Aksharathalukal

COUNTDOWN - Part 8

അദ്ധ്യായം – 8

 *തൃശൂർ - ബാസ്റ്റിൻ ജോണിൻറെ സങ്കേതം*

 അയാളുടെ മുഴുവൻ സംഘാംഗങ്ങളും എത്തിയിട്ടുണ്ട്.


“ ഞാനിന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പോകും ഷൺമുഖൻ രാവിലെ അവിടെയെത്തും, നമ്മളിത്രകാലവും കളിച്ച കളികളല്ല ഷൺമുഖൻറേത്. അത് വലിയ കളികളാണ്. അതിന് വേണ്ട എല്ലാ സഹായങ്ങളും നമ്മൾ ചെയ്ത് കൊടുക്കണം. ഒന്നു വിളിച്ചാൽ അടുത്ത നിമിഷം എല്ലാവരും എന്തിനും റെഡിയായി വന്നിരിക്കണം. എസ്.പി ഉമാ കല്ല്യാണിയുടെ കാര്യം അയാൾ നേരിട്ട് നോക്കിക്കോളും, പക്ഷേ രാവണൻ, അവനേത് മാളത്തിലാണ് ഉള്ളതെങ്കിലും പുകച്ച് പുറത്ത് ചാടിച്ച് ഷൺമുഖൻറെ മുന്നിലെത്തിക്കുന്നതാണ് നമ്മുടെ ജോലി. അതെനിക്ക് അഭിമാന പ്രശ്നം കൂടിയാണ്. കാരണം, നമ്മുടെ മൂക്കിൻറെ തുമ്പിൽ നിന്നാണ് ശിവലാൽ ഷെട്ടിയെ അവൻ കടത്തിക്കൊണ്ട് പോയത്, അതുകൊണ്ട് നിങ്ങൾ ഇപ്പോത്തന്നെ തുടങ്ങിക്കോ, രാവണനെത്തിരയാൻ. ആ തട്ടുകടക്കാരൻ പറഞ്ഞത് ശരിയാണെങ്കിൽ ആ കാറിന് പിന്നിൽ രാവണൻ എന്നൊരു സ്റ്റിക്കർ പതിച്ചിട്ടുണ്ട്, ബ്ലാക്ക് സ്കോർപ്പിയോ . അതെവിടെ കണ്ടാലും സ്കെച്ചിട്ടോ.”

ബാസ്റ്റിൻറെ നിർദ്ദേശങ്ങൾ എല്ലാവരും മൂളിക്കേട്ടു. ആ  ചെറിയ  മീറ്റിംഗ് അവസാനിച്ചതോടെ അവർ പണി തുടങ്ങുകയും ചെയ്തു.

ബാസ്റ്റിൻ തൻറെ ജീപ്പിൽ തനിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു.  ഒറ്റയ്ക്ക് ചെന്നാൽ മതിയെന്ന് ഷൺമുഖൻ പറഞ്ഞിരുന്നു.
 
***************************

“ ഈ കാണാതായ ശ്യം സാറിനൊപ്പം ഒരു കേസിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്, ഞാനിന്നേവരെ ജോലി ചെയ്തിട്ടുള്ള സുപ്പീരിയർ ഓഫീസർമാരിൽ ഏറ്റവും മിടുക്കനായ ആൾ.... ശരിക്കും നമ്മൾ ഈ സിനിമയിലൊക്കെ സുരേഷ് ഗോപിയെക്കണ്ട് കൈയ്യടിക്കില്ലേ... ഭരത് ചന്ദ്രൻ ഐ.പി.എസ് നെപ്പോലെയുള്ള ഓഫീസർ വേഷങ്ങളിൽ നിന്ന് തകർക്കുമ്പോൾ, ശരിക്കും ശ്യാം സാറിൻറെയൊപ്പം ജോലി ചെയ്തപ്പോഴാണ് യഥാർത്ഥ ലോകത്തിലും അത്തരം പോലീസുകാരൊക്കെയുണ്ടെന്ന് മനസിലാക്കിയത്. പക്ഷേ ഉമ മാഡം ശ്യാം സാറിനെപ്പറ്റി പറഞ്ഞപ്പോൾ മുഖത്തും വാക്കുകളിലും വല്ലാത്തൊരു പുച്ഛം നിഴലിച്ചിരുന്ന പോലെ എനിക്ക് തോന്നി”

വന്ദന പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ ദീപിക തലയാട്ടി. ഓഫീസിൽ നിന്നിറങ്ങി ഒന്നിച്ച് പോകുന്ന വഴിയിൽ ഒരു കോഫീ ഷോപ്പിൽ കയറിയതായിരുന്നു രണ്ടാളും. അവർ ഓരേ പി.എസ്.സി കോച്ചിംഗ് സെൻററിൽ പഠിച്ച പരിചയക്കാരായിരുന്നു. വന്ദന എസ്.ഐ ആയപ്പോൾ ദിപികയ്ക്ക് സി.പി.ഒ ആകാനേ സാധിച്ചിരുന്നുള്ളു. രണ്ടാളും ആ സൗഹൃദം ഇന്നും നല്ല രീതിയിൽ തുടർന്ന് പോകുന്നു.

