അദ്ധ്യായം – 9
ബൈപ്പാസിലെ ആദ്യപാലം കടന്നതും ഡി.വൈ.എസ്.പി ഹരീഷിൻറെ കാറിനെ ഓവർടേക്ക് ചെയ്ത ഇന്നോവ ഹരീഷിൻറെ വണ്ടിക്ക് കുറുകേ കയറ്റി നിർത്തി. മുന്നിൽ പോയ ബാസ്റ്റിൻ ഒന്ന് ബ്രേക്ക് ചെയ്ത് പിന്നലേക്ക് നോക്കിയ ശേഷം വണ്ടി ഓടിച്ചു പോയി. ഇന്നോവയിൽ നിന്നും അഞ്ച് ചെറുപ്പക്കാർ ചാടിയിറങ്ങി. അപകടം മനസിലാക്കിയ ഹരീഷിന് എന്തെങ്കിലും ചെയ്യുവാൻ കഴിയും മുൻപ് അവർ അയാളുടെ വണ്ടിയെ വളഞ്ഞ് കഴിഞ്ഞിരുന്നു.
ഹരീഷ് തൻറെ സർവ്വീസ് റിവോൾവർ കയ്യിലെടുത്തു, പക്ഷേ അടുത്തനിമിഷം തൻറെ കാറിൻറെ മുന്നിലെയും വശത്തേയും ഗ്ലാസുകൾ തകർന്ന് വീഴുന്നതാണ് കണ്ടത്. അവരിൽ രണ്ട് പേർ കയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് കൊണ്ട് ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ഡോർ വലിച്ചു തുറന്ന് ഹരീഷിനെ അവർ പുറത്തേക്കിട്ടു. കയ്യിലിരുന്ന തോക്ക് പോലും ഫലപ്രദമായി ഉപയോഗിക്കാൻ ഹരീഷിന് കഴിഞ്ഞില്ല. അത് നിമിഷനേരത്തിനുള്ളിൽ അവരുടെ കയ്യിലായി. അവരുടെ മെയ്ക്കരുത്തിന് മുന്നിൽ തനിക്കൊന്നും ചെയ്യാനില്ലെന്നറിയാമായിരുന്നിട്ടും വെറുതേയങ്ങ് തോറ്റ് കൊടുക്കുവാൻ അയാൾ തയ്യാറായില്ല. അവരിൽ നിന്നും കുതറി മാറിയ അയാൾ സർവ്വ ശക്തിയും സംഭരിച്ച് മുന്നിൽ നിന്നവൻറെ മുഖത്തേക്ക് മുഷ്ടി ചുരുട്ടിയിടിച്ചു. അവൻറെ വായിൽ നിന്നും ചോരയോടൊപ്പം രണ്ട് പല്ലുകളും പുറത്തേക്ക് തെറിച്ചു. പിന്നിലൂടെ പിടിക്കാൻ വന്നവന് ഹരീഷിനെക്കാൾ പൊക്കം കൂടുതലായിരുന്നതിനാൽ കൈമുട്ട് കൊണ്ട് പിന്നിലേക്കുള്ള ഹരീഷിൻറെ പ്രഹരം അവൻറെ വയറിലേക്ക് മിസൈൽ പോലെ തറച്ചു. അവൻ മുന്നിലേക്ക് വേച്ചിരുന്നുപോയി, ക്ഷണനേരം കൊണ്ട് വെട്ടിത്തിരിഞ്ഞ് വായുവിലുയർന്ന് ഹരീഷ് കാലുകൊണ്ട് അയാളുടെ കഴുത്തിൽ തൊഴിച്ചു. വെട്ടിയിട്ട വാഴത്തട കണക്കേ അവൻ നിലത്ത് വീണു. പക്ഷേ അപ്പോഴേക്കും ഒരുത്തൻ പിന്നിലൂടെ വന്ന് ഹരീഷിൻറെ കഴുത്തിൽ പിടുത്തമിട്ടിരുന്നു. ഹരീഷ് തൻറെ തല കൊണ്ട് പിന്നിലേക്ക് ശക്തിയായി ഇടിച്ചപ്പോൾ കഴുത്തിലെ പിടിവിട്ട് അവൻ പിന്നോക്കം മാറി. അവൻറെ മൂക്കിൻറെ പാലം തകർന്ന് ചോരയൊഴുകുകയായിരുന്നു. അവന് മറ്റെന്തെങ്കിലും ചിന്തിക്കാൻ കഴിയും മുൻപേ രണ്ട് കാതുകളിലും ഒരേ സമയം ഹരീഷിൻറെ രണ്ട് കൈപ്പത്തികളും പതിഞ്ഞിരുന്നു. അതേ സമയം തൻറെ തലയ്ക്ക് പിന്നിൽ ശക്തമായ പ്രഹരമേറ്റ് തലയോട് പൊട്ടിയത് ഹരീഷറിഞ്ഞു. പിൻകഴുത്തിലേക്ക് ചോരയുടെ നനവ് പടർന്നതോടൊപ്പം കണ്ണുകൾക്ക് മങ്ങലും തോന്നി. പിന്തിരിഞ്ഞ് നോക്കിയ ഹരീഷിൻറെ കീഴ്ത്താടിയെല്ല് തകർത്ത് കൊണ്ട് ഒരിക്കൽ കൂടി ഇരുമ്പ് ദണ്ഡ് പാഞ്ഞുപോയി. കണ്ണുകളിൽ ഇരുൾ നിറയുമ്പോൾ കാർക്കിച്ച് തുപ്പിക്കൊണ്ട് അവൻ പറയുന്നത് അവ്യക്തമായി ഹരീഷിൻറെ ചെവിയിൽ മുഴങ്ങി.
