നല്ല കരുത്തുറ്റ ശരീരമുള്ള 6 പേരുണ്ടായിരുന്നു, ഉമയുടെ കാറിന് മുന്നിൽ. റോഡിലെ തീരെ തിരക്ക് കുറഞ്ഞഭാഗം. അവരിലൊരാൾ വന്ന് മുന്നിലെ ഡോർ വലിച്ച് തുറന്ന് ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ടു. ഉമയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ പിന്നിലെ ഇരുവശത്തേയും ഡോർ തുറന്ന് രണ്ട് പേർ അവൾക്കിരുവശത്തേക്കും കയറിയിരുന്നു. തോക്കെടുക്കാൻ കഴിയും മുൻപ് അവളുടെ കൈകൾ അവർ ബന്ധിച്ച് കഴിഞ്ഞിരുന്നു. അപ്പോഴേക്കും മറ്റ് രണ്ട് പേർ മുന്നിൽ കയറി. ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയാൾ ആക്സിലേറ്ററിൽ കാലമർത്തി, അപ്പോഴും രണ്ട് പേർ ചേർന്ന് ഉമയുടെ ഡ്രൈവറെ തല്ലിച്ചതക്കുകയായിരുന്നു. ഉമയുടെ വണ്ടി മുന്നിലേക്ക് അതിവേഗതയിൽ പാഞ്ഞു.
“ആരാണ് നിങ്ങൾ ? എന്നെയെങ്ങോട്ടാണ് കൊണ്ടു പോകുന്നത് ?
ഉമയുടെ ചോദ്യത്തിന് വഷളൻ ചിരിയായിരുന്നു മുവരുടെയും മറുപടി. അവൾ ചോദ്യം ആവർത്തിച്ചു.
“മാഡം യമധർമ്മൻ എന്ന് കേട്ടിട്ടുണ്ടോ ? കാലൻ....... ആ കാലനെക്കാണാനാണ് പോകുന്നത്. എന്ന് വച്ചാൽ മരണത്തിലേക്ക്. മാഡത്തിൻറെ കാലന് പേർ ഷൺമുഖൻ......”
അത് പറഞ്ഞ് കഴിഞ്ഞ് മുവരും പൊട്ടിച്ചിരിച്ചു.
കാർ നഗരവീഥിയിൽ നിന്ന് മാറി ഗ്രാമവീഥികളിലൂടെ പൊടി പറത്തിപ്പായുകയായിരുന്നു.
**************
അഷ്ടമുടിക്കായലിലെ കൊച്ച് ദ്വീപിൽ കായൽപ്പരപ്പിലെ ഫ്ളോട്ടിംഗ് കോട്ടേജിൽ അവരൊത്തു കൂടിയിരുന്നു.
“പടക്കളം ഒരുങ്ങിക്കഴിഞ്ഞു. ഇനി യുദ്ധത്തിന് അനുയോജ്യമായ സമയം.... അവസാന യുദ്ധത്തിന്”
ശ്യാം അത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് നിശ്ചയദാർഢ്യം പ്രകടമായിരുന്നു.
“അതേ നമ്മൾ വിതച്ചതെല്ലാം വളരെപ്പെട്ടെന്ന് തന്നെ കൊയ്യാൻ പാകത്തിൽ വളർന്നിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി നിഖിൽ രാമൻ തുറന്നിട്ട് തന്ന വഴിയിലൂടെ നമ്മൾ നടന്ന് കയറിയത് ശരിയായ ട്രാക്കിലേക്ക് തന്നെയാണ്. കുറേക്കാലമായി നമ്മൾ മനസിൽ തയ്യാറാക്കി വച്ച പദ്ധതി എക്സിക്യൂട്ട് ചെയ്യാൻ നിഖിൽ രാമൻറെ പക നമ്മെ സഹായിച്ചു. അവിടുന്നിങ്ങോട്ട് എല്ലാ പ്ലാനിംഗും കൃത്യമായിരുന്നു”
സതീഷ് അത് പറഞ്ഞപ്പോൾ ജെറാൾഡ് ഇടയ്ക്ക് കയറി.
“അങ്ങനെ കിറുകൃത്യമെന്ന് പറയരുത്, ആ സിസിറ്റിവി ഫൂട്ടേജ് ഷൺമുഖൻറെ കൈയ്യിൽ കിട്ടിയാൽ കാണാമായിരുന്നു, നമ്മുടെ പദ്ധതികളെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്നത്. ഉമയ്ക്കെതിരേയും, അതൊടെ പോലീസിനോടെതിരായും തിരഞ്ഞ് ഷൺമുഖൻ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞേനെ.”