“തോന്നലൊന്നുമല്ല ഉമ സാറിന് അവരെയൊക്കെ പുച്ഛം തന്നെയാണ്. പിന്നെ വേണമെങ്കിൽ നാടൻ ഭാഷയിൽ കൊതിക്കെറുവെന്നോ, കിട്ടാത്ത മുന്തിരി പുളിക്കുമെന്നോ ഒക്കെ പറയാം”

ദീപിക അത് പറയുമ്പോൾ അവളുടെ മുഖത്ത് പരിഹാസം മാത്രമാണുണ്ടായിരുന്നത്.

 

“അപ്പോ ഞാൻ ഊഹിച്ചത് ശരി തന്നെ ഉമ മാഡവും ശ്യാം സാറുമായി ബന്ധപ്പെട്ട എന്തോ ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് അല്ലേ”



അതറിയാനുള്ള ആകാംക്ഷയേറിക്കഴിഞ്ഞിരുന്നു വന്ദനയ്ക്ക്.

“അതൊരു സ്ഥിരം ക്ലീഷേ ഫ്ലാഷ് ബാക്കാണ് സാറേ...... വല്ല്യ പുതുമയൊന്നുമില്ലാത്തത്.”

ദീപിക താല്പര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞ് പറഞ്ഞത് വന്ദനയ്ക്ക് ഇഷ്ടപ്പെട്ടില്ല.

“ ക്ലീഷേ ആണോ പുതുമയുണ്ടോ എന്ന് കേൾക്കുന്ന ഞാനല്ലേ തീരുമാനിക്കേണ്ടത്. നീ തല്ക്കാലം കഥ പറയ്. മനസിലെന്തെങ്കിലും ഇങ്ങനെ വീണുകഴിഞ്ഞാൽ പിന്നെ അതിലെ നെല്ലും പതിരും വേർതിരിച്ചെടുത്തില്ലെങ്കിൽ എനിക്കങ്ങോട്ട് ഉറക്കം വരില്ല പെണ്ണേ, നീയൊന്ന പറ, വല്ല്യ ഗമ  കാണിക്കാതെ.”

ദീപികയ്ക്ക് ചിരിവന്നു. “ വല്യ എസ്.ഐ ആയിട്ടൊന്നും കാര്യമില്ല, പരദൂഷണത്തിൻറെ മാറ്റർ വരുമ്പോ ....”  തുടർന്ന് പറയാൻ വന്ദന അനുവദിച്ചില്ല. കളിയായി ദീപികയുടെ ചെവിയിൽ പിടിച്ച് നോവിച്ചു.

 

“പിടി വിട് പിടി വിട് ഞാൻ കഥ പറയാം”  ദീപിക ഇല്ലാത്ത വേദന നടിച്ച് കള്ളച്ചിരി ചിരിച്ചു. എന്നിട്ട് വല്ല്യ സിനിമാ കഥ പറയും പോലെ പറഞ്ഞ് തുടങ്ങി

“നമ്മുടെ ഈ ഉമ മാഡം  ആള് പണ്ടേ ഇത്തിരി ജാഡ ടൈപ്പായിരുന്നു. അമ്മാവൻ ദിനകരൻ പാറക്കുന്നേൽ വല്ല്യ രാഷ്ട്രീയ നേതാവ്, 30 വർഷത്തിലധികമായി എം.എൽ.എ , അവർക്ക് ഭരണം എപ്പോ കിട്ടിയാലും പുള്ളിക്കാരനാണല്ലോ ആഭ്യന്തരം, ഇപ്പോഴത്തെപ്പോലെ. കാണാൻ ഗ്ലാമറായത് കൊണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ഒത്തിരി പേർ അവരുടെ പിന്നാലെ നടന്നിട്ടുണ്ട്. അവരൊക്കെ ഉമ സാറിൻറെ അമ്മാവൻ നിയന്ത്രിക്കുന്ന പോലീസിൻറെ തല്ല് ആവോളം കൊണ്ടിട്ടുമുണ്ട്. അരുടെ മുന്നിലും വീഴാതിരുന്ന ഉമകല്ല്യാണി ഒടുവിൽ അടപടലം വീണുപോയി, തിരുവനന്തപുരം നഗരത്തിൽ പുതുതായി ചാർജ്ജെടുത്ത എ.സി.പി ക്ക് മുന്നിൽ. സിനിമാ നടന്മാരെപ്പോലെ ഗ്ലാമറും സ്റ്റൈലും ഒക്കെയുള്ള ആരെയും കൂസാത്ത ഒരു ആക്ഷൻ സുപ്പർസ്റ്റാർ ആയിരുന്നു ആ  എ.സി.പി, പേര് ശ്യാം മാധവ്.

 

