Aksharathalukal

അന്ധത- ഷൂസേ സരമാഗോ

സാഹിത്യത്തിന് നൊബേൽ പുരസ്കാരം ലഭിച്ച ഷൂസെ സരമാഗോവിന്റെ 'അന്ധത ' എന്ന ഒരു നോവൽ ഉണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണിത്.ഇന്നത്തെ സാഹചര്യത്തോട് ഒത്തിരി ചേർന്ന് പോകുന്ന ഒരു വിഷയമാണ് അതിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ' white blindness ' ബാധിച്ചു ഒരു നഗരത്തിലെ എല്ലാവർക്കും കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ആണ് ഇതിൽ വിവരിച്ചിരിക്കുന്നത്‌ . 
 
കഥ ഇപ്രകാരമാണ്.
ഒരു ദിവസം  ജോലി കഴിഞ്ഞ് തിരിച്ചു വന്നു കൊണ്ടിരുന്ന ഒരു വ്യക്തി പെട്ടെന്ന് അന്ധനായി പോകുന്നു. അദ്ദേഹത്തെ ഒരാൾ വീട്ടിൽ കൊണ്ടുവിടാൻ  സഹായിക്കുന്നു. പക്ഷേ അയാൾ  ആ കാറുമായി കടന്നുകളയുന്നുണ്ട് . കണ്ണ് കാണിക്കുവാനായി ഡോക്ടറുടെ അടുത്ത് പോയി പിറ്റേദിവസം ഡോക്ടറും അന്ധനായി മാറുന്നു.അതോടൊപ്പം തന്നെ ആ ഡോക്ടറുടെ ക്ലിനിക്കിൽ അദ്ദേഹത്തെ കാണുവാൻ ആയിട്ട് വന്ന എല്ലാ രോഗികളും അതുപോലെ കാറു മോഷ്ടിച്ചു കൊണ്ടു പോയ കള്ളനും അന്ധരായി മാറുന്നു.
 
ഇത് പതുക്കെ ഒരു പകർച്ചവ്യാധിയായി ആ നഗരം മുഴുവൻ പടരുന്നു. ഇതിനെതിരെ ഒരു പ്ര തിവിധിയും കണ്ടെത്തുവാൻ ആയിട്ട് ആർക്കും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ നഗരം മുഴുവൻ അന്ധരായിട്ട് മാറുന്നു. ഡോക്ടറുടെ ഭാര്യക്ക് മാത്രം കാഴ്ച്ച നഷ്ടപ്പെടുന്നില്ല.കാഴ്ച നഷ്ടപ്പെട്ട എല്ലാവരെയും 'ക്വാരന്റെയിൻ' അയക്കുവാൻ തീരുമാനിക്കുന്നു.
ആദ്യം അവിടേക്ക് ചെല്ലുന്നത് ഈ ഡോക്ടറും ഭാര്യയും ആണ് .തനിക്ക് കാഴ്ച ഉണ്ടെങ്കിലും അത് പുറത്തു വെളിപ്പെടുത്താതെ അവർ അവിടെ കഴിയാനായി തീരുമാനിക്കുന്നു. 
 
കൂടുതൽ ആൾക്കാർ അന്ധരായി കൊണ്ടിരിക്കുന്നതിനാൽ സ്ഥിതി വഷളായി കൊണ്ടിരുന്നു . നഗരജീവിതം ആകെ താറുമാറായി. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. എവിടെയും ആക്രമണങ്ങൾ മാത്രം.ഭക്ഷണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ കടളൊക്കെ കൊള്ളയടിക്കപ്പെട്ടു. സ്വന്തം വീട്ടിൽ തിരിച്ചെത്താൻ വയ്യാതെ വേറെ എവിടെയെങ്കിലും ചെന്ന് പെടുന്നു. വീടുകൾ തിരിച്ചറിയാനാവാതെ ആളുകൾ പരസ്പരം വേറെ വീടുകളിൽ ഒക്കെ മാറി കേറുന്നു. എല്ലായിടത്തും ആകെ ഒരു അരക്ഷിതാവസ്ഥ.
 
ആളുകൾ ക്വാരന്റീനിൽ താമസിക്കപെട്ട സ്ഥലത്തും പ്രശ്നങ്ങളുണ്ടായി തുടങ്ങുന്നു. അവിടെ ഒരാൾ സ്വയം നേതാവ് ആയിട്ട് സ്ഥാപിക്കുന്നു. ഭക്ഷണത്തിൻറെ കുത്തക അവർ കീഴടക്കി.ഭക്ഷണ വേണ്ടവർ അവരുടെ വിലപ്പെട്ട വസ്തുക്കൾ അവർക്ക് കൊടുക്കണം എന്നു നിബന്ധന വച്ചു. പെൺകുട്ടികളെ അവർ പീഡിപ്പിച്ചു.
 
