്ലേ ടൊയ്ലറ്റുള്ളത്, അതിനകത്ത് കയറി മൂത്രമൊഴിച്ചാലെന്താ ഇതൊരു മാതിരി സ്റ്റാൻഡേർഡില്ലാത്ത പോലെ

സുലോചന നീരസത്തോടെ അയാളോട് പറഞ്ഞു.

ഓഹ്,ഞാനതോർത്തില്ല, പണ്ട് മുതലേയുള്ള ശീലമാണ് ,പിന്നെ... ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് വന്നത് കൊണ്ട് ,ഇന്നലെ എൻ്റെ കല്യാണം കഴിഞ്ഞ കാര്യം പോലും ഇപ്പോഴാ ഞാനോർത്തത് ,സാരമില്ല ഇനി ഞാൻ ശ്രദ്ധിച്ചോളാം

ഇളിഭ്യനായി കൊണ്ടയാൾ പറഞ്ഞു.

ഉം ശരി എങ്കിൽ പോയി മുഖം കഴുകിയിട്ട് വാ ഞാൻ ചായ എടുത്ത് തരാം

അല്ല നീ അടുക്കളയിലോട്ട് പോകുവാണോ ?നീയടുത്ത് വന്നപ്പോൾ ,രാധാസ് സോപ്പിൻ്റെ നല്ല വാസനയുണ്ട് നമുക്ക് കുറച്ച് നേരം മുറിയിലിരുന്ന് സംസാരിച്ചിട്ട് നിനക്ക് കുറച്ച് കഴിഞ്ഞ് അടുക്കളയിൽ കയറിയാൽ പോരെ?

അയ്യോ അത് പോരാ കുട്ടികൾക്ക് രാവിലെ വിശക്കില്ലേ? ഞാൻ പോയി ദോശയുണ്ടാക്കട്ടേ? നേരമിത്രയായിട്ടും ഞാനിത് വരെ അടുക്കളയിൽ കയറിയില്ലെന്നറിഞ്ഞാൽ അച്ചമ്മ എന്ത് കരുതും സംസാരമൊക്കെ നമുക്ക് പിന്നീടാവാം

അവൻ്റെ മറുപടി കിട്ടുന്നതിന് മുമ്പ് അവൾ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി.

ഇന്നലെ ഇത് പോലെ സംസാരിക്കണമെന്ന്

പറഞ്ഞയാളാണ്, ഒന്നും മിണ്ടാതെ കിടന്നുറങ്ങിയിട്ട് ,പാതിരാത്രിയായപ്പോൾ തന്നോട് ക്രൂരമായി പെരുമാറിയത് ,അതിനെക്കുറിച്ചോർത്തപ്പോൾ അവൾക്ക് , ഉള്ളിലേറ്റ മുറിവുകളിലൊക്കെ കടുത്ത നീറ്റലനുഭവപ്പെട്ടു.

അടുക്കളയിൽ കയറി എല്ലാവർക്കുമുള്ള ചായ തിളപ്പിച്ചിട്ട് രാജീവനുള്ള ചായ അവൾ ,അർച്ചനയുടെ കയ്യിലാണ് കൊടുത്ത് വിട്ടത്

ദോശ ചുട്ട് കൊണ്ടിരിക്കുമ്പോൾ പാറുക്കുട്ടിയുടെ കരച്ചില് കേട്ടു

അർച്ചനേ... ദേ പാറൂട്ടി കരയുന്ന കേട്ടില്ലേ? വല്യേട്ടനെവിടെപോയതാന്ന് നോക്കിയേ?

സ്കൂളിൽ പോകാൻ യൂണിഫോം ധരിച്ചോണ്ടിരുന്ന അർച്ചനയോട് സുലോചന വിളിച്ച് പറഞ്ഞു.

ഏട്ടനിത് എന്ത് നോക്കിയിരിക്കുവാ, കുഞ്ഞ് കരയുന്നത് കേട്ടൂടെ?

മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന രാജീവനോട് കയർത്തിട്ട് , അർച്ചന പാറുവിനെ എടുത്ത് കൊണ്ട് അടുക്കളയിലേക്ക് പോയി.

ഏടത്തിയമ്മേടെ പാറൂട്ടൻ എണീറ്റോ ?വിശക്കുന്നുണ്ടോടാ വാവേ... ഏട്ത്തിയമ്മ ഇപ്പോൾ പാല് കാച്ചി തരാട്ടോ ,

പാറുകുട്ടിയെ കണ്ട സുലോചന അരുമയോടെ അവളുടെ കവിളിലൊരുമ്മ കൊടുത്തു.

അർച്ചനേ... കുഞ്ഞിനെ കൊണ്ട് പോയി അച്ഛമ്മയെ ഏല്പിച്ചിട്ട് മോളൊരുങ്ങിക്കോ ഏട്ത്തിയമ്മ നിങ്ങൾക്ക് കൊണ്ട് പോകാനുള്ള ലഞ്ച് ബോക് സൊക്കെ അപ്പോഴേക്കും എടുത്ത് വയ്ക്കാം

സുലോചനയുടെ ചുറുചുറുക്കും ഉത്തരവാദിത്വബോധവും അർച്ചനയിൽ അത്ഭുതമുളവാക്കി

ശരിക്കും അമ്മയെ പോലെ തന്നെയാണ് ഏട്ത്തിയമ്മയെന്ന് ഒരു നിമിഷം അവളോർത്ത് പോയി.

സുലോചന വളരെ പെട്ടെന്നാണ് ആ വീടുമായിട്ട് ഇണങ്ങി ചേർന്നത്.

പ്രവീണും, അർച്ചനയും സ്കൂളിലേക്ക് പോയി കഴിഞ്ഞപ്പോൾ അച്ഛമ്മയുടെ കയ്യിലിരുന്ന് പാല് കുടിച്ച് കഴിഞ്ഞ പാറുവിനെയുമെടുത്ത് കൊണ്ട് സുലോചന മുറിയിലേക്ക് ചെന്നു.

തൻ്റെ കാൽപെരുമാറ്റം കേട്ടിട്ടും മൊബൈലിൽ തന്നെ കണ്ണ് നട്ടിരിക്കുന്ന രാജീവൻ്റെ അരികിലേക്ക് ,അയാളെന്താണ് കാണുതെന്നറിയാൻ സുലോചന ജിജ്ഞാസയോടെ ചെന്നു.

അയ്യേ... ഇതെന്താ രാജീവേട്ടാ .. ഈ കണ്ടോണ്ടിരിക്കുന്നത്? ഇത്തരം വൃത്തികെട്ട വീഡിയോസൊക്കെ കണ്ടിട്ടാണല്ലേ ഇന്നലെ എന്നോടങ്ങനെയൊക്കെ പെരുമാറിയത് ,ശ്ശെ എനിക്കിത് കണ്ടിട്ട് അറപ്പ് തോന്നുന്നു ഒന്ന് മാറ്റുന്നുണ്ടോ രാജീവേട്ടാ...?

അവൾ അസഹ്യതയോടെ ചോദിച്ചു .

ഓഹ് സോറി നിനക്കിതൊന്നുമിഷ്ടമല്ലായിരുന്നല്ലേ?എൻ്റെ കൂട്ടുകാരാ പറഞ്ഞത്, ചില പെണ്ണുങ്ങളൊക്കെ ഇത് കാണാറുണ്ടെന്ന്

ഓഹോ അപ്പോൾ നിങ്ങടെ കൂട്ടുകാരും വെറും തല്ലിപ്പൊളികളാണല്ലേ?എന്നാൽ കേട്ടോ എനിക്കിതൊന്നും ഇഷ്ടമല്ലെന്ന് മാത്രമല്ല, ഇനി മേലാൽ നിങ്ങടെ ഫോണിൽ ഇത്തരം വീഡിയോകളൊന്നും ഇനി ഉണ്ടാവാനും പാടില്ല വേഗം അതെല്ലാം ഡിലിറ്റ് ചെയ്തോ,

ഇതെങ്ങാനും പ്രവീണോ, അർച്ചനയോ കണ്ടാലെന്താകും അവസ്ഥ ,ഈ വീട്ടിൽ ആകെ കൂടി ഈ ഒരൊറ്റ ഫോണല്ലേയുള്ളു ,നിങ്ങളെന്താ രാജീവേട്ടാ ഇത്രയും പക്വതയില്ലാതെ പെരുമാറുന്നത്

സുലോചന ക്ഷോഭത്തോടെ ചോദിച്ചു.

ഓഹ് ഒന്ന് ക്ഷമിക്ക് സുലൂ.. എനിക്കൊരബദ്ധം പറ്റിയതാന്ന് പറഞ്ഞില്ലേ ?ഇതാ എല്ലാം കളഞ്ഞിട്ടുണ്ട് പോരെ?

അയാൾ അവൾക്ക് നേരെ മൊബൈല് നീട്ടിക്കൊണ്ട് പറഞ്ഞു

ഈശ്വരാ.. താഴെയുള്ള മൂന്ന് കുട്ടികളെ മാത്രമല്ല, താൻ നോക്കി വളർത്തേണ്ടത് ശരിക്കും തൻ്റെ ഭർത്താവിനെ വേണം ആദ്യം നേരെയാക്കാൻ

തൻ്റെ മുന്നിലുള്ളത് വലിയൊരു വെല്ലുവിളിയാണെന്ന തിരിച്ചറിവ് അവളെ ആശങ്കപ്പെടുത്തി.

ഭാഗം-3

സുലൂ.. ദേ നിൻ്റെ വീട്ടീന്ന് വിളിക്കുന്നു

അലക്കാനുള്ള തുണികൾ സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുമ്പോഴാണ്, രാജീവൻ അയാളുടെ ഫോണുമായി അവളുടെയടുത്തേയ്ക്ക് വന്നത്.

അമ്മയായിരിക്കും ഞാനിത് വരെ അങ്ങോട്ടൊന്ന് വിളിച്ചില്ലല്ലോ?

കുറ്റബോധത്തോടെ അവൾ ഫോൺ വാങ്ങി ചെവിയിൽ വച്ചു.

ഹലോ അമ്മേ ..

ങ്ഹാ മോളേ .. നീ പോയപ്പോർ നിൻ്റെ ഫോണും കൂടി കൊണ്ട് പോയിരുന്നെങ്കിൽ ഞാനിപ്പോൾ രാജീവൻ്റെ ഫോണിൽ വിളിക്കേണ്ടി വരുമായിരുന്നോ?