അന്ന് ദിനകരൻ പാറക്കുന്നേൽ  ആഭ്യന്തര മന്ത്രിയല്ല, പ്രതിപക്ഷ എം.എൽ.എ ആയിരുന്നു. എന്നാലും മുൻ ആഭ്യന്തര മന്ത്രിയല്ലേ. അയാളുടെ അനന്തരവളും സർവ്വോപരി സുന്ദരിയുമായ ഉമ കല്ല്യാണി ഐ.പി.എസ്, തന്നെക്കാൾ ജൂനിയറായ ശ്യാം മാധവിനോട് തൻറെ പ്രണയം വെട്ടിത്തുറന്ന് പറയുമ്പോൾ അത് തിരസ്കരിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയരുന്നില്ല.  പക്ഷേ അതാണ് സംഭവിച്ചത്. ശ്യാം സാർ ആ പ്രണയം നിഷ്കരുണം നിരസിച്ചു. ഏതോ ഒരു നഷ്ടപ്രണയത്തിൻറെ നിരാശയിൽ ഈ പ്രണയം വിവാഹം എന്നൊക്കെയുള്ള ഏർപ്പാടിനോട് തന്നെ പുച്ഛമാണെന്നും ഇനിയുള്ള ജീവിതത്തിൽ ഒരു പെണ്ണില്ലാതെ പ്രരാബ്ധമില്ലാതെ കടിഞ്ഞാണില്ലാത്തൊരശ്വമായി പാഞ്ഞ് നടക്കുവാനാണിഷ്ടമെന്ന് പറഞ്ഞ് ഉമ മാഡത്തിൻറെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് കളഞ്ഞു ശ്യാം സർ. പലരീതിയിൽ പലരെയും കൊണ്ട് ഉമ സാർ പറഞ്ഞ് നോക്കി നാണം കെട്ടു. ഒടുവിൽ മാഡത്തിന് സാറിനോട് പകയായി. അത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കി. ചില മഞ്ഞപ്പത്രങ്ങളൊക്കെ വാർത്തകൾ പടച്ചുണ്ടാക്കി, പക്ഷേ ആ വാർത്തകളൊക്കെ ദിനകരൻ സാറിൻറെ സ്വാധീനത്തിനു മുന്നിൽ ആയുസ്സെത്താതെ ഒടുങ്ങി.

 

 

         ഉമ മാഡത്തിൻറെ പക ഒരോ ദിനവും കൂടിക്കൂടി വന്നു. അപ്പോഴാണ് ശ്യാംസാറിന് ഏതോ ഒരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് ഉമ മാഡം അറിഞ്ഞത്. അവർ തമ്മിൽ സ്ഥിരമായി മീറ്റ് ചെയ്യാറുണ്ടെന്നും, ഒടുക്കത്തെ പ്രണയമാണെന്നും മാഡം അറിഞ്ഞു. അതിൻറെ പേരിൽ അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും, ഒടുവിൽ കലി കയറിയ ശ്യാം സാർ മാഡത്തിനെ തല്ലുകയും ചെയ്തു. അച്ചടക്കരാഹിത്യത്തിൻറെ പേരിൽ ശ്യാംസാറിനെ സസ്പെൻഡ് ചെയ്തു. ആ സസ്പെൻഷൻ പീരീഡിലാണ് സാറിന് നേരേ ഒരു ഗുണ്ടാ ആക്രമണമുണ്ടായത്. സാറിന് മുതുകിൽ മാരകമായി വെട്ടേറ്റു. ബൈക്കിൽ പോകുന്ന വഴി ആക്രമിക്കുകയായിരുന്നു.  ഉമ മാഡം കൊടുത്ത ക്വൊട്ടേഷനാണെന്നായിരുന്നു പരക്കെയുള്ള സംസാരം, അല്ല അത് അങ്ങനെ തന്നെയാണെന്ന് ഉമ മാഡം ശ്യാം സാറിനോട് പറയുകയും ചെയ്തതാ.

 

 

 എസ്.പി ആയിരുന്ന കിരൺ മാത്യു സാർ അന്ന് ഉമ മാഡത്തിനെതിരേ തയ്യാറാക്കിയ റിപ്പോർട്ട് വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നു കരുതിയതാ. പക്ഷേ ദിനകരൻ സാറിടപെട്ട് അതൊക്കെ മുക്കി. പിന്നെ അവരോടുള്ള പകയാണോ എന്തോ, ഫോറൻസിക് സർജൻ അൻസിയ റഹ്മാനുമായി ശ്യംസാർ പ്രണയത്തിലായി. അവരുടെ ആദ്യ ഭർത്താവ് ഡിവോഴ്സ് ചെയ്ത് പോയതാണ്. പോരാത്തതിന് ശ്യാംസാറിനേക്കാൾ ഒന്നോ രണ്ടോ വയസ്സ് കൂടുതലും. പ്രായം കൂടുതലാണേലും ആള് ഉമ മാഡത്തിനേപ്പോലെ തന്നെ ഗ്ലാമറാണ്. അവരുടെ അച്ഛനും നല്ല രാഷ്ട്രീയ സ്വാധീനമുള്ളയാളായിരുന്നു. പല വഴിക്ക് ശ്രമിച്ച് നോക്കി അവരെ തമ്മിൽ അകറ്റാൻ, ഉമ മാഡവും അയാൾക്കൊപ്പം ചേർന്നു. ഭീഷണി കൊണ്ട് നടക്കില്ലെന്ന് മനസിലായപ്പോൾ തലങ്ങും വിലങ്ങുമുള്ള സ്ഥലം മാറ്റമായിരുന്നു പിന്നെ, എന്നിട്ടെന്താകാൻ.... ആ പ്രണയം പൂത്തുലഞ്ഞു. വിവാഹം അടുത്തിടെയുണ്ടെന്ന് കേട്ടപ്പോഴാണ് ഈ പുകിലുകളൊക്കെയുണ്ടായത്.”

 

 

ദീപിക പറഞ്ഞ് നിർത്തി. വന്ദന അതിശയത്തോടെ കേട്ടിരിക്കുകയായിരുന്നു.

 

“ആരായിരുന്നു ആ പെൺകുട്ടി, ഉമ മാഡത്തിന് ഇത്രയും കലിപ്പുണ്ടാക്കാൻ കാരണക്കാരി?”