“അത് ശരിയാണ്, പിന്നെ ഷൺമുഖൻ ഉമയെ ഉപേക്ഷിച്ച് ഈ പാവം മണികർണ്ണികയ്ക്കെതിരേ തിരിഞ്ഞേനെ.”
മണികർണ്ണിക അത് പറഞ്ഞപ്പോൾ കിരൺ ചിരിച്ച് കൊണ്ട് അവളുടെ ചുമലിൽ തട്ടി.
“പിന്നേ പാവം.... ദക്ഷിണകന്നഡം അടക്കി വാണ ഒരു ഡോണിനെ ചുമ്മാ നിസ്സാരമായി കൊന്ന് തള്ളിയ മോളാണ് പറയുന്നത് പാവമെന്ന്.....”
“പാവമായിരുന്നു സാർ.... സൂര്യൻ പടിഞ്ഞാറൻ മാനത്ത് ചാഞ്ഞ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നൊരു ഭൂതകാലമുണ്ടായിരുന്നു, ആണുങ്ങളുടെ മുഖത്തേക്ക് നോക്കി സംസാരിക്കാൻ ഭയന്നിരുന്നൊരു ഭൂതകാലമുണ്ടായിരുന്നു.... അങ്ങനെ തുടങ്ങുന്ന ഒരു പാട് ഭയങ്ങളും പേറി ജീവിച്ചിരുന്ന ആ ഭൂതത്തിൽ നിന്നും ഇന്നത്തെയീ വർത്തമാനത്തിലെത്തിയ വഴികളിൽ മനസ്സിനെ നീറിപ്പുകയ്ക്കുന്ന കുറച്ചേറെ കനലുകളുണ്ട്, ആ കനലിൽ ഉരുകിയുരുകി മൂർച്ച വന്നതാണ് ഈ പെണ്ണിൻറെ മനസ്സിനും നാവിനും പ്രവർത്തികൾക്കുമെല്ലാം. തീയിൽ അടിച്ചുപരത്തിയെടുത്ത വാൾത്തല വെയിലിൽ ഉരുകില്ലല്ലോ, ആ വെയിലിനെ ഭയക്കുകയുമില്ല. അത്രെയുള്ളൂ സാറേ.... “
മണികർണ്ണികയുടെ വാക്കുകൾ കുറച്ച് നേരത്തേക്ക് അവിടം നിശബ്ദമാക്കി.... ഒടുവിൽ ആ നിശബ്ദതയെ അവർ തന്നെ ഭേദിച്ചു.
“പൊന്നു സാറന്മാരെ എന്തേലും പറഞ്ഞാലുടനേ നിങ്ങളിങ്ങനെ മസിലും പിടിച്ചിരിക്കരുതേ.... വേദനിപ്പിക്കുന്ന ഭൂതകാലം ശരിക്കും ഭൂതത്തെപ്പോലെ തന്നെയാണ്, ഒരു കാര്യവുമില്ലാതെ നമ്മെ ഭയപ്പെടുത്തുകയും തളർത്തുകയും ചെയ്യും. ഇപ്പോ തന്നെ കണ്ടില്ലേ..... ദേ എനിക്കില്ലാത്ത ഒരു വേവലാതിയും എൻറെ പാസ്റ്റിനെക്കുറിച്ചോർത്ത് ആർക്കും വേണ്ട. നമുക്കിപ്പോ ഒരു ലക്ഷ്യമുണ്ട്. അത് മാത്രം ശ്രദ്ധിക്കാം...................... ഡോക്ടർ അൻസിയയെ ഒന്നും നമുക്കധിക നാൾ ഇവിടെയിങ്ങനെ പാർപ്പിക്കാൻ പറ്റില്ല. . സോ വീ ഷുഡ് ആക്ട് ഫാസ്റ്റ്.”