അതിനെന്താ അമ്മേ ... രാജീവേട്ടനിപ്പോൾ ഇവിടെ തന്നെയുണ്ടല്ലോ? രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടേ, ജോലിക്ക് പോയി തുടങ്ങുകയുള്ളു

തനിക്ക് ഫോൺ തന്നിട്ട് രാജീവൻ വീടിനകത്തേയ്ക്ക് കയറി പോയെന്ന്, എത്തി നോക്കി ഉറപ്പ് വരുത്തിയിട്ടാണ്, സുലോചന അമ്മയോട് പിന്നീട് സംസാരിച്ചത്.

ങ്ഹേ, നീയെന്താ പറഞ്ഞത് രാജീവേട്ടനോ? നീയങ്ങനാണോ അവനെ വിളിക്കുന്നത് ?എനിക്ക് കേട്ടിട്ട് എന്തോ പോലെ

കൊള്ളാം അമ്മേ.. പ്രായത്തിനിളയതാണെങ്കിലും അദ്ദേഹം എൻ്റെ ഭർത്താവല്ലേ?

മ്ഹും .. ഭർത്താവ് ,അതെത്ര കാലത്തേക്കാണെന്ന് നിനക്കറിയാമല്ലോ? അവനുമായി നീയൊന്ന് പിണങ്ങുന്നത് വരെ മാത്രം, ഇന്ന് രാവിലെയും കൂടി

നിൻ്റെ അച്ഛൻ പറഞ്ഞതേയുള്ളു ,

വേണ്ടാത്ത പണിയായി പോയെന്ന്

ഇത് കേട്ടാൽ തോന്നും, എൻ്റെ നിർബന്ധം കൊണ്ടാണ്

ഈ കല്യാണം നടത്തിയതെന്ന്, ജാതകം നോക്കിയ ജോത്സ്യൻ പറഞ്ഞിട്ടല്ലേ?, അല്ലാതെ എനിക്കിതിലൊന്നും വലിയ വിശ്വാസമുണ്ടായിട്ടല്ല, ചെറുപ്പം മുതലേ എൻ്റേതെന്ന് വിശ്വസിച്ചു പോന്ന , അരുണേട്ടനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാണ്, ഈ കോപ്രായങ്ങൾക്കൊക്കെ ഞാൻ കൂട്ടു നിന്നത്

ഡീ .. മോളേ .. ഒന്ന് പതുക്കെ പറ, അവനെങ്ങാനും കേട്ടോണ്ട് വരും, ഇതാ ഞാൻ നേരത്തെ പറഞ്ഞത്, നിൻ്റെ ഫോൺ ആയിരുന്നെങ്കിൽ, എനിക്ക് പേടി ഇല്ലായിരുന്നു ,ഇതിപ്പോൾ നമ്മൾ പറയുന്നതെങ്ങാനും അവൻ്റെ ഫോണിൽ റെക്കോർഡ് ആകുമോന്നാണ് എൻ്റെ പേടി,

ഓഹ്, അതൊന്നും ഇല്ലമ്മേ.. ഇതൊരു പൊട്ട ഫോണാണ്, മാത്രമല്ല ,അതിനുള്ള ബുദ്ധിയൊന്നും പുള്ളിക്കാരനില്ല

ങ്ഹാ, ഇപ്പോഴാ എനിക്ക് സമാധാനമായത്, ഇന്നലെ ഇവിടെ അരുണും, അമ്മായിയും കൂടി വന്നിരുന്നു, അവൻ നിന്നെ വിളിക്കാൻ നോക്കിയപ്പോൾ, ഫോൺ ഇവിടെ ഇരിക്കുന്നു, നീ എപ്പോഴാ ഇങ്ങോട്ട്

വരുന്നതെന്ന് അവൻ ചോദിച്ചു

ഞാൻ വരാം അമ്മേ.. അരുണേട്ടനോട്, എൻ്റെ അന്വേഷണം പറഞ്ഞേക്ക്

ശരി മോളേ.. നിനക്കവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ?

ഓ എന്ത് ബുദ്ധിമുട്ട് ?അഥവാ ഉണ്ടെങ്കിലും സഹിച്ചല്ലേ പറ്റൂ?

എല്ലാം, നിൻ്റെയും അരുണിൻ്റെയും നല്ല ജീവിതത്തിന് വേണ്ടിയല്ലേ മോളേ?നീ ദീർഘസുമംഗലി ആയിരിക്കാനല്ലേ നമ്മൾ ഈ കളിയൊക്കെ കളിക്കുന്നത്?

അതെനിക്കറിയാം അമ്മേ.. എന്നാലും,

കുറച്ചു നാളത്തേത്തേക്കാണെങ്കിലും അരുണേട്ടനെ ഞാൻ വഞ്ചിക്കുകയാണല്ലോ, എന്നൊരു തോന്നൽ

മോൾ അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട, ജോത്സ്യൻ പറഞ്ഞത് ഓർമയുണ്ടല്ലോ? നിൻ്റേത് പാപജാതകമാണെന്നും

നിന്നെ വിവാഹം കഴിക്കുന്ന ആദ്യ ഭർത്താവുമായി നീ കലഹിച്ച് ,വിവാഹബന്ധം വേർപെടുത്തുമെന്നും, എന്നാൽ രണ്ടാമത് നിന്നെ കല്യാണം കഴിക്കുന്ന ആളുമായി മാത്രമേ സുസ്ഥിരമായൊരു

ദാമ്പത്യജീവിതം നിനക്കുണ്ടാവുകയുള്ളുവെന്നും പറഞ്ഞതു കൊണ്ടല്ലേ? അരുണിൻ്റെ സമ്മതത്തോടെ, നമ്മൾ ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്?

എല്ലാം നല്ലതിന് വേണ്ടി മാത്രമാണെന്ന് ചിന്തിച്ചിരിക്ക് മോളെ..

ഉം ശരിയമ്മേ.. അപ്പാൾ ഇനി വരുമ്പോൾ നേരിട്ട് കാണാം

അമ്മയുമായി സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ സുലോചനയുടെ മനസ്സ് സംഘർഷഭരിതമായിരുന്നു,

ഒരേ സമയത്ത് താൻ,

രണ്ടു പേരെയാണ് വഞ്ചിക്കുന്നതെന്ന് അവൾക്ക് തോന്നി.

ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാൻ വേണ്ടി മാത്രം കുറച്ചുനാളത്തേക്ക് മറ്റൊരു പുരുഷനോടൊപ്പം കഴിയേണ്ടി വരിക, അങ്ങനെ ജീവിക്കുമ്പോൾ, തൻ്റെ ശരീരം കാത്തുസൂക്ഷിക്കുന്നത്, വലിയ വെല്ലുവിളിയാണെന്ന് അറിയാമായിരുന്നെങ്കിലും, എന്തെങ്കിലുമൊക്കെ തടസ്സങ്ങൾ പറഞ്ഞ് ,തമ്മിൽ പിരിയുന്നത് വരെ , രാജീവനെ തൻ്റെ ശരീരത്തിൽ നിന്നും അകറ്റി നിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു താൻ , പക്ഷേ അപ്രതീക്ഷിതമായ

അയാളുടെ ആക്രമണത്തിൽ ചെറുത്തുനിൽക്കാൻ തനിക്കായില്ല, ഇനി മറ്റൊരു പുരുഷൻ അനുഭവിച്ച ശരീരവുമായി, അരുണേട്ടൻ്റെയൊപ്പം ജീവിതകാലം മുഴുവൻ കഴിയേണ്ടിവരുമല്ലോ, എന്ന കുറ്റബോധം, അവളെ വല്ലാതെ വേട്ടയാടി.

അല്ല ,താനെന്തിനാ അങ്ങനെ ചിന്തിക്കുന്നത് ?ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നവരൊക്കെ, സ്വാഭാവികമായും അങ്ങനെ തന്നെയല്ലേ ജീവിക്കുന്നത്, അതിലിത്ര തെറ്റായി ചിന്തിക്കാൻ, എന്താണുള്ളത്?

സ്വയം സമാധാനിക്കാൻ ശ്രമിച്ച് കൊണ്ട്, അവൾ കുനിഞ്ഞ് നിന്ന് തുണി കഴുകാൻ തുടങ്ങി.

എന്തായാലും നനഞ്ഞു,

ഇനി കുളിച്ച് കയറുന്നത് വരെ ,രാജീവനും ,വീട്ടുകാർക്കും സംശയത്തിനിട നല്കാതെ വേണം, മുന്നോട്ട് പോകാൻ ,തമ്മിൽ പിരിയാനുള്ള ജനുവിനായ

ഒരു കാരണം ഉണ്ടാകുന്നത് വരെ ,താൻ ജാഗ്രത പാലിച്ചേ മതിയാകു, അതിനിനിയും തൻ്റെ അഭിനയം തുടരേണ്ടി വരും,

അശുഭ ചിന്തകൾക്കെതിരെ സ്വയം ന്യയീകരിച്ച് കൊണ്ട് പ്രത്യാശയോടെ സുലോചന തൻ്റെ ദൗത്യം തുടർന്നു.

######$$$$#########

വല്യേട്ടാ ... നാളെയാണ് കോൺടാക്ട് ഡേ, സ്കൂളിൽ കൃത്യം പത്ത് മണിക്ക് തന്നെ എത്തിയേക്കണേ

ടിവി കണ്ട് കൊണ്ടിരുന്ന രാജീവൻ്റെ അടുത്ത് വന്ന് പ്രവീൺ പറഞ്ഞു

നാളെയോ? നാളെയെനിക്ക് ജോലിക്ക് പോകണ്ടേ? ഒരു കാര്യം ചെയ്യ്, നീ ഇളയച്ഛനെയെങ്ങാനും കൂട്ടിക്കൊണ്ട് പോകാൻ നോക്ക്

അയ്യോ ഏട്ടാ.. ഇളയച്ഛന് ഒപ്പിടാനൊന്നും അറിയില്ല കഴിഞ്ഞ പ്രാവശ്യം

വന്നിട്ട് ആകെ നാണക്കേടായി ,വല്യേട്ടൻ വന്ന് ഒപ്പിട്ടിട്ട് പൊയ്ക്കോ?ഏട്ടന് പണിക്ക് പോകണ്ടതാണെന്ന് ടീച്ചറോട് പറഞ്ഞാൽ മതി

അതൊന്നും ശരിയാവത്തില്ല എനിക്ക് കുറച്ച് ദൂരെയാ പണിയുള്ളത് ,നിൻ്റെ സ്കൂളിൽ വന്നിട്ട് പോകുമ്പോൾ സമയം കഴിഞ്ഞ് പോകും

ഞാൻ പിന്നെ എന്ത് ചെയ്യും

പ്രവീൺ സങ്കടത്തോടെ നിന്നു.