 

വന്ദന തൻറെ സംശയങ്ങളോരോന്നായി ചോദിക്കുവാൻ തുടങ്ങി.

 

“ആ പെൺകുട്ടി ആരാണെന്ന് എനിക്കറിയില്ല. ശ്യാംസാറിനോട് പലരും അതേപ്പറ്റി ചോദിച്ചിട്ടും പറഞ്ഞില്ലെന്നാണ് എൻറെ അറിവ്. ചിലരൊക്കെ കണ്ടിട്ടുണ്ടെന്ന് പറയുന്നു. പക്ഷേ ഡീറ്റെയിൽസ് ഒന്നും ആർക്കും അറിയില്ല. ഏതോ ഒരു അജ്ഞാത സുന്ദരി. എവിടുന്നോ വന്നു.... എങ്ങോട്ടോ പോയ ഒരു പെണ്ണ്....”

 

ദീപികയുടെ ആ മറുപടി വന്ദനയെ നിരാശയാക്കി. അൽപനേരം എന്തോ അലോചിച്ചിരുന്ന വന്ദന അടുത്ത സംശയമെറിഞ്ഞു.

 

“അല്ല ആരായിരുന്നു അന്ന് ശ്യാംസാറിനെ ആക്രമിച്ച ഗുണ്ട?”

 

“അത് പേര് കേട്ട ഒരു ഗുണ്ടയായിരുന്നു. സാജൻ.... തീവെട്ടി സാജൻ..... കുപ്രസിദ്ധനായിരുന്ന അറവുകാരൻ ആംബ്രോസെന്ന ഗുണ്ടയെ ഒരു ഉത്സവപ്പറമ്പിൽ ഇട്ട് തല്ലി ഇഞ്ചപ്പരുവമാക്കി വരവറിയിച്ചവൻ, എഴുന്നള്ളത്തിന് ആനക്കുമുന്നിൽ പിടിച്ചിരുന്ന തീവെട്ടി കൊണ്ടായിരുന്നത്രേ ആംബ്രോസിനെയും സംഘത്തെയും അയാൾ ഒറ്റയ്ക്ക് നേരിട്ടത്. അങ്ങനെ തീവെട്ടി സാജൻ എന്ന ഗുണ്ടാ പിറന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്നു.  പോലീസിന് പോലും ഭയമായിരുന്നു അയാളെ. ആ തീവെട്ടി സാജനായിരുന്നു ശ്യാം സാറിനെ ആക്രമിച്ചത്.”

 

“ എന്നിട്ട് അയാളെ അറസ്റ്റ് ചെയ്തിരുന്നോ” വന്ദനയുടെ സംശയങ്ങൾക്ക് അവസാനമില്ലായിരുന്നു.

 

“എവിടുന്ന് അറസ്റ്റ് ചെയ്യാൻ. അയാളൊളിവിൽ പോയി, പോലീസ് തീവെട്ടി സാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇന്നു വരെ അയാളെ കിട്ടിയിട്ടില്ല. സുകുമാരക്കുറുപ്പിനെ പോലെ എവിടെയോ പോയ് മറഞ്ഞു.”

 

 

“മറഞ്ഞതാണോ അതോ…? ശ്യാംസാറിനറിയാം” അർത്ഥഗർഭമായ ഒരു പുഞ്ചിരിയുണ്ടായരുന്നു വന്ദനയുടെ മുഖത്ത്.

 

“അതെന്താ നിൻറെ മുഖത്തൊരു നിഗൂഢമായ ചിരി” ദീപിക ആ ചിരിക്ക് പിന്നിലെ കാരണം തേടി.

 

“ശ്യാം സാറിൻറെ കൂടെ കുറച്ച് നാള് ഞാൻ ജോലി ചെയ്തതാ തൃശ്ശൂരിൽ. ഞാൻ മനസിലാക്കിയ ശ്യാം മാധവ് ഐ.പി.എസ് കിട്ടാക്കടങ്ങളൊന്നും സൂക്ഷിക്കുന്നയാളല്ല.

അല്ല അതൊക്കെ പോട്ടെ...... നിനക്കിതൊക്കെ ഇത്ര കൃത്യമായെങ്ങനെ അറിയാം?

 

“ഞാൻ കുറച്ചധികം കാലം ഉമ മാഡത്തിനൊപ്പം ജോലി നോക്കിയിട്ടുണ്ട്. മാഡത്തിനെന്തു കൊണ്ടോ എന്നെ വല്ല്യ ഇഷ്ടമായിരുന്നു അന്നും ഇന്നും. അതല്ലേ ഇപ്പോൾ ഈ ടീമിൽ എന്നെയും ഉൾപ്പെടുത്തിയത്. പിന്നെ അന്ന് ആശുപത്രിയിൽ കിടന്ന ശ്യാം സാറിനെ കാണാൻ പോയപ്പോഴും ഞാൻ ഒപ്പമുണ്ടായിരുന്നു. എൻറെ കാതിൽ ഞാൻ കേട്ടതാ ആ ക്വട്ടേഷൻ ഉമ മാഡം കൊടുത്തതാണെന്ന് അവർ ശ്യാം സാറിനോട് പറയുന്നത്.”

 

ദീപികയുടെ ശ്വാസഗതി അൽപം ഉയർന്നിരുന്നു, ആ സംഭവം തൊട്ടുമുൻപിൽ അപ്പോ കാണുന്നത് പോലെ.