“അത് ശരിയാണ് നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞാൽ ഉറപ്പായും അൻസിയ ഒപ്പം നിൽക്കുമായിരിക്കും.. പക്ഷേ അത് വേണ്ട.... അത് നമ്മളുടെ മാത്രം ഉള്ളിലിരുന്നാൽ മതി, രഹസ്യങ്ങൾ പങ്ക് വയ്ക്കാൻ ഒരു പാട് പേരുണ്ടാകുന്നത് റിസ്ക് ആണ്. തല്ക്കാലം അൻസിയ കുറച്ച് ദിവസം കൂടി തടവിലെന്ന് വിശ്വസിച്ച് ഇവിടെ കഴിയട്ടെ, അതിനുള്ളിൽ ചെയ്യാനുള്ളതെല്ലാം നമുക്ക് ചെയ്ത് തീർക്കാം.”
ശ്യാം പറഞ്ഞത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
“അപ്പോ എന്താണ് നമ്മുടെ അടുത്ത സ്റ്റെപ്പ്?” അൻവറിൻറെ വകയായിരുന്നു ആ ചോദ്യം
ജെറി പ്ലാൻ വിശദീകരിച്ചു.
“ ആ സിസിറ്റിവി വിഷ്വൽസ് കിട്ടാൻ വേണ്ടി നമുക്ക് ബാസ്റ്റിന് പ്ലാൻചെയ്ത് വച്ചതിനും മുന്നേ കൊല്ലേണ്ടി വന്നു... പക്ഷേ അതിപ്പോൾ കൂടുതൽ സൗകര്യമായി. കാരണം ഷൺമുഖൻ ഒട്ടും കാത്തിരിക്കാതെ തന്നെ അങ്കത്തട്ടിലിറങ്ങി. ഉമ കല്ല്യാണി ഐ.പി.എസ് നെ അൽപം മുൻപ് ഷൺമുഖൻറെ ആൾക്കാർ പൊക്കിക്കഴിഞ്ഞു. തലസ്ഥാനത്ത് പോലീസ് ഉമയെ കണ്ടെത്താൻ പരക്കം പായുകയാണ്. വീണ്ടുമൊരു ഉന്നത് പോലീസ് ഉദ്യോഗസ്ഥയെ കാണാതായത് മാദ്ധ്യമങ്ങൾ കൊണ്ടാടുകയാണ്. പോലീസുകാരെ അതും ഐ.പി.എസ്സു കാരെ വരെ വളരെ നിസ്സാരമായി കടത്തിക്കൊണ്ട് പോകാനും കൊന്ന് തള്ളാനും ക്രിമിനലുകൾക്ക് ഇത്ര അനായാസം സാധിക്കുന്നു, പോലീസുകാരെ രക്ഷിക്കാൻ ഇനി പട്ടാളത്തെ ഇറക്കണമെന്നുമൊക്കെ പറഞ്ഞ് പിള്ളേര് ട്രോളാൻ തുടങ്ങി. നാട്ടിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേൽ രാജി വയ്ക്കണമെന്നും പറഞ്ഞ് പ്രതിപക്ഷം അനിശ്ചിതകാല സമരം തുടങ്ങി. കേരളത്തിലെ തീപ്പൊരി നേതാവ് അഭിറാം സർവ്വ ചാനലിലും കയറിയിരുന്ന് സർക്കാരിനെ കണക്കിന് പരിഹസിക്കുന്നുണ്ട്. നാട്ടിലെ സർവ്വ ഗുണ്ടാ സംഘങ്ങളെയും അമർച്ച് ചെയ്യണം. സ്ഥിരം ഗുണ്ടകൾക്കെതിരേ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇട്ട് കൊന്ന് തള്ളണം, ഗുണ്ടാ രാജ് അവസാനിപ്പിക്കണമെന്നൊക്കെ പറഞ്ഞ് അഭിറാമിൻറെ ആഹ്വാന പ്രകാരം നാട്ടിലെ ചെറുപ്പക്കാർ ഹാഷ് ടാഗ് ക്യാംപെയ്ൻ തുടങ്ങി. ശരിക്കും സർക്കാരും ആഭ്യന്തര മന്ത്രി ദിനകരൻ പാറക്കുന്നേലും ഉത്തരം മുട്ടി നിൽക്കുകയാണ്. അവർക്ക് മുഖം രക്ഷിക്കാൻ എന്തെങ്കിലും ചെയ്തേ പറ്റു.