“ വലിച്ചെടുത്ത് ആ കായലിൽ തള്ളെടാ ഇവനെ”
അപ്പോഴും ഹരീഷിൻറെ കനത്ത പ്രഹരമേറ്റ രണ്ട് പേർ തറയിൽ വീണു കിടക്കുകയായിരുന്നു. മറ്റ് രണ്ട് പേർ വന്ന് ഹരീഷിനെ താങ്ങിയെടുത്തു. പക്ഷേ അവരുടെ കണ്ണിലേക്ക് ദൂരെ നിന്നും വരുന്ന ഏതോ വാഹനത്തിൻറെ വെളിച്ചം തറഞ്ഞ് കയറി. അവർ ഹരീഷിനെ സൈഡിലെ പൊന്തക്കാട്ടിലേക്കിട്ടശേഷം ആ വാഹനം കടന്ന് പോകാനായി കാത്ത് നിന്നു. അതൊരു പഴകിപ്പോളിഞ്ഞ അമ്പാസിഡർ കാർ ആയിരുന്നു. അവരെ കടന്ന് പോയ ആ കാർ അവരുടെ ഇന്നോവയുടെ പിന്നിലിടിച്ച് നിന്നു. അത് കണ്ട് കലി കയറിയ ഗുണ്ടകളിൽ രണ്ട് പേർ തെറി വിളിച്ചുകൊണ്ട് അമ്പാസിഡറിനരികിലേക്ക് കുതിച്ചെത്തി. അതിൻറെ മുന്നിലെ സീറ്റിൽ ഡ്രൈവറെ കൂടാതെ ഒരാൾ കൂടിയുണ്ടായിരുന്നു. താഴ്ത്തി വച്ചിരുന്ന ഗ്ലാസിനുള്ളിലൂടെ ഇരുവശത്ത് നിന്നുമെത്തിയ ഗുണ്ടകൾ ഒരേ സമയം ഡ്രൈവറുടെയും സഹയാത്രികൻറെയും ഷർട്ടിനു കുത്തിപ്പിടിച്ചു. അടുത്ത നിമിഷത്തിൽ തങ്ങളുടെ കയ്യിലേക്ക് രണ്ട് സൂചികൾ തറഞ്ഞ് കയറിയതായും വല്ലാത്തൊരു നനവ് പടർന്നതായും തോന്നി. ശരീരത്തിലേക്ക് പടർന്ന് പുകയുന്ന വേദനയിൽ പെട്ടെന്ന് കൈ പിന്നിലേക്ക് വലിച്ച അവർക്ക് കൈകളിൽ എന്തോ ഭാരവും തോന്നിയിരുന്നു. ബാലൻസ് തെറ്റി റോഡലേക്ക് വീണുപോയ അവർ നേർത്ത നിലാവെളിച്ചത്തിൽ തങ്ങളുടെ കൈയ്യിൽ കടിച്ച് പിടിച്ചിരിക്കുന്നത് പാമ്പാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഭയന്ന് നിലവിളിച്ചു. ഓടിയെത്തിയ അവരുടെ കൂടെയുള്ളവർ എന്ത് വേണമെന്നറിയാതെ നിന്നപ്പോൾ അമ്പാസിഡറിൻറെ ഡോർ തുറന്ന് രണ്ട് പേർ പുറത്തിറങ്ങി. അവർ രണ്ട് പേരും വടി കൂത്തിപ്പിടിച്ചാണ് ഇറങ്ങി അൽപം നീങ്ങി നിന്നത്. തലയിൽ വച്ചിരുന്ന കൗബോയ് തൊപ്പിയുടെ നിഴൽ വിഴുന്നതിനാൽ തന്നെ അവരുടെ മുഖം ആ ഇരുളിൽ കൂടുതൽ ഇരുണ്ടിരുന്നു. തറയിൽ കിടന്ന് പിടയുന്ന ഗുണ്ടകളുടെ കൈത്തണ്ടയിൽ നിന്നും പാമ്പുകൾ അപ്പോഴും പിടിവിട്ടിട്ടില്ലായിരുന്നു. അത് കണ്ട് പുച്ഛത്തിൽ ചിരിച്ച അമ്പാസിഡറിൻറെ ഡ്രൈവറാണ് സംസാരിച്ചത്.
“അങ്ങനെ അനായാസം അതിനെ പറിച്ചെറിയാനാകില്ല. നല്ല മുഴുത്ത അണലികളാണ്. ചൂണ്ടക്കൊളുത്തുപോലെ വളഞ്ഞ് കൂർത്ത അവയുടെ വിഷപ്പല്ലുകൾ അത്രയെളുപ്പം ഊരിയെടുക്കാനുമാകില്ല. പട്ടി കടിച്ച് പറിക്കുന്ന പോലെ നിൻറെയൊക്കെ മാംസം സഹിതമേ അവ പോകു.”