ആഹ് എനിക്കറിയത്തില്ല

രാജീവൻ കൈ മലർത്തി

ഇതെന്തോന്നാ രാജീവേട്ടാ... അവൻ പറയുന്നത് കാര്യമല്ലേ?

സുലൂ.. നിനക്കറിയില്ലേ? സമയത്ത് ചെന്നില്ലെങ്കിൽ പിന്നെ മുതലാളി അന്നത്തെ ദിവസം ജോലിക്ക് കയറ്റത്തില്ല

നീ വിഷമിക്കേണ്ട ,പ്രവീ... ഏടത്തിയമ്മ വരാം നിൻ്റെ കൂടെ

സത്യമാണോ ഏടത്തിയമ്മേ ..

അവൻ അത്ഭുതത്തോടെ ചോദിച്ചു.

അതേടാ... നീ ധൈര്യമായിട്ട് പോയിരുന്ന് പഠിക്ക് ,ഞാനേറ്റു

എങ്കിൽ ഞാൻ കൂട്ടുകാരോടും ടീച്ചറോടുമൊക്കെ ഏടത്തിയമ്മ എൻ്റെ സ്വന്തം അമ്മയാണെന്ന് പറഞ്ഞോട്ടെ? കൂട്ടുകാരെല്ലാം അമ്മയോടൊപ്പമോ അച്ഛനോടൊപ്പമോ ആണ് വരുന്നത് ,അപ്പോൾ എനിക്ക് അമ്മയില്ലെന്നൊരു തോന്നലുണ്ടാവാതിരിക്കാനാ അങ്ങനെ ചോദിച്ചത്

അത് കേട്ട് സുലോചനയുടെ ഉള്ളൊന്ന് പിടഞ്ഞു ,

മാതാപിതാക്കളുടെ വേർപാട് അവനെ എത്രമാത്രം അലട്ടുന്നുണ്ടാവും ,അവന് നഷ്ടമായ അമ്മയുടെ കുറവ് തനിക്കൊരിക്കലും നികത്താനാവില്ലെന്നറിയാം, എങ്കിലും അവൻ്റെ സമാധാനത്തിന് തനിക്കവൻ്റെ ആഗ്രഹത്തിന് കൂട്ട് നിന്നേ മതിയാകു,

നീ ധൈര്യമായിട്ട് പറഞ്ഞോടാ ഞാൻ നിൻ്റെ അമ്മ തന്നെയാണ്

പുറമേ തകർത്തഭിനയിക്കുമ്പോഴും സുലോചനയുള്ളിൽ കുറ്റബോധം ഫണം വിടർത്തിയാടിക്കൊണ്ടിരുന്നു.

#######$$$$######$$$

ഈ സമയം, സുലോചനയുടെ മുറച്ചെറുക്കനായ അരുൺ ,നഗരത്തിലെ തിരക്കേറിയ ബാറിനുളളിൽ, കൂട്ടുകാരനോടൊപ്പം, പതഞ്ഞ് പൊങ്ങിയ തണുത്ത ബിയറ് മൊത്തി കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു.

എന്നാലും അളിയാ..

നിന്നെ ഞാൻ സമ്മതിച്ചു ,പണക്കാരിയായ പുതിയ കാമുകിയെ സ്വന്തമാക്കാൻ വേണ്ടി, പണമില്ലാത്ത മുറപ്പെണ്ണിനെ ഒഴിവാക്കാൻ നീ കാണിച്ച ബുദ്ധി അപാരം തന്നെ, അതിന് വേണ്ടി നീ ,എൻ്റെ അമ്മാവനെ തന്നെ കരുവാക്കിയല്ലോടാ ദുഷ്ടാ...

അതിന് ചുമ്മാതൊന്നുമല്ല, നിൻ്റെ അമ്മാവൻ എനിക്ക് വേണ്ടി കവടി നിരത്തിയതും, കളവ് പറഞ്ഞതും, അങ്ങേർക്ക് ഞാൻ രൂപാ അയ്യായിരമാണ് എണ്ണികൊടുത്തത് ,

അറിയാമോ?

എന്നാലുമെന്താടാ, നീരജയെ സ്വന്തമാക്കുന്നതോടെ, നീ പിന്നെ ലക്ഷപ്രഭുവല്ലേ? ഒറ്റമകളായ അവളുടെ അച്ഛൻ്റെ സ്വത്ത് മുഴുവൻ നിനക്കുള്ളതല്ലേ? സ്വന്തം കമ്പനിയിൽ അസിസ്റ്റൻറ് മാനേജരായി ജോലി ചെയ്യുന്നത്, മകളുടെ കാമുകനാണെന്ന കാര്യം,

പാവം ആ തന്ത അറിയുന്നില്ലല്ലോ, എൻ്റെ കർത്താവേ...

എടാ, എടാ.. മതി നിർത്ത്,

ഈ അരുൺ എന്തേലുമൊന്നാഗ്രഹിച്ചാൽ, അത് നേടിയിരിക്കും, അതിനിനി മുറപ്പെണ്ണിനെ ചതിച്ചിട്ടാണേലും ശരി ,

ഹല്ല പിന്നെ, കണ്ടവൻ്റെ കൂടെ കുറേ നാള് കിടന്നിട്ട് വന്നവളേ, ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് കരുതിയിരിക്കുവാണ്,

എൻ്റെ കൺട്രിയായ അമ്മാവനും, അമ്മായിയും, അതിന് വച്ച വെള്ളമങ്ങ് വാങ്ങി വയ്ക്കത്തേയുള്ളു, ഈ അരുണിന്നോടാ കളി,

സ്വയം പുകഴ്ത്തി കൊണ്ട്, കയ്യിലിരുന്ന ബിയർ ഗ്ളാസ്സ് അരുൺ വായിലേക്ക് കമഴ്ത്തി.

ഭാഗം- 4

എന്ത് പറ്റി സുലൂ? നീയെന്താ എഴുന്നേറ്റിരിക്കുന്നത്, ഉറക്കം വരുന്നില്ലേ?

പാതിരാത്രിയിൽ എന്തോ ശബ്ദം കേട്ടുണർന്ന രാജീവൻ കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന സുലോചനയെ കണ്ട്, ജിജ്ഞാസയോടെ ചോദിച്ചു.

ഓഹ് വല്ലാത്ത വയറ് വേദന, കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല

ങ്ഹേ ? കുറെ നേരമായോ നീ എഴുന്നേറ്റിട്ട്? പിന്നെന്താ എന്നെ ഇത് വരെ വിളിക്കാതിരുന്നത് ,ശരി നീ ഇരിക്ക്, ഞാനപ്പുറത്ത് പോയി അച്ഛമ്മയുടെ മുറിയിലിരിക്കുന്ന ദശമൂലാരിഷ്ടം, എടുത്തോണ്ട് വേഗം വരാം

അയാൾ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു

ഇത്, അതിൻ്റെയൊന്നുമല്ല ,

സാധാരണ പെണ്ണുങ്ങൾക്കുണ്ടാകാറുള്ളതാണ്, എനിക്കിപ്രാവശ്യം കുറച്ച് താമസിച്ച് വന്നത് കൊണ്ട് ബ്ളീഡിംങ്ങും കുറച്ച് കൂടുതലാണ് ,വയറിനകത്താണെങ്കിൽ കമ്പിപ്പാര കുത്തിയിറക്കുന്ന വേദനയും, സഹിക്കാൻ പറ്റുന്നില്ല

അടിവയറിൽ ഇരു കൈകളും അമർത്തിപ്പിടിച്ച് കൊണ്ട് സുലോചന കുനിഞ്ഞിരുന്നു.

ഇനിയെന്ത് ചെയ്യും സുലൂ.. സാധാരണ ഇങ്ങനെയുണ്ടാകുമ്പോൾ നീയെന്താ ചെയ്യുന്നേ?

വെള്ളം തിളപ്പിച്ച് ചൂട് പിടിച്ചാൽ കുറച്ചാശ്വാസം കിട്ടും, പക്ഷേ ഇവിടുന്നെഴുന്നേറ്റു പോകാൻ പോലും കഴിയുന്നില്ല നിങ്ങളൊരു കാര്യം ചെയ്യ്, അർച്ചനയെ വിളിച്ചിട്ട് എനിക്ക് കുറച്ച് വെള്ളം തിളപ്പിച്ച് തരാൻ പറയ്

അർച്ചനയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്? അവള് കിടന്നുറങ്ങിക്കോട്ടെ, നാളെയവൾക്ക് പരീക്ഷയുമുള്ളതല്ലേ? ഞാൻ പോയി തിളപ്പിച്ച് കൊണ്ട് വരാം

അയ്യോ രാജീവേട്ടാ.. നിങ്ങൾക്കിതൊക്കെ വശമുണ്ടോ?

പിന്നില്ലാതെ, ഒരു പാത്രം വെള്ളം തിളപ്പിച്ചെടുക്കുന്നത് അത്ര വലിയ കാര്യമാണോ ?

ഒരു രണ്ട് മിനുട്ട് ,ഞാൻ ദേ ഇപ്പോൾ കൊണ്ട് വരാം

രാജീവൻ അടുക്കളയിലേക്ക് പോയപ്പോൾ, സുലോചന കൊഞ്ച് പോലെ വളഞ്ഞ് കട്ടിലേക്ക് ചരിഞ്ഞ് കിടന്നു.

######$$$$$####$$$$####

സൂലൂ... നീയൊന്ന് നിവർന്ന് കിടക്കാമോ? ഞാൻ മെല്ലെ ചൂട് വച്ച് തരാം

രാജീവൻ്റെ ശബ്ദം കേട്ട് അവൾ പതിയെ കണ്ണ് തുറന്നു.

മുന്നിൽ ,ആവി പറക്കുന്ന ചൂട് വെള്ളവും കയ്യിലൊരു കോട്ടൺ തുണിയുമായി രാജീവൻ നില്ക്കുന്നു

അവിടെ വച്ചേക്കു രാജീവേട്ടാ.. ഞാൻ ചെയ്തോളാം

ആഹാ അത് കൊള്ളാമല്ലോ? വേദന കൊണ്ട് അനങ്ങാൻ പറ്റാതിരിക്കുന്ന നീയെങ്ങനാ തനിയെ ചെയ്യുന്നത് ,നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്, ആ നൈറ്റിയൊന്ന് ഉയർത്തി വയ്ക്ക്,

ഞാൻ മെല്ലെ ചൂട് പിടിച്ച് തരാം

ഛെ!അതൊന്നും വേണ്ട രാജീവേട്ടൻ പോയി കിടന്നോളു ,ലൈറ്റ് ഓഫ് ചെയ്തിട്ട് ഞാൻ തന്നെ ചെയ്തോളാം

ഓഹ് അപ്പോൾ ഞാൻ നിൻ്റെ നഗ്നത കാണുമെന്ന് കരുതിയാണോ? അതിനിപ്പോഴെന്താ?