ഡോക്ടറുടെ ഭാര്യ എല്ലായിടത്തും ഒരു രക്ഷകയെ പോലെ വഴികാട്ടിയെ പോലെ വർത്തിക്കുന്നുണ്ട്. അവസാനം, തന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന ആളുകളുടെ രക്ഷയ്ക്ക് ആയിട്ട് അവൾക്ക് നേതാവിനെ കൊല്ലേണ്ടി വരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് ഭക്ഷണം ഒളിപ്പിച്ചു വെച്ചിട്ടുള്ള ഒരു സൂപ്പർമാർക്കറ്റിന്റെ  ഗോഡൗൺ കണ്ടെത്താൻ ഇടയാവുകയും അതിന്റെ അടുത്ത് ഒരു കെട്ടിടത്തിൽ താമസം ഉറപ്പിക്കുകയും ചെയ്യുന്നു.
 
ഒരു സന്ധ്യയിൽ, പെട്ടെന്ന് ആദ്യം കാഴ്ച നഷ്ടപെട്ട വ്യക്തിക്ക് കാഴ്ച തിരികെ ലഭിക്കുന്നു. അതോടൊപ്പം പതുക്കെ ബാക്കി ഉള്ളവർക്കും.
 
ജീവിതത്തിൽ ഒത്തിരി കാര്യങ്ങളുമായി ഓടി നടക്കുന്ന നമ്മൾക്ക് ജീവിതത്തിലെ ചില വലിയ, എന്നൽ നമ്മൾ അധികം പ്രാധാന്യം കൊടുക്കാതെ പോകുന്ന ചില കാര്യങ്ങള് എങ്ങിനെ  നമ്മുടെയും സമൂഹജീവിതത്തെ തന്നെയും സാരമായി ബാധിക്കുന്നു എന്ന് മനോഹരമായി സരമാഗു അവതരിപ്പിച്ചിരിക്കുന്നു. കാഴ്ച നഷ്ടപ്പെടുമ്പോൾ നമുക്ക് അന്യമാകുന്നത്, ലോകത്തിലെ വെറും കാഴ്ച മാത്രമല്ല, സമൂഹത്തിന്റെ സമാധാനവും നിലനിൽപ്പും ഒക്കെ ആണ്. നമ്മൾ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ആരനെന്നുള്ളത് പുറത്ത് വരുന്നത് ഇങ്ങനെയുള്ള ദുരിതം അനുഭവിക്കുമ്പോഴാണ്. അവിടെ കപടതകും അഭിനയത്തിന് ഒന്നും സ്ഥാനമില്ല. നമ്മൾ യഥാർത്ഥത്തിൽ എന്താണോ അത് പ്രകടമാകും. 
 
അന്ധത സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ മാത്രമല്ല മാനുഷ്യ്‌ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന മനോഹരമായ ദൃശ്യങ്ങളും സരമാഗു ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ട്‌. അമ്മ നഷ്ടപെട്ട കൊച്ചിന് മാതൃ സ്നേഹം നൽകുന്ന ഒരു വേശ്യയും, എല്ലാരും നഷ്ടപെട്ട പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്ന വൃദ്ധനും, തന്റെ കൂടെയുള്ളവർക്കു ഭക്ഷണം ലഭിക്കാനായി സ്വന്തം ശരീരം വിൽക്കാൻ തയ്യാറായ ആദ്യത്തെ അന്ധന്റെ ഭാര്യയും, സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയായിരു ന്നിട്ടും എല്ലാവരെയും കൂടെ കൂട്ടാൻ തയ്യാറായ ഡോക്ടറുടെ ഭാര്യയും,കൂടെയുള്ളവർക്കു കാവലായി വിശ്വസ്തതയു ടെ പര്യായമായി മാറുന്ന പട്ടികുട്ടിയും ഒക്കെ ഇപ്രകാരം നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്ന വ്യക്തിത്വങ്ങളാണ്.
 
സരമാഗുവിന്റെ തനതായ ശൈലിയിൽ എഴുതപ്പെട്ട ഇൗ ബെസ്റ്റ് സെല്ലർ ആയിരുന്ന ഇൗ പുസ്തകം, നിങ്ങൾക്ക് അതിമനോഹര മായ ഒരു വായനാനുഭവം നൽകും എന്ന് നിസ്സംശയം പറയാം. ഇന്നത്തെ കാലഘട്ടത്തിൽ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെ ആണ്  ' blindness '.