പക്ഷേ അപ്പോഴേക്കും പാമ്പിനെ അവർ ദൂരേക്കെറിഞ്ഞ് കളഞ്ഞിരുന്നു. രണ്ട് പേരുടെ കൈയ്യിൽ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. അവർ എണീറ്റു അത് കണ്ട് അമ്പാസിഡറിൽ വന്നവരിരുവരും തലയിലെ തൊപ്പിയെടുത്ത് കാറിൻറെ ബോണറ്റിൽ വച്ചു. ഒരാൾ പോക്കറ്റിൽ നിന്നും സിഗററ്റെടുത്ത് ഒരെണ്ണം ചുണ്ടോട് ചേർത്തു, ഒരെണ്ണം രണ്ടാമന് കൊടുത്തു. എന്നിട്ട് ലൈറ്റർ തെളിത്ത് തീപകർന്നു. അപ്പോഴാണ് തറയിൽ വീണുകിടന്നവർ അവരുടെ മുഖം കണ്ടത്. എസ്.പി സതീഷ് ബോസും എസ്.പി കിരൺ മാത്യുവും.
“വെട്ടിക്കൊല്ലെടാ ഇവന്മാരെ”
കയ്യിലെ മുറിവമർത്തിപ്പിടിച്ച് ഒരുത്തൻ അലറി. അത് കേൾക്കേണ്ട താമസം ഒരുത്തൻ ഇന്നോവയുടെ പിന്നിലെ ഡോർ തുറന്ന് വാളുമെടുത്ത് അവർക്ക് നേരെ കുതിച്ച് ചെന്നു. പക്ഷേ അവരിരുവർക്കും യാതൊരു കുലുക്കവുമില്ലായിരുന്നു. വാളുമായി അവർക്കരികിലെത്തിയ അവന് തൻറെ വയറിലൂടെ ഒരു മിന്നൽ കടന്ന് പോയ പോലെ തോന്നി. ശരീരത്തിലേക്ക് പടർന്ന വേദന എന്താണെന്ന് തിരിച്ചറിയും മുന്നേ സതീഷ് ബോസിൻറെ ചുരുട്ടിപ്പിടിച്ച മുഷ്ടി ഇരുമ്പുകൂടം കണക്കെ നെഞ്ചിൽ പതിഞ്ഞു. അയാൾ പിന്നിലേക്ക് വീണു പിടഞ്ഞു. ഏതാനും സെക്കൻറുകൾക്കുള്ളിൽ ആ പിടച്ചിലവസാനിച്ചു. അപ്പോഴും ആ ഡ്രൈവറിൻറെ വലം കൈയ്യിൽ നീട്ടിപ്പിടിച്ചിരിക്കുന്ന വടിവാളിൽ നിന്നും കൊഴുത്ത ചോര ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. ഇടികൊണ്ട് അവശരായി നിന്ന മറ്റ് രണ്ട് പേരുടെ അരികിലേക്ക് കിരൺ മാത്യു പാഞ്ഞടുത്തു. കിരണിൻറെ കൈയ്യിലിരുന്ന വാക്കിംഗ് സ്റ്റിക്ക് ക്ഷണനേരം കൊണ്ട് വടിവാളായി മാറിയിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് രണ്ട് പേരും തറയിൽ കിടന്ന് പിടഞ്ഞു. അപ്പോഴേക്കും പാമ്പിൻ വിഷം പ്രവർത്തിച്ച് തളർച്ച തോന്നിത്തുടങ്ങിയ രണ്ടു പേർ ജീവനു വേണ്ടി യാചിക്കുവാൻ തുടങ്ങി. ഹോസ്പിറ്റലിലെത്തിക്കാൻ പറഞ്ഞ് കെഞ്ചിക്കരയാൻ തുടങ്ങി. അത് കണ്ട് ആസ്വദിക്കുന്ന പോലെ അവരിരുവരും അമ്പാസിഡറിൻറെ ബോണറ്റിൽ ചാരി നിന്നു. പിന്നെ പതിയെ നടന്ന് അവർക്കരികിലെത്തി. സതീഷ് തൻറെ കയ്യിലെ വടിവാൾ ഒരുത്തൻറെ നെഞ്ചിൽ മുട്ടിച്ച് പിടിച്ചു.