ഞാൻ നിന്നെ താലികെട്ടിയ പുരുഷനല്ലേ? അല്ലാതെ

അന്യനൊന്നുമല്ലല്ലോ ? അങ്ങോട്ട് ഉയർത്ത് പെണ്ണേ ?

രാജീവൻ്റെ നിർബന്ധത്തിന് വഴങ്ങി, ഒടുവിൽ ജാള്യതയോടെ അവൾ നെറ്റിയുടെ അടിഭാഗം മുകളിലേക്ക് ഉയർത്തി വച്ച് കൊടുത്തിട്ട് ,കണ്ണടച്ച് കിടന്നു.

ഇളം ചൂടുള്ള കോട്ടൺ തുണി, ഒരു തലോടലായി തൻ്റെ അടിവയറിലൂടെ പല പ്രാവശ്യം കടന്ന് പോയപ്പോൾ, കടുത്ത വേദനയ്ക്ക് നേരിയ ശമനം വന്നതായി അവൾക്ക് തോന്നി,

ഇടയ്ക്ക് രാജീവൻ തൻ്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൈപ്പത്തി കൊണ്ട് തുടച്ച് മാറ്റുന്നതും, ഫാനിൻ്റെ കാറ്റിൽ മുഖത്തേയ്ക്ക്

വീഴുന്ന മുഴിയിഴകളെ വിരലുകൾ കൊണ്ട് കോതിയൊതുക്കുന്നതും

ഒരു സാന്ത്വനം പോലെ അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു.

ഈ വെള്ളം തണുത്തു, ഞാൻ കുറച്ച് കൂടെ തിളപ്പിച്ച് കൊണ്ട് വരട്ടെ?

വെള്ളത്തിൻ്റെ ചൂട് കുറഞ്ഞപ്പോൾ ,രാജീവൻ അവളോട് ചോദിച്ചു.

മതി രാജീവേട്ടാ... എനിക്കിപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്

എങ്കിൽ നീ ഉറങ്ങിക്കോ,

ഞാനീ പാത്രം കൊണ്ട് അടുക്കളയിൽ വച്ച് ,കതകടച്ചിട്ട് വരാം

അയാൾ അടുക്കളയിലേക്ക് പോയപ്പോൾ ,സുലോചനയ്ക്ക് അയാളോട് അലിവ് തോന്നി .

മുറിയിൽ തിരിച്ചെത്തിയ രാജീവൻ, സുലോചന ഉറങ്ങിയെന്ന് കണ്ട് ,ലൈറ്റ് ഓഫ് ചെയ്തിട്ട് കട്ടിലിൽ കയറി കിടന്നു .

രാജീവേട്ടാ... നിങ്ങളുറങ്ങിയോ ?

ഇല്ല സുലൂ.. എന്താ നിനക്ക് വീണ്ടും വേദന തുടങ്ങിയോ ?വേണമെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം

ഇല്ല രാജീവേട്ടാ... എനിക്കിപ്പോൾ വേദനക്ക് കുറവുണ്ട് ,പാതിരാത്രിയിൽ നിങ്ങൾക്കൊരു ബുദ്ധിമുട്ടായി അല്ലേ? ഞാൻ കാരണം അടുക്കളയിൽ വരെ കയറേണ്ടി വന്നില്ലേ?

ഹേയ്, എന്താ സുലു ഇങ്ങനെ? നമ്മുടെ ഇടയിൽ അങ്ങനൊരു ഫോർമാലിറ്റിയൊക്കെ വേണോ? അടുക്കളയിൽ ഞാനാദ്യമായിട്ടൊന്നുമല്ല കയറുന്നത് ,നിനക്കറിയുമോ? അമ്മയും അച്ഛനും നഷ്ടപ്പെട്ട കഴിഞ്ഞ ഒരു വർഷത്തോളം,

ഞാൻ ശരിക്കും, എൻ്റെ അമ്മയുടെ സ്ഥാനത്ത് നിന്നാണ്, എൻ്റെ ഇളയ മൂന്ന് സഹോദരങ്ങളെ പോറ്റി വളർത്തിയത്, ആഹാരമുണ്ടാക്കിയതും വാരിക്കൊടുത്തതും ,

അവരുടെ ദൈനംദിന കാര്യങ്ങൾ ഓരോന്നും നോക്കിയതും ,ഞാൻ തന്നെയായിരുന്നു ,

സ്നേഹവും സഹതാപവുമൊക്കെ

കാണിച്ച ,അച്ഛൻ്റെയും അമ്മയുടെയുമൊക്കെ സഹോദരങ്ങൾക്ക്,

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങളെ മടുത്തിരുന്നു ,

പിന്നെ അവർ ഞങ്ങളെ ശത്രുക്കളെപ്പോലെയാണ് കണ്ടത് ,അവർക്ക് ഞങ്ങളൊരു അധികപ്പറ്റാണെന്ന് പറയാതെ പറഞ്ഞു ,എനിക്കത് മനസ്സിലായപ്പോൾ, ഞാനെൻ്റെ കൂടപ്പിറപ്പുകളെയും കൊണ്ട് ഇങ്ങാട്ട് തിരിച്ച് പോന്നു,

നിങ്ങളൊരു സംഭവം തന്നെയാണ് രാജീവേട്ടാ ... എനിക്കിപ്പോഴാണ് നിങ്ങളോടൊരു ബഹുമാനമൊക്കേ

തോന്നിതുടങ്ങിയത് ,

ഇത് വരെ നിങ്ങളെൻ്റെ മനസ്സിൽ നൂല് പൊട്ടിയ പട്ടം പോലെയായിരുന്നു

ഓഹ് വേണ്ട സുലൂ.. നീയെന്നെ ഒരു പാട് പൊക്കല്ലെ, എൻ്റെ തല ചിലപ്പോൾ മോന്താഴത്തിൽ പോയിടിക്കും

അതും പറഞ്ഞയാൾ പൊട്ടിച്ചിരിച്ചപ്പോൾ ,ഇളിഭ്യയായി പോയ സുലോചന അയാളുടെ കൈത്തണ്ടയിൽ ഒരു നുള്ള് വച്ച് കൊടുത്തു.

#########$$$$$#########

വൈകുന്നേരം നേരത്തെ വരുമോ? നമുക്ക് എൻ്റെ വീട് വരെയൊന്ന് പോകാമായിരുന്നു, അമ്മ കുറച്ച് ദിവസമായി വിളിക്കാൻ തുടങ്ങിയിട്ട്?

രാജീവന് പ്രാതല് വിളമ്പി കൊടുക്കുമ്പോൾ സുലോചന അയാളോട് ചോദിച്ചു.

അതിനെന്താ പോയേക്കാം

പക്ഷേ വൈകിട്ട് പോയാൽ നാളെ അല്ലേ തിരിച്ച് വരാൻ പറ്റു, അപ്പോൾ പാറുക്കുട്ടിയുടെ കാര്യം ബുദ്ധിമുട്ടാകുമല്ലോ മാത്രമല്ല അവളില്ലാതെ എനിക്ക് നില്ക്കാനും പറ്റില്ല

അതിന് നമ്മൾ പാറുവിനെ കൂടി കൊണ്ട് പോയാൽ പോരെ?

ങ്ഹാ അത് നല്ല ഐഡിയയാ, എങ്കിൽ നീയും പാറുവും റെഡിയായി നിന്നോ,വൈകുന്നേരം നമുക്ക് പോയേക്കാം

########$$$%$########

നീയെന്തിനാടീ.. അവനെയും ആ കൊച്ചിനെയും കൂടെ ഇങ്ങോട്ട് കൊണ്ട് വന്നത് ?നിനക്കിവിടം വരെ ഒറ്റയ്ക്ക് വരാൻ അറിയില്ലേ?

സന്ധ്യ സമയത്ത് വീട്ടിലേക്ക് കയറി വന്ന സുലോചനയോട് അമ്മ മന്ദാകിനി അനിഷ്ടത്തോടെ ചോദിച്ചു

അമ്മേ ഒന്ന് പതുക്കെ ,രാജീവൻ കേൾക്കും,

നാലാളറിഞ്ഞ് എന്നെ താലി കെട്ടിയ പുരുഷനോടൊപ്പമല്ലേ ഞാൻ വന്നത്?, അതിനിത്ര ബഹളം വയ്ക്കുന്നതെന്തിനാണ് ?

ദേ സുലോചനേ... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവനോട് വലിയ അടുപ്പമൊന്നും കാണിക്കേണ്ടെന്ന്,

ഇന്നും കഴിഞ്ഞ് നാളെ പിരിയേണ്ടവരാണ് നിങ്ങൾ,

അവസാനം കൊണ്ട് കലമിട്ട് ഒടയ്ക്കരുത് ,ഞാൻ പറഞ്ഞേക്കാം

ഒരു മുന്നറിയിപ്പ് പോലെ മന്ദാകിനി അത് പറഞ്ഞപ്പോൾ സുലോചന അസ്വസ്ഥതയോടെ തല കുടഞ്ഞു

ഇല്ലമ്മേ.. അമ്മ പേടിക്കണ്ടാ,

ഞാൻ ശ്രദ്ധിച്ചോളാം

അമ്മയോടൊപ്പം,

സുലോചന അകത്തേയ്ക്ക് കയറിപ്പോയപ്പോൾ,

ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെ

രാജീവനും,പാറുക്കുട്ടിയും ഉമ്മറത്ത് തന്നെ നിന്നു.

ഭാഗം-5

ഹലോ അരുണേട്ടാ ... ഞാനിന്നലെ മുതൽ വിളിക്കുവാ, ഇതെവിടാണ്? എന്താ ഫോണെടുക്കാത്തത് ?

പാറൂട്ടിയും, രാജീവനും നല്ല ഉറക്കത്തിലാണെന്ന ഉറപ്പിലാണ്, അരുണിനെ വിളിക്കാനായി , സുലോചന ഫോണുമായി തൊടിയിലേക്കിറങ്ങിയത്.

ങ്ഹാ സുലൂ... ഞാൻ കുറച്ച് ബിസിയായാരുന്നു, നിനക്കവിടെ സുഖം തന്നെ അല്ലേ?വേറെന്താ വിശേഷം? എന്താ ഇത്ര രാവിലെ നീ വിളിച്ചത്?