 
 
******************

 

“ബാസ്റ്റിൻ ജോൺ ഒറ്റയ്ക്കൊരു കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ലക്ഷ്യം ഷൺമുഖന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ്. ഞാനിപ്പോ അയാളെ ഫോളോ ചെയ്യുകയാണ്, പോലീസ് വണ്ടിയല്ല, എൻറെ ഒരു സുഹൃത്തിൻറെ കാറിലാണ്. അയാളിലൂടെ നമുക്ക് വേഗം ഷൺമുഖനിലെത്താൻ കഴിയും. അയാളെ അകത്താക്കാനും”

ഡി.വൈ.എസ്.പി ഹരീഷിൻറെ ഫോൺകോളിനോട് ഉമ പക്ഷേ വളരെ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്.

 

“ഹരീഷേ ഈ പറയുന്ന ഷൺമുഖൻറെ പേരിൽ കേരളത്തിലെവിടെയും ഒരു പെറ്റിക്കേസ് പോലുമില്ല. പിന്നെ എന്തിൻറെ പേരിൽ അയാളെ നമ്മൾ അകത്താക്കും?, എന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞോ ? അതിന് ആ ഫോൺകോൾ ചെയ്തത് ഷൺമുഖനാണെന്ന് പോലും നമുക്ക് തെളിയിക്കാനാവില്ല, ഏതോ ഒരു കന്നഡക്കാരൻ ചെല്ലയ്യ യുടെ പേരിലുള്ള സിംകാർഡാണത്. “

 

“മാഡം... അതൊക്കെ ശരിയായിരിക്കാം. പക്ഷേ അയാൾ വരുന്നത് മാഡത്തിനെ ലക്ഷ്യമിട്ടാണെന്നത് നമുക്കറിയാവുന്ന സത്യമല്ലേ.?”

 

“അത് സത്യമാണെങ്കിൽ അയാൾ അതിന് വരട്ടെ നമുക്ക് അപ്പോൾ നോക്കാം.... അല്ലാതെ അതിൻറെ പിന്നാലെ നടന്ന് ഉറക്കം കളയണോ ? അതിലും വലിയ തലവേദന കേസ് നമ്മുടെ ചുമലിലുണ്ടല്ലോ.... ഇപ്പോ അതേപ്പറ്റി ചിന്തിക്കൂ”

 

പക്ഷേ ഉമയുടെ ആ ഉദാസീന ഭാവത്തോട് ഹരീഷിന് യോജിക്കാനായില്ല. അയാളുടെ വണ്ടി അപ്പോഴും ബാസ്റ്റിൻറെ വണ്ടിയെ കൃത്യമായ അകലത്തിൽ ഫോളോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

 

“മാഡം എൻറെ സുപ്പീരിയറാണ്. പക്ഷേ ഞാൻ സംസാരിക്കുന്നത് എൻറെ നിരവധി വർഷത്തെ സർവ്വീസ് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. മാഡം കേട്ടിട്ടില്ലേ ; ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ.... ഇവിടെ ഇതാവശ്യമാണ് മാഡം കാരണം പലയിടത്തായി ചിതറിക്കിടക്കുന്ന കുറേയധികം കണ്ണികൾ കൂട്ടിച്ചേർത്താലേ ആ കേസ് നമുക്ക് തെളിയിക്കാൻ പറ്റു. അപ്പോ പിന്നെ ഷൺമുഖനെ പോലെയൊരു ഭീഷണി സ്വതന്ത്രമായി പുറത്ത് നിൽക്കുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും. പിന്നെ മാഡം പറഞ്ഞു കേസില്ലെന്ന്. നമ്മൾ വിചാരിച്ചാൽ ഷൺമുഖൻറെ പേരിലൊരു കേസുണ്ടാക്കാനാണോ പാട്. മാഡം യൂ ഡോണ്ട് ബോതർ. ഐ വിൽ ഹാൻഡിൽ ദിസ്.”

 

 

ഹരീഷ് എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ച മട്ടായിരുന്നു. അതുകൊണ്ട് തന്നെ ഉമ പിന്നെ കൂടുതലൊന്നും പറയാൻ മിനക്കെട്ടില്ല. ആ ഫോൺ സംഭാഷണം വേഗത്തിലവസാനിച്ചു.

 

അപ്പോൾ ബാസ്റ്റിൻ ജോണിൻറെ കാറും പിന്നാലെ ഡി.വൈ.എസ് .പി ഹരീഷിൻറെ വണ്ടിയും എറണാകുളം നഗരത്തിൽ പ്രവേശിച്ചിരുന്നു.

 
 
************************

 

അഷ്ടമുടിക്കായലിലെ ദ്വീപ്

 

കായൽത്തീരത്തെ മരത്തണലിൽ പച്ചപ്പുല്ലിന് മുകളിൽ കിടക്കുകയാണ് ശ്യാം മാധവ്. അയാളെന്തോ കാര്യമായ ചിന്തയിലാണ്, കുറച്ചധികം നേരമായി ശ്യാമങ്ങനെ കിടക്കുന്നത് കണ്ട മണികർണ്ണിക അയാൾക്കരികിലേക്ക് നടന്ന് ചെന്നു, അനുവാദം ചോദിക്കാതെ അരികിലിരുന്നു. അവളെ  കണ്ട് ശ്യാം എണീറ്റിരുന്നു.