സോ ഇത് തന്നെയാണ് നമുക്ക പറ്റിയ സമയം. ചില പഴഞ്ചൊല്ലുകൾ കേട്ടിട്ടില്ലേ, കലക്കവെള്ളത്തിൽ മീൻ പിടിക്കുക, പുര കത്തുമ്പോ വാഴ വെട്ടുക എന്നൊക്കെ അത് പോലെ നമുക്ക് അങ്ങ് തുടങ്ങാം, നമ്മളെന്തായാലും കുളം കലക്കിക്കഴിഞ്ഞു, പുരയ്ക്ക് തീയും വച്ചു. ഇനി എന്താണ് സംഭവിച്ചതെന്ന് എല്ലാവരും തിരിച്ചറിഞ്ഞ് വരും മുൻപ് എല്ലാം കഴിഞ്ഞിരിക്കണം.”
അതിന് തുടർച്ചയായി സംസാരിച്ചത് സതീഷായിരുന്നു.
“ നമ്മുടെ നാട്ടിലെ ക്രിമിനലുകളെ കംപ്ലീറ്റായി തൂത്തെറിയാൻ കഴിയില്ല..... സർവ്വീസിൽ കയറിയ കാലം മുതൽ കേൾക്കുന്നതാ. കേട്ട് കേട്ട് മരവിച്ചതാണ്. നിയമം സംരക്ഷിക്കാൻ, നാട് സംരക്ഷിക്കാൻ കാക്കിയണിഞ്ഞ് നിൽക്കുന്ന നമുക്ക് മുന്നിലൂടെ രാഷ്ട്രീയക്കാരുടെ മിടുക്കിൽ, അല്ലെങ്കിൽ വക്കീലന്മാരുടെ മിടുക്കിൽ നിയമത്തിൻറെ പഴുതിലൂടെയും പിൻവാതിലിലൂടെയും ഇറങ്ങിപ്പോകുന്ന ക്രിമിനൽസിനെ കാണുമ്പോൾ ആത്മനിന്ദ തോന്നിയിട്ടുണ്ട്. കാക്കി ഊരുയെറിഞ്ഞ് സംതൃപ്തി തരുന്ന മറ്റെന്തെങ്കിലും പണിക്ക് പോകണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അങ്ങനെ എല്ലാരും ഒളിച്ചോടിയാലെങ്ങനാ.. ആരേലുമൊക്കെ വേണ്ടേ, ഇതൊക്കെയങ്ങ് അവസാനിപ്പിക്കാൻ. അതിന് കാക്കി വേണമെന്ന് നിർബന്ധവുമില്ലല്ലോ അല്ലേ?”
എല്ലാവരോടുമായാണ് സതീഷത് ചോദിച്ചത്. എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു ആവേശം നിറഞ്ഞിരുന്നു.
“ഈ മിഷൻ വിജയിച്ചാലും പരാജയപ്പെട്ടാലും നമ്മളെ കാത്തിരിക്കുന്നത് നല്ലതാവില്ലയെന്നറിഞ്ഞ് കൊണ്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്. അതിലല്പവും വേദനയില്ല. മരിക്കേണ്ടി വന്നാലും നമ്മളൊന്നിച്ച് നിൽക്കും”
ആവേശത്തിൽ ചാടിയെണീറ്റാണ് അജിത്ത് അത്രയും പറഞ്ഞത്.
“അജിത്ത് പറഞ്ഞത് ശരിയാണ്. ഈ മിഷനിൽ ജയിച്ച് ചെന്നാൽ നമ്മുടെ രാജ്യത്തെ നിയമം നമുക്കായി കാത്ത് വച്ചിരിക്കുന്നത്, കൽത്തുറങ്കും കൊലമരവുമായിരിക്കും. ഇവിടെ പത്ത് പേരേ പച്ചയ്ക്ക് തിന്നവനെ കൊന്നാലും കൊന്നവൻ നിയമത്തിന് മുന്നിൽ വെറും കൊലപാതകി മാത്രമാണല്ലോ, മരിച്ചവൻ ഇരയും......... പിന്നെ ഈ തട്ടിക്കൊണ്ട് പോകൽ നാടകം നടത്തിയതിന് ശിക്ഷ വേറെയും........ ഇനി ഈ പറഞ്ഞതൊക്കെ സംഭവിക്കണമെങ്കിൽ നമ്മൾ ഈ മിഷൻ ജയിക്കണം. ഈ ദൈവത്തിൻറെ സ്വന്തം നാട്ടിലെ സർവ്വ ഗൂണ്ടാ സംഘങ്ങളേയും കൊന്ന് തള്ളി കേരളത്തെ കഴുകിത്തുടച്ചെടുക്കാൻ ഇറങ്ങിത്തിരിക്കുന്നത് ഈ എട്ടംഗസംഘമാണ്. സർവ്വസന്നാഹവുമായി നിൽക്കുന്ന കേരള പോലീസ് സേനയ്ക്ക് കഴിയാത്തത് ചെയ്യാനാണ്, കേവലം ഏഴ് പോലീസുകാരും ഒരു പീറപ്പെണ്ണും ഇറങ്ങിപ്പുറപ്പെടുന്നത്. ആരുടെയേലും പിച്ചാത്തിമുനയിലൊടുങ്ങാതിരുന്നാൽ ഭാഗ്യം.”