“എത്രയോ പേർ നിൻറെയൊക്കെ മുന്നിൽ നിന്ന് ജീവന് വേണ്ടി യാചിച്ചിട്ടുണ്ട് ഇതുപോലെ, അപ്പോഴൊക്കെ ആർത്തട്ടഹസിച്ചിട്ടില്ലേ നീയൊക്കെ, ഇപ്പോഴെന്തേ യാചന..... നിൻറെയൊക്കെ കരച്ചിലും പ്രാർത്ഥനയും കണ്ട് അലിഞ്ഞ് മാപ്പ് നൽകുന്ന ദൈവപുത്രൻമാരോ മാലാഖമാരോ അല്ല ഞങ്ങൾ, ഞങ്ങൾ ചെകുത്താൻമാരാണ്, രാക്ഷസന്മാർ...... നിങ്ങൾ കേട്ടിട്ടില്ലേ രാവണനെന്ന് രാക്ഷസ്സരാജൻ.... പത്ത് തലകളൊക്കെയായി....... ഇതും അതുപോലെയൊരു രാക്ഷസ്സൻ”
അത്രയും പറഞ്ഞ് സതീഷ് ഉറക്കെ ചിരിച്ചതും കയ്യിലെ വടിവാൾ ആ ഗൂണ്ടയുടെ നെഞ്ചിൽ തറഞ്ഞ് കയറിയതും ഒരേ സമയത്താണ്. അത് കണ്ട രണ്ടാമൻ ഭയന്നോടാൻ തുടങ്ങി. പക്ഷേ അവൻറെ മുതുകിലൂടെ കിരണിൻറെ കൈയ്യിലിരുന്ന വടിവാൾ തുളഞ്ഞ് കയറി. അവരുടെ പിടച്ചിൽ കണ്ടാസ്വദിച്ച സതീഷ് അതിലൊരുവൻറെ ഫോൺ പോക്കറ്റിൽ നിന്നുമെടുത്ത് 100 എന്ന നമ്പർ ഡയൽ ചെയ്തു. കോൾ കണക്ട് ആയപ്പോൾ ഇത്രമാത്രം പറഞ്ഞു.
“കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ പാലത്തിനടുത്ത് ഒരു പോലീസുകാരനെ കുറേ ഗുണ്ടകൾ സംഘം ചേർന്നാക്രമിക്കുന്നു. വേഗം വന്ന് രക്ഷിക്കണേ”
ഫോൺ കട്ട് ചെയ്ത സതീഷ് ഒരു ചെറു ചിരിയോടെ ഫോൺ ദൂരെ കായലിലേക്കെറിഞ്ഞു. ശേഷം അവരിരുവരും കാറിൽ കയറി, കാർ ഓടിച്ചുപോയി.
*****************
തലകീഴായി മറിഞ്ഞ കാറിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങൻ കഴിയാതെ ബാസ്റ്റിൻ വിഷമിച്ചു. കാലെവിടെയോ കുടുങ്ങിക്കിടക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അയാൾ ഓർത്തെടുക്കുകയായിരുന്നു. വിജനമായ മുന്നിൽ നീണ്ടുനിവർന്ന് കിടക്കുന്ന ബൈപ്പാസ്, തെരുവുവിളക്കുകളില്ലായിരുന്നു. മുന്നിലെ പാലത്തിൽ മാത്രമാണ് വെളിച്ചമുണ്ടായിരുന്നത്. നല്ല സ്പീഡിലാണ് വണ്ടിയോടിച്ച് വന്നത് പെട്ടെന്ന് ഫ്രണ്ടിലെ ടയർ പൊട്ടി നിയന്ത്രണം പോയി, വണ്ടി വശത്തെ താഴ്ചയിലേക്ക് മറിഞ്ഞ് പോവുകയായിരുന്നു. കാലിലെ വേദന ശരീരമൊന്നാകെ പടരുന്നുണ്ട്, എവിടൊക്കെയോ ഇടിച്ച് ചതഞ്ഞ് വേദന, ഒരു കൈ അനക്കാനാവാത്ത വിധം വേദനയുണ്ട്, ആ കൈയ്യിലെ എല്ലൊടിഞ്ഞ് മാംസത്തിലേക്ക് തറച്ചിരിക്കുകയാണ്.
നേർത്ത നിലാവെളിച്ചത്തിൽ തൻറെ അരികിലേക്ക് രണ്ട് പേർ വരുന്നത് ബാസ്റ്റിൻ കണ്ടു, അപകടം കണ്ട് രക്ഷിക്കാൻ വരുന്നവരാണെന്ന് കരുതി ആശ്വസിച്ച ബാസ്റ്റിൻ കണ്ടത് അവരിരുവരുടെയും കൈയ്യിലെ തോക്കുകളാണ്. ക്രൂരമായ ചിരിയോടെ നടന്നടുക്കുന്ന അവരെ കണ്ടപ്പോൾ ബാസ്റ്റിന് തനിക്ക് യഥാർത്ഥത്തിൽ എങ്ങനെയാണ് അപകടം പറ്റിയതെന്ന് മനസിലായി. അവരുടെ ബുള്ളറ്റുകൾ തൻറെ വണ്ടിയുടെ മുൻചക്രങ്ങൾ തകർത്തിരിക്കുന്നു.
അടുത്തേക്ക് വന്ന അവരിലൊരാൾ ബാസ്റ്റിൻറെ അരികിൽ ഇരുന്നു. മറ്റേയാൾ വണ്ടിയിൽ എന്തോ പരതുകയായിരുന്നു. അരികിലിരുന്നത് എ.സി.പി ശ്യാം മാധവാണെന്ന് ബാസ്റ്റിനറിയാമായിരുന്നു. മുൻപ് ശ്യാം തൃശ്ശൂർ ജോലി ചെയ്തിരുന്ന സമയത്ത് ഒന്നു രണ്ട് തവണ ഉരസിയതിൻറെ കേടുപാടുകൾ ഇപ്പോഴും ബാസ്റ്റിൻറെ ദേഹത്തുണ്ടായിരുന്നു.
“സർ, പ്ലീസ്...... എന്താണ് നിങ്ങൾ ചെയ്യുന്നത്? എന്താണ് നമ്മൾ തമ്മിലുള്ള പ്രശ്നം? എന്തിനാണെന്നെ?....”