അരുണേട്ടാ.. ഞാനിപ്പോൾ എൻ്റെ വീട്ടിലുണ്ട്, ഇന്നലെ വന്നതാണ് ,അമ്മ വിളിച്ചിട്ടാണ് വന്നതെങ്കിലും, അരുണേട്ടനെയൊന്ന് കാണുകയും, സംസാരിക്കുകയും ചെയ്യാമല്ലോ ,എന്ന സന്തോഷത്തിലായിരുന്നു ഞാൻ ,എന്നിട്ട് അരുണേട്ടൻ എവിടെയോ പോയി കിടക്കുന്നു,

ഒഹ്, അത് മനപ്പൂർവ്വമല്ലല്ലോ സുലു?, എൻ്റെ ജോലിത്തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ?

ഈശ്വരാ .. എന്നോടൊന്ന് മിണ്ടാൻ പോലും കഴിയാത്തത്ര തിരക്കുള്ള മനുഷ്യന് വേണ്ടിയാണല്ലോ? ഞാനീ ത്യാഗമൊക്കെ സഹിക്കുന്നത്

എങ്കിൽ നീ എന്നെ കാത്തിരിക്കെണ്ടെടി, അവനോടൊപ്പം തന്നെയങ്ങ് ജീവിച്ചോ? നിൻ്റെ ഭർത്താവ് എന്നെക്കാളും ചെറുപ്പവും യാതൊരു തിരക്കുമില്ലാത്ത ആളുമല്ലേ? അപ്പോൾ പിന്നെയെന്തിനാ അയാളെ വേണ്ടെന്ന് വയ്ക്കുന്നത് ?

ദേ അരുണേട്ടാ.. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ ? ഞാനൊരു തമാശ പറഞ്ഞപ്പോഴേക്കും അങ്ങ് പിണങ്ങിയോ? കാര്യം രാജീവൻ ഒരു നിഷ്കളങ്കനും സ്നേഹസമ്പന്നനുമായ ഭർത്താവൊക്കെ തന്നെ ,ഒരു പക്ഷേ അരുണേട്ടൻ എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നില്ലായിരുന്നെങ്കിൽ, ഉറപ്പായിട്ടും ഞാൻ രാജീവൻ്റെ ഭാര്യയായി തന്നെ ജീവിച്ചേനെ, പക്ഷേ ഇപ്പോൾ അങ്ങനെയല്ലല്ലോ? ചെറുപ്പം മുതലേ എല്ലാവരും കൂടി എൻ്റെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്ന ഒരു വിഗ്രഹമാണ് അരുണേട്ടൻ, ഇനി ഞാൻ എത്ര നാള് രാജീവനോടൊപ്പം കഴിഞ്ഞാലും, എൻ്റെ മനസ്സിൽ നിന്നും അരുണേട്ടനെ അടർത്തിമാറ്റാൻ ഒരു ശക്തിക്കും കഴിയില്ല

ഓഹ് സമ്മതിച്ചു, പെണ്ണ് രാവിലെ തന്നെ റൊമാൻ്റിക് മൂഡിലാണല്ലോ?

പിന്നല്ലാതെ ഇഷ്ടപ്പെട്ടവനോട് സംസാരിക്കുമ്പോൾ ഏത് പെണ്ണാണ് റൊമാൻറിക്കാ വാത്തത്? അതിന് നേരവും കാലവുമൊന്നുമില്ല ,അതിരിക്കട്ട രാവിലെ ഇങ്ങോട്ട് വരുമോ? ഞങ്ങളിന്ന് തന്നെ തിരിച്ച് പോകും

അയ്യോ സുലൂ.. ഇന്നെനിക്ക് ഓഫീസിൽ പോകണം, കുറച്ചധികംജോലികൾ ചെയ്ത് തീർക്കാനുണ്ട്, അത് കൊണ്ട് ലീവ് കിട്ടില്ല, ഇനിയൊരിക്കലാവട്ടെ

കണ്ടോ? ഞാനിനി അടുത്ത പ്രാവശ്യം വരുന്നത് വരെ കാത്തിരിക്കണ്ടെ? ഒന്ന് കാണാൻ കൊതിയായിട്ട് വയ്യ

ഓഹ് അതിന് നീ അടുത്തയാഴ്ച ഒന്ന് കൂടി വന്നാൽ പോരെ?

ഉം, അല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ? എന്നാൽ ശരി അരുണേട്ടാ... രാജീവൻ ഉണർന്നെന്ന് തോന്നുന്നു,വയ്ക്കട്ടെ

നിരാശയോടെ ഫോൺ കട്ട് ചെയ്തിട്ട്, സുലോചന മുറിയിലേക്ക് തിരിച്ച് പോയി.

######$$$$$######$$$####

പ്രഭാത ഭക്ഷണം കഴിഞ്ഞ് തിരിച്ച് പോകണമെന്ന് രാജീവൻ പറഞ്ഞത് കൊണ്ട് ഊണ് കഴിക്കാൻ നില്ക്കാതെ സുലോചന അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് രാജീവനോടൊപ്പം കണ്ണാട്ടേക്ക് യാത്രയായി .

എടീ കൊച്ചേ അവനോടൊരു പഴയ ബൈക്കെങ്കിലും വാങ്ങിക്കാൻ പറയ്,

എന്ത് നാണക്കേടാണ് പുതുപ്പെണ്ണ് ,ചെറുക്കനുമായി വിരുന്ന് പോകുമ്പോൾ, ബസ്സിലൊക്കെ തൂങ്ങി പിടിച്ച് പോകുന്നത്?

യാത്രയാക്കാൻ പടിപ്പുര വരെ പുറകെ ചെന്ന മന്ദാകിനി സുലോനയോട് പിറുപിറുത്തു

ഉം ഞാൻ പറയാമമ്മേ...

പിന്നെ, അരുണേട്ടൻ അമ്മയെ വിളിക്കുവാണെങ്കിൽ ഞാൻ ഫോൺ കൊണ്ട് പോയിട്ടുണ്ടെന്ന് പറയണം മാത്രമല്ല, പകൽ സമയത്തേ വിളിക്കാവു എന്നും പറയണം രാത്രിയിൽ രാജീവനുണ്ടെങ്കിൽ ഒന്നും സംസാരിക്കാൻ കഴിയില്ല അത് കൊണ്ടാണ്

ഉം ശരി ശരി, നീ വേഗം നടന്ന് ചെല്ല്, അയാള് ദേ നടന്ന് വയലിന് അക്കരെയെത്തി, പിന്നൊരു കാര്യം ,ബസ്സിൽ കയറുമ്പോൾ കൊച്ചിനെ നീ കൈയ്യിൽ വാങ്ങിച്ചോണം ഇല്ലേൽ ,നിനക്കിരിക്കാൻ സീറ്റ് കിട്ടിയെന്ന് വരില്ല

ശരിയമ്മേ.. ഞാൻ ചെന്നിട്ട് വിളിക്കാം

അമ്മയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ,പാറൂട്ടിയേം കൊണ്ട് മുന്നേ നടന്ന് പോയ രാജീവൻ്റെയടുത്തേക്ക് ,

സുലോചന കാല് വലിച്ച് വച്ച് നടന്നു.

ബസ് സ്റ്റോപ്പിലെത്തിയ ഉടനെ തന്നെ അടിവാരത്തിലേക്കുള്ള പ്രൈവറ്റ് ബസ്സ് ഇരമ്പി വന്ന് നിന്നു.

സുലോചനേ .. നീ കുഞ്ഞിനെ പിടിച്ചിട്ട് മുന്നിലൂടെ കയറിക്കോളു, എന്നാലേ നിനക്കിരിക്കാൻ സീറ്റ് കിട്ടു, ഞാൻ പുറകിൽ പോയി നിന്നോളാം

താൻ ചോദിക്കുന്നതിന് മുമ്പ് തന്നെ, രാജീവൻ കുഞ്ഞിനെ തൻ്റെ നേർക്ക് നീട്ടിയപ്പോൾ തൻ്റെ കാര്യത്തിൽ അയാൾ കാണിക്കുന്ന നിഷ്കർഷ അവളെ അത്ഭുതപ്പെടുത്തി.

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നെങ്കിലും കുഞ്ഞിനെയും കൊണ്ട് കയറിയ സുലോചനയെ കണ്ടപ്പോൾ ഡോറിനടുത്തിരുന്ന ഒരു വിദ്യാർത്ഥിനി തൻ്റെ സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുത്തു.

മലനിരകളും കുന്നിൻ ചരിവുകളും താണ്ടി ബസ്സ് തിരക്കേറിയ പട്ടണത്തിലേക്ക് പ്രവേശിച്ചിട്ട്, ബസ് സ്റ്റോപ്പ് എന്നെഴുതിയ ബോർഡിന് മുന്നിൽ കിതപ്പോടെ നിന്നു.

വെളിയിലേക്ക് കണ്ണ് നട്ടിരുന്ന സുലോചന അടുത്ത് കണ്ട കോഫി ഷോപ്പിലെ സ്ഫടിക ഗ്ളാസ്സിനുള്ളിലൂടെ അതിനകത്തിരിക്കുന്ന യുവമിഥുനങ്ങളെ കണ്ട് ഞെട്ടി

നീളമുള്ള ഗ്ളാസ്സിനുള്ളിലെ ജ്യൂസ്, സ്ട്രോയിലൂടെ നുണഞ്ഞിറക്കുന്ന യുവാവ് തൻ്റെ അരുണേട്ടൻ തന്നെയാണെന്ന് ഒരിക്കൽ കൂടി അവൾ നോക്കി ഉറപ്പിച്ചു.

തന്നോട് ,ജോലി തിരക്കാണെന്നും, ലീവ് കിട്ടില്ലെന്നും പറഞ്ഞിട്ടിപ്പോൾ, ഏതോ ഒരുത്തിയുമായിട്ട് കോഫി ഷോപ്പിൽ വന്നിരുന്ന് ശൃംഗരിക്കുന്നു.

കലി മൂത്ത സുലോചന, മൊബൈൽ കൈയ്യിലെടുത്ത്, അരുണിൻ്റെ ഫോണിലേക്ക് വിളിച്ചു.

അയാൾ പോക്കറ്റിൽ നിന്നും ഫോണെടുക്കുന്നതും, തൻ്റെ കോളാണെന്ന് മനസ്സിലാക്കി കൂടെയിരിക്കുന്ന യുവതി അറിയാതെ, അത് കട്ട് ചെയ്യുന്നതും, സുലോചനയ്ക്ക് ഗ്ളാസ്സിലൂടെ കാണാമായിരുന്നു, വാശി മൂത്ത സുലോന, വീണ്ടും അയാളുടെ ഫോണിലേക്ക് വിളിച്ചു.