പകുതി തമാശയായും പകുതി കാര്യമായും അത്രയും പറഞ്ഞ് കഴിയുമ്പോൾ മണികർണ്ണികയുടെ മുഖത്ത് ചിരിയാണുണ്ടായിരുന്നത്.
“ആർക്കും ഒന്നും സംഭവിക്കില്ല..... ഇവിടെ നമ്മളല്ല യുദ്ധം ചെയ്യുന്നത്. “
“കിരൺ പറഞ്ഞത് മണികർണ്ണികയ്ക്ക് മനസിലായോ..... അത് ഞാൻ വിശദമാക്കിത്തരാം...... നീ മഹാഭാരഥ കഥ കേട്ടിട്ടുണ്ടോ? അതിലൊരു കഥാപാത്രമുണ്ട്...., ശകുനി. പറഞ്ഞ് തീർക്കാമായിരുന്ന പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ച് പക വളർത്തി പാണ്ഡവരെയും കൗരവരേയും തമ്മിൽ തല്ലിപ്പിച്ച് രണ്ട് കൂട്ടരേയും മുച്ചൂടും മുടിപ്പിച്ച ശകുനി. യഥാർത്ഥത്തിൽ ശകുനിയുടെ ലക്ഷ്യം പാണ്ഡവരുടെ നാശം മാത്രമായിരുന്നുവോ? അതോ സമസ്ത ഹസ്തിനപുരത്തിൻറേയും നാശം കാണാനാണോ അയാൾ വന്നത്. പല രീതിയിൽ വ്യാഖ്യാനിക്കാം. എന്ത് തന്നെയായാലും ആ യുദ്ധത്തിൽ കൗരവരും തോറ്റു പാണ്ഡവരും തോറ്റുവെന്ന് പറയുന്നതാണ് ശരി. ഇവിടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അരങ്ങേറാൻ പോകുന്ന ഈ ചെറിയ യുദ്ധത്തിലും നമുക്ക് ശകുനിയുടെ വേഷം കെട്ടിയാടാം. ഒരു വശത്ത് ഇവിടുത്തെ സമസ്ത ഗുണ്ടാപ്പടയും മറുവശത്ത് കേരള പോലീസും. അവർക്കിടയിൽ സംശയത്തിൻറെയും ആശങ്കയുടെയും ഭയത്തിൻറെയും പുകമറ സൃഷ്ടിക്കൽ മാത്രമാണ് നമ്മുടെ ജോലി”
ശ്യാം അത് പറഞ്ഞ് നിർത്തിയപ്പോൾ അൻവർ ചെറു ചിരിയോടെ ശ്യാമിൻറെ തോളിൽ തട്ടി ചോദിച്ചു.
“അതേയ് ആ പുകമറയിൽ ഇടയ്ക്ക് രണഭൂമിയിലിറങ്ങി ഒന്ന് വാള് വീശുന്നത് കൊണ്ട് കുഴപ്പമുണ്ടോ, എത്രയെന്നും പറഞ്ഞാ വെറും കാഴ്ചക്കാരായി നിൽക്കുന്നത്, കൈത്തരിപ്പ് തീർക്കണ്ടേ”
അൻവർ പറഞ്ഞതിനെ അനുകൂലിച്ച് അജിത്തും മുകുന്ദനും ജെറിയും വന്നു.
“അതിനെന്താ ഈ യുദ്ധത്തിൽ നിയമങ്ങളില്ല, നിയന്ത്രണങ്ങളും. നമുക്ക് ലക്ഷ്യം മാത്രമേയുള്ളു, അത് നേടാൻ എന്തും ചെയ്യാം. യൂ ഹാവ് ദ ലൈസൻസ് റ്റു കിൽ.”