 

“ എന്താണ് ശ്യാം ? എന്തോ കാര്യമായ ചിന്തയിലായിരുന്നല്ലോ.... വേദനിപ്പിക്കുന്ന ഫ്ലാഷ് ബാക്ക് അതോ ആശങ്കപ്പെടുത്തുന്ന ഭാവിയോ? എന്താണ് ഈ മുഖത്തെ ചിന്താഭാരത്തിന് കാരണം?”

 

“ഒന്നുമില്ല മണികർണ്ണിക വെറുതേയിരുന്നപ്പോൾ മനസ് അനുസരണക്കേട് കാട്ടി. മറവിയിലേക്ക് ഞാൻ ബോധപൂർവ്വം വലിച്ചെറിഞ്ഞ ചിലതൊക്കെ വീണ്ടും വലിച്ചെടുക്കുന്നു. ഓർമ്മകൾ ..... ഓർക്കാനിഷ്ടമില്ലാത്ത ഓർമ്മകൾ...”

 

 പടിഞ്ഞാറ് റെയിൽവേ പാലത്തിനപ്പുറത്തേക്ക് താണിറങ്ങി മറയുന്ന കുങ്കുമ സൂര്യനെ നോക്കിയിരുന്നാണ് ശ്യാം അത് പറഞ്ഞത്.

 

“മുതുകിലെ മുറിപ്പാടിൻറെ വേദനയിന്നും പിൻതുടരുന്നുണ്ടോ? ഉണ്ടെങ്കിൽ അതിൻറെ കാരണക്കാരിയായ ഞാനും പിൻതിരിഞ്ഞ് നടക്കേണ്ടതല്ലേ?   ആ ഭൂതകാലത്തിലേക്ക്..... ഇനി ഒരിക്കലും ആ ഭൂതകാലത്തിലേക്ക് ഓർമ്മകളെപ്പോലും മേയാൻ വിടരുതെന്ന് പറഞ്ഞത് ശ്യാമാണ്. ഞാനാ വാക്ക് പാലിക്കുന്നു ഇന്നും. പക്ഷേ ശ്യാമോ?”

 

മണികർണ്ണിക തൻറെ കണ്ണുകൾ തുടച്ചു.

 

“മണികർണ്ണിക..... ഒരു വലിയ സാമ്രാജ്യത്തിനെതീരേ പടനയിച്ച കരുത്തയായ ഝാൻസിയിലെ റാണിയുടെ പേര്. ആ പേര് എനിക്ക് ചാർത്തി തന്നത് നിങ്ങളാണ്. എൻറെ പഴയ പേരിനൊപ്പം നിങ്ങൾ പറഞ്ഞത് പോലെ ആ ഭൂതകാലവും ഞാൻ മായ്ച്ചു കളഞ്ഞു. എന്തിനും ഏതിനും തയ്യാറായി ഇങ്ങനെ കൂടെ നിൽക്കുമ്പോൾ നിങ്ങളൊക്കെയിങ്ങനെ ഓർമ്മകളുടെ ബന്ധനത്തിൽ കിടക്കുന്നു. അങ്ങനെ വന്നാൽ ഞാനും....”

 

അവളുടെ തൊണ്ടയിടറി ... വാക്കുകൾ മുറിഞ്ഞു....അവളപ്പോൾ കരയുകയായിരുന്നു. അത് മനസിലാക്കിയ ശ്യാം തിരിഞ്ഞിരുന്നു. അവളുടെ കവിളിലേക്കൊലിച്ചിറങ്ങിയ കണ്ണീർ തുടച്ചു. അത് കണ്ട് കൊണ്ട് സതീഷ് ബോസ് വന്നു.

 

“എന്താടോ രണ്ടാളും കൂടെ കായൽക്കരയിലൊരു ശൃംഗാരം.... ഇതൊക്കെ കണ്ടിട്ട് പണ്ട് ഉമാകല്ല്യാണി കൊടുത്തപോലെ ഞാനും ക്വട്ടേഷൻ വല്ലതും കൊടുക്കേണ്ടി വരുമോ?

 

ചെറിയൊരു ചിരിയോടെയാണ് സതീഷ് അത് ചോദിച്ചത്. അയാൾ ആവർക്ക് നേരേ കൈ നീട്ടി. മണികർണ്ണിക കയ്യിൽ പിടിച്ചെണീച്ചു. ശേഷം അവർ രണ്ടാളും ചേർന്ന് കൈകൾ നീട്ടിയപ്പോൾ ശ്യാം അവരെ രണ്ട് പേരെയും പിടിച്ചെണീറ്റു. അപ്പോൾ ശ്യാമിൻറെ മുഖത്തും ചിരിയുണ്ടായിരുന്നു.

 

“ക്വട്ടേഷനൊക്കെ കൊടുത്തോളൂ..... പക്ഷേ ആ തീവെട്ടി സജീവിന് തന്നെ കൊടുക്കണം, പിന്നിലൂടെ വന്ന് പണിയാൻ പറയുകയും വേണം” അത് പറഞ്ഞ് ശ്യാം പൊട്ടിച്ചിരിച്ചു.

 

“അതിന് ആ തീവെട്ടി പിടികിട്ടാപ്പുള്ളിയല്ലേ.....” അത് പറയുമ്പോൾ സതീഷിൻറെ മുഖത്തും നിഗൂഢമായൊരു ചിരിയുണ്ടായിരുന്നു.