വേദന കടിച്ചമർത്തിയുള്ള ബാസ്റ്റിൻറെ ചോദ്യങ്ങളെ ചുണ്ടിലേക്ക് തോക്ക് മുട്ടിച്ച് ശ്യാം നിശബ്ദമാക്കി.
“മോനേ ബാസ്റ്റിനേ..... ഒത്തിരി ചോദ്യങ്ങളൊന്നും വേണ്ട അങ്ങോട്ടും ഇങ്ങോട്ടും..... ഒറ്റ ചോദ്യം? അതിൻറെ ഉത്തരം നീ പറയണം... അത് മാത്രം..... നിന്നെ തിരുവനന്തപുരത്തേക്ക് വിളിച്ച് എന്താണ് ഷൺമുഖൻ പ്ലാൻ ചെയ്യുന്നത്?”
സത്യത്തിൽ എന്താണ് ഷൺമുഖൻറെ പ്ലാൻ എന്ന് ബാസ്റ്റിനുമറിയില്ലായിരുന്നു ചെല്ലാൻ പറഞ്ഞാൽ ചെല്ലണം അങ്ങോട്ട് വിശദീകരണം ചോദിക്കുന്നത് ഷൺമുഖനിഷ്ടവുമല്ല.
“എനിക്കറിയില്ല സാർ... ഞാൻ”
തുടർന്നെന്തെങ്കിലും പറയും മുൻപ് സൈലൻസർ ഘടിപ്പിച്ച ശ്യാമിൻറെ തോക്കിലെ ബുള്ളറ്റ് ബാസ്റ്റിൻറെ തലയോടിനുള്ളിലൂടെ കടന്ന് പോയിക്കഴിഞ്ഞിരുന്നു.
ശ്യം എണീറ്റു.
“എന്തായി അൻവർ ? കിട്ടിയോ?”
അപ്പോഴേക്കും വണ്ടിയിൽ നിന്നും സി.സി.റ്റി.വി ഫൂട്ടേജടങ്ങിയ ഹാർഡ് ഡിസ്ക്ക് കണ്ടെത്തിയ അൻവർ അതുമായി ശ്യാമിനു മുന്നിലെത്തിയിരുന്നു.
“സോ വീ ഷാൾ ഗോ”
ഒരു പുഞ്ചിരിയോടെ അൻവറിൻറെ തോളത്ത് തട്ടിയ ശേഷം ശ്യാം മുന്നേ നടന്നു, അവർ ബോട്ടിൽ കയറി
****************
ബാസ്റ്റിൻ ജോൺ കൊല്ലപ്പെട്ട വാർത്ത ഷൺമുഖൻ ഇതിനോടകം അറിഞ്ഞ് കഴിഞ്ഞിരുന്നു. ബാസ്റ്റിൻ ജോൺ മാത്രമല്ല, ബൈപ്പാസിൽ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൽ മറ്റ് ആറ് ഗൂണ്ടാസംഘാംഗങ്ങൾ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിൽ ഡി.വൈ.എസ്.പി ഹരീഷിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയുമാണ്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് പോലീസിന് ഒരു തുമ്പും കിട്ടിയില്ല.
ബാസ്റ്റിനെ ഹരീഷ് പിന്തുടരുകയായിരുന്നു അപ്പോൾ ബാസ്റ്റിനോ അയാൾ ചുമതലപ്പെടുത്തിയ ഗുണ്ടകളോ ആയിരിക്കാം ഹരീഷിനെ ആക്രമിച്ചിരിക്കുക. പക്ഷേ അതേ ബാസ്റ്റിനും സംഘവും ആക്രമിക്കപ്പെട്ടിരിക്കുന്നു, അതെങ്ങനെ ? ആര് ചെയ്തു? എന്തിന് ചെയ്തു? ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക തീർത്തതാവുമോ? ഉമയുടെ മനസിൽ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ഇടയ്ക്ക് ബോധം വന്ന ഹരീഷിൽ നിന്നും വ്യക്തമായ ഒരു വിവരവും കിട്ടിയതുമില്ല. തൻറെ സൈന്യത്തിലെ കരുത്തനായ ഒരു പോരാളി വീണു പോയത് ഉമയെ ചിന്താധീനയാക്കി. തൻറെ ആവശ്യപ്രകാരം അമ്മാവനും ആഭ്യന്തര മന്ത്രിയുമായ ദിനകരൻ പാറക്കുന്നേൽ വളരെ രഹസ്യമായി നടത്തിയ അന്വേഷണത്തിന് ശേഷം കണ്ടെത്തിയതാണ് മിടുക്കരായ ടീം മെമ്പേഴ്സിനെ, അതിലെ ഏറ്റവും മിടുക്കനാണ് ഇന്ന് വീണുപോയിരിക്കുന്നത്. തലയ്ക്കേറ്റ മാരകമായ പരിക്ക് അദ്ദേഹത്തെ കുറച്ചധികം കാലത്തേക്കെങ്കിലും കിടക്കിയിൽ തളച്ചിടുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ഓഫീസിന് പുറത്ത് യുവനേതാവ് അഭിറാം ഡി പി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കുന്നുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിനെ പച്ചയ്ക്ക് തെറി വിളിക്കുന്നത് പോലെയായിരുന്നു മുദ്രാവാക്യം വിളികൾ. ഒരു എം.