ഇത്തവണ കോള് കട്ട് ചെയ്യാതെ ,അരുൺ തൻ്റെ അടുത്തിരുന്നവളോട് അനുവാദം ചോദിച്ചിട്ട്, ഫോണുമായി കോഫി ഷോപ്പിൻ്റെ ഒഴിഞ്ഞ ഒരു കോണിലേക്ക് എഴുന്നേറ്റ് പോയിട്ട്, തൻ്റെഫോൺ അറ്റൻറ് ചെയ്യുന്നത് സുലോചന നീരസത്തോടെ കണ്ടു.

ങ്ഹാ സുലു ,ഞാനൊരു അർജൻറ് മീറ്റിങ്ങിലാ ,ഞാൻ പിന്നെ വിളിക്കാം

വേണ്ട, ഇനി വിളിക്കണ്ടാ ,നിങ്ങളുടെ മീറ്റിങ്ങ് ഞാൻ നേരിട്ട് കണ്ടു ,നിങ്ങളെന്താ എന്നോട് പറഞ്ഞത്, എന്നെക്കാണാൻ വരാൻ പോലും സമയമില്ലാത്തത്ര തിരക്കാണ്, അത് കൊണ്ട് ലീവ് കിട്ടില്ലെന്നല്ലേ?എന്നിട്ട് ഏതോ ഒരുത്തിയുടെ കൂടെ, കോഫി ഷോപ്പിലിരുന്ന് സല്ലപിക്കാൻ നിങ്ങൾക്ക് സമയമുണ്ടല്ലേ? നിങ്ങളുടെ ഈ കള്ളക്കളി ദൈവമാണ് എനിക്ക് നേരിട്ട് കാണിച്ച് തന്നത്,

ങ്ഹേ, സുലൂ നീയിതെവിടാ? നിന്നെ ഞാൻ കാണുന്നില്ലല്ലോ?

അതെങ്ങനെ കാണാനാ? അകത്ത് കൂടെ ഇരിക്കുന്നവളുടെ, മുഖത്ത് നിന്ന് കണ്ണെടുത്തിട്ട് വേണ്ടേ ? ഞാനിപ്പോൾ പുറത്തെ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിൻ്റെ സൈഡ് സീറ്റിലുണ്ട്,

അതിരിക്കട്ടെ, എതാണവള് ?അവളുമായി നിങ്ങൾക്കെന്താ ബന്ധം?

അയാൾ പെട്ടെന്ന് കോഫി ഷോപ്പിന് വെളിയിലിറങ്ങി,

സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിനകത്തിരിക്കുന്ന സുലോചനയെ കണ്ട്, അരുൺ ഞെട്ടി.

സുലു ,നീ വെറുതെ തെറ്റിദ്ധരിച്ചിരിക്കുവാ,

അതെൻ്റെ കമ്പനി സിഇഒ യാണ്, ഞങ്ങളൊരു മീറ്റിംഗിലാണ്

പിന്നേ... നിങ്ങളെന്നെ മണ്ടിയാക്കല്ലേ? അരുണേട്ടാ ... കമ്പനിയുടെ മീറ്റിങ്ങ് നടക്കേണ്ടത്, കമ്പനിയുടെ മീറ്റിംങ്ങ് ഹാളിൽ വച്ചല്ലേ? മാത്രമല്ല, അവിടുത്തെ മറ്റ് സ്റ്റാഫുകളും കൂടെ ഉണ്ടാവണ്ടെ? ഇത് ഞാൻ വിശ്വസിക്കില്ല, ആ ഇരിക്കുന്നത് നിങ്ങളുടെ കാമുകിയല്ലേ? നിങ്ങളെന്നെ ചതിക്കുവായിരുന്നല്ലേ?

ദേ സുലൂ.. നീ അതിര് കടക്കുന്നു ,ഇനി ഞാനൊരു സത്യം പറയാം ,ആ ഇരിക്കുന്നത് എൻ്റെ പഴയൊരു ക്ളാസ് മേറ്റാണ് ,ഇവിടെ ടൗണിൽ വച്ച് കണ്ടപ്പോൾ, ഞാനൊരു കോഫി ഓഫർ ചെയ്തു ,അത് വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല ,അങ്ങനെയെങ്കിൽ നാളെ എൻ്റെ ഭാര്യയാകേണ്ട നീ ,മറ്റൊരുത്തൻ്റെ കൂടെ പൊറുക്കുന്നത്, ഞാൻ സഹിക്കുന്നില്ലേ?

ഇടിവെട്ടേറ്റത് പോലെ സുലോചന നടുങ്ങി പോയി.

അപ്പോൾ, നിങ്ങളുടെ മനസ്സിൽ ഇത്തരം ദുഷിച്ച ചിന്തകളാണുള്ളതല്ലേ? ഞാൻ മറ്റൊരുത്തൻ്റെ കൂടെ കഴിയുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ കൂടെ അറിവോടെയല്ലേ? നിങ്ങളോടൊപ്പം മരണം വരെ ജീവിക്കാനുള്ള കൊതി കൊണ്ടല്ലേ? രാജീവനോടൊപ്പം ജീവിക്കുമ്പോഴും, എൻ്റെ ശരീരം മാത്രമേ അയാളുടെ ഒപ്പമുള്ളു,

മനസ്സ് മുഴുവൻ നിങ്ങള് മാത്രമേ ഉണ്ടായിട്ടുള്ളു,

ശരീരം കണ്ടവനൊക്കെ പങ്ക് വച്ചിട്ട്, ആരും കാണാത്ത മനസ്സ് മാത്രമായിട്ട്, എനിക്കെന്തിനാ? അത് കൂടെ അവന് കൊടുത്തിട്ട് നീ അവനോടൊപ്പം തന്നെ ജീവിച്ചോ, ഇനി മേലാൽ എന്നെ,ശല്യപ്പെടുത്താൻ വരരുത് ,ഗുഡ് ബൈ..

അരുൺ ഫോൺ കട്ട് ചെയ്തിട്ട് അകത്തേയ്ക്ക് കയറിപ്പോയപ്പോൾ, ഒന്ന് പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി .

പക്ഷേ, താനിരിക്കുന്നത് പൊതുസ്ഥലത്താണെന്ന തിരിച്ചറിവ് ,ആ ഉദ്യമത്തിൽ നിന്നവളെ വിലക്കി.

കണ്ണാട്ടെത്തിയ സുലോചന, വസ്ത്രം മാറാറെന്ന വ്യാജേന, മുറിയിൽ കയറി കതകടച്ചിട്ട് കട്ടിലിൽ കമിഴ്ന്ന് വീണ് പൊട്ടിക്കരഞ്ഞു.

#####$$$$######$$$$###

ഡാ അരുണേ..ഇത്തവണത്തെ

ഓണം ബമ്പറ്, പന്ത്രണ്ട് കോടി അടിച്ചത്, നമ്മുടെ മഞ്ജു ലക്കി സെൻ്ററിൽ നിന്നെടുത്ത ടിക്കറ്റിനാണെടാ പക്ഷേ ,ആ ഭാഗ്യവാനെ ഇത് വരെ കണ്ടെത്തിയിട്ടില്ല

അയാളുടെ കൂട്ടുകാരൻ

അഭിയാണ്, രാവിലത്തെ ടീ ബ്രേക്കിന് ഈ വിവരം പങ്ക് വച്ചത്

ങ്ഹേ നേരോ? ആരായിരിക്കുമെടാ

ആ ഭാഗ്യവാൻ?

ആഹ് ആർക്കറിയാം, എന്നോട് അവിടുത്തെ രാജുവേട്ടൻ ആകുന്നത് പറഞ്ഞതാണ്, ഒരു ടിക്കറ്റ് കൂടിയേ ഉള്ളു, വേണമെങ്കിൽ എടുക്കാൻ, ഇനി അതിനെങ്ങാനുമാണോ അടച്ചിരിക്കുന്നതെന്നാണ്, എൻ്റെ ഇപ്പോഴത്തെ ടെൻഷൻ,

എടാ അഭീ .. ഇപ്പോഴാ എനിക്കോർമ്മ വന്നത്, അന്ന് വിവാഹ വസ്ത്രമെടുക്കാൻ വന്നപ്പോൾ, ഓട്ടോറിക്ഷയുടെ വാടക കൊടുക്കാൻ ചില്ലറയില്ലാഞ്ഞിട്ട് ,ഞാൻ സുലോചന തന്ന രണ്ടായിരത്തിൻ്റെ നോട്ട് മാറാൻ ,ഈ മഞ്ജു ലക്കി സെൻ്ററിൽ നിന്നൊരു ടിക്കറ്റെടുത്തായിരുന്നു,

അളിയാ.. എങ്കിൽ അതെടുത്ത് നോക്ക് ,ചിലപ്പോൾ അതിനായിരിക്കും പന്ത്രണ്ട് കോടി അടിച്ചിരിക്കുന്നത് ,

എങ്കിലിന്ന് നമുക്ക് അടിച്ച് പൊളിക്കണമളിയാ നീയൊന്ന് വേഗം നോക്ക് അരുണേ..

ആകെ എക്സൈറ്റഡായ

അഭി, ധൃതിവച്ചു.

പക്ഷേ ,അന്ന് ബാക്കി കാശിനോടൊപ്പം, ആ ടിക്കറ്റും ഞാൻ സുലോചനയെ ഏല്പിച്ചായിരുന്നു, അതവളുടെ കൈയ്യിലാണുള്ളത്

ഓഹ് വെരി ബാഡ്, എങ്കിൽ നീ ഫോണെടുത്ത് വേഗം അവളെ വിളിക്ക്, ഇപ്പോഴും അവള് നിൻ്റെ വുഡ്ബി തന്നെയല്ലേ ?അപ്പോൾ ആ പന്ത്രണ്ട് കോടി നിനക്കും കൂടെ അവകാശപ്പെട്ടതാണ്,

കൂട്ടുകാരൻ പറഞ്ഞത് കേട്ടിട്ടും ,അരുണിന് നിസ്സഹായതയോടെ നില്ക്കാനേ കഴിഞ്ഞുള്ളു

ഏത് നേരത്താണോ, സുലോചയെ തള്ളിപ്പറയാൻ തനിക്ക് തോന്നിയത് ,ഇനി എന്തും പറഞ്ഞാണ് അവളെയൊന്ന് കയ്യിലെടുക്കുന്നത്?