സതീഷത് പറഞ്ഞപ്പോൾ അവരൊന്നിച്ച് കൈയ്യടിച്ചു.
“ഉമയിപ്പോ ഷൺമുഖൻറെ കൈയ്യിലാണ്.. നമുക്കെന്തെങ്കിലും ചെയ്യണ്ടേ?”
കിരൺ ആത് ശ്യാമിനോടാണ് ചോദിച്ചത്.
“എന്തിന്? ആരെയും കൂസാത്ത പെൺപുലിയല്ലേ? ദ മോസ്റ്റ് സെൽഫിഷ് വുമൺ ഐ എവർ മെറ്റ്. ഹരീഷിനെ നമ്മൾ രക്ഷിച്ചത് അയാൾ പോലീസുകാരനായത് കൊണ്ട് മാത്രമല്ല, ഹീ ഈസ് എ ജെൻറിൽമാൻ, ബട്ട് ദിസ് ഈസ് ഉമ കല്ല്യാണി ഐ.പി.എസ്, ഷീ ഡെസിൻറ് ഡിസർവ് സിമ്പതി. പോയി വീണ കുരുക്കിൽ നിന്നും ഊരിപ്പോകുന്നേൽ പോകട്ടെ, അല്ലെങ്കിൽ കേരള പോലീസിന് വേണ്ടി രക്തസാക്ഷിയാകട്ടെ. അതാണ് എൻറെ അഭിപ്രായം..... കൊല്ലാൻ ക്വൊട്ടേഷൻ കൊടുത്തവളോട് പൊറുക്കാൻ ഞാൻ ദൈവമല്ല. “
ശ്യാം ശരിക്കും കലി തുള്ളുകയായിരുന്നു.
“ഒകെ ദെൻ ലീവ് ഇറ്റ്... ഞാൻ പറഞ്ഞുവെന്നേയുള്ളു.”
കിരൺ ശ്യാമിൻറെ തോളിൽതട്ടി ആശ്വസിപ്പിച്ചു.
“ഉമ കല്ല്യാണിയെന്ന പെണ്ണിനെ കൈയ്യിൽ കിട്ടിയാൽ ഷൺമുഖനെപ്പോലൊരാൾ എങ്ങനെയൊക്കെയാവും പക തീർക്കുക എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവില്ല. പക്ഷേ എനിക്കത് കാണാൻ കഴിയും മനസ്സിൽ. ശരീരം മുഴുവനും പല്ലും നഖങ്ങളും ആഴ്ന്നിറങ്ങിയ മുറിവുകളുടെ വേദനയും നിങ്ങൾക്കറിയില്ല, പക്ഷേ ഇപ്പോഴും ഇടയ്ക്കിടെ ആ വേദനയുടെ ഓർമ്മകൾ വല്ലാത്തൊരു പുകച്ചിൽ സമ്മാനിക്കാറുണ്ട്, ഈ മണികർണ്ണിക എന്നും എപ്പോഴും ഹാപ്പിയാണ്, കാവലായി കരുത്തായി നിങ്ങൾ കുറച്ച് പേരുമുണ്ട്. പക്ഷേ ആ പഴയ അഞ്ജനയ്ക്ക് ആരുമില്ലായിരുന്നു. ശ്യാം നേരത്തേ പറഞ്ഞ മഹാഭാരഥ കഥയിലെ പാഞ്ചാലിക്ക് മുന്നിൽ വന്നപോലെ ഭഗവാൻ വരുമെന്ന് കരുതി കരഞ്ഞ് പ്രാർത്ഥിച്ചു ഒരുപാട്, പക്ഷേ ആരും വന്നില്ല. ഞാനെന്ന പെണ്ണിനെ പഴന്തുണിക്കെട്ടുപോലെ ദിവസങ്ങളോളം..........”
കണ്ണിൽ നിറഞ്ഞ കണ്ണുനീർ പെട്ടെന്ന് അവൾ തുടച്ച് മാറ്റി, ഫ്ലാഷ് ബാക്കുകൾ തന്നെ ട്ടെന്ന് ദുർബലയാക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് പറഞ്ഞ് വന്നത് പെട്ടെന്ന് അവൾ നിർത്തിയത്.