എൽ.എ പോലുമല്ലെങ്കിലും സോഷ്യൽ മീഡിയായിലെ നിറസാന്നിദ്ധ്യവും ആദർശ ധീരനും അധികാര രാഷ്ട്രീയത്തോട് തെല്ലും താല്പര്യവുമില്ലാത്ത അഭിറാമിൻറെ പിന്നലെപ്പോഴും യുവാക്കളുടെ ഒരു വലിയ കൂട്ടംമുണ്ട്. മാത്രമല്ല രാഷ്ട്രീയപ്പടക്കളത്തിലെ ഗ്ലാമർ താരമായ അഭിറാമിന് ആരാധകരായി പെൺകുട്ടികളുടെ ഒരു പട തന്നെയുണ്ട്. അത് ഭരണ മുന്നണിയെയും പ്രതിപക്ഷത്തേയും ഒരേ പോലെ പ്രശ്നത്തിലാക്കുന്നുണ്ട്. അഭിറാം ശരിക്കും ഇരുപക്ഷത്തുമില്ല. ഒറ്റയാനായി അഴിമതിക്കെതിരേയും കെടുകാര്യസ്ഥതയ്ക്കെതിരേയും ശബ്ദമുയർത്തുകയാണ്. ഈയിടെയായി അഭിറാമിൻറെ ആക്രമണം മുഴുവൻ സംസ്ഥാന ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലിനെതിരേയാണ്. അയാളുടെ മനോഹര ശബ്ദം ഉച്ചഭാഷിണിയിൽ മുഴങ്ങി. ഉമ തൻറെ മുറിയിലെ ജനാലയിലെ കർട്ടൻ മാറ്റി അത് നോക്കി നിന്നു.
“പ്രിയപ്പെട്ട നാട്ടുകാരെ ഈ നാട്ടിലെന്താണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ജനങ്ങളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാർ പ്രാണഭയത്താൽ ഉറക്കമില്ലാത്ത രാവുകൾ തള്ളിനീക്കുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ 10 പോലീസുകാരെയാണ് ഏതോ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. അതിൽ ആദ്യത്തെ നാല് പേർ കൊല്ലപ്പെട്ടുവെന്ന് പോലീസ് തന്നെ സ്ഥിതീകരിച്ചു. രണ്ട് പേരുടെ ചിതാഭസ്മം മാത്രമാണ് കിട്ടിയത്. ബാക്കിയുള്ളവരുടെ ശവം പോലും കിട്ടില്ലെന്ന് ഭീഷണി മുഴക്കിയ നിഖിൽ രാമനെന്നൊരാളിൻറെയും ശവം കിട്ടി. പിന്നെ കാണാതായത് പ്രശസ്തയായ ഫോറൻസിക് സർജൻ അൻസിയ റഹ്മാനെയും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ജെറാൾഡ് സേവ്യറിനെയുമാണ്. കൃത്യമായ ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അവയൊക്കെ അവഗണിച്ച് മിടുക്കന്മാരായ കുറച്ച് പോലീസ് ഉദ്യോഗസ്ഥരെ കൊലയ്ക്ക് കൊടുത്ത ആഭ്യന്തര മന്ത്രി ആ സ്ഥാനത്തിരിക്കാൻ അർഹനല്ല. അൽപമെങ്കിലും നാണമുണ്ടെങ്കിൽ രാജി വച്ചിട്ടിറങ്ങിപ്പോകണം. അധികാരത്തിൻറെ അപ്പക്കഷ്ണത്തിൽ മരണം വരെയും കടിച്ചു തൂങ്ങിക്കിടക്കുന്ന ഇത്തരം കിഴവന്മാർക്ക് ഭരിക്കാനറിയില്ല. കട്ട് മുടിക്കാൻ മാത്രമേ അറിയൂ. ആഭ്യന്തര മന്ത്രി രാജി വയ്ക്കും വരെ ഈ പ്രക്ഷോഭ പരിപാടികൾ തുടരും……”
ഉച്ചവെയിലിനെ വകവയ്ക്കാതെ അഭിറാം കത്തിക്കയറുകയായിരുന്നു.
“എക്സ്ക്യൂസ്മി മാഡം ഒരാൾ മാഡത്തിനെ കാണണമെന്ന് പറഞ്ഞ് വെയിറ്റ് ചെയ്യുന്നു”
“ ആരാണ് ദീപിക കാണാൻ വന്നിരിക്കുന്നത്?”
ദീപിക വന്ന പറഞ്ഞത് കേട്ട് അഭിറാമിൻറെ പ്രസംഗമുപേക്ഷിച്ച് ഉമ തൻറെ സീറ്റിലേക്ക് വരുന്നതിനിടയിൽ ചോദിച്ചു.
“ഒരു സമീർ, തൃശ്ശൂർ നിന്നാണ് വന്നിരിക്കുന്നത്. മാഡത്തിനോട് നേരിട്ടൊന്ന് സംസാരിക്കണം, മാഡത്തിന് പരിചയമുള്ള ആളാണ് പേര് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു.”