 

“അത് ശരിയാ തീവെട്ടി സജീവ് പിടികിട്ടാപ്പുള്ളിയാണ്. ഇനി ആർക്കും പിടികിട്ടാത്ത പുള്ളി. അല്ലേ ശ്യാം സാറേ.....” മണികർണ്ണികയുടെ ആ വാക്കുകൾക്ക് ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു ശ്യാമിൻറെ മറുപടി.

അവിടേക്ക് ജെറാൾഡ് സേവ്യർ ധൃതിയിൽ വരുന്നുണ്ടായിരുന്നു.

 

“ഇൻഫർമേഷൻ പക്കാ ആണ്. ബാസ്റ്റിൻ ജോൺ തിരുവനന്തപുരത്തേക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്തു പോകുന്നു. ഷൺമുഖൻ രാമേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരുന്നു. ഒപ്പം പത്ത് പേർ. ഷൺമുഖൻറെ ലക്ഷ്യം ഉമാ കല്ല്യാണി ഐ.പി.എസ് മാത്രമല്ല, അവൻറെ ലിസ്റ്റിലെ പ്രധാന ശത്രു രാവണൻ തന്നെയാണ്. അവൻറെ ഏറ്റവും വലിയ കരുത്തായിരുന്ന ദിനചന്ദ്രയുടെ നഷ്ടം, പിന്നെ അജ്മൽ ജലാൽ. അൻസിയയുടെ തിരോധാനത്തിനു പിന്നിലും രാവണനാണെന്ന് അവന് ഈസിയായി മനസിലാകും... പൊറുക്കില്ല ഷൺമുഖൻ.”

 

ജെറാൾഡ് അത് പറയുമ്പോഴും അയാൾക്ക് തെല്ലും ഭയമില്ലായിരുന്നു.

 

“ഷൺമുഖൻ കൂടിയിവിടെ കളത്തിലിറങ്ങട്ടെ ജെറീ , എന്നാലെ നമ്മളുടെ കളികൾക്കൊരു ഉഷാറുണ്ടാവൂ.... അതിനു വേണ്ടിയല്ലേ നമ്മളിങ്ങനെ കാത്തിരുന്നത്.  ഒരു വശത്ത് ഉമാ കല്ല്യാണി ഐ.പി.എസ്, മറു വശത്ത് ഷൺമുഖൻ ഒപ്പം അവരുടെ സൈന്യങ്ങളും. ചതുരംഗക്കളത്തിൽ അവർ നിരന്നങ്ങട് നിൽക്കട്ടെ .... പക്ഷേ അവരോരോരുത്തരും എങ്ങോട്ടൊക്കെ നീങ്ങണമെന്നും എപ്പോ നീങ്ങണമെന്നും ആരെ വെട്ടണമെന്നുമൊക്കെ രാവണൻ തീരുമാനിക്കും.... പത്ത് തലയുടെ ബുദ്ധിയും ഇരുപത് കൈകളുടെ ശക്തിയുമുള്ള രാവണൻ....”

 

ശരിക്കും അത് പറയുമ്പോൾ ശ്യാമിൻറെ കണ്ണുകളിലും ശബ്ദത്തിലും ഒരു ആസുരഭാവം നിറഞ്ഞിരുന്നു.

 

“ബാസ്റ്റിൻറെ കൈയ്യിൽ ഷൺമുഖന് കൊടുക്കാനൊരു സർപ്രൈസ് സമ്മാനമുണ്ട്. മറ്റാരെയും കാണിക്കാതെ അയാൾ ഭദ്രമായി ഒപ്പം കൊണ്ട് പോകുന്നൊരു സമ്മാനം, ഷൺമുഖന് ഏറ്റവവുമധികം സന്തോഷം നൽകുന്ന സമ്മാനം.”

 

ജെറാൾഡ് എന്തിനേക്കുറിച്ചാണ് പറയുന്നതെന്ന് അവർക്കാർക്കും മനസിലായില്ല. അവർ ബാക്കി കൂടി കേൾക്കാൻ ജെറാൾഡിൻറെ മുഖത്തേക്ക് തന്നെ നോക്കി, അയാൾ തുടർന്നു.

 

“ ഒരു സിസിറ്റിവി ഫൂട്ടേജടങ്ങിയ ഹാർഡ് ഡിസ്ക് ആണ് ആ സമ്മാനം. അതിൽ ശിവലാലിൻറെ എൻഡവറും അതിന് പിന്നാലെ പോകുന്ന രാവണൻറെ സ്കോർപ്പിയോയും ഉണ്ട്, മാത്രമല്ല, മുൻസീറ്റിലിരിക്കുന്ന മണികർണ്ണികയുടെ രൂപവും. അത് ഷൺമുഖൻ കണ്ടാൽ? നമ്മുടെ എല്ലാ പ്ലാനുകളും തകരും”

 

“അങ്ങനെയൊരു വീഴ്ച നമുക്കെങ്ങനെ പറ്റി? ഇത്രയധികം പ്ലാൻ ചെയ്ത ഓപ്പറേഷനായിട്ടും.?” സതീഷ് അതേക്കുറിച്ചായിരുന്നു ചിന്തിച്ചത്, അയാളുടെ മനസപ്പോൾ ആ റൂട്ടിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കുകയായിരുന്നു. അത്തരമൊരു സിസിറ്റിവിയിലെങ്ങനെ പെട്ടുവെന്നറിയാൻ. അത് മനസിലാക്കിയ ശ്യാം സതീഷിൻറെ തോളത്ത് തട്ടി.