ഉത്തരം കിട്ടാത്ത ചോദ്യവുമായി, അയാൾ സ്തംഭിച്ച് നിന്നു.

ഭാഗം-6

ഇന്നലെ വീട്ടിൽ നിന്ന് വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുവാ ,നിനക്കെന്തോ ഒരു വിഷമം പോലെ, എന്താ സുലൂ.. എന്താണെങ്കിലും എന്നോട് പറയൂ?

രാവിലെ തനിക്ക് കൊണ്ടു പോകുവാനുള്ള പൊതിച്ചോറ് കയ്യിൽ കൊണ്ട് തരുമ്പോൾ, സുലോചനയുടെ വാടിയ മുഖം കണ്ട് രാജീവൻ ചോദിച്ചു.

ഒന്നുമില്ല രാജീവേട്ടാ ചെറിയൊരു തലവേദന

എങ്കിൽ പിന്നെ,നീ എന്തിനാണ് രാവിലെ എഴുന്നേറ്റത്? ഞാൻ അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യുമായിരുന്നല്ലോ? ഉച്ചഭക്ഷണം ഞാൻ പുറത്ത് നിന്ന് കഴിച്ചാൽ മതിയായിരുന്നു,

അത് സാരമില്ല രാജീവേട്ടാ..

കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടതല്ലേ, മാത്രമല്ല പാറൂട്ടി കുറച്ച് കഴിയുമ്പോൾ ഉണർന്ന് കരയാൻ തുടങ്ങും

എങ്കിൽ ഞാനിന്ന് ലീവെടുക്കാം

നീ പോയി കുറച്ച് റെസ്റ്റെടുക്ക് കുറവില്ലെങ്കിൽ നമുക്ക് വൈകിട്ട് പോയി ഡോക്ടറെ കാണാം

അതൊന്നും വേണ്ട രാജീവേട്ടാ ... നിങ്ങള് സമാധാനമായിട്ട് ജോലിക്ക് പോയിട്ട് വാ, ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം

സുലോചന, നിർബന്ധിച്ച് അയാളെ ജോലിക്ക് അയച്ചു.

പത്രം...

മതിലിനപ്പുറത്ത് നിന്ന് , പത്രം കൊണ്ടുവരുന്ന പയ്യൻ, അന്നത്തെ ദിനപത്രം വരാന്തയിലേക്ക് നീട്ടി എറിഞ്ഞു.

നിനക്കിത് കുറച്ച് നേരത്തെ കൊണ്ടുവന്നു കൂടെ ചെറുക്കാ ഉച്ചയാകുമ്പോഴാണോ പത്രവുമായി വരുന്നത്?

നിലത്ത് വീണ പത്രം കുനിഞ്ഞെടുക്കുന്നതിനിടയിൽ അച്ഛമ്മ അവനോട് ചോദിച്ചു.

മറുപടിയായി അർത്ഥമില്ലാത്ത ഒരു ചിരി പാസ്സാക്കി പയ്യൻ സൈക്കിളുമായി അടുത്ത വീട്ടിലേക്ക് പോയി.

അച്ഛമ്മയിനി, പത്രം വായിച്ചിരിക്കാൻ പോകുവാണോ? ഞാൻ ദോശ എടുത്തു വച്ചിട്ടുണ്ട് , അത് വന്ന് കഴിച്ചിട്ടിരിക്ക്

സുലോചന, അച്ഛമ്മയോട് പറഞ്ഞു.

ഓഹ്, ഞാൻ രാവിലത്തെ വാർത്ത എന്തൊക്കെയുണ്ടെന്ന് നോക്കട്ടെ കൊച്ചേ.. എനിക്ക് ഇപ്പൊ വിശക്കുന്നൊന്നുമില്ല

അച്ഛമ്മ, പത്രത്തിൽ മുഖം താഴ്ത്തി ഇരുന്നപ്പോൾ, സുലോചന അടുക്കളയിലേക്ക് പോയി.

യാന്ത്രികമായി തൻ്റെ ജോലികൾ ചെയ്യുന്നതിനിടയിൽ സുലോചനയുടെ മനസ്സ്, കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ അലഞ്ഞ് നടന്നു.

അരുൺ ഇന്നലെ തന്നോട് പറഞ്ഞ വാക്കുകൾ ഓർക്കുമ്പോഴൊക്കെ , കൂരമ്പ് വന്ന് ,നെഞ്ചിൽ തറയുന്നതുപോലെ അവളുടെ മനസ്സ് കിടന്നു പിടഞ്ഞു.

സ്റ്റൗവ്വിലിരുന്ന പ്രഷർകുക്കറിൻ്റെ വിസില് കേട്ടപ്പോഴാണ്, അവൾ ചിന്തയിൽ നിന്നുണർന്നത്.

മോളെ സുലോചനേ .. നീ ഈ വാർത്ത കണ്ടോ? ഓണം ബംബറ് 12 കോടി അടിച്ചവൻ ആരാണെന്ന്, അറിയില്ലെന്ന്?

ഈശ്വരാ.. താനൊരു കോടീശ്വരൻ ആണെന്നറിയാതെ, ആ ഭാഗ്യവാൻ എവിടെയോ കറങ്ങി നടക്കുവാ

അച്ഛമ്മയുടെ വിളികേട്ട് , സുലോചന ഉമ്മറത്തേക്ക് വന്നു.

അച്ഛമ്മ നീട്ടിയ പത്രം, സുലോചന വിശദമായി വായിച്ചു ,അപ്പോഴാണ് താൻ വിവാഹ വസ്ത്രം എടുക്കാൻ പോയപ്പോൾ, ചില്ലറ മാറുന്നതിനായി, അരുൺ ടിക്കറ്റെടുത്ത കാര്യം അവൾക്ക് ഓർമ്മ വന്നത്

അന്ന് ടിക്കറ്റും ബാക്കി പൈസയും കൂടി തന്നെ ഏൽപ്പിച്ചത് , താൻ എപ്പോഴും കൊണ്ടു നടക്കാറുള്ള

ബാഗിൽ വെച്ചത്, അവൾ ഓർത്തെടുത്തു.

അവൾ അച്ഛമ്മയുടെ കയ്യിൽ നിന്നും പത്രവുമായി, ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് പോയി.

അന്ന് ബാഗിൻ്റെ ഉള്ളറയിൽ തിരുകി വച്ചിരുന്ന ലോട്ടറി ടിക്കറ്റ് ,അവൾ വിറയ്ക്കുന്ന കൈകളോടെ പുറത്തെടുത്തു, പത്രത്തിൽ കണ്ട നമ്പരും, ലോട്ടറി ടിക്കറ്റ് നമ്പരും ഒത്ത് നോക്കിയ സുലോചനക്ക്, തൻ്റെ തലകറങ്ങുന്നതുപോലെ തോന്നി.

########$$$$######$$$###

അരുണേ... നീയിങ്ങനെ ആലോചിച്ചിരുന്നു വെറുതെ സമയം കളയാതെ, കാര്യം കാണാൻ കഴുതക്കാലും പിടിക്കണം, നീ ഇപ്പോൾ തന്നെ സുലോചനയെ വിളിച്ചു ആദ്യം മാപ്പ് പറയാൻ നോക്ക്, ഇന്നലെ ദേഷ്യം വന്നപ്പോൾ അങ്ങനെ പറഞ്ഞതാണെന്ന് പറഞ്ഞാൽ മതി

ആലോചനാമഗ്നനായി നിൽക്കുന്ന അരുണിനെ സുഹൃത്ത് ഉപദേശിച്ചു.

അരുൺ മനസ്സില്ലാമനസ്സോടെ മൊബൈലെടുത്ത് സുലോചനയുടെ നമ്പറിലേക്ക് വിളിച്ചു.

ആദ്യം പൂർണമായി ബെല്ലടിച്ച് കട്ടായപ്പോൾ, അരുണിൻ്റെ മനസ്സിൽ ഉത്ക്കണ്ഠ നിറഞ്ഞു,

അയാൾ വീണ്ടും വിളിച്ചു .

ഹലോ..

സുലോചനയുടെ പതിഞ്ഞതും ഇറിയതുമായ ശബ്ദം കേട്ടപ്പോൾ അരുണിന് നേരിയ ആശ്വാസം തോന്നി

സുലൂ.. നിനക്കെന്നോട് ദേഷ്യമാണോ?

അയാൾ ,ആർദ്രനായി ചോദിച്ചു.

ഇല്ല അരുണേട്ടാ.. ഞാൻ കാത്തിരിക്കുകയായിരുന്നു, അരുണേട്ടൻ്റെ ഈ ഒരു വിളിക്ക് വേണ്ടി ,ഇന്നലെ മുതൽ ഞാനെന്തുമാത്രം വിഷമിച്ചെന്നറിയാമോ?എന്നോട് അങ്ങനെയൊക്കെ സംസാരിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നുള്ളത് സത്യമാണ്, എന്ന് വച്ച് അരുണേട്ടനെ എനിക്ക് വെറുക്കാനും മറക്കാനും കഴിയുമോ ?

സോറി സുലൂ... നീയിന്നലെ എന്നെ സംശയിച്ചപ്പോൾ, എനിക്ക് വല്ലാതെ ദേഷ്യം വന്നു അതാ ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത്, റിയലി സോറി ഡാ..

സുലോചന ഇപ്പോഴും തൻ്റെ കാൽച്ചുവട്ടിലാണെന്ന് മനസ്സിലാക്കിയ അരുൺ, ഉള്ളിൽ ചിരിച്ച് കൊണ്ട് അവളോട് മാപ്പ് പറഞ്ഞു.

അയ്യോ അരുണേട്ടാ... എന്തിനാ എന്നോട് സോറി പറയുന്നത് ,അതിന് ഞാനും കൂടെ തെറ്റുകാരി അല്ലേ? ഞാൻ കാരണമല്ലേ അരുണേട്ടന് ദേഷ്യം വന്നത്?

ഓക്കേ ഓക്കേ, അത് വിട്ടേക്ക് സുലൂ ..ങ്ഹാ പിന്നെ സുലൂ.. നമ്മളന്ന് നിനക്ക് ഡ്രെസ്സെടുക്കാൻ പോയപ്പോൾ ഒരു ലോട്ടറി ടിക്കറ്റെടുത്തത് ഓർമയുണ്ടോ?

ങ്ഹാ ,ഓർക്കുന്നുണ്ടരുണേട്ടാ,,

സുലൂ...നമ്മളന്ന് ടിക്കറ്റെടുത്ത കടയിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് ,ചിലപ്പോഴത് നിൻ്റെ കയ്യിലുള്ള ടിക്കറ്റിനാണെന്നാണ് എനിക്ക് തോന്നുന്നത്, നീയതൊന്നെടുത്ത് നോക്കിക്കേ സുലൂ...