ദീപിക പറഞ്ഞത് കേട്ട് ഉമ തൻറെ ഓർമ്മയിൽ സമീർ എന്നൊരു പേര് പരതി. പക്ഷേ അങ്ങനെയൊരാളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
“എന്തായാലും വരാൻ പറയൂ...... “
ദീപിക അയാളെ കൂട്ടിക്കൊണ്ട് വരാൻ പോയപ്പോഴും ഉമ ആരാണ് തനിക്കറിയാവുന്ന സമീർ എന്ന ആലോചനയിലായിരുന്നു.
“ഗുഡ് ആഫ്റ്റർനൂൺ മാഡം”
സമീറിൻറെ മുഖം തൻറെ ഓർമ്മയുടെ കോണിലെവിടെയോ പൊടിപിടിച്ച് കിടക്കുന്നതാണെന്ന് ഉമയ്ക്ക് തോന്നി, പക്ഷേ പരതിയെടുക്കാനുള്ള മനസിൻറെ ശ്രമം വിഫലമായി. അയാൾ വലിയ പരിചിത ഭാവത്തിലാണ് നിൽക്കുന്നതും.
“സമീർ ഇരിക്കൂ.. “ ഉമ മുന്നിലെ കസേരയിലേക്ക് കൈ ചൂണ്ടി, സമീർ അതിലിരുന്നു. ഉമയുടെ നോട്ടത്തിൽ നിന്നും അവർക്ക് തന്നെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സമീറിന് മനസിലായി.
“മാഡം എന്നെ മറന്നുവല്ലേ..... അല്ലെങ്കിലും സർവ്വീസ് ജീവിതത്തിൽ കണ്ടുമുട്ടിയ ക്രിമിനൽസിനെയെല്ലാം ഓർത്തിരിക്കേണ്ട ബാദ്ധ്യത പോലീസുകാർക്കില്ലല്ലോ... അല്ലേ...... “
സമീറിൻറെ മുഖത്ത് ജാള്യത കലർന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു.
“ക്ഷമിക്കണം സമീർ നിങ്ങളെ എവിടെയോ കണ്ട് നല്ല പരിചയമുണ്ട് പക്ഷേ കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല.” ഉമ കാര്യം തുറന്ന് പറഞ്ഞു
“മാഡം പണ്ട് ഒരു കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നെ. ഇവിടെ തിരുവനന്തപുരത്ത് കോളേജിൽ പഠിക്കുകയായിരുന്നു അന്ന് ഞാൻ. മാഡത്തിൻറെ കൈയ്യീന്ന് കുറേ തല്ല് കിട്ടിയിട്ടുണ്ട്, ഒത്തിരി ഉപദേശവും. എന്നിട്ട് അന്ന് മാഡം കേസ് ചാർജ്ജ് ചെയ്യാതെ വീട്ടുകാരെ വീളിച്ചുവരുത്തി എന്നെ നിർബന്ധപൂർവ്വം ഡി അഡിക്ഷൻ സെൻററിലാക്കി. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അവിടുന്ന് ഡിസ്ചാർജ്ജ് ആയ ദിവസവും മാഡം എന്നെ കാണാൻ വന്നിരുന്നു. അന്നും കുറേ ഉപദേശിച്ചു. ഇനി ചീത്ത കൂട്ടുകെട്ടിലൊന്നും ചെന്ന് ചാടരുതെന്ന്”
സമീറിൻറെ കണ്ണു നിറഞ്ഞിരുന്നു. ഉമയ്ക്ക് ആ സംഭവങ്ങൾ വേഗം ഓർമ്മ വന്നു, അന്ന് തൻറെ മുന്നിലിരുന്ന കരഞ്ഞ ആ കൊച്ച് പയ്യനാണിതെന്ന് ഉമ തിരിച്ചറിഞ്ഞു.
“ ഓ സോറി ശരിക്കും ഞാൻ തന്നെ മറന്ന് പോയി..... പൊതുവേ ഞാനങ്ങനെ ആൾക്കാരെ മറക്കാത്തതാണ്, പക്ഷേ ഇതെന്ത് പറ്റിയെന്ന് അറിയില്ല..... വൺസ് എഗെയ്ൻ സോറി..... അല്ല ഇപ്പോ എന്തിനാണ് സമീർ എന്നെ കാണാൻ വന്നത്?”
“പഠിച്ച് രക്ഷപെട്ടതൊന്നുമില്ല മാഡം, പിന്നെ അച്ഛൻ നാട്ടിലൊരു മെൻസ് വെയർ ഷോപ്പ് ഇട്ടു തന്നു, അതുമായി അല്ലലില്ലാതെ ജീവിച്ച് പോവുകയാണ്. ഇപ്പോ കുറച്ച് പോലീസുകാരെ കാണാതായതും ശിവലാൽ ഷെട്ടിയുടെ മരണവും ഒക്കെ മാഡമല്ലേ അന്വേഷിക്കുന്നത്.... അതുമായി ബന്ധപ്പെട്ട ഒരു കാര്യം എനിക്ക് മാഡത്തിനോട് പറയാനുണ്ട്.... അതിനാ ഞാനിപ്പോ വന്നത്, അവിടെ നാട്ടിലെ പോലീസിനോട് പറഞ്ഞാൽ അപകടമാണെന്നൊരു തോന്നൽ... പിന്നെ മാഡത്തിനെ അറിയാമെന്ന ധൈര്യത്തിലലും എനിക്ക് മാഡം ആപത്തൊന്നും ഉണ്ടാക്കില്ലെന്ന് വിശ്വാസത്തിലുമാണ് ഇങ്ങോട്ട് വന്നത്”
കേസുമായി ബന്ധപ്പെട്ട കാര്യമാണെന്നറിഞ്ഞതോടെ അതെന്താണെന്ന് കേൾക്കാനുള്ള ആകാംക്ഷയായി ഉമയ്ക്ക്.