 

“എത്ര സമർത്ഥമായി പ്ലാൻ ചെയ്ത ക്രൈമിലും ദൈവം കരുതി വയ്ക്കുന്ന ഒരു ലൂപ്ഹോളുണ്ടാകുമെന്ന് അങ്ങനെ കരുതിയാൽ മതി. പിന്നെ ഷൺമുഖൻ അത് കണ്ടാലല്ലേ പ്രശ്നം. അത് ഷൺമുഖൻ കാണണമെങ്കിൽ ബാസ്റ്റിൻ തിരുവനന്തപുരത്ത് എത്തണ്ടേ?”

 

അത് പറയുമ്പോൾ ശ്യാമിൻറെ മുഖത്തൊരു വേട്ടക്കാരൻറെ ക്രൗര്യമുണ്ടായിരുന്നു.

 
 
******************

 

        കായംകുളം പിന്നിട്ട് കുതിക്കുകയായിരുന്നു ബാസ്റ്റിൻറെ വണ്ടി, അപ്പോഴും സുരക്ഷിതമായ അകലത്തിൽ ഹരീഷിൻറെ കാർ ഉണ്ടായിരുന്നു. എന്നാൽ ബാസ്റ്റിനെ സമർത്ഥമായി കബളിപ്പിക്കാമെന്ന ഡി.വൈ.എസ്.പി ഹരീഷിൻറെ വിശ്വാസം തെറ്റായിരുന്നു. തൻറെ പിന്നിലെ അപകടം തിരിച്ചറിഞ്ഞിരുന്ന ബാസ്റ്റിൻ ഹരീഷിനായി കെണിയൊരുക്കിക്കഴിഞ്ഞിരുന്നു. ഓച്ചിറ പിന്നിട്ട് കഴിഞ്ഞപ്പോൾ അവിടെ കാത്ത് കിടന്നിരുന്ന ഒരു ഇന്നോവ ഹരീഷിൻറെ കാറിന് പിന്നാലെ കൂടി. ഇരയെ സമർത്ഥമായി കെണിയിലേക്ക് നയിക്കുന്ന വേട്ടക്കാരൻറെ കൗശലം നിറഞ്ഞപുഞ്ചിരിയൊടെ മുന്നിലെ വണ്ടിയിൽ ബാസ്റ്റിൻ ജോണും അയാൾ വിധിച്ച ശിക്ഷ നടപ്പിലാക്കാനുള്ളവർ ഏറ്റുവും പിന്നിലുമായി യാത്ര തുടർന്നു. പുതിയ കൊല്ലം ബൈപ്പാസിലെ ഇരുളിലേക്ക് കയറിക്കഴിഞ്ഞാൽ ഹരീഷിൻറെ വിധി നടപ്പിലാക്കാനായിരുന്നു ബാസ്റ്റിൻറെ നിർദ്ദേശം.

 
 
*****************

 

            കൊല്ലം ബൈപ്പാസിൽ കടവൂർ പാലത്തിന് താഴെ ഒരു സ്പീഡ്ബോട്ട് വന്നു നിന്നു. അതിൽ നിന്നും രണ്ട് ചെറുപ്പക്കാർ കരയിലേക്കിറങ്ങി. അവർ മുകളിലെ റോഡിലേക്ക് നടന്നു കയറി.  ബാസ്റ്റിൻ ജോണിൻറെ വരവും കാത്ത് ബൈപ്പാസിലെ ഇരുളിൽ അവർ നിന്നു, ഒരിക്കലും ഉന്നം പിഴച്ചിട്ടില്ലാത്ത കൈകളിൽ നിറതോക്കുമായി.
 
തുടരും ...

COUNTDOWN - Part 9

COUNTDOWN - Part 9

4.4
2120

അദ്ധ്യായം – 9   ബൈപ്പാസിലെ ആദ്യപാലം കടന്നതും ഡി.വൈ.എസ്.പി ഹരീഷിൻറെ കാറിനെ ഓവർടേക്ക് ചെയ്ത ഇന്നോവ ഹരീഷിൻറെ വണ്ടിക്ക് കുറുകേ കയറ്റി നിർത്തി. മുന്നിൽ പോയ ബാസ്റ്റിൻ ഒന്ന് ബ്രേക്ക് ചെയ്ത് പിന്നലേക്ക് നോക്കിയ ശേഷം വണ്ടി ഓടിച്ചു പോയി. ഇന്നോവയിൽ നിന്നും അഞ്ച് ചെറുപ്പക്കാർ ചാടിയിറങ്ങി. അപകടം മനസിലാക്കിയ ഹരീഷിന് എന്തെങ്കിലും ചെയ്യുവാൻ കഴിയും മുൻപ് അവർ അയാളുടെ വണ്ടിയെ വളഞ്ഞ് കഴിഞ്ഞിരുന്നു.       ഹരീഷ് തൻറെ സർവ്വീസ് റിവോൾവർ കയ്യിലെടുത്തു, പക്ഷേ അടുത്തനിമിഷം തൻറെ കാറിൻറെ മുന്നിലെയും വശത്തേയും ഗ്ലാസുകൾ തകർന്ന് വീഴുന്നതാണ് കണ്ടത്. അവരിൽ രണ്ട് പേർ കയ