Aksharathalukal

മലയാളി പൊളിയാണ്

മലയാളി പൊളിയാണ്...
 
ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കേട്ടാൽ, അത് സത്യമാണോ, അല്ലയോ എന്ന ചിന്തയൊന്നും ഇല്ല.  എടുത്ത് അലക്കും. പ്രത്യേകിച്ച് പറയുന്നത് നമ്മൾ അറിയുന്നവർ ആണെങ്കിൽ പ്രത്യേകിച്ചും.
 
കേൾക്കുന്ന കാര്യങ്ങൾ പറഞ്ഞ് പരത്തുന്നതിന് മുൻപ്, ആരോപണ വിധേയവരായവരുടെ സ്ഥാനത്ത് നമ്മളെ സങ്കല്പിച്ച് നോക്കിയിട്ടുണ്ടോ. 
 
അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ആലോചിക്കാറുണ്ടോ.
 
ഒരു ഉദാഹരണം പറയാം. 
 
കുറച്ചു നാളുകൾക്ക് മുൻപ്, മകനെ പീഡിപ്പിച്ച അമ്മയെ കുറിച്ചൊരു വാർത്ത വന്നു. ആ അമ്മയെ, കേരളത്തിലെ മാധ്യമങ്ങൾ പരസ്യ വിചാരണ ചെയ്തു. സോഷ്യൽ മീഡിയയിലെ, ഗർജിക്കുന്ന സിംഹങ്ങൾ, അവരെ കുറിച്ചുള്ള കഥകൾ എഴുതിയും, കവിതകൾ രചിച്ചും നിർവൃതി അടഞ്ഞു. ദിവസങ്ങളോളം പലരുടെയും വാളുകളിൽ അവരെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു.  ചാനലുകളിൽ അന്തി ചർച്ചകൾ നടന്നു. ദിവസങ്ങളോളം ആ അമ്മയെ മലയാളികൾ ആഘോഷിച്ചു. 
 
അവരെ കുറിച്ചറിയാത്ത മലയാളികൾ ഉണ്ടായിരുന്നില്ല.
 
അവസാനം കോടതിയിൽ കേസ് വന്നപ്പോൾ, അത് അവരുടെ ഭർത്താവ് കൊടുത്ത കള്ള കേസ് ആണെന്ന് തെളിഞ്ഞു. 
 
അതേപോലെ, കഴിഞ്ഞ ദിവസം പീഡനക്കേസിൽ അറസ്റ്റിലായ പയ്യനെതിരെ, പോസ്റ്റിട്ട എത്ര പേർ ആ പയ്യനെ കോടതി വെറുതെ വിട്ടപ്പോൾ അതിനെ കുറിച്ച് പോസ്റ്റ് ഇട്ടു.
 
പക്ഷെ എത്ര പത്രങ്ങൾ അത് വാർത്തയാക്കി.
 
എത്ര പേര് സോഷ്യൽ മീഡിയയിൽ അതിനെ ആഘോഷമാക്കി.
 
എത്ര പേരുടെ വാളിൽ ഒരു ചെറു പോസ്റ്റെങ്കിലുമാക്കി അതിനെ ഷെയർ ചെയ്തു.
 
പ്രചരിപ്പിച്ചത് കള്ളം ആണെന്ന ബോധ്യം വന്ന എത്ര പേർ തന്റെ ഭാഗത്ത് നിന്ന്, അറിയതെയാണെങ്കിലും വന്ന തെറ്റിനെ ഏറ്റുപറഞ്ഞ് പോസ്റ്റുകൾ എഴുതി.
 
എത്ര പേർ കഥകളെ തിരുത്തി. കവിതകൾ മാറ്റി എഴുതി.
 
ഇതാണ് നമ്മൾ ഓരോരുത്തരും. ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം. 
 
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കുന്ന സോഷ്യൽ മീഡിയ സമൂഹം.
 
മറ്റൊരാളുടെ തെറ്റിനെ ആഘോഷിക്കാൻ നമ്മൾ മുന്നിലുണ്ടാകും. പക്ഷെ, നമുക്ക് തെറ്റ് പറ്റിയെന്ന് അറിഞ്ഞാൽ അത് തിരുത്താൻ ഞാനും നിങ്ങളും തയ്യാറാകില്ല. 
 
ഒരാളെ കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ അത് നാലാളെ അറിയിച്ചില്ലെങ്കിൽ നമ്മളിൽ പലർക്കും എന്തോ അസ്വസ്ഥതയാണ്. അറിഞ്ഞത് ശെരിയാണോ, തെറ്റാണോ എന്ന് ചിന്തിക്കാൻ പോലും നമ്മളിൽ പലരും മെനക്കെടാറില്ല.
 
ആരോപണ വിധേയവരായവരുടെ വാക്കുകളെ നമ്മൾ കേൾക്കാൻ ശ്രമിക്കാറില്ല. ആരെങ്കിലും, എന്തെങ്കിലും പറയുമ്പോഴേക്കും നമ്മൾ എടുത്തങ്ങ് ആഘോഷിക്കും. അവരെ, കൂട്ടം കൂടിയങ്ങ് ആക്രമിക്കും. അവരെ ഇല്ലാതെയാക്കും.
 
എല്ലാവരും നല്ലവർ ആണെന്ന് അല്ല, പക്ഷെ, ചിലർക്കെതിരെ എങ്കിലും വ്യാജ ആരോപണങ്ങൾ ഉണ്ടാകാറുണ്ട്. കാണുന്ന പോസ്റ്റുകളിലെ ഷെയർ ബട്ടൺ അമർത്തുന്നതിന് മുൻപ്, കണ്ടതും കേട്ടതും സത്യമാണോ എന്ന് ഒരുവട്ടമല്ല, പലവട്ടം ചിന്തിക്കുക.
 
ഒരു സിനിമയിൽ പറഞ്ഞ ഭാഷയിൽ പറഞ്ഞാൽ, ഞങ്ങൾക്ക് കുറ്റം പറയാനുള്ള ഹാഷ് ടാഗ് മാത്രല്ലേ ഇടാൻ പറ്റൂ, നിരപരാധികളെ കുറിച്ച് ഇടാൻ അറിയില്ലാലോ.
 
മുറു കൊടുങ്ങല്ലൂർ