അയാൾ അക്ഷമയോടെ പറഞ്ഞു.

അത് ഞാൻ രാവിലെ തന്നെ നോക്കി അരുണേട്ടാ... അരുണേട്ടൻ പറഞ്ഞത് ശരിയാണ്, എൻ്റെ ടിക്കറ്റിനാണ് 12കോടി അടിച്ചിരിക്കുന്നത്

ഹോ സുലൂ .. നീ ഒരു ഭാഗ്യവതിയാണ്, ഇനി നീ അവിടെക്കിടന്ന് കഷ്ടപ്പെടേണ്ട കാര്യമില്ല, കോടീശ്വരിയായ സുലോചന താമസിക്കേണ്ടത് ദാരിദ്ര്യം പിടിച്ച ആ വീട്ടിലല്ല, എല്ലാം ഉപേക്ഷിച്ച് നീ എത്രയും പെട്ടെന്ന് അവിടുന്നിറങ്ങണം

അയാൾ ആവേശഭരിതനായി പറഞ്ഞു.

എന്നാലും അരുണേട്ടാ ...

ഒരു കാരണവുമില്ലാതെ ഞാൻ എങ്ങനെയാണ് ആ പാവത്തിനെ ഉപേക്ഷിക്കുന്നത്, ഒന്നുമില്ലേലും നാട്ടുകാരെന്തു പറയും?

നമ്മളെന്തിനാ നാട്ടുകാരെ ബോധിപ്പിക്കുന്നത്, നീയിനി ഞാൻ പറയുന്നത് അനുസരിച്ചാൽ മതി, എത്രയും വേഗം ബാഗുമെടുത്ത് നിൻ്റെ വീട്ടിലേക്ക് പൊയ്ക്കോ, രാജീവവൻ്റെ പേരിൽ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തിട്ട് നമുക്ക് അവൻ്റെ പേരിലൊരു വക്കീൽ നോട്ടീസയക്കാം, വിവാഹമോചനം കിട്ടിയാൽ എത്രയും പെട്ടെന്ന് നമ്മുടെ കല്യാണം നടത്തണം, ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ പെണ്ണേ...

അയാൾ കാതരമായി പറഞ്ഞു.

എനിക്ക് സന്തോഷമായി അരുണേട്ടാ ... അരുണേട്ടന് എന്നോട് ആ പഴയ സ്നേഹം തിരിച്ചു വന്നല്ലോ? രാജീവൻ ഇപ്പോൾ ഇവിടെ ഇല്ല ,ജോലിക്ക് പോയിരിക്കുകയാണ്, വൈകുന്നേരം തിരിച്ചു വരുമ്പോൾ, ഒന്ന് യാത്ര പറഞ്ഞിട്ട് ഞാൻ വരാം, അല്ലെങ്കിൽ അത് മര്യാദകേടാവില്ലേ?

ഉം ശരി നിൻ്റെ ഇഷ്ടംപോലെ ചെയ്യ് , വൈകുന്നേരം ഞാൻ ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കാം നിൻ്റെ വീട്ടിലേക്ക് നമുക്കൊരുമിച്ചു പോകാം

എന്നാൽ ശരി അരുണേട്ടാ ഞാൻ വയ്ക്കട്ടെ

സുലോചന ഫോൺ കട്ട് ചെയ്തപ്പോൾ അരുൺ സന്തോഷം കൊണ്ട് പരിസരം മറന്ന് അട്ടഹസിച്ചു .

വൈകുന്നേരമായപ്പോൾ അരുൺ , സുലോചനയുടെ വരവും കാത്ത് , ബസ്റ്റോപ്പിൽ അക്ഷമനായി നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ ഫോൺ ബെല്ലടിച്ചു.

സുലോചനയുടെ കോൾ കണ്ട അരുൺ , ജിജ്ഞാസയോടെ ഫോൺ അറ്റൻഡ് ചെയ്തു.

സുലൂ .. നീയിത് വരെ ഇറങ്ങിയില്ലേ?

ങ്ഹാ അരുണേട്ടാ...

രാജീവൻ വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞു, ഞാൻ അദ്ദേഹത്തെ ഉപേക്ഷിച്ച് അരുണേട്ടനൊപ്പം ജീവിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്നോട് പറയുവാ, അങ്ങേർക്ക് നഷ്ടപരിഹാരം വേണമെന്ന് , എന്നെ അരുന്നേട്ടന് വിട്ട് കൊടുക്കുമ്പോൾ

അയാൾക്ക് നഷ്ടപ്പെടുന്നത്, വിലമതിക്കാനാവാത്ത സ്വന്തം ഭാര്യയെ ആണെന്ന്, ഞാനാലോചിച്ചപ്പോൾ അദ്ദേഹം പറയുന്നത് ശരിയാണ് ,കല്യാണം കഴിഞ്ഞിത് വരെ എന്നോട് വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും അദ്ദേഹം പറഞ്ഞിട്ടില്ല, എന്നെ ഇത് വരെ പട്ടിണിക്കിട്ടിട്ടില്ല ,എനിക്ക് വേദനിച്ചപ്പോൾ ഉറക്കമിളച്ചിരുന്ന് ,എന്നെ ശുശ്രൂഷിക്കുകയും, എൻ്റെ മുഖം വാടുമ്പോഴൊക്കെ, ഉത്ക്കണ്ഠപ്പെടുകയും ചെയ്യുന്ന സ്നേഹനിധിയായ അദ്ദേഹത്തെ ,യാതൊരു കാരണവുമില്ലാതെ എൻ്റെ സ്വാർത്ഥ താല്പര്യത്തിനായി ഞാൻ ഉപേക്ഷിക്കുമ്പോൾ, തീർച്ചയായും ഞാനങ്ങേർക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാകു ,അത് കൊണ്ട് ഞാൻ , എൻ്റെ കയ്യിലിരുന്ന ലോട്ടറിടിക്കറ്റെടുത്ത് അയാൾക്ക് കൊടുത്തു, നമുക്കിനി അതിൻ്റെ ആവശ്യമില്ലല്ലോ? അരുണേട്ടന് നല്ല ശബ്ബളത്തോട് കൂടിയ ഒന്നാന്തരം ജോലിയുണ്ട്,

അരുണേട്ടൻ എന്നെ ഒരു രാജകുമാരിയെ പോലെ നോക്കുമെന്നും എനിക്ക് നന്നായറിയാം, അപ്പോൾ പിന്നെ ആ പന്ത്രണ്ട് കോടി നമുക്കെന്തിനാ അല്ലേ? ശരി അരുണേട്ടാ.. ഞാൻ ദേ ഇപ്പോഴെത്താം ,ബസ് സ്റ്റോപ്പിൽ തന്നെ നില്ക്കണേ?

നീയെന്ത് മണ്ടത്തരമാണ് സുലു ഈ പറയുന്നത്, നഷ്ടപരിഹാരം കൊടുക്കേണ്ടത് അവനല്ലല്ലോ എനിക്കല്ലേ? ഇത്രയും ദിവസം അവൻ്റെയൊപ്പം പൊറുത്ത നിന്നെ, ഇനി ജീവിതകാലം മുഴുവൻ അറിഞ്ഞ് കൊണ്ട് ചുമക്കേണ്ടത് ഞാനല്ലേ? അപ്പോൾ നഷ്ടപരിഹാരത്തിന് അർഹത എനിക്കല്ലേ ?നിനക്കെന്നോടൊപ്പം ജീവിക്കണമെന്നുണ്ടെങ്കിൽ

ആ ടിക്കറ്റും കൂടി വാങ്ങിച്ചോണ്ട് വന്നാൽ മതി

അയാൾ കർക്കശമായി പറഞ്ഞു .

ഹ ഹ ഹ എടാ അരുണേ ... നിൻ്റെ വായിൽ നിന്നും ഉള്ളിലുള്ള വിഷം പുറത്ത് ചാടുമെന്ന് എനിക്കറിയാമായിരുന്നു അതിന് വേണ്ടി തന്നെയാണ് ഞാൻ നിന്നോടൊരുകളവ് പറഞ്ഞത്, എനിക്ക് നിന്നോടൊപ്പം ജീവിക്കാൻ യാതൊരു കൊതിയുമില്ല

ഡീ ... നീയധികം നെഗളിക്കരുത് ഒരിക്കൽ നിന്നെ രാജീവൻ ഉപേക്ഷിക്കുമ്പോൾ നീയെൻ്റെ കാൽച്ചുവട്ടിൽ തന്നെ വരും

അയാൾ ദേഷ്യവും നിരാശയും കലർന്ന സ്വരത്തിൽ പറഞ്ഞു.

ഇല്ല ഒരിക്കലും നീയത് പ്രതീക്ഷിക്കേണ്ട ,രാജീവേട്ടൻ ജോലി കഴിഞ്ഞിത് വരെ വന്നിട്ടില്ല, വന്നാലുടനെ എൻ്റെ താലിമാല ഊരി ഞാൻ അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്തിട്ട് ഒന്ന് കൂടി അതെൻ്റെ കഴുത്തിലണിഞ്ഞ് തരാൻ പറയും എന്തിനാണെന്നോ? ആ താലി കഴുത്തിൽ വീഴുമ്പോൾ, മനസ്സ് കൊണ്ട് രാജീവനെ എൻ്റെ ഭർത്താവായി സ്വീകരിക്കാനും, എൻ്റെ മരണം വരെ അദ്ദേഹത്തിനെ എന്നിൽ നിന്ന് പിരിക്കരുതെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിക്കാനും, നിനക്ക് ,എൻ്റെ മനസ്സിലിപ്പോൾ വെറുമൊരു പുഴുവിൻ്റെ സ്ഥാനം മാത്രമേയുള്ളു ,ഇനി നിന്നെ എൻ്റെ കൺവെട്ടത്ത് കണ്ട് പോകരുത്, മനസ്സിലായോ?

ഒരലർച്ചയോടെ ഫോൺ കട്ട് ചെയ്തിട്ട്, അവൾ പൂമുഖത്തേയ്ക്ക് വന്നു,

ആ സമയം ,ദൂരെ വയൽ വരമ്പിലൂടെ നടന്ന് വരുന്ന രാജീവനെ കണ്ട് സുലോചനയുടെ മനസ്സ് ആർദ്രമായി.

അവസാനിച്ചു.

രചന

സജി തൈപ്പറമ്പ്.