“ഉമ കല്ല്യാണി ഐ.പി.എസ് നല്ലവളോ കെട്ടവളോ ആയിക്കോട്ടെ, അവളെ നമ്മൾ രക്ഷിക്കണം, അത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്, കാരണം ഈ ഞാനും കൂടി ചേർന്നാണ് അവരെ ഈ കളികളിലേക്ക് വലിച്ചിട്ടത്. ഇത് ശത്രുത തീർക്കാനുള്ള സമയമല്ല. ഉമയെപ്പോലെയൊരാൾ പോലീസ് സേനയുടെ മുന്നിൽ നിന്നാലെ മറുപക്ഷത്തുള്ള ഗുണ്ടാ സൈന്യത്തെ നമ്മൾ പ്ലാൻ ചെയ്ത പോലെ തച്ചു തകർക്കാൻ നമുക്കാവുകയുള്ളു.”
മണികർണ്ണിക പറഞ്ഞതിനെ സതീഷും പിന്താങ്ങി.
“ഇവൾ പറഞ്ഞത് ശരിയാണ്. ഉമ നീ പറഞ്ഞത് പോലെ സെൽഫിഷാണ്, അഹങ്കാരിയാണ്, നമ്മളെയൊന്നും വകവയ്ക്കാത്തവളുമാണ്, ഈ ആണകോയ്മയൊന്നും അംഗീകരിക്കാൻ മനസില്ലാത്തവൾ. നമ്മൾ കുറച്ചാണുങ്ങൾ തോറ്റ്മടങ്ങിയ ഡെയിമിൽ ജയിച്ച് കയറാൻ വല്ലാതെ വെമ്പൽ കൊള്ളുന്നൊരു മനസ്സുണ്ട് അവൾക്ക്. അവളെപ്പോലെയൊരാൾ വേണം നമ്മുടെ യുദ്ധത്തിന് മുന്നിൽ നിൽക്കാൻ. ഷൺമുഖനും നമുക്കുമിടയിൽ. ശ്യാം പറഞ്ഞ് പുരാണത്തെ ഉദ്ധരിച്ചാൽ ഈ യുദ്ധത്തിൽ ഉമയുടെ റോൾ ശിഖണ്ഡിയുടെതാണ്. അങ്ങനെ ആശ്വസിക്കൂ ശ്യാം നീ. തല്ക്കാലം ഉമയെ നമുക്ക് രക്ഷിച്ചെടുക്കാം.
ശ്യാം ഒന്ന് ഇരുത്തി മൂളി............
***************
ആശുപത്രിക്കിടക്കയിൽ ഡി.വൈ.എസ്.പി ഹരീഷിനരികിൽ സി.ഐ മനോജ് സെബാസ്റ്റ്യനും എസ്.ഐ.വന്ദനയുംമുണ്ടായിരുന്നു.
“എന്തായി മനോജേ ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അന്വേഷിച്ചോ?”
ശരീരത്തിൻറെ വേദന കടിച്ചമർത്തിയാണ് ഹരീഷ് സംസാരിച്ചത്.
“അന്വേഷിച്ചത് ശരിയാണ് സാർ ഈ കാണാതായവരിൽ ചിലർ തമ്മിൽ സാർ സംശയിച്ച പോലെ ഒരു കണക്ഷനുണ്ട്. വർഷങ്ങൾ പഴക്കമുള്ള കണക്ഷൻ. പക്ഷേ ആ കണക്ഷൻ നമ്മൾ മുഖവിലയ്ക്കെടുത്താൽ അതിലൊരു പ്രശ്നമുണ്ട്”
മനോജ് പകുതിക്ക് വച്ച് നിർത്തി.
“അതെന്താ മനോജേ പ്രശ്നം?”
“ ആ കണക്ഷനിൽ നമ്മുടെ എസ്.പി മാഡവും ഉണ്ട്. ഉമ കല്ല്യാണി ഐ.പി.എസ്. സാർ സംശയിച്ച പോലെ ശ്യാം സാറും പിന്നാലെ കാണാതായ പോലീസുകാരും ചേർന്ന് പ്ലാൻ ചെയ്ത ഡ്രാമയാണ് ഇതെങ്കിൽ? അതിന് ഇപ്പോൾ നമ്മൾ കണ്ടെത്തിയ ഫ്ലാഷ് ബാക്കുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ?”
“തീർച്ചയായും ഉമ മാഡവും അവർക്കൊപ്പമാണെന്നും, അവരെന്തോ ഗൂഢമായ പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും വിശ്വസിക്കേണ്ടി വരും.”
വന്ദനയാണ് പറഞ്ഞവസാനിപ്പിച്ചത്.