“എന്താണ് സമീറേ കാര്യം..... നീ ധൈര്യമായി പറഞ്ഞോളൂ, അതു മൂലം നിനക്കൊരു പ്രശ്നവുമുണ്ടാകില്ല, അത് ഞാനുറപ്പ് തരാം”
“ തൃശ്ശൂര് എൻ.എച്ച്.സൈഡിൽ പെരിഞ്ഞനം ഭാഗത്താണ് എൻറെ ഷോപ്പ്, അവിടെ റോഡിൽ കുറച്ച് പണികൾ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബാസ്റ്റിൻ ജോൺ എന്ന കുപ്രസിദ്ധ ഗൂണ്ട കടയിൽ വന്ന് സിസിറ്റിവി ഫൂട്ടേജ് കാണണമെന്ന് ആവശ്യപ്പെട്ടു. അയാളാളൊരു ഡെയ്ഞ്ചറാണ് മാഡം, അനുസരിക്കാതിരുന്നാൽ തല കാണില്ല. അയാൾ പരിശോധിച്ചത് കാസർഗോഡ് നിന്ന് ശിവലാൽ ഷെട്ടിയുടെ ബോഡി കിട്ടിയതിൻറെ തലേ ദിവസത്തെ വിഷ്വൽസായിരുന്നു. അതിൽ ഒരു ഫോർഡ് എൻഡവറിൻറെയും തൊട്ട് പിന്നാലെയൊരു ബ്ലാക്ക് സ്കോർപ്പിയോയുടെയും വിഷ്വൽ വന്നപ്പോൾ അത് ഫ്രീസ് ചെയ്യാൻ പറഞ്ഞു. പിന്നെയത് സൂം ചെയ്ത് പരിശോധിച്ചിട്ട്, എൻറെ സിസ്റ്റത്തിൻറെ ഹാർഡ് ഡിസ്ക് സഹിതം അയാൾ കൊണ്ട് പോയി.... ഈ വിഷയം ആരോടേലും പറഞ്ഞാൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് പോയത്. അയാൾക്ക് പോലിസിൽ പോലും കൂട്ടുകക്ഷികളുണ്ടെന്നത് പരസ്യമായ രഹസ്യമാണ് അതു കൊണ്ട് തന്നെ അതേപ്പറ്റി ആരോടും പറയുന്നില്ലെന്ന് കരുതി.”
അത് പറയുമ്പോൾ സമീറിൻറെ മുഖത്ത് ഭയമുണ്ടായിരുന്നു.
“പിന്നെ ഇപ്പോഴെന്താണ് പറയാൻ കാരണം, ബാസ്റ്റിൻ ജോൺ കൊല്ലപ്പെട്ടതുകോണ്ടാണോ?”
“അതുമൊരു കാരണമാണ് മാഡം, ഇന്നലെ രാത്രി അയാളെ ആരോ കൊന്നുവെന്ന് വാർത്ത കണ്ടു, പിന്നെ അതിനേക്കാൾ വലിയൊരു കാര്യം കൂടിയുണ്ട് മാഡം, ആ വിഷ്വൽസ് സൂം ചെയ്തപ്പോൾ കാറിൻറെ മുൻസീറ്റിലിരിക്കുന്ന ആളിനെ ഞാൻ കണ്ടിരുന്നു. അതൊരു സ്ത്രീയായിരുന്നു. അവരെയെനിക്കറിയാം. അത് അഞ്ജനയാണ്. ഒരു റേപ്പ് വിക്ടിമാണ് ആ പെൺകുട്ടി, കേസിലെ പ്രതികളെല്ലാം ഉന്നതന്മാരായത് കൊണ്ട് തന്നെ പോലീസ് തേച്ച്മാച്ച് കളഞ്ഞ ഒരു കേസിലെ ഇരയായ പെൺകുട്ടി, അവളെ പീഡിപ്പിച്ചവരിൽ ഒരു പോലീസുകാരനുമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്, കോല്ലപ്പെട്ട ഡി.വൈ.എസ്.പി രാജൻ ജോൺ. ആദ്യം ആ റേപ്പ് കേസ് അന്വേഷിച്ചത് എ.സി.പി ശ്യാം മാധവ് സാറായിരുന്നു. ആയിടക്ക് സാറിന് നേരേ ഗുണ്ടാ ആക്രമണമുണ്ടായപ്പോൾ കേസന്വേഷണം തുടർന്ന് നടത്തിയത് എസ്.പി സതീഷ് ബോസ് സാറാണ്. ശ്യം മാധവും സതീഷ് ബോസും ആ കേസ് തേച്ച് മാച്ച് കളഞ്ഞ് ആ പെൺകുട്ടിക്ക് കിട്ടേണ്ടിയിരുന്ന നീതി നിഷേധിച്ചവരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.”
